Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

യമനെ ദുരന്തഭൂമിയാക്കുന്നത് ആരൊക്കെ?

ഫഹ്മീ ഹുവൈദി /വിശകലനം

         യമനില്‍ സംഭവിക്കുന്നത് നമ്മെ നടുക്കുന്നു, വേദനിപ്പിക്കുന്നു. നമ്മെ ആശ്വസിപ്പിക്കുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ യാതൊന്നും അവിടെ നിന്ന് കേള്‍ക്കുന്നില്ല. 'അനിവാര്യമായ യുദ്ധം' ആണ് അവിടെ നടക്കുന്നത്. നേരത്തേ മോശമാണ് യമനില്‍ സ്ഥിതിഗതികള്‍. അവയെ കൂടുതല്‍ മോശമാക്കി എങ്ങനെയാണ് പ്രശ്‌നപരിഹാരം സാധ്യമാവുക?

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ, തീര്‍ത്തും ഒറ്റപ്പെട്ട ഒരു ചരിത്ര സന്ദര്‍ഭത്തെയാണ് അറബ് സമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. മുന്‍ഗണനകളെല്ലാം അവിടെ തകിടം മറിഞ്ഞിരിക്കുന്നു. ഈ വിപത്തിന് മുമ്പില്‍ ഏത് വിവേകശാലിയും അന്തംവിട്ട് നിന്നുപോകും. യമനില്‍ നടക്കുന്ന സംഭവങ്ങളെ വിശകലനം ചെയ്യുന്നതിന് മുമ്പ് ചില അടിസ്ഥാന പോയിന്റുകളില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് യോജിപ്പിലെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയ കാഴ്ചപ്പാട് ശരിപ്പെടുത്താനും യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ വിലയിരുത്താനും അത് സഹായകമാകും. ആ പോയിന്റുകള്‍ ഇവയാണ്:

- 'അറബ് രക്തം' ആണ് നിയന്ത്രണ/ ചുവന്ന രേഖ. ഒരവസ്ഥയിലും അത് മുറിച്ച് കടക്കരുത്. അറബികളുടെ ആയുധം കൊണ്ട് അറബ് രക്തം ചിന്തപ്പെടുകയില്ല എന്ന് ഏതവസ്ഥയിലും ഉറപ്പ് വരുത്തണം. അറബ് സൈന്യങ്ങളുടെ ദൗത്യം അറബ് സമൂഹത്തെ അതിന്റെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്; അറബികളുടെ രക്തം ചിന്തി ചില അറബ് ഘടനകളെ സംരക്ഷിക്കുക എന്നതാവരുത്.

- അറബ് സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവും അവരുടെ അസ്തിത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ശക്തിയും ഇസ്രയേലാണ്, പിന്നെ അവരെ പിന്തുണക്കുന്നവരും. ബാക്കിയുള്ളതൊക്കെ ഭിന്നതകളാണ്. അവയെ ശത്രുതയായി കാണരുത്.

- മധ്യ പൗരസ്ത്യ ദേശത്തിന്റെ സുസ്ഥിതിയും സുരക്ഷയും മേഖലയിലെ മൂന്ന് വലിയ രാഷ്ട്രങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതും അവരാണ്. ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവയാണ് ആ മൂന്ന് രാഷ്ട്രങ്ങള്‍. തന്ത്രപ്രധാനമായ ഏതൊരു വീക്ഷണകോണിലൂടെ നോക്കിയാലും, ഈ മൂന്ന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിന്റെ പാലങ്ങള്‍ തുറന്നതും, കഴിയുന്നത്ര ശക്തവുമായിരിക്കണം.

