Prabodhanm Weekly

Pages

Search

2015 ജനുവരി 02

മതങ്ങളുടെ ആദിമ വിശുദ്ധി

ഡോ. ഫസലുര്‍റഹ്മാന്‍ ഫരീദി /പഠനം

         മാറ്റം, പുനഃസംവിധാനം എന്നിവയെക്കുറിച്ച് ഇസ്‌ലാമിന് തനതായ നിലപാടുണ്ട്. ജനങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാനാണ് സകല പ്രവാചകന്മാരെയും അയച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷേ പ്രവാചകാനുയായികളില്‍ ചിലര്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിക്കുകയും സത്യസന്ദേശത്തെ വികൃതമാക്കുകയും ചെയ്തു. അപ്പോള്‍ ദൈവത്തിലേക്ക് മടങ്ങുക എന്നതിന് സത്യസന്ദേശത്തിന്റെ സംശുദ്ധ രൂപത്തിലേക്ക് മടങ്ങുക എന്നും അര്‍ഥം സിദ്ധിക്കുന്നു. ഖുര്‍ആനല്ലാത്ത മറ്റു വേദഗ്രന്ഥങ്ങള്‍ക്ക് സത്യസന്ദേശത്തിന്റെ ആദിമ വിശുദ്ധി അവകാശപ്പെടാന്‍ കഴിയില്ല എന്നതാണ് സത്യം. ഖുര്‍ആന്‍ ഒരിക്കലും വേദപ്രോക്ത മതങ്ങളുടെ മൗലിക ഘടകങ്ങളെ ചോദ്യം ചെയ്തിട്ടില്ല. മുന്‍കാല പ്രവാചകന്മാരുടെ യഥാര്‍ഥ സന്ദേശമെന്തായിരുന്നോ അതിലേക്ക് മടങ്ങാന്‍ മാത്രമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ ഖുര്‍ആന്‍ തീര്‍ത്തും പുതുതായ ഒന്നല്ല; ദൈവപ്രോക്ത മതങ്ങളുടെ മൗലിക സത്തയില്‍ നിന്നുള്ള തിരിഞ്ഞ് നടത്തവുമല്ല. മറിച്ച്, യഥാര്‍ഥ വിശ്വാസസംഹിതക്ക് അംഗീകാരം നല്‍കുകയാണ് അത് ചെയ്യുന്നത്; സത്യപാതയില്‍ വന്നിട്ടുള്ള വ്യതിചലനങ്ങള്‍ക്കുള്ള തിരുത്തും.

സാധാരണ വേദപ്രോക്ത മതങ്ങളില്‍ പെടുത്തി കാണാറില്ലാത്ത ഹിന്ദുമതത്തിനും ഇത് ബാധകമാണ്. വളരെ പ്രാചീനമാണ് ഹിന്ദുമതം. അതിന്റെ ചരിത്ര വഴികള്‍ പലേടത്തും നിഗുഢതകളില്‍ മുങ്ങിക്കിടക്കുന്നു. പക്ഷേ ഹിന്ദുയിസം പോലുള്ള മതങ്ങളും പരമമായ സത്യത്തെയും ആത്മീയ മോക്ഷത്തെയും തന്നെയാണ് അന്വേഷിക്കുന്നത്. ഈ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഇടക്കെവിടെയോ വെച്ച് പരമ യാഥാര്‍ഥ്യത്തിന്റെ പൂര്‍ണത നഷ്ടപ്പെട്ടുപോയതായിരിക്കാം. ഇസ്‌ലാം മുന്നോട്ട്‌വെക്കുന്ന സത്യദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളെ പരിശോധിച്ച് നോക്കാവുന്നതാണ്.

ഖുര്‍ആന്റെ സന്ദേശം മുന്‍കാല വേദങ്ങളുടെ തുടര്‍ച്ചയാണെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും ഊന്നിപ്പറയുന്നുണ്ട്.

''നേരത്തെ നല്‍കപ്പെട്ട മുന്നറിയിപ്പുകളില്‍ ഒന്നാണിത്'' (53/56).

മുന്നറിയിപ്പുകാര്‍ ഓരോ സമൂഹത്തിനും വന്നിട്ടുണ്ടെന്നും പറയുന്നു.

''(പ്രവാചകരേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രം. എല്ലാ സമുദായത്തിനും ഓരോ മാര്‍ഗദര്‍ശകനുണ്ട്'' (13/7).

സത്യസന്ദേശം ലഭിച്ചതിന് ശേഷം സമൂഹം അക്കാര്യത്തില്‍ ഭിന്നിക്കുകയും പിന്നീടതിനെ വികലമാക്കുകയുമാണുണ്ടായത്.

