Prabodhanm Weekly

Pages

Search

2015 ജനുവരി 02

സമന്വയ വിസ്മയത്തിന്റെ പ്രവാചകന്‍

ടി. മുഹമ്മദ് വേളം /കവര്‍‌സ്റ്റോറി

         പ്രവാചകനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അദ്ദേഹത്തില്‍ ഒരു അത്ഭുത സിദ്ധി ഉണ്ടായിരുന്നുവെന്ന് തോന്നാറുണ്ട്. ചന്ദ്രന്‍ പിളര്‍ന്നതോ വിശുദ്ധ ഖുര്‍ആന്റെ ദിവ്യത്വം പോലുമോ അല്ലാത്ത ഒരത്ഭുത സിദ്ധി. അത് സമന്വയത്തിന്റെ വിരല്‍ സ്പര്‍ശമാണ്. ഏത് വൈരുധ്യത്തെയും പ്രവാചകന്‍ തൊട്ടാല്‍ അത് സമന്വിതമായിത്തീരും. ഇത് ഇസ്‌ലാമിന്റെ തന്നെ പൊതുസ്വഭാവമാണ്. മുഹമ്മദ് നബിയില്‍ ഈ സമന്വയ വിസ്മയം ഏറെ പൂര്‍ണതയില്‍ കാണാന്‍ കഴിയും.

ആദര്‍ശവ്യത്യാസങ്ങള്‍ സംഘട്ടനങ്ങള്‍ക്ക്, പരസ്പരം നശീകരണത്തിന് കാരണമാവും എന്നതാണ് ലോകത്തിന്റെ പൊതുധാരണ. മതത്തിന്റെ കാര്യത്തില്‍ ഈ ഉത്കണ്ഠ കൂടുതല്‍ ശക്തമാണ്. അതിനു പരിഹാരമായാണ് എല്ലാം ശരിയാണെന്ന വാദം ഉയര്‍ന്നുവന്നത്. സര്‍വമത സത്യവാദം ഒരു പ്രശ്‌ന പരിഹാര ഫോര്‍മുലയാണ്. എന്നാല്‍ ആശയതലത്തില്‍ പോലും സര്‍വമത സത്യവാദം ആശയ വൈരുധ്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നില്ല. അതിലേക്ക് വെളിച്ചം നല്‍കുന്ന ഒരു കഥയുണ്ട്. ഒരു കോളേജധ്യാപകന്‍ തന്റെ ക്ലാസ്സിനിടയില്‍ പറഞ്ഞു: ''ഞാന്‍ പറയുന്നത് മാത്രമാണ് സത്യമെന്ന് ഉറപ്പിച്ചു പറയുന്നവനേക്കാള്‍ വലിയ  വിഡ്ഢി ലോകത്താരുമില്ല.'' വിരുദ്ധനായ ഒരു വിദ്യാര്‍ഥി ചോദിച്ചു: ''ഉറപ്പാണോ സര്‍.'' അദ്ദേഹം പറഞ്ഞു: ''അതെ, ഉറപ്പാണ്.'' അത് അദ്ദേഹത്തിന് ഉറപ്പിച്ചു പറയേണ്ടിവന്നു. വിഡ്ഢിത്തത്തിന് അദ്ദേഹം തന്നെ നിര്‍മിച്ച മാനദണ്ഡത്തില്‍ അദ്ദേഹം ഉള്‍പ്പെടുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിനുവേണ്ടി ഉണ്ടാക്കിയ സമവാക്യം പ്രശ്‌നം പരിഹരിക്കുന്നതിനു പകരം ബൂമറാംഗ് പോലെ തിരിച്ചടിച്ചു. ഏതൊരു വാദവും ഒരു പ്രതിവാദത്തെ സൃഷ്ടിക്കും. അല്ലെങ്കില്‍ പ്രതിവാദത്തെ നിഷേധിക്കും. എല്ലാം ഒരേപോലെ ശരിയാണെന്ന വാദം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു എന്നവകാശപ്പെടുമ്പോഴും, ഒന്നുമാത്രമാണ് ശരിയെന്ന വാദത്തെ അതിനുള്‍ക്കൊള്ളാന്‍ കഴിയില്ല. ഏതു ദര്‍ശനവും അതിന്റെ അപരത്തെ നിഷേധിക്കുന്ന പോലെ സര്‍വമത സത്യവാദവും അതിന്റെ അപരത്തെ നിഷേധിക്കുന്നു. 

