Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

ചോദ്യോത്തരം

മുജീബ്

മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകള്‍ വന്നാല്‍

മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന വാദം പൂര്‍ണമായും അനിസ്‌ലാമികവും നിലനില്‍ക്കാത്തതുമാണെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

വഖ്ഫ് ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വന്നുവെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലോ മത പണ്ഡിതരുടെ അംഗീകാരത്തോടെയോ അല്ല. ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് ഒരു ഇസ്‌ലാമിക പണ്ഡിത സഭയുടെ പിന്‍ബലത്തോടെയല്ല പാസ്സാക്കിയത് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും വഖ്ഫ് ബോര്‍ഡിലെ വനിതാ മെമ്പര്‍സ്ഥാനം ചൂണ്ടിക്കാണിച്ച് മഹല്ല് കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടുന്നത് ശരീഅത്തിനെക്കുറിച്ചുള്ള വിവരക്കേട് കൊണ്ടാണ്.

ഭരണ സമിതികളിലും ഖാദി, ഖത്വീബ് തുടങ്ങിയവയിലും ഇസ്‌ലാം സ്ത്രീ സാന്നിധ്യം അംഗീകരിക്കുന്നില്ല. ഇത് വേണമെന്ന് പറയുന്നവര്‍ നടത്തുന്ന മഹല്ല് കമ്മിറ്റികളിലും മസ്ജിദുകളിലും ഖാദി, ഖത്വീബ്, ഇമാം എന്നീ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചിട്ടില്ല. ഇക്കാലമത്രയും പാലിച്ചുപോന്ന ഈ നിയമ വ്യവസ്ഥിതികള്‍ക്ക് എതിരെ ശബ്ദിച്ച് സമുദായത്തെ ഭിന്നിപ്പിക്കുകയും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്ന ഇത്തരം കക്ഷികളെ സമുദായം കരുതിയിരിക്കണമെന്ന് എസ്.എം.എ ആവശ്യപ്പെട്ടു (സിറാജ് ദിനപത്രം 20-3-2015). മുജീബിന്റെ പ്രതികരണം?

പി.വി ഉമ്മര്‍കോയ പന്നിയങ്കര, കോഴിക്കോട്

എ.പി വിഭാഗം സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസ്താവനയുടെ അവസാന വാചകത്തെക്കുറിച്ചാണ് 'ബലേ ഭേഷ്' പറയേണ്ടത്. സമുദായത്തെ ഭിന്നിപ്പിക്കുകയും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്ന ഇത്തരം കക്ഷികളെ സമുദായം കരുതിയിരിക്കണമെന്ന്! കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സംഘടനയെ കുറുകെ പിളര്‍ത്തി, റബല്‍ സംഘടന രൂപീകരിച്ചു, മഹല്ലുകളിലാകെ വഴക്കും വക്കാണവും കത്തിക്കുത്തും കൊലപാതകങ്ങള്‍ പോലും ഉണ്ടാക്കി, ഒടുവില്‍ തിരുകേശാവതരണവും നടത്തി സംസ്ഥാനത്തൊട്ടാകെ വന്‍ സ്പര്‍ധയും ഭിന്നതയും വളര്‍ത്തിയവരാണ് ഭിന്നിപ്പിനെതിരെ താക്കീത് ചെയ്യുന്നത്! തല്‍ക്കാലം കാലില്‍ നീര് കെട്ടിയവനെ നോക്കി പെരുംമന്താ എന്നു വിളിക്കുന്ന മന്തുകാലന്‍ ഇവരേക്കാള്‍ എത്ര ഭേദം.

