Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

നമ്മെ വിസ്മയിപ്പിക്കുന്ന കൃതിയും കര്‍ത്താവും അഥവാ വിശ്വപ്രകൃതിയും അല്ലാഹുവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-11

         ആസ്വദിക്കാനും ആശ്ചര്യപ്പെടാനുമുള്ള മനുഷ്യ മനസ്സിന്റെ സിദ്ധിയില്‍ നിന്നാണ് 'സ്തുതി' ഉണ്ടാവുന്നതെന്ന് പറഞ്ഞു. വരയന്‍ കുതിരയുടെ ശരീരത്തിലെ വരകള്‍, പുള്ളിപ്പുലിയുടെ ശരീരത്തിലെ പുള്ളികള്‍, പേടമാന്‍ കണ്ണിന്റെ വശ്യത, മയില്‍പ്പീലിയുടെ വര്‍ണ വിന്യാസം, എട്ടുകാലികള്‍ വല നെയ്യുന്നതിലെ മികവ്, ചിത്രശലഭങ്ങളുടെ തൂവലുകള്‍ക്കുള്ളിലെ വര്‍ണ വിന്യാസം, ജലസാഗരത്തില്‍ സഞ്ചരിക്കാനും ഭാരവത്തായ ചരക്കുകള്‍ വഹിക്കാനും മനുഷ്യനു സഹായകമായ കപ്പലുകളെപ്പോലെ പൂഴിക്കടലായ മരുഭൂമിയില്‍ മനുഷ്യനെയും അവന്റെ ചരക്കുകളെയും വഹിക്കാന്‍ കരുത്തും സാമര്‍ഥ്യവുമുള്ള 'മരുഭൂമിയിലെ കപ്പല്‍' എന്നു വിശേഷിപ്പിക്കപ്പെട്ടുവരുന്ന ഒട്ടകം... ഇങ്ങനെ ചിലന്തി മുതല്‍ ഒട്ടകം വരെയുള്ള ഏതൊരു ജീവിയും ബുദ്ധിജീവിയായ മനുഷ്യന്റെ അന്വേഷണം വളരുന്തോറും മനുഷ്യന് കൂടുതല്‍ കൂടുതല്‍ ആസ്വാദ്യകരമാവുകയും കൂടുതല്‍ കൂടുതല്‍ ആശ്ചര്യം ഉളവാക്കുകയും ചെയ്യും. എങ്ങനെ എന്ന് വ്യക്തമാക്കാന്‍ ഒരു ഉദാഹരണം മാത്രം പറയാം. വളരെ സമര്‍ഥനായ ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് അവന്‍/അവള്‍ ഡിസൈന്‍ ചെയ്ത ഒരു വിശേഷ വസ്ത്രം ലക്ഷങ്ങള്‍ വില കൊടുത്ത് വാങ്ങി അണിയുന്നവരേക്കാള്‍, നൂറു മടങ്ങ് നന്നായി ഒരു ചിത്രശലഭ ചിറകിലെ വര്‍ണ വിന്യാസത്തെ ആസ്വദിക്കാനും ആശ്ചര്യപ്പെടാനും ആകും. പോരാ, മനം നിറഞ്ഞ് ചിത്രശലഭത്തെ ഡിസൈന്‍ ചെയ്ത മഹത്തായ ശക്തിയുടെ കലാവൈഭവത്തെ സ്തുതിക്കാനും കഴിയും. കാരണം, ഒരു ഫാഷന്‍ ഡിസൈനര്‍ക്കറിയാം അയാളെപ്പോലെ സാമര്‍ഥ്യമുള്ള നൂറാളുകള്‍ കിണഞ്ഞു ശ്രമിച്ചാലും ഒരു ചിത്രശലഭത്തിന്റെ ചിറകിടത്തോളം ചെറുതായ ഒരു പശ്ചാത്തലത്തില്‍ ഇത്രയേറെ ആകര്‍ഷകമായ വര്‍ണ വിന്യാസമൊരുക്കാനാവില്ലെന്ന്. എങ്ങനെ ഈടും ഉറപ്പും വശ്യതയുമുള്ള വസ്ത്രങ്ങള്‍ തീര്‍പ്പിച്ച് വിപണിയില്‍ എത്തിക്കാം എന്നു കൂലങ്കഷമായി ചിന്തിക്കുന്ന ഏതൊരു ഫാഷന്‍ ഡിസൈനര്‍ക്കും ചിത്ര ശലഭങ്ങളെ നന്നായി ആസ്വദിക്കാനും ചിത്രശലഭങ്ങളുടെ ചിറകഴക് ചമച്ച വിശ്വ പ്രകൃതിയുടെ സര്‍ഗാത്മക ശക്തിയെപ്പറ്റി ആശ്ചര്യപ്പെടാനും, അതിനെ സ്തുതിച്ചു നമിക്കാനുമുള്ള കഴിവും കൂടും. ഇതില്‍ നിന്ന് അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവേറും തോറും ആസ്വദിക്കാനും ആശ്ചര്യപ്പെടാനുമുള്ള കഴിവും മനുഷ്യന് കൂടും എന്നും, ആ കഴിവില്‍ നിന്നാണ് വിശ്വ പ്രപഞ്ചമായി പ്രവര്‍ത്തിക്കുന്ന മഹാശക്തിയെ സ്തുതിക്കാനുള്ള കഴിവും ഉണ്ടായതെന്നും മനസ്സിലാക്കാം. ഈശ്വരന്‍ മനുഷ്യന് എപ്പോഴും ഒരു മഹാശ്ചര്യമാകുന്നു എന്ന് ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്. 'ആശ്ചര്യ വത് പശ്യതി കശ്ചിദേനം' (ഗീത അധ്യായം 2 ശ്ലോകം 29). ഈശ്വരന്‍ അഥവാ പരമാത്മാവിനെപ്പറ്റി മനുഷ്യന് ആശ്ചര്യത്തോടെയല്ലാതെ പറയാനോ കേള്‍ക്കാനോ കാണാനോ കഴിയാറില്ല എന്നര്‍ഥം.

