മുഹമ്മദ് നബി സംവാദത്തിന്റെ സ്‌നേഹവും സഹനവും
മരുഭൂമിയില്‍ തളിര്‍ത്ത നന്മയുടെ വടവൃക്ഷമായിരുന്നു മുഹമ്മദ് നബി. മാനവ സമൂഹത്തിന്റെ സന്മാര്‍ഗ ലബ്ധി അദ്ദേഹത്തിന്റെ കണ്ണിലെ കുളിര്‍മയും, അവരുടെ അപഥസഞ്ചാരം ആ നെഞ്ചില്‍ പുകയുന്ന നെരിപ്പോടുമായിരുന്നു. അതുകൊണ്ടുതന്നെ ആദര്‍ശ പ്രചാരണത്തിന്റെ മാര്‍ഗത്തില്‍ ആ പ്രബോധകന്‍ ധീരനും വിനയാന്വിതനുമായി നിലയുറപ്പിച്ചു. അധര്‍മത്തിന്റെ വഴിയേ പോകുന്ന ജനം ദൈവകോപത്തിന് ഇരകളാകുന്ന ദുരന്തത്തെകുറിച്ച് ഓര്‍ത്ത് നബിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമോ എന്ന ആശങ്ക പലപ്പോഴും ഖുര്‍ആന്‍ പങ്കുവെച്ചിട്ടുണ്ടല്ലോ. (അല്‍കഹ്ഫ്:6).
ജനങ്ങളോടുള്ള തന്റെ മാനസികാവസ്ഥ നബി തന്നെ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്; ''ഞാന്‍ ഒരു വിളക്ക് കത്തിച്ചവനെപ്പോലെയാണ്. അതില്‍ ധാരാളം പ്രാണികളും പാറ്റകളും വന്നു വീണ് എരിഞ്ഞു ചാമ്പലാകുന്നു. നരകത്തിന്റെ തീനാളങ്ങളില്‍ വീണു കത്തിയൊടുങ്ങുന്ന മനുഷ്യ പ്രാണികളെ രക്ഷിച്ചെടുക്കുന്ന വിമോചകനാണ് ഞാന്‍.'' പ്രവാചകന്റെ ഈ വചനം മാനവ സമൂഹത്തോടു അദ്ദേഹത്തിനുള്ള സ്‌നേഹാതിരേകത്തിന്റെ സൂചനയാണ്. മുഹമ്മദ് നബി(സ) തിന്മയെ വെറുത്തപ്പോഴും അതിലകപ്പെട്ടുപോയ മനുഷ്യരെ വെറുത്തില്ല. അധര്‍മത്തെ പിഴുത് മാറ്റിയ പ്രവാചകന്‍ അതില്‍ വീണുപോയവരെ നെഞ്ചോടു ചേര്‍ത്തുവെച്ചു. സ്വഫാ കുന്നില്‍ പരസ്യ പ്രബോധനം തുടങ്ങിയ വേളയില്‍ 'നശിക്കട്ടെ മുഹമ്മദ്' എന്ന് അബൂലഹബ് ശപിച്ചപ്പോഴും അല്ലാഹു ഖുര്‍ആനിലൂടെ മറുപടി പറയുന്നതുവരെ പ്രവാചകന്‍ മൗനമവലംബിച്ചു. പ്രതിയോഗികളുടെ കല്ലേറ് കൊണ്ട് ശിരസ്സ് പൊട്ടി കവിളിണയിലൂടെ രക്തം ചാലിട്ടൊഴുകിയപ്പോഴും മനസ്സില്‍ കോപവികാരം അണപൊട്ടിയില്ല. പ്രകോപനം പ്രബോധകന്റെ ശുഭലക്ഷണമല്ലെന്ന് പ്രവാചകന്‍ ജീവിതം കൊണ്ട് അടിക്കടി പഠിപ്പിച്ചു. കാരണം അദ്ദേഹത്തിന്റെ പ്രബോധന ദൗത്യത്തിനു പിന്നില്‍ ഒരു നാഥനും ഒരു വേദദര്‍ശനവും ഉണ്ടായിരുന്നു.
