തെറ്റുകള്‍ തിരുത്താനാവാത്ത സംഘടനാ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കപ്പെടണം
ഹിജ്‌റ 12-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകരിലൊരാളാണ് പ്രമുഖ പണ്ഡിതനായ യമനിലെ ഹദര്‍മൗത്തിലെ സയ്യിദ് ഹബീബ് അബ്ദുല്ല ബിന്‍ അലവി അല്‍ ഹദ്ദാദ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിപ്പെട്ട് ദീനീ അടിത്തറയില്‍ നിന്ന് ജനം അകന്നുപോയ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക പാതയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യമാണ് ഇമാം ഹദ്ദാദ് നിര്‍വഹിച്ചത്. ഇന്ത്യയിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ കുടുംബത്തിലെ പത്താം തലമുറയില്‍ പെട്ട വ്യക്തിയാണ് പൊന്നാനി സ്വദേശി ഹാശിം ഹദ്ദാദ് തങ്ങള്‍. എല്ലാ മുസ്‌ലിം സംഘടനകളോടും കൂട്ടായ്മകളോടും സഹകരിക്കുകയും എന്നാല്‍ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ തന്റെ നിലപാട് ഏത് വേദിയിലും തുറന്നു പറയുകയും ചെയ്യുന്നു അദ്ദേഹം. തൃശൂര്‍ പെരുമ്പിലാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹദ്ദാദ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാശിം ഹദ്ദാദ് തങ്ങള്‍ പ്രബോധനത്തിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
വ്യക്തിപൂജ, ഖബ്‌റിടം കേന്ദ്രീകരിച്ചുള്ള അനാചാരങ്ങള്‍ തുടങ്ങിയ അനിസ്‌ലാമികതകള്‍ക്കെതിരെ ശബ്ദിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ നവോത്ഥാന നായകരില്‍ ഒരാളാണ് താങ്കളുടെ പ്രപിതാവ് സയ്യിദ് ഹദ്ദാദ്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കേരളത്തിലടക്കം ഇന്നും മഹാന്മാരുടെ ഖബ്ര്‍ കേന്ദ്രീകരിച്ച് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് മഹാന്മാരുടെ ഖബ്‌റുകള്‍ കേന്ദ്രീകരിച്ച ആചാരാനുഷ്ഠാനങ്ങളിലേക്ക് മുസ്‌ലിം സമുദായം എത്തിയത്?
പണ്ഡിതന്മാരെയും മഹാന്മാരെയും ഔലിയാക്കളെയും എങ്ങനെയാണ് ആദരിക്കേണ്ടതെന്ന് നമ്മുടെ സമൂഹത്തിനറിയാതെ പോയി. ഔലിയാക്കളുടെയും മഹാന്മാരുടെയും നല്ല മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തിയാണ് അവരെ സ്‌നേഹിക്കേണ്ടത്. നബിയെ പിന്‍പറ്റാന്‍ പറഞ്ഞപ്പോള്‍ അല്ലാഹു അത് വ്യക്തമാക്കിയിട്ടുണ്ട്: ''നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ പിന്‍പറ്റൂ'' (ആലുഇംറാന്‍ 31). അല്ലാഹുവിനെ ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ പ്രവാചകനെ പിന്‍പറ്റേണ്ടതുള്ളൂവെന്നര്‍ഥം. പ്രവാചകനെ പിന്‍പറ്റണമെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രവാചകന്റെ സ്വഭാവമാണ് പിന്തുടരേണ്ടത്. സ്വഹാബിമാര്‍ നബിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത് അങ്ങനെയായിരുന്നു. ആ മാതൃകയാണ് നബിയോടും മഹാന്മാരോടും നാമും പുലര്‍ത്തേണ്ടത്.
ഇസ്‌ലാമിന്റെ ഈ അധ്യാപനത്തിന് ആദ്യമായി മാറ്റം വന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലാണ്. കൃത്യമായി പറഞ്ഞാല്‍ ശീഈസത്തിന്റെ തുടക്കമാണ് ഈ വ്യതിയാനത്തിന് നാന്ദി കുറിച്ചത്. ആരാധനയോളമെത്തുന്ന വിധത്തില്‍ ഔലിയാക്കളെ വ്യക്തിപൂജ നടത്തിയായിരുന്നു ശീഈകളുടെ വേറിട്ടു പോക്കിന്റെ തുടക്കം. അലി(റ) നബിയാണെന്ന് അവരില്‍ ചിലര്‍ പ്രചരിപ്പിച്ചു. അതിനു വേണ്ടി അദ്ദേഹത്തിന്റെ പേരില്‍ ഒരുപാട് കറാമത്ത് കഥകളുണ്ടാക്കി. പിന്നീട് ഹുസൈന്(റ) ഇസ്വ്മത്ത് (തെറ്റ് പറ്റില്ലെന്ന വിശ്വാസം) കല്‍പിച്ചു. അവരുടെ ഇമാമുമാര്‍ക്കത് പതിച്ചുനല്‍കി. യാ അലീ, യാ ഹുസൈന്‍, യാ ഹസന്‍ എന്നിങ്ങനെയുള്ള വ്യക്ത്യാധിഷ്ഠിത വിളികളും അവരാണ് തുടങ്ങിയത്.