അല്ലാഹ് എന്ന പദം എങ്ങനെ രൂപപ്പെട്ടു, അതിന്റെ അര്‍ഥം എന്താണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിരവധി മഹാ നിഘണ്ടുകാരന്മാര്‍ (Lexicographers) അന്വേഷണം നടത്തിയിട്ടുണ്ട്. അവരെല്ലാം 'ഇലാഹ്' എന്ന പദത്തില്‍ നിന്നാണ് അല്ലാഹ് എന്ന പദം രൂപപ്പെട്ടതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. പക്ഷേ, എന്താണ് ഇലാഹ് എന്ന പദത്തിന്റെ അര്‍ഥം? അതിനെപ്പറ്റി അംഗീകരിക്കാവുന്ന ഏറ്റവും നല്ല വിശദീകരണം, അത്ഭുതമോ അശരണത്വമോ പ്രകടിപ്പിക്കാന്‍ പുറപ്പെടുവിക്കുന്ന 'ലാഹ്' എന്ന ശബ്ദമൂലത്തില്‍ നിന്നാണ് 'ഇലാഹ്' എന്ന പദം ഉണ്ടായതെന്ന, മൗലാനാ അബുല്‍ കലാം ആസാദിന്റേതാണ് (തര്‍ജുമാനുല്‍ ഖുര്‍ആന്‍, വാള്യം 1, അധ്യായം 2, പേജ് 38). ചുരുക്കത്തില്‍, മനുഷ്യന് എപ്പോഴും ആശ്ചര്യമായിരിക്കുന്ന മഹാശക്തിയാണ് 'അല്ലാഹു' എന്നര്‍ഥം. ഈ അര്‍ഥകല്‍പന മനുഷ്യന് എപ്പോഴും ആശ്ചര്യത്തോടു കൂടി മാത്രം അനുഭവിക്കാവുന്നതാണ്. പരമാത്മാവ് അഥവാ ഈശ്വരന്‍ എന്ന ഭഗവദ്ഗീതാ ദര്‍ശനവുമായി ഇത് യോജിക്കുന്നു. എപ്പോഴും ആശ്ചര്യമായിരിക്കുന്ന അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും എന്ന അല്‍ഫാതിഹയിലെ പ്രഖ്യാപനം ആശ്ചര്യം കൊള്ളാനുള്ള മനുഷ്യമനസ്സിന്റെ സവിശേഷ സിദ്ധിയാണ്.