ഖുര്‍ആനായിരുന്നല്ലോ അദ്ദേഹത്തിന്റെ മൗനവും വചനവും പ്രചോദനവും പ്രബോധനവും അതിന്റെ രീതിശാസ്ത്രവുമെല്ലാം. 'ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആന്‍' എന്ന വിശേഷണം നബിക്ക് വെറുതെ നല്‍കപ്പെട്ടതല്ല. ഇസ്‌ലാമിക പ്രബോധനത്തിന്റെ സുവ്യക്തമായ മൂന്ന് സവിശേഷതകള്‍ ഖുര്‍ആന്‍ പ്രവാചകന് പകര്‍ന്നു കൊടുത്തിരുന്നു. പരസ്യ പ്രബോധനത്തിന്റെ തുടക്കം മുതല്‍ മക്കാവിജയത്തിന്റെ ശുഭപര്യവസാനം വരെ പ്രവാചകന്‍ അത് പ്രതിനിധാനം ചെയ്തു. സംസാരത്തിലോ സമീപനത്തിലോ കളങ്കം സംഭവിച്ചില്ല. ഒരു ബഹുദൈവവിശ്വാസിയുടെയോ, നിരീശ്വരവാദിയുടെയോ മാത്രമല്ല ശത്രുത പ്രഖ്യാപിച്ചുവന്നവന്റെ ഹൃദയത്തില്‍ പോലും മിത്രമായി കടന്നുചെന്ന് ചിന്തയുടെ ചക്രവാളങ്ങളില്‍ പുനര്‍ വിചിന്തനത്തിന്റെ വെളിച്ചം വിതറി. ബുദ്ധിയെ മൂടിയ വിശ്വാസ വ്യതിയാനങ്ങളുടെ മാറാലകളെ സ്‌നേഹത്തിന്റെ തൂവല്‍ സ്പര്‍ശത്താല്‍ നീക്കിക്കളഞ്ഞു. പ്രബോധിതന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രതികരണങ്ങളെപ്പോലും ഒരു ഭിഷഗ്വരന്റെ ശുഭപ്രതീക്ഷയോടെ ചികിത്സിച്ചു. അങ്ങനെ പ്രവാചകന്‍ പ്രബോധനത്തിന്റെ ഖുര്‍ആനിക സാക്ഷ്യമായി.
''യുക്തിദീക്ഷയും സദുപദേശവും കൊണ്ട് നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ച് പോയവരെ സംബന്ധിച്ച് നന്നായി അറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെ പറ്റിയും നന്നായി അറിയുന്നവനാണ്.'' (അന്നഹ്ല്‍ 125)
സദുപദേശത്തിന്റെ എല്ലാ പ്രയോഗ രൂപങ്ങളും നബിയുടെ പ്രബോധന മാര്‍ഗത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഇബ്‌നുഖയ്യിം വ്യക്തമാക്കുന്നത് കാണുക: ''മനുഷ്യരുടെ പദവികള്‍ക്കനുസരിച്ച് പ്രബോധനത്തിന്റെ രീതിയും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സത്യദര്‍ശനത്തോട് വിമുഖതയില്ലാതെ പ്രബോധനത്തിനുത്തരം നല്‍കുന്ന ബുദ്ധിജീവികളെ യുക്തിദീക്ഷയുടെ മാര്‍ഗത്തിലൂടെ ക്ഷണിക്കണം. അശ്രദ്ധയും അലസതയും പിടിപെട്ടവരെ തിന്മകളുടെ ഭയാനകതയും നന്മകളുടെ പ്രതീക്ഷകളും നല്‍കി ആജ്ഞാ നിരോധങ്ങള്‍ നിറഞ്ഞ സാരോപദേശങ്ങളിലൂടെ തിരിച്ചു കൊണ്ട്‌വരണം. നിഷേധികളായ പ്രതിയോഗികളെ സംവാദത്തിലൂടെ സമീപിക്കണം.'' (മിഫ്താഹു ദാരിസ്സആദ 1/153)
വിശ്വാസത്തിന്റെ കരുത്തും ആദര്‍ശത്തിന്റെ ധീരതയും കൈമുതലായിരുന്ന നബി(സ) വിശാല മനസ്‌കനും വിനയാന്വിതനുമായിരുന്നു. മാതൃകാ പ്രബോധന ശൈലിയെ കുറിച്ച് ശൈഖ് ഇബ്‌നുബാസിനോട് ഉന്നയിച്ച ചോദ്യത്തിന്, ഖുര്‍ആന്‍ നബിക്ക് നല്‍കിയ ഉപദേശങ്ങള്‍ മുമ്പില്‍വെച്ച് നല്‍കിയ മറുപടി ഇങ്ങനെ:
''അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷ പ്രകൃതനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെ പിരിഞ്ഞ് പോകുമായിരുന്നു...”(ആലുഇംറാന്‍ 159) എന്നാണ് നബിക്ക് നല്‍കപ്പെട്ട നിര്‍ദേശം. മുന്‍പ്രവാചകന്മാര്‍ക്കു ലഭിച്ച ഉപദേശവും ഇതുതന്നെ.
