Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

സമുദായത്തിന് പണ്ഡിതര്‍ പറഞ്ഞുകൊടുക്കേണ്ട ഗുണപാഠ കഥകള്‍

വി.പി അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

സമുദായത്തിന് പണ്ഡിതര്‍ 
പറഞ്ഞുകൊടുക്കേണ്ട ഗുണപാഠ കഥകള്‍

ക്കം 2892-ല്‍ വന്ന 'സാര്‍ഥകമാകട്ടെ നമ്മുടെ ഉംറകള്‍' എന്ന ടി.ഇ.എം റാഫിയുടെ ലേഖനം വായിച്ചു. ഇസ്‌ലാമിലെ അഞ്ചാം സ്തംഭമായ ഹജ്ജും, ഏറെ പുണ്യം ലഭിക്കുന്ന ഉംറയും കേരളത്തിലെ വിശിഷ്യ മലബാറിലെ മുസ്‌ലിംകള്‍ വളരെ വ്യാപകമായി അനുഷ്ഠിച്ചുവരികയാണ്. ഏത് സന്ദര്‍ഭത്തിലാണ് നബി(സ) ഇവക്ക് പ്രേരണ നല്‍കിയതെന്ന് ഗൗനിക്കാതെ ഹജ്ജും ഉംറയും ഒരുതരം ടൂര്‍ ആയി മാറുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. 

പ്രവാചകന്റെ മറ്റു പ്രധാന അധ്യാപനങ്ങള്‍ പോലും തൃണവത്ഗണിച്ചാണ് ഉംറ യാത്രകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. ഒരു നേരത്തെ അഷ്ടിക്ക് വകയില്ലാത്തവര്‍, മരുന്നു വാങ്ങാന്‍ പണമില്ലാത്ത മാറാ രോഗികള്‍, ദരിദ്രര്‍, മുഴു പട്ടിണിക്കാരും അര്‍ധ പട്ടിണിക്കാരും ചുറ്റുപാടും വിഷമിക്കുമ്പോള്‍ അവരെ അവഗണിച്ച് ഉംറയുടെ പുണ്യം തേടി പോകുന്നതിന്റെ അര്‍ഥമെന്താണ്? ഇസ്‌ലാമിന്റെ മൂന്നാം സ്തംഭമായ സകാത്ത് അവഗണിക്കപ്പെട്ടിരിക്കുന്നു. ഉംറക്ക് പോകുന്നവരില്‍ എത്ര പേര്‍ സകാത്ത് മുറ പ്രകാരം കൊടുക്കുന്നുണ്ട്? പണ്ഡിതന്മാര്‍ ഇതിന്റെയൊക്കെ  നിരര്‍ഥകത മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കണം. കൊല്ലങ്ങളോളം ചെരുപ്പ്കുത്തി ഹജ്ജിനായി ഒരുക്കിക്കൂട്ടിയ ധനം തന്റെ അയല്‍ക്കാരായുള്ള കുടുംബം അഷ്ടിക്ക് വകയില്ലാത്തവരാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കൊടുത്ത ചരിത്രം മുമ്പിലുണ്ടല്ലോ. ഇത്തരം ഗുണപാഠ കഥകളാണ് നമ്മുടെ സമുദായത്തിന് പണ്ഡിതന്മാര്‍ പറഞ്ഞു കൊടുക്കേണ്ടത്.