ഇസ്‌ലാമിക ബാഹ്യലോകം രണ്ടിലൊരു തെരഞ്ഞെടുപ്പാണ് മനുഷ്യന് നല്‍കുന്നത്. ഒന്നുകില്‍ താന്‍ വിശ്വസിക്കുന്നത് മാത്രമാണ് സമ്പൂര്‍ണമായ ശരി എന്ന് ശഠിക്കുകയും മറ്റുള്ളവയെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യാം. അല്ലെങ്കില്‍ എല്ലാം ശരിയാണെന്നംഗീകരിച്ച് സമാധാന വാദിയാവാം. ഏക ദര്‍ശന സത്യവാദവും അതിനു പുറത്തുള്ളവരുടെ സുരക്ഷയും യോജിക്കാത്ത പരസ്പര വൈരുധ്യങ്ങളായാണ് പൊതുവില്‍ മനസ്സിലാക്കപ്പെടുന്നത്. ഏകമത സത്യവാദവും സമാധാനവും നിത്യശത്രുക്കളാണ്. എന്നാല്‍ ഇസ്‌ലാം ഈ വൈരുധ്യത്തെ, രണ്ടിനെയും ബലികൊടുക്കാതെ അതിമനോഹരമായി സമന്വയിപ്പിക്കുന്നു. ഇസ്‌ലാം മാത്രമാണ് ആത്യന്തിക സത്യമെന്ന് വിശ്വസിക്കുമ്പോഴും വാദിക്കുമ്പോഴും അത് തെറ്റെന്ന് വിശ്വസിക്കുന്ന മതങ്ങളുടെയും വിശ്വാസങ്ങളുടെയും നിലനില്‍ക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ''യുദ്ധത്തിനിരയായവര്‍ക്ക് പ്രത്യാക്രമണത്തിന് അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനാണ്. സ്വന്തം നാടുകളില്‍ നിന്നും വീടുകളില്‍ നിന്നും അന്യായമായി പുറത്താക്കപ്പെട്ടവരാണ് അവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസി മഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു'' (അല്‍ഹജ്ജ് 39,40). ഖുര്‍ആന്റെ ഉള്ളടക്കത്തിന്റെ മുഖ്യപങ്ക് യഹൂദ-ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ബഹുദൈവ വിശ്വാസത്തിന്റെ ഖണ്ഡനവും ഏകദൈവ വിശ്വാസത്തിന്റെ സ്ഥാപനവുമാണ്. അത്തരമൊരു ഖുര്‍ആന്‍ എന്തിനാണ് ബഹുദൈവത്വത്തിന്റെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു പോകാതിരിക്കാന്‍ സമരസജ്ജരാവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്? ഇത് സമന്വയ വിസ്മയത്തിന്റെ ഖുര്‍ആനിക അടയാളമാണ്. 'ഞാന്‍ നിന്നോട് വിയോജിക്കുന്നു. പക്ഷേ, നിനക്ക് എന്നോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കാന്‍ വരെ ഞാന്‍ സന്നദ്ധനാണ്' എന്ന വോള്‍ട്ടയര്‍ വാചകം ഖുര്‍ആനിക അന്തഃസത്തയുടെ ആവിഷ്‌കാരമാണ്. വൈരുധ്യങ്ങളെ സമന്വയിപ്പിക്കുന്ന വിസ്മയ വിദ്യ. ഇസ്‌ലാം അമ്പലവും ചര്‍ച്ചും സനഗോഗും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ അര്‍ഥം അവയും ശരിയായ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഖുര്‍ആന്‍ സമ്മതിക്കുന്നു എന്നല്ല. അതിനോട് ശക്തമായി വിയോജിക്കുമ്പോഴും അതിനു നിലനില്‍ക്കാന്‍ അധികാരമുണ്ടെന്ന വേറിട്ട ഒരു വഴിയാണിത്. 

