Prabodhanm Weekly

Pages

Search

2015 ജനുവരി 02

പ്രവാചകന്‍ പ്രതികാര ദാഹിയായിരുന്നില്ല

ശൈഖ് മുഹമ്മദ് കാരകുന്ന് /കവര്‍‌സ്റ്റോറി

         ആദര്‍ശ പ്രബോധനമായിരുന്നു പ്രവാചകന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. സത്യസന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുക, അതിന്റെ പ്രതിനിധാനം പൂര്‍ണതയോടെ നിര്‍വഹിക്കുക. ജനങ്ങളോടുള്ള സ്‌നേഹകാരുണ്യ വികാരമാണ് അവരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത്; അത് സ്വീകരിച്ച് അവര്‍ വിജയം വരിക്കണമെന്ന ആഗ്രഹവും, നിരാകരിച്ച് നരകാവകാശികളാകരുതെന്ന മോഹവും. സത്യപ്രബോധനം നിര്‍വഹിക്കുമ്പോഴുള്ള പ്രവാചകന്റെ മാനസികാവസ്ഥ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നു: ''ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകേ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം'' (18:6). ''അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം''(26:3). ''അവരെക്കുറിച്ചോര്‍ത്ത് കൊടുംദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല'' (35:8).

നബി സത്യസന്ദേശത്തിന്റെ പ്രചാരണം ആരംഭിച്ചതോടെ എതിര്‍പ്പുകളും തുടങ്ങി. ആദ്യത്തില്‍ വളരെ കുറച്ചുപേരേ പ്രവാചകനെ പിന്തുടര്‍ന്നുള്ളൂ. മഹാഭൂരിപക്ഷവും എതിര്‍ചേരിയില്‍ നിലകൊണ്ടു. അവര്‍ പ്രവാചകനെ പരിഹസിച്ചു. രൂക്ഷമായി ആക്ഷേപിച്ചു. ആരോപണങ്ങളുന്നയിച്ചു. അനുയായികളെ പീഡിപ്പിച്ചു. കടുത്ത അക്രമമര്‍ദനങ്ങളഴിച്ചുവിട്ടുകൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഒരു പ്രബോധകന്‍ എതിര്‍പ്പുകളെയും അക്രമ പ്രവര്‍ത്തനങ്ങളെയും നേരിടേണ്ടതെന്ന് അല്ലാഹു തന്നെ വ്യക്തമാക്കുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടു തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35)

