Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

ഇസ്‌ലാം ഇന്‍ അമേരിക്ക

അബൂസ്വാലിഹ

ഇസ്‌ലാം ഇന്‍ അമേരിക്ക

ജൊനാഥന്‍ കറിയലിന്റെ പുതിയ പുസ്തകമാണ് 'ഇസ്‌ലാം ഇന്‍ അമേരിക്ക.' അമേരിക്കന്‍ ചരിത്രത്തില്‍ മുസ്‌ലിംകള്‍ എങ്ങനെ സ്വയം സ്ഥാനപ്പെടുത്തുന്നു എന്ന അന്വേഷണമാണ് ഈ കൃതി. ''അമേരിക്കയിലേക്ക് മുസ്‌ലിംകള്‍ ആദ്യമായി കടന്നുവരുന്നത് മനുഷ്യരെന്ന നിലക്കുള്ള മാന്യതയോ പവിത്രതയോ ലഭിക്കാതെയാണ്. കൈകാലുകളില്‍ വിലങ്ങണിയിക്കപ്പെട്ട്, തോക്കിന്‍ മുനയില്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി, പുതിയ മതവും പേരുകളും സ്വീകരിച്ച് അടിമകളായിട്ടായിരുന്നു അവരുടെ ആദ്യ വരവ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് പിടിച്ചുകൊണ്ട് വന്നതായിരുന്നു അവരെ.''

അമേരിക്കയില്‍ ഇസ്‌ലാമിനെ നിര്‍വചിക്കാനും തെറ്റിദ്ധരിക്കാനും എളുപ്പമാണെന്നാണ് കറിയല്‍ പറയുന്നത്. രണ്ടായിരം പള്ളികള്‍ മുസ്‌ലിം സാന്നിധ്യം അടയാളപ്പെടുത്തുന്ന അമേരിക്കയില്‍ ചുരുങ്ങിയത് 400 വര്‍ഷത്തെയെങ്കിലും പാരമ്പര്യമുണ്ട് അവര്‍ക്ക്. തുടക്കത്തില്‍ അടിമകളായിട്ടാണ് വരവെങ്കിലും 19-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്നും മധ്യപൗരസ്ത്യ ദേശത്ത് നിന്നും മുസ്‌ലിംകള്‍ ഇങ്ങോട്ട് കുടിയേറുകയുണ്ടായി. 1900-ല്‍ അലക്‌സാണ്ടര്‍ റസല്‍ വെബ് എന്ന പ്രമുഖ അമേരിക്കന്‍ വെള്ളക്കാരന്‍ ഇസ്‌ലാം സ്വീകരിച്ച് പ്രബോധകനായി നാട് ചുറ്റിയപ്പോള്‍ അത് ഇസ്‌ലാമിനെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കാന്‍ നിമിത്തമായി; അതേസമയം ഇസ്‌ലാമിനെ 'മുഹമ്മദനിസ'മായി അധിക്ഷേപിക്കുന്ന മറ്റൊരു ധാരയും സമാന്തരമായി വളര്‍ന്നുവന്നു. ഈ രണ്ട് ധാരകളും അമേരിക്കന്‍ സാമൂഹിക ജീവിതത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍ പത്രത്തില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്നു ജൊനാഥന്‍ കൊറിയല്‍. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ്, ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍, ലോസ് ഏഞ്ചല്‍സ് ടൈംസ് എന്നിവയിലും എഴുതിയിരുന്നു. 2008-ല്‍ അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടിയ Al 'America: Travels Through America's Arab and Islamic Roots (The New Press) എന്ന പുസ്തകത്തിന്റെ രചയിതാവും അദ്ദേഹമാണ്. Turkey Agenda എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അശാന്തിയുടെ ഉച്ചകോടിയില്‍ ഒരു ഉച്ചകോടി