- ഇറാന്റെ രാഷ്ട്രീയത്തോട് ഭിന്നതയുണ്ടായേക്കാം; ചിലപ്പോഴതിനെ ചെറുക്കേണ്ടിയും വന്നേക്കാം. പക്ഷേ, ഇതൊന്നും ശീഈ വിഭാഗക്കാരുമായി ബന്ധങ്ങള്‍ അറുത്തു മാറ്റുന്നതിന് കാരണമാവരുത്. ജനവിഭാഗങ്ങളുമായുള്ള ബന്ധത്തെയും രാഷ്ട്രീയ താല്‍പര്യങ്ങളെയും വെവ്വേറെയായിത്തന്നെ കാണണം.

* * * *

യമനെ ഈ നിലയിലെത്തിച്ചതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഘടകങ്ങളെ കൃത്യമായി നിര്‍ണയിക്കാന്‍ ഞാന്‍ യമനിലെ ചില പ്രമുഖരുമായി ബന്ധപ്പെട്ടുവരികയായിരുന്നു. മുന്‍ യമനി ഭരണകൂടങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച മുഹ്‌സിന്‍ അല്‍ ഐനി, അബ്ദുല്‍ കരീം അല്‍ ഇര്‍യാനി, സെപ്റ്റംബര്‍ 26 വിപ്ലവത്തില്‍ പങ്കുവഹിച്ച മേജര്‍ ജനറല്‍ ഹമൂദ് ബൈദര്‍, പാര്‍ലമെന്റ് അംഗമായ അലി മുഹ്‌സിന്‍ അല്‍ ഹമീദ്, പ്രഫ. മുത്വഹര്‍ സഈദി എന്നിവരാണ് ആ പ്രമുഖര്‍. അവരുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് യമന്‍ ദുരന്തത്തിന് നാല് സുപ്രധാന കാരണങ്ങളുണ്ടെന്ന് വ്യക്തമായി.

മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് കളിക്കുന്ന അത്യന്തം അപകടകരമായ കളികളാണ് ഒന്നാമത്തെ കാരണം. ഇയാള്‍ 33 വര്‍ഷം യമനില്‍ അധികാരത്തിലുണ്ടായിരുന്നു. ഭരണത്തെ തന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് അയാള്‍ ശ്രമിച്ചത്. യമന്‍ സൈന്യത്തിന്റെ തലപ്പത്ത് തന്റെ മക്കളെയും കുടുംബക്കാരെയും സ്വന്തക്കാരെയും കുത്തിനിറച്ചു. യമന്‍ സൈനികര്‍ ഒട്ടുമുക്കാലും അബ്ദുല്ല സ്വാലിഹിന്റെ ഗോത്രമായ 'സന്‍ഹാനി'ല്‍ നിന്നുള്ളവരാകയാല്‍ സൈന്യത്തിന്റെ കൂറ് വിലക്ക് വാങ്ങാന്‍ ഒരു പ്രയാസവുമില്ല.

യഥാര്‍ഥത്തില്‍ യമന്‍ റിപ്പബ്ലിക്കിന് ഒരു സൈന്യമില്ല; ഉള്ളത് അബ്ദുല്ല സ്വാലിഹിന്റെയും അയാളുടെ കുടുംബത്തിന്റെയും സൈന്യമാണ്. യമന്‍ സായുധ സൈന്യത്തിന്റെ ഒട്ടുമുക്കാലും ഇപ്പോഴും അലി സ്വാലിഹിന്റെ കൂടെ നില്‍ക്കുന്നത് അതുകൊണ്ടാണ്. അലി സ്വാലിഹിന്റെ കാലത്ത് യമന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റുമായ അബ്ദുറബ്ബു മന്‍സൂര്‍ ഹാദി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നും ഇതുതന്നെ. സൈന്യത്തിന് മേല്‍ മന്‍സൂര്‍ ഹാദിക്ക് ഒരു പിടുത്തവും ഇല്ല എന്ന നിലയാണ്.

