പ്രവാചക ദൗത്യത്തിന്റെ കാതല്
മുസ്ലിം ലോകത്ത് പ്രവാചക സ്മരണ പൂത്തുലയുന്ന വസന്തമാണ് റബീഉല് അവ്വല്. ഈ വര്ഷവും പല രീതിയില് അത് കൊണ്ടാടപ്പെടുന്നുണ്ട്. വാസ്തവത്തില് പ്രവാചക സ്മരണക്ക് ഋതുഭേദമില്ല. മുസ്ലിം മനസ്സില് എന്നും വസന്തമാണതിന്. ഓരോ വിശ്വാസിയും മതാനുഷ്ഠാനമായി ദിനരാത്രങ്ങളില് പലവട്ടം പ്രവാചകനെ അനുസ്മരിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ട്. അനുഷ്ഠാനത്തിനപ്പുറം പ്രവാചക ചരിതത്തിന്റെ ആഴങ്ങളന്വേഷിക്കാനും ആ മഹിത വ്യക്തിത്വം ജനങ്ങള്ക്ക് പരിചയപ്പെടുത്താനുമുള്ള സാംസ്കാരികവും സര്ഗാത്മകവുമായ പരിപാടികള്ക്ക് ഉചിതമായി കണക്കാക്കപ്പെടുന്ന കാലമാണ് നബിയുടെ ജന്മമാസം. ചരിത്ര സന്ധി അതാവശ്യപ്പെടുന്നുമുണ്ട്. ജീവിതകാലം മുതലേ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് അന്ത്യപ്രവാചകന്റേത്. പണ്ടത് ചെയ്തിരുന്നത് ഇസ്ലാമിന്റെ വൈരികളായിരുന്നു. ഇന്നാകട്ടെ, വൈരികളെക്കാളേറെ അത് ചെയ്തുകൊണ്ടിരിക്കുന്നത് പ്രവാചകന്റെ അനുയായികളെന്നവകാശപ്പെടുന്ന ചിലരാണ്.
നൈജീരിയയില് ബോക്കോ ഹറാം, യമനില് അല്ഖാഇദ, ഇറാഖില് ഐസിസ്, അഫ്ഗാനിസ്താനിലും പാകിസ്താനിലും താലിബാന്.... ഇങ്ങനെ എണ്ണമറ്റ തീവ്രവാദി ഗ്രൂപ്പുകള്. എല്ലാവരും അവകാശപ്പെടുന്നത് തങ്ങള് മുഹമ്മദ് നബിയുടെ ആദര്ശചര്യകള് സംരക്ഷിക്കാനും നിലനിര്ത്താനും സമരം ചെയ്യുന്നവരാണെന്നാണ്. എന്നാല്, ചെയ്യുന്നതോ മുഹമ്മദീയ മാര്ഗത്തിന് കടകവിരുദ്ധമായ, അതിക്രൂരമായ അക്രമങ്ങളും കൂട്ടക്കുരുതികളും!? കഴിഞ്ഞവാരം പാകിസ്താനിലെ പെഷവാറില് ഏതാനും താലിബാന് ഭീകരര് ഒരു സ്കൂളില് കടന്നുകയറി ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നൂറ്റി അമ്പതോളം കുരുന്നുകളെ കൂട്ടക്കുരുതിക്കിരയാക്കിയതിനെ അപലപിക്കാനും ദുഃഖതീവ്രത പ്രകാശിപ്പിക്കാനും വാക്കുകള് കിട്ടാതെ പത്രമാധ്യമങ്ങള് പോലും വലഞ്ഞുപോയി. ഇതുപോലുള്ള ചെറുതും വലുതുമായ കിരാതകൃത്യങ്ങള് പല നാടുകളിലും നിത്യേനയെന്നോണം നടന്നുവരുന്നു. പ്രവാചകനെ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കാനും തല്പര കക്ഷികള്ക്ക് അതില് കൂടുതല് എന്താണ് വേണ്ടത്?! 