വി.പി അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

സിന്ധു നദീതട നാഗരികതയും 
ഇസ്‌ലാമിക സംസ്‌കൃതിയും

ഖുതുബ് കല്ലമ്പലം എഴുതിയ 'സിന്ധു നദീതട നാഗരികതയും ഇസ്‌ലാമിക സംസ്‌കൃതിയും' എന്ന ലേഖനം (ലക്കം 2891) വായിച്ചു. ഹാബേലും ഖാബേലും ജനിച്ചുവളര്‍ന്നതും ഖാബേല്‍ തന്റെ സഹോദരന്റെ ജഡം മറമാടിയതുമായ ദേശം ഏതെന്ന് ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഈയിടെ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. കൂട്ടത്തില്‍ ഏര്‍വാടിക്കടുത്ത രാമേശ്വരത്തെ പ്രസിദ്ധമായ പാമ്പന്‍ പാലം സന്ദര്‍ശിച്ചപ്പോള്‍ അവിടെയടുത്തായി ഹാബേലിന്റെയും ഖാബേലിന്റെയും മഖ്ബറ ഉണ്ടെന്നറിഞ്ഞ് അത് കാണാന്‍ തിരിച്ചു. രാമേശ്വരത്തുനിന്ന് ഒമ്പത് കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ ഒരു ഗ്രാമ പ്രദേശത്ത് 'ഹാബീലിന്റെയും ഖാബീലിന്റെയും മഖ്ബറ' ചൂണ്ടുന്ന ഒരു ബോര്‍ഡ് കണ്ടു. വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഓടുമേഞ്ഞ സാമാന്യം വലിയ ഒരു കെട്ടിടം. കെട്ടിടത്തിനകത്ത് രണ്ട് ഖബ്ര്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. സാധാരണ കണ്ടിട്ടുള്ള ഖബ്‌റുകളെ അപേക്ഷിച്ച് മൂന്ന് ഖബ്‌റുകള്‍ ചേര്‍ത്തുവെച്ചാലുള്ള അത്രയും നീളം ഓരോ ഖബ്‌റിനുമുണ്ട്. അന്വേഷിച്ചപ്പോള്‍ ആദിമ മനുഷ്യര്‍ക്ക് അത്രയും നീളം ഉണ്ടായിരുന്നുവെന്ന മറുപടിയാണ് കിട്ടിയത്. സമാന്തരമായി അടുത്തടുത്തുള്ള ഈ ഖബ്‌റുകള്‍ ഇരുമ്പ് ഗേറ്റിനു മുന്നില്‍ നിന്നു കാണാം. ഗേറ്റിനടുത്ത് കാണിക്ക ഇടാനുള്ള ഹുണ്ടിക സ്ഥാപിച്ചിരിക്കുന്നു. ചന്ദനത്തിരികള്‍ കത്തിത്തീര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് 'ഹാബീലിന്റെയും ഖാബീലിന്റെയും മഖ്ബറ' എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും ഇത് ശരിയാണെന്നതിന് ആധികാരികമായ തെളിവൊന്നുമില്ല; അല്ലാഹു അഅ്‌ലം.

അബൂ ഹബീബ് വരോട്, ഒറ്റപ്പാലം

വര്‍ത്തമാന സ്ത്രീ ജീവിതങ്ങള്‍

വസരോചിതമായും സമകാലികമായും വിഷയങ്ങള്‍ തെരഞ്ഞെടുത്തു തയാറാക്കുന്ന പ്രബോധനത്തിന്റെ  ഓരോ  ലക്കവും കനപ്പെട്ട വിഭവങ്ങള്‍ ഒരുക്കിത്തരുന്നു. ഒപ്പം ബഹുസ്വരസമൂഹത്തിലേക്ക് യോജിച്ച ശൈലികള്‍  ലേഖനങ്ങളിലൂടെയും പരമ്പരകളിലൂടെയും വായനക്കാരനെ പഠിപ്പിച്ചെടുക്കുന്നതിലും പ്രബോധനം വിജയിക്കുന്നു. എല്ലാം ഒന്നിനൊന്നു മെച്ചമാണെങ്കില്‍ പോലും എടുത്തു പറയാതിരിക്കാന്‍ പറ്റാത്തതാണ് ഗള്‍ഫ് പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദിയുടെ പഠനപരമ്പര.

ഇന്ത്യയുടെ പെണ്‍മക്കളെ കുറിച്ച കവര്‍‌സ്റ്റോറിയും വായിച്ചു. ലെസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററിയെക്കുറിച്ച അരുന്ധതി റോയിയുടെ വാക്കുകളില്‍ 'നമ്മുടെ വ്യവസ്ഥിതിയുടെ യഥാര്‍ഥ മുഖം' പരാമര്‍ശിക്കപ്പെട്ടു. ഇവിടെ നമുക്ക് അന്ത്യപ്രവാചകന്റെ വാക്കുകള്‍ വിസ്മരിക്കാന്‍ നിര്‍വാഹമില്ല. 'ഒരു സ്ത്രീക്ക് സന്‍ആ മുതല്‍ ഹദര്‍ മൗത്ത് വരെ വന്യമൃഗങ്ങളെ അല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ തനിച്ചു  യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ദിനം വരും' എന്നാണ് പ്രവാചകന്‍(സ) ഇസ്‌ലാമിക വ്യവസ്ഥിതിയെക്കുറിച്ച് പ്രവചിച്ചത്. സ്ത്രീ സുരക്ഷിതയാണ് എന്ന് ഉറപ്പു വരുത്താത്ത ഒരു സമൂഹത്തിലെ പുരുഷന്‍ സംസ്‌കൃതനാണ് എന്ന് പറയാവതല്ല. ഒരു വ്യവസ്ഥിതിയിലെ പുരുഷന്റെ അന്തസ്സ് പോലും സ്ത്രീസുരക്ഷയുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്. അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ പരമമായ സുരക്ഷയും സ്വാതന്ത്ര്യവും, സ്ത്രീ സുരക്ഷയെയും അവളുടെ സ്വാതന്ത്ര്യത്തെയും  ആശ്രയിച്ചിരിക്കുന്നു. അവിടെ സ്ത്രീക്ക്  സുരക്ഷയില്ലെങ്കില്‍ ആ സമൂഹം  സംസ്‌കരിക്കപ്പെട്ടിട്ടില്ല എന്നാണ് പ്രവാചകന്‍ ഈ വാക്കുകളിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

