പ്രവാചകനും പ്രബോധനത്തിന്റെ രീതിശാസ്ത്രവും
ജനങ്ങളെ ദൈവിക സരണിയിലേക്ക് ക്ഷണിക്കുക എന്നത് ഏറ്റവും ശ്രേഷ്ഠകരമായ ഇബാദത്താണ്. ആ ദൗത്യം യഥാവിധി നിറവേറ്റാന്‍ നല്ല ഇഛാശക്തിയും മനക്കരുത്തും ഉള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കാരണം പ്രബോധനപാതയില്‍ അത്രയേറെ പ്രതിബന്ധങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നുണ്ട്; പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ആദം നബി മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള സകല പ്രവാചകന്മാരും ദൈവമാര്‍ഗത്തിലേക്കാണ് ക്ഷണിച്ചുകൊണ്ടിരുന്നത്. ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്റെ വാക്കുകളേക്കാള്‍ ഉത്തമമായി മറ്റെന്തുണ്ട്? (ഖുര്‍ആന്‍ 41/33). പ്രബോധനം എന്നത് വാക്ക് മാത്രമല്ല; പ്രവൃത്തി കൂടിയാണ്. പ്രവൃത്തി വളരെ സൂക്ഷ്മമായി അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. 'നിങ്ങളിലൊരാള്‍ ഏത് പ്രവൃത്തി ചെയ്യുന്നതും വളരെ സൂക്ഷ്മമായിട്ടാവുന്നതാണ് അല്ലാഹുവിന് ഇഷ്ടം' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്ഷ്മത ഏറ്റവും കൂടുതല്‍ കാണേണ്ടത് പ്രബോധന പ്രവര്‍ത്തനങ്ങളിലാണ്. കാരണം ഒരാള്‍ക്ക് അയാളുടെ ജീവിതനിയോഗം എന്ത് എന്ന് പഠിപ്പിച്ചു കൊടുക്കലാണല്ലോ പ്രബോധനം (ദഅ്‌വത്ത്).
അപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പാളിയാല്‍ ദൈവമാര്‍ഗത്തില്‍ അത് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. അത് ഏറ്റവും ഗുരുതരവും അപകടകരവുമായ കുറ്റമാണല്ലോ. ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കാനിറങ്ങുന്ന ഒരു വിശ്വാസി വ്യത്യസ്ത സാഹചര്യങ്ങളെയും പലതരം ആളുകളെയുമാണ് അഭിമുഖീകരിക്കേണ്ടിവരിക. അതിനാല്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ രാഷ്ട്രീയവും നയനിലപാടുകളും ഉണ്ടാകാതെ വയ്യ. വിശ്വാസി അതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കുകയും വേണം. പലതരം ആളുകളെയും വ്യത്യസ്ത സന്ദര്‍ഭങ്ങളെയും നേരിടേണ്ടിവരുമ്പോള്‍ പ്രബോധന ശൈലിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള ശരിയായ അവബോധവും ഉള്‍ക്കാഴ്ച(ബസ്വീറഃ)യുമാണ് വിഷയത്തിന്റെ മര്‍മം. പ്രബോധകര്‍ക്കും പ്രബോധിതര്‍ക്കും ഏതിലാണ് നന്മ(ഇസ്വ്‌ലാഹ്/സ്വലാഹ്) എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രവാചകന്മാരുടെ പ്രബോധന ശൈലി അതായിരുന്നു. ശുഐബ് നബി(അ) തന്റെ ജനതയെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്, 'നിങ്ങള്‍ക്ക് നന്മ വരുത്തണമെന്നല്ലാതെ എനിക്ക് മറ്റൊരു ഉദ്ദേശ്യവുമില്ല' (11:88) എന്നായിരുന്നു. ഇതിനു നേരെ വിരുദ്ധമാണ് കപടന്മാരുടെയും സത്യനിഷേധികളുടെയും പ്രവര്‍ത്തനശൈലി. അത് നന്മയല്ല, നാശം മാത്രമേ കൊണ്ടുവരികയുള്ളൂ (2:11-12, 26:151-152). മുഹമ്മദ് നബി(സ)യുടെയും മറ്റു പ്രവാചകന്മാരുടെയും പ്രബോധന ശൈലി മുന്നില്‍ വെച്ച് അതിന്റെ യുക്തിയും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തില്‍.
