ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍; ഗുജറാത്തില്‍ പ്രബന്ധ മത്സരം
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍;
ഗുജറാത്തില്‍ പ്രബന്ധ മത്സരം
'ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ എസ്.ഐ.ഒ ഗുജറാത്ത് സോണ്‍ സംസ്ഥാനതല പ്രബന്ധ മത്സരം സംഘടിപ്പിച്ചു. ബിരുദ -ബിരുദാനന്തര തല വിദ്യാര്‍ഥികള്‍ക്കു വേണ്ടിയായിരുന്നു മത്സരം. സയ്യിദ് ആഇശ(G.D. Modi College of Arts, Palanpur), ഗുസൈ അശോക് ഗിരി (Gujarat Vidhya Pith, Ahmadabad), ഫര്‍ഹാന ബാനു (R,P Bhalodiya Women's College Rajkot) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 7000, 5000, 3000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച പ്രബന്ധങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് അധ്യക്ഷന്‍ ഡോ. ഷക്കീല്‍ അഹ്മദ്, എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
മൗലാനാ അബുല്‍
ഹുസൈന്‍ ശബ്‌രി
'ശബ്‌രിസാബ്' എന്ന് അറിയപ്പെട്ടിരുന്ന ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും വടക്കു-കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ജമാഅത്ത് അംഗവുമായ മൗലാനാ അബുല്‍ ഹുസൈന്‍ മസുംദാര്‍ അന്തരിച്ചു. അസമിലെ ഹൈലാകണ്ടി ജില്ലക്കാരനായ ശബ്‌രി സാബിന് മരിക്കുമ്പോള്‍ 72 വയസ്സായിരുന്നു. അസമിലും മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമാഅത്ത് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മജ്‌ലിസെ നുമാഇന്ദഗാന്‍, ജമാഅത്തെ ഇസ്‌ലാമി സൗത്ത് അസം മീഡിയ മോണിറ്ററിംഗ് സെല്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയില്‍വാസം അനുഷ്ഠിച്ചു. ആലിം (മുംതാസുല്‍ മുഹദ്ദിസീന്‍) ബിരുദം നേടിയ അദ്ദേഹം ഇസ്‌ലാമിക പണ്ഡിതനും ഇംഗ്ലീഷ് ലക്ചററുമായിരുന്നു. ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളും പഠനങ്ങളും ദേശീയ-അന്തര്‍ദേശീയ മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബംഗാളി, ഇംഗ്ലീഷ്, ഉര്‍ദു, അസമീസ് ഭാഷകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിവുറ്റ ഉര്‍ദു കവി കൂടിയായിരുന്ന ശബ്‌രി സാബിന്റെ തരാനെ അസം (Tarana-e-Assam) എന്ന കൃതി 12-ാം ക്ലാസ്സില്‍ പാഠപുസ്തകമായി അസം വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. 'After So many Deaths' എന്ന അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏറെ വായിക്കപ്പെട്ടു. മുസ്‌ലിം സമൂഹത്തിനും സാഹിത്യത്തിനും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ ശബ്‌രി സാബിന് ലഭിച്ചു. ദീര്‍ഘകാലം കാന്‍സര്‍ രോഗ പീഡകളും സാമ്പത്തിക പ്രയാസങ്ങളും അനുഭവിച്ചാണ് അദ്ദേഹം ജീവിച്ചത്.
'ഇസ്മാഈല്‍ യൂസുഫ്
കാമ്പസി'നെ രക്ഷിക്കുക
മുംബൈയിലെ ഇസ്മാഈല്‍ യൂസുഫ് കോളേജ് കാമ്പസ് കൈയേറാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. എസ്.ഐ.ഒയും മറ്റനവധി സന്നദ്ധ സംഘടനകളും ചേര്‍ന്ന് രൂപീകരിച്ച 'ഇസ്മാഈല്‍ യൂസുഫ് കാമ്പസ് ബച്ചാവോ സംഘര്‍ഷ് സമിതി'യുടെ നേതൃത്വത്തിലാണ് ധര്‍ണയും പ്രക്ഷോഭ പരിപാടികളും നടക്കുന്നത്. 66 ഏക്കര്‍ വരുന്ന കാമ്പസിനകത്ത് പലതരം കൈയേറ്റങ്ങളാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കലാണ് സമിതിയുടെ ലക്ഷ്യം. 'ഇത് ന്യൂനപക്ഷത്തിന്റെയോ ഭൂരിപക്ഷത്തിന്റെയോ പ്രശ്‌നമല്ല. ഇത് അവകാശത്തിന്റെ വിഷയമാണ്' - എസ്.ഐ.ഒ മുംബൈ പ്രസിഡന്റ് സല്‍മാന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ സുധീര്‍ കുല്‍കര്‍ണി, അമീര്‍ ഇദ്‌രീസി തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. കാമ്പസ് കൈയേറാനുള്ള നീക്കത്തെ നിയമപരമായി ചെറുക്കുമെന്ന് സംഘര്‍ഷ് സമിതി പ്രഖ്യാപിച്ചു.
Comments