Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

യമനിലേത് ഹൂഥി-സ്വാലിഹ് അവസരവാദ കൂട്ടുകെട്ട്

ഹഫീസുല്ല കെ.വി /ലേഖനം

          ഞാന്‍ യമന്‍ തലസ്ഥാനമായ സന്‍ആയിലെത്തുന്നത്   2010 മധ്യത്തോടെയാണ്. അന്ന് അലി അബ്ദുല്ല സ്വാലിഹ് ആണ് യമന്‍ ഭരിക്കുന്നത്. ഇന്ത്യയെപ്പോലെ  അറേബ്യന്‍ പെനിന്‍സുലയിലെ  ഏറ്റവും വലിയ ജനാധിപത്യ  രാഷ്ട്രമാണ് യമനും. അവിടത്തെ  സ്വാലിഹിന്റെ  ഭരണകക്ഷി GPC (General Peoples Congress) കുറെക്കാലം ഒറ്റ കക്ഷിയായിരുന്നെങ്കിലും ഒടുവില്‍ അത് കൂട്ട് കക്ഷിയായി  മാറി.  പ്രതിപക്ഷം  അഞ്ചു രാഷ്ട്രീയ  പാര്‍ട്ടികള്‍  കൂട്ടുചേര്‍ന്ന JMP (Joint Meeting Party) മുന്നണിയാണ്.

2010 അവസാനത്തോടെ  ആരംഭിച്ച അറബ്  വസന്തം യമനിലെ  വിപ്ലവ യുവത  വളരെ  പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒരുദിവസം  സന്‍ആ യൂനിവേഴ്‌സിറ്റിക്ക് മുന്നിലൂടെ പോകുമ്പോള്‍ ചെറിയൊരു  ആള്‍ക്കൂട്ടം  ശ്രദ്ധയില്‍ പെട്ടു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനോട്   ചോദിച്ചപ്പോള്‍ അവിടെ തവക്കുല്‍ കര്‍മാന്‍ വന്നിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി അവര്‍  അലി സ്വാലിഹിനെതിരെ  സമരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അറിയാന്‍ സാധിച്ചു. 

തുടര്‍ന്ന്  ഈജിപ്തിലൂടെ അറബ്‌വസന്തം  ശക്തിപ്പെട്ടപ്പോള്‍  തവക്കുല്‍ കര്‍മാന് പിന്തുണയുമായി  കൂടുതല്‍  യുവാക്കള്‍ രംഗത്ത് വന്നു. അവര്‍ കൃത്യമായ  അജണ്ട നിര്‍ണയിക്കുകയും നാള്‍ക്കുനാള്‍ അവരുടെ സമരവും  ആള്‍ബലവും ശക്തിപ്പെടുകയും ചെയ്തു. തുടക്കത്തില്‍ തള്ളിക്കളഞ്ഞിരുന്നവര്‍  പിന്നീട്  അവരെ പിന്തുണക്കുന്നവരായി മാറി. യമനിലെ  വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ജി.സി.സിയിലെ ഒട്ടു മിക്ക  രാജ്യങ്ങളിലും അലയടിച്ചു കൊണ്ടിരുന്നു.

വിപ്ലവം അതിന്റെ അന്തിമ  ഘട്ടത്തില്‍ എത്തിയപ്പോഴാണ് അലി സ്വാലിഹിന്  കൊട്ടാരത്തില്‍ വെച്ച് പരിക്കേല്‍ക്കുന്നതും അദ്ദേഹം ചികിത്സാര്‍ഥം സുഊദി അറേബ്യയിലേക്ക്  മാറ്റപ്പെടുന്നതും. ഇതിനിടയിലാണ്  അലി സ്വാലിഹിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവും വലംകൈയും  സൈനിക മേധാവിയുമായിരുന്ന  അലി മുഹ്‌സിന്‍ വിപ്ലവ യുവതയോടൊപ്പം ചേരുന്നത്. അവിടത്തെ പ്രബല  ഗോത്ര കുടുംബമായ അല്‍ അഹ്മര്‍ (നേരത്തെ  അലി സ്വാലിഹിനെ പ്രസിഡന്റാക്കാന്‍ പിന്തുണച്ചിരുന്നത് ഈ കുടുംബമായിരുന്നു) അലി സ്വാലിഹിന് എതിരായിരുന്നു.