ഇക്കാലമത്രയും അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന ആളാണ് അലി സ്വാലിഹ്. അതിനു വേണ്ടി അയാള്‍ ഏതു വാതിലില്‍ ചെന്നും മുട്ടും. കഴിഞ്ഞ മാര്‍ച്ച് 29-ന് ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ് പത്രം യമന്‍ പ്രതിസന്ധിയെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഒരു സംഭവം എടുത്തു ചേര്‍ത്തിട്ടുണ്ട്. അല്‍ഖാഇദക്കാരെ വേട്ടയാടാന്‍ അന്നത്തെ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് യമന്റെ വ്യോമ മേഖല അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് തുറന്നിട്ടു കൊടുത്ത സന്ദര്‍ഭം. ഇതേ സമയത്താണ് സ്വാലിഹ് തന്റെ ഓഫീസില്‍ വെച്ച് അല്‍ഖാഇദ നേതാവ് സാമി ദയാനുമായി കൂടിക്കാഴ്ച നടത്തുന്നത് (സംഭവം 2011-ല്‍). അപ്പോള്‍ അല്‍ഖാഇദ വേട്ട അതിന്റെ പാരമ്യത്തിലായിരുന്നു എന്നോര്‍ക്കണം. അബ്‌യന്‍ പ്രവിശ്യയില്‍ നിന്ന് യമന്‍ സൈന്യത്തെ പിന്‍വലിക്കാമെന്നും അങ്ങനെ അല്‍ഖാഇദക്ക് ഏദനില്‍ കടക്കാനും തെക്കന്‍ മേഖലയില്‍ സ്വാധീനമുണ്ടാക്കാനും അവസരമുണ്ടാക്കി കൊടുക്കാമെന്നും അലി, അല്‍ഖാഇദ നേതാവിന് ഉറപ്പുകൊടുത്തത്രേ. ഒരു കരാറില്‍ വരെ ഇരുവരും ഒപ്പിട്ടു. ഒരു സംഘം രാഷ്ട്രീയ വിദഗ്ധര്‍ യു.എന്‍ രക്ഷാസമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സംഭവം പരാമര്‍ശിച്ചതെന്നും ടെലഗ്രാഫ് പത്രം എഴുതുന്നുണ്ട്.

യമനില്‍ പ്രതിസന്ധി രൂക്ഷമാവുകയും അധികാരം തന്റെ ഡെപ്യൂട്ടിയായ ഹാദിക്ക് വിട്ടുകൊടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഫോര്‍മുല തയാറാക്കുകയും ചെയ്തപ്പോള്‍, രണ്ട് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതില്‍ സ്വാലിഹ് വിജയിച്ചു. അയാളുടെ തന്ത്രങ്ങള്‍ക്ക് അത് ശക്തി പകരുകയും ചെയ്തു. അതിലൊന്ന്, തന്റെ സഹായികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം സന്‍ആയില്‍ തങ്ങാന്‍ സ്വാലിഹിന് അനുവാദം ലഭിച്ചു എന്നതാണ്. യമന്‍ സൈന്യത്തെ തന്റെ ചൊല്‍പ്പടിയില്‍ തന്നെ നിര്‍ത്താന്‍ ഇത് അയാള്‍ക്ക് അവസരം നല്‍കി. സ്വാലിഹിനെ വിചാരണ ചെയ്യേണ്ടതില്ലെന്ന തീരുമാനമാണ് മറ്റൊന്ന്. ഇക്കാലമത്രയും താന്‍ കൊള്ളയടിച്ച പണം സ്വന്തം പേരില്‍ തന്നെ സൂക്ഷിക്കാനും അത് പ്രതിലോമ നീക്കങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അയാള്‍ക്ക് സാധിച്ചു. ഈ രണ്ട് കാരണങ്ങളാല്‍ സന്‍ആയിലെ അധികാര കേന്ദ്രം തന്നെയായി സ്വാലിഹ് മാറുകയായിരുന്നു.