സ്വകാര്യ സ്വത്തിന് ചൂഷണമുക്തമായി നിലനില്‍ക്കാന്‍ കഴിയില്ല എന്നതാണ് കമ്യൂണിസത്തിന്റെ ഒരടിസ്ഥാനം. നല്ലവനായ മുതലാളി എന്ന ഒന്ന് ഉണ്ടാവുകയില്ല. കാരണം മുതലാളിയുടെ കുഴപ്പമല്ല. മുതലിന്റെ കുഴപ്പമാണ്. ചൂഷണം മൂലധനത്തിന്റെ സഹജസ്വഭാവമാണ്. സ്വകാര്യ മൂലധനത്തെയും പരക്ഷേമ തല്‍പരതയെയും ഒരിക്കലും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല. ഇസ്‌ലാം ഈ വൈരുധ്യത്തെ അതിന്റെ ജീവിത വീക്ഷണത്തിലൂടെ, സാമ്പത്തിക സമീപനത്തിലൂടെ പരിഹരിക്കുന്നു. ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന് അവകാശമുണ്ട്. സ്വത്തില്‍ ആര്‍ക്കും സമ്പൂര്‍ണമായ ഉടമസ്ഥതയില്ല. ട്രസ്റ്റിഷിപ്പ് മാത്രമാണുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള സമ്പത്ത് എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. 

ദാമ്പത്യവും പ്രണയവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ല എന്നതാണ് കുടുംബവിരുദ്ധമായ റാഡിക്കല്‍ ഫെമിനിസത്തിന്റെ കാഴ്ചപ്പാട്. ദാമ്പത്യത്തിനും പ്രണയത്തിനുമിടയില്‍ അവ ഓരോന്നായി എടുത്താല്‍ വൈരുധ്യങ്ങള്‍ ധാരാളമുണ്ട്. ഒരു കേവല സ്ഥാപനമെന്ന നിലക്ക് ദാമ്പത്യം പ്രണയവിരുദ്ധമാണ്. കേവല പ്രണയം കാല്‍പനികതയില്‍ ഒതുങ്ങുന്നതും പ്രായോഗികമായി അസാധ്യവുമായിരിക്കും. ക്ലാസിക് പ്രണയകഥകളെല്ലാം ട്രാജഡികളാണ്. പ്രണയം കൊണ്ട് മാത്രം ഒരാണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കാനാവില്ല. പ്രണയരഹിത ദാമ്പത്യമാവട്ടെ രണ്ടാളുകള്‍ക്ക് കിട്ടാവുന്ന മികച്ച ശിക്ഷയുമാണ്. ദാമ്പത്യം പ്രണയസുരഭിലമാവാന്‍ ഇസ്‌ലാം നിരവധി കരുതലുകള്‍ സ്വീകരിക്കുന്നു. ദൈവം ഒന്നിപ്പിച്ചവരെ ഭിന്നിപ്പിക്കരുതെന്ന്, ദാമ്പത്യത്തെ ദിവ്യമാക്കാതെ വിവാഹമോചനത്തിന്റെയും പുനര്‍വിവാഹത്തിന്റെയും സാധ്യതകള്‍ തുറന്നിട്ട് ജനാധിപത്യവത്കരിക്കുന്നു. പ്രണയത്തിന്റെ ശവശരീരവും വഹിച്ച് ജീവിക്കുന്നതില്‍ നിന്ന് ദമ്പതികളെ മോചിപ്പിക്കുന്നു. പല ദമ്പതിമാരുടെ ജീവിതവും പ്രണയത്തിന്റെ ഒരു നീണ്ട ശവഘോഷ യാത്രയാണ്. 