സ്ത്രീകള്‍ വെറും സുഖഭോഗ വസ്തുക്കളും പുരുഷന്മാരുടെ അടിമകളുമാണെന്ന് കിതാബ് നോക്കി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ പുരോഹിത വര്‍ഗം അല്ലാഹുവും റസൂലും അനുവദിച്ച സ്ത്രീകളുടെ പള്ളിപ്രവേശം ഇന്നുവരെ അംഗീകരിച്ചിട്ടില്ല. പകരം റസൂലിന്റെ ആവര്‍ത്തിച്ചുള്ള ശാസനയെ തൃണവത്ഗണിച്ച് സ്ത്രീകള്‍ക്ക് പള്ളി പ്രവേശം വിലക്കുകയാണ് ചെയ്യുന്നത്. എത്രത്തോളമെന്നാല്‍ വിശുദ്ധ ഹറമിലെ നമസ്‌കാരം പോലും ഹജ്ജ്-ഉംറ തീര്‍ഥാടകരായ വനിതകള്‍ക്കിവര്‍ ഹറാമാക്കിയിരിക്കുന്നു. എന്നിട്ടാണോ മഹല്ല് ഭരണസമിതിയില്‍ സ്ത്രീകളുടെ അംഗത്വം പൊറുപ്പിക്കുന്നത്? മഹല്ല് ഭരണം പള്ളി ഭരണം മാത്രമല്ല, വിവാഹം, വിവാഹ മോചനം, തര്‍ക്കങ്ങളിലെ മാധ്യസ്ഥം, സകാത്ത് സംഭരണം-വിതരണം, നന്മയുടെ സംസ്ഥാപനം, തിന്മയുടെ വിപാടനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ മഹല്ല് ഭരണത്തില്‍ വരും. സ്ത്രീകളെ കൂടി ബാധിക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാം. അതിലൊന്നും അഭിപ്രായം പറയാനോ ആവശ്യങ്ങള്‍ ഉന്നയിക്കാനോ അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനോ സ്ത്രീകള്‍ക്ക് പാടില്ലെന്നാരാണ് ഇവരോട് പറഞ്ഞത്? ഖുര്‍ആന്‍ പ്രസ്താവിക്കുന്നതിങ്ങനെ: ''വിശ്വാസികളും വിശ്വാസിനികളും പരസ്പരം രക്ഷാധികാരികളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നു'' (9:71). ഇത്തരം ചുമതലകള്‍ നിറവേറ്റാന്‍ സ്ത്രീ ഇമാമും ഖത്വീബും ഖാദിയുമൊന്നും ആയിട്ട് വേണ്ട. മഹല്ല് ഭരണസമിതികളിലെ പുരുഷന്മാരില്‍ തന്നെ എത്ര പേരുണ്ട് മതപരമായ ഈ ബാധ്യതകള്‍ നിറവേറ്റാന്‍ യോഗ്യരായി? മഹല്ല് ഭരണ സമിതി അംഗങ്ങളായ ആണുങ്ങളെല്ലാം ഖാദിമാരും ഖത്വീബുമാരും ഇമാമുമാരുമാവാന്‍ യോഗ്യരാണോ? കോഴിയെ അറക്കാന്‍ പോലും മുല്ലമാരെ തെരഞ്ഞു നടന്ന കാലം മറന്നുപോയോ?

പുറമെ മറ്റൊരു കാര്യം. നബിയുടെയോ സ്വഹാബാക്കളുടെയോ കാലത്ത് പോകട്ടെ ഇപ്പോള്‍ പോലും മുസ്‌ലിം രാജ്യങ്ങളില്‍ മഹല്ല് കമ്മിറ്റികളോ മഹല്ല് ഭരണമോ ഇല്ല. പള്ളികള്‍ സര്‍ക്കാര്‍ ഭരിക്കുന്നു. ഇമാം-ഖത്വീബുമാരെ സര്‍ക്കാര്‍ നിയമിക്കുന്നു. വേതനം നല്‍കുന്നു. ഇസ്‌ലാം ഭരണത്തിലില്ലാത്ത അമുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ നിര്‍ബന്ധിതമായി ഉണ്ടാക്കേണ്ടിവന്ന സംവിധാനമാണ് മഹല്ല് കമ്മിറ്റികള്‍. അതിന് പ്രമാണങ്ങള്‍ നോക്കിയാല്‍ മാതൃകയോ മാര്‍ഗദര്‍ശനമോ ലഭിക്കില്ല. പൊതു തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ഇജ്തിഹാദിലൂടെ നാം ഉണ്ടാക്കിയെടുത്ത മഹല്ല് സംവിധാനത്തില്‍ സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്നതിനാണ് ന്യായവും തെളിവും വേണ്ടത്. ഇത്രയും കാലം ഒരബദ്ധം തുടര്‍ന്നുവെന്നത് ഇനിയും അത് തുടരാന്‍ ന്യായമായിക്കൂടാ. പഞ്ചായത്ത്-നഗരസഭകളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ മത്സരിക്കാന്‍ പാടില്ലെന്ന് ഫത്‌വ ഇറക്കിയവരാണിവര്‍. ഇപ്പോഴോ? 