സാഹചര്യങ്ങള്‍ പരിഗണിക്കുക
പ്രബോധിത സമൂഹം ജീവിക്കുന്ന സാഹചര്യം വളരെ പ്രധാനമാണ്. ആ സാഹചര്യം പ്രബോധകന്‍ നന്നായി മനസ്സിലാക്കിയിരിക്കണം. ജനങ്ങളുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ ഇതൊക്കെയും പ്രബോധകന്റെ പഠന വിഷയങ്ങളായിരിക്കണം. സാഹചര്യത്തിനൊത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നേര്‍പ്പിച്ച് മയപ്പെടുത്തണമെന്നോ, അതിന്റെ ചൈതന്യം ചോര്‍ന്നുപോകുന്ന വിധം മാറ്റങ്ങള്‍ വരുത്തണമെന്നോ അല്ല പറയുന്നത്. സാഹചര്യത്തിന് വഴങ്ങിക്കൊടുക്കാനും പാടില്ല, ബുദ്ധിശൂന്യമായി എടുത്ത് ചാടാനും പാടില്ല. തിരുമേനിക്ക് ദിവ്യബോധനം ലഭിച്ച് തുടങ്ങുന്ന കാലം ഓര്‍ക്കുക. എന്തായിരുന്നു അന്ന് മക്കയുടെ സ്ഥിതി? സര്‍വത്ര ബഹുദൈവപൂജ. ഒരാള്‍ പരസ്യമായി ആ ബഹുദൈവത്വ ഘടനയെ ഒറ്റക്ക് എതിരിട്ടാല്‍ എന്താവും സ്ഥിതി? ആ പ്രബോധകന്‍ വധിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. തനിക്ക് ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരാളെപ്പോലും അദ്ദേഹത്തിന് കിട്ടിയെന്ന് വരില്ല. പ്രബോധന ദൗത്യം തന്നെ പൂര്‍ണമായി പരാജയത്തില്‍ കലാശിക്കാന്‍ അത് ഇടവരുത്തും. എന്നാല്‍, തീര്‍ത്തും പ്രതികൂലമായ ഈ സാഹചര്യത്തില്‍ മുട്ടുമടക്കാനോ വഴങ്ങിക്കൊടുക്കാനോ പാടുണ്ടോ? അതും പാടില്ല. പ്രബോധന പ്രവര്‍ത്തനത്തെ ശരിയായ ദിശയില്‍ നിന്ന് അത് തെറ്റിച്ചുകളയും. ഈ രണ്ട് വശത്തെയും സമന്വയിപ്പിക്കുന്ന ഒരു പ്രബോധനശൈലിയാണ് പ്രവാചകന്‍ തുടക്കത്തില്‍ സ്വീകരിച്ചത്. പ്രബോധന ദൗത്യത്തിന്റെ സ്വാഛന്ദ്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചതോടൊപ്പം തന്നെ, തിന്മയുടെ ശക്തികളുമായി നേരിട്ടൊരു ഏറ്റുമുട്ടലിനും അദ്ദേഹം തുനിഞ്ഞില്ല. അങ്ങനെയാണ് രഹസ്യമായി പ്രബോധന പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. തന്നോടൊപ്പം നില്‍ക്കും എന്ന് തോന്നിയ വ്യക്തികളുമായി അദ്ദേഹം രഹസ്യമായി സംസാരിക്കുകയും ഈ സന്ദേശം അവര്‍ക്ക് കൈമാറുകയും ചെയ്തു. ഇവിടെ രണ്ട് നേട്ടങ്ങളുണ്ടായി. ഒന്ന്, സത്യസന്ദേശം അതിന്റെ പൂര്‍ണതയോടൊപ്പം കൈമാറാന്‍ കഴിഞ്ഞു, ഏതാനും വ്യക്തികള്‍ക്കാണെങ്കിലും. രണ്ട്, പ്രതിയോഗികളുമായി നേരിട്ട് ഒരേറ്റുമുട്ടല്‍ ഒഴിവായി.
സത്യസന്ദേശം എല്ലാവര്‍ക്കും എത്തിച്ചില്ലല്ലോ എന്നത് ഇവിടെയൊരു ന്യൂനതയല്ല. കാരണം അത്രയേ സാധ്യമാവുമായിരുന്നുള്ളൂ. വളരെ യുക്തിദീക്ഷയോടു കൂടിയ ഒരു നിലപാടാണ് പ്രവാചകന്‍ ഇവിടെ പ്രബോധനരംഗത്ത് സ്വീകരിക്കുന്നത്. പക്ഷേ ചിലയാളുകള്‍ പറയുന്നത്, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുറ്റുപാടുകള്‍ എന്ത് എന്നതൊന്നും നോക്കേണ്ടതില്ല എന്നാണ്. ശരീഅത്ത് ഒറ്റയടിക്ക് ഒന്നിച്ചുതന്നെ വിളംബരം ചെയ്യണം, അത് കാരണം പ്രബോധന പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചുപോവുകയാണെങ്കില്‍ അതിനും അവര്‍ക്ക് വിരോധമില്ല! പ്രബോധനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച അറിവില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്നതാണിത്.