ശീഈകളുടെ ഈ വഴികേടിനെ സുന്നി പണ്ഡിതന്മാര്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ തുടങ്ങിയ സുന്നീ ഇമാമുമാരെല്ലാം അതിനെതിരെ രംഗത്തുവന്നവരാണ്. ശീഈകള്‍ തങ്ങളുടെ ഇമാമുമാരായി അംഗീകരിക്കുന്ന ജഅ്ഫറുബ്‌നു സ്വാദിഖും സൈനുല്‍ ആബിദീന്‍ അലിയുമെല്ലാം ഇത്തരം വ്യക്തിപൂജകളെ എതിര്‍ത്തവരാണ്. യഥാര്‍ഥത്തില്‍ ഈ രണ്ട് ഇമാമുമാരും ശീഈസത്തിന്റെ എതിര്‍ഭാഗത്ത് നിലയുറപ്പിച്ചവരാണ്. സുന്നികളുടെയും ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്ന് എതിര്‍പ്പ് ശക്തമായപ്പോള്‍ അതിനെ എങ്ങനെ മറികടക്കാമെന്ന ആലോചന ശീഈകളില്‍ ശക്തമായി. സുന്നികളില്‍ കൂടി ഇത്തരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനവര്‍ ഗൂഢാലോചന നടത്തി. തങ്ങള്‍ അനുഷ്ഠിക്കുന്നതെല്ലാം ഇസ്‌ലാമിന്റെ തന്നെ ഭാഗമാണെന്നും എല്ലാവരും അത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നും വരുത്തിത്തീര്‍ക്കലായിരുന്നു ശീഈകളുടെ ഉദ്ദേശ്യം. അതിനു വേണ്ടി ശീഈ ആചാരം എന്ന ലേബലില്ലാതെ തന്നെ ഇത്തരം അനാചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. സുന്നികളില്‍ പലരും അതില്‍ വീണുപോവുകയായിരുന്നു. അങ്ങനെയാണ് വ്യക്തിപൂജയോളം എത്തുന്ന ഔലിയാക്കളുടെ ആദരവിലേക്കും ഖബ്ര്‍ കേന്ദ്രീകരിച്ച അനാചാരങ്ങളിലേക്കുമെല്ലാം സുന്നികളുമെത്തിയത്. ഇതു മനസ്സിലാക്കാതെ കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുമുള്ള മുന്‍ഗാമികളായ ചില പണ്ഡിതര്‍ അതില്‍ ഭാഗഭാക്കായി. പലപ്പോഴും ഇങ്ങനെ ദിവ്യന്മാരായി കൊണ്ടാടുന്നവരില്‍ പലരും തങ്ങളുടെ ജീവിതകാലത്ത് മഹത്തായ ഇസ്‌ലാമിക സേവനങ്ങള്‍ നിര്‍വഹിച്ചവരായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ സ്‌നേഹവും ആദരവും അര്‍ഹിക്കുന്നവര്‍ തന്നെയാണ്. അവരുടെ മരണശേഷം ആദരവ് പ്രകടിപ്പിച്ചവരുടെ രീതി തെറ്റായെന്ന് മാത്രം. മഹാനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ നമ്മുടെ സമൂഹം സ്വീകരിച്ച രീതിയാണ് ഇതിന് മികച്ച ഉദാഹരണം.
ഇത്തരം അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് മുഖ്യ അജണ്ടയാക്കിയ സംഘടിത പ്രസ്ഥാനങ്ങള്‍ അര നൂറ്റാണ്ടിന് മുമ്പേ കേരളത്തില്‍ പിറവിയെടുത്തിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും സമുദായത്തിലെ ഒരു വിഭാഗം അതില്‍ തന്നെ തുടരാനുള്ള കാരണം?
എതിര്‍ത്തവരുടെ ശൈലിയിലെ അപാകതകളാണ് അതിന് മുഖ്യ കാരണം.വൈകാരികമായാണ് അവരീ വിഷയത്തെ സമീപിച്ചത്. കേരളത്തിലടക്കം പലയിടത്തും അതാണ് സംഭവിച്ചത്. മോശമായ രീതിയില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി കുഫ്‌റും ശിര്‍ക്കുമായി ചിത്രീകരിച്ചു. അപ്പോള്‍ സ്വാഭാവികമായും മറുവിഭാഗത്തിനും വാശി കൂടി. അതുവരെ അത്തരം ആചാരങ്ങള്‍ക്ക് ഇസ്‌ലാമിക ന്യായം പറയാത്തവര്‍ അത് 'കണ്ടെത്തേണ്ടി'വന്നു. അതോടെ രണ്ട് വിഭാഗവും വാദപ്രതിവാദങ്ങളാരംഭിച്ചു. രണ്ട് ഗ്രൂപ്പായതോടെ ഈ രംഗത്ത് സംഭവിക്കാവുന്ന ഗുണകരമായ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ അവസാനിച്ചു. ഇത്തരം അനാചാരങ്ങളെല്ലാം ഇസ്‌ലാമികമല്ല എന്ന് തിരിച്ചറിവുള്ള പണ്ഡിതന്മാര്‍ പണ്ടേ ധാരാളമുണ്ടായിരുന്നു. ഇന്നുമുണ്ട്. പക്ഷേ, അവരത് പറഞ്ഞാല്‍ 'വഹാബി'യെന്ന മുദ്ര പതിയുന്ന സാമൂഹികാന്തരീക്ഷമുണ്ടായി. ബിദ്അത്തുകളെയും അനാചാരങ്ങളെയും വെറുക്കുന്ന ഒരുപാട് പണ്ഡിതന്മാരെ വ്യക്തിപരമായി എനിക്കറിയാം. പക്ഷേ, അവര്‍ക്കത് തുറന്നു പറയാനുള്ള അവസരം പോലും ഇവിടെയുണ്ടായില്ല. എതിര്‍പ്പിന്റെ തീവ്രശൈലി അത് ഇല്ലാതാക്കിക്കളഞ്ഞു. വാദപ്രതിവാദങ്ങളും ശിര്‍ക്ക്-കുഫ്ര്‍ ആരോപിക്കുന്ന തീവ്ര ശൈലികളും വെടിഞ്ഞ് നിശ്ശബ്ദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവരും തയാറാകണം. പരസ്പരം ആദരിച്ചും വിശ്വാസത്തിലെടുത്തുമാകണം ഇസ്‌ലാമിക സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. അങ്ങനെ സൗമ്യമായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവര്‍ അത് ഉള്‍ക്കൊള്ളും. വ്യക്തിപരമായ ഒരുപാട് അനുഭവങ്ങള്‍ ഈ രംഗത്ത് എനിക്കുള്ളത് കൊണ്ടു കൂടിയാണിത് പറയുന്നത്.
കേരളീയ മുസ്‌ലിം സമൂഹത്തില്‍ സംഘടനകളും കൂട്ടായ്മകളും ഒരു യാഥാര്‍ഥ്യമായിട്ട് അരനൂറ്റാണ്ടിലേറെയായി. ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തുള്ള ഏതൊരാള്‍ക്കും പോസിറ്റീവോ നെഗറ്റീവോ ആയ സംഘടനാ സ്വാധീനങ്ങളില്‍ നിന്നകന്ന് ജീവിക്കാന്‍ സാധ്യവുമല്ല. താങ്കളുടെ ജീവിതത്തില്‍ തബ്‌ലീഗ് ജമാഅത്തും ത്വരീഖത്ത് കൂട്ടായ്മകളുമെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച ഓര്‍മകള്‍?