ആറു വര്‍ഷം തുടര്‍ച്ചയായി (2004 മുതല്‍ 2010 വരെ) ഹൂഥികള്‍ക്കെതിരെ യുദ്ധം ചെയ്ത സ്വാലിഹിന് അവരുമായി സഖ്യമുണ്ടാക്കുന്നതിനോ അവരുടെ തട്ടകമായ സ്വഅ്ദയില്‍ നിന്ന് അവരെ സന്‍ആയിലേക്ക് മാര്‍ച്ച് ചെയ്യിക്കുന്നതിനോ യാതൊരു വൈമനസ്യവുമുണ്ടായില്ല. സന്‍ആ പിടിക്കുന്നത് എളുപ്പമാക്കാന്‍ അംറാന്‍ പ്രവിശ്യ കൈയേറാന്‍ അവസരമൊരുക്കി കൊടുത്തതും സ്വാലിഹ് തന്നെ (സന്‍ആയിലേക്കുള്ള വടക്കന്‍ കവാടമാണ് അംറാന്‍ പ്രവിശ്യ. യമനിലെ പ്രമുഖ പ്രതിപക്ഷമായ അല്‍ ഇസ്വ്‌ലാഹിന്റെയും അവരെ പിന്തുണക്കുന്ന അല്‍ അഹ്മര്‍ ഗോത്രത്തിന്റെയും ശക്തി കേന്ദ്രം. അവിടെ വിമതര്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന 310 സായുധ ബ്രിഗേഡിനെ തകര്‍ത്തും അതിന്റെ തലവന്‍ ബ്രിഗേഡിയന്‍ ജനറല്‍ ഹമീദ് അല്‍ ഖശീബിയെ കൊലപ്പെടുത്തിയുമാണ് സ്വാലിഹിന്റെ സഹായത്തോടെ ഹൂഥികള്‍ സന്‍ആയിലേക്ക് മുന്നേറിയത്). തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം കൈയേറിയത് സ്വാലിഹിനെ അനുകൂലിക്കുന്ന യമനി സൈന്യം തന്നെയായിരുന്നു. തെക്ക് ഏദനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഹൂഥികളെ പ്രേരിപ്പിച്ചതും സ്വാലിഹ് തന്നെ. ഏദന്‍ ആക്രമണത്തിന്റെ മുന്‍ നിരയില്‍ സ്വാലിഹ് പക്ഷ യമനീ സൈന്യമാണുണ്ടായിരുന്നത്.

സ്വാലിഹിനെതിരെ വധശ്രമമുണ്ടായപ്പോള്‍ അയാളെ രക്ഷപ്പെടുത്തി അടിയന്തര ചികിത്സയും സംരക്ഷണവുമൊക്കെ നല്‍കിയത് സുഊദി അറേബ്യയായിരുന്നു. പക്ഷേ, താമസിയാതെ സുഊദി വിരുദ്ധരായ ഹൂഥികളുമായി സഖ്യമുണ്ടാക്കുകയാണ് അയാള്‍ ചെയ്തത്. അങ്ങനെ അധികാരത്തില്‍ തിരിച്ചെത്താമെന്ന് അയാള്‍ കണക്കുകൂട്ടി. സുഊദി അറേബ്യ ഹൂഥികളുടെയും തന്റെയും കേന്ദ്രങ്ങള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയപ്പോള്‍ സ്വാലിഹ് തന്റെ മകനെ അടിയന്തരമായി സുഊദി തലസ്ഥാനമായ രിയാദിലേക്കയച്ചു; തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഹൂഥികളെ അടിക്കാന്‍ താന്‍ ഒരു ലക്ഷം സൈനികരെ ഒരുക്കിക്കൊടുക്കാമെന്നും സ്വാലിഹ് വാഗ്ദാനം ചെയ്തത്രേ. ഈ ഓഫര്‍ സുഊദി അപ്പാടെ തള്ളിക്കളയുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അല്‍അറബിയ്യ ചാനല്‍ മാര്‍ച്ച് 28-ന് പുറത്തുവിട്ടിരുന്നു.

പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണക്കാര്‍ ഹൂഥികള്‍ തന്നെ. ഇവരെ ഡോ. അബ്ദുല്‍ കരീം ഇര്‍യാനി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷേ, സിവിലിയന്‍ രാഷ്ട്രീയമല്ല അവരുടേത്. ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ സായുധ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അവരുടെ ലക്ഷ്യങ്ങള്‍ നിഗൂഢമാണ്. അവക്ക് പരിധികളില്ല.'' പീഡിതരായാണ് അവര്‍ പ്രയാണം തുടങ്ങിയത്; ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പീഡകരുടെ സ്ഥാനത്തും! ഒട്ടേറെ പീഡനങ്ങള്‍ സഹിച്ച, അരികുവത്കരിക്കപ്പെട്ട ജനവിഭാഗമായിരുന്നു അവര്‍; പ്രത്യേകിച്ച് അബ്ദുല്ല സ്വാലിഹിന്റെ ഭരണകാലത്ത്. പക്ഷേ, സഅ്ദയില്‍ നിന്ന് മാര്‍ച്ച് ചെയ്ത് അവര്‍ സന്‍ആയിലെത്തിയപ്പോള്‍ അധികാര മോഹത്തിന്റെ മുഖമാണ് മറനീക്കി പുറത്തുവരുന്നത്.

നേരത്തേ അവരുടെ രാഷ്ട്രീയമായ നിലനില്‍പ്പും നിയമസാധുതയുമെല്ലാം മറ്റു കക്ഷികളും ഭരണകൂടവും അംഗീകരിച്ചതാണ്. അവര്‍ ഭരണത്തില്‍ പങ്കാളികളാവുകയും ചെയ്തു. പക്ഷേ, പങ്കാളിത്തം കൊണ്ട് മാത്രം തൃപ്തരായിരുന്നില്ല അവര്‍. അവര്‍ക്ക് അധികാരം മൊത്തമായി തന്നെ ലഭിക്കണമായിരുന്നു. ഇപ്പോഴത്തെ സൈനിക മാര്‍ച്ചിനിടെ നേരത്തെ ചെയ്തിരുന്ന കരാറുകളൊക്കെയും അവര്‍ ലംഘിച്ചു. രാഷ്ട്രീയ കൂടിയാലോചനക്ക് വിസമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ നീക്കുപോക്കിന്റെ സകല വാതിലുകളും കൊട്ടിയടച്ച ശേഷം, തങ്ങളുടെ മിലീഷ്യകളെയും സ്വാലിഹ് പക്ഷ സൈന്യത്തെയും ഉപയോഗിച്ച് തെക്കന്‍ യമന്‍ കീഴ്‌പ്പെടുത്താമെന്ന മോഹത്തിലായിരുന്നു അവര്‍. ഒരു 'ഖുര്‍ആനിക' മാര്‍ച്ചിനെ കുറിച്ചാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്; അതിന് ലക്ഷ്യമൊന്നും നിര്‍ണയിച്ചിരുന്നില്ല. ഖുദ്‌സ്-ഫലസ്ത്വീന്‍ വിമോചനം തങ്ങളുടെ ലക്ഷ്യമാണെന്ന് ചിലപ്പോഴവര്‍ പറയാറുണ്ട്. മക്ക, മദീന പോലുള്ള പുണ്യ സ്ഥലങ്ങളുടെയും മറ്റു അറബ് തലസ്ഥാനങ്ങളുടെയും 'മോചന'വും അതില്‍ ഉള്‍പ്പെടാനിടയുണ്ട്.