ഇതിനെക്കുറിച്ച അവ്യക്തതകള്‍ നീക്കുന്നതാണ് ഇമാം ഇബ്‌നു തൈമിയ്യയുടെ വരികള്‍. അദ്ദേഹം എഴുതി: ''ചില വിവരങ്ങളുണ്ട്. അവ ഉടനടി നല്‍കുകയില്ല. പിന്നത്തേക്ക് മാറ്റിവെക്കും. ഉദാഹരണത്തിന് ഖുര്‍ആനിലെ നിയമവിധികള്‍ നോക്കുക. അവ ശരിയായ രീതിയില്‍ വിശദീകരിക്കാനും നടപ്പിലാക്കാനും മദീനയില്‍ പ്രവാചകന് സാധ്യമായപ്പോള്‍ മാത്രമാണ് നിയമസംബന്ധമായ അത്തരം എല്ലാ വിധികളും ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ അവതരിക്കുന്നത്. ഖുര്‍ആന്‍ ഘട്ടം ഘട്ടമായി അവതരിച്ചതിന്റെ യുക്തിയും ഇതാണ്. സമുദായത്തിലെ പരിഷ്‌കര്‍ത്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാളോടും ശരീഅത്ത് വിധികള്‍ ഒറ്റയടിക്ക് ജീവിതത്തില്‍ പകര്‍ത്തിക്കോളണം എന്ന് പറയുന്നത് യുക്തിയല്ല. അയാള്‍ക്ക് സാവകാശം നല്‍കണം. ശരീഅത്ത് പഠിച്ച് വരുന്നതിനനുസരിച്ച് അയാളത് ക്രമത്തില്‍ ജീവിതത്തിലേക്ക് പകര്‍ത്തട്ടെ.''
വ്യക്തികളെ രഹസ്യമായി കണ്ട് പ്രവാചകന്‍ നടത്തിവന്ന ഈ പ്രബോധന ശൈലി എല്ലാ കാലത്തേക്കും വേണ്ടിയുള്ളതായിരുന്നില്ല. ലോകം മുഴുവന്‍ വ്യാപിക്കേണ്ട ഒരു വിമോചന സന്ദേശത്തിന് ഈ രീതിയിലൂടെ ഒരിക്കലും വിജയത്തിലെത്താനാവുകയില്ല. പ്രഗത്ഭരായ ചില വ്യക്തികള്‍ തന്റെ സന്ദേശത്തില്‍ അടിയുറച്ച് വിശ്വസിച്ച് കഴിഞ്ഞെന്നും ഒരു വ്യക്തി ഇല്ലാതായാലും ഈ ആളുകളിലൂടെ ഈ സന്ദേശം പ്രചരിക്കുമെന്നും ഉറപ്പായപ്പോള്‍ പ്രവാചകന്‍ പ്രബോധനശൈലി മാറ്റി. ജനങ്ങളെ പരസ്യമായി തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. രഹസ്യ പ്രബോധന ഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പരസ്യ പ്രബോധന ഘട്ടത്തില്‍ വളരെക്കൂടുതലാളുകള്‍ കുറഞ്ഞ കാലം കൊണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നതായി കാണാം. അപ്പോള്‍ എതിര്‍പ്പും ശക്തമായി. പരസ്യ പ്രബോധനം തുടങ്ങിയത് കൊണ്ടാണ് എതിര്‍പ്പ് ശക്തമായതെന്ന ധാരണ തെറ്റാണ്. സത്യത്തിന്റെയും അസത്യത്തിന്റെയും ശക്തികള്‍ തമ്മിലുള്ള മൗലിക ഭിന്നതകളാണ് എതിര്‍പ്പിന് അടിസ്ഥാനം.