ദൈവം ആരുടെ ദേവാലയത്തില്‍?

ഗുവാഹതിയിലെ സ്വകാര്യ സര്‍വകലാശാലയില്‍ സംസാരിക്കവെ സുബ്രഹ്മണ്യന്‍ സ്വാമി പള്ളികള്‍ക്കെതിരെ കടന്നാക്രമണം നടത്തി. പള്ളികള്‍ മതപരമായ സ്ഥലമല്ലെന്നും അത് വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നുമായിരുന്നു സ്വാമിയുടെ പ്രസംഗം. ലോകത്തെല്ലായിടത്തും മോസ്‌കുകള്‍ കാലികമായി തകര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ്‌കാലത്തു പോലും ഇന്ത്യയില്‍ മോസ്‌കുകള്‍ തകര്‍ത്തിട്ടുണ്ട്. ദൈവം അമ്പലങ്ങളിലാണ് വസിക്കുന്നത്. പള്ളികളിലോ മോസ്‌ക്കുകളിലോ അല്ല. പള്ളികള്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള കേവല കെട്ടിടം മാത്രമാണ്. സുബ്രഹ്മണ്യന്‍ സ്വാമി പ്രസംഗത്തില്‍ പറഞ്ഞു (മാധ്യമം ദിനപത്രം 16.3.2015). പ്രതികരണം?

പി.വി.സി മുഹമ്മദ് പൊന്നാനി

1975 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ നിയമജ്ഞനായ സുബ്രഹ്മണ്യന്‍ സ്വാമി പിന്നീട് രംഗത്ത് വരുന്നത് 1977-ലെ പൊതു തെരഞ്ഞെടുപ്പിലാണ്. നാല് പ്രധാന പ്രതിപക്ഷ കക്ഷികള്‍ ലയിച്ചു ചേര്‍ന്നുണ്ടാക്കിയ ജനതാ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ മൊറാര്‍ജി ദേശായി ക്യാബിനറ്റില്‍ നിയമമന്ത്രിയായ സ്വാമി അന്നൊക്കെ മതേതരവാദിയായി അറിയപ്പെട്ടിരുന്നതാണ്. 1987-ല്‍ മീററ്റ് കലാപത്തെത്തുടര്‍ന്ന് ഹാഷിംപുരയില്‍ കുപ്രസിദ്ധ പോലീസ് സേനയായ പി.എ.സി മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ വെടിവെച്ചുകൊന്ന് നദിയിലൊഴുക്കിയ ഭീകര സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹി ബോട്ട് ക്ലബ്ബ് മൈതാനിയില്‍ ദിവസങ്ങളോളം നിരാഹാരം കിടന്നയാളാണദ്ദേഹം. അന്നദ്ദേഹം മുസ്‌ലിം ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് പക്ഷേ, സുബ്രഹ്മണ്യന്‍ സ്വാമി വഴിമാറി സഞ്ചരിച്ചുതുടങ്ങി. സംഘ്പരിവാറിനേക്കാള്‍ ഭീകര ഹിന്ദുത്വവാദിയായി രൂപാന്തരപ്പെട്ട സ്വാമി രണ്ടു വര്‍ഷം മുമ്പാണ് മുംബൈ പത്രമായ ഡി.എന്‍.എയില്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ലേഖനമെഴുതി വന്‍ വിവാദമുയര്‍ത്തിയത്. അതിലദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും മുസ്‌ലിംവിരോധം അനുദിനം മൂര്‍ഛിക്കുകയായിരുന്നു. ഈ നിറംമാറ്റത്തെപ്പറ്റി ചോദിച്ച ഒരു മുസ്‌ലിം സുഹൃത്തിനോടദ്ദേഹം പറഞ്ഞത് 'മുമ്പ് ഞാന്‍ വഴിതെറ്റുകയായിരുന്നു' എന്നാണ്. അപ്പോള്‍ ഗുവാഹതിയില്‍ പള്ളികള്‍ക്കെതിരെ കലിതുള്ളിയതില്‍ ആശ്ചര്യപ്പെടാനില്ല. ബാബരി മസ്ജിദ് കൂടാതെ 3000 മുസ്‌ലിം പള്ളികള്‍ പൊളിക്കപ്പെടേണ്ട പട്ടികയുമായി നടക്കുന്ന സംഘ്പരിവാര്‍ അജണ്ടയാവാം സ്വാമിയുടെ മനസ്സില്‍. 1947 ആഗസ്റ്റ് 15-ലെ തല്‍സ്ഥിതി ആരാധനാലയ കാര്യത്തില്‍ നിലനിര്‍ത്തണമെന്ന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലുണ്ടെങ്കിലും കേന്ദ്രഭരണം കൈയിലിരിക്കെ തീവ്ര ന്യൂനപക്ഷവിരോധം നടപ്പാക്കാന്‍ ആരെയും പേടിക്കേണ്ടതില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ആര്‍.എസ്.എസ്- വി.എച്ച്.പി പ്രഭൃതികള്‍.