നല്ല ഭക്ഷണം ആസ്വദിച്ചാലുടനെ തന്നെ ഏതൊരു മനുഷ്യനും ഭക്ഷണം പാചകം ചെയ്ത ആളെ 'ഗംഭീരമായിരിക്കുന്നു' എന്ന് സ്തുതിക്കാറുണ്ട്. ഒരു നല്ല കവിതയോ നോവലോ നാടകമോ സിനിമയോ ഗാനാലാപനമോ നൃത്തമോ ആസ്വദിച്ചതിനു ശേഷവും മനുഷ്യന്‍ ഇത്തരം സ്തുതികള്‍ നടത്താറുണ്ട്. വിശ്വപ്രകൃതി എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ കൃതി. അതിലേക്ക് കണ്ണും കാതും മനസ്സും അര്‍പ്പിക്കാനും അതിനെ ആസ്വദിക്കാനും മനുഷ്യന്‍ തയാറായാല്‍ നല്ല ഭക്ഷണം തയാറാക്കിയ ആളെ സ്തുതിക്കുന്നതിനേക്കാള്‍ ലക്ഷം മടങ്ങ് ശക്തിയില്‍ മനുഷ്യന് വിശ്വപ്രകൃതി എന്ന മഹാകൃതി വിരചിച്ച അല്ലാഹുവിനെ സ്തുതിക്കേണ്ടിവരും. വിശ്വപ്രകൃതി എന്ന വലിയ കൃതിയെ ആസ്വദിച്ച് ആശ്ചര്യപ്പെട്ട് ആ കൃതിയുടെ കര്‍ത്താവായ ദൈവത്തെ വാഴ്ത്തി സ്തുതിക്കാന്‍ ഉടലും ഉയിരും മൊഴിയും ഉപയോഗപ്പെടുത്തുന്നതില്‍ അത്ര വലിയ മഹത്വമൊന്നും കാണാത്തവര്‍ എത്രയുണ്ട് നമ്മുടെലോകത്ത്.

എന്നാല്‍ വലിയ വലിയ ശാസ്ത്രജ്ഞന്മാരും കവികളും ഫേഷന്‍ ഡിസൈനിംഗ് പോലുള്ള വ്യാവസായിക കലകളില്‍ നിപുണരുമായ മനുഷ്യരെല്ലാം വിശ്വപ്രകൃതി എന്ന വലിയ കൃതിയിലെ വസ്തു, വര്‍ണ, വിന്യാസ, വിധാനങ്ങളെ നോക്കി ആശ്ചര്യപ്പെടാനും, വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ കര്‍ത്താവിന്റെ സര്‍വകലാ വൈഭവത്തെ വാഴ്ത്താനും സഹൃദയത്വം കാണിച്ചിട്ടുള്ളവരാണ്. അതുകൊണ്ടാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 'മതമില്ലാത്ത ശാസ്ത്രം മുടന്തനും, ശാസ്ത്രമില്ലാത്ത മതം അന്ധനുമാണെ'ന്ന് പറഞ്ഞത്. 'ബുദ്ധി കൊണ്ട് ചിറകുകള്‍ സമ്പാദി/ച്ചെത്ര മേല്‍പ്പോട്ടു കേറിപ്പറന്നാലും/ മാനവന്ന് മുന്‍ മട്ടിലേ ദൂരസ്ഥം/ ജ്ഞാന ദേവതേ നിന്‍ നഭോ മണ്ഡലം' എന്ന് മഹാ കവി വള്ളത്തോള്‍ പാടിയതും (സാഹിത്യ മഞ്ജരി, ഏഴാം ഭാഗത്തിലെ 'ജ്ഞാനം' എന്ന കവിത) അറിയുന്തോറും അറിഞ്ഞു തീരാത്ത വിധം ആശ്ചര്യമുളവാക്കുന്നതാണ് വിശ്വപ്രകൃതി എന്ന കൃതിയുടെ വലുപ്പം എന്നനുഭവിച്ചിട്ടാണ്. മഹര്‍ഷി മഹാ കവി കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ 'മനുഷ്യപരിണാമം' എന്ന ദര്‍ശന കാവ്യം ആരംഭിക്കുന്നത്,

