ഹിജാബ് ഖുര്‍ആനിലുണ്ടോ?
''സ്ത്രീ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന് അനുശാസിക്കുന്ന സൂക്തം ഖുര്‍ആനിലുണ്ടോ?''- അവള്‍ ചോദിച്ചു.
ഞാന്‍ അവളോട്: ''നിങ്ങളെ ഒന്ന് പരിചയപ്പെടുത്തിത്തരൂ.''
അവള്‍: ''ഞാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഞാന്‍ അറിഞ്ഞേടത്തോളം ഹിജാബ് അല്ലാഹു കല്‍പിച്ചിട്ടില്ല. അതിനാലാണ് ഞാന്‍ ഹിജാബ് ധരിക്കാത്തത്. എന്നാല്‍ നമസ്‌കാരം ഞാന്‍ കൃത്യമായി അനുഷ്ഠിക്കുന്നുണ്ട്.''
ഞാന്‍: ''ശരി, ഞാനൊരു ചോദ്യം ചോദിക്കട്ടെ. ഒരു ആശയം വ്യക്തമാക്കാന്‍ മൂന്ന് വാക്കുകള്‍ ഞാന്‍ ആവര്‍ത്തിച്ചുപയോഗിച്ചാല്‍ നിങ്ങള്‍ എന്താണ് മനസ്സിലാക്കുക?''
അവള്‍: ''എന്നുവെച്ചാല്‍?''
ഞാന്‍ വിശദീകരിച്ചു: ''ഞാന്‍ പറഞ്ഞെന്നിരിക്കട്ടെ. 'നിന്റെ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരൂ.' രണ്ടാമത് ഞാന്‍ ആവശ്യപ്പെടുന്നു 'യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നീ ബിരുദമെടുത്തെന്ന് തെളിയിക്കുന്ന പേപ്പര്‍ കൊണ്ടുവരൂ.' മൂന്നാമത് ഞാന്‍ പറയുന്നു: 'യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച 'ഫൈനല്‍ റിപ്പോര്‍ട്ട്' ഒന്ന് കാണണം.' ഇതില്‍ നിന്ന് നിങ്ങള്‍ എന്താണ് മനസ്സിലാക്കുക?''
അവള്‍: ''ഞാന്‍ എന്റെ യൂനിവേഴ്‌സിറ്റി ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്. ഒരേ അര്‍ഥമുള്ള മൂന്ന് പദങ്ങള്‍ അങ്ങ് ആവര്‍ത്തിച്ച് ഉപയോഗിച്ചതുകൊണ്ട് എനിക്ക് മനസ്സിലായില്ല എന്ന് പറയാന്‍ ഒക്കില്ല. സര്‍ട്ടിഫിക്കറ്റ്, പേപ്പര്‍, റിപ്പോര്‍ട്ട് എന്നീ മൂന്ന് പദങ്ങളും ഒരേ ആശയത്തിനാണല്ലോ അങ്ങ് ഉപയോഗിച്ചത്.''
ഞാന്‍: ''അതെ. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.''
അവള്‍: ''ഹിജാബുമായി ഇതിനെന്താണ് ബന്ധം?''
ഞാന്‍: ''സ്ത്രീയുടെ ഹിജാബിനെക്കുറിച്ച് മൂന്ന് സാങ്കേതിക വാക്കുകളാണ് അല്ലാഹു ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളത്.'' കൗതുകത്തോടെ അവള്‍: ''അതെന്താണ്?''
}ഞാന്‍: ''സ്ത്രീയുടെ ശരീര ഭാഗം മറയ്ക്കുന്ന വസ്ത്രത്തെ അല്ലാഹു വിശേഷിപ്പിച്ചത് മൂന്ന് പദങ്ങള്‍ കൊണ്ടാണ്- ഹിജാബ്, ജില്‍ബാബ്, ഖിമാര്‍. ഒരേ അര്‍ഥമുള്ള മൂന്ന് പദങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങളെന്താണ് ഗ്രഹിക്കുക?''
അവള്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ തുടര്‍ന്നു: ''യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമില്ലാത്തതുപോലെത്തന്നെ ഈ പദമുള്‍ക്കൊള്ളുന്ന അര്‍ഥത്തെക്കുറിച്ചും നിങ്ങള്‍ക്ക് സംശയമുണ്ടാവരുത്. അങ്ങനെയല്ലേ?''
''സംവാദത്തിലെ നിങ്ങളുടെ രീതി എന്നെ ഞെട്ടിച്ചുകളഞ്ഞു''- അവള്‍.
