Prabodhanm Weekly

Pages

Search

2015 ജനുവരി 02

കുട്ടികളെ സ്‌നേഹിച്ച പ്രവാചകന്‍

ഡോ. മുഹമ്മദ് കെ. പാണ്ടിക്കാട് /കവര്‍‌സ്റ്റോറി

         മുഹമ്മദ് നബി(സ) കുട്ടികളെ അത്യധികം സ്‌നേഹിച്ചിരുന്നു.  യുദ്ധരംഗങ്ങളില്‍പ്പോലും കുട്ടികളെ വധിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ അവരോട് കരുണകാണിക്കാത്തവന്‍ വിശ്വാസികളില്‍ പെടില്ലന്ന് പ്രഖ്യാപിച്ചു. കുട്ടികളോട് കുട്ടികളെപ്പോലെ പെരുമാറണം എന്ന് നബി പറയാറുണ്ടായിരുന്നു. കുട്ടികളോടുള്ള പ്രവാചകന്റെ സ്‌നേഹവും വാത്സല്യവും പ്രകടമാക്കുന്ന ഏതാനും സംഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കല്‍ നബി(സ) വെള്ളിയാഴ്ച ഖുത്വ്ബ നിര്‍വഹിച്ച്‌കൊണ്ടിരിക്കെ ചുവന്ന കുപ്പായമണിഞ്ഞ് ഹസനും  ഹുസൈനും പള്ളിയിലേക്ക് തുള്ളിച്ചാടി വരുന്നു. ഇത് കണ്ടയുടനെ മിമ്പറില്‍ നിന്നിറങ്ങിയ പ്രവാചകന്‍ രണ്ടുപേരെയും വാരിയെടുത്തുകൊണ്ട് പറഞ്ഞു: ''അല്ലാഹുവും റസൂലും പറഞ്ഞത് സത്യമാണ്. സമ്പത്തും സന്താനങ്ങളും പരീക്ഷണം തന്നെയാണ്. കുട്ടികള്‍ കളിച്ചുല്ലസിച്ച് വരുന്നത് കണ്ടപ്പോള്‍ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. പ്രഭാഷണം നിര്‍ത്തി ഇവരെ കയ്യിലെടുക്കേണ്ടി വന്നു.'' തുടര്‍ന്ന് വീണ്ടും മിമ്പറില്‍ കയറി ഖുത്വ്ബ പൂര്‍ത്തിയാക്കി (അഹ്‌ലുസ്സുനന്‍)

യഅ്‌ലബ്‌നു ഉമര്‍ (റ) പറയുന്നു: ഒരിക്കല്‍ നബി(സ) യുടെ കൂടെ നടന്ന് പോവുമ്പോള്‍ ഞങ്ങളെയൊരാള്‍ ഭക്ഷണത്തിന് ക്ഷണിച്ചു. ഉടനെ പ്രവാചകന്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന അലി(റ)യുടെ പുത്രന്‍ ഹുസൈന്റെ അടുത്തേക്കോടി. അവന്‍ നബിയെ അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ച്‌കൊണ്ടിരുന്നു. റസൂലാവട്ടെ അവനോടൊപ്പം കളിയിലും ചിരിയിലും മുഴുകി. അവസാനം അവനെ വാരിയെടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്ന് നബി പറഞ്ഞു: ''ഹുസൈന്‍ എന്നിലും ഞാന്‍ ഹുസൈനിലുമാണ്'' (ബുഖാരി, അഹ്മദ്, ഇബ്‌നുമാജ).

''ചില ദിവസങ്ങളില്‍ കൂടുതല്‍ ദീര്‍ഘിപ്പിച്ച് നമസ്‌ക്കരിക്കാനുദ്ദേശിക്കുമ്പോഴായിരിക്കും പിന്നില്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുക. അതോടെ, അവന്റെ മാതാവിന്റെ മനസ്സ് വേദനിക്കാതിരിക്കാന്‍ പെട്ടെന്ന് നമസ്‌കാരം പൂര്‍ത്തിയാക്കും'' (ബുഖാരി, മുസ്‌ലിം).