പ്രവാചകന്റെ ഈ പ്രബോധന ശൈലി മുഴുവന്‍ പ്രബോധകര്‍ക്കും മാതൃകയാണ്. സന്ദര്‍ഭവും സാഹചര്യവും നോക്കി വേണം പ്രബോധന ശൈലി രൂപപ്പെടുത്താന്‍. അതിനര്‍ഥം ഏത് നാട്ടിലും ഏത് കാലത്തും മൂന്നു കൊല്ലത്തെ രഹസ്യ പ്രബോധനം കഴിഞ്ഞേ പരസ്യ പ്രബോധനം ആരംഭിക്കാവൂ എന്നല്ല. പ്രവാചകന്‍ സ്വീകരിച്ച പ്രബോധന തന്ത്രങ്ങള്‍ അതുപോലെ അപ്പടി പിന്തുടരേണ്ടതില്ല. ഓരോ നാട്ടിലും അത് എങ്ങനെ വേണമെന്ന് കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കേണ്ടത്.
നന്മ-തിന്മകള്‍ തുലനം ചെയ്യുക
ശരീഅത്തിന്റെ അടിസ്ഥാനം പൊതു നന്മ ഉറപ്പുവരുത്തുക എന്നതും പൊതുജനത്തിന് ഉപദ്രവകരമായത് തടയുക എന്നതുമാണ്. പ്രവാചകന്റെ മക്കാ ജീവിതത്തിലെ നിലപാടുകളില്‍ നിന്ന് നമുക്കിത് വ്യക്തമായി മനസ്സിലാക്കാം. പ്രവാചകന്‍ പരസ്യ പ്രബോധനം തുടങ്ങിയപ്പോള്‍ മക്കയിലെ സത്യനിഷേധികള്‍ പ്രവാചകനെയും അനുയായികളെയും അതിക്രൂരമായി മര്‍ദിച്ചു. വേണമെങ്കില്‍ പ്രവാചകന് ഈ മര്‍ദകരെ കായികമായി നേരിടാം. അത് ചിലപ്പോള്‍ ഈ ചെറുസംഘം ഉന്മൂലനം ചെയ്യപ്പെടുന്നതിലായിരിക്കും കലാശിക്കുക. അല്ലെങ്കില്‍ ഗോത്രങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടും (ഗോത്ര പക്ഷപാതിത്വം തലക്ക് പിടിച്ചതിനാല്‍ മുസ്‌ലിം പക്ഷത്ത് ചേരാന്‍ സത്യനിഷേധികള്‍ വരെ ഉണ്ടായെന്ന് വരും). അത് ആഭ്യന്തര യുദ്ധത്തിലേക്ക് വഴി തുറക്കും. അതൊരിക്കലും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായിരിക്കില്ല. ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം ആഭ്യന്തര യുദ്ധത്തിന്റെ തീച്ചൂളയില്‍ കത്തിയമരുകയും ചെയ്യും. പിന്നെ സ്വീകരിക്കാവുന്ന മാര്‍ഗം, മര്‍ദനങ്ങള്‍ ക്ഷമയോടെ സഹിക്കുക എന്നതാണ്. ഭാവിയില്‍ വിജയം തങ്ങളോടൊപ്പമാണെന്ന് അനുയായികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കി അവരെ ഈ മാര്‍ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ്. അതാണ് പ്രവാചകന്‍ ചെയ്തതും. ശത്രുക്കളുടെ മര്‍ദനം അസഹ്യമായിത്തീര്‍ന്നിട്ടും 'താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ' എന്ന് പരാതി പറഞ്ഞ ഖബ്ബാബ് ബ്‌നുല്‍ അറത്തി(റ)നോട് നബി(സ) പറഞ്ഞു: ''നിങ്ങള്‍ക്ക് മുമ്പുള്ള ആളുകളെ ഈര്‍ച്ചവാള്‍ കൊണ്ട് നെടുകെ പിളര്‍ന്നിട്ടുണ്ട്. ഇരുമ്പ് ചീര്‍പ്പുകള്‍ കൊണ്ട് അവരുടെ മാംസം എല്ലില്‍ നിന്ന് ചുരന്നെടുത്തിട്ടുണ്ട്. അതൊന്നും അവരെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. സ്വന്‍ആ മുതല്‍ ഹളര്‍ മൗത്ത് വരെ അല്ലാഹുവിനെയെല്ലാതെ മറ്റാരെയും -തന്റെ ആടിനെ ചെന്നായ പിടിക്കുമോ എന്നും- ഭയക്കാതെ യാത്രികന്‍ സഞ്ചരിക്കുന്ന ഒരു കാലം വരും. പക്ഷേ, നിങ്ങള്‍ ധൃതികൂട്ടുകയാണ്.''