ഞാന്‍ വിശദീകരിച്ചു: ഒരിടത്ത് അല്ലാഹു കല്‍പിച്ചു: ''അവരുടെ മക്കനകള്‍ (ഖിമാര്‍) കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ''(അന്നൂര്‍ 31). രണ്ടാമത് പറഞ്ഞു: ''അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക'' (അല്‍ അഹ്‌സാബ് 59). മൂന്നാമതായി: ''നിങ്ങള്‍ (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോട് മറയുടെ പിറകില്‍ നിന്ന് ചോദിച്ചു കൊള്ളുക'' (അല്‍ അഹ്‌സാബ് 53). സ്ത്രീ ശരീര ഭാഗങ്ങള്‍ മറയ്‌ക്കേണ്ടതിനെക്കുറിച്ചല്ലേ ഈ മൂന്നിടത്തും മൂന്ന് പദപ്രയോഗങ്ങളിലൂടെ ആവശ്യപ്പെടുന്നത്?
ഞാന്‍ ഒന്നു കൂടി വ്യക്തമാക്കിത്തരാം. അറബി ഭാഷയില്‍ 'ഖിമാര്‍' എന്നാല്‍ തല മൂടുന്ന ശിരോവസ്ത്രമാണ്. മാറത്തേക്ക് താഴ്ത്തിയിടുക എന്നാല്‍ മാറിടവും കഴുത്തും പിരടിയും മറയ്ക്കണമെന്നാണ്. ജില്‍ബാബാവട്ടെ, നീളവും വീതിയുമുള്ള ശരീരം മൂടുന്ന വസ്ത്രം. മൊറോക്കന്‍ സ്ത്രീകളാണ് ഈ വേഷം അണിഞ്ഞു കാണുന്നത്. ഹിജാബ് എന്നാല്‍ മറയ്ക്കുക എന്നര്‍ഥം.
അവള്‍: ''ഞാന്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന് മനസ്സിലായി.''
ഞാന്‍: ''അതെ. അല്ലാഹുവിനോടും ദൂതനോടുമുള്ള സ്‌നേഹത്താല്‍ നിര്‍ഭരമാണ് ഹൃദയമെങ്കില്‍ അങ്ങനെ തന്നെയാണ് വേണ്ടത്. വസ്ത്രം രണ്ടു വിധമുണ്ട്. ഒന്ന്, ശരീരം മറയ്ക്കുന്നത്. അത് അല്ലാഹുവും ദൂതനും നിര്‍ബന്ധമാക്കിയ വേഷവിധാനം. രണ്ട്, ആത്മാവിന്റെയും ഹൃദയത്തിന്റെയും ആവരണമായ വസ്ത്രം. അതാണ് ആദ്യത്തെക്കാള്‍ മുഖ്യമായത്. തഖ്‌വയുടെ വസ്ത്രം-അതാണ് ഉത്തമം (ഖുര്‍ആന്‍). ചിലപ്പോള്‍ ശരീരം ഹിജാബ് കൊണ്ട് മറയ്ക്കുന്ന സ്ത്രീ തഖ്‌വയുടെ വസ്ത്രം അണിഞ്ഞിട്ടുണ്ടാവില്ല. സ്ത്രീ ഈ രണ്ടുതരം വസ്ത്രവും ധരിക്കണമെന്നതാണ് ശരി. വസ്ത്രധാരണ വിഷയത്തില്‍ പുരുഷനും ബാധകമാണ് ഈ നിര്‍ദേശം.
അവള്‍: ''ഞാന്‍ ഇതുവരെ ധരിച്ചത് ഹിജാബിനെക്കുറിച്ച് ഖുര്‍ആനില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ്.''
ഞാന്‍: ''ഖുര്‍ആനിലും ഹദീസിലുമുണ്ട്. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കാനുണ്ട്. അവ ഞാന്‍ പറഞ്ഞില്ലെന്നേയുള്ളൂ. അല്ലാഹുവിനോടുള്ള അനുസരണത്തിലൂടെ അവന്റെ സാമീപ്യം നിങ്ങള്‍ക്ക് പ്രാപിക്കാം. മനുഷ്യനോടുള്ള സമീപനത്തില്‍ പിശാചിന്റെ ലക്ഷ്യമാണ് നഗ്നത. നമ്മുടെ പിതാവായ ആദമിന്റെയും മാതാവായ ഹവ്വായുടെയും ജീവിതത്തില്‍ പിശാച് പരീക്ഷിച്ചു വിജയിച്ചതാണിത്.
അവള്‍: ''എന്നു വെച്ചാല്‍?''