ഒരു സ്ത്രീക്ക് മഹ്‌റം കൂടെയില്ലാതെ യാത്ര അനുവദനീയമല്ല എന്ന് പറഞ്ഞ അതേകാലത്ത്, അതേ പ്രവാചകന്‍ തന്നെയാണ്  ഒരു സ്ത്രീക്ക് തനിച്ചു യാത്ര ചെയ്യാന്‍ കഴിയുന്ന ശോഭനമായ ഭാവി പ്രവചിച്ചത്. പൊതുജനമോ പുരുഷനോ കുട്ടികളോ സുരക്ഷിതരാവുന്ന ദിവസം എന്ന് പറയുന്നതിന് പകരം, പുരുഷനായ ഖബ്ബാബി(റ)നോട് പ്രവാചകന്‍ പറഞ്ഞത് ഒരു സ്ത്രീയുടെ തനിച്ചുള്ള യാത്രയെ കുറിച്ചാണ്.

ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു കാര്യം, 'ഒരു ദിനം' എന്നത് കൊണ്ട് പ്രവാചകന്‍ ഉദ്ദേശിച്ചത് ഒരു വ്യവസ്ഥിതിയാണ്. വ്യവസ്ഥിതി മാറ്റം എന്ന് പറഞ്ഞാല്‍ വെറും ഭരണ സംവിധാനത്തിന്റെ മാറ്റമല്ല. നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനപ്പുറം, വ്യക്തികളുടെയും സമൂഹത്തിന്റെയും മനഃസ്ഥിതിയിലും മനോഭാവത്തിലും ഉള്ള മാറ്റം കൂടിയാണ്. സമൂഹത്തിലെ ഓരോ പുരുഷനും, സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും  മാനിക്കപ്പെടേണ്ടവളുമാണ് എന്ന ആത്മാര്‍ഥ വികാരത്തിലൂടെ, ഉയര്‍ന്ന ധാര്‍മികബോധവും സദാചാരനിഷ്ഠയും ഉറപ്പുവരുത്തുമ്പോഴാണ്  വ്യവസ്ഥിതി പൂര്‍ണമായും നന്മ നിറഞ്ഞതാവുക. മനഃസ്ഥിതി മാറ്റാതെ വ്യവസ്ഥിതി മാറ്റാന്‍ കഴിയില്ല എന്നര്‍ഥം. ഇനി മാറിയാല്‍ തന്നെയും, നിയമങ്ങളേ മാറുന്നുള്ളൂ. നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടവള്‍ തന്നെയാണല്ലോ ഇന്ത്യന്‍ സ്ത്രീ. സ്ത്രീധന നിരോധന നിയമവും ഗാര്‍ഹികപീഡന  നിയമവും എല്ലാം തന്നെ അടിസ്ഥാനപരമായി സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. എന്നാല്‍ സമൂഹത്തിന്റെ ധാര്‍മികബോധം ഉയരാത്തേടത്തോളം ആ നിയമങ്ങള്‍ സംരക്ഷിക്കാനും അവയുടെ സേവനം ഉറപ്പുവരുത്താനും ഇപ്പോള്‍ നില നില്‍ക്കുന്ന വ്യവസ്ഥിതിക്കു കഴിയാതെ പോകുന്നു എന്നതാണ് ദുഃഖ സത്യം.

