Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

'മക്കള്‍കൃഷി'യുടെ കാലം..!

വി.പി ശൗക്കത്തലി /കുടുംബം

         അടുത്തു വായിച്ച ഒരു കഥയുണ്ട്. ഒരു ടീച്ചര്‍ ക്ലാസ്സിലെ ആണ്‍കുട്ടിയോട് ചോദിക്കുന്നു: ''പഠിച്ച് ബിരുദങ്ങള്‍ നേടിയിട്ടും നല്ല ജോലിയൊന്നും കിട്ടിയില്ലെങ്കില്‍ നീ എന്തു ചെയ്യും?'' കുട്ടിയുടെ മറുപടി: ''നൂറ് പവനും നൂറായിരം രൂപയും വാങ്ങി പെണ്ണ് കെട്ടി സുഖമായി ജീവിക്കും!'' ഇതേ ചോദ്യം ടീച്ചര്‍ പെണ്‍കുട്ടിയോട് ചോദിച്ചു. അവളുടെ മറുപടി: '' പ്രസവിക്കുന്നതൊക്കെ ആണ്‍ കുട്ടികളാണെന്ന് ഉറപ്പ് വരുത്തും. പണവും സ്വര്‍ണവും വീട്ടിലെത്താന്‍ അതു മതിയല്ലോ...''

ഭൗതികതയുടെ പ്രളയം ജീവിതത്തെ മുച്ചൂടും ഗ്രസിച്ച കാലത്താണ് നാം. പരസ്പര ബന്ധത്തിന്റെ അടിസ്ഥാനം തനിക്കെന്തുകിട്ടുമെന്ന 'സ്വകാര്യ' ലാഭ ചിന്തയില്‍ ഊട്ടപ്പെട്ടിരിക്കുന്നു. ലാഭ-നഷ്ടം നോക്കാതെ ഒരാളും ഒന്നും ചെയ്യാത്ത ആസുരകാലം.

ഈ ഇനത്തിലെ ഏറ്റവും നല്ല ചരക്ക് സ്വന്തം മക്കള്‍ തന്നെ. കൈപ്പിടിയിലുള്ള ഒന്നാന്തരം മൂലധനം! സ്വന്തം മകന്‍/മകള്‍ എത്രാം വയസ്സില്‍ എത്ര ശമ്പളം വാങ്ങണമെന്ന്, പെറ്റിട്ട അന്നുതന്നെ കണക്കു കൂട്ടുന്ന രക്ഷിതാക്കള്‍ നമുക്കിടയില്‍ അധികരിക്കുകയാണ്. അവരുടെ വിദൂര സ്വപ്നങ്ങള്‍ക്കനുസരിച്ചാണ് മക്കള്‍ വളര്‍ത്തപ്പെടുന്നതും പഠിപ്പിക്കപ്പെടുന്നതും. അതിനുള്ള ട്രെയ്‌നിംഗുകളും ക്ലാസ്സുകളും ട്യൂഷനുകളും ഇളം കുരുന്നുകളില്‍ വരെ അടിച്ചേല്‍പിക്കപ്പെടുന്നു. അങ്ങനെ ആ പൈതലുകള്‍ക്ക് കളിപ്രായം തന്നെ നഷ്ടമാകുന്നു. ആരോ പറഞ്ഞല്ലോ, 'പ്രഷര്‍ കുക്കറു'കളാണ് ഇന്നത്തെ മക്കള്‍ എന്ന്! വിങ്ങിപ്പൊട്ടുന്ന ഇത്തരം കുക്കറുകളുടെ വാള്‍വ് വലിക്കേണ്ടത് മാതാപിതാക്കളാണ്. എന്നാല്‍ അവര്‍ തന്നെയാണ് ഇത്തരം സമ്മര്‍ദ കുക്കറുകളില്‍ മക്കളെ അടച്ചുപൂട്ടുന്നതും.

