Prabodhanm Weekly

Pages

Search

2015 ജനുവരി 02

കാളപൂട്ട്

ഖാലിദ് പൂക്കോട്ടൂര്‍ /കഥ

പൂട്ട് കണ്ടത്തില്‍ തീപാറി. കെട്ടിവരിഞ്ഞ കാഞ്ഞീരവടികള്‍  കാളകളുടെ മുതുകിലും വാരിയെല്ലുകളിലും സീല്‍ക്കാരത്തോടെ പതിച്ചു. അവ വേദന കൊണ്ട് പുളഞ്ഞോടി. പുരുഷാരം ആര്‍ത്തട്ടഹസിച്ചു. പുളഞ്ഞു. ആവേശത്താല്‍ മൂര്‍ഛിച്ചു.

ഇമ്പുഹാജി, തന്നെ പിടിച്ചുവെച്ചുകൊണ്ടിരുന്ന കൈകളെല്ലാം തട്ടിമാറ്റി കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

''പൊക്കാ......കുഞ്ഞറമ്വോ......രായിന്‍കുട്ട്യേ....'' ഇമ്പുഹാജി ഉറക്കെ വിളിച്ചു.

''ഒറവമ്പാടത്ത് ഇന്ന് പൂട്ട് നടക്ക്വല്ലേ. ഇപ്പഹയമ്മാര് തെബടെപ്പോയി കെട്ക്ക്ാ.'' ഇമ്പുഹാജി കിതച്ചു. പിടുത്തത്തില്‍ നിന്ന് കുതറി ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്നു.

''മുണ്ടാണ്ടെ കെട്‌ന്നോളി. നെഞ്ചത്ത് ബെരുത്തം എളും'' വീടര് നബീസുമ്മ മയത്തില്‍ പറഞ്ഞു.

''അനക്കെത്തിന്റെ കേടാ, നെയ്‌സാ. ഒറോംപാടത്ത് ഇന്ന് പൂട്ട് നടക്ക്വല്ലെ. ഞമ്മളെ കന്ന്ാളെ കൊണ്ടോണ്ടെ?'' ഇമ്പുഹാജി വീടരോട് കയര്‍ത്തു.

''പൊക്കാ, കുഞ്ഞറമ്വോ, രായീന്‍കുട്ട്യേ....'' ഹാജി നീട്ടിവിളിച്ചു.

''ഇങ്ങള് ഈ പയംപുരാണം പറച്ചില് നിര്‍ത്തി അടങ്ങിക്കെട്‌ന്നോളി. ഡോട്ടര് പറഞ്ഞത് ങ്ങക്ക് ഓര്‍മണ്ടല്ലോ?'' നബീസുമ്മയുടെ അനുനയ വചസ്സുകളൊന്നും പക്ഷേ, ഇമ്പുഹാജിയെ അടക്കിനിര്‍ത്താന്‍ പര്യാപ്തമായില്ല.

''തൗഹീദേ, ആ ഡോട്ടര്‍നെ ബിളിച്ചാ.'' നബീസുമ്മ അരികത്തുണ്ടായിരുന്ന കൊച്ചുമോനോടു പറഞ്ഞു. ഡോക്ടര്‍ ഫരീദ് മുഹ്‌യുദ്ദീന്‍ നഴ്‌സിനോടൊപ്പം സന്നിഹിതനായി. പരിശോധിച്ച് ഉറങ്ങാനുള്ള മരുന്ന് കൊടുത്തു. ഹാജിക്ക് പക്ഷേ, തെല്ല് മയക്കം പോലും ബാധിച്ചില്ല.

അദ്ദേഹത്തിന്റെ ഉള്ളുനിറയെ പൂട്ടുകണ്ടങ്ങള്‍, പൂട്ടുകണ്ടങ്ങള്‍ക്ക് ചുറ്റും തിങ്ങിനിറയുന്ന പുരുഷാരം. മസിലുകുലുക്കി ഓടുന്ന കാളക്കൂറ്റന്മാര്‍... അവക്ക് പിന്നാലെ ആര്‍ത്തൊച്ചവെച്ച് കുതിക്കുന്ന കന്ന്‌തെളിക്കാര്‍... പൊക്കന്‍, കുഞ്ഞിക്കമ്മു, മുറത്, രായീന്‍കുട്ടി... ആര്‍പ്പുവിളികള്‍, അട്ടഹാസങ്ങള്‍, ജയഭേരികള്‍....

ഇമ്പുഹാജി കുതറുന്നു. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കുന്നു. പിടിച്ചിരുത്തുന്നു. വീണ്ടും കുതറുന്നു.

