Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

നീതിയും ന്യായവും പുലരുന്ന ആഗോളീകരണം

പ്രഫ. ഖുര്‍ശിദ് അഹ്മദ് /പഠനം

ആഗോള മുതലാളിത്തം ഇസ്‌ലാമിക വായന-6

         സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടും ഇവിടെ പ്രസക്തമാണ്. അതിങ്ങനെ സംഗ്രഹിക്കാം:

* ചില നിര്‍ണിത ചരിത്ര ശക്തികളാണ് പൂര്‍ണാര്‍ഥത്തില്‍ ഏതൊരു സാമൂഹിക മാറ്റത്തിന്റെയും കാരണമായിത്തീരുന്നതെന്ന വീക്ഷണം ശരിയല്ല. ചരിത്രത്തിലും ജീവിതത്തിലും അത്തരം പല തടസ്സങ്ങളുമുണ്ടാവും എന്നത് നേരാണ്. പക്ഷേ, അത് വെച്ച് എല്ലാം ചരിത്ര നിര്‍ണയവാദപര(Historical Determinism)മാണെന്ന് പറയാനാവില്ല. യഥാര്‍ഥത്തില്‍, മാറ്റമുണ്ടാവുന്നത് വ്യക്തികളും സമൂഹവും അതിനു വേണ്ടി ബോധപൂര്‍വം, ആസൂത്രിതമായി ശ്രമിക്കുമ്പോഴാണ്. തീര്‍ത്തും ലക്ഷ്യബോധമുള്ളതായിരിക്കണം ഈ മാറ്റം; അതായത് ഒരു ആദര്‍ശലോകത്തിലേക്കുള്ള നടന്നടുക്കലാവണമത്.

* ജനങ്ങളാണ് മാറ്റത്തിന്റെ വക്താക്കള്‍. ബാക്കിയുള്ള ശക്തികളൊക്കെയും അതിന് താഴെയാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് മനുഷ്യനെ മാറ്റത്തിനു വേണ്ടി ശ്രമിക്കാന്‍ പ്രാപ്തനാക്കുന്നത്. തങ്ങളുടെ ഭാഗധേയം ശോഭനമായതോ ഇരുളടഞ്ഞതോ ആക്കുന്നത് മനുഷ്യര്‍ തന്നെയാണര്‍ഥം.

* ജീവിത സാഹചര്യങ്ങളെ മാത്രം മാറ്റിയാല്‍ പോരാ. മനസ്സും ഹൃദയവും മാറണം. നിലപാടുകള്‍, പ്രചോദനങ്ങള്‍, പ്രതിബദ്ധത ഇതിലൊക്കെയും മാറ്റങ്ങള്‍ ഉണ്ടാവണം. എന്നിട്ട് വേണം തങ്ങളുടെ ലക്ഷ്യത്തിലേക്ക് അചഞ്ചലരായി പ്രയാണമാരംഭിക്കാന്‍.

* ജീവിതം ബന്ധങ്ങളുടെ ഒരു നെറ്റ് വര്‍ക്കാണ്. മാറ്റം സംഭവിക്കുമ്പോള്‍ ഈ ബന്ധങ്ങളില്‍ ചിലത് മുറിഞ്ഞുപോകും. അപ്പോള്‍ സമൂഹത്തില്‍ അശാന്തി പടരാനിടയുണ്ട്. ഇത്തരം അശാന്തികളും തകിടം മറിച്ചിലുകളും ഏറ്റവും കുറഞ്ഞ തോതില്‍ അനുഭവപ്പെടുക മാറ്റങ്ങള്‍ ഇസ്‌ലാമിക തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാകുമ്പോഴാണ്. കാരണം നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തേക്കാള്‍ നല്ല ഒരു സാമൂഹികാന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ഇസ്‌ലാം മാറ്റം കൊണ്ട് അര്‍ഥമാക്കുന്നത്. സാമൂഹിക സന്തുലനം കൂടുതല്‍ ഭദ്രമായിത്തീരണം. ക്രമപ്രവൃദ്ധമായ, സന്തുലിതമായ മാറ്റത്തിലൂടെ മാത്രമേ ഇത് സാധിക്കൂ. പുതുമകള്‍ വരുന്നത് ഉദ്ഗ്രഥനം (Integration) നിലനിര്‍ത്തിക്കൊണ്ടായിരിക്കും.

