Prabodhanm Weekly

Pages

Search

2015 ജനുവരി 02

ഞാനറിഞ്ഞ മുഹമ്മദ് നബി

കെ.കെ പരമേശ്വരന്‍ /കവര്‍‌സ്റ്റോറി

        മുഹമ്മദ് നബി ഒരു ചരിത്ര പുരുഷനാണ്. ഇതിഹാസ പുരുഷനല്ല. ചരിത്രത്തിന്റെ പകല്‍ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അമാനുഷികമോ, അതിമാനുഷികമോ ആയി ഒന്നും മുഹമ്മദ് നബി അവകാശപ്പെടുകയോ അനുയായികള്‍ അദ്ദേഹത്തില്‍ ആരോപിക്കുകയോ ചെയ്തിരുന്നില്ല.

നബി ഒരു രാജാവിന്റെയോ, പേരെടുത്ത വ്യാപാരിയുടെയോ, സാഹിത്യകാരന്റെയോ മകനായിരുന്നില്ല. മറിച്ച് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കൊപ്പവും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പവും നബിക്ക് സഞ്ചരിക്കാനായി. ഇതുകൊണ്ടാവാം നബി ഉത്തമ വ്യക്തിയായി മാറിയത്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ''നിങ്ങള്‍ക്ക് ദൈവദൂതനില്‍ ഒരുത്തമ ജീവിത മാതൃകയുണ്ട്'' (ഖുര്‍ആന്‍: 33-21) ജീവിക്കുന്ന ഖുര്‍ആന്‍ ആയിരുന്നു പ്രവാചകന്‍. സ്വന്തം കുടുംബ ബാധ്യതകള്‍ നിര്‍വഹിച്ച്, കടക്കാരുടെ കടം വീട്ടി, പാവപ്പെട്ടവരെ തുണക്കുകയും സഹായിക്കുകയും ചെയ്തിരുന്നു നബി. ആരെയും ശാസിക്കുകയോ, ആരോടെങ്കിലും പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. അക്രമികള്‍ക്ക് പോലും പൊറുത്തു കൊടുക്കുകയായിരുന്നു ചെയ്തത്. സൗമ്യനും, ദയാശീലനും ഉദാരഹൃദയനുമായിരുന്നു; സദാ ലോലനും കാരുണ്യശീലനുമായിരുന്നു.

വസ്ത്രധാരണത്തില്‍ ലാളിത്യം, ശുചിത്വം, ലളിതജീവിതം ഇവയായിരുന്നു നബി പിന്തുടര്‍ന്നിരുന്നത്. വിവേചനമില്ലാത്ത പെരുമാറ്റം, എല്ലാവരോടും ബഹുമാനം, വൃദ്ധന്മാരെ ബഹുമാനിക്കല്‍, അശരണരെയും, രോഗികളെയും ആശ്വസിപ്പിക്കല്‍, നന്മകല്‍പിക്കല്‍, കൊച്ചുകുട്ടികളോടുള്ള വാത്സല്യം, അതിഥി സല്‍ക്കാരം എന്നിവയിലും നബി മുന്‍പന്തിയിലായിരുന്നു. മനുഷ്യന്റെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്‍ സമൂലവും സര്‍വവ്യാപിയുമായ പരിവര്‍ത്തനമുളവാക്കിയ ആ ജീവിതം ചലനാത്മകവും ചൈതന്യവത്തുമായിരുന്നു.

ഇസ്‌ലാമിക തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട പണ്ഡിതന്മാര്‍ക്ക് നബി നല്‍കിയ നിര്‍ദേശം ഇങ്ങനെയാണ്: ''ആളുകളോട് വളരെ മര്യാദയായി പെരുമാറണം. ഒരിക്കലും പാരുഷ്യം കാണിക്കരുത്. എല്ലാവരോടും സൗമനസ്യം കാണിക്കണം. ആരെയും നിന്ദിക്കരുത്. വേദവിശ്വാസികളായ പലരും നിങ്ങളോട് ചോദിക്കും; സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമാര്‍ഗം ഏതാണെന്ന്. അവരോട് പറയണം, അത് ദൈവത്തിന്റെ സത്യത്തിനു സാക്ഷ്യം വഹിക്കലും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കലുമാണെന്ന്.''

നബിയുടെ വര്‍ണോജ്വലമായ വ്യക്തിത്വവും ആദ്യകാല മുസ്‌ലിംകളുടെ ആദര്‍ശധീരതയും ആത്മത്യാഗവും സര്‍വോപരി അതിന്റെ ആത്യന്തികമായ ആകര്‍ഷകതയുമായിരുന്നു ഇസ്‌ലാമിന്റെ പ്രചാരണത്തിന് നിദാനം. പ്രബോധനവും പ്രേരണയുമായിരുന്നു അതിനു സ്വീകരിക്കപ്പെട്ട മാര്‍ഗങ്ങള്‍. നിര്‍ബന്ധപൂര്‍വമായ മതപരിവര്‍ത്തനത്തിന്റെ മാര്‍ഗം നബിയും അനുചരന്മാരും പൂര്‍ണമായും നിരാകരിച്ചു. 