'വിശ്വപ്രകൃതിയെന്തെന്നു ചിന്തിക്കേ വിസ്മയം കൊള്‍വൂ മനുഷ്യനിന്നും' എന്നാണ്. വേടനും വേദ മുനീന്ദ്രനും പ്രകാശ ഭൗതിക പര്യവേക്ഷകരായ ശാസ്ത്രജ്ഞരും വിശ്വപ്രകൃതി എന്ന വലിയ കൃതിയെ നോക്കി വിസ്മയം കൊള്ളുക എന്ന കുട്ടിത്തത്തില്‍ നിന്ന് വളരാത്തവരാണ്. അതിനാല്‍ വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ കര്‍ത്താവായ അല്ലാഹുവിനെ വാഴ്ത്തി സ്തുതിക്കാതിരിക്കാന്‍, വിസ്മയം കൊള്ളുന്ന മനസ്സുള്ള മനുഷ്യര്‍ക്കൊന്നും സാധ്യമല്ല.

വിശുദ്ധ ഖുര്‍ആന്‍ വിശ്വപ്രകൃതി എന്ന വലിയ കൃതി വായിച്ച് ആസ്വദിക്കാനും ആശ്ചര്യം കൊള്ളാനും അതിലൂടെ ആ വലിയ കൃതിയുടെ കര്‍ത്താവിന്റെ ബൃഹത് പ്രതിഭയെ സ്തുതിക്കാനുമാണ് മനുഷ്യരാശിയോട് ആഹ്വാനം ചെയ്യുന്നത്. വിശ്വപ്രകൃതി എന്ന വലിയ കൃതിയിലെ സംഭവങ്ങളിലൂടെ അല്ലാഹുവിന്റെ പ്രതിഭാ വൈഭവത്തെ മനുഷ്യര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്ന ശൈലിയാണ് വിശുദ്ധ ഖുര്‍ആന്‍ അവലംബിക്കുന്നത്. സൃഷ്ടികളിലൂടെ സ്രഷ്ടാവിന്റെ വൈഭവത്തെ തൊട്ടറിയാന്‍ ഈ ശൈലി സഹായിക്കുന്നു. ഇതിന് ഉപോദ്ബലകമായ നൂറുക്കണക്കിന് വാക്യങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാം. തല്‍ക്കാലം ഒരെണ്ണം മാത്രം ഉദ്ധരിക്കട്ടെ: ''തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാണ് അല്ലാഹു. നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെയും, ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നു. അങ്ങനെയുള്ളവനത്രേ അല്ലാഹു. പിന്നെയെന്തിനാണ് നിങ്ങള്‍ അവനില്‍ നിന്ന് പിന്തിരിഞ്ഞു പോകുന്നത്? പ്രഭാതം വിടര്‍ത്തുന്നത് അവനാണ്. രാത്രിയെ അവന്‍ ശാന്തമായ വിശ്രമ വേളയാക്കി. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനമാക്കി. അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം. കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴിയറിയാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവനത്രേ. മനസ്സിലാക്കുന്നവര്‍ക്ക് നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു'' (ഖുര്‍ആന്‍ അധ്യായം 6, 95 മുതല്‍ 97 വരെയുള്ള സൂക്തങ്ങള്‍). ഇവിടെ കാര്യം വ്യക്തമാണ്. കൃതിയെ നോക്കി കര്‍ത്താവിനെ മനസ്സിലാക്കുക, അപ്പോള്‍ മനുഷ്യര്‍ക്ക് വിശ്വപ്രകൃതി എന്ന കൃതിയുടെ കര്‍ത്താവായ അല്ലാഹുവിന്റെ വൈഭവത്തെ വിസ്മയപൂര്‍വം വാഴ്ത്താതിരിക്കാനാവില്ല. വിശ്വപ്രകൃതി എന്ന വലിയ കൃതി 'പടച്ചവനെ' വാഴ്ത്തുക എന്ന സഹൃദയധര്‍മമാണ് സ്തുതി എന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് വ്യക്തമായിരിക്കുമല്ലോ.