എന്നാല്‍, ആരാധനാലയങ്ങള്‍ ഏത് മതസ്ഥരുടേതാണെങ്കിലും ബഹുമാനവും പരിരക്ഷയും അര്‍ഹിക്കുന്നതാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. എന്തുകൊണ്ട് യുദ്ധങ്ങള്‍ എന്ന സംശയത്തിന് ഖുര്‍ആന്റെ മറുപടി ഏറെ ശ്രദ്ധേയമാണ്. ''ജനങ്ങളില്‍ ചിലരെക്കൊണ്ട് ചിലരെ അല്ലാഹു പ്രതിരോധിച്ചില്ലെങ്കില്‍  സന്യാസി മഠങ്ങളും ക്രൈസ്തവ ദേവാലയങ്ങളും ജൂത പ്രാര്‍ഥനാലയങ്ങളും, ദൈവം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെട്ടേനേ'' (22:40). അപ്പോള്‍ വിവിധ മതസ്ഥര്‍ ഉള്ളേടത്തോളം കാലം അവര്‍ പുണ്യഗേഹങ്ങളായി കരുതുന്ന ആരാധനാലയങ്ങളും നിലനില്‍ക്കണമെന്നും തിന്മയുടെ ശക്തികളെ അവ തകര്‍ക്കാന്‍ അനുവദിക്കരുത് എന്നുമാണ് അല്ലാഹുവിന്റെ ഇംഗിതമെന്നത് വ്യക്തമായി. ഇസ്‌ലാമിന്റെ ശത്രുക്കളും സാമ്രാജ്യശക്തികളും അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികള്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അതെങ്ങനെ ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് മാതൃകയാവും? ബ്രിട്ടീഷ് ഭരണകാലത്ത് മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണമെന്നാണോ സ്വാമിയുടെ വാദം? സുഊദി അറേബ്യയിലും മറ്റു ഗള്‍ഫ് നാടുകളിലും റോഡ് വികസനത്തിനും മറ്റുമായി പള്ളികള്‍ പൊളിക്കുന്നുണ്ടെന്നാണ് സ്വാമിയുടെ ന്യായം. പക്ഷേ, സര്‍ക്കാറുകള്‍ പകരം പള്ളികള്‍ നിര്‍മിച്ചുകൊടുക്കുന്നുണ്ടെന്ന സത്യം അദ്ദേഹം മറക്കുന്നു. ഇതെങ്ങനെ 'പള്ളികള്‍ വേണ്ട ക്ഷേത്രങ്ങള്‍ മതി' എന്ന ദുഷ്ട ചിന്തയുടെ ഫലമായി ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ത്തുകളയുന്നതിന് ന്യായമാവും?

പ്രവാചകത്വ സമാപ്തി വലിയ വിഡ്ഢിത്തം?

മതത്തിന്റെ പേരില്‍ ഇന്ത്യയിലും ലോകത്തും നടക്കുന്ന അരുതായ്മകളെയും ക്രൂരതകളെയും ഉദാഹരണ സഹിതം വിവരിച്ച ശേഷം, 'ദൈവവിശ്വാസികള്‍ പ്രവാചകന്മാര്‍ അല്ലെങ്കില്‍ മുര്‍ശിദുമാര്‍ക്കും, അവതാരങ്ങള്‍ അല്ലെങ്കില്‍ ബാബമാര്‍ക്കും വേണ്ടി കാത്തിരിക്കുന്നത് യുക്തിബോധമുള്ളവനെ സംബന്ധിച്ചേടത്തോളം വിഡ്ഢിത്തമാണെങ്കിലും അതിനെക്കാള്‍ വലിയ വിഡ്ഢിത്തമാണ് ദൈവം ഇനിയൊരു ദൂതനെ പറഞ്ഞയക്കില്ലെന്ന് നിശ്ചയിച്ച് ജോലിയില്‍ നിന്ന് വിരമിക്കലെന്ന്' പ്രവാചകത്വ പരിസമാപ്തിയെ സൂചിപ്പിച്ച് ആനന്ദ് എഴുതുന്നു (ആവിഷ്‌കാരത്തിന്റെ ശിക്ഷ മരണമാണ്- മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ഫെബ്രുവരി 16). പ്രതികരണം?