9/11-ന് വേള്ഡ് ട്രേഡ് സെന്റര് തകര്ക്കപ്പെട്ടപ്പോള് അമേരിക്കയില് പ്രബോധന പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്ന ഒരു പണ്ഡിതന് പറഞ്ഞത്, ആ സംഭവം പാശ്ചാത്യ ലോകത്ത് ഇസ്ലാമിന്റെ വളര്ച്ച മൂന്നു പതിറ്റാണ്ട് പിന്നോട്ടടിപ്പിച്ചു എന്നാണ്. പിന്നോട്ടടിയുടെ കാലയളവ് മൂന്നു നൂറ്റാണ്ടായി വളര്ത്താനാണ് ഐസിസ്, താലിബാന് ആദിയായ തീവ്രവാദ ഭീകര ഗ്രൂപ്പുകള് പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില് മുഹമ്മദ് നബിയുടെയും ഇസ്ലാമിന്റെയും യഥാര്ഥ ചിത്രം ജനഹൃദയങ്ങളിലെത്തിക്കുന്നതിനു യുക്തമായ പരിപാടികളാസൂത്രണം ചെയ്യേണ്ടത് സത്യവിശ്വാസികളുടെ അനുപേക്ഷണീയമായ കര്ത്തവ്യമാകുന്നു.
മുഹമ്മദ് മുസ്ത്വഫാ(സ) പൂര്ണ മനുഷ്യന്-അല് ഇന്സാനുല് കാമില്- എല്ലാ നന്മകളുടെയും സാക്ഷാത്കാരം ആയിരുന്നു. പ്രബോധകന്, ദൈവഭക്തന്, ഭരണാധികാരി, സൈനികന്, കുടുംബനാഥന്, ധനികന്, വര്ത്തകന്, മര്ദിതന്... ഇങ്ങനെ എല്ലാ ജീവിതാവസ്ഥകളിലൂടെയും പ്രവാചകനെ വീക്ഷിക്കാം. പ്രബോധകന് എന്ന കോണിലൂടെ നോക്കിയാല് സഹജീവികളെ സത്യത്തിലേക്കും ധര്മത്തിലേക്കും നയിക്കാന് അത്യധ്വാനം ചെയ്യുന്ന പ്രവാചകനെ കാണാം. ഭരണാധികാരിയെ അന്വേഷിക്കുന്നവര്ക്ക് നീതിമാനായ ഭരണത്തലവനെ കാണാം. മര്ദിതന്റെ കോണിലൂടെ പ്രവാചകനെ നോക്കുന്നവര് മര്ദന പീഡനങ്ങള് ക്ഷമയോടെ, സഹനത്തോടെ നേരിട്ട് സ്വന്തം നിലപാടില് ഉറച്ചുനില്ക്കുന്ന അചഞ്ചലമായ ആദര്ശ സ്ഥൈര്യമുള്ള വ്യക്തിത്വത്തെയാണ് കാണുന്നത്. മാനവികതയുടെ കോണിലൂടെ നോക്കുന്നവര് അഗതികള്ക്കന്നം കൊടുക്കാന് പ്രയത്നിക്കുന്ന, അനാഥരെ ആദരിക്കുന്ന, അന്യരുടെ വേദനകളില് പങ്കുചേരുന്ന മനുഷ്യ സ്നേഹിയായ പ്രവാചകനെ കാണുന്നു. ഭക്തനായ പ്രവാചകനെ തെരയുന്നവര് ദൈവസ്മരണയാല് പ്രകമ്പിതനാകുന്ന, അര്ധ രാത്രികളില് നിദ്ര വെടിഞ്ഞ്, കാലില് നീരു വീങ്ങുവോളം നിന്ന് നമസ്കരിക്കുന്ന പരമഭക്തനെ കാണുന്നു. പ്രവാചകനിലെ സൈനികനെ അന്വേഷിക്കുന്നവര്ക്ക് യുദ്ധതന്ത്രജ്ഞനും ധീരശൂരനുമായ പടയാളിയെ കാണാം. എന്നാല് ഏതെങ്കിലും ഒരു കോണിലൂടെ മാത്രം പ്രവാചകനെ കണ്ട് അതാണ് ആ വ്യക്തിത്വം എന്നു വിലയിരുത്തുന്നത് മഹാ അബദ്ധമാകുന്നു. ഏതാണ്ട് എല്ലാ മനുഷ്യാവസ്ഥകളെയും ശരിയായി പ്രതിനിധീകരിക്കുന്നതാണ് പ്രവാചക ജീവിതം. ആ സാകല്യമാണ് അറിയേണ്ടതും അനുകരിക്കേണ്ടതും. അതാണ് യഥാര്ഥ പ്രവാചക സ്നേഹം.