ആരിഫ നജും

സകാത്തിനെക്കാള്‍ വലിയ പുണ്യമില്ല

ദാനം ധനത്തെ കുറക്കുന്നതല്ല എന്ന ആപ്തവാക്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.  എല്ലാ മത ഗ്രന്ഥങ്ങളിലും ഈ തത്ത്വശാസ്ത്രം വിശ്വസനീയമായി നിലനില്‍ക്കുന്നുണ്ട്. അന്യന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയാവുകയും സമൂഹത്തിന്റെ താഴേക്കിടയില്‍ ജീവിക്കുന്ന ദുര്‍ബലരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുമ്പോഴേ ഉദാത്തമായ ജീവിതം സാധ്യമാകൂ. ദാനധര്‍മാദികളുടെ പുണ്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും മഹാഭാരതത്തിലും ഭഗവദ് ഗീതയിലുമൊക്കെ വിശദീകരിക്കുന്നുണ്ട്. സത്യമാണ് ദൈവം, നന്മയാണ് സ്‌നേഹം. നന്മ ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം തന്നെയാണ് ലഭിക്കുക. 'സകാത്ത് നല്‍കാതിരുന്നാല്‍' (ലക്കം 2892) എന്ന പ്രകാശ വചനം ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളെ നന്നായി വിശകലനം ചെയ്യുന്നതായി.

ആചാരി തിരുവത്ര, ചാവക്കാട്

ധൂര്‍ത്തിന്റെ വിശാല തലങ്ങള്‍

ബ്ദുല്ലത്വീഫ് കൊടുവള്ളിയുടെ 'ധൂര്‍ത്ത്, ദുര്‍വ്യയം ഖുര്‍ആനിക വായന' പഠനാഹര്‍മായി. ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും കുറിച്ച് സംസാരിക്കുമ്പോഴും ഉദ്‌ബോധനം നടത്തുമ്പോഴും പലപ്പോഴും നമ്മുടെ ചിന്താ മണ്ഡലത്തില്‍ പ്രതിഷ്ഠ നേടുന്നത് ധന സംബന്ധമായ കാര്യങ്ങള്‍ മാത്രമായിരിക്കും. ഐഹിക ലോകത്ത് മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ കൈകാര്യം ചെയ്യപ്പെടേണ്ട എന്തെല്ലാം ഉണ്ടോ അത് സമയമോ ആരോഗ്യമോ ചിന്തയോ എന്താവട്ടെ അതെല്ലാം അനാവശ്യമായി ചെലഴിച്ചാല്‍ ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും ഖുര്‍ആനിക വായനയിലെ 'ഇസ്‌റാഫി'ന്റെ ഗണത്തില്‍ പെടുന്നതായിരിക്കും. ദൈനംദിന കാര്യങ്ങളില്‍ മുന്‍ഗണനാ ക്രമം പാലിക്കുകയെന്നത് വിശ്വാസിയുടെ ജീവിതത്തില്‍ പരമപ്രധാനമാണ്.

നജ്മുസമാന്‍

ആശാവഹം ഈ മുന്നേറ്റം

ക്കം 2893-ല്‍ ഖദീജ നര്‍ഗീസുമായുള്ള അഭിമുഖം വായിച്ചു. ആര്‍ജവവും ഇസ്‌ലാമികാവേശവും ഒത്തിണങ്ങിയ പക്വമതിയായ നേതാവാണ് അവര്‍ എന്ന് നിസ്സംശയം പറയാം. ഇസ്‌ലാമിന്റെ പരിപൂര്‍ണത ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. കൃഷിയെയും പ്രകൃതി സംരക്ഷണത്തെയും കുറിച്ച് ഏറ്റവും നന്നായി സംസാരിക്കാന്‍ മുസ്‌ലിംകള്‍ക്കാണ് സാധിക്കേണ്ടിയിരുന്നത്. പക്ഷേ, ടീച്ചര്‍ തന്നെ പറയുന്നതു പോലെ 'മുസ്‌ലിംകളെക്കാള്‍ പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരാണ്'.