ഫിര്‍ഔന്റെ അടുത്തേക്ക് മൂസാ, ഹാറൂന്‍(അ) പ്രവാചകന്മാരെ നിയോഗിച്ച ചരിത്രം വ്യക്തമാക്കുന്നിടത്ത് ഇരുവര്‍ക്കും നല്‍കിയ നിര്‍ദ്ദേശം അല്ലാഹു വ്യക്തമാക്കുന്നുണ്ട്: ''നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരു വേള അവന്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ, അല്ലെങ്കില്‍ ഭയന്ന് അനുസരിച്ചെങ്കിലോ...'' (ത്വാഹ 44). അപ്പോള്‍ മാനവ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്‍ ഉയര്‍ന്ന തലത്തിലുള്ള യുക്തി ദീക്ഷയും ശൈലിയും അനുവര്‍ത്തിക്കണം. അതാകട്ടെ അല്ലാഹു അനുശാസിച്ചതും പ്രവാചകന്‍ മാതൃക കാണിച്ചതുമാണ്. ഉത്തമ സാരോപദേശങ്ങളും നന്മനിറഞ്ഞ വര്‍ത്തമാനങ്ങളും ഹൃദയങ്ങളെ മാറ്റിമറിക്കും. പരലോകവിചാരവും മരണ ബോധവും സ്വര്‍ഗ നരകങ്ങളെ കുറിച്ച ചിന്തയുണ്ടാക്കും. അങ്ങനെ ജനം സത്യത്തെ മനം തുറന്ന് സ്വീകരിക്കും. പ്രബോധകന്റെ വര്‍ത്തമാനം അവര്‍ കാതുകള്‍ കൂര്‍പ്പിച്ച് കേട്ടിരിക്കും (ഫതാവാ ഇബ്‌നുബാസ് 5/258).
ഇംറാനുബ്‌നു ഹുസൈന്റെ പിതാവ് ബഹുദൈവ വിശ്വാസിയായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ''ഹുസൈന്‍, നീ ഇന്ന് എത്ര ദൈവങ്ങളെ ആരാധിച്ചു?'' ''പ്രവാചകരേ, ഏഴ് ദൈവങ്ങള്‍, ആറ് ഭൂമിയിലുള്ളതും ഒന്ന് ആകാശത്തുള്ളതും.'' ''അല്ല, നിന്റെ പ്രതീക്ഷകളിലും പ്രതിസന്ധികളിലും ആരെയാണ് ആശ്രയിക്കുക?'' നബിയുടെ ചോദ്യം. ''ആകാശത്തുള്ളതിനെ'' ഹുസൈന്‍ പറഞ്ഞു. ''ഹുസൈന്‍, നീ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ രണ്ട് വചനങ്ങള്‍ നിനക്ക് പഠിപ്പിച്ചുതരാം. അത് നിന്റെ ജീവിതത്തില്‍ പ്രയോജനപ്രദമാകും.'' ഹുസൈന്‍ ഇസ്‌ലാം സ്വീകരിച്ചു. ആ വചനങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ രണ്ടു പ്രാര്‍ഥനാ മന്ത്രങ്ങള്‍ പഠിപ്പിച്ചു കൊടുത്തു: ''അല്ലാഹുവേ, വിവേകത്തിന്റെ മാര്‍ഗം നീ എനിക്ക് കാണിച്ച് തന്നാലും. ആത്മാവിന്റെ ആപത്തുകളില്‍ നിന്ന് സംരക്ഷണം നല്‍കിയാലും.'' ഹുസൈന്റെ ഹൃദയത്തെ എത്ര യുക്തിദീക്ഷയോടെയാണ് പ്രവാചകന്‍ ശുദ്ധീകരിച്ചത്!