സംഘടനകള്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. അവ പിരിച്ചുവിടുക സാധ്യവുമല്ല. എന്നല്ല, നിലവിലെ സംഘടനകള്‍ ദീനിനും സമൂഹത്തിനും ഒട്ടേറെ നന്മകള്‍ ചെയ്യുന്നുമുണ്ട്. എല്ലാവരോടും നന്മയില്‍ സഹകരിക്കുകയും വീഴ്ച കണ്ടാല്‍ മാന്യമായി ഉത്തരവാദപ്പെട്ടവരെ സ്വകാര്യമായി അറിയിക്കുകയും ചെയ്യുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കുന്നത്. തബ്‌ലീഗ് ജമാഅത്തിന്റെയും വ്യത്യസ്ത ത്വരീഖത്തുകളുടെയും സഹയാത്രികനായ ഒരു കാലം എനിക്കുണ്ടായിരുന്നു. അവയില്‍ നിന്ന് ഒട്ടേറെ നല്ല പാഠങ്ങളും ജീവിതശൈലികളും ഞാന്‍ പകര്‍ത്തിയിട്ടുമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചിരുന്നു. നമസ്‌കാരമടക്കമുള്ള ഇബാദത്തുകളിലും ദിക്ര്‍- ദുആകളിലുമുള്ള ചിട്ടകള്‍ അവരില്‍നിന്ന് ലഭിച്ചതാണ്. ഭൗതിക വിദ്യാഭ്യാസം പാടേ ഉപേക്ഷിച്ച് ദീനീ വിദ്യാഭ്യാസത്തിലൊതുങ്ങിയതാണ് ആ കാലത്ത് അവര്‍ വഴി ഉണ്ടായ നെഗറ്റീവ് സ്വാധീനം. തസവ്വുഫിനോട് അന്നും ഇന്നും പ്രത്യേക താല്‍പര്യമുണ്ട്. ഈ ആകര്‍ഷണമാണ് ത്വരീഖത്ത് സംഘങ്ങളില്‍ എത്തിച്ചത്. സൂഫികളുടെ കൂട്ടായ്മകളിലും ത്വരീഖത്തിന്റെ സദസ്സുകളിലുമെല്ലാം കുറെക്കാലം പങ്കെടുത്തിരുന്നു. ഇന്നും അവരില്‍ പെട്ട പല ശൈഖുമാരോടും മുരീദുമാരോടും വ്യക്തിബന്ധവുമുണ്ട്. അവരുടെ ചില പരിപാടികള്‍ക്കെല്ലാം ഇപ്പോഴും പോവാറുണ്ട്. അവയില്‍ ചില നല്ല മാതൃകകളുമുണ്ട്.
നന്മയെക്കാള്‍ ഗുരുതരമായ തെറ്റുകള്‍ കണ്ടപ്പോഴാണ് ത്വരീഖത്തിന്റെ പ്രവര്‍ത്തന വലയത്തില്‍നിന്ന് പുറത്ത് കടന്നത്. യഥാര്‍ഥ സ്വൂഫിസം അത്തരം ത്വരീഖത്തുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിനുള്ള കാരണം. അല്ലാഹുവിന് മാത്രം നല്‍കേണ്ട ആദരവില്‍നിന്ന് അവ പലപ്പോഴും വഴിതെറ്റിയതായും അനുഭവപ്പെട്ടു. 'ഞങ്ങളില്‍ കൂടിയേ അല്ലാഹുവിനെ മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ'വെന്ന് കേട്ടിട്ടാണ് ആ കൂട്ടായ്മയിലേക്ക് എത്തുന്നത്. പക്ഷേ, അല്ലാഹുവിനെ പഠിക്കുക എന്ന് പറഞ്ഞ് ഒടുവിലത് എത്തുന്നത് ശൈഖിനോടുള്ള അമിതാദരവിലേക്കും വ്യക്തിപൂജയിലേക്കുമാണ്. ശൈഖ് ... ശൈഖ്... ശൈഖ്... എന്ന് മാത്രമാവും എപ്പോഴും ചിന്ത. അല്ലാഹുവിനേക്കാള്‍ ശൈഖ് സ്മരിക്കപ്പെടുന്ന അവസ്ഥ! ശൈഖല്ലാതെ മുരീദിന്റെ ചിന്തയില്‍ മറ്റൊന്നുമുണ്ടാവില്ല. സ്വൂഫിയായ ഇമാം ഗസ്സാലി സ്വൂഫിസത്തിലുള്ള ഈ വഴിതെറ്റലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം സ്വൂഫിസത്തിന്റെ പേരിലുള്ള എല്ലാം സ്വീകരിച്ചിട്ടില്ല. സ്വൂഫികളില്‍ ഉണ്ടായിരുന്ന അബദ്ധങ്ങളെയെല്ലാം അദ്ദേഹം എതിര്‍ത്തു. അതില്‍ പെട്ടതാണ് ഈ മസ്തിഷ്‌ക പണയം. നമ്മുടെ മസ്തിഷ്‌കത്തെ ശൈഖിന് അടിമയാക്കുക. ചിന്താ ശേഷി പോലും ശൈഖിന് അടിയറ വെക്കുക. മുരീദ് വായിക്കേണ്ട, പഠിക്കേണ്ട. ചിന്തിക്കേണ്ട. ശൈഖ് എന്ത് പറയുന്നോ അതനുസരിക്കുക. അവിടെ ഹറാമില്ല, ഹലാലുമില്ല....