ഇസ്‌ലാമിക പ്രബോധകന്‍ സ്വീകരിക്കേണ്ട സമീപനമെന്തെന്ന് സംശയത്തിനിടമില്ലാതെ ഖുര്‍ആനിവിടെ വ്യക്തമാക്കുന്നു. ഇതിന്റെ വിശദീകരണത്തില്‍ സയ്യിദ് മൗദൂദി എഴുതുന്നു: ''തിന്മയെ കേവലം നന്മ കൊണ്ടു നേരിടുക എന്നല്ല, പ്രത്യുത വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നന്മ കൊണ്ട് നേരിടുക എന്നതാണ്. അതായത്, ഒരാള്‍ നിങ്ങളോട് തിന്മ ചെയ്യുകയും നിങ്ങള്‍ അയാള്‍ക്ക് മാപ്പ് കൊടുക്കുകയുമാണെങ്കില്‍ അത് വെറുമൊരു നന്മയാണ്. നിങ്ങളോടു ദുഷിച്ച രീതിയില്‍ പെരുമാറിയ ആളോട് നിങ്ങള്‍ക്ക് അവസരം കിട്ടുമ്പോള്‍ ഏറ്റം ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുക എന്നതാണ് ഉന്നത നിലവാരത്തിലുള്ള നന്മ. ബദ്ധശത്രു പോലും പിന്നീട് ആത്മമിത്രമായിത്തീരുന്നു എന്നതാണ് അതിന്റെ ഫലമായി പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അതാണ് മനുഷ്യപ്രകൃതി. ശകാരത്തിന്റെ മുമ്പില്‍ നിങ്ങള്‍ മൗനം പാലിച്ചാല്‍ തീര്‍ച്ചയായും അതൊരു നന്മയാണ്. പക്ഷേ, അതുകൊണ്ട് ശകാരക്കാരന്റെ നാവടക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ശകാരത്തിന്റെ മറുപടിയായി, ശകാരിക്കുന്നവനുവേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ ഏറ്റം നിര്‍ലജ്ജനായ വൈരി പോലും ലജ്ജിച്ചുപോകും. പിന്നെ, വളരെ പ്രയാസത്തോടുകൂടിയേ നിങ്ങളെ പുലഭ്യം പറയാന്‍ അയാള്‍ക്ക് വാ തുറക്കാന്‍ കഴിയൂ. ഒരാള്‍ നിങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന ഒരവസരവും കൈവിടാതിരിക്കുകയും നിങ്ങള്‍ അയാളുടെ അതിക്രമങ്ങളെല്ലാം നിശ്ശബ്ദം സഹിച്ചുപോരുകയും ചെയ്താല്‍ അയാള്‍ തന്റെ ദുഷ്ടതകളില്‍ കൂടുതല്‍ ഉത്സുകനായി എന്നുവരാം. പക്ഷേ, അവന് കഷ്ടത നേരിടുന്ന ഒരവസരം വരുമ്പോള്‍ നിങ്ങള്‍ അവനെ രക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വരും. കാരണം ആ നന്മയെ എതിരിടുക ഏതു ദുഷ്ടതക്കും നന്നെ പ്രയാസകരമാകുന്നു. എന്നാല്‍ ഉന്നത നിലവാരത്തിലുള്ള നന്മ കൊണ്ട് ഏതു ശത്രുവും ആത്മമിത്രമായിത്തീരുക അനിവാര്യമാണെന്ന് ഈ പൊതുതത്ത്വത്തിന് അര്‍ഥം കല്‍പ്പിക്കുന്നത് ശരിയായിരിക്കുകയില്ല. ഈ ലോകത്ത് ദുഷ്ട മനസ്‌കരായ ചില ആളുകള്‍ ഇങ്ങനെയുമുണ്ട്. അവരുടെ അതിക്രമങ്ങള്‍ പൊറുക്കുന്നതിലും തിന്മക്ക് നന്മ കൊണ്ടും ശ്രേഷ്ഠത കൊണ്ടും മറുപടി കൊടുക്കുന്നതിലും നിങ്ങള്‍ എത്ര തന്നെ പൂര്‍ണത കാണിച്ചാലും അവരുടെ വിഷസഞ്ചിയില്‍ അണു അളവ് കുറവുണ്ടാവുകയില്ല. എങ്കിലും ഇത്തരം ദുഷ്ടതയുടെ പ്രതിരൂപമായ ആളുകള്‍, നന്മയുടെ പ്രതിരൂപമായ ആളുകളോളം തന്നെ വിരളമായേ കാണപ്പെടൂ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാള്യം:4 സൂറഃ ഫുസ്സ്വിലത്ത് 37-ാം വ്യാഖ്യാനക്കുറിപ്പ്).

നബി(സ), അല്ലാഹു ആജ്ഞാപിച്ചപോലെ തിന്മയെ ഏറ്റം നല്ല നന്മ കൊണ്ട് തടയുന്നവനായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രത്തെ നയിക്കുന്ന ഭരണാധികാരിയാകുന്നതുവരെയുള്ള പ്രബോധന കാലത്ത് ആയുധമെടുക്കുകയോ അനുയായികളെ അതെടുക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല.