ഇസ്‌ലാമില്‍ അനുവദനീയമാണോ അല്ലേ എന്നതല്ല ഇവിടെ പ്രശ്‌നം. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ എടുക്കുന്ന തീരുമാനം ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമാണോ ഉണ്ടാക്കിത്തീര്‍ക്കുക എന്നതാണ് പ്രധാനം. ഉപദ്രവം ഉപകാരത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഇസ്‌ലാമികമായി തെറ്റല്ലെങ്കിലും ആ നിലപാട് വേണ്ടെന്ന് വെക്കണം. മുസ്‌ലിംകള്‍ ശക്തിപ്പെടുകയും ഉപദ്രവം നീങ്ങുകയും ചെയ്തപ്പോള്‍ പ്രവാചകന്‍ നിലപാട് മാറ്റിയതായും നാം കാണുന്നു. മക്കയില്‍ മര്‍ദനങ്ങള്‍ ക്ഷമയോടെ സഹിച്ച പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ ശത്രുക്കളോട് സായുധമായി നേരിടാന്‍ തയാറായി. വിശ്വാസി സമൂഹത്തിന് ഒരു നിലപാട് ഉപകാരമായിരിക്കുമോ ഉപദ്രവമായിരിക്കുമോ എന്ന് ഓരോ സന്ദര്‍ഭത്തെയും സൂക്ഷ്മമായി പഠിച്ചാണ് തീരുമാനിക്കേണ്ടത്. ഒരിടത്ത് ഉപകാരപ്പെടുന്ന നിലപാട് മറ്റൊരിടത്ത് ഉപദ്രവകരമായിത്തീര്‍ന്നേക്കാം.
നേര്‍വഴിയിലാകണമെന്ന ഉല്‍ക്കടമായ അഭിലാഷം
തെളിവുകളുദ്ധരിച്ച്, വളരെ സയുക്തികമായിട്ടായിരിക്കണം ഇസ്‌ലാമിക പ്രബോധനം നടത്തേണ്ടത് എന്നത് ശരിയാണ്. പക്ഷേ, അത് മാത്രമായിപ്പോകരുത്. പ്രബോധിതന്‍ സന്മാര്‍ഗത്തിലേക്ക് വരണമെന്ന ഉത്ക്കടമായ ആഗ്രഹവും, തന്റെ വാക്കുകള്‍ അയാള്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അതില്‍ കടുത്ത മനോവേദനയും പ്രബോധകന് ഉണ്ടാവണം. പ്രവാചകന്‍ അങ്ങനെയായിരുന്നുവെന്ന് ഖുര്‍ആനില്‍ സൂചനകളുണ്ട്. ''സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് പോകുന്നവര്‍ താങ്കളെ ദുഃഖിതനാക്കാതിരിക്കട്ടെ'' (3: 176). ''ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലല്ലോ എന്ന് ദുഃഖിച്ച് താങ്കള്‍ സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തിയേക്കാം'' (18:6). തന്നെ നിര്‍ദയം മര്‍ദിക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്ത ജനങ്ങള്‍ക്കെതിരെ പ്രവാചകന്‍ ശാപപ്രാര്‍ഥന നടത്തിയതായി നാം കാണുന്നില്ല. 'അത്തരക്കാരുടെ പിന്‍മുറക്കാരില്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുന്ന ഒരു സമൂഹം ഉണ്ടായി വരുമല്ലോ' എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചെയ്യുന്നത്.