ഴിഞ്ഞ മാര്‍ച്ച് 28-ന് ഈജിപ്തിലെ ശറമുശ്ശൈഖില്‍ ചേര്‍ന്ന അറബ് ഉച്ചകോടി, അറബ് ലോകം അസ്ഥിരതയുടെയും ശൈഥില്യത്തിന്റെയും അശാന്തിയുടെയും ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴായിരുന്നുവെന്ന് പ്രമുഖ അല്‍ജസീറ കോളമിസ്റ്റ് മര്‍വാന്‍ ബിശാറ. ഇവിടെ ഒത്തുകൂടിയ അറബ് നേതാക്കളെല്ലാം ഐക്യത്തിന്റെയും സുസ്ഥിരതയുടെയും സന്ധി സംഭാഷണങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞെങ്കിലും സൈനിക പരിഹാരത്തിനാണ് ഒടുവില്‍ പച്ചക്കൊടി കാണിച്ചത്. സിറിയയിലും ഇറാഖിലും ലിബിയയിലും അതിക്രമങ്ങള്‍ സകല നിയന്ത്രണങ്ങളും വിട്ട് ആളിപ്പടരുകയാണെങ്കിലും അറബ് ലീഗിന്റെ 26-ാം ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ച സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണമായിരുന്നു. ഇറാന്‍ പിന്തുണക്കുന്ന ഹൂഥി വിമതരെ നേരിടുന്നതിന് സുഊദി അറേബ്യക്ക് ഉച്ചകോടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫലസ്ത്വീന്‍ പ്രശ്‌നത്തിനും പിന്‍ സീറ്റിലാണ് ഇടം കിട്ടിയത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ പൊതുവെ ബിനാമി (Proxy) യുദ്ധങ്ങളിലാണ് താല്‍പര്യം കാണിക്കാറ്. അവര്‍ക്ക് വേണ്ടി ഏതെങ്കിലും ഗ്രൂപ്പുകളോ രാഷ്ട്രങ്ങളോ ചിലപ്പോള്‍ അമേരിക്ക തന്നെയോ ആയിരിക്കും യുദ്ധം ചെയ്യുക. യമനിലേത് പോലെ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാവുന്നത് അവരുടെ സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. ലബനാനിലും സിറിയയിലും ഇറാഖിലും ഇപ്പോള്‍ യമനിലും ഇറാന്‍ അമിതാവേശമാണ് കാണിച്ചതെന്നും അതാണ് വ്യോമാക്രണത്തില്‍ കൊണ്ടെത്തിച്ചതെന്നും അറബ് ലീഗ് വിലയിരുത്തി. ഒരു അറബ് സംയുക്ത സേനക്ക് രൂപം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും അതിന്റെ ഘടന എങ്ങനെയായിരിക്കുമെന്നോ ആരൊക്കെ അതില്‍ പങ്കാളികളാവുമെന്നോ വ്യക്തമല്ല.  

മുസ്‌ലിംകളെ ചെണ്ടയാക്കാം, 
വലതുപക്ഷ വോട്ടുകളിങ്ങ് പോരട്ടെ

ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പിന് ഇനി അഞ്ചാഴ്ചകള്‍ മാത്രം. പത്ത് ശതമാനം തീവ്ര വലതുപക്ഷ വോട്ടുകളെങ്കിലും അടര്‍ത്തിയെടുത്താല്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടി. തീവ്ര വലതുപക്ഷത്തെ കടത്തിവെട്ടുന്ന രീതിയില്‍ മുസ്‌ലിം വിരുദ്ധരാവുക എന്നതാണ് ഈ വോട്ട് ബാങ്ക് സ്വന്തമാക്കാന്‍ ഇപ്പോഴുള്ള ഏക വഴി. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഈ മുസ്‌ലിം വിരുദ്ധ 'രാഷ്ട്രീയ യുദ്ധ'ത്തിന്റെ പെരുമ്പറ മുഴക്കിക്കഴിഞ്ഞു. 'ഇസ്‌ലാമിസം തീവ്രവാദത്തിന്റെ ഏറ്റവും വ്യാപകവും മാരകവുമായ രൂപമാണ്' എന്നാണ് തെരേസ പറഞ്ഞത്. ''ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ സംസ്‌കാരങ്ങളുടെ സംഘട്ടനത്തില്‍ വിശ്വസിക്കുന്നവരാണ്. ഇസ്‌ലാമിക -പാശ്ചാത്യ മൂല്യങ്ങള്‍ ഒത്തുപോകില്ലെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. 'നമുക്കും' 'അവര്‍ക്കു'മിടയില്‍ അവര്‍ വലിയ വിടവുകള്‍ തീര്‍ക്കുന്നു.'' ഇങ്ങനെ പ്രസ്താവനയിലുടനീളം പഴകിപ്പുളിച്ച നവ വലത് ഇവാഞ്ചലിക്കല്‍ പദപ്രയോഗങ്ങള്‍. ''തെരേസയുടെ പ്രസ്താവന ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്കെതിരിലുള്ള യുദ്ധം തന്നെ''-ബ്രിട്ടീഷ് പാര്‍ലമെന്റിലെ റെസ്‌പെക്ട് പാര്‍ട്ടി അംഗം ജോര്‍ജ് ഗലോവെ പറയുന്നു.