ത്വരീഖത്തിന്റെ ഭാഗമായി കുറെകാലം ജീവിച്ച് പിന്നീട് അതില്‍ നിന്ന് പുറത്ത് വന്ന ഒരു വ്യക്തിയുടെ അനുഭവം പങ്കുവെക്കാം. ത്വരീഖത്തില്‍ ചേരും മുമ്പേ അദ്ദേഹം എല്ലാം തിങ്കളാഴ്ചയും നോമ്പ് നോല്‍ക്കുമായിരുന്നു. ഒരു തിങ്കളാഴ്ച നോമ്പുകാരനായി അദ്ദേഹം ത്വരീഖത്തിന്റെ സദസ്സിലിരുന്നു. ഉച്ച സമയം ശൈഖ് ചായ കുടിക്കുന്നു. ശൈഖ് പകുതി കുടിച്ച് അത് നോമ്പുനോറ്റ ഇദ്ദേഹത്തിന് നല്‍കി. ഒരു നിമിഷം അദ്ദേഹം ആകെ ആശയക്കുഴപ്പത്തിലായി. ശൈഖ് നല്‍കിയ ചായയുടെ ബാക്കി കുടിച്ച് ബര്‍ക്കെത്തടുക്കണമോ? നോമ്പ് തുടരണോ? ആ മാസ്മരിക സദസ്സില്‍ മറ്റൊന്നും ആലോചിക്കാതെ ആ ചായ വാങ്ങി കുടിച്ച് ബര്‍ക്കത്തെടുത്തു! പടച്ചവനേക്കാള്‍ ശൈഖിന് പ്രാമുഖ്യം നല്‍കുന്ന രീതിയിലേക്ക് താനെത്തിയല്ലോ എന്ന് അയാള്‍ക്ക് പുനരാലോചനയുണ്ടാവുന്നത് വളരെ വൈകിയാണ്. ത്വരീഖത്ത് വലയത്തിലുള്ളവര്‍ അവര്‍ പോലും അറിയാതെ ഇത്തരം അനിസ്‌ലാമികതയിലേക്ക് ചെന്നുചാടുന്നുണ്ട്. എല്ലാ ത്വരീഖത്ത് കൂട്ടായ്മയിലും ഇതെല്ലാം സംഭവിക്കുന്നു എന്ന് ഇതിനര്‍ഥമില്ല. വ്യത്യസ്ത ഭാവത്തിലും രൂപത്തിലും പ്രവര്‍ത്തിക്കുന്ന ത്വരീഖത്ത് ഗ്രൂപ്പുകളുണ്ട്. ചിലത് തനി ശിര്‍ക്കന്‍ രീതികളും വഴിവിട്ട അനുഷ്ഠാനങ്ങളും പുലര്‍ത്തുന്നവയാണ്. മറ്റു ചിലത് അത്തരം തീവ്രത ഇല്ലാത്തവയും.
വിയോജിപ്പുണ്ടായിരിക്കെതന്നെ വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളുമായി സഹകരിക്കുക എന്നത് ഒരു ഉന്നത ഇസ്‌ലാമിക മാതൃകയാണ്. ഇസ്‌ലാമിക മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ, ലോകമറിയുന്ന പണ്ഡിതന്മാരെ ഒരു പ്രത്യേക ധാരയോട് ചേര്‍ന്നു നില്‍ക്കുന്നവരായതിനാല്‍ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാത്തവരാണ് പലരും. പ്രഗത്ഭരായ പണ്ഡിതന്മാര്‍ നല്‍കിയ സേവനങ്ങളെ സംഘടനാ സങ്കുചിതത്വത്തിന്റെ പേരില്‍ ഇങ്ങനെ അവഗണിക്കേണ്ടതുണ്ടോ?
സംഘടനാ സങ്കുചിതത്വത്തിന്റെ പേരില്‍ പണ്ഡിതന്മാരുടെ സേവനങ്ങളെ ഒട്ടും അംഗീകരിക്കാത്ത ഈ മനസ്ഥിതി കേരളത്തിലാണ് രൂക്ഷം. ഉത്തരേന്ത്യയാണ് ഈ വിഷയത്തില്‍ കേരളത്തേക്കാള്‍ അല്‍പമെങ്കിലും മാതൃക. വ്യത്യസ്ത ധാരകളിലുള്ള പണ്ഡിതന്മാരുടെ സേവനങ്ങളും വിജ്ഞാനങ്ങളുമാണ് ഇതുവഴി പലര്‍ക്കും നഷ്ടപ്പെടുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ ഇതിന് മികച്ച ഒരു ഉദാഹരണമാണ്. കേരളത്തിലെ ഒരു വിഭാഗത്തിന് അദ്ദേഹമിപ്പോഴും അലര്‍ജിയാണ്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രശസ്തമായ ഗുന്‍യക്ക്, ശറഹ് എഴുതിയ പണ്ഡിതനാണ് അദ്ദേഹമെന്ന് എത്ര പേര്‍ക്കറിയാം! സയ്യിദ് മൗദൂദി മറ്റൊരുദാഹരണമാണ്. എത്ര കനപ്പെട്ട ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിനുള്ളത്! മുന്‍ഗാമികളായ പണ്ഡിതന്മാര്‍ വീക്ഷണങ്ങളില്‍ വിയോജിപ്പ് പുലര്‍ത്തുമ്പോഴും വൈജ്ഞാനിക സംഭാവനകളെ അംഗീകരിച്ചാദരിച്ചിരുന്നു. സിറിയന്‍ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ ഈസ, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ ശൈഖ് ആണ്. തസ്വവ്വുഫിനെക്കുറിച്ച് അദ്ദേഹം ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. ഹഖാഇഖുന്‍ അനിത്തസ്വവ്വുഫ്. അതില്‍ തസ്വവ്വുഫിനെ സഹായിച്ച പണ്ഡിതന്മാരുടെ കൂട്ടത്തില്‍ സയ്യിദ് മൗദൂദിയെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം എന്നാണ് അദ്ദേഹം മൗദൂദിയെ പരാമര്‍ശിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇത്തരം വൈജ്ഞാനിക ആര്‍ജവവും സത്യസന്ധതയും ഇത്തരം പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. ചില വിഷയങ്ങളിലും നിലപാടുകളിലും എതിര്‍പ്പുള്ളതിനാല്‍ ഒരു പണ്ഡിതന്റെ വൈജ്ഞാനിക സംഭാവനകളെയെല്ലാം തള്ളിപ്പറയുന്നവരാണ് മുസ്‌ലിം സമുദായത്തിലുള്ള ഭൂരിപക്ഷവും. മലബാറില്‍ സംഘടനകള്‍ക്കിടയില്‍ നേരത്തേയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമാണ് ഈ നിലയിലേക്ക് നമ്മെ എത്തിച്ചത്. മുമ്പ് സംഭവിച്ച വീഴ്ചകളും തെറ്റിദ്ധാരണകളും തര്‍ക്കങ്ങളുമെല്ലാം മറക്കാന്‍ നമ്മള്‍ തയാറാവണം. പക്ഷേ, എല്ലാ വിഭാഗത്തിലുമുള്ള നമ്മുടെ പണ്ഡിതന്മാര്‍ അതാവര്‍ത്തിച്ച് ഓര്‍മപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ നിലനില്‍ക്കുന്ന സംഘടനാ സംവിധാനവും അങ്ങനെയായിപ്പോയി. മറ്റൊരര്‍ഥത്തില്‍ ആ സംഘടനാ സംവിധാനത്തില്‍ കുടുങ്ങിപ്പോയവരാണവര്‍. തിരുത്താനും അംഗീകരിക്കാനും അതില്‍ ഇടമില്ല. തിരുത്ത് തോല്‍വിയായാണ് വിലയിരുത്തപ്പെടുക. കുറച്ച് പണ്ഡിതന്മാരേ ഇങ്ങനെയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, അവരുടെ ശബ്ദമാണ് സമൂഹത്തില്‍ മുഴങ്ങി കേള്‍ക്കുന്നത്. അത്തരം തീവ്രതയുള്ളവരാണ് സംഘടനാ നേതൃത്വങ്ങളില്‍ എത്തുന്നത്. അവരേക്കാള്‍ അറിവും പാണ്ഡിത്യവുമുള്ള ഒരുപാട് പേരുണ്ട്. അവരില്‍ പലരും ഈ തര്‍ക്ക കോലാഹലങ്ങള്‍ ഇഷ്ടപ്പെടാത്തവരുമാണ്. പക്ഷേ, അവര്‍ക്ക് വലിയ ശബ്ദമില്ല. ബഹളം വെക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല.