മുന്‍ഗണന അടിവേരുകള്‍ക്ക്, ശാഖകള്‍ക്കല്ല
അടിസ്ഥാന കാര്യങ്ങള്‍ക്ക് ശാഖാപരമായ കാര്യങ്ങളേക്കാള്‍ എപ്പോഴും മുന്‍ഗണന നല്‍കുക. ഇത് ഇസ്‌ലാമിക പ്രബോധനത്തിന്റെ മറ്റൊരു മൗലിക സവിശേഷതയാണ്. താഴ്‌വേരുകളേ ഇല്ലെങ്കില്‍ മരത്തില്‍ കൊമ്പുകള്‍ മാത്രമുണ്ടായിട്ട് എന്തു കാര്യം! താത്ത്വികമായി ഇക്കാര്യം ഒരാളും നിഷേധിക്കുകയില്ല.പക്ഷേ, പ്രായോഗിക രംഗത്തേക്ക് വരുമ്പോള്‍ പലപ്പോഴും ഈ തത്ത്വം അവഗണിക്കപ്പെടുന്നതായാണ് കാണുന്നത്. മുആദ് ബ്‌നു ജബലി(റ)നെ യമനിലേക്ക് പ്രബോധകനായി അയച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ നിര്‍ദേശം മുന്‍ഗണനാ ക്രമത്തിന് നല്ലൊരു മാതൃകയാണ്. അവിടുന്ന് പറഞ്ഞു: ''മുആദ്, താങ്കള്‍ വേദം നല്‍കപ്പെട്ട ഒരു സമൂഹത്തിലേക്കാണ് ചെല്ലുന്നത്. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കണം എന്നാണ് താങ്കള്‍ ആദ്യം അവരോട് പറയേണ്ടത്. അതവര്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞാല്‍ രാത്രിയും പകലുമുള്ള അഞ്ചു നേരത്തെ നമസ്‌കാരത്തെക്കുറിച്ച് പറയുക. പിന്നെ, ധനികരില്‍ നിന്ന് പിരിച്ചെടുത്ത് ദരിദ്രരില്‍ വിതരണം ചെയ്യുന്ന സകാത്തിനെക്കുറിച്ച് സംസാരിക്കുക.'' ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച റിപ്പോര്‍ട്ടിലുള്ളത്, ''ആദ്യമവരെ 'ലാ ഇലാഹ ഇല്ലല്ലാ'യിലേക്ക് ക്ഷണിക്കണം'' എന്നാണ്. അപ്പോള്‍ വിശ്വാസം ജനമനസ്സുകളില്‍ രൂഢമൂലമാക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ ക്രമത്തില്‍ മറ്റു കര്‍മങ്ങള്‍ പഠിപ്പിക്കുക. വിശ്വാസമാണല്ലോ അടിത്തറ. അതില്ലെങ്കില്‍ പിന്നെ കെട്ടിപ്പൊക്കുന്നതിനൊന്നും നിലനില്‍പില്ല. ഖുര്‍ആനെക്കുറിച്ച് പ്രവാചകപത്‌നി ആഇശ(റ) പറഞ്ഞത് ഇവിടെ ഓര്‍ക്കാം. അവരുടെ വാക്കുകള്‍: ''വിശുദ്ധ ഖുര്‍ആനില്‍ ആദ്യമാദ്യം അവതരിച്ചത് വളരെ സംക്ഷിപ്തമായ അധ്യായങ്ങളാണ്. നരകം, സ്വര്‍ഗം ഒക്കെയാണ് അതിലെ പ്രതിപാദ്യം. അങ്ങനെ ജനം ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോള്‍ ഇന്നത് അനുവദനീയം, ഇന്നത് നിഷിദ്ധം എന്നൊക്കെ തരം തിരിച്ചുള്ള സൂക്തങ്ങള്‍ ഇറങ്ങി. തുടക്കത്തില്‍ തന്നെ അവതരിക്കുന്നത് 'നിങ്ങള്‍ കള്ള് കുടിക്കരുത്' എന്നാണെങ്കില്‍ ജനം പറയും 'ഞങ്ങളൊരിക്കലും കള്ള് കുടി ഒഴിവാക്കില്ല' എന്ന്. 'വ്യഭിചരിക്കരുത്' എന്നാണ് ആദ്യം അവതരിക്കുന്ന സൂക്തമെങ്കില്‍ അവര്‍ പറയും 'ഞങ്ങളൊരിക്കലും വ്യഭിചാരം ഒഴിവാക്കുകയില്ല' എന്ന്.'' പരിചയിച്ച് വന്നതൊന്നും പെട്ടെന്ന് കൈയൊഴിയാന്‍ ജനം തയാറാവില്ല. മനഃപരിവര്‍ത്തനം വന്നു കഴിഞ്ഞാലേ അവരതിന് സന്നദ്ധരാകൂ. അടിസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ യുക്തി ഇതാണ്.
ഒരിക്കല്‍ പ്രവാചകന്‍ അനുയായികളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ അപരിചിതനായ ഒരാള്‍ വന്ന് തനിക്ക് ദീന്‍ അറിയില്ലെന്നും അത് പഠിപ്പിച്ചുതരണമെന്നും അഭ്യര്‍ഥിച്ചു. പ്രവാചകന്‍ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി ആഗതനെ ഒരിടത്ത് കൊണ്ടുപോയി ഇരുത്തി അയാള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. പിന്നെ തിരിച്ചു വന്ന് പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇവിടെ, അനുയായികളോട് പ്രസംഗിക്കുന്നതിനെക്കാള്‍ പ്രവാചകന്‍ പ്രാധാന്യം കൊടുത്തത് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് അതിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാനാണ്. ഈ ഹദീസിന്റെ വിശീദകരണമായി ഇമാം നവവി(റ) എഴുതുന്നു: ''ഇവിടെ, അറിവ് അന്വേഷിച്ച് വന്നവന്നാണ് മുന്‍ഗണന. ഏറ്റവും പ്രധാനമായത് ആദ്യം ചെയ്യുക എന്ന തത്ത്വമാണിവിടെ കാണുന്നത്. ഈമാനെക്കുറിച്ചും മറ്റുമായിരിക്കുമല്ലോ ആ മനുഷ്യന്‍ ചോദിച്ചിരിക്കുക. അതിനാല്‍ ഈമാന്‍ പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ ചോദിച്ചെത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.''