മാറ്റത്തെക്കുറിച്ച ഈ സവിശേഷ നിലപാട് വിപ്ലവകരമായിത്തീരുമെന്നതില്‍ സംശയമില്ല.  മാറ്റത്തിന്റെ സ്വഭാവം ഇങ്ങനെയായിരിക്കും:

* മനുഷ്യ ജീവിതത്തെ ഏറ്റവും പ്രചോദിപ്പിക്കുന്നത് സ്വന്തം താല്‍പര്യങ്ങള്‍ തന്നെയാണ്. പക്ഷേ, ഇസ്‌ലാം പറയുന്നത്, സ്വന്തം താല്‍പര്യത്തെ പൊതു നന്മയുമായും നീതിയുമായും ബന്ധിപ്പിക്കണമെന്നാണ്. അധ്വാനത്തിന് പ്രതിഫലം, അതില്‍ പരാജയപ്പെട്ടാല്‍ ദുരിതം എന്നത് ഇസ്‌ലാം അംഗീകരിക്കുന്ന തത്ത്വമാണ്. സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡമാക്കാവുന്ന തത്ത്വം. പക്ഷേ, അധ്വാനത്തിന് ധാര്‍മികതയുടേതായ തലവും ഇസ്‌ലാം നല്‍കുന്നുണ്ട്. ധാര്‍മികമായി തെറ്റ്, ധാര്‍മികമായി ശരി എന്നിങ്ങനെ പ്രവൃത്തികളെ വേര്‍തിരിക്കാം. മൂല്യങ്ങളെയും ഇങ്ങനെ നിര്‍ണയിക്കാം. ഹലാം (അനുവദനീയം), ഹറാം (നിഷിദ്ധം) എന്ന വിഭജനം എല്ലാ മനുഷ്യ പ്രവൃത്തികളുടെയും ധാര്‍മിക അരിപ്പയാണ്. തന്റെ ആവശ്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളും അപ്പോള്‍ പരിഗണനയില്‍ വരും. 'പ്രതിഫലം' എന്ന വാക്കിന്റെ അര്‍ഥം ഈ ലോകവും കടന്ന് വരാനിരിക്കുന്ന പരലോകം വരെ വിശാലമാകും. നന്മയും നീതിയും നിറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനത്തിന് മണ്ണൊരുക്കുന്നത് ഈയൊരു ചിന്താ വികാസമാണ്. വ്യക്തിയുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കും അവിടെ വേണ്ടത്ര പരിഗണന ലഭിക്കുന്നു. സ്വകാര്യ സ്വത്തും സ്വകാര്യ സംരംഭങ്ങളും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ തീര്‍ത്തും സ്വാഭാവിക രീതിയായി അംഗീകരിക്കപ്പെടും. പക്ഷേ, അപ്പോഴും വ്യക്തിയുടെ ധനം 'വിശ്വസിച്ചേല്‍പിച്ച സ്വത്ത്' (അമാനഃ) എന്ന നിലയിലാണ് പരിഗണിക്കുക. സ്വത്തവകാശങ്ങള്‍ക്ക് ധാര്‍മിക പരിധികള്‍ ഉണ്ടാകുമെന്നര്‍ഥം. സാമൂഹിക ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധി കൂടിയാണത്. ഇതിനെയാണ് നാം 'ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍' (മഖാസിദുശ്ശരീഅ) എന്നു പറയുന്നത്.

* സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സഹകരണത്തിന്റെയും മത്സരത്തിന്റെയും പ്രക്രിയയിലൂടെയായിരിക്കും. അത് കമ്പോളത്തെ അടിസ്ഥാനപ്പെടുത്തി(Market Mechanism) യുമായി രിക്കും. കാരണം അങ്ങനെയാവുക എന്നത് സ്വകാര്യ സ്വത്തും സ്വകാര്യ സംരംഭങ്ങളും അതുവഴി ലാഭവും അനുവദിക്കുന്നതിന്റെ സ്വാഭാവിക ഫലമാണ്. ചരിത്രവും പ്രമാണങ്ങളും പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നത്, ഉല്‍പാദനത്തിനും വസ്തുക്കളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിനും യഥാര്‍ഥ ലാഭവിഹിതം ലഭിക്കുന്നതിനും കമ്പോള വ്യവസ്ഥ നിലനിര്‍ത്തുന്നതിനും കരാറുകള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ഇസ്‌ലാമിക സമ്പദ്ഘടനയില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നു എന്നാണ്. അധ്വാനം, ക്രിയാത്മകത, തൊഴില്‍ വിഭജനം, സാങ്കേതിക വിദ്യ, കഴിവുകള്‍ വികസിപ്പിക്കല്‍ ഇവയെല്ലാം ഇസ്‌ലാമിക ചിന്തകര്‍  സഹകരണം, സഹാനുഭൂതി, നീതി, ഐക്യം, ഉദാരത എന്നീ മൂല്യങ്ങളോടൊപ്പം ഊന്നിപ്പറഞ്ഞ കാര്യങ്ങളാണ്. ആഡംസ്മിത്തിന് ഏകദേശം 700 വര്‍ഷം മുമ്പ് ജീവിച്ച ശംസുദ്ദീന്‍ സറഖ്ശി (മരണം ക്രി. 1090) എഴുതി: ''കര്‍ഷകന് നെയ്ത്തുകാരന്റെ അധ്വാനം ആവശ്യമുണ്ട്; എങ്കിലല്ലേ സ്വന്തം ആവശ്യത്തിന് വസ്ത്രം ലഭിക്കൂ. ഭക്ഷണം ലഭിക്കാന്‍ നെയ്ത്തുകാരന് കര്‍ഷകന്റെ അധ്വാനവും ആവശ്യമുണ്ട്. അങ്ങനെ ഓരോരുത്തരും തങ്ങളുടെ തൊഴില്‍ കൊണ്ട് മറ്റുള്ളവരെ സഹായിക്കുകയാണ്.'' 

സറഖ്ശി മരണപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടാവാറായപ്പോള്‍ ജഅ്ഫര്‍ ദിമശ്ഖി (മരണം ക്രി. 1175) എന്ന പണ്ഡിതന്‍ ആ ആശയം ഇങ്ങനെ വികസിപ്പിച്ചു: ''ഏതൊരാള്‍ക്കും, അയാളുടെ ജീവിതകാലയളവ് വളരെ കുറവാണ് എന്നതിനാല്‍, സകല വ്യവസായങ്ങളും തുടങ്ങി ആ ഭാരങ്ങളൊക്കെ ചുമലിലേറ്റുക സാധ്യമല്ല. ഇനി ഒരാള്‍ അതിന് ശ്രമിച്ചാല്‍ തന്നെ ആ വ്യവസായങ്ങളിലൊക്കെ മതിയായ അറിവും പരിചയവും കഴിവും നേടാന്‍ അയാള്‍ക്ക് കഴിയുകയുമില്ല. വ്യവസായങ്ങള്‍ പരസ്പരാശ്രിതമായാണ് നിലകൊള്ളുന്നത്. നിര്‍മാണത്തിന് ആശാരിയുടെ സഹായം വേണം. ആശാരിക്ക് കൊല്ലനെ ആശ്രയിക്കാതെ വയ്യ. കൊല്ലന് ഖനിയുടമയുടെ സഹായവും വേണം. ഈ പരസ്പരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ നഗരങ്ങളില്‍ ചേക്കേറി കൂട്ടമായി താമസിക്കുന്നത്.''