സദാചാരത്തിനും ലൈംഗികതക്കും ഈ വൈരുധ്യവും സമന്വയവുമുണ്ട്. സദാചാരം തന്നെ കേവല സദാചാരത്തിനു വേണ്ടിയല്ല, ശരിയായ ലൈംഗികാസ്വാദനത്തിനു വേണ്ടി കൂടിയാണ്. സദാചാരരാഹിത്യം ലൈംഗിക കാഴ്ചകളുടെ പ്രളയത്തെ സൃഷ്ടിക്കും. അത് ലൈംഗിക മരവിപ്പിലേക്ക് മനുഷ്യരെ എത്തിക്കും. സദാചാരമുള്ള സമൂഹമായിരിക്കും ഏറ്റവും മധുരിതമായ ലൈംഗികത ആസ്വദിക്കുന്നവര്‍. അപ്പോള്‍ ഈ വൈരുധ്യസമന്വയം പ്രകൃതിബാഹ്യമല്ല, പ്രകൃതി ദത്തമാണ്.

സ്ത്രീയും പുരുഷനും വൈരുധ്യങ്ങളല്ല. സമന്വിതരാവേണ്ട വൈവിധ്യങ്ങളാണ്. ദിവ്യമായ കല അങ്ങനെയാണ് അവരെ ഒരുക്കിയത്; മനസ്സിലും ശരീരത്തിലും. ജാഹിലിയത്തി(അനിസ്‌ലാമികത)ന്റെ ഏതോ ഒരു പ്രാചീന ഘട്ടത്തില്‍ ആരംഭിക്കുകയും ഇന്നും അപരിഹാര്യമായി തുടരുകയും ചെയ്യുന്ന വംശ വൈരുധ്യങ്ങള്‍, ജാതിക്കുരുക്കുകള്‍ ഇസ്‌ലാം ശരിയായ രീതിയില്‍ പ്രയോഗവത്കരിച്ചപ്പോഴെല്ലാം എത്ര എളുപ്പത്തിലാണ് അഴിഞ്ഞുതീര്‍ന്നത്! വംശങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരുന്ന വൈരുധ്യങ്ങള്‍ പല വഴികളിലൂടെ ഇസ്‌ലാം പരിഹരിച്ചു. തത്ത്വത്തിന്റെയും നിയമത്തിന്റെയും വഴികളിലൂടെ. ഇസ്‌ലാമിനകത്ത് ഈ വൈരുധ്യങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്നു തെളിയിച്ചു. ഇന്ത്യയില്‍ ഒരു താഴ്ന്ന ജാതിക്കാരന്‍ നിരീശ്വരവാദിയായാലും കമ്യൂണിസ്റ്റായാലും അവന്റെ ജാതി ഇല്ലാതാവുകയില്ല. വര്‍ഗരഹിത സ്വപ്ന സമൂഹത്തില്‍ മറ്റെല്ലാമെന്നപോലെ ജാതിയും ഇല്ലാതാവുമെന്നവകാശപ്പെടും. ശരിയായ ഇസ്‌ലാം പ്രയോഗത്തില്‍ ഒരാള്‍ മുസ്‌ലിമാവുന്നതോടെ അവന്‍ ജാതിരഹിതനാവുകയാണ്. വംശവൈവിധ്യങ്ങള്‍ നിലനില്‍ക്കുകയും വംശവൈരുധ്യങ്ങള്‍ അവസാനിക്കുകയുമാണ്. അതിലുണ്ടാവുന്ന പരാജയങ്ങള്‍ ഇസ്‌ലാമിനെ പ്രയോഗിക്കുന്നതിലുണ്ടാവുന്ന പരാജയങ്ങളാണ്; ഇസ്‌ലാമിന്റെ പരാജയങ്ങളല്ല. വംശം എന്നതും ശരിയായ ഇസ്‌ലാമിക സമൂഹത്തില്‍ നിശ്ചല സാമൂഹിക സ്ഥാപനമല്ല; നിരന്തരം പുനഃസംഘടിപ്പിക്കപ്പെടുന്ന ഒന്നാണ്. 