ഉമ്മു ഖാലിദ് പറയുന്നു: ബാലികയായിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ പിതാവിനോടൊപ്പം നബി(സ)യുടെ അടുത്ത് ചെന്നു. മഞ്ഞ വസ്ത്രമണിഞ്ഞിരുന്ന എന്നെ നബി (സ) അടുത്തേക്കിരുത്തി. ഞാന്‍ നബിയുടെ മോതിരം പിടിച്ച് വലിച്ച് കൊണ്ടിരുന്നപ്പോള്‍ വാപ്പയെന്നെ വിലക്കി. അപ്പോള്‍ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''മോളേ, നീ കളിക്കുക, നിനക്കല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ,''

അബ്ദുല്ലാഹിബ്‌നു ആമിര്‍ (റ) പറയുന്നു:  ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളെ സന്ദര്‍ശിക്കാനെത്തി. ഞാനന്ന് ചെറിയ കുട്ടിയായിരുന്നു. അപ്പോള്‍ എന്റെ മാതാവ് എന്നോട് പറഞ്ഞു: ''മോനേ, ഇങ്ങോട്ട് വാ, നിനക്ക് ഞാനൊരു സാധനം നല്‍കാം....''

''നീ എന്താണവന് നല്‍കാനുദ്ദേശിച്ചത്'' തിരുമേനി ചോദിച്ചു. 

ഉമ്മ: ''ഒരു കാരക്ക.''

റസൂല്‍: ''നീ അവനത് നല്‍കിയില്ലെങ്കില്‍ ഒരു കള്ളം പറഞ്ഞതായി രേഖപ്പെടുത്തും'' (അബൂദാവൂദ്).

സഹ്‌ലുബ്‌നു സഅ്ദ് അസ്സാഇദി (റ) പറയുന്നു. അല്ലാഹുവിന്റെ റസൂലിന് ആരോ ഒരു പാനീയം നല്‍കി. നബിയുടെ വലത് ഭാഗത്ത് ഒരു കുട്ടിയും ഇടത് ഭാഗത്ത് വൃദ്ധന്മാരുമാണുണ്ടായിരുന്നത്. നബി(സ) കുട്ടിയോട് ചോദിച്ചു: ''ബാക്കിയുള്ളത് ഞാനവര്‍ക്ക് നല്‍കട്ടെ?''

കുട്ടിയുടെ മറുപടി: ''അരുത്, അല്ലാഹുവാണ,  തിരുദൂതരില്‍ നിന്ന് എനിക്ക് ലഭിക്കേണ്ട വിഹിതം മറ്റൊരാള്‍ക്കും ഞാന്‍ നല്‍കുകയില്ല'' (മുവത്വ).

ശദാദ്ബ്‌നു ഹാദ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഇശാ നമസ്‌കാരത്തിനു ഹസനെയോ ഹുസൈനെയോ എടുത്ത്  കൊണ്ടു വന്നു. കുട്ടിയെ താഴെ വെച്ച് നമസ്‌കരിക്കുവാനായി മുന്നോട്ട് വന്നു. തക്ബീര്‍ ചൊല്ലി, നമസ്‌കാരം ആരംഭിച്ചു. ഇടക്കൊരു സുജൂദ് വളരെ നീണ്ടു നിന്നു. ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ സുജൂദിലുള്ള പ്രവാചകന്റെ പുറത്ത് കുട്ടി കയറിയിരിക്കുന്നതാണ് കണ്ടത്്. തുടര്‍ന്ന് ഞാന്‍ സുജൂദിലേക്ക് മടങ്ങി. നമസ്‌കാരം കഴിഞ്ഞയുടനെ ആളുകള്‍ ചോദിച്ചു, 

''അല്ലാഹുവിന്റെ റസൂലേ.. നമസ്‌കാരത്തില്‍ ഒരു സുജൂദ് വളരെ നീണ്ടു പോയല്ലോ. താങ്കള്‍ക്കെന്തെങ്കിലും അത്യാഹിതം സംഭവിച്ചെന്നോ വഹ്‌യ് അവതരിച്ചുവെന്നോ വിചാരിച്ചു.'' ഇതിനു നബിയുടെ മറുപടി ഇപ്രകാരമായിരുന്നു:  ''അതൊന്നുമല്ല, എന്റെ കുട്ടിയെന്നെ വാഹനമാക്കി. അവന്റെ കളി തീരുന്നതിനു മുമ്പ് തലയുയര്‍ത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല'' (അഹ്മദ്).

ജാബിര്‍ (റ) ഉദ്ധരിക്കുന്നു: ''ഞാനൊരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാലു കാലില്‍ ഇഴയുന്നതാണ് കണ്ടത്. മുതുകില്‍ ഹസനും ഹുസൈനും കയറിയിരിക്കുന്നു. റസൂല്‍ (സ) ഇപ്രകാരം പാടുന്നുണ്ടായിരുന്നു: നിങ്ങളുടെ ഒട്ടകം എത്ര നല്ല ഒട്ടകം, നിങ്ങള്‍ യാത്രക്കാര്‍ എത്ര നല്ല യാത്രക്കാര്‍'' (ത്വബ്‌റാനി).