പ്രവാചകന്‍ പ്രബോധനം ചെയ്ത ആദര്‍ശം അക്കാലത്തെ അറബികള്‍ക്ക് അപരിചിതമായിരുന്നു. അക്കാരണത്താല്‍ തന്നെ അത് പിന്തുടര്‍ന്നവര്‍ എതിരാളികളുടെ കാഴ്ചപ്പാടില്‍ ധിക്കാരികളായിരുന്നു; അഥവാ തങ്ങളുടെ കുലദൈവങ്ങളെ ആദരിക്കാത്തവര്‍, പാരമ്പര്യങ്ങളെ പുഛിച്ചുതള്ളിയവര്‍, ആചാരങ്ങളനുഷ്ഠിക്കാത്തവര്‍, അധികാരം വകവെക്കാത്തവര്‍, സമൂഹത്തില്‍ കുഴപ്പവും കലാപവും ഛിദ്രതയും ഭിന്നതയുമുണ്ടാക്കുന്നവര്‍. അതിനാല്‍ സമൂഹം ഈ നവജാത സംഘത്തെ നശിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പുതിയ മതത്തെ പിഴുതെറിയാനും അതിന്റെ പ്രവാചകനെയും അനുയായികളെയും ഇല്ലാതാക്കാനും ശ്രമിച്ചു. പ്രവാചകന്‍ ഒരു ദിവസം കഅ്ബയില്‍ ഏകദൈവ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. അതോടെ തങ്ങളുടെ ദേവാലയത്തെ നിന്ദിച്ചുവെന്ന് ആക്രോശിച്ച് ഖുറൈശികള്‍ ഓടിക്കൂടി നബിയെ വളഞ്ഞുവെച്ചു. ഉമ്മുഹാലയുടെ വീട്ടിലുണ്ടായിരുന്ന ഹാരിസ് ബ്‌നു ഉബയ്യ് നബിയെ രക്ഷിക്കാന്‍ ഓടിയെത്തി. പക്ഷേ, ശത്രുക്കള്‍ അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തി. അറേബ്യയുടെ മണ്ണിലെ സത്യാസത്യ സംഘട്ടനത്തിലെ ആദ്യ രക്തസാക്ഷി. തന്നെ രക്ഷിക്കാനിറങ്ങിയ ഹാരിസിന്റെ രക്തസാക്ഷ്യം പ്രവാചകനെ അലോസരപ്പെടുത്തിയെങ്കിലും പൂര്‍ണമായും ക്ഷമിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമൊക്കെ പ്രവാചകന് പരിഹാസവും പുലഭ്യവുമാണ് അനുഭവിക്കേണ്ടിവന്നത്. വൈകാതെ അത് ശാരീരിക അതിക്രമമായി മാറി. നബി(സ) നടന്നുപോകുന്ന വഴിയില്‍ മുള്ളു വിതറാന്‍ തുടങ്ങി. നമസ്‌കാര സമയത്ത് കുട്ടികളെ വിട്ട് കലപില കൂട്ടി. സുജൂദിലായിരിക്കെ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലിട്ടു. അദ്ദേഹം നടക്കുന്ന വഴിയില്‍ അബൂലഹബും ഭാര്യയും കുതിരച്ചാണകവും മാലിന്യവും മുള്ളുകളും കൊണ്ടിട്ടു. എന്നും ഇത് വൃത്തിയാക്കാന്‍ നബിക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വന്നു.

ഒരിക്കല്‍ നബി നടന്നുപോകവെ ഒരാള്‍ തലയില്‍ മണ്ണ് വാരിയിട്ടു. ഒന്നും സംഭവിച്ചിട്ടില്ലാത്തവിധം പ്രവാചകന്‍ വീട്ടിലേക്കുപോയി. ഇതു കാണാനിടയായ കൊച്ചുമകള്‍ ഫാത്വിമ പൊട്ടിക്കരഞ്ഞു. പ്രവാചകന്‍ അവരെ ആശ്വസിപ്പിക്കുകയായിരുന്നു. മറ്റൊരിക്കല്‍ നബി(സ) ഹറമില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഖുറൈശി പ്രമുഖന്‍ ഉഖ്ബത് വിരിപ്പ് ചുരുട്ടിക്കൂട്ടി അദ്ദേഹത്തിന്റെ കഴുത്ത് ഞെരിച്ചു. തദ്ഫലമായി അവിടുത്തെ ഇരുതോളിലെയും രോമം ഉരിഞ്ഞുപോയി. ബനൂഹാശിം പ്രതികാരം ചെയ്യുമെന്ന ഭയമാണ് പ്രവാചകനെ വധിക്കുന്നതിന് അവര്‍ക്കു മുമ്പില്‍ വിഘാതമായി നിന്നത്. അബൂത്വാലിബിന്റെ സംരക്ഷണം അവസാനിപ്പിച്ചാല്‍ എല്ലാം നേരെയാകുമെന്ന് ഖുറൈശി നേതാക്കള്‍ വിശ്വസിച്ചു. രക്തച്ചൊരിച്ചിലൊഴിവാക്കി പ്രവാചകന്റെ ശല്യം തീര്‍ക്കാമെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ സഹോദര പുത്രന് നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കാന്‍ അബൂത്വാലിബിനോട് ആവശ്യപ്പെടാന്‍ പ്രബലമായ ഒരു ദൗത്യസംഘത്തെ നിയോഗിച്ചു. ഉത്ബത് ബ്‌നൂ റബീഅഃ, അബൂസുഫ്‌യാന്‍, അബജഹ്ല്‍, വലീദ്ബ്‌നു മുഗീറ, ആസ്വ്ബ്‌നു വാഇല്‍, നബീഹ്ബ്‌നു ഹജ്ജാജ്, മുനബ്ബിഹ്ബ്‌നു ഹജ്ജാജ്, അസ്‌വദ് ബ്‌നു അബ്ദില്‍ മുത്വലിബ്, അബുല്‍ ബുഹ്തരി എന്നിവരടങ്ങുന്നതായിരുന്നു സംഘം. അതൊട്ടും ഫലം ചെയ്തില്ല. അബൂത്വാലിബ് പ്രവാചകന് നല്‍കിക്കൊണ്ടിരുന്ന സംരക്ഷണം തുടര്‍ന്നു. അതിനാല്‍ ഏറെക്കാലം കഴിയും മുമ്പെ യുദ്ധഭീഷണിയുമായി മറ്റൊരു സംഘം അബൂത്വാലിബിനെ സമീപിച്ചു. പ്രവാചകനെ വിട്ടുകൊടുക്കണമെന്നും പകരം അമ്മാറ് ബ്‌നു വലീദിനെ നല്‍കാമെന്നും പറഞ്ഞാണ് മൂന്നാമത്തെ സംഘം അബൂത്വാലിബിനെ സമീപിച്ചത്. അവരുടെ വിലകെട്ട നിര്‍ദേശത്തെ തള്ളിക്കളയുകയായിരുന്നു അബൂത്വാലിബ്.