പ്ലാറ്റോവിന്റെ കാലം മുതല്‍ പാശ്ചാത്യ ദര്‍ശനങ്ങളുടെ പ്രധാന സവിശേഷത വൈരുധ്യാത്മകതയാണ്. പ്ലാറ്റോ, ഹെഗല്‍, മാര്‍ക്‌സ് എന്നിവരില്‍ ഇതിന്റെ പല ഘട്ടങ്ങള്‍ നമുക്ക് വായിക്കാനാവും. വൈരുധ്യമാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്നത് എന്ന് അത് സിദ്ധാന്തിക്കുന്നു. ഇസ്‌ലാം വൈരുധ്യത്തിന്റെ സംഘട്ടനത്തിനു പകരം സമന്വയത്തെ മുന്നോട്ടുവെക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പാശ്ചാത്യ ചിന്തയുടെ വൈരുധ്യാത്മക രീതിശാസ്ത്രം പരസ്പര വിരുദ്ധമായി കാണുന്ന പലതും ഇസ്‌ലാമിക സമൂഹത്തില്‍ വൈരുധ്യങ്ങളായിരിക്കില്ല. വൈരുധ്യത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് ഇസ്‌ലാമിക സമൂഹത്തെ പലപ്പോഴും മനസ്സിലാക്കാനാവില്ല. മത-രാഷ്ട്രീയ വിഭജനം ഇതിന്റെ ഉദാഹരണമാണ്. അതുകൊണ്ടാണ് കെ. ദാമോദരന്‍ എഴുതിയത്, ''പൗരസ്ത്യ മതങ്ങളെ ആത്മീയം, ഭൗതികം എന്നു വേര്‍തിരിക്കുന്നത് സൂക്ഷിച്ചുവേണം.'' സാധാരണ ഭൗതിക ജീവിതത്തെ തന്നെ ആത്മീയവത്കരിക്കുന്ന അത്ഭുത പദ്ധതിയാണ് ഇസ്‌ലാം. മറുഭാഗത്ത് ദൈവത്തിന്റെയും മനുഷ്യന്റെയും  താല്‍പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രോമിത്യൂസിന്റേതുള്‍പ്പെടെ നിരവധി മിത്തുകള്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ കാണാന്‍ കഴിയും.

അധികാരവും ജനവിരുദ്ധതയും വേര്‍തിരിക്കാനാവാത്ത പാരസ്പര്യങ്ങളാണ് എന്ന വാദം മതേതര സമൂഹത്തിനകത്ത് പ്രബലമാണ്. അധികാരമുള്ളിടത്ത് ചൂഷണവുമുണ്ടാവും. ചൂഷണത്തിനും ജനവിരുദ്ധതയ്ക്കുമുള്ള ആത്യന്തിക പരിഹാരം ആര്‍ക്കും അധികാരമില്ലാത്ത അവസ്ഥയാണ്. മതേതര സമൂഹത്തിലെ ധാരാളം കലാകാരന്മാരും ബുദ്ധിജീവികളും ഈ കാല്‍പ്പനിക രാജ്യത്തിലെ, 'സ്‌നേഹമസ്തമിക്കാത്ത സാമ്രാജ്യത്തിലെ' (ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് കടപ്പാട്) പൗരന്മാരാണ്. മാര്‍ക്‌സിസം തന്നെ അധികാരരഹിതമായ ഒരു ലോകത്തെയാണ് ആത്യന്തികമായി വിഭാവന ചെയ്യുന്നത്. വര്‍ഗരഹിത സമൂഹം ആര്‍ക്കും ആരുടെമേലും അധികാരമില്ലാത്ത, അധികാരം ആവശ്യമില്ലാത്ത സമൂഹമാണ്. ഈ കാല്‍പ്പനിക മനോഹരമായ സമൂഹ സൃഷ്ടിക്കുവേണ്ടിയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് ഏറ്റവും മനുഷ്യവിരുദ്ധമായ അധികാര പ്രയോഗങ്ങള്‍ നടന്നത് എന്നത് അപഹാസ്യമായ വൈരുധ്യമാണ്. പക്ഷേ, ഇസ്‌ലാം അധികാരത്തെയും ജനനന്മയെയും സമന്വയിപ്പിക്കുന്നു. ഇസ്‌ലാമിന് പുറത്ത് ഇവ രണ്ടിനുമിടയില്‍ സഹജമായിത്തന്നെ നിലനില്‍ക്കുന്ന വൈരുധ്യത്തെ ഇല്ലാതാക്കുന്നു. 