'ലോകര്ക്ക് -ലില് ആലമീന്- ആകമാനം കരുണയായിട്ടാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത്' (21: 107) എന്നാണ് ഖുര്ആന് പ്രവാചക ദൗത്യത്തെ നിര്ണയിക്കുന്നത്. ലോകര്ക്ക്- ലില് ആലമീന്- എന്ന വാക്ക് മനുഷ്യര്ക്ക് പുറമെ തിര്യക്കുകളെയും അചേതന സൃഷ്ടികളെയും കൂടി ഉള്ക്കൊള്ളുന്നതാണ്. പ്രവാചകനിലൂടെ ലോകത്തിനു ലഭിച്ച അമൂല്യ നിധിയാണല്ലോ ഖുര്ആന്. അല്ലാഹു അതിനെ വിശേഷിപ്പിക്കുന്നത് സന്മാര്ഗ ദര്ശകവും ദൈവകാരുണ്യവുമായ വേദമെന്നും (6:157), പിന്തുടര്ന്നാല് ദൈവകാരുണ്യം സിദ്ധിക്കുന്ന അനുഗൃഹീത വേദമെന്നും (6:155) ആകുന്നു.മനുഷ്യരുടെ ക്ലേശത്തില് വ്യഥിതനും അവരുടെ ക്ഷേമത്തില് അതീവ തല്പരനുമായ ദൈവദൂതന് (9:128) എന്ന് പ്രവാചകനെയും പരിചയപ്പെടുത്തുന്നു. പ്രവാചകന്റെ സൗമ്യതയും അലിവും അല്ലാഹുവിന്റെ സവിശേഷമായ കാരുണ്യത്താലാകുന്നു (3:158) എന്നും പ്രസ്താവിച്ചിരിക്കുന്നു.