ആഡംസ്മിത്തിന് മൂന്ന് നൂറ്റാണ്ട് മുമ്പ് ജീവിച്ച ദാര്‍ശനികനാണ് ഇബ്‌നു ഖല്‍ദൂന്‍ (മരണം ക്രി. 1400). തൊഴില്‍ വിഭജനം, സവിശേഷ അറിവും കഴിവുമാര്‍ജിക്കല്‍ (Specialization) എന്നിവ സാമ്പത്തിക പുരോഗതിക്കും മാനവകുലത്തിന്റെ ഉന്നമനത്തിനും എത്രമാത്രം നിര്‍ണായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്: ''ഒരാള്‍ക്കും അയാളുടെ സാമ്പത്തികാവശ്യങ്ങള്‍ തന്നത്താന്‍ നിര്‍വഹിക്കാനാവുകയില്ലെന്നത് സര്‍വാംഗീകൃത സത്യമാണ്. പരസ്പരം സഹകരിക്കുകയേ വ്യക്തികള്‍ക്ക് നിവൃത്തിയുള്ളൂ. ഒറ്റപ്പെട്ട് നില്‍ക്കുന്ന വ്യക്തികളേക്കാള്‍, പരസ്പരം സഹകരിക്കുന്ന ഒരു ഗ്രൂപ്പിന് തങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പതിന്മടങ്ങ് ശേഷിയുണ്ടായിരിക്കും.'' വ്യാപാരം എങ്ങനെയാണ് വികസനത്തെ ത്വരിപ്പിക്കുക എന്നും ഇബ്‌നു ഖല്‍ദൂന്‍ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്. നക്ഷത്രങ്ങളോ (ഭാഗ്യം) സ്വര്‍ണ-വെള്ളി ഖനികളോ ഒന്നുമല്ല അതിന് നിമിത്തം. സാമ്പത്തിക പ്രവര്‍ത്തനവും തൊഴില്‍ വിഭജനവുമാണ് വികസനത്തിന് ആധാരം. കമ്പോളത്തിന്റെയും ഉപകരണങ്ങളുടെയും വലുപ്പത്തിനനുസരിച്ച് വികസനത്തിന്റെ തോതും മാറിക്കൊണ്ടിരിക്കും. ഉപകരണങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ മിച്ചം വെക്കാന്‍ കഴിയണം. മിച്ചം വെക്കുന്നതിനെ ഇബ്‌നു ഖല്‍ദൂന്‍ നിര്‍വചിക്കുന്നത്, 'ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ബാക്കിവരുന്നത്' എന്നാണ്. ''കമ്പോളം വലുതാവുന്നതിനനുസരിച്ച് വസ്തുക്കളുടെയും സേവനങ്ങളുടെയും ആവശ്യവും ഉയരും. അത് വ്യവസായ(സ്വനാഇയ്യ)ത്തിന് പ്രോത്സാഹനമാവുകയും വരുമാനം വര്‍ധിക്കുകയും, അത് ശാസ്ത്രത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഉണര്‍ച്ചക്ക് കാരണമാവുകയും, അങ്ങനെ വികസനം സാധ്യമാവുകയും ചെയ്യുന്നു.'' (ചാപ്ര 2000, പേജ് 7).

* കമ്പോള പ്രവര്‍ത്തനം (Market Mechanism) ഇസ്‌ലാമിക സമ്പദ്ഘടനയുടെ നെടുംതൂണുകളിലൊന്നാണ്. അതേസമയം അത് 'കമ്പോള മൗലികവാദ'മായി തരംതാഴാതിരിക്കാന്‍ ഇസ്‌ലാം മാര്‍ക്കറ്റിന് പുറത്ത് ചില നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട് (Soros, 1998). 'വ്യക്തിതാല്‍പര്യ'വും 'ലാഭേഛ'യും സാമൂഹികമായി നാശം വിതക്കുന്നതാവരുതെന്നും, നീതിക്കും ന്യായത്തിനും എതിരാകരുതെന്നും അതിന് നിര്‍ബന്ധമുണ്ട്. ആ സംവിധാനങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം:

- വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഒരു ധാര്‍മിക അരിപ്പ ഉണ്ടായിരിക്കും. വ്യക്തിക്ക് അനുവദനീയമായതും (ഹലാല്‍), അനുവദനീയമല്ലാത്തതും (ഹറാം) നിശ്ചയിച്ചുകൊടുക്കും. ഹിസ്ബ (Ombudsman) എന്ന പേരില്‍ സാമൂഹിക നിരീക്ഷണ സംവിധാനങ്ങളും, പരിധി കടന്നുപോകാതിരിക്കാനുള്ള നിയമപരിരക്ഷകളും ഏര്‍പ്പെടുത്തും.