വിപ്ലവം ഹൈജാക്ക്  ചെയ്യപ്പെടുന്നു

2011 നവംബര്‍ 23 യമനികളെ സംബന്ധിച്ച് വിശേഷപ്പെട്ട ദിനമാണ്. അന്നാണ്  യമന്‍ വിപ്ലവത്തിന് അന്ത്യം കുറിച്ചെന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, ജി.സി.സി മുന്നോട്ടു വെച്ച അധികാര കൈമാറ്റ ഉടമ്പടി പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് സുഊദി തലസ്ഥാനമായ രിയാദില്‍ ഒപ്പ് വെച്ചത്.

ജി.സി.സി രാഷ്ട്രങ്ങളും യു.എന്നും ചേര്‍ന്ന്  അവിടെ വെച്ച് ഒരു കരാര്‍ ചുട്ടെടുത്തു. അതുപ്രകാരം അലി സ്വാലിഹ് അധികാരം, അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന അബ്ദുര്‍റബ്ബു മന്‍സൂര്‍  ഹാദിക്ക് കൈമാറും. തുടര്‍ന്ന് അലി സ്വാലിഹ് സന്‍ആയില്‍ തന്നെ  കഴിയും. ഒരുവിധ നിയമപ്രശ്‌നങ്ങളും നേരിടേണ്ടിവരില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്നൊരു വിലക്ക് മാത്രം. രണ്ടു വര്‍ഷത്തെ കാവല്‍ മന്ത്രിസഭക്ക് ശേഷം പൊതു ഇലക്ഷനില്‍  കാര്യങ്ങള്‍ തീരുമാനിക്കും. കാവല്‍ മന്ത്രിസഭയില്‍ എല്ലാ പാര്‍ട്ടികളും  അംഗങ്ങളായിരിക്കും. പുതിയ ഭരണഘടന ഉണ്ടാക്കും. തുടര്‍ന്നായിരിക്കും ഇലക്ഷന്‍ നടത്തുക. ഇതൊക്കെയും യു.എന്‍ പ്രതിനിധി ബിന്‍ ഉമര്‍  മോണിട്ടര്‍ ചെയ്യും. ഇതായിരുന്നു ജി.സി.സി മുന്നോട് വെച്ച കരാര്‍. ഈ കരാര്‍  തങ്ങള്‍ക്ക് സ്വീകാര്യമല്ല  എന്ന്  വിപ്ലവ യുവത  പറഞ്ഞെങ്കിലും അവസാനം  അവര്‍ക്കും വഴങ്ങേണ്ടി വന്നു. എന്നാല്‍  അവര്‍ തങ്ങളുടെ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറായിരുന്നില്ല. അവര്‍ തങ്ങളുടെ മാറ്റത്തിന്റെ ചത്വരത്തിലെ (Change Square) കൂടാരത്തെ കാവല്‍ മന്ത്രിസഭയുടെ മോണിറ്ററിംഗിനു  ഉപയോഗിച്ചു.

യമനിലെ  ഭരണഘടന  പ്രകാരം  പ്രസിഡന്റിനെ ഇലക്ഷന്‍ വഴി മാത്രമേ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ. അത് പ്രകാരം എതിരാളികള്‍ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് പ്രഹസനത്തിനു യമന്‍ സാക്ഷ്യം വഹിച്ചു. തുടര്‍ന്ന്  പ്രസിഡന്റായി രണ്ടു വര്‍ഷത്തേക്ക് ഹാദി  അധികാരമേറ്റു.

കാവല്‍ മന്ത്രിസഭ

പുതിയൊരു യമന് നിലം ഒരുക്കുക എന്നതായിരുന്നു ഹാദി സര്‍ക്കാരിന്റെ പ്രാഥമിക ചുമതല. അതിനു വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു എന്‍.ഡി.സി അഥവാ  നാഷ്‌നല്‍ ഡയലോഗ് കോണ്‍ഫറന്‍സ്. പ്രധാന പ്രശ്‌നങ്ങള്‍ ഇനം  തരം തിരിച്ചു, ഓരോ വിഭാഗത്തിലും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി ഉണ്ടാക്കി. പത്തു മാസം നീണ്ടുനിന്ന പഠനങ്ങള്‍ക്ക് ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അറബ് വസന്തം  നടന്ന മറ്റു നാടുകളില്‍ കാണാന്‍ സാധിക്കാത്ത  ഐക്യത്തോടെയായിരുന്നു  എല്ലാ കക്ഷികളും കമ്മിറ്റിയെയും അവരുടെ റിപ്പോര്‍ട്ടിനെയും സ്വീകരിച്ചത്.