സംഘടനാ സംവിധാനത്തോട് ചേര്‍ന്ന് നില്‍ക്കാത്ത പണ്ഡിതന്മാര്‍ ആദരിക്കപ്പെടാതെയും അറിയപ്പെടാതെയും പോകുന്നുണ്ടോ? ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനു ശേഷം പ്രഗത്ഭരായ പണ്ഡിതന്മാര്‍ കേരളത്തില്‍ നിന്ന് ഉണ്ടാവാത്തതെന്തുകൊണ്ട്?
ശൈഖ് മഖ്ദൂമിനോട് കിടപിടിക്കുന്നവരല്ലെങ്കിലും അദ്ദേഹത്തിനു ശേഷവും പ്രഗത്ഭരായ പണ്ഡിതന്മാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുകയും സേവനങ്ങളര്‍പ്പിക്കുകയും ചെയ്ത പണ്ഡിതന്മാര്‍ ഈ നൂറ്റാണ്ടില്‍ തന്നെയുണ്ട്. കേരളത്തിലെ ഒരു സംഘടനയുടെയും ഭാഗമായി അവര്‍ നിന്നില്ല. അതിനാല്‍ തന്നെ അവരെ ഭൂരിപക്ഷം മുസ്‌ലിംകളും അറിഞ്ഞതുമില്ല. കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഏതെങ്കിലും സംഘടനയുടെ വക്താവാകാതിരുന്നാല്‍ അവരുടെ ശബ്ദം പുറത്ത് വരില്ല. ഒരു സംഘടനയുടെ സഹയാത്രികനായാലോ മറ്റുള്ളവര്‍ അദ്ദേഹത്തെ അംഗീകരിക്കുകയുമില്ല. ഇതൊരു പ്രശ്‌നമാണ്. ചില പ്രത്യേക സംഘടനയുടെ സഹയാത്രികരായതിനാല്‍ എല്ലാവരാലും ആദരിക്കേണ്ട വിജ്ഞാനവും കാഴ്ചപ്പാടുമുള്ള പലരും ഇന്ന് സംഘടനാ വൃത്തത്തില്‍ ചുരുങ്ങിപ്പോകുന്നു. മറ്റു ചിലരാകട്ടെ സംഘടനാ വക്താക്കളല്ലാത്തതിനാല്‍ പരിഗണിക്കപ്പെടാതെയും പോകുന്നു. ഡോ. ഹംസ മലൈബാരിയും ഡോ. ബഷീര്‍ മുഹ്‌യിദ്ദീനും സമീപകാല ഉദാഹരണമാണ്. അറബികള്‍ ഇമാം എന്ന് വിളിച്ച് ആദരിച്ചവരാണിവര്‍. മലയാളികളില്‍ എത്ര പേര്‍ക്ക് ഇവരെ അറിയാം? സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ മറ്റൊരു ഉദാഹരണം. അദ്ദേഹത്തിന്റെ തഫ്‌സീര്‍ ഹാമിശ് ഏറെ പ്രശസ്തമാണ്. ഖത്തര്‍ യൂനിവേഴ്‌സിറ്റി അടക്കമുള്ള അറബ് രാഷ്ട്രങ്ങളിലെ ജാമിഅകള്‍ അത് റഫറന്‍സായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ എത്ര പേര്‍ക്കറിയും? മദ്ഹബില്ലാത്ത വ്യക്തി എന്ന് ബ്രാന്റ് ചെയ്തായിരുന്നു ജീവിതകാലത്ത് സംഘടനാ സംവിധാനങ്ങള്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരുന്നത്. ഹദ്ദാദ് ട്രസ്റ്റ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അത്തരക്കാരെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്താന്‍ പ്രബോധനം വാരികയെങ്കിലും മുന്നോട്ടുവരണം. ഹംസ മലൈബാരി അടക്കമുള്ളവര്‍ക്ക് ഹദ്ദാദ് ട്രസ്റ്റ് അവാര്‍ഡ് നല്‍കിയത് ഈ ലക്ഷ്യം കൂടി മുന്നില്‍ വെച്ചാണ്.
ഡോ. ബഷീര്‍ അഹ്മദ് മുഹ്‌യിദ്ദീനെ താങ്കള്‍ പരാമര്‍ശിച്ചു. ഹംസ മലൈബാരിയെയും (പ്രബോധനം 2012 ആഗസ്റ്റ് 18, സെപ്റ്റംബര്‍ 1) സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീനെയും (പ്രബോധനം 2007 സെപ്റ്റംബര്‍ 22)അവരുടെ കാഴ്പ്പാടുകളെയും വിശദമായി പരിചയപ്പെടുത്തുന്ന സംഭാഷണം പ്രബോധനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ബഷീര്‍ അഹ്മദ് മുഹ്‌യിദ്ദീന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയയില്‍ നാല്‍പത് വര്‍ഷത്തോളം ഇസ്‌ലാമിക സേവനം നിര്‍വഹിച്ച പണ്ഡിതനാണ്. ആഫ്രിക്കന്‍ ഭാഷകളായ ഹൗസ, യൂറുബ, ഇബോ എന്നീ ഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ദി ലിവിംഗ് ട്രൂത്ത് എന്ന പേരില്‍ ഇംഗ്ലീഷിലും ഖുര്‍ആന്‍ പരിഭാഷയുണ്ട്. താങ്കള്‍ ചെയര്‍മാനായ ഹദ്ദാദ് ട്രസ്റ്റിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹത്തെ വിശദമായി പരിചയപ്പെടുത്താമോ?