അനസ്(റ) പറയുന്നു: ''കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. മകന്‍ ഇബ്‌റാഹീം മദീനയിലെ കുടുംബാംഗങ്ങള്‍ക്കിടയില്‍ മുലകുടിക്കുന്ന പ്രായത്തില്‍ പ്രവാചകന്‍ മകനെ കാണാന്‍ പുറപ്പെടും. ഞങ്ങളും അദ്ദേഹത്തോടൊപ്പം പോകും. അദ്ദേഹം വീട്ടില്‍ കയറി മകനെ എടുത്ത് ചുംബിച്ച് തിരിച്ചു പോരും'' (മുസ്‌ലിം).

മക്കളെ ചുംബിക്കുന്നവരായിരുന്നില്ല അക്കാലത്തെ അധികമാളുകളും, പ്രത്യേകിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകള്‍. ഒരിക്കല്‍ പ്രവാചകന്‍ തന്റെ കുഞ്ഞിനെ ചുംബിക്കുന്നത് കണ്ട് ഒരു സ്വഹാബി ചോദിച്ചു: ''പ്രവാചകരേ, അങ്ങ് താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ? അല്ലാഹുവാണ, എനിക്ക് പത്ത് മക്കളുണ്ട്, ഒരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല.'' പ്രവാചകന്‍ ദേഷ്യത്തോടെ അദ്ദേഹത്തിന് മറുപടി നല്‍കി: ''കാരുണ്യം കാണിക്കാത്തവര്‍ കാരുണ്യത്തിന് അര്‍ഹരാവുകയില്ല''  (ബുഖാരി).

ബറാഅ് (റ) പറയുന്നു: ഒരിക്കല്‍ ഞാന്‍  പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ പേരക്കുട്ടിയായ ഹസനുബ്‌നു അലിയുണ്ട്. പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു: ''അല്ലാഹുവേ ഇവനെ ഞാന്‍ ഇഷ്ടപ്പെടുന്നു, നീയും ഇവനെ ഇഷ്ടപ്പെടേണമേ'' (ബുഖാരി).

യഅ്‌ലാ ബിന്‍ മുര്‍റ  പറയുന്നു: ''ഒരിക്കല്‍ ഞാന്‍ നബിയോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങി. വഴിയില്‍ വെച്ച് ഹുസൈനുബ്‌നു അലി കളിക്കുന്നത് കണ്ട് പ്രവാചകന്‍ ഹുസൈനെ എടുക്കാന്‍ കൈ നീട്ടി. ഉടന്‍ കുട്ടികളെല്ലാം ഓടി വന്നു. പ്രവാചകന്‍ അവരോടൊപ്പം ചേര്‍ന്ന് ചിരിച്ചുകൊണ്ട് ഉസാമത്തുബ്‌നു സൈദിനെയും ഹസനുബ്‌നു അലിയ്യിനെയും എടുത്ത് തന്റെ തുടയില്‍ വെച്ചു. കുട്ടികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. നബി(സ) ഇരുവരെയും ചേര്‍ത്തുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവേ.... ഞാന്‍ ഇവരോട് കാരുണ്യം കാണിക്കുന്നു, നീയും ഇവര്‍ക്ക് കരുണ ചെയ്യേണമേ'' (ബുഖാരി).

ജാബിറുബ്‌നു സംറ (റ) റിപ്പോര്ട്ട്  ചെയ്യുന്നു: ''ഞാന്‍ പ്രവാചകന്റെ കൂടെ നമസ്‌കരിച്ചു. ശേഷം നബി വീട്ടിലേക്ക് പുറപ്പെട്ടു, ഞാനും കൂടെ പുറപ്പെട്ടു. അപ്പോള്‍ കുറെ കുട്ടികള്‍ വന്ന് പ്രവാചകനെ സ്വീകരിച്ചു. നബി അവരുടെ ഓരോരുത്തരുടെയും കവിള്‍ തലോടി, എന്റെ കവിളും തലോടി. അപ്പോള്‍ എനിക്ക് തണുപ്പും നല്ല അത്തറിന്റെ സുഗന്ധവും അനുഭവപ്പെട്ടു'' (മുസ്‌ലിം). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