ഹാദി സര്‍ക്കാരിന്റെ ഈ നീക്കം ജനങ്ങള്‍ക്ക്  പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്‍.ഡി.സിയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന പ്രധാന തീരുമാനമായിരുന്നു പുതിയ ആറു ഗവര്‍ണറേറ്റുകള്‍  ഉണ്ടാക്കുക എന്നുള്ളതും, ഫെഡറല്‍ സിസ്റ്റം കൊണ്ടുവരിക എന്നുള്ളതും. ഇത് രണ്ടിനും  ഭരണാനുമതി നല്‍കി പുതിയ ഭരണ ഘടന തയാറാക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് പഴയ പ്രസിഡന്റ് അലി സ്വാലിഹ് സന്‍ആയില്‍ തിരിച്ചെത്തുന്നത്. അതോടെ കാര്യങ്ങള്‍ അവതാളത്തിലാവാന്‍ തുടങ്ങി.

'ഗവണ്‍മെന്റ് വിരുദ്ധ തരംഗം  ഉണ്ടാക്കിയാല്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളൂ' എന്ന തിരിച്ചറിവില്‍ സ്വാലിഹ്  ഗോത്രങ്ങളെ ഉപയോഗിച്ച് അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. അതോടെ സന്‍ആ മുമ്പെങ്ങുമില്ലാത്ത വിധം  കൂരിരുട്ടിലായി. ദിവസവും 18-20 മണിക്കൂര്‍ വരെ നീളുന്ന പവര്‍കട്ട്. പെട്രോള്‍, ഡീസല്‍  എന്നിവക്ക് ക്ഷാമം. ഗ്യാസ് കുറ്റികള്‍ കാണാന്‍ കിട്ടാത്ത അവസ്ഥ. സന്‍ആയിലേക്ക് ഇതൊക്കെയും വന്നിരുന്നത് പുറത്ത് നിന്നായിരുന്നു. കടുത്ത ക്ഷാമം കുറെകാലം തുടര്‍ന്നു. ജനങ്ങള്‍ സ്വാഭാവികമായും പറയാന്‍ തുടങ്ങി 'സ്വാലിഹ് ഉണ്ടായിരുന്നപ്പോള്‍ നമുക്ക് വൈദ്യുതിയും  ഗ്യാസും ലഭിച്ചിരുന്നു, ഇപ്പോള്‍ മന്‍സൂര്‍ ഹാദി വന്നതോട് കൂടി അതൊക്കെ ഇല്ലാതെയായി' എന്ന്.

അപ്പോഴേക്കും തന്റെ അടുത്ത  ആയുധവുമായി സ്വാലിഹ് രംഗത്ത് വന്നിരുന്നു. അതാണ് സന്‍ആയിലെ  ഏറ്റവും വലിയ സെക്യൂരിറ്റിയുള്ള സ്ഥലം എന്ന് പറയാവുന്ന മിലിട്ടറി ആശുപത്രി വളപ്പിലെ സ്‌ഫോടനത്തില്‍ നാം കണ്ടത്. പ്രസിഡന്റിനെയാണ് അവര്‍ ടാര്‍ഗറ്റ് ചെയ്തതെങ്കിലും മലയാളി നഴ്‌സ് അടക്കം നിരവധി വിദേശികളും സ്വദേശികളുമാണ് അന്ന് കൊലക്കിരയായത്. രണ്ടാമത്തെ അവസരവും നഷ്ടപ്പെട്ട  അദ്ദേഹം  കൂടുതല്‍ അസ്വസ്ഥനായിരുന്നു.

ഇതിനിടയില്‍ അവിടത്തെ വലിയ കക്ഷികളിലൊന്നായ അല്‍ ഇസ്വ്‌ലാഹ് അടക്കമുള്ളവര്‍ കൂടുതല്‍ ജനസമ്മതി നേടിയെടുക്കുകയും ചെയ്തു. ഈജിപ്തിലെ മുര്‍സിയുടെ വിജയവും അധികാരാരോഹണവും അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. കാവല്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ യു.എന്‍ ഇടപെട്ട് അത് അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. അതിനു പിന്നില്‍ ഒരുപാടു നാടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുറത്തധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇതിനിടയിലാണ് അലി സ്വാലിഹ് തന്റെ അവസാനത്തെ അടവും പുറത്തെടുത്തത്. അദ്ദേഹം ഹൂഥികളെ കൂട്ടുപിടിച്ചു  പ്രസിഡന്റിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു.