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും നബിയെ അടുത്തറിയുന്നവരുമായിരുന്നു ആദ്യകാലങ്ങളില്‍ നബിയെ അനുഗമിച്ചത്. ഖുര്‍ആന്‍ ചൊല്ലിക്കേട്ട് തെറ്റിദ്ധാരണ നീങ്ങിയതും ഹുദൈബിയ ഉടമ്പടി പ്രകാരമുളള അനുകൂല സാഹചര്യവും ഒട്ടേറെപേര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാകാന്‍ കാരണമായി. ഹിജ്‌റ പത്താം വര്‍ഷമാകുമ്പോഴേക്കും ഇസ്‌ലാമിന്റെ സ്വാധീനം യമന്‍, ബഹ്‌റൈന്‍, യമാമ, ഒമാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഹിജ്‌റക്ക് മുമ്പുതന്നെ യമനിലെ ഔസ് ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചു.

ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ തന്നെ ബഹ്‌റൈനിലും ഒമാനിലും നിരവധി മുസ്‌ലിംകളുണ്ടായിരുന്നു. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ സിറിയക്കാരായ നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചു. പ്രേരണയും പ്രചാരണവും സ്വേഛാനുസാരമുള്ള സ്വീകരണവും വഴിയാണ് ഇസ്‌ലാം പ്രചരിച്ചത്. മദീനയിലായിരുന്നു നബിതിരുമേനി തന്റെ അന്ത്യനാളുകള്‍ കഴിച്ചത്. ഈ കാലഘട്ടത്തിലദ്ദേഹം പ്രാര്‍ഥനകളില്‍ മുഴുകുകയും ജനങ്ങളെ മതതത്ത്വങ്ങള്‍ പഠിപ്പിക്കുകയും ഇസ്‌ലാം സ്വീകരിച്ച പ്രദേശങ്ങളെയും ഗോത്രങ്ങളെയും ഏകീകരിക്കുകയും, ഭരണപരവും നീതിന്യായപരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

നബിയുടെ ഏറ്റവും വലിയ സവിശേഷത തന്റെ അന്ത്യനാളുകളില്‍ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ വ്യക്തമാണ്. ''മുസ്‌ലിംകളേ, ഞാന്‍ നിങ്ങളിലാരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഞാനിതാ ഇവിടെയുണ്ട്. ആര്‍ക്കെങ്കിലും വല്ല കടവും ഞാന്‍ ബാക്കിവെച്ചിട്ടുണ്ടെങ്കില്‍ എന്റേതായുള്ള സര്‍വതും നിങ്ങള്‍ക്കുള്ളതാണ്.''

പിന്നീടദ്ദേഹം പൂര്‍വ സമൂഹങ്ങള്‍ നശിച്ചത് അവര്‍ അവരുടെ പ്രവാചകന്മാരുടെയും സന്യാസിമാരുടെയും ശവമാടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റിയതുകൊണ്ടാണെന്നും അത്തരം ദുരാചാരങ്ങള്‍ മുസ്‌ലിംകള്‍ സ്വീകരിക്കരുതെന്നും താക്കീത് ചെയ്തു. എല്ലാവര്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആശംസിച്ചുകൊണ്ടും അവരെ സ്വന്തം ബാധ്യതകളെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടും അദ്ദേഹം ഈ ഖുര്‍ആന്‍ സൂക്തം ഓതി കേള്‍പ്പിച്ചു. ''ഭൂമിയില്‍ ഔദ്ധത്യം നടിക്കുകയും നാശമുണ്ടാക്കുകയും ചെയ്യാനുദ്ദേശിക്കാത്തവര്‍ക്കാണ് ആ അന്ത്യഗൃഹം നാം പ്രദാനം ചെയ്യുക. ജീവിതത്തില്‍ സൂക്ഷ്മതയുളളവര്‍ക്കാണ് ആത്യന്തിക വിജയം'' (ഖുര്‍ആന്‍ 28:83).

പൊറുത്തു കൊടുക്കല്‍ കൊണ്ടും സ്‌നേഹപൂര്‍വമായ സഹവര്‍ത്തിത്വം കൊണ്ടും ഒരു മനുഷ്യനെ എങ്ങനെ നല്ലവനാക്കി മാറ്റാമെന്ന് മനസ്സിലാക്കണമെങ്കില്‍ മുഹമ്മദ് നബിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ദൈവത്തിങ്കലേക്ക് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും കൈപിടിച്ചുയര്‍ത്തുക എന്ന സന്ദേശമണ് മുഹമ്മദ് നബി നല്‍കിയത്. ഇതിലൂടെ സമാധാനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിക്കുക എന്നതും നബിയുടെ ഉദ്ദേശ്യമായിരുന്നു. ഉന്നതനായ ഗുരുവും വഴികാട്ടിയും പ്രവാചകനുമായിരുന്നു മുഹമ്മദ് നബി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