സദുപദേശത്തിന്റെ മറ്റൊരു മാസ്മരികരംഗം അബൂ ഉമാമ ഉദ്ധരിക്കുന്നു: പ്രവാചക സദസ്സിലേക്ക് ഒരു മനുഷ്യന്‍ ഓടി വന്നു. ലൈംഗികാസക്തിയുടെ വികാര വിവശതയാണ് ഹൃദയം നിറയെ. വ്യഭിചാരം അനുവദിച്ചു കൊടുക്കണമെന്നാണ് ആവശ്യം. ജനം ഇളകി മറിഞ്ഞു. പ്രവാചകന്‍ അവരോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ച് അദ്ദേഹത്തെ അടുത്തിരുത്തി. സൗമ്യഭാഷയില്‍ ചോദിച്ചു: ''നിന്റെ ഉമ്മയെ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ?'' ''ഇല്ല റസൂലേ, ഇല്ല...'' നിന്റെ പുത്രിക്കോ, നിന്റെ സഹോദരിക്കോ ഇതു സംഭവിച്ചാല്‍?'' ''അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.'' ''അപ്പോള്‍ നീ വ്യഭിചരിക്കാനുദ്ദേശിക്കുന്നത് മറ്റൊരാളുടെ മാതാവിനെയും പുത്രിയെയും സഹോദരിയെയുമല്ലേ?'' ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തറച്ചു. മൗനിയായി മുഖം താഴ്ന്നു. പ്രവാചകന്‍ നെഞ്ചില്‍ കൈവെച്ച് പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഇവന്റെ പാപങ്ങള്‍ പൊറുക്കുക. ഹൃദയം ശുദ്ധീകരിക്കുക. ചാരിത്ര്യം സംരക്ഷിക്കുക'' പ്രവാചക സദസ്സില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''പ്രവാചകരേ, ഇവിടേക്ക് വരുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വ്യഭിചാരം. പടികടന്ന് ഞാന്‍ പോകുമ്പോള്‍ ഇതാ എനിക്കേറ്റവും വെറുക്കപ്പെട്ടത് വ്യഭിചാരം.''
അസാന്മാര്‍ഗികവൃത്തി ആഗ്രഹിച്ച് കിതച്ച് വന്ന മനുഷ്യനെ സദാചാര ബോധത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന പ്രവാചകമാതൃക എത്ര ഉദാത്തം! ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ചോദ്യങ്ങളും ഹൃദയത്തെ വശീകരിച്ച സാരോപദേശവും എത്ര മനോഹരം! പള്ളിയില്‍ മൂത്രമൊഴിച്ച ഗ്രാമീണന്റെ മുന്നില്‍ അനുയായികള്‍ അട്ടഹാസം മുഴക്കിയപ്പോഴും പ്രകോപിതരായ സഹപ്രവര്‍ത്തകരെ കൂട്ടി പള്ളി ശുദ്ധീകരിച്ച പ്രവാചകസമീപനം എത്രമേല്‍ സഹാനുഭൂതിദായകം! മരച്ചില്ലയില്‍ വാളുതൂക്കി വൃക്ഷത്തണലില്‍ വിശ്രമിക്കുമ്പോള്‍ വാളെടുത്ത് വധിക്കാനോങ്ങിയ അക്രമിയുടെ കരങ്ങളില്‍ നിന്ന് ആയുധം തിരിച്ച് കിട്ടുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയവിശാലതയുടെ ആഴമെത്രയാണ്?!