ഹൂഥികളുടെ റോള്‍

സുന്നി, സെയ്ദി, ഹൂഥി, ശീഈ എന്നിങ്ങനെയാണ് യമനിലെ മതകീയ ഘടന. ജനസംഖ്യയിലെ  അധികഭാഗവും സുന്നികളാണ്. പിന്നെ സെയ്ദികള്‍ (പ്രവാചക കുടുംബ പരമ്പരയില്‍  പെട്ടവരാണ് സെയ്ദികള്‍ എന്നാണ് പറയുന്നത്). അവരില്‍ അധികപേരും ഹൂഥികളോട്  അടുത്തു നില്‍ക്കുന്നവരാണ്, ഭാവത്തിലും രീതിയിലും. ഇവര്‍ നമസ്‌കരിക്കുമ്പോള്‍  കൈ അഴിച്ചിടുന്നവരാണ്. സെയ്ദികളും  ഹൂഥികളും അതില്‍ സമാനത പുലര്‍ത്തുന്നു. ഹൂഥികളെ ശീഈകള്‍ എന്നാണ് പൊതുവെ മറ്റുള്ളവര്‍ വിശേഷിപ്പിക്കാറ്.  എന്നാല്‍  സുഊദി അറേബ്യയിലോ മറ്റു അറബ്  രാഷ്ട്രങ്ങളിലോ കാണുന്ന ശീഈകളെ പോലെയല്ല അവരുടെ  പ്രാര്‍ഥനാ രീതികള്‍. അതുകൊണ്ട് തന്നെ ഇറാന്‍  പോലും ഹൂഥികളെ  ശീഈകളായി പരിഗണിച്ചിട്ടില്ല എന്നാണ് അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞത്.

സന്‍ആയിലടക്കം ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും  ഹൂഥികളുടെ സാന്നിധ്യമുണ്ടെങ്കിലും അവരുടെ മേഖല സഅദ  എന്ന ഭൂപ്രദേശമാണ്. സന്‍ആയില്‍ നിന്ന് ഏകദേശം അഞ്ഞൂറ്  കിലോമീറ്റര്‍  അകലെയാണ് സഅദ.  അത് സുഊദിയോടു  അടുത്ത് കിടക്കുന്ന സ്ഥലമാണ്. ഇടയ്ക്കിടെ അവര്‍ സുഊദിയുമായി അടിയുണ്ടാക്കാറുമുണ്ട്. ഇതേ സഅദയുടെ  നടുവിലായി പുഴക്കു നടുവിലെ ദ്വീപ് എന്ന പോലെ സലഫികളുടെ ഒരു കേന്ദ്രവും സ്ഥിതി ചെയ്യുന്നു (നമ്മുടെ കേരളത്തിലെ കുറച്ചു പേരും അവിടെ എത്തിപ്പെട്ടിട്ടുണ്ട്). ദമ്മാജ് എന്നാണ് ആ സ്ഥലത്തിന്റെ പേര്. അവിടെയാണ് പണ്ട് മുതലേ പ്രശസ്തമായ ദാറുല്‍ ഹദീസ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ദമ്മാജിലെ  സലഫികളും  ഹൂഥികളും തമ്മില്‍ പലപ്പോഴും വെടിവെപ്പ് നടക്കാറുണ്ട്. ഈയൊരു 'ഠ' വട്ടത്ത് പ്രശ്‌നമുണ്ടാക്കി നടന്നിരുന്ന  ഹൂഥികളാണ് പെട്ടെന്ന്  സന്‍ആയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ഹൂഥികളെ തുടക്കത്തില്‍ അലി സ്വാലിഹ്  നന്നായി സഹായിച്ചിരുന്നു. സുഊദി പിന്തുണച്ചിരുന്ന സലഫികള്‍ക്കെതിരെ അവരെ ആയുധമണിയിച്ചത് അലി സ്വാലിഹ് ആണ്. എന്നാല്‍, പിന്നീട് അവര്‍ അലി സ്വാലിഹുമായി തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് രണ്ടായിരത്തി ഏഴില്‍ ഗവണ്‍മെന്റ്  വലിയ സൈനിക നീക്കം വരെ അവര്‍ക്ക് നേരെ നടത്തിയിരുന്നു.