കാര്യകാരണങ്ങള്‍ നോക്കണം, അത് മാത്രമാവരുത് ആശ്രയം
പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുമ്പോള്‍ പലവിധ തടസ്സങ്ങളും പ്രതിബന്ധങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ചില രീതികള്‍ സ്വീകരിച്ചാല്‍ പ്രതിബന്ധങ്ങളെ തട്ടിമാറ്റാനോ ഏറ്റവും ചുരുങ്ങിയത് അവയുടെ കടുപ്പം കുറക്കാനോ കഴിഞ്ഞേക്കും. പക്ഷേ ചിലയാളുകള്‍ കാര്യകാരണങ്ങള്‍ നോക്കിയുള്ള അത്തരം രീതികളൊന്നും സ്വീകരിക്കുകയേ ഇല്ല. 'അല്ലാഹു തന്റെ ദൗത്യത്തെ വിജയിപ്പിക്കുമല്ലോ, പിന്നെ നമ്മളെന്തിനാണ് കാര്യകാരണങ്ങള്‍ നോക്കുന്നത്' എന്നാണവര്‍ ചോദിക്കുന്നത്. ഈ നിലപാട് ശരിയല്ല. പ്രവാചകന്‍ ആദ്യത്തെ മൂന്ന് വര്‍ഷം രഹസ്യ പ്രബോധനമാണല്ലോ സ്വീകരിച്ചത് (ഇത് പ്രവാചക ദൗത്യകാലയളവിന്റെ 13 ശതമാനം വരും). സത്യനിഷേധികളുമായി നേര്‍ക്കു നേരെ ഏറ്റുമുട്ടാന്‍ തന്റെ മിക്ക അനുയായികള്‍ക്കും കഴിയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ഈ രീതി തെരഞ്ഞെടുത്തത്. കാര്യകാരണങ്ങള്‍ നോക്കിയാണ് ഈ നിലപാട്. മക്കയില്‍ പ്രബോധന പ്രവര്‍ത്തനം വളരെ ദുഷ്‌കരമായപ്പോള്‍, തൊട്ടടുത്ത നഗരമായ യസ്‌രിബില്‍ നിന്ന് തീര്‍ഥാടനത്തിനെത്തിയ ആളുകളുമായി ബന്ധം സ്ഥാപിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ അങ്ങോട്ട് പറിച്ച് നടാന്‍ സാധ്യതയുണ്ടോ എന്ന് ആരാഞ്ഞു. ഇങ്ങനെ പ്രവാചക ജീവിതത്തിലുടനീളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കഴിയുന്നത്ര ഭൗതിക സന്നാഹങ്ങള്‍ ഒരുക്കിയതായി കാണാം. യസ്‌രിബിലേക്ക് പലായനം ചെയ്യുമ്പോള്‍ ഏറ്റവും വിദഗ്ധനായ വഴികാട്ടിയെയാണ് പ്രവാചകന്‍ ഒപ്പം കൂട്ടിയത്. എന്നാല്‍ ഭൗതിക സന്നാഹങ്ങളെ മാത്രം ആശ്രയിക്കുക എന്നതും പ്രവാചക ചര്യയല്ല. മനുഷ്യ സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം പ്രവാചകന്‍ പിന്നെയുള്ളതെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കും. ദൈവസഹായം ലഭിക്കുകയും ചെയ്യും. ഇബ്‌റാഹീം നബി(സ) തീക്കുണ്ഡത്തില്‍ നിന്ന് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടതും, ചെങ്കടല്‍ കടന്ന് മൂസാ നബിയും സമുദായവും മറുകരയെത്തിയതും ഭൗതിക സന്നാഹങ്ങള്‍ക്കുമപ്പുറമുള്ള ദൈവിക സഹായം കൊണ്ടാണ്. ഇവ രണ്ടിനെയും സമന്വയിപ്പിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലും നാം കാണുന്നു.
