ക്വിറ്റ് ഇന്ത്യ
അജ്മല്‍ മമ്പാട്
ക്വിറ്റ് ഇന്ത്യ
ചാക്കില്‍ കെട്ടികരകയറ്റി വിട്ട
കണ്ടന്‍ പൂച്ചകള്‍ തന്നെയാണ്
ഇന്നും ഇന്നലെയും
ഇവിടത്തെ അടുക്കളയിലെ
പാല്‍പാത്രം നക്കിത്തുടച്ചതും
മീന്‍ചട്ടി വറ്റിച്ചുവെച്ചതും.
അജ്മല്‍ മമ്പാട്
കൂണ്‍
കൂണുപോല്‍ വളര്ന്ന്പൊക്കം വെച്ചു പോയെന്നമ്മ
തലയിലൊരു
ചുക്കുമില്ലെന്ന്-
അച്ഛന്‍
കൈയിലിരിപ്പ്
കൂടിപ്പോയെന്ന്
പെങ്ങള്‍
തല്ലു കൊള്ളിയെന്ന് ചേട്ടന്‍
നാടിന്റെ മുത്തെന്ന്
സ്‌നേഹിതന്‍
ഭാവി മെമ്പറെന്ന് സഹപാഠികള്‍
നാട്ടില്‍ നേതാവ് മുളക്കുന്നതി-
ങ്ങനെയെന്ന് അപ്പൂപ്പന്‍
കൂണുകള്‍ തണലേകുന്ന കാലമാണി-
തെന്നമ്മൂമ്മ!
വളരാന്‍ വളം തന്നെ ശരണം.
അബ്ദുല്‍ മലിക് മുടിക്കല്‍
മടക്കയാത്ര
ഇനി മടങ്ങാം...അളവുകോലറിയാത്ത കലവറയില്‍
നിമിഷങ്ങള്‍ ഇനിയുമെത്ര?
എന്നോ പുറപ്പെടേണ്ട എന്നും
പുറപ്പെട്ടേക്കാവുന്ന
യാത്രക്കായി...
പറന്നുപോയ പക്ഷിയുടെ തൂവല്‍
വസന്തം പൊട്ടിച്ചിരിച്ചിരുന്ന വളപ്പൊട്ടുകള്‍...
ഏതോ മഴക്കാലത്തെ ധ്യാനിച്ച മയില്‍പ്പീലി-
ഇനി ആ ഫോസില്‍ ശേഖരത്തിലേക്ക്
ഒരു ഒസ്യത്ത് കൂടി...
മണിച്ചെപ്പില്‍ നിന്നിറക്കി മണ്ണിന്റെ മാറില്‍
കുഴിച്ചിടണം...
നാളെ തളിര്‍ക്കേണ്ടതാണ്-
കവിതയിലെ വിതയും, കലയിലെ കലാപവും...
കലി മായുന്നൊരു കാലത്ത് കനിവ് പെയ്ത് കിനാപ്പുഴ...
വീണ്ടും നിറയുന്ന മഴക്കാലത്ത്-
വാക്കുകളുടെ അസ്ഥിത്തറയില്‍
തീര്‍ഥാടകന്റെ ആത്മബലി...
വാക്കിനോളം വളരുമ്പോള്‍, വാക്കിനോളം നിറയുമ്പോള്‍...
പിന്‍വാതിലിലെ മൗനത്തിലേക്ക്
പൊയ്ക്കഴിഞ്ഞിരിക്കും, വാക്ക്!
ജിജി വി.വി, മുതുവറ
Comments