ത്വാഇഫ് യാത്രയിലെ ദുരനുഭവങ്ങളില്‍ പതറാതെനിന്ന പ്രവാചകന്റെ മനസ്സ് എന്തായിരുന്നു? ഏകനായ അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കുന്ന ഒരു ജനപഥം പ്രബോധിത സമൂഹത്തില്‍ നിന്ന് ഉദയം ചെയ്യുമെന്ന് ഭാവി തലമുറയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു. പ്രതീക്ഷയും പ്രാര്‍ഥനയും പോലെ പിന്നീട് പടച്ചവന്‍ വിഗ്രഹ പൂജാരിമാരെ കഅ്ബാലയത്തിന്റെ കാവല്‍ക്കാരാക്കുന്നു. പ്രബോധിതര്‍ സത്യസന്ദേശം സ്വീകരിച്ച് സമ്പൂര്‍ണ പരിവര്‍ത്തനത്തിലൂടെ നാഗരികലോകം പണിയുന്നു.
വാക്കിലും കര്‍മ്മത്തിലും നന്മനിറഞ്ഞ സമീപനം സ്വീകരിക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്കേ സാധിക്കൂ. അത് ലഭിച്ചവരോ ധാരാളം നന്മ ലഭിച്ചവരുമെന്ന് അബൂജഅ്ഫറുത്ത്വബ്‌രി (തഫ്‌സീറുത്ത്വബ്‌രി 3/89).
''അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് യുക്തിദീക്ഷ നിറഞ്ഞ വിജ്ഞാനം നല്‍കുന്നു. അത് ലഭിക്കുന്നവര്‍ക്ക് കണക്കില്ലാത്ത നേട്ടമാണ് ലഭിക്കുന്നത്. എന്നാല്‍ ബുദ്ധിമാന്‍ മാത്രമേ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയുള്ളൂ.'' (അല്‍ബഖറ 269)
പ്രബോധനം പ്രവാചകന്മാരുടെ പാരമ്പര്യമാണ്. നിര്‍മല ഭാഷകൊണ്ട് ഫറോവയെ അഭിമുഖീകരിച്ച മൂസയുടെയും, കാപാലികനായ നംറൂദിനെ പ്രാപഞ്ചിക ദൃഷ്ടാന്തത്തിന്റെ ഉള്ളറകളിലേക്ക് നയിച്ച ഇബ്‌റാഹീമിന്റെയും പാത തന്നെയായിരുന്നു വിട്ടുവീഴ്ചയുടെയും സഹാനുഭൂതിയുടെയും സഞ്ചരിക്കുന്ന ആള്‍രൂപമായിരുന്ന മുഹമ്മദ് നബിയുടെയും പാത. ആരാധനയിലും അനുഷ്ഠാനത്തിലും പിന്തുടരേണ്ട നബി തന്നെയാണ് ആശയപ്രചാരണത്തിനും മാതൃക.
''സംശയമില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനിലാണ് മികച്ച മാതൃകയുള്ളത്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും'' (അല്‍അഹ്‌സാബ് 21).