'കല പ്രകൃതിയെ അനുകരിക്കലാണ്' എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്. അതിനു വിശുദ്ധ ഖുര്‍ആന്റെ പശ്ചാത്തലത്തില്‍ പറയാവുന്ന അര്‍ഥം വിശ്വപ്രകൃതി എന്ന വലിയ കൃതി അല്ലാഹു എവ്വിധം ചെയ്തിരിക്കുന്നുവോ അതിനെ മാതൃകയാക്കി വിസ്മയനീയമായ ചിലതെങ്കിലും ചെയ്യാനുള്ള ശ്രമമാണ് മനുഷ്യന്റെ കലാ സാഹിത്യ സാങ്കേതിക വിദ്യാ പ്രകടനങ്ങള്‍ എന്നാണ്. വാക്കുകളെ എടുത്തു മാറ്റാനാകാത്ത വിധം സമര്‍ഥമായി വിന്യസിച്ച് ഒരാശയത്തെ പ്രകാശിപ്പിക്കുക എന്നതാണല്ലോ ചുരുക്കത്തില്‍ സാഹിത്യ പ്രവര്‍ത്തനം. ഇത് വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ അനുകരണമാണ്. സൂര്യനോ ചന്ദ്രനോ ഭൂമിയോ കടലോ പര്‍വതങ്ങളോ ഒന്നുമൊന്നും അവയായിരിക്കേണ്ട സ്ഥാനത്തല്ല നിലകൊള്ളുന്നത് എന്നു തോന്നാത്ത വിധത്തിലാണ് പ്രകൃതി എന്ന വലിയ കൃതിയുടെ വിധാനം. ഈ വിധാനക്രമത്തെ മാതൃകയാക്കി വാക്കുകളെ വിധാനിപ്പിക്കുന്നതിനുള്ള നിപുണമായ ശ്രമമാണ് ഉത്തമ സാഹിത്യ സൃഷ്ടികളില്‍ കാണാനാവുക. വിശ്വപ്രകൃതി എന്ന അല്ലാഹുവിന്റെ വലിയ കൃതിയിലെ 'പറവകള്‍' എന്ന കഥാപാത്രത്തെ അനുകരിക്കാനുള്ള ശ്രമത്തില്‍ നിന്നല്ലേ മനുഷ്യന്‍ വിമാനം എന്ന 'സാങ്കേതിക പറവ'യെ വികസിപ്പിച്ചെടുത്തത്. ഇങ്ങനെ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കിയാല്‍ വിശ്വപ്രകൃതി എന്ന അല്ലാഹുവിന്റെ വലിയ കൃതിയെ അനുകരിക്കുക എന്നല്ലാതെ മറ്റൊന്നും ഇന്നോളം മനുഷ്യന്‍ ചെയ്തിട്ടില്ലെന്നും ചെയ്യാനാകില്ലെന്നും മനസ്സിലാക്കാനാവും. ഇത്തരം മനസ്സിലാക്കലുകള്‍ വിശ്വപ്രകൃതി എന്ന വലിയ കൃതിയുടെ പടച്ചവനെ വാഴ്ത്താനും നമ്മെ പ്രേരിപ്പിക്കും.

തീര്‍ച്ചയായും, അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെ, പ്രകൃതിയെ അനുകരിക്കല്‍ തന്നെയാണ് കല. അതോടൊപ്പം ഭക്തി അഥവാ അല്ലാഹുവിനെ വണങ്ങി ജീവിക്കാനുള്ള സന്നദ്ധത എന്നത് പ്രകൃതി എന്ന കൃതിയുടെ കര്‍ത്താവിനെ ആശ്ചര്യത്തോടെ അനുമോദിക്കലാണ്. പ്രകൃതി എന്ന അനുകരിക്കാവുന്ന കൃതിയെ നമുക്ക് പ്രദാനം ചെയ്ത പ്രതിഭാ വൈഭവത്തെ അനുമോദിക്കലാണ് ഭക്തി എന്ന് ചുരുക്കം. അതിനാല്‍ കലാകാരനും ഭക്തനുമായ മനുഷ്യന് 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന വാക്യം വളരെ കൂടുതല്‍ മനസ്സിലാകും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