പ്രശ്‌നത്തിലെ മൂന്നാം പ്രതി ഇറാനാണ്. കാരണം, ഹൂഥികളുമായുള്ള എല്ലാ ചര്‍ച്ചകളും ഇറാന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഈ മിക്ക സന്ധി സംഭാഷണങ്ങളിലും ഭാഗഭാക്കായിരുന്നു നേരത്തെ നാം പരാമര്‍ശിച്ച ഡോ. അബ്ദുല്‍ കരീം ഇര്‍യാനി. നിരവധി തെളിവുകള്‍ നിരത്തി അദ്ദേഹം വാദിക്കുന്നത്, യമനെ ഇന്നത്തെ നിലയില്‍ കൊണ്ടെത്തിച്ച പാപത്തില്‍ നിന്ന് ഇറാന് കൈകഴുകാന്‍ കഴിയില്ല എന്നാണ്. രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന് ഇറാന്‍ ചര്‍ച്ചകളില്‍ പറയാറുണ്ടെങ്കിലും തീരുമാനം അവര്‍ ഹൂഥികള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നു മാത്രമല്ല, ഹൂഥി സംഘങ്ങളെ ഇറാന്‍ പണം നല്‍കി സഹായിക്കുകയും വിപ്ലവ ഗാര്‍ഡുകള്‍ വഴിയോ ലബനാനിലെ ഹിസ്ബുല്ല വഴിയോ അവര്‍ക്ക് സൈനിക പരിശീലനം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.

യമനിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധികള്‍ ശരിയായി വിലയിരുത്തുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. ലബനാന്‍ പോലെയാണ് യമനും എന്നവര്‍ കണക്കുകൂട്ടിയിരിക്കണം. ഇറാന്റെ ഈ രാഷ്ട്രീയ പിഴവ് മുതലെടുത്തുകൊണ്ടാണ് ഹൂഥികള്‍ യമന്റെ തെക്കോട്ടും വടക്കോട്ടും സൈനിക നീക്കങ്ങള്‍ നടത്തിയതും സുഊദി അറേബ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സൈനികാഭ്യാസങ്ങള്‍ നടത്തി ആ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തിയതും. ഇറാന്റെ പ്രേരണയോ മൗനമോ ആണ് ഇതിനൊക്കെയും കാരണമായിത്തീര്‍ന്നത്.

നിലവിലെ പ്രസിഡന്റ് അബ്ദുറബ്ബു മന്‍സൂറിന്റെ കഴിവുകേടാണ് നാലാമത്തെ കാരണം. പ്രസിഡന്റായി നിയോഗിക്കപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തിനറിയാം, സായുധ സൈന്യത്തിന്റെ തലപ്പത്തൊക്കെയും മുന്‍ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹിന്റെ ആളുകളാണെന്ന്. ജനകീയ വികാരത്തിനൊപ്പം നിന്ന് സൈന്യത്തെ പൊളിച്ചടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പക്ഷേ, തക്കസമയത്ത് അങ്ങനെയൊരു നടപടി അദ്ദേഹം എടുത്തില്ല. സമയം കഴിഞ്ഞ് അങ്ങനെയൊരു നടപടിക്ക് മുതിര്‍ന്നപ്പോഴാവട്ടെ, നാമമാത്ര മാറ്റങ്ങളേ വരുത്താനായുള്ളൂ. അതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. ഹൂഥികള്‍ അംറാന്‍ പ്രവിശ്യയിലേക്ക് മുന്നേറിയപ്പോള്‍ അവര്‍ക്ക് തടയിടാന്‍ സൈന്യത്തെ അയക്കണമെന്ന് പ്രസിഡന്റ് മന്‍സൂര്‍ ഹാദി പ്രതിരോധമന്ത്രിക്ക് ആജ്ഞ നല്‍കിയിരുന്നുവെങ്കിലും മന്ത്രി അത് നിരസിക്കുകയാണുണ്ടായത്. അത്രക്കും ദുര്‍ബലനാണ് ഈ പ്രസിഡന്റ്. ഒരു പ്രവിശ്യ തന്നെ കൈവിട്ടുപോകാന്‍ അത് കാരണമാവുകയും ചെയ്തു. പ്രസിഡന്റിന്റെ ഓഫീസിനെ ചുറ്റിപ്പറ്റി ഒട്ടേറെ അഴിമതിക്കഥകളാണ് പറഞ്ഞു കേള്‍ക്കുന്നത്; പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മകന്‍ ജലാലിനെപ്പറ്റി. പ്രസിഡന്റിന്റെ ഓഫീസില്‍ ചുമതലകളൊന്നുമില്ലെങ്കിലും പ്രസിഡന്റിന്റെ മകന്‍ അവിടത്തെ പതിവുകാരനാണത്രേ.