ഞാന്‍: ''സ്വര്‍ഗത്തിലെ ഫലങ്ങളെല്ലാം ആഹരിക്കാന്‍ ആദമിനും ഹവ്വാക്കും അല്ലാഹു അനുമതി കൊടുത്തു- ഒരു മരമൊഴികെ. അപ്പോള്‍ പിശാച് ദുര്‍ബോധനവുമായി സമീപിച്ചു ഇരുവരെയും. ''അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (അല്‍ അഅ്‌റാഫ് 22). വിലക്കപ്പെട്ട കനി ഭക്ഷിച്ചതോടെ ഇരുവരുടെയും നഗ്നത വെളിപ്പെട്ടു. പിശാചിന്റെ ലക്ഷ്യവും അതായിരുന്നു. ആണും പെണ്ണും പൂര്‍ണ നഗ്നരാവണം. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് ഇരുവരും നഗ്നത മറച്ച് ഉടനെ പശ്ചാത്തപ വിവശരായി അല്ലാഹുവിനെ വിളിച്ച് മാപ്പിനായി കേണത്. വസ്ത്രത്തിന്റെ പ്രശ്‌നം ആദിപിതാവായ ആദമിന്റെ സൃഷ്ടിയുടെ ഒന്നാം ദിവസം തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. 'വസ്ത്രത്തിന്റെ മനഃശാസ്ത്രം' എന്ന ഒരു കൃതിയുണ്ട്. മനുഷ്യന്റെ വ്യക്തിത്വ നിര്‍മിതിയില്‍ വസ്ത്രത്തിന്റെ സ്വാധീനം മനസ്സിലാക്കാന്‍ ഉതുകുന്ന കൃതിയാണത്. നിങ്ങള്‍ അത് വായിക്കണം. വസ്ത്രം എന്നത് ഒരു ഭാഷയാണ്, സന്ദേശമാണ്, അടയാളമാണ്.
അവള്‍: ''ഹിജാബ് വിഷയം ഇത്രത്തോളം ഗൗരവപ്പെട്ടതാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.''
ഞാന്‍ തമാശയായി: ''നിങ്ങള്‍ ഹിജാബോ ഖിമാറോ ജില്‍ബാബോ ഏതാണ് ധരിക്കാന്‍ തീരുമാനിച്ചത്?''
പുഞ്ചിരി തൂകി അവള്‍: ''സംഗതികളൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ കുറെ കൂടി പ്രായമാവുമ്പോള്‍ ഹിജാബ് ധരിക്കാമെന്നാണ് കരുതുന്നത്.''
ഞാന്‍: ''നിങ്ങള്‍ ചിന്തിക്കുന്നതും പ്ലാന്‍ ചെയ്യുന്നതുമെല്ലാം അല്ലാഹു കല്‍പിച്ചതിന് നേരെ വിപരീതമാണ്.''
അതിശയത്തോടെ അവള്‍: ''അതെങ്ങനെ?''
ഞാന്‍: ''വൃദ്ധകള്‍ക്ക് അല്ലാഹു ഹിജാബിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. നിങ്ങളാണെങ്കില്‍ യുവതിയും. ''വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചേടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റിവെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു'' (അന്നൂര്‍ 60). വൃദ്ധകള്‍ അലങ്കാരം വെളിപ്പെടാത്ത രൂപത്തില്‍ മേല്‍വസ്ത്ര നിഷ്‌കര്‍ഷയില്‍ അല്‍പം ഇളവ് വരുത്തുന്നതിന് വിരോധമില്ലെന്നാണ് സൂചന.'' ഉടനെ അവള്‍ ഇടപെട്ടു: ''വൃദ്ധകളുടെ കാര്യത്തിലാണ് ഈ ഇളവെങ്കില്‍, ഞങ്ങള്‍ യുവതികള്‍ ഹിജാബ് ധരിക്കാന്‍ ഏറെ കടപ്പെട്ടവരാണല്ലോ.''
ഞാന്‍: ''ബുദ്ധിമതിയാണ് നിങ്ങള്‍. നല്ല നിരീക്ഷണമാണ് നിങ്ങള്‍ നടത്തിയത്.'' പിന്നെ ഞാനൊരു ചോദ്യം ഉന്നയിച്ചു: ''സംഭാഷണത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ പറയുകയുണ്ടായല്ലോ, നമസ്‌കാര കാര്യത്തില്‍ അങ്ങേയറ്റം നിഷ്ഠ പുലര്‍ത്തുന്നുണ്ട് നിങ്ങളെന്ന്.''
അവള്‍: ''ശരിയാണ്.''
ഞാന്‍: ''നമസ്‌കാരത്തില്‍ നിങ്ങള്‍ ഹിജാബ് ധരിക്കാറുണ്ടോ?''
അവള്‍: ''തീര്‍ച്ചയായും.''
ഞാന്‍: ''അതെന്തിനാണ്?''
അല്‍പനേരത്തെ മൗനത്തിനു ശേഷം. ''അതെനിക്കറിഞ്ഞുകൂടാ.'' ഞാന്‍ തുടര്‍ന്നു: ''അല്ലാഹുവിനെ അഭിമുഖീകരിക്കുമ്പോള്‍ പൂര്‍ണ വസ്ത്രവും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അല്‍പ വസ്ത്രവും ഇസ്‌ലാം അനുശാസിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?''
എന്റെ ചോദ്യം വീണ്ടും അവരെ മൗനിയാക്കി. അവസാനമായി ഞാന്‍ പറഞ്ഞു: ''നമസ്‌കാരം ഒരു ഇബാദത്താണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. നമ്മുടെ ജീവിതവും അതേപോലെ അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുള്ള ഇബാദത്താണ്. സ്ത്രീയുടെ നമസ്‌കാരത്തിലെ വസ്ത്രധാരണം തന്നെയാണ് ജീവിതത്തിലും വേണ്ടത്.''
വിവ: പി.കെ ജമാല്‍
Comments