പ്രവാചകന്റെ അടുത്ത അനുയായികളിലൊരാളായ ഖബ്ബാബ് ബ്‌നുല്‍ അറത്, ഉമ്മു അമ്മാറയുടെ അടിമയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഖുറൈശികള്‍ തീക്കട്ടകളില്‍ കിടത്തി  അദ്ദേഹത്തെ പൊള്ളലേല്‍പ്പിച്ചു. ചെരിഞ്ഞും മറിഞ്ഞും കിടക്കാതിരിക്കാനായി ഒരാള്‍ മാറില്‍ കയറി നിന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ മരണം വരെ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

ബിലാലുബ്‌നു റബാഹിനെ യജമാനന്‍ ഉമയ്യത്ബ്‌നു ഖലഫും കൂട്ടാളികളും ക്രൂരമായി മര്‍ദിച്ചതിന്റെ കഥകള്‍ സുവിദിതമാണ്. സുമയ്യാ ബീവിയെ അബുജഹ്ല്‍ അടിച്ചുകൊന്നു.  ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണ് അവര്‍. എല്ലാം കണ്ടും കേട്ടും മനസ്സലിഞ്ഞ പ്രവാചകന്‍ ആ കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ''യാസിര്‍ കുടുംബമേ ക്ഷമിക്കൂ. നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്ഥലം സ്വര്‍ഗമാണ്.''

റോമക്കാരനായ സുഹൈബ്, സ്വഫ്‌വാനുബ്‌നു ഉമയ്യയുടെ അടിമയായിരുന്ന ഫകൈഹ ജുഹ്‌നി, ഉമറ്ബ്‌നുല്‍ ഖത്വാബിന്റെ അടിമ സ്ത്രീകളായിരുന്ന ലുബൈന, സുഹൈറ തുടങ്ങിയവരെല്ലാം കൊടുംപീഡനങ്ങളേറ്റു വാങ്ങേണ്ടിവന്ന വിശ്വാസികളാണ്. പ്രമുഖ കുടുംബാംഗങ്ങളായ ഉസ്മാനുബ്‌നു അഫ്ഫാന്‍, സുബൈറുബ്‌നുല്‍ അവ്വാം, സഈദ്ബനു സൈദ്, സഅദ് ബ്‌നു അബീ വഖാസ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂദര്‍റ്, ഉമ്മുശുറൈക്-ഇങ്ങനെ ഇസ്‌ലാം സ്വീകരിച്ച എല്ലാവരും ഏതെങ്കിലും വിധത്തിലുള്ള അക്രമ മര്‍ദനങ്ങള്‍ക്കിരകളായി.

ഈയൊരു പശ്ചാത്തലത്തിലാണ് പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം പതിനൊന്ന് പുരുഷന്മാരും നാലു സ്ത്രീകളുമുള്‍പ്പെടുന്ന പതിനഞ്ചംഗ വിശ്വാസികളുടെ സംഘം എത്യോപ്യയിലേക്ക് പരമ രഹസ്യമായി പലായനം ചെയ്തത്. അവിടേക്കുപോയ രണ്ടാമത്തെ സംഘത്തില്‍ 85 പുരുഷന്മാരും 17 സ്ത്രീകളുമുണ്ടായിരുന്നു.