ഒരു തീവ്രവാദ വിശകലന യൂനിറ്റ് തുടങ്ങിയിട്ടുണ്ട് എന്നാണ് തെരേസ മെയ് പറയുന്നത്. തീവ്രവാദവുമായി സഹകരിക്കുന്ന ആളുകള്‍ പളളിയുടെയോ മറ്റു സ്ഥാപനങ്ങളുടെയോ നടത്തിപ്പില്‍ പങ്കാളികളാണെങ്കില്‍ ആ പള്ളികളും സ്ഥാപനങ്ങളും അടച്ചുപൂട്ടും. ഏതാണ്, ഏതല്ല തീവ്രവാദം എന്ന് ഗവണ്‍മെന്റ് നിര്‍വചിക്കും. തീവ്രവാദ ബന്ധമുള്ള സ്‌കൂളുകള്‍ പിടിച്ചെടുക്കുമെന്നും ഭീഷണിയുണ്ട്. മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകള്‍ക്ക് അങ്ങനെ യാതൊരു പ്രശ്‌നവുമില്ല എന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് തെരേസയുടെ ഈ വാചകമടി.

മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഇതേ ലൈനില്‍ ചിന്തിക്കുന്നു. തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന തീവ്രവാദ വിരുദ്ധ നിയമങ്ങളൊന്നും നിലവിലെ ഭരണകൂടം നടപ്പാക്കുന്നില്ല എന്നാണവരുടെ പരാതി. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്! ഇത്തരം വംശീയ വിരുദ്ധതക്കെതിരെ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറല്‍ ഡമോക്രാറ്റുകളാണ് സാധാരണ രംഗത്ത് വരാറുണ്ടായിരുന്നത്. ഭരണമുന്നണിയുടെ ഭാഗമായത് കൊണ്ട് അവരും മൗനത്തിലാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയായി മാറിയിരിക്കുന്നു ബ്രിട്ടീഷ് മുസ്‌ലിം സമൂഹം. 

മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം

ഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട നൈജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൈനിക ഭരണാധികാരി മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം. നിലവിലെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബാലറ്റ് പെട്ടിയിലൂടെ നിലവിലെ പ്രസിഡന്റിനെ തോല്‍പിക്കുന്ന ആദ്യ നൈജീരിയന്‍ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനവും ബുഹാരിക്ക് സ്വന്തം. എതിരാളിയേക്കാള്‍ അദ്ദേഹത്തിന് 2.7 മില്യന്‍ വോട്ടുകള്‍ അധികം ലഭിച്ചു. 24 സ്റ്റേററുകളില്‍ 25 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. നൈജീരിയന്‍ തെരഞ്ഞെടുപ്പ് നിയമപ്രകാരം, ദേശീയ തലത്തില്‍ 50 ശതമാനത്തില്‍ അധികം വോട്ട് നേടുകയും മൂന്നില്‍ രണ്ട് സ്റ്റേറ്റുകളില്‍ 25 ശതമാനം വോട്ട് കരസ്ഥമാക്കുകയും ചെയ്താലേ തെരഞ്ഞെടുക്കപ്പെടൂ. ആദ്യ റൗണ്ടില്‍ തന്നെ ബുഹാരി ഈ നേട്ടം കൈവരിച്ചതിനാല്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പ് വേണ്ടി വന്നില്ല.

1983 മുതല്‍ 1985 വരെ നൈജീരിയുടെ പട്ടാള ഭരണാധികാരിയായിരുന്നു ബുഹാരി. 1985-ല്‍ മറ്റൊരു സൈനിക അട്ടിമറിയിലൂടെ അദ്ദേഹം പുറത്തായി. പിന്നെ മുഴുസമയ രാഷ്ട്രീയക്കാരനായിത്തീര്‍ന്ന ബുഹാരി 2003-ലും 2007-ലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അഴിമതി തടയുന്നതിലും ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘത്തെ തളക്കുന്നതിലും അമ്പേ പരാജയപ്പെട്ട ഗുഡ്‌ലക് ജോനാഥന്‍ തന്റെ തട്ടകമായ തെക്കന്‍ നൈജീരിയയില്‍ (ഇത് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണ്) പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അവിടെ പോലും ജോനാഥന്‍ അഞ്ചു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായി. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള ആളാണ് ബുഹാരി. പക്ഷേ, മതകീയ ചേരിതിരിവുകള്‍ അപ്രസക്തമാക്കി നൈജീരിയക്കാര്‍ പൊതുവെ ബുഹാരിയെ പിന്തുണച്ചുവെന്നാണ് മനനസ്സിലാവുന്നത്. ഇത് കണ്ടറിഞ്ഞ് വോട്ടെണ്ണി കഴിയും മുമ്പേ പരാജയം സമ്മതിക്കാന്‍ ജോനാഥന്‍ തയാറായി. ഇത് ആഭ്യന്തര സംഘര്‍ഷത്തിനുള്ള സാധ്യത ഏറക്കുറെ ഇല്ലാതാക്കി എന്നു പറയാം. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് അഴിമതിക്കാരായ സകല രാഷ്ട്രീയക്കാരെയും കല്‍തുറുങ്കിലടക്കാന്‍ കാണിച്ച ധീരതയാണ് ബുഹാരിക്ക് ജനപിന്തുണ വര്‍ധിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