ഡോ. ബഷീര്‍ മുഹ്‌യിദ്ദീന്റെ (1937-2005) ജീവിതത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. വൈജ്ഞാനിക യാത്രയുടെ ഭാഗമായി സുഊദി അറേബ്യയിലേക്കും ഈജിപ്തിലേക്കും പോകുന്നതിന്റെ മുമ്പുള്ള ഘട്ടമാണ് ആദ്യത്തേത്. കേരളത്തിലെ പ്രമുഖ പണ്ഡിതനും സമസ്തയുടെ നേതാവുമായിരുന്ന ആദരണീയനായ പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ മകനായിരുന്നു അദ്ദേഹം. ഉപ്പ തന്നെയായിരുന്നു പ്രഥമ ഗുരുവര്യന്‍. പറവണ്ണ ഉസ്താദ് പ്രിന്‍സിപ്പലായിരുന്ന താനൂര്‍ ഇസ്‌ലാഹില്‍ ഉലൂം അറബിക് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ വെല്ലൂര്‍ ബാഖിയാത്തിലെ ഉസ്താദായിരുന്ന ശൈഖ് ആദം ഹസ്രത്ത് ഒരു പരിപാടിക്കവിടെ വന്നു. അന്ന് 17 ആയിരുന്നു ബഷീറിന് പ്രായം. ശൈഖ് ആദം ഹസ്രത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം അദ്ദേഹത്തെ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ത്തു. അന്ന് ആ പ്രായത്തില്‍ വെല്ലൂരില്‍ അഡ്മിഷന്‍ കിട്ടുമായിരുന്നില്ല. വെല്ലൂര്‍ പഠനത്തിന് ശേഷം കുറച്ച് കാലം വാഴക്കാട് ദാറുല്‍ ഉലൂമിലും തുര്‍ന്ന് ദയൂബന്ദിലും തുടര്‍ പഠനം നടത്തി. ഇക്കാലത്ത് പറവണ്ണ ഉസ്താദിന്റെ മകനായതിനാല്‍ 'സമസ്ത' നല്ല പരിഗണന ബഷീറിന് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഉസ്താദ് കൂടിയായ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വാദപ്രതിവാദങ്ങള്‍ക്കെല്ലാം ബഷീറിനെയും കൂടെ കൊണ്ടുപോകുമായിരുന്നു. ഇങ്ങനെ സുന്നി യുവജന സംഘത്തിന്റെ (എസ്.വൈ.എസ്) ആദ്യകാല സംസ്ഥാന അമരക്കാരനായി പ്രവര്‍ത്തിച്ച ഒരു കാലവും ബഷീര്‍ മുഹ്‌യിദ്ദീനുണ്ടായിരുന്നു. രണ്ട് വിഭാഗങ്ങള്‍ പരസ്പരം വാദപ്രതിവാദങ്ങളിലൂടെ പോരടിക്കുന്ന കാലമായിരുന്നു അത്. വ്യക്തിപരമായി താല്‍പര്യമില്ലാഞ്ഞിട്ടും നിര്‍ബന്ധിതനായി അത്തരം ഒട്ടേറെ പരിപാടികളില്‍ തനിക്ക് പങ്കെടുക്കേണ്ടിവന്നിട്ടുണ്ടെന്ന അനുഭവം അദ്ദേഹം പറയുമായിരുന്നു.
ഡോ. ബഷീര്‍ മുഹ്‌യിദ്ദീന്റെ ജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുന്നത് വിദേശത്തേക്കുള്ള വൈജ്ഞാനിക യാത്രക്ക് ശേഷമാണ്. ഹജ്ജും വിജ്ഞാനവും ആഗ്രഹിച്ചാണ് ദയൂബന്ദ് പഠനത്തിനു ശേഷം അദ്ദേഹം മക്കയിലെത്തുന്നത്. മസ്ജിദുല്‍ ഹറമില്‍ വിജ്ഞാന സദസ്സ് നടത്തിയിരുന്ന പ്രസിദ്ധ പണ്ഡിതന്‍ സയ്യിദ് അലവി മാലികിന്റെ ശിഷ്യത്വം സ്വീകരിച്ച് മാലികി മദ്ഹബില്‍ അവഗാഹം നേടി. അവിടെ നിന്ന് പരിചയപ്പെട്ട ഈജിപ്തുകാരനുമായുള്ള സംസാരത്തില്‍ നിന്നാണ് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹമുദിച്ചത്. മക്കയില്‍ നിന്ന് ഈജിപ്തിലേക്ക് പോയി. അന്നവിടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിക്കുന്നുണ്ട്. അദ്ദേഹവും ബഷീര്‍ മുഹ്‌യിദ്ദീനും നേരത്തെ പരിചയക്കാരും സുഹൃത്തുക്കളുമാണ്. അല്‍പം പ്രയാസപ്പെട്ടെങ്കിലും മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടി ശ്രമഫലമായി ദഅ്‌വ വല്‍ ഇര്‍ശാദ് എന്ന പി.ജി കോഴ്‌സിന് അഡ്മിഷന്‍ കിട്ടി. അത് പൂര്‍ത്തിയാക്കിയ ശേഷം കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ പി.ജിക്ക് ചേര്‍ന്നു. അവിടെ പഠിച്ചുകൊണ്ടിരിക്കെ തന്നെ അദ്ദേഹത്തിന്റെ കഴിവും യോഗ്യതയുമെല്ലാം അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയായപ്പോള്‍ സുഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി തങ്ങളുടെ പ്രതിനിധിയായി അദ്ദേഹത്തെ ലണ്ടനില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തെരഞ്ഞെടുത്തു. ഒരു വര്‍ഷം അദ്ദേഹം ലണ്ടനില്‍ ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് സജീവമായി
സ്വൂഫി കൂട്ടായ്മകളുടെ പേരില്‍ നൈജീരിയയില്‍ അരങ്ങേറുന്ന അന്ധവിശ്വാസങ്ങളും അനിസ്‌ലാമികതകളും റാബിത്വയുടെ മുന്നില്‍ ഒരു വലിയ പ്രശ്‌നമായി വരുന്നത് ആ സന്ദര്‍ഭത്തിലാണ്. റാബിത്വ പല പ്രതിനിധികളെ അയച്ചിട്ടും ഒന്നും ചെയ്യാനാവാതെ മടങ്ങിപ്പോവേണ്ടിവന്ന സന്ദര്‍ഭത്തിലാണ് റാബിത്വയുടെ ഉത്തരവാദിത്വമുള്ള ഇബ്‌റാഹീം ആലു ശൈഖ് ലണ്ടനിലുള്ള ബശീര്‍ മുഹ്‌യിദ്ദീനാണ് അവിടേക്ക് അനുയോജ്യമെന്ന് അഭിപ്രായപ്പെടുന്നത്. അങ്ങനെയാണ് റാബിത്വയുടെയും ദാറുല്‍ ഇഫ്തയുടെയും പ്രതിനിധിയായി ബഷീര്‍ മുഹ്‌യിദ്ദീന്‍ നൈജീരിയയില്‍ എത്തുന്നത്. അന്നു മുതല്‍ മരണം വരെ നീണ്ട 40 വര്‍ഷം അദ്ദേഹത്തിന്റെ കര്‍മഭൂമി നൈജീരിയയായിരുന്നു.
നൈജീരിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി മനസ്സിലാക്കിയ അദ്ദേഹത്തിന് പ്രശ്‌നങ്ങളുടെ മര്‍മം ആദ്യം തന്നെ പിടികിട്ടി. യഥാര്‍ഥ ഇസ്‌ലാമിക പാഠങ്ങള്‍ അഭ്യസിക്കുന്നതിന് പാഠശാലകളോ ഗ്രന്ഥങ്ങളോ ഖുര്‍ആന്‍ പരിഭാഷകളോ നൈജീരിയയില്‍ ഇല്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. പകരമവിടെ സ്വാധീനമുള്ളത് സ്വൂഫി കള്‍ട്ടുകള്‍ക്കും ശൈഖുമാര്‍ക്കുമാണ്. അവരുടെ പ്രവൃത്തികളില്‍ പലതും അനിസ്‌ലാമികവും അനാചാരങ്ങളുമാണ്. ഇസ്‌ലാമിക പ്രചാരണത്തിന് വരുന്ന ആളുകളെല്ലാം തുടക്കം മുതലേ ഈ സ്വൂഫി കൂട്ടായ്മകളെ എതിര്‍ത്തതിന്റെ പേരിലാണ് അവര്‍ക്ക് മടങ്ങിപ്പോവേണ്ടിവന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാല്‍ സ്വൂഫി ശൈഖുമാരുടെ മനസ്സില്‍ ഇടം തേടാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. അവരുടെ സദസ്സില്‍ പോയിരിക്കുകയും അവരോട് സൗഹൃദത്തിലാവുകയും ചെയ്തു. ദീനീ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സംരംഭങ്ങളില്‍ അവരെ ഭാഗഭാക്കാക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തു. വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ക്കിടയില്‍ ബഷീര്‍ മുഹ്‌യിദ്ദീന്‍ അംഗീകരിക്കപ്പെട്ടു. അതിനു ശേഷമാണ് സ്വൂഫി ശൈഖുമാരുടെ കൂടി പിന്തുണയോടെ അന്ധവിശ്വാസങ്ങളും അനിസ്‌ലാമികതകളും തുടച്ചുനീക്കി യഥാര്‍ഥ ഇസ്‌ലാമികാധ്യാപനങ്ങള്‍ പകരം സ്ഥാപിച്ചത്. ഇതെല്ലാം പെട്ടെന്ന് സംഭവിച്ചതല്ല. ക്ഷമയോടെ വര്‍ഷങ്ങള്‍ കാത്തിരുന്ന് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. ആ രംഗത്ത് ഒട്ടേറെ സംഭവങ്ങളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇബ്‌റാഹീം ഖൗല എന്ന സ്വൂഫി ശൈഖായിരുന്നു സമൂഹത്തില്‍ കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന വ്യക്തി. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ മുരീദുമാര്‍ വീട്ടില്‍ തൂക്കിയിട്ടിരുന്നു. ദിവ്യനായി കണ്ട് അദ്ദേഹത്തെ വ്യക്തിപൂജ നടത്തിയവരും ഉണ്ടായിരുന്നു. ബഷീര്‍ മുഹ്‌യിദ്ദീന്‍ അദ്ദേഹത്തിന്റെ സദസ്സില്‍ സ്ഥിരമായി പോയിരുന്നു. മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ശൈഖിനോട് പറഞ്ഞു: ''താങ്കള്‍ എന്റെ ഗുരുവാണ്. ഒരുപാട് കാര്യങ്ങള്‍ താങ്കളില്‍ നിന്ന് ഞാന്‍ പഠിച്ചു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും ദിക്ര്‍-ദുആകള്‍ അവനോട് മാത്രമേ ആകാവൂ എന്നും താങ്കളെന്നെ പഠിപ്പിച്ചു. പക്ഷേ, താങ്കളുടെ ശിഷ്യന്മാര്‍ പലരും താങ്കളോടാണ് പ്രാര്‍ഥിക്കുന്നത്. ദിക്‌റുകളും ദുആകളും ഉരുവിടുന്നതും അങ്ങനെ തന്നെ. വീടുകളിലെല്ലാം താങ്കളുടെ ഫോട്ടോകളും തൂക്കിയിട്ടിരിക്കുന്നു.'' അല്‍പം ആലോചിച്ച ശേഷം ശൈഖ് 'ഹറാം... ഹറാം' എന്ന് പറഞ്ഞു. വൈകിയില്ല, തന്റെ ഫോട്ടോകളെല്ലാം ഒഴിവാക്കാനും ദിക്ര്‍ ദുആകളെല്ലാം അല്ലാഹുവിന്റെ പേരില്‍ മാത്രമാക്കാനും ശൈഖ് ഉത്തരവിട്ടു. ഇങ്ങനെ വളരെ യുക്തിപൂര്‍വവും സാവകാശവുമായിരുന്നു ബഷീറിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ നൈജീരിയയിലെ പ്രാദേശിക ഭാഷകള്‍ അദ്ദേഹം വശമാക്കി. ഇസ്‌ലാമിക പാഠങ്ങള്‍ ലളിതമായി പരിചയപ്പെടുത്തുന്ന ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം ആഫ്രിക്കന്‍ ഭാഷകളില്‍ എഴുതി. നൈജീരിയയില്‍ ഏറ്റവും സ്വാധീനമുള്ള ഹൗസ, യൂറുബ, ഇബോ എന്നീ മൂന്ന് ആഫ്രിക്കന്‍ ഭാഷകളില്‍ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷയും നിര്‍വഹിച്ചു.
നൈജീരിയയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന ബഷീര്‍ മുഹ്‌യിദ്ദീനെ നൈജീരിയന്‍ ഗവണ്‍മെന്റ് വിദ്യാഭ്യാസ ഡയറക്ടറായി തെരഞ്ഞെടുത്തു. അവിടത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കേരളത്തിലേക്ക് തിരിച്ചു വന്ന് ഹദ്ദാദ് ട്രസ്റ്റിന്റെ കീഴില്‍ ഇവിടെ ഒരു ഉന്നത സര്‍വകലാശാല സ്ഥാപിക്കാനുള്ള പരിപാടികളും പദ്ധതികളുമായി മുന്നോട്ടുപോകവെയാണ് 2005-ല്‍ അദ്ദേഹം മരിക്കുന്നത്. നൈജീരിയയില്‍ നിന്ന് ഈ ഉദ്ദേശ്യാര്‍ഥം ഇന്ത്യയില്‍ എത്തുമ്പോള്‍ യാത്രാ മധ്യേ കലശലായ പനി പിടികൂടുകയായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം അത് മരണത്തില്‍ കലാശിക്കുകയും ചെയ്തു. അദ്ദേഹം കേരളത്തില്‍ സ്വപ്നമിട്ട ആ വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് പെരുമ്പിലാവിലെ ഈ കാമ്പസില്‍ ഞങ്ങള്‍ ലളിതമായി തുടക്കം കുറിച്ചത്. ഭാവി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവും യോഗ്യതയുമുള്ളവര്‍ രംഗത്തുവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സല്‍മാന്‍ നദ്‌വി, ഡോ. ഹംസ മലൈബാരി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഹദീസ് സെമിനാര്‍ ജനുവരി 1,2,3 തീയതികളില്‍ പെരുമ്പിലാവ് ഹദ്ദാദ് കാമ്പസില്‍ നടക്കുകയാണ്. കേരളീയ പശ്ചാത്തലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഹദീസ് സെമിനാറിനുള്ള പ്രസക്തി?
അറബി ഭാഷ സാമാന്യം അറിയുകയും അറബിയില്‍ ചില വാചകങ്ങള്‍ കാണാതെ പറയുകയും ചെയ്യുന്നവരെ വലിയ പണ്ഡിതന്മാരായി കണക്കാക്കുന്ന സാഹചര്യം ചിലയിടങ്ങളിലെങ്കിലും കേരളത്തില്‍ ഇന്നുമുണ്ട്. പലയിടത്തും ഖുത്വ്ബ നടത്തുന്നവരും വഅ്‌ള് പറയുന്നവരുമെല്ലാം ഇങ്ങനെയുള്ളവരാണ്. പ്രഭാഷണത്തിന്റെ മാറ്റു കൂട്ടാനും ഒഴുക്കിനും വേണ്ടി പലരും പറയുന്ന നബിവചനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പലര്‍ക്കുമത് അറിയില്ല. ആരോ പറഞ്ഞ് കേട്ടതും എവിടെയൊക്കെയോ വായിച്ചതും ഹദീസുകളായി പ്രഭാഷണത്തില്‍ പങ്കുവെക്കുകയാണ് ചില ശുദ്ധഗതിക്കാര്‍ ചെയ്യുന്നത്. ഹദീസ് വിജ്ഞാനീയത്തിലെ പ്രമുഖ ഗ്രന്ഥങ്ങളായ സ്വിഹാഹുസ്സിത്ത മറിച്ചുപോലും നോക്കാത്തവരാണ് പലരും. ബുഖാരിയില്‍ നിന്നും മുസ്‌ലിമില്‍ നിന്നു പോലും ഹദീസ് ഉദ്ധരിക്കുന്നവര്‍ അത് മറ്റു പല പുസ്തകങ്ങളില്‍ നിന്നുമാണ് കണ്ടെടുക്കുന്നത്. ഹദീസ് നിദാനശാസ്ത്രം വിശദമായി പഠിപ്പിക്കുന്ന രീതി കേരളത്തിലെ പള്ളിദര്‍സുകളിലും മതപാഠശാലകളിലും അപൂര്‍വവുമാണ്. വ്യാജമായ ഹദീസുകള്‍, ഹദീസിന്റെ പ്രബല-ദുര്‍ബലതകള്‍, ഖുര്‍ആനോട് വിയോജിക്കുന്ന ഉള്ളടക്കമുള്ളവ, നബിയുടെ സംസാര ശൈലിയോട് പൊരുത്തമില്ലാത്തവ ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഹദീസ് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതപ്രഭാഷകരില്‍ പലര്‍ക്കുമതറിയില്ല. മുമ്പ് നടന്ന ഒന്നാം ഹദീസ് സെമിനാറില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞ അനുഭവ യാഥാര്‍ഥ്യം കൂടിയാണിത്. വ്യത്യസ്ത മത സംഘടനാ വൃത്തങ്ങളിലുള്ളവരായ ഒട്ടേറെ വ്യക്തികളും വിദ്യാര്‍ഥികളും അതില്‍ പങ്കെടുത്തിരുന്നു. അവരെല്ലാം ഹദീസ് വിജ്ഞാനീയവുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകളും തിരിച്ചറിവുകളും നേടിയാണ് അന്ന് പിരിഞ്ഞത്. അവരുടെ കൂടി അഭ്യര്‍ഥനയും ആവശ്യവുമായിരുന്നു ഹദീസ് സെമിനാറിന് തുടര്‍ച്ചയുണ്ടാവണമെന്നത്. ഈ രംഗത്തെ പ്രഗത്ഭരും, ലോകമറിയുന്ന പണ്ഡിതരുമായ സല്‍മാന്‍ നദ്‌വിയും ഡോ. ഹംസ മലൈബാരിയുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്.
Comments