ഖുറൈശികള്‍ ഇതുകൊണ്ടൊന്നും തൃപ്തരായില്ല. പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍ എല്ലാ അറബി ഗോത്രങ്ങളും ചേര്‍ന്ന് ബനൂഹാശിമിനെ ഉപരോധിക്കാന്‍ തീരുമാനിച്ചു. കുടിവെള്ളവും ഭക്ഷ്യസാധനങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിച്ച് പൂര്‍ണ ബഹിഷ്‌കരണം. നബിയെ കൊല്ലാന്‍ കൊടുത്താല്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്നതായിരുന്നു അവരുടെ തീരുമാനം. ഈ ഉപരോധം ഏകദേശം മൂന്നു കൊല്ലം നീണ്ടുനിന്നു. അവസാനം അവര്‍ തന്നെ അതിനറുതി വരുത്തി.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം പ്രിയപത്‌നി ഖദീജയും പിതൃവ്യന്‍ അബൂത്വാലിബും പരലോകം പ്രാപിച്ചു. അതോടെ പ്രവാചകന് സംരക്ഷണമേകാന്‍ ആരുമില്ലാതായി. ഈ അവസരം ഉപയോഗിച്ച് എതിരാളികള്‍ അദ്ദേഹത്തിന്റെ മേല്‍ ചാടി വീണു. പലതരം ആക്രമണങ്ങളും അഴിച്ചുവിട്ടു. അങ്ങനെ മക്കയില്‍ ജീവിതം അസാധ്യമായിവന്നതോടെ ത്വാഇഫിലെ അടുത്ത ബന്ധുക്കളെ സമീപിച്ച് അഭയം തേടി. സഖീഫ് ഗോത്രനേതാക്കളായ അബ്ദുയാലൈല്‍, മസ്ഊദ്, ഹബീബ് എന്നിവരോടാണ് സഹായവും സംരക്ഷണവും ആവശ്യപ്പെട്ടത്. അവരതംഗീകരിച്ചില്ലെന്നു മാത്രമല്ല പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്തു. അതോടൊപ്പം തെരുവു പിള്ളേരെ വിട്ട് കൂക്കിവിളിക്കുകയും അസഭ്യം പറയിപ്പിക്കുകയും കല്ലെറിയിക്കുകയും ചെയ്തു. അവര്‍ പ്രവാചകന്റെ കാലിന്റെ ഞെരിയാണിക്കാണ് എറിഞ്ഞുകൊണ്ടിരുന്നത്. അവിടം മുറിവേറ്റ് രക്തമൊലിക്കാന്‍ തുടങ്ങി. മനസ്സിനും ശരീരത്തിനും ഒരേപോലെ മുറിവേറ്റ നബിയുടെ വാക്കുകള്‍ അപ്പോഴത്തെ അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ പര്യാപ്തമത്രെ. അവിടുന്ന് ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവേ, എന്റെ കഴിവുകുറവും ദാരിദ്ര്യവും നിസ്സഹായതയും ഉള്‍പ്പെടെ എല്ലാ സങ്കടങ്ങളും നിന്റെ സമക്ഷം സമര്‍പ്പിക്കുന്നു. നീ കരുണ കാണിക്കുന്നവരില്‍ പരമകാരുണികനല്ലോ. അശരണരുടെ സംരക്ഷകനും നീയാണ്. നീ തന്നെയാണ് എന്റെ നാഥന്‍. ഒടുവില്‍ നീ എന്നെ ഏല്‍പ്പിച്ചു കൊടുക്കാന്‍ പോകുന്നത് ആര്‍ക്കാണ്? എന്നെ വെറുക്കുന്ന അന്യരായ ഈ ശത്രുക്കള്‍ക്കോ, അതോ എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശത്രുക്കള്‍ക്കോ? എന്നോട് നിനക്കൊട്ടും കോപമില്ലെങ്കില്‍ എനിക്കൊന്നും പ്രശ്‌നമല്ല. നീ നല്‍കുന്ന പിന്തുണയാണെന്റെ ശക്തി. നീ എന്നോട് കോപിക്കുന്നതില്‍ നിന്നും നിന്റെ ശിക്ഷ എനിക്കു വന്നെത്തുന്നതില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു. നിന്റെ തൃപ്തിയും സന്തോഷവുമാണ് ഞാന്‍ തേടുന്നത്. നിന്റേതല്ലാത്ത ഒരു ശക്തിയും പിന്തുണയും എനിക്കെവിടെ നിന്നും കിട്ടാനില്ല.''