സുമ പാലോളി നടുവണ്ണൂര്‍, കോഴിക്കോട്

ദൈവം, ദിവ്യബോധനം, പ്രവാചകന്മാര്‍, ദിവ്യഗ്രന്ഥം എന്നിവയെല്ലാം അയുക്തികമായ വിശ്വാസങ്ങളാണെന്ന് വാദിക്കുന്നവര്‍ പ്രവാചകത്വ പരിസമാപ്തിയെ മാത്രം അംഗീകരിക്കുന്ന പ്രശ്‌നമില്ല. ആദ്യം പറഞ്ഞതെല്ലാം സത്യവും യഥാര്‍ഥവുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കാകട്ടെ, പ്രവാചകത്വ പരിസമാപ്തി യുക്തിശൂന്യമായും വിഡ്ഢിത്തമായും തോന്നുകയുമില്ല. സര്‍വജ്ഞനായ ദൈവം ഒരാളെക്കുറിച്ച് അന്ത്യപ്രവാചകനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടോ എന്നേ അവര്‍ക്കറിയേണ്ടതുള്ളൂ. മുഹമ്മദ് നബി പ്രവാചകന്മാരില്‍ അവസാനത്തെ ആളാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിരിക്കെ അവര്‍ക്കിക്കാര്യത്തില്‍ സംശയമില്ല. പതിമൂന്ന് നൂറ്റാണ്ട് കാലത്തൊരിക്കലും ആരും അതിനെ ചോദ്യം ചെയ്തിട്ടുമില്ല. ഹിജ്‌റ 14-ാം നൂറ്റാണ്ടില്‍ പ്രവാചകനായി സ്വയം അവതരിച്ച മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയും താന്‍ മഹ്ദിയും മസീഹ് മൗഊദും ആണെന്നാണ് വാദിച്ചത്. അയാളുടെ വാദങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിരര്‍ഥകമായതിനാല്‍ ലോക മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും അത് നിരാകരിക്കുന്നു.

മനുഷ്യ ബുദ്ധിയും നാഗരികതയും വികസ്വരമാണ്. വികാസത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനുഷ്യനെ വഴിനടത്താന്‍ പ്രവാചകന്മാരുടെ ആവശ്യം ഇല്ലാതെ വരും. സുരക്ഷിത വേദഗ്രന്ഥവും പ്രവാചകന്മാരുടെ അധ്യാപനങ്ങളും അവശേഷിക്കുന്നതിനാല്‍ തദടിസ്ഥാനത്തില്‍ സന്മാര്‍ഗം കണ്ടെത്തുക സുഗമവും സുതാര്യവുമായതാണ് കാരണം. നാസ്തികരും യുക്തിവാദികളും സന്ദേഹവാദികളുമൊക്കെയായ അനേകമനേകം പേര്‍ വിശുദ്ധ ഖുര്‍ആന്റെ വെള്ളിവെളിച്ചത്തിലേക്ക് ആകൃഷ്ടരായത് പുതുതായി പ്രവാചകന്മാര്‍ ആഗതരായിട്ടല്ല. മര്‍മഡ്യൂക്ക് പിക്താള്‍, മുഹമ്മദ് അസദ്, റജാ ഗരോഡി, മര്‍യം ജമീല മുതല്‍ കമലാ സുറയ്യ വരെ ഈ പട്ടികയില്‍ വരും. മറിച്ച് ദൈവാവതാരങ്ങളെന്നോ ആള്‍ദൈവങ്ങളെന്നോ അവധൂതരെന്നോ പ്രവാചകരെന്നോ വാദിച്ചു വന്നവരൊക്കെ മനുഷ്യരെ വഴിതെറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. എന്തിന് അതിനുള്ള വാതില്‍ തുറന്ന് കിടക്കണം? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