''താങ്കളെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് ചെയ്യുന്നവനുമായി സത്യസന്ദേശത്തോടെ അയച്ചിരിക്കുന്നു. ഒരു മുന്നറിയിപ്പുകാരന്‍ വന്നുപോയിട്ടില്ലാത്ത ഒരൊറ്റ സമുദായവും ഇല്ല. ഇവര്‍ താങ്കളെ നിഷേധിക്കുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരും (ഇതുപോലെ) നിഷേധിച്ചിട്ടുണ്ട്. അവരുടെ ദൂതന്മാര്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായും ഏടുകളുമായും പ്രകാശിക്കുന്ന ഗ്രന്ഥവുമായുമാണ് അവരുടെ അടുത്ത് ചെന്നിരുന്നത്.'' (35/24-25).

വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ട സമൂഹങ്ങള്‍ സത്യത്തിലേക്ക് വഴികാട്ടുന്ന ആ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും അവയോട് മുഖംതിരിഞ്ഞിരിക്കുകയും ചെയ്തതായും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.

''തങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ച് കൊണ്ട് അല്ലാഹുവിങ്കല്‍നിന്ന് ദൈവദൂതന്‍ അവരുടെ അടുത്ത് വന്നപ്പോള്‍ വേദക്കാരിലെ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ പിറകിലേക്ക് വലിച്ചെറിഞ്ഞു; അവര്‍ ഒന്നും അറിയാത്തത് പോലെ.'' (2:101)

എന്തുകൊണ്ട് ഈയാളുകള്‍ വേദഗ്രന്ഥത്തെ അവഗണിച്ചു എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ ഭൗതിക താല്‍പര്യങ്ങളും ആര്‍ത്തിയും സ്ഥാനമോഹങ്ങളുമൊക്കെയാണ് അതിന് കാരണം. ജനങ്ങള്‍ക്ക് മേല്‍ പിടിമുറുക്കാനായി പൗരോഹിത്യം ദൈവിക വചനങ്ങളെ വികൃതമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ദൈവ സന്ദേശങ്ങളുടെ ഈ പരമ്പരകള്‍ പങ്ക്‌വെക്കുന്ന സമാനതകള്‍ എന്തൊക്കെയാണ്? മനുഷ്യന്‍ തിരിച്ച് വരണമെന്ന് ഇസ്‌ലാം പറയുന്ന ആ മൗലിക സത്യം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊന്നും നിഗൂഢതയില്‍ പൊതിഞ്ഞുവെക്കുകയല്ല ഇസ്‌ലാം ചെയ്യുന്നത്. അസന്ദിഗ്ധ ഭാഷയില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്ന കാര്യം, പ്രവാചകന്മാര്‍ പല കാലങ്ങളിലും പല ദേശത്തുമായാണ് വന്നതെങ്കിലും, അവര്‍ നല്‍കിയ സന്ദേശം ഒന്നു തന്നെയായിരുന്നു എന്നതാണ്.

''ഞാനല്ലാതെ വേറൊരു ദൈവമില്ല, അതുകൊണ്ട് എനിക്ക് വഴിപ്പെടുവിന്‍' എന്ന സന്ദേശം നല്‍കിയിട്ടല്ലാതെ താങ്കള്‍ക്ക് മുമ്പ് ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല.'' (21/25)

''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുകയും പിശാചിനെ കൈവെടിയുകയും ചെയ്യുക എന്ന സന്ദേശവുമായി നാം ഓരോ സമൂഹത്തിലേക്കും ദൂതനെ അയക്കുക തന്നെ ചെയ്തിട്ടുണ്ട്. അങ്ങനെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവരും, ദുര്‍മാര്‍ഗത്തില്‍ പെട്ടുപോയവരും അവരിലുണ്ട്.'' (16/36)

ചുരുക്കത്തില്‍, ഇസ്‌ലാമെന്നത് പണ്ടേക്കും പണ്ടേ നല്‍കപ്പെട്ടുപോന്ന അതേ ദൈവിക സന്ദേശം തന്നെയാണെന്നാണ് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം പറയുന്നത്; അത് സ്വീകരിക്കുക എന്നതിനര്‍ഥം ആദിമ വിശുദ്ധിയില്‍ ചെന്നെത്തുകയാണെന്നും.

സര്‍വമത സത്യവാദമോ?