- സാമൂഹിക പരിരക്ഷയുടെ ആദ്യയൂനിറ്റെന്ന നിലയില്‍ കുടുംബത്തെ ശക്തിപ്പെടുത്തും.

- ഗവണ്‍മെന്റ് തലത്തിലുണ്ടാകുന്ന നടപടികള്‍ ഇങ്ങനെയാണ്. (i) സമ്പത്ത് സമൂഹത്തില്‍ നീതിയോടെ വിതരണം ചെയ്യപ്പെടുന്നതിന് ആവശ്യമായ നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളും. (ii) വ്യക്തികളുടെ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളും (സാങ്കേതികമായി ഇതിന് സ്വദഖാത്ത് എന്നു പറയുന്നു) അവശര്‍ക്കായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന സാമൂഹിക സുരക്ഷാ സംവിധാനങ്ങളും (സകാത്ത് വിഹിതങ്ങള്‍ സ്വീകരിച്ചുകൊണ്ട്) സംയോജിപ്പിച്ച് ഒരു സമഗ്ര പാക്കേജ് തയാറാക്കുന്നു. (iii)അവശ്യ സാധനങ്ങളും മറ്റും സാധാരണക്കാരിലെത്തിക്കുന്നതില്‍ കമ്പോളം പരാജയപ്പെടുന്ന പക്ഷം പൊതു സുരക്ഷാ സംവിധാനങ്ങളുമായി ഗവണ്‍മെന്റ് ഏജന്‍സികള്‍ രംഗത്തുണ്ടാവും. മത വംശ ലിംഗ ഭേദമന്യേ എല്ലാവരും സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

- വഖ്ഫ് പ്രോജക്ടുകളുമായി സന്നദ്ധ സേവാ സംഘങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരും. ലാഭേഛയില്ലാത്ത സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഒരു നെറ്റ് വര്‍ക്ക് തന്നെയായിരിക്കും വഖ്ഫ് പ്രോജക്ടുകള്‍.

- മാലിന്യം, അമിത ഉപയോഗം, പുതുക്കാനാവാത്ത പ്രകൃതി വിഭവങ്ങളുടെ പരിധിവിട്ട ചൂഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇതൊക്കെയും ഗൗരവമാര്‍ന്ന വിഷയങ്ങള്‍ തന്നെ ഇസ്‌ലാമിക സമ്പദ്ശാസ്ത്രത്തിലും. കാരണം, മിതത്വത്തിലും പ്രകൃതിയുമായുള്ള ഒത്തൊരുമയിലും സന്തുലനത്തിലും അധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ ജീവിത സങ്കല്‍പം. അതിന് പോറലേല്‍പിക്കുന്നതാണ് മേല്‍ പറഞ്ഞ കാര്യങ്ങള്‍.

- ചില വരുമാന മാര്‍ഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു ഇസ്‌ലാം. പലിശ, ചൂതാട്ടം, ചൂഷണം, ചതി, ഊഹം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ തിന്മകള്‍ കടന്നുവരുന്ന ഏത് സാമ്പത്തിക പ്രവര്‍ത്തനത്തിനും വിലക്കുണ്ട്. സാമ്പത്തിക വ്യവഹാരങ്ങളില്‍ സുതാര്യതയും സത്യസന്ധതയും ന്യായവും പുലരണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. പലിശ നിരോധിക്കുന്നു എന്നതിനര്‍ഥം, മൂലധനത്തിന്മേല്‍ ഒരു ലാഭവിഹിതവും ഇസ്‌ലാം അനുവദിക്കില്ല എന്നല്ല. മൂലധനത്തെ നിര്‍മാണാത്മകമായി ഉപയോഗിച്ച് ആ സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെ ലാഭം ഉണ്ടാക്കണമന്നാണ് അതിന്റെ കാഴ്ചപ്പാട്.