മനുഷ്യനും പ്രകൃതിയും തമ്മില്‍ ഒത്തുതീര്‍പ്പുകള്‍ സാധ്യമല്ലാത്ത വൈരുധ്യങ്ങളുണ്ട് എന്ന വിശ്വാസമാണ് പരിസ്ഥിതി മൗലികവാദത്തിന്റെ അടിത്തറ. മനുഷ്യന്‍ ഭൂമിയുടെ കേന്ദ്രമായിരിക്കുന്നേടത്തോളം പ്രകൃതിനശീകരണം തുടരും. അതുകൊണ്ട് പുഴുവിനെയും പഴുതാരയെയും കഴുകനെയും കാക്കയെയും പ്രാണികളെയും സൂക്ഷ്മ ജീവികളെയും ചെടികളെയും മരത്തെയും കല്ലിനെയും ലവണത്തെയും പോലെ ഒരവകാശമേ മനുഷ്യനും ഭൂമിയിലുള്ളൂ എന്ന് അവര്‍ പറയുന്നു. മനുഷ്യന്റെ കേന്ദ്രസ്ഥാനവും പ്രകൃതിയുടെ സംരക്ഷണവും തമ്മില്‍ നികത്താനാവാത്ത വിടവുകളും വൈരുധ്യങ്ങളും ഉണ്ടെന്നര്‍ഥം. ഇസ്‌ലാം മനുഷ്യനെ ഭൂമിയുടെ നേതൃത്വം ഏല്‍പ്പിച്ചുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കുന്ന സമന്വയത്തിന്റെ വഴിയാണ്. പ്രകൃതി ആരാധനയെയും പ്രകൃതി നശീകരണത്തെയും അത് തള്ളിക്കളയുന്നു. പാശ്ചാത്യരുടെ പ്രകൃതിവിരുദ്ധമായ വ്യാവസായിക നാഗരികതക്കെതിരെ പ്രകൃതി ആരാധനയെ പിന്തുണക്കുന്ന പാരിസ്ഥിതിക ബുദ്ധിജീവികളെ ഇന്ന് ധാരാളമായി കാണാന്‍ കഴിയും. പ്രകൃതി ആരാധന മനുഷ്യന്റെ ബുദ്ധിയെയും അന്തസ്സിനെയും അപഹസിക്കലാണ്. പക്ഷേ, ഒരു ഭ്രാന്തില്‍ നിന്ന് മറ്റൊരു ഭ്രാന്തിലേക്ക്, ഒരു ആത്യന്തികതയില്‍ നിന്ന് മറ്റൊരു ആത്യന്തികതയിലേക്ക് സ്ഥലംമാറ്റം കിട്ടാനാണ് അനിസ്‌ലാമികതക്ക് എന്നും ഗതി. കാരണം, സമന്വയത്തിന്റെ ദിവ്യകല അതിന് പരിചയമില്ല. 

അണുബോംബിന്റെ സൂത്രവാക്യം കണ്ടെത്തിയ ആല്‍ബര്‍ട്ട് ഐന്‍സീറ്റീന്‍ ലോകയുദ്ധങ്ങളുടെ ദുരിതസന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് പാശ്ചാത്യ മനശ്ശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡിന് ഒരു കത്ത് എഴുതി. ഒരു പ്രത്യേക കാലയളവില്‍ ഓരോ രാജ്യവും വ്യവസ്ഥകളില്ലാതെ ഒരു പൊതുനിയമ സ്ഥാപനത്തിന് കീഴടങ്ങിയാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ഐന്‍സ്റ്റീനിന്റെ ചോദ്യം. മനുഷ്യ വിധിയെക്കുറിച്ചുള്ള തന്റെ വിഷാദാത്മകമായ ചിന്ത അവതരിപ്പിച്ചതിന് ശേഷം ഫ്രോയിഡ് കത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ''താങ്കളെ ഞാന്‍ നിരാശനാക്കിയെങ്കില്‍ പൊറുക്കുക. യുദ്ധവും നശീകരണവും മനുഷ്യമനസ്സില്‍ വേരോടിയതാണ്'' (sigmund Freud: Civilization, Society and Religion - The Pelican Freud Library, Volume-12). നശീകരണവും യുദ്ധവും പരഹത്യയും മനുഷ്യന് ഒഴിവാക്കാന്‍ പ്രയാസമായ സഹജസ്വഭാവങ്ങളാണ് എന്നാണ് ഫ്രോയിഡ് പറയുന്നത്. 'നീ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്ന യേശു വചനത്തെക്കുറിച്ച് ഫ്രോയിഡ് പറയുന്നത് 'വലിയ അപ്രായോഗികത' എന്നാണ്. ഒരാളുടെ കാമനകളും അന്യന്റെ താല്‍പര്യങ്ങളും ഒരിക്കലും കൂട്ടിയോജിപ്പിക്കാനാവാത്ത വൈരുധ്യങ്ങളാണ് ഫ്രോയിഡിന്. എന്നാല്‍ ഇസ്‌ലാം ദൈവഭക്തിയുടെ ചരടില്‍ ഇതിനെ മനോഹരമായി കോര്‍ത്തുകെട്ടുന്നു, സമന്വയിപ്പിക്കുന്നു. 