ഇങ്ങനെ പറയുമ്പോള്‍ അത് സര്‍വമത സത്യവാദമാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ മതങ്ങളും ഒരുപോലെ സത്യമാണെന്ന് വാദിക്കുന്നത് ഇന്നൊരു ഫാഷനാണല്ലോ. വ്യത്യസ്ത മതങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ കുറച്ച്‌കൊണ്ട് വരാനാണ് ഇത്തരമൊരു വാദഗതി ഉയര്‍ത്തികൊണ്ട് വരുന്നത്. ഇസ്‌ലാമും മറ്റു മതങ്ങളും തമ്മില്‍ വ്യത്യസമൊന്നുമില്ല എന്ന് സ്ഥാപിക്കുകയാണ് ഇതിന്റെ പ്രധാന ഉന്നം. എല്ലാ മതങ്ങളെയും ഇല്ലാതാക്കുക എന്നത് അതിന്റെ അന്തിമ ഉന്നവും. മതങ്ങള്‍ അവയുടെ ഇന്നത്തെ അവസ്ഥയില്‍ ഒന്നാണെന്ന അഭിപ്രായം ഇസ്‌ലാമിന്നില്ല. മതങ്ങള്‍ അടിസ്ഥാനപരമായി ഒരേ ധര്‍മങ്ങളാണ് പങ്കുവെക്കുന്നതെന്നും അനുഷ്ഠാനങ്ങളില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നുമുള്ള വാദവും ഇസ്‌ലാമിന് സ്വീകാര്യമല്ല.

എല്ലാ വേദപ്രോക്ത മതങ്ങളും, ആ ഗണത്തില്‍ പെട്ടിട്ടില്ലാത്ത മതങ്ങളും ഒരേ സ്രോതസ്സില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നതാണ് ഇസ്‌ലാമിക വീക്ഷണം. പക്ഷേ കാലം പിന്നിട്ടപ്പോള്‍ പലതരം അബദ്ധ ധാരണകളും ആ മതങ്ങളില്‍ കടന്നുകൂടി. ആ മതങ്ങളെ സ്വീകരിച്ചിരുന്ന സമൂഹങ്ങള്‍ അവയില്‍ അവരുടെ വിചിത്ര ഭാവനകളും ജല്‍പ്പനങ്ങളും കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഇന്ന് നാം കാണുന്ന മിക്ക മതങ്ങളും അവയുടെ യഥാര്‍ഥ സ്വരൂപത്തില്‍ നിന്ന് പല രീതിയില്‍ വികൃതമാക്കപ്പെട്ടതാണ്. ഇസ്‌ലാമിന് മാത്രമാണ് അതിന്റെ തനതായ രൂപവും ഉള്ളടക്കവും നിലനിര്‍ത്താനായത്. മനുഷ്യര്‍ക്കതിനെ വികലപ്പെടുത്താനോ സ്വന്തം വക അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കാനോ സാധിച്ചിട്ടില്ല. ഈയൊരു പ്രത്യേകതയാണ് ഇസ്‌ലാമിനെ വേറിട്ടുനിര്‍ത്തുന്നത്.

അപ്പോള്‍ ദൈവത്തിലേക്കുള്ള ഇസ്‌ലാമിന്റെ ക്ഷണം, ഓരോ മതത്തോടും ആത്മപരിശോധന നടത്താനുള്ള ആഹ്വാനം കൂടിയാണ്. ഓരോ മതത്തിന്റെയും ഇന്നുള്ള രൂപമാണോ അതിന്റെ യഥാര്‍ഥ സ്വരൂപം എന്ന് അന്വേഷിക്കേണ്ടതുണ്ട്. അത്തരമൊരു അന്വേഷണം നടത്തുന്നപക്ഷം യഥാര്‍ഥ സന്ദേശത്തെയും ദൗത്യത്തെയും കണ്ടെത്താന്‍ പ്രയാസമുണ്ടാവുകയില്ല. ഈ നിലക്കുള്ള പഠനവും അന്വേഷണവുമാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ഓരോ മനുഷ്യനും തന്റെ സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമാവണമെന്നത് ഓരോ വിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹമാണ്. സ്‌നേഹത്തോടെയും യുക്തിദീക്ഷയോടെയുമാവണം ആ സന്ദേശ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നു ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (16/125).

ഉള്ള അവസ്ഥകള്‍ അപ്പടി നിലനിര്‍ത്തുകയല്ല (Status Quo), ശരിയായ ദിശയിലേക്കുള്ള മാറ്റം തന്നെയാണ് ഇസ്‌ലാം ലക്ഷമിടുന്നത്. അതിനര്‍ഥം ബഹുസ്വര സമൂഹങ്ങളില്‍ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് കൊണ്ട് ഈ ദൗത്യം നിര്‍വഹിക്കണം എന്നല്ല. സാമൂഹിക നിര്‍മാണ പ്രക്രയയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണം എന്നുമല്ല. ഈ രണ്ട് ആത്യന്തിക നിലപാടുകളും ജനങ്ങളുടെ മനസ്സും മസ്തിഷ്‌കവും മാറ്റാന്‍ ഗുണകരമല്ല.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