പ്രവാചകനും അനുചരന്മാരും മക്ക വിടുന്നതുവരെ ഇവ്വിധം കൊടിയ മര്‍ദനങ്ങളും കഠിനമായ പീഡനങ്ങളും അനുഭവിച്ചുകൊണ്ടിരുന്നു. എല്ലാമവര്‍ ക്ഷമിച്ചു. എന്നാല്‍ അക്രമം അസഹ്യമായപ്പോള്‍ ചിലരെങ്കിലും പ്രതികാരമാഗ്രഹിച്ചു. അവര്‍ പ്രവാചകനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''ഞങ്ങള്‍ നേരത്തെ എണ്ണം പറഞ്ഞ തറവാടികളും അന്തസ്സുള്ളവരും മറ്റുള്ളവരാല്‍ ആദരിക്കപ്പെടേണ്ടവരും സുരക്ഷിതരുമായിരുന്നു. ഇപ്പോള്‍ അല്ലാഹുവിന്റെ സത്യദീന്‍ അംഗീകരിച്ചതിന്റെ പേരില്‍ ആര്‍ക്കും എന്തും ചെയ്യാവുന്നവരും നിന്ദിതരും അരക്ഷിതരുമായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവരെ തിരിച്ചടിക്കാന്‍ അവിടുന്ന് അനുവാദം തന്നാലും.'' ഈ ആവശ്യവുമായി നബിയെ സമീപിച്ചവരില്‍ അബ്ദുറഹ്മാനുബ്‌നു ഔഫുള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. എന്നിട്ടും പ്രവാചകന്‍ അതനുവദിച്ചില്ല. പ്രബോധകന്മാര്‍ പ്രബോധിതരോട് ആയുധമെടുക്കുന്നതും പ്രതികാരം ചെയ്യുന്നതും വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അരുള്‍ ചെയ്തു: ''ആളുകളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല. സൗമനസ്യവും സ്‌നേഹവും സൗഹൃദവുമാണ് അല്ലാഹു എന്നോട് ആജ്ഞാപിച്ചിരിക്കുന്നത്.''

മര്‍ദിതരുടെ പകരം ചോദിക്കലുകളെക്കാള്‍ പ്രയോജനകരം പൊറുക്കലും ക്ഷമിക്കലും വിട്ടുവീഴ്ച ചെയ്യലുമാണ്. ആയുധം കൊണ്ട് ശരീരത്തെ ശവമാക്കാനേ കഴിയൂ. അതിനെ കീഴ്‌പ്പെടുത്താനും. എന്നാല്‍ ആദര്‍ശം മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും ഒരേസമയം അധീനപ്പെടുത്തുന്നു. ശത്രുവെ മിത്രമാക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹു ഇങ്ങനെ നിര്‍ദേശം നല്‍കിയത്: ''സംഘട്ടനത്തിനു മുതിരാതെ കൈ അടക്കിവെക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുകയും ചെയ്യുക'' (ഖുര്‍ആന്‍ 4:77).

മക്കയിലെ പ്രബോധന ദൗത്യം പൂര്‍ത്തീകരിച്ച് മദീനയിലെത്തി ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ച് അതിന്റെ ഭരണാധികാരിയായ ശേഷം മാത്രമാണ് നബിക്കും അനുയായികള്‍ക്കും യുദ്ധത്തിനു അനുമതി ലഭിച്ചത്. അതേവരെ അതിനനുവാദമുണ്ടായിരുന്നില്ലെന്ന് സംശയരഹിതമായി വ്യക്തമാക്കും വിധമാണ് തദ്‌സംബന്ധമായ ഖുര്‍ആന്‍ സൂക്തം. അപ്പോഴും യുദ്ധത്തിന്റെ ലക്ഷ്യം ബഹുസ്വര സമൂഹത്തിലെയും രാഷ്ട്രത്തിലെയും വിവിധ ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സുരക്ഷിതത്വവും. ''യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും സന്യാസി മഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ'' (22:39,40). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