ഡോക്ടറും നഴ്‌സും വീടര് നബീസുമ്മയും കൊച്ചുമോന്‍ തൗഹീദും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം നാസ്തി! ഉറക്കമരുന്നുകളില്‍ തളരാത്ത ആവേശം.

ഇനിയെന്തുചെയ്യും. ഡോ. ഫരീദ് മുഹ്‌യുദ്ദീന്‍ തൗഹീദിനെ അരികത്തേക്ക് വിളിച്ചു. ഇമ്പുഹാജിയുടെ പൂര്‍വകാലത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു.

''കര്‍ഷകനും നാട്ടുപ്രമാണിയുമായിരുന്നു ഉപ്പാപ്പ. കാളപൂട്ടെന്നു വെച്ചാല്‍ ജീവനായിരുന്നു. കന്നുകളോടും തെളിക്കാരോടുമൊപ്പം പൂട്ട് കണ്ടങ്ങള്‍ ഓരോന്നായി ജയിച്ചടക്കിയ നല്ല കാലം.''

എല്ലാം കേട്ടശേഷം ഡോക്ടര്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ, തെല്ലിട ആലോചനയിലാണ്ടു. എന്നിട്ട് തൗഹീദിന്റെ ചെവിയിലെന്തൊക്കെയോ പറഞ്ഞു.

തൗഹീദ് പുറത്തുപോയി. കുറച്ചു സീഡികളുമായി തിരിച്ചെത്തി. അതിലൊന്നെടുത്ത് കമ്പ്യൂട്ടറിലിട്ട് മോണിറ്ററില്‍ ഉറവമ്പാടം തെളിഞ്ഞു. പക്ഷേ, അവിടെ ഇപ്പോള്‍ ഓളംവെട്ടുന്ന കലക്കവെള്ളമില്ല. ആള്‍ക്കൂട്ടം ഇരമ്പിനിറഞ്ഞിരുന്ന വരമ്പുകളില്ല. നാല് ഭാഗവും കരിങ്കല്ല് കൊണ്ട് കെട്ടി മണ്ണിട്ട് നികത്തിയ പുതിയ മുഖമുള്ള ഉറവമ്പാടം. വെട്ടിത്തിളങ്ങുന്ന ആലക്തിക ദീപങ്ങള്‍. പ്രതിധ്വനി സംവിധാനങ്ങളുള്ള ഉച്ചഭാഷിണികള്‍. ക്രോസ് സര്‍ക്യൂട്ട് ടിവികള്‍. നിറയെ പുരുഷാരം. ഒരറ്റത്ത് വിശാലമായ വേദി. പശ്ചാത്തലത്തില്‍ 'ഉറവമ്പാടം സംവാദം' എന്നെഴുതിയ വലിയ ബാനര്‍. വേദി നിറയെ വലിയ തലപ്പാവുകളും നീണ്ട ദീക്ഷകളുമുള്ള വെണ്‍വസ്ത്രധാരികള്‍.

ഒരു വെണ്‍വസ്ത്രധാരി മൈക്കിന് മുന്നില്‍നിന്ന് സംസാരിക്കുന്നു. അല്ല, ഗര്‍ജിക്കുന്നു. അദ്ദേഹം എതിരാളികളെ വെല്ലുവിളിച്ചു. നിലംപരിശാക്കി. കടിച്ചുകീറി. കേട്ടുനിന്ന പുരുഷാരം ഇരമ്പി. ആര്‍ത്തുവിളിച്ചു. ആവേശത്താല്‍ മൂര്‍ഛിച്ചു.

ഇമ്പുഹാജിയുടെ കണ്ണുകള്‍ തിളങ്ങി. മോണിറ്ററില്‍ കണ്ണ് നട്ടിരിക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ പഴയ പൂട്ട്കണ്ടമുണര്‍ന്നു. ആര്‍ത്തലക്കുന്ന പുരുഷാരം....ആര്‍പ്പുവിളികള്‍...ജയഭേരികള്‍.....ആവേശമൂര്‍ഛകള്‍.....

ഇമ്പുഹാജി പിന്നെ ദീനക്കിടക്കയില്‍ നിന്നിറങ്ങിയില്ല. 'നെയ്‌സാ'നെ ചീത്ത വിളിച്ചില്ല. പൊക്കനെയും കുഞ്ഞിക്കമ്മുവിനെയും രായിന്‍കുട്ടിയെയും വിളിച്ച് ഒച്ചവെച്ചില്ല.

'ചികിത്സ' ഫലിച്ചു. ഡോക്ടര്‍ ഫരീദ് മുഹ്‌യിദ്ദീന്റെ മുഖത്ത് സംതൃപ്തി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