- ആഗോളവത്കരണത്തോട് ഇസ്‌ലാമിന് കലഹമുണ്ടാവേണ്ട കാര്യമില്ല. ഇസ്‌ലാമിലെ തൗഹീദ് (ഏകദൈവത്വം) മനുഷ്യന്റെ ഏകതയെക്കൂടി വിളിച്ചോതുന്നുണ്ട്. ദാര്‍ശനികമായും ചരിത്രപരമായും മുസ്‌ലിം സമൂഹം ഒരു ആഗോള സമൂഹമാണ്. ബൈബിളിലെ നോഹയുടെ കാലം മുതല്‍ക്കേ മനുഷ്യകുലത്തിന്റെ ആഗോള പ്രയാണം തുടങ്ങിയിരുന്നു. നമ്മുടെ കാലത്തെ മാറ്റങ്ങള്‍ ലോകത്തെ ഒരു ആഗോള നഗരമാക്കി മാറ്റുകയും മുമ്പില്ലാത്ത വിധം അവസരങ്ങള്‍ തുറന്നിടുകയും ചെയ്യുന്നുണ്ടല്ലോ. നീതിയും ന്യായവും പുലരുന്നുണ്ടെങ്കില്‍ മാറ്റങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്നത്തെ ആഗോളവത്കരണത്തിന്റെ സാമൂഹിക, ധാര്‍മിക പ്രത്യാഘാതങ്ങളും അതിന്റെ സഞ്ചാര ദിശയുമാണ് നമ്മെ വ്യാകുലപ്പെടുത്തുന്നത്. ആഗോളവത്കരണം എന്ന ആശയം ഒരര്‍ഥത്തില്‍ അനുഗ്രഹമാണ്. ചില ശക്തികള്‍ മേധാവിത്തം പുലര്‍ത്താനും ദുര്‍ബലരെ ചൂഷണം ചെയ്യാനും നീതിന്യായങ്ങളെ അട്ടിമറിക്കാനും ആഗോളവത്കരണത്തെ ദുരുപയോഗം ചെയ്യുന്നതാണ് യഥാര്‍ഥ പ്രശ്‌നം.

സാമൂഹിക, സാമ്പത്തിക വശങ്ങളെ ബന്ധപ്പെടുത്തി ഇബ്‌നു ഖല്‍ദൂന്‍ തന്റെ കാലത്തെ ഭരണാധികാരിക്ക് എഴുതി: ''രാഷ്ട്രം (മുല്‍ക്) ശക്തിപ്പെടണമെങ്കില്‍ ശരീഅത്ത് നടപ്പാക്കണം. രാഷ്ട്രമുണ്ടെങ്കിലേ ശരീഅത്ത് നടപ്പാക്കാനാവുകയുള്ളൂ. ജനങ്ങളിലൂടെ (രിജാല്‍) മാത്രമേ രാഷ്ട്രം ശക്തിപ്പെടൂ. ജനങ്ങളെ നിലനിര്‍ത്തണമെങ്കില്‍ പണം (മാല്‍) വേണം. പണം വികസന(ഇമാറഃ)ത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. വികസനമുണ്ടാവണമെങ്കില്‍ നീതി (അദ്ല്‍) പുലരണം. ദൈവം മനുഷ്യനെ വിലയിരുത്തുന്ന അളവുകോല്‍ (മീസാന്‍) ആണ് നീതി. നീതി നടപ്പിലാക്കാനുള്ള ചുമതലയേല്‍പിച്ചിരിക്കുന്നത് രാഷ്ട്രത്തെയാണ്'' (ചാപ്ര 2000, പേജ് 147, 148).

നീതി പുലരുമോ ആഗോള സമ്പദ്ഘടനയില്‍?