യുക്തിയും വിശ്വാസവും തമ്മിലും ഇസ്‌ലാമിന് പുറത്ത് വെള്ളവും തീയും പോലുള്ള വൈരുധ്യങ്ങളുണ്ട്. വിശ്വാസത്തില്‍ യുക്തിക്ക് ഒരു സ്ഥാനവുമില്ല. യുക്തിയാവട്ടെ വിശ്വാസത്തില്‍ നിന്ന് സ്വതന്ത്രവും. പാശ്ചാത്യ യുക്തി പ്രതിസന്ധിയിലായപ്പോള്‍ യുക്തിയെത്തന്നെ നിഷേധിക്കുന്ന ഉത്തരാധുനികതക്ക് അവര്‍ ജന്മം നല്‍കി. അങ്ങനെ ലോകമെന്നത് അയുക്തികമായ ഒരു വ്യവഹാരമാണെന്ന് നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചു. അതുവഴി ശരിയായ വിശ്വാസം സവിശേഷ മൂല്യമൊന്നുമില്ലാത്തതാവുകയും എല്ലാ അന്ധവിശ്വാസങ്ങളും ഉദാത്തീകരിക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമില്‍ വിശ്വാസത്തിന് യുക്തിയും യുക്തിയില്‍ വിശ്വാസവുമുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞതുപോലെ 'അറിവിന്റെ പല സ്രോതസ്സുകളില്‍ ഒരു സ്രോതസ്സ് മാത്രമാണ് യുക്തി.' യുക്തിയില്ലാത്ത വിശ്വാസം വിഡ്ഢിത്തമായിരിക്കും. ഈ സമന്വയ വിസ്മയം ഇസ്‌ലാമിന്റെ ഒരു താക്കോല്‍ സൂത്രമാണ്. ഇത് മനസ്സിലാവാത്തതാണ് മിക്ക ഇസ്‌ലാംവായനകളും ഒരു പരാജയമായിത്തീരുന്നതിന്റെ കാരണം. ഇസ്‌ലാമിന്റെ ഈ ജനിതക കോഡ്, ഡി.എന്‍.എ മനസ്സിലാക്കിയാല്‍ മുസ്‌ലിം സമൂഹത്തിനകത്തെ ആത്യന്തിക വാദങ്ങള്‍ക്കും അസന്തുലിത വാദങ്ങള്‍ക്കും ഇസ്‌ലാമികമായ പരിഹാരം ഉണ്ടായിത്തീരും. മനുഷ്യരാശിയുടെ പ്രായപൂര്‍ത്തിയാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വം. പഴയ പ്രവാചകന്മാരുടെ നിയമ വ്യവസ്ഥകളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ ഉണ്ടായിരുന്ന ചില അസുന്തുലിതത്വങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ട നിയമ വ്യവസ്ഥ ഈ പ്രവാചകത്വത്തിന്റെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തെയും സംസ്‌കാരത്തെയും സംബന്ധിച്ചേടത്തോളം ഒരിക്കലും അസ്തമിക്കാത്ത പൂര്‍ണ ചന്ദ്രനാണ് പ്രവാചകന്‍ മുഹമ്മദ്(സ).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