യമന്‍ വിപ്ലവത്തിന്റെ സമയത്ത് സ്വാഭാവികമായും  ഹൂഥികളും  അലി സ്വാലിഹിനെതിരെ വിപ്ലവ യുവതയുടെ കൂടെ അണിനിരന്നിരുന്നു. കാവല്‍ മന്ത്രിസഭയിലും  തുടര്‍ന്ന് എന്‍.ഡി.സിയിലും അവര്‍ അംഗങ്ങളായിരുന്നു. ഹൂഥികളില്‍ നിന്ന് മുപ്പതിലധികം പേര്‍ വിവിധ കമ്മിറ്റികളിലായി ചര്‍ച്ചകളില്‍  പങ്കെടുത്തിരുന്നു. എന്നാല്‍  എന്‍.ഡി.സിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ദിവസം അതില്‍ പങ്കെടുത്തിരുന്ന ഹൂഥി നേതാവ് കൊല്ലപ്പെട്ടു. ഇത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.

എന്‍.ഡി.സിക്ക് ശേഷം  ആഗസ്റ്റില്‍ ഗവണ്‍മെന്റ്് വീണ്ടും പെട്രോളിന് വില വര്‍ധിപ്പിച്ചു. ഇത് ജനങ്ങളുടെ പ്രതിഷേധസമരങ്ങള്‍ക്ക് കാരണമായി. സമരം ഹൂഥികള്‍ ഏറ്റെടുത്ത് എന്‍.ഡി.സി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതൊരവസരമായി കണ്ട്, അലി സ്വാലിഹ് തന്റെ അവസാന ശ്രമം എന്ന നിലയില്‍ ഹൂഥികളോടൊപ്പം  ഒത്തു ചേരുകയായിരുന്നു.

2014 സെപ്റ്റംബറില്‍ ഹൂഥികള്‍  സന്‍ആയിലേക്ക് മാര്‍ച്ച് ചെയ്തു. യാതൊരു തടസ്സവുമില്ലാതെ അവര്‍ക്ക്  സന്‍ആ വരെ മുന്നേറാന്‍ സാധിച്ചു. യമനിന്റെ ഭൂമിശാസ്ത്രം അറിയുന്ന ആരും സഅദയില്‍ നിന്ന് ഹൂഥി വിമതര്‍  സന്‍ആയില്‍ എത്തിച്ചേര്‍ന്നു എന്ന് വിശ്വസിക്കാന്‍ തയാറാവില്ല. അത്രക്ക് ദുര്‍ഘടമായ പാത എന്നത് മാത്രമല്ല, വരുന്ന വഴിയില്‍ ഗോത്രങ്ങളുടെ ചെക്ക് പോയിന്റുകള്‍ ഭേദിച്ച് വേണം അവര്‍ക്ക് മുന്നേറാന്‍. എന്നാല്‍, ഈ വരുന്ന വഴികളിലൊന്നും തന്നെ അവര്‍ക്ക് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. സന്‍ആയുടെ ബൗണ്ടറി കടന്നപ്പോള്‍ അവര്‍ക്ക് ആകെ നേരിടേണ്ടിവന്നത്  പഴയ സ്വാലിഹ് വിമതന്‍ അലി മുഹ്‌സിന്റെ പട്ടാളത്തെ മാത്രമായിരുന്നു. ആ സൈന്യത്തെ അവര്‍ എളുപ്പത്തില്‍ തുരത്തി. പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ സൈന്യം പോലും ഒരു ചെറുത്തുനില്‍പ്പും നടത്താതെ  കളമൊഴിഞ്ഞു. അതില്‍നിന്ന് തന്നെ മനസ്സിലാക്കാം ഹൂഥികളുടെ ആസൂത്രണ മികവും അവര്‍ക്ക്  പിന്നില്‍ കളിക്കുന്നവരുടെ ശക്തിയും. 