വശ്യമായ സംവാദ ശൈലിക്കുടമയായിരുന്ന പ്രവാചകനില്‍ നിന്ന് എത്രദൂരം അകലമുണ്ട് നമ്മുടെ പ്രബോധന രീതിക്കെന്ന് ചിന്തിക്കേണ്ടതുണ്ട്. തക്ബീര്‍ മുഴക്കി വേദിയിലേക്ക് ആനയിക്കപ്പെടുന്ന സംവാദവീരന്മാര്‍ ജനമനസ്സുകളില്‍ പ്രതീക്ഷകളല്ല പലപ്പോഴും പേടിസ്വപ്‌നങ്ങളാണ്. കാലത്തിന്റെ സാമൂഹികാവസ്ഥകളും പരിണാമദശകളും അതിനനുസരിച്ച് സ്വീകരിക്കേണ്ട ശൈലിയും പ്രബോധകന്മാര്‍ തിരിച്ചറിയണം. പ്രബോധിത സമൂഹത്തിന്റെ സംശയങ്ങളെ യോദ്ധാവിനെ പോലെ അക്രമിച്ച് കീഴ്‌പ്പെടുത്തലല്ല നബിചര്യ. പ്രബോധിതസമൂഹത്തെ പ്രകോപിതരും അപമാനിതരുമാക്കുക നബിയുടെ രീതിയായിരുന്നില്ല. താല്‍ക്കാലികാവേശത്താല്‍ അടങ്ങാത്ത ആഗ്രഹവുമായി പ്രവാചക സന്നിധിയില്‍ വന്ന് ഇസ്‌ലാം സ്വീകരിച്ച് കഅ്ബാലയത്തില്‍ അത് പരസ്യമായി പ്രഖ്യാപിക്കാന്‍ അനുമതി ചോദിച്ച അബൂദര്‍റിനോട്, 'സമയമായിട്ടില്ല' എന്നായിരുന്നു നബിയുടെ മറുപടി. പ്രബോധകര്‍ സ്വീകരിക്കേണ്ട സ്ഥലകാലബോധത്തെ യുക്തിദീക്ഷയോടെ വിലയിരുത്തുകയായിരുന്നു പ്രവാചകന്‍.
പ്രബോധകന്മാര്‍ സ്വീകരിക്കേണ്ട യുക്തിദീക്ഷയെക്കുറിച്ച് ശഹീദ് സയ്യിദ് ഖുത്വ്ബ്: ''ഈ പ്രബോധനം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പ്രബോധനമാണ്. അല്ലാതെ പ്രബോധകന്റെയോ അയാളുടെ ജനതയുടെയോ സ്വാര്‍ഥത്തിനു വേണ്ടിയുള്ളതല്ല പ്രബോകന്‍ തന്റെ പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നത്. അല്ലാഹുവിനോടുള്ള ഒരു ബാധ്യത മാത്രമാണ്........അതിനാല്‍ പ്രബോധനം യുക്തിദീക്ഷയോടെ ആയിരിക്കണം. എന്നുവെച്ചാല്‍ അഭിസംബോധിതരുടെ അവസ്ഥകളും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം. .........സദുപദേശത്തോടുകൂടി സാവധാനം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് കടക്കണം. അവരുടെ വിചാരങ്ങളിലേക്ക് അത് മൃദുവായി ആഴ്ന്നിറങ്ങണം. ആട്ടും തുപ്പും പ്രകോപനവുമൊന്നും പാടില്ല. പിന്നെ വേണ്ടത് നല്ല നിലക്കുള്ള സംവാദമാണ്. എതിരാളിയുടെ മേല്‍ കുതിരകയറുകയോ അയാളെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാതെയുള്ള സംവാദം. പ്രബോധകന്റെ നേര്‍ക്ക് അയാളുടെ മനസ്സ് തിരിയാന്‍ അത് സഹായിക്കും. തര്‍ക്കിച്ചുജയിക്കുക എന്നതല്ല, സത്യം ബോധ്യപ്പെടുത്തുകയും അതിലേക്ക് നയിക്കുകയുമാണ് അയാളുടെ ലക്ഷ്യമെന്നത് അത് തിരിച്ചറിയും'' (ഖുര്‍ആന്റെ തണലില്‍ 7/735).
മതസമൂഹങ്ങളോട് നബി സ്വീകരിച്ച സംവാദശൈലി ബഹുമത രാജ്യത്തെ പ്രബോധകര്‍ക്ക് മാതൃകയാണ്. മദീനയിലെ പ്രമുഖ ജൂത ക്രൈസ്തവ മതവിഭാഗങ്ങളുടെ മേലധ്യക്ഷന്മാരായ പുരോഹിതന്മാര്‍ പ്രവാചകന്റെ പള്ളിയില്‍ വന്ന് സ്‌നേഹാദരങ്ങളനുഭവിച്ച് സംവദിച്ച് തിരിച്ചുപോയത് ഇന്ന് സംവാദങ്ങള്‍ക്ക് പ്രചോദനമാകേണ്ടതാണ്. ''വേദസമൂഹത്തോട് ഏറ്റവും നല്ലനിലക്കേ സംവദിക്കാവൂ.'' (അല്‍അന്‍കബൂത്ത് 46) എന്ന ഖുര്‍ആന്‍ നിര്‍ദ്ദേശം പ്രവാചകന്‍ പ്രയോഗവല്‍ക്കരിച്ചത് എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കുക.
