ബജറ്റിലൊതുങ്ങുന്ന ന്യൂനപക്ഷ ക്ഷേമം
രാജ്യത്ത് എന്നും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ അധഃസ്ഥിതിയും അവരെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അതിനാവിഷ്‌കരിക്കപ്പെടുന്ന പലതരം പദ്ധതികളുമൊക്കെ. പക്ഷേ, പ്രയോഗതലത്തില്‍ അതൊന്നും ഒട്ടും പ്രതിഫലിക്കുന്നില്ല. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം നിരന്തരം കേള്‍ക്കാം. തീന്മേശയിലേക്ക് ഒന്നും എത്തുന്നില്ലെന്നു മാത്രം. സച്ചാര്‍ കമ്മിറ്റിയും രംഗനാഥ് മിശ്ര കമീഷനും ഹര്‍ഷ് മന്ദിര്‍, മഹ്മൂദുര്‍റഹ്മാന്‍, മുശീറുല്‍ ഹസന്‍, കുണ്ടു കമ്മിറ്റികളും സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയാവസ്ഥ സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകളാണ്. എന്നിട്ടും ക്രിയാത്മകമായ ന്യൂനപക്ഷ വികസന നടപടികളൊന്നുമുണ്ടായില്ല. ഉണ്ടായിക്കൊണ്ടിരിക്കുന്നതാവട്ടെ, അവരെ കൂടുതല്‍ പീഡിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നീക്കങ്ങളാണ്. എല്ലാ കേന്ദ്ര-സംസ്ഥാന ബജറ്റുകളിലും ന്യൂനപക്ഷ ക്ഷേമ പരിപാടികളും അതിനുള്ള ഫണ്ടിംഗും മുഖ്യ വിഷയങ്ങളിലൊന്നായി ഉന്നയിക്കപ്പെടാറുണ്ട്. പക്ഷേ, ന്യൂനപക്ഷങ്ങളുടെ സാഹചര്യം ആവശ്യപ്പെടുന്നതും ബജറ്റ് അനുവദിക്കുന്നതും തമ്മില്‍ താരതമ്യം ചെയ്താല്‍ ബജറ്റ് നിര്‍ദേശത്തിന് ഒരു കീഴ്‌വഴക്കമെന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഉത്തരവാദപ്പെട്ടവര്‍ കല്‍പിച്ചിട്ടില്ലെന്ന അനായാസം മനസ്സിലാകും. തങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് അവരെ ധരിപ്പിക്കണമെന്നേ സര്‍ക്കാറിനുള്ളൂ. ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ഘോരഘോരം സമരം ചെയ്യുന്നുണ്ടെന്ന് ധരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുക്കാല്‍ നൂറ്റാണ്ടോളമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറി മാറി വന്ന ഭരണ-പ്രതിപക്ഷങ്ങള്‍ ഈ വിനോദം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടു കൂട്ടര്‍ക്കും വേണ്ടത് ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പരിഹാരമല്ല; ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകളാണ്. അവരുടെ പിന്നാക്ക-പീഡിതാവസ്ഥ നിലനില്‍ക്കുകയാണ് വോട്ടുകള്‍ ചൂഷണം ചെയ്യാന്‍ കൂടുതല്‍ സൗകര്യം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഒരു വിദ്വാന്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു. 'മുസ്‌ലിംകളെ നിങ്ങള്‍ ആഗ്രഹിച്ചതിലേറെ അധഃസ്ഥിതരാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു'വെന്ന് സംഘ്പരിവാറിനെ ബോധ്യപ്പെടുത്തുകയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് കേന്ദ്ര ധനകാര്യമന്ത്രി പൊതു ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ന്യൂനപക്ഷ ക്ഷേമത്തിനു പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുള്ളതായി പ്രസ്താവിച്ചിരുന്നു. അത് ന്യൂനപക്ഷ സമുദായങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുകയും ചെയ്തു. പിന്നീട് ബജറ്റ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യവെ മുസ്‌ലിം എം.പിമാര്‍ ന്യൂനപക്ഷ ക്ഷേമത്തിന്റെ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ വ്യക്തമായത് അതിനുവേണ്ടി വകയിരുത്തിയ തുക തീരെ തുഛമാണെന്നാണ്. മൊത്തം ദേശീയ ജനതയുടെ 21 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2015-'16-ലേക്ക് അവതരിപ്പിക്കപ്പെട്ട 1777477 കോടി രൂപയുടെ ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടി വകയിരുത്തിയിരിക്കുന്നത് 3738 കോടിയാണ്. അതായത് .021 ശതമാനം. കഴിഞ്ഞ വര്‍ഷം പൊതു ബജറ്റ് 1681158 കോടിയുടേതായിരുന്നു. 