Prabodhanm Weekly

Pages

Search

2015 ജനുവരി 02

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെതിരായ നീക്കത്തില്‍ ഉത്കണ്ഠ

ദേശീയം

 

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെതിരായ നീക്കത്തില്‍ ഉത്കണ്ഠ

ക്ടിവിസ്റ്റും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നേതാവുമായ മൗലാനാ ഗുല്‍സര്‍ ആസ്മിക്കെതിരെ വന്ന വധഭീഷണിയെ കാര്യഗൗരവത്തിലെടുക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ഐ.എ.എം.സി(ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍)യുടെ കത്ത്. ഭീകരവാദ കേസുകളില്‍ കുറ്റാരോപിതരായവര്‍ക്ക് നിയമസഹായം നല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ തലയെടുക്കുമെന്നായിരുന്നു അധോലോക തലവന്‍ രവി പൂജാരിയുടെ ഭീഷണി. ബി.ജെ.പിയുടെ മുംബൈ പ്രസിഡന്റ് ആശിഷ് ഷെലാറിന്റെ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ നിരോധിക്കണമെന്ന പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചായിരുന്നു വധഭീഷണി.

''മത-സാമൂഹിക സംഘടനയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ഇന്ത്യയില്‍ ഭീകരവാദ കേസുകളില്‍ ഒട്ടനേകം മുസ്‌ലിം യുവാക്കള്‍ ജയിലറകളിലുണ്ട്. അക്ഷര്‍ധാം സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരെ ഈയടുത്ത് സുപ്രീംകോടതി നിരപരാധികളെന്ന് കണ്ട് മോചിപ്പിക്കുകയുണ്ടായി. ഗുജറാത്ത് ഹൈക്കോടതി അതിലൊരാളെ വധശിക്ഷക്ക് വരെ വിധിച്ചതായിരുന്നു. ഇതുപോലുള്ള അനേകം കേസുകളില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് നിയമസഹായം നല്‍കുകയാണ് ഇംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ചെയ്തത്. മതം നോക്കിയല്ല, നിരപരാധികളാണോ എന്ന് നോക്കിയാണ് സംഘടന നിയമസഹായം നല്‍കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിച്ച സംഘടന കൂടിയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്നതുകൂടി ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. സംഘടനക്കെതിരെയുള്ള ഭീഷണിയില്‍ ഞങ്ങളാകെ ഉത്കണ്ഠാകുലരാണ്''- മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഐ.എ.എം.സി പ്രസിഡന്റ് അഹ്‌സന്‍ ഖാന്‍ പറയുന്നു.  

നാവില്‍ മാത്രമോ ഗാന്ധിജി

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെതിരെ നിയമജ്ഞനും ആക്ടിവിസ്റ്റുമായ ഷഹ്‌സാദ് പൂനവാല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പൊതുസ്ഥലവും ഫണ്ടും പ്രതിമാ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് തടയാന്‍ ഗവണ്‍മെന്റ് നടപടിയെടുക്കണമെന്ന് നിവേദനത്തില്‍ പറയുന്നു.

ജാഗ്രതയുള്ള ഒരു പൗരനെന്ന നിലയില്‍ എനിക്കിക്കാര്യം ചൂണ്ടിക്കാട്ടാതെ വയ്യ. സംഘ്പരിവാറിന്റെ ആശയങ്ങളോട് ചേര്‍ച്ചയുള്ള ഹിന്ദു മഹാ സഭയുടെ രാഷ്ട്ര വിരുദ്ധ ഒരുക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനും വയ്യ. രാഷ്ട്ര പിതാവിന്റെ കൊലയാളിയുടെ പ്രതിമകള്‍ കൊണ്ട് ഇന്ത്യയില്‍ ഇരുട്ട് പിടിക്കാതിരിക്കട്ടെ'- നിവേദനത്തില്‍ പറയുന്നു.

എങ്ങനെയാണ് കാര്യങ്ങള്‍ ഗാന്ധിവധത്തില്‍ ചെന്നെത്തിയത് എന്ന് കൂടി അന്വേഷിക്കേണ്ടതാണെന്നും ഗോഡ്‌സെയെ ദൂഷിക്കുന്നത് ജനങ്ങള്‍ നിര്‍ത്തണമെന്നുമാണ് ഹിന്ദു മഹാ സഭയുടെ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികിന്റെ നിലപാട്. ഗാന്ധിയെ വധിക്കുക എന്ന നിലപാടെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നത്രെ ഗോഡ്‌സെ!

പ്രധാനമന്ത്രിയുടെ നാവില്‍ ഗാന്ധിയും ഹൃദയത്തില്‍ ഗോഡ്‌സെയുമാണോ എന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും നിവേദനത്തില്‍ ഷഹ്‌സാദ് ആവശ്യപ്പെടുന്നു.  

പെഷവാര്‍ തീര്‍ത്തും നീചം

പെഷവാര്‍ സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും നടുക്കമുളവാക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി. ''ഇത്തരം ക്രൂരതകള്‍ക്ക് ഇസ്‌ലാമികമായി യാതൊരു അടിസ്ഥാനവുമില്ല. എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും ഈ ചെയ്തികള്‍ക്ക് ന്യായീകരണമില്ല''-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