ഇപ്പോഴും താടിയുടെ നീളവും പാന്റ്‌സിന്റെ ഇറക്കവും തുടങ്ങി പരിമിതമായ മേഖലകളില്‍ ഇസ്‌ലാമിനെ തളച്ചിടുന്ന വലിയൊരു വിഭാഗമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞത്: 'ഒബാമ വന്നാലും പോയാലും ഇസ്‌ലാമിന് എന്ത് നേട്ടം, അത് എന്തിന് നാം ചിന്തിക്കണം?' താന്‍ നിലയുറപ്പിച്ച മത സംഘടനയില്‍ ആ ചര്‍ച്ചക്ക് സ്‌കോപ്പില്ല എന്നു തന്നെയാണ് അദ്ദേഹത്തിന്റെ മതം. പക്ഷേ, ഇത് സവിസ്തരം ചര്‍ച്ചചെയ്യാനുള്ള വേദി അവര്‍ക്ക് അപ്പുറത്ത് ഉണ്ട് താനും; മതവുമായി ബന്ധമില്ലാത്ത തികച്ചും ഭൗതിക രാഷ്ട്രീയ വേദി. വിശാലമായ ഭൂപടത്തിലെ ഇടുങ്ങിയ ഏടായി മതത്തെ അവതരിപ്പിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത് എന്ന് ചിന്തിച്ചുപോകുന്നു.

ഇസ്‌ലാമിക അടിസ്ഥാനങ്ങളിലൂന്നിക്കൊണ്ട് തന്നെ നാനാ മേഖലകളില്‍ നിലയുറപ്പിക്കുകയും മുന്നേറുകയും ചെയ്യുന്ന ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിതലത്തിലും സമൂഹ തലത്തിലും മാറ്റം സാധ്യമാക്കാനുതകുന്നതാണ്. അതേസമയം അഭിമുഖത്തിന്റെ തലവാചകം ആമുഖ വിഷയവുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട് എന്നത് സംശയകരമാണ്. സ്ത്രീ സ്വാതന്ത്ര്യവും പൊതു പ്രവര്‍ത്തനവും വിദ്യാഭ്യാസവുമൊക്കെ ചര്‍ച്ചയാവുന്ന അഭിമുഖത്തില്‍ അതിനോടിണങ്ങുന്ന തലവാചകമായിരുന്നില്ലേ ഉചിതം?

അബ്ദുര്‍റസ്സാഖ് പുലാപ്പറ്റ

പുതുകാല സാഹിത്യം സൗഹാര്‍ദത്തിന്റേതു കൂടിയാണ്

'ജിബ്രാന്‍' പരിചയപ്പെടുത്തുന്ന 'റീഡിംഗ് റൂം' എന്ന പംക്തി നന്നാവുന്നുണ്ട്. ആനുകാലികങ്ങളില്‍ വരുന്ന സര്‍ഗരചനകളിലെ പ്രസക്തമായവയെ പരിചയപ്പെടുത്തുന്ന ഈ പംക്തി വായനക്കാര്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നു.

ഇന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന നോവല്‍-കഥ-കവിതകളില്‍ പാരമ്പര്യ സാമുദായിക വിമര്‍ശനങ്ങള്‍ക്കപ്പുറമുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. വംശീയത-വര്‍ഗീയതകളെ താലോലിക്കുന്നതും സൗഹാര്‍ദം വളര്‍ത്താത്തതും ഏകപക്ഷീയവുമായ രചനകളുടേതു മാത്രമായ ഒരവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ എഴുത്തുകാരില്‍, കാര്യങ്ങളെ ഗൗരവപൂര്‍വം സമീപിക്കുകയും സംഭവങ്ങളെ വ്യതിരിക്തമായി മനസ്സിലാക്കുന്നവരുമുണ്ട്. കെ.പി രാമനുണ്ണി, സച്ചിദാനന്ദന്‍, പൊയ്ത്തുംകടവ്, വീരാന്‍ കുട്ടി തുടങ്ങിയവരുടെ രചനകള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവയും മത സൗഹാര്‍ദം സൃഷ്ടിക്കുന്നതും അതോടൊപ്പം സാമുദായിക വിമര്‍ശനം ഉള്‍ക്കൊള്ളുന്നവയുമാണ്.

എന്നാല്‍, സാമുദായികതയെ പ്രീണിപ്പിക്കുന്നതും ജാതി വിദ്വേഷം ആളിക്കത്തിക്കുന്നതുമായ രചനകളും കഥാ-നോവല്‍ സാഹിത്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അവയെ അത്തരത്തില്‍ തന്നെ നിരൂപണം ചെയ്യാനും തുറന്നു കാണിക്കാനും സാധിക്കേണ്ടതുണ്ട്.

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി ഓമശ്ശേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