പ്രവാചകത്വത്തിന്റെ കാതലും പ്രവാചകന്റെ മൗലിക ഭാവവും, കനിവും കരുണയുമാണെന്നത്രെ ഈ ദൈവിക വചനങ്ങള് ചൂണ്ടിക്കാണിക്കുന്നത്.സ്നേഹ കാരുണ്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രവാചക ജീവിതം. പ്രബോധകന്, ജനനേതാവ്, യോദ്ധാവ്, ആത്മീയാചാര്യന്, മര്ദിതന്, ജേതാവ് തുടങ്ങിയ അവസ്ഥാന്തരങ്ങളിലൂടെയെല്ലാം പ്രകടമായത് മനുഷ്യ സ്നേഹത്തിന്റെ വൈവിധ്യമാര്ന്ന രൂപങ്ങളും താല്പര്യങ്ങളുമാണെന്ന് ആ ജീവിതം മനനം ചെയ്യുന്നവര്ക്ക് അനായാസം മനസ്സിലാകും. മനുഷ്യരനുഭവിക്കുന്ന എല്ലാ യാതനകളും ആ മനസ്സിനെ വേദനിപ്പിച്ചു. കുട്ടികള്ക്ക് അദ്ദേഹം സ്നേഹവാത്സല്യങ്ങള് പൂത്തുലയുന്ന പൂന്തോപ്പായിരുന്നു. സ്ത്രീകള്ക്ക് അവകാശങ്ങള് വകവെച്ചുകൊടുത്ത് ആദരിക്കുന്ന സംരക്ഷകനായിരുന്നു. അടിച്ചമര്ത്തപ്പെട്ടവര്ക്ക് വേണ്ടി പൊരുതുന്ന പടനായകന്, അവശന്മാര്ക്കും ആര്ത്തന്മാര്ക്കും ആശ്വാസമരുളുന്ന അത്താണി; തന്നെ ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പതിവാക്കിയ ഒരു സ്ത്രീ രോഗബാധിതയായി കിടപ്പിലാണെന്നറിഞ്ഞപ്പോള് അനുകമ്പയോടെ അവരെ സന്ദര്ശിച്ച് ആശ്വസിപ്പിച്ച കരുണാമയന്; തന്നെയും ശിഷ്യന്മാരെയും കഠിനമായി മര്ദിക്കുകയും നാട്ടില് നിന്ന് ആട്ടിയോടിക്കുകയും ചെയ്ത വിദ്വേഷികള് ഒടുവില് പരാജിതരും പതിതരുമായി പഞ്ചപുഛമടക്കി മുന്നില് വന്നു നിന്നപ്പോള് 'എനിക്ക് നിങ്ങളോട് ഒട്ടും പ്രതികാരമില്ല. നിങ്ങളെല്ലാം സ്വതന്ത്രരാകുന്നു' എന്ന് പ്രഖ്യാപിച്ച ഔദാര്യത്തിന്റെ പ്രതിരൂപം. മനുഷ്യര്ക്കപ്പുറം തിര്യക്കുകള്ക്കും പ്രകൃതിക്കുമെല്ലാം തിരുകാരുണ്യത്തിന്റെ തൂവല്സ്പര്ശം ലഭിച്ചിരുന്നു. പറവയും പാമ്പും പട്ടിയും പൂച്ചയുമൊക്കെ തിരുകാരുണ്യത്തിന്റെ പങ്കുകാരായിരുന്നതായി ചരിത്രത്തിന്റെ തങ്കത്താളുകളില് കാണാം. അതാണ് പ്രവാചക ചര്യ. പ്രവാചകന്റെ ആദര്ശങ്ങളുടെ വാഹകരും വക്താക്കളുമെന്നവകാശപ്പെടുന്നവര് പലപ്പോഴും സ്വന്തം ആദര്ശത്തിന്റെ പ്രയോഗ രൂപം നേര്വിപരീതമായി ധരിക്കുന്നു. അല്ലെങ്കില് ധരിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് അല്ലാഹു ലോകത്തിനാകെ കാരുണ്യമായി നിയോഗിച്ച പ്രവാചകന്റെയും ഖുര്ആന്റെയും അനുയായികള് എന്നു വാദിക്കുന്നവര് നൂറു കണക്കില് നിര്മലരായ കുരുന്നുകളെ നിഷ്ഠുരമായി കൊന്നൊടുക്കുന്നത്. ആയുധപ്പന്തയങ്ങളും കൂട്ടക്കുരുതികളും അരങ്ങുതകര്ക്കുന്ന ഈ ചരിത്ര ഘട്ടത്തില് പ്രവാചകത്വത്തിന്റെ കാതലും പ്രവാചക വര്യന്റെ മൗലിക ഭാവവുമായ സ്നേഹ കാരുണ്യങ്ങളിലൂടെയാണ് ആ വ്യക്തിത്വത്തിന്റെ മാറ്ററിയേണ്ടതും ലോകത്തിനു പരിചയപ്പെടുത്തേണ്ടതും.
Comments