മാനസിക സമ്മര്‍ദത്താല്‍ ബുദ്ധിഭ്രമം ബാധിച്ച ഗള്‍ഫിലെ ഒരു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ അധികൃതര്‍ ഇടപെട്ട് കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോള്‍ പുറത്തുവന്ന സംഗതി, ആറു മാസമായി ഈ കുട്ടിയെ രക്ഷിതാക്കള്‍ റൂമിനു പുറത്തിറക്കിയിരുന്നില്ല എന്ന കാര്യമാണ്. ക്ലാസ് റൂമും വീട്ടിലെ റൂമും മാത്രമായി ലോകം ചുരുങ്ങിപ്പോയ ആറു മാസങ്ങള്‍! കുട്ടിയെ നിര്‍ബന്ധിച്ച് ഒരു എഞ്ചിനീയറാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കളുടെ ദുഷ്ട ചിന്തയായിരുന്നു ഈ പീഡനത്തിനു കാരണം. നിരന്തര വായനയും പഠനവും കര്‍ശന ചിട്ടകളും സ്വന്തം മകളെത്തന്നെ നഷ്ടപ്പെടുത്തുന്നതിലാണ് കലാശിച്ചത്. സ്വന്തം താല്‍പര്യങ്ങളെ സ്‌നേഹിച്ചപ്പോള്‍ അവര്‍ക്ക് മകളെ സ്‌നേഹിക്കാന്‍ കഴിയാതെ പോയി.

പൊതുപരീക്ഷകള്‍ക്കും എന്‍ട്രന്‍സുകള്‍ക്കും കുട്ടികള്‍ക്ക് മൂന്ന് വയസ്സ് തൊട്ട് പരിശീലനം തുടങ്ങുന്ന രീതി നമ്മുടെ നാട്ടില്‍ വ്യാപകമാവുകയാണോ? കടുത്ത മത്സരലോകത്ത് വെറും 'പ്ലേ സ്‌കൂളുകള്‍' ചില രക്ഷിതാക്കള്‍ക്ക് അത്രയങ്ങ് പിടിക്കുന്നില്ല. മക്കള്‍ ഐ.എ.എസ് എന്ന കടമ്പ കടക്കണമെങ്കില്‍ അതിനുള്ള പഠനം ചെറുപ്പത്തിലേ തുടങ്ങണമെന്ന് അവര്‍ കണക്കു കൂട്ടുന്നു. കിട്ടാവുന്ന എല്ലാ 'ബേബിവിറ്റ'കളും 'ബുദ്ധിവളര്‍ച്ചാ' ലേഹ്യങ്ങളും അവര്‍ മക്കളുടെ വായകളില്‍ തള്ളിക്കയറ്റുന്നു. മുലപ്പാല്‍ പ്രായത്തിലാണ്, അതുപോലും തടയപ്പെട്ട് നമ്മുടെ കുഞ്ഞുങ്ങള്‍ ഇതൊക്കെ വിഴുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്നോര്‍ക്കണം. വളരെ നേരത്തേ തന്നെ മക്കള്‍ അഞ്ചക്ക ശമ്പളം വാങ്ങി തങ്ങളെ സേവിക്കണമെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തിയും സ്വാര്‍ഥചിന്തയുമാണ്, തിരിച്ചുകിട്ടാത്ത തങ്ങളുടെ കളിക്കുട്ടി പ്രായം പോലും കവര്‍ന്നെടുക്കപ്പെടാന്‍ കാരണമെന്ന് ഈ കുരുന്നുകളുണ്ടോ അറിയുന്നു!

ശരീരത്തിന് മാരക രോഗങ്ങള്‍ സമ്മാനിക്കുന്ന രാസവളമിട്ട് കായ്കനികള്‍ വലുപ്പത്തിലും തൂക്കത്തിലും പെട്ടെന്ന് വിളയിച്ചെടുക്കുന്ന മനുഷ്യന്റെ ഭൗതികാസക്തി ഇന്ന് 'മക്കള്‍കൃഷി'യിലും വ്യാപകമാവുകയാണ്. ഇതുവഴി ഏത് രോഗമാണ്, ശിക്ഷയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് മക്കള്‍കൃഷിക്ക് രാസവളമിടുന്നവര്‍ ഓര്‍ക്കണം! 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