യൂറോ-അമേരിക്കന്‍ മുതലാളിത്തം ലോകമെങ്ങും എത്തിയിരിക്കുന്നു എന്ന അര്‍ഥത്തിലാണ് ഇന്ന് നാം ആഗോള മുതലാളിത്തം ഒരു യാഥാര്‍ഥ്യമാണ് എന്ന് പറയുന്നത്. വിവിധ രാജ്യങ്ങളില്‍ വിവിധതരം മുതലാളിത്ത രൂപങ്ങള്‍ നിലനില്‍ക്കുന്നു എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. ഈ രാഷ്ട്രങ്ങളൊക്കെയും അമേരിക്കന്‍ മുതലാളിത്തത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്നതില്‍ സംതൃപ്തരാണ് എന്ന് കരുതരുത്; മുതലാളിത്തത്തിന്റെ അമേരിക്കന്‍ രീതികള്‍ക്കെതിരെ യൂറോപ്യന്‍ ബുദ്ധിജീവികളും രാഷ്ട്ര നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. പാശ്ചാത്യര്‍ ജപ്പാനെ തങ്ങളുടെ അംഗരാജ്യമായി കാണുന്നുണ്ടെങ്കിലും, ജപ്പാന്റേത് തീര്‍ത്തും വ്യത്യസ്തമായ വഴിയാണ്. കമ്യൂണിസത്തിന്റെ പരാജയത്തിനു ശേഷം റഷ്യ മുതലാളിത്തത്തെ പുല്‍കിയെങ്കിലും ആകെ താറുമാറായ നിലയിലാണ് ഇന്ന് ആ രാഷ്ട്രം. ചൈനയും സ്വന്തമായി വെട്ടിത്തെളിച്ച വഴിയിലൂടെയാണ് പ്രയാണം. 1997-'98 ലെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ 'കമ്പോള മൗലികവാദ'ത്തെക്കുറിച്ച് പുനരാലോചന നടത്തുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, തീര്‍ത്തും അവ്യക്തവും ആശയക്കുഴപ്പം നിറഞ്ഞതുമാണ് നമുക്ക് ലഭിക്കുന്ന ചിത്രം. ധനത്തിന്റെ ഉല്‍പാദനത്തിനും വിതരണത്തിനും നിശ്ചിതമായ ഒരേയൊരു വഴിയുണ്ടെന്ന് പറയുക വയ്യ. അതു സംബന്ധമായ ചിന്തകള്‍ ശിഥിലമാണ്. മൂന്നാം ലോകത്ത് വസിക്കുന്ന നമുക്കും, ബഹുസ്വരതക്കും സ്വതന്ത്രമായ ആശയക്കൈമാറ്റത്തിനും മതിയായ ഇടമുള്ള ഒരു സാമ്പത്തിക സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അത് സുതാര്യമാവണം. ഏതെങ്കിലും അധീശശക്തികള്‍ക്ക് വേണ്ടിയുള്ളതാവരുത്. നീതിയും ന്യായവും ഉറപ്പ് വരുത്തുന്നതുമാവണം. അധീശത്വങ്ങളൊക്കെ അധികാരം നിലനില്‍ക്കുവോളം മാത്രമേ ഉണ്ടാവൂ എന്ന് മനസ്സിലാക്കണം. അധികാര സമവാക്യങ്ങള്‍ മാറുമ്പോള്‍ അധീശത്വങ്ങള്‍ തകര്‍ന്നടിയും. എത്രയെത്ര അധീശത്വങ്ങളുടെ ശവപ്പറമ്പാണ് ചരിത്രം! ചില അധീശശക്തികള്‍ തകര്‍ന്നടിയുന്നത് നാം നേരില്‍ കാണുകയും ചെയ്തല്ലോ. അതിനാല്‍ നീതിയും ന്യായവും ബഹുസ്വരതയും പുലരുന്ന ഒരു വ്യവസ്ഥക്ക് വേണ്ടിയാവട്ടെ നമ്മുടെ യത്‌നങ്ങള്‍.

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