3734 കോടിയായിരുന്നു അന്ന് ന്യൂനപക്ഷ വിഹിതം. അതായത് .022 ശതമാനം. ഇക്കുറി 4 കോടി രൂപ കൂടുതലുണ്ടെങ്കിലും ആനുപാതിക വിഹിതത്തില്‍ .001 ശതമാനം കുറവാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പല പുതിയ സ്‌കീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പണം വകയിരുത്തിയിട്ടില്ലാത്തതിനാല്‍അതിനൊക്കെ കടലാസിന്റെ വിലയേയുള്ളൂ. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ മൈനോറിറ്റി കോര്‍പ്പറേഷന്റെ കീഴില്‍ സംവിധാനമുണ്ടാക്കുമെന്നാണ് ഒരു വാഗ്ദാനം. ഈ സംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചുറപ്പു നല്‍കിയതാണ്. ആ വകുപ്പ് തന്നെ അടച്ചുപൂട്ടിയതായിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ന്യൂനപക്ഷ വികസനത്തിന്റെ പേരില്‍ കേള്‍ക്കാനിമ്പമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുക, ഒന്നും നടപ്പിലാക്കാനാവശ്യമായ പണം നീക്കി വെക്കാതിരിക്കുക, വകയിരുത്തുന്ന തുക തന്നെ ചെലവഴിക്കാതിരിക്കുക, ഓരോ വര്‍ഷവും അനുവദിക്കുന്ന തുകയുടെ സിംഹഭാഗം സമയത്തിനു ചെലവഴിക്കാതെ ലാപ്‌സാക്കുക- ചെലവഴിക്കപ്പെടുന്നത് തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോവുക എന്ന ദുര്യോഗവുമുണ്ട്. പലപ്പോഴും ന്യൂനപക്ഷ ഫണ്ടുകള്‍ അവരെക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നത് ഭൂരിപക്ഷ സമുദായത്തിനാണ്. അതിനുള്ള പല തന്ത്രങ്ങളും വര്‍ഗീയത തീണ്ടിയ ബ്യൂറോക്രസിക്കറിയാം. ന്യൂനപക്ഷ ക്ഷേമ ഫണ്ടുകള്‍ ആ വിഭാഗത്തിലെ അംഗങ്ങള്‍ക്കുതന്നെ ലഭിക്കണമെന്ന് നിഷ്‌കര്‍ഷിക്കാതെ ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള ഗ്രാമങ്ങള്‍ക്കോ താലൂക്കുകള്‍ക്കോ അനുവദിക്കുകയും എന്നിട്ട് അവിടത്തെ ഭൂരിപക്ഷ വിഭാഗങ്ങളില്‍ ചെലവഴിക്കുകയും ചെയ്യുന്നത് ഒരു ഉദാഹരണം. ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടി നടപ്പിലാക്കപ്പെടുന്ന പദ്ധതികളേറെയും അവര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന വസ്തുത പല കമ്മിറ്റികളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല.
മുസ്‌ലിംകള്‍, ക്രൈസ്തവര്‍, സിക്കുകാര്‍, ബൗദ്ധര്‍, ജൈനര്‍, പാര്‍സികള്‍ എന്നീ ആറു വിഭാഗങ്ങളുള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ ന്യൂനപക്ഷം. മുസ്‌ലിംകളാണ് എണ്ണത്തില്‍ കൂടുതലുള്ളത്. ഏറ്റവും അധഃസ്ഥിതരും അവര്‍ തന്നെ. ന്യൂനപക്ഷമെന്നാല്‍ മുസ്‌ലിംകളും ന്യൂനപക്ഷക്ഷേമ പദ്ധതിയെന്നാല്‍ സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് വാരിക്കോരി കൊടുക്കുന്ന ആനുകൂല്യങ്ങളുമാണെന്നത്രേ പൊതു ധാരണ. പിന്നാക്കത്തില്‍ നിന്ന് പിന്നാക്കത്തിലേക്കാണ്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ തന്നെ ഈ പ്രചാരണത്തിന്റെ യാഥാര്‍ഥ്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ബജറ്റ് വകയിരുത്തുന്ന ന്യൂനപക്ഷ ക്ഷേമ ഫണ്ടില്‍ നിന്ന് മുസ്‌ലിം സമുദായത്തിന് അനുവദിക്കപ്പെടുന്നതെത്രയാണെന്നും അതെങ്ങനെ വ്യയം ചെയ്യപ്പെടുന്നുവെന്നും സമുദായം തന്നെ നിശിതമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പരിശോധനയുടെയും പഠനങ്ങളുടെയും അഭാവം സമുദായത്തിന്റെ പിന്നാക്കാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിന്റെ പല കാരണങ്ങളിലൊന്നാണ്.
Comments