ഇതെല്ലാം മുമ്പില്‍ വെച്ച് ഞാന്‍ സ്വയം ചോദിച്ചു: 'നിശ്ചയദാര്‍ഢ്യത്തിന്റെ കൊടുങ്കാറ്റ്' (ആസ്വിഫതുല്‍ ഹസം) എന്ന പേരിട്ട് സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന വ്യോമാക്രമണത്തിന് ബദലായി വേറൊരു വഴിയും ഇല്ലേ? ഇല്ല എന്ന് വളരെ ദുഃഖത്തോടെ മറുപടി പറയേണ്ടിവരുന്നു. കാരണം, ഒട്ടേറെ രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ചര്‍ച്ചയുടെയും സംഭാഷണത്തിന്റെയും വാതിലുകള്‍ കൊട്ടിയടക്കുകയാണ് ഹൂഥികള്‍ ചെയ്തത്. നേരത്തെ പറഞ്ഞുവെച്ച ധാരണകളും കരാറുകളുമെല്ലാം ലംഘിക്കപ്പെട്ടതിനാല്‍ മറു കക്ഷിയുടെ ആത്മാര്‍ഥതയില്‍ സംശയമുണരുക സ്വാഭാവികവുമാണ്. ആധിപത്യമുറപ്പിക്കാനുള്ള തന്ത്രമായും അവര്‍ കരാറുകളെ ഉപയോഗിക്കാന്‍ തുടങ്ങി. അതിന് തെളിവാണ് കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് സംഭവിച്ചത്. അന്നേ ദിവസം തലസ്ഥാനമായ സന്‍ആയിലെ രണ്ട് പ്രധാന കേന്ദ്രങ്ങള്‍ക്കെതിരെ തങ്ങള്‍ നടത്തി വന്നിരുന്ന ഉപരോധം പിന്‍വലിക്കാന്‍ ഹൂഥികള്‍ സന്നദ്ധരായി. പക്ഷേ, പിറ്റേ ദിവസം തന്നെ (സെപ്റ്റംബര്‍ 21) അവര്‍ സന്‍ആ നഗരം മുഴുവന്‍ കീഴ്‌പ്പെടുത്തുന്നതാണ് നാം കാണുന്നത്. മാത്രമല്ല, സൈനികാഭ്യാസങ്ങള്‍ നടത്തി അവര്‍ സുഊദി അറേബ്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഊദി അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളില്‍ നടത്തിയ സൈനികാഭ്യാസങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമാണുണ്ടായിരുന്നത്.

പിന്നെയവര്‍ തെക്കന്‍ യമന്‍ കൈയേറുകയും ഏദന്‍ അധിനിവേശപ്പെടുത്തുകയും ബാബുല്‍ മന്‍ദബ് കടലിടുക്കിനടുത്തേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ ആക്രമണം അനിവാര്യമായി. സൈനിക ഇടപെടല്‍ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, സമയം കഴിഞ്ഞുപോയിട്ടാണെങ്കിലും, ഇപ്പോഴവര്‍ വീണ്ടും സന്ധി സംഭാഷണത്തെക്കുറിച്ചും രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഒടുവില്‍ എല്ലാം എത്തിച്ചേരുക സന്ധിസംഭാഷണത്തില്‍ ആയിരിക്കുമെങ്കിലും, മാറിയ ചുറ്റുപാടില്‍ പുതിയ വ്യവസ്ഥകളില്‍ ആയിരിക്കും അത് നടക്കുക എന്നു മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