പ്രസിഡന്റ് വീട്ടു തടങ്കലില്‍ 

സന്‍ആയിലെ തന്ത്രപ്രധാന സ്ഥലങ്ങള്‍ കൈയടക്കിയ ഹൂഥികള്‍ എളുപ്പത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറി. അവിടെയും അവര്‍ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. അങ്ങനെ പ്രസിഡന്റും പ്രധാനമന്ത്രിയും  അവരുടെ വീട്ടു തടങ്കലിലായി. പിന്നെയാണ് പ്രധാനമന്ത്രി രാജി വെക്കുന്നത്. കൂട്ടത്തില്‍  പ്രസിഡന്റും രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടുകയും പ്രസിഡന്റിനെ അവിടെ നിന്ന് രക്ഷിക്കുകയും ചെയ്തു. പ്രസിഡന്റിനു പകരം അഞ്ചംഗ കൗണ്‍സിലിനെ ഹൂഥികള്‍ പ്രഖ്യാപിച്ചു. കൂടാതെ പാര്‍ലമെന്റില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും അതിലേക്ക് നോമിനേഷന്‍ സ്വീകരിക്കുകയും ചെയ്തു. 

കഴിഞ്ഞ ജനുവരിയില്‍ പുതിയ ഭരണഘടനയെ അവര്‍ തള്ളി. എന്‍.ഡി.സി തീരുമാനങ്ങള്‍ നടപ്പിലാക്കണം എന്ന് പറഞ്ഞു മാര്‍ച്ച് ചെയ്തവര്‍ അവസാനം അധികാരത്തിലെത്തിയപ്പോള്‍ മട്ടുമാറുന്നതാണ് കണ്ടത്. തുടര്‍ന്ന് ഹൂഥികള്‍ ഏദനിലേക്ക് ഭരണകേന്ദ്രം മാറ്റിയ  പ്രസിഡന്റിനെ പിന്തുടര്‍ന്ന്  മാര്‍ച്ച് ചെയ്തു. ഹൂഥികള്‍ക്ക് കാര്യമായ പിന്തുണയില്ലാത്ത പ്രദേശങ്ങളായ  ഇബ്ബ്, തായിസ് പട്ടണങ്ങള്‍  കടന്നാണ്  അവര്‍ ഏദനിലേക്ക്  മാര്‍ച്ച് ചെയ്തത്. ഇതിനിടയില്‍ സന്‍ആയിലും  പരിസര പട്ടണങ്ങളിലും റിബലുകള്‍ക്കെതിരെ ഗംഭീര പ്രകടനങ്ങള്‍ നടന്നു വരുന്നുണ്ടായിരുന്നു. നോബല്‍  ജേതാവ് തവക്കുല്‍ കര്‍മാന്‍ അവരുടെ ഫേസ്ബുക്ക്  പേജിലൂടെ  പ്രസിഡന്റ് ഹാദിക്കുള്ള പിന്തുണ പ്രഖ്യാപിച്ചു. ഹൂഥികളും അലി സ്വാലിഹ് ടീമും കൂടി ഏദനില്‍ അടുക്കാറായപ്പോഴാണ് വിദേശകാര്യമന്ത്രി അറബ് രാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ഥിച്ചത്. ഇത് പ്രകാരമാണ്  ഇപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം  തുടങ്ങിയത്.

ഇനിയെന്ത് ?

അറേബ്യന്‍ ഉപദ്വീപില്‍ തന്നെ അശാന്തി വിതക്കാന്‍ കാരണമാവുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ യമനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആക്രമണം എത്രയും പെട്ടെന്ന് നിര്‍ത്തണം എന്ന്  ഇറാനും  ചൈനയും  നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള സഖ്യകക്ഷികള്‍ സുഊദി പക്ഷത്തും നിലകൊള്ളുന്നുണ്ട്.

യമനിന്റെ ഇതുവരെയുള്ള  അനുഭവം മുന്‍നിര്‍ത്തി, വൈദേശിക ഇടപെടല്‍ പെട്ടെന്ന് അവസാനിച്ചാല്‍  അടുത്ത റമദാനോടു കൂടി തന്നെ പഴയ അവസ്ഥയിലേക്ക്  അവര്‍ക്ക് തിരിച്ചുകയറാന്‍ സാധിക്കും. അതിനു ആകെയുള്ള തടസ്സം മുന്‍ പ്രസിഡന്റ് അലി സ്വാലിഹ് ആണ്. അദ്ദേഹത്തെ എന്ന് മാറ്റി നിര്‍ത്താന്‍ കഴിയുന്നോ അന്നു മാത്രമേ അവര്‍ക്ക് പുതിയൊരു യമന്‍ സ്വപ്നം കാണാന്‍ സാധിക്കുകയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