വിവിധ പ്രവാചകന്‍മാരെ പ്രതിനിധീകരിക്കുന്ന മതവിഭാഗങ്ങള്‍ സഹോദരന്മാര്‍ തന്നെ എന്ന സൗഹൃദതലത്തില്‍നിന്ന് കൊണ്ട് യോജിപ്പിന്റെ തലങ്ങളെ തെളിമയോടെ സമര്‍പ്പിക്കുകയും വിയോജിപ്പിന്റെ തലങ്ങളെ ക്ഷമയോടും സഹിഷ്ണുതയോടും സംവദിക്കുകയുമാണ് വേണ്ടത്. മുഹമ്മദ് കാരുണ്യത്തിന്റെ പ്രവാചകന്‍ മാത്രമല്ല സഹിഷ്ണുതയുടെ പ്രബോധകന്‍ കൂടിയാണ്. സാര്‍വ്വലൗകികമാതൃകയും പ്രോജ്ജ്വലിക്കുന്ന പ്രകാശദീപവും അനുകരണീയ സാക്ഷ്യവും വിജയത്തിന്റെ സുവിശേഷകനും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന മനുഷ്യ സ്‌നേഹിയുമാണ്.
''നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്തയറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്ന പ്രബോധകനായും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്.''” (അഹ്‌സാബ് 45,46)
അതെ, ഇരുള്‍മുറ്റിയ ലോകത്ത്, മാനവസമൂഹത്തിന്റെ ഹൃദയത്തില്‍ ഗുണകാംക്ഷിയായി കയറി സ്വര്‍ഗപാതയിലേക്ക് ആനയിക്കുകയായിരുന്നു, ആ മാര്‍ഗത്തിലെ സഹനവും വിട്ടുവീഴ്ചയും ധീരമായ നിലപാടായി സ്വീകരിക്കുകയായിരുന്നു നബി.
പ്രവാചകനെ വധിക്കാന്‍ വാളൂരി വന്ന ഉമറിനെ സത്യത്തിന്റെ വാഹകനും തന്റെ അനുയായിയും പിന്നീട് അമീറുല്‍മുഅ്മിനീനെന്ന നായകനുമാക്കി ഉയര്‍ത്തിയതാണ് പ്രവാചകമാതൃക. ഉമറിന്റെ കോപക്കനലില്‍ പ്രവാചകന്റെ സ്‌നേഹം പേമാരിയായി പെയ്തു. ഖുര്‍ആന്‍ ഒരു പ്രവാഹമായി ഉമറിലേക്കൊഴുകി. അദ്ദേഹത്തിന്റെ ഹൃദയം ഹിമകണം പോലെ നിര്‍മലമായി. അവസാനം, പ്രവാചകന്‍ ഇഹലോകം വെടിഞ്ഞുവെന്നുകേട്ടപ്പോള്‍ കണ്ണീര്‍ കണങ്ങള്‍ ഉമറിന്റെ കവിളിണകളിലൂടെ ഒഴുകി. പ്രവാചകന്റെ തലയെടുക്കാന്‍ വന്ന ഉമര്‍ ഇസ്‌ലാമിന്റെ രണ്ടാം ഉത്തരാധികാരിയായി. പ്രബോധന സംഘത്തിനുമുന്നിലെ വിജയമാതൃക ഇതാണ്. അതിന്റെ പുതിയ ആവിഷ്‌കാരങ്ങളെയാണ് കാലം കാത്തിരിക്കുന്നത്.
Comments