ബദ്‌റില്‍ ശത്രുക്കളെ നേരിടാനുള്ള എല്ലാ ഭൗതിക സന്നാഹങ്ങളും ഒരുക്കിയ ശേഷം പ്രവാചകന്‍ ഇരു കൈകളും അല്ലാഹുവിലേക്ക് ഉയര്‍ത്തുകയാണ്. ആ വൈകാരിക രംഗം ഉമര്‍ ബ്‌നുല്‍ ഖത്താബി(റ)ന്റെ വാക്കുകളില്‍: ''ബദ്ര്‍ ദിനത്തില്‍ പ്രവാചകന്‍ ശത്രുക്കളുടെ ഭാഗത്തേക്ക് നോക്കി. അവിടെയതാ ഒരായിരം പേര്‍. തന്റെ അനുയായികള്‍ മുന്നൂറ്റി ചില്വാനം മാത്രം. പ്രവാചകന്‍ ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈ ഉയര്‍ത്തി തന്റെ രക്ഷിതാവിനോട് ഉച്ചത്തില്‍ കേണു: നാഥാ, നീ വാഗ്ദാനം നല്‍കിയത് എനിക്ക് നല്‍കൂ, ആ വാഗ്ദാനം പൂര്‍ത്തിയാക്കൂ. ഈ കൊച്ചു സംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നിന്നെ വഴിപ്പെട്ടു ജീവിക്കാന്‍ ഭൂമുഖത്ത് ആരുമുണ്ടാവില്ല.' ഖിബ്‌ലക്ക് നേരെ തിരിഞ്ഞുള്ള നില്‍പും, കൈയുയര്‍ത്തി ഉച്ചത്തിലുള്ള പ്രാര്‍ഥനയും തുടരവെ പ്രവാചകന്റെ ചുമലില്‍ ഇട്ടിരുന്ന പുതപ്പ് താഴേക്ക് ഉതിര്‍ന്നു വീണു. അബൂബക്ര്‍ സിദ്ദീഖ് ആ പുതപ്പെടുത്ത് പ്രവാചകന്റെ ചുമലില്‍ തന്നെ തിരികെ വെച്ചു. എന്നിട്ട് പുറകില്‍ ചെന്ന് നിന്ന ശേഷം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, റബ്ബിനോട് ചോദിക്കുന്നത് ഇനി മതിയാക്കാം. അവന്‍ താങ്കള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കാതിരിക്കില്ല.''
ഭൗതിക സന്നാഹമൊരുക്കല്‍, എന്നിട്ട് അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍- ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഇത് രണ്ടും സമഞ്ജസമായി മേളിക്കണമെന്നാണ് പ്രവാചക ജീവിതം നല്‍കുന്ന പാഠം. സഹായിക്കുന്നത് അല്ലാഹുവാണ്. അവന്‍ ഉദ്ദേശിക്കുന്നതേ നടക്കൂ. എന്നുവെച്ച് ഭൗതിക സന്നാഹങ്ങള്‍ വേണ്ടെന്ന് വെച്ച് അലസമായിരിക്കാനും പാടില്ല.
അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുക
പ്രയോജനപ്പെടുത്താവുന്ന പല അനുകൂല ഘടകങ്ങളും ഓരോ സമൂഹത്തിലും കാണും. ജാഹിലീ സമൂഹമല്ലേ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്നവരല്ലേ എന്നൊക്കെ പറഞ്ഞ് അത്തരം ഘടകങ്ങളെ മാറ്റിനിര്‍ത്തുന്നവരുണ്ട്. അത് ശരിയല്ല. നാടേതാണ്, സമൂഹമേതാണ് എന്നല്ല നോക്കേണ്ടത്. മേല്‍ സൂചിപ്പിച്ച അനുകൂല ഘടകം ഇസ്‌ലാമിന്റെ ആത്മാവുമായി ഒത്തുപോകുന്നുണ്ടോ എന്നേ നോക്കേണ്ടതുള്ളൂ. നബിയുടെ കാലത്ത് ഗോത്ര ഘടന വളരെ ശക്തമായിരുന്നല്ലോ അറേബ്യന്‍ സമൂഹത്തില്‍. വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് ഈ ഗോത്ര ഘടനയായിരുന്നു. പ്രവാചകനും അനുയായികളും ഈ ഗോത്ര ഘടനയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും പ്രവാചകനെയും അനുയായികളെയും ശത്രുക്കളുടെ അതിക്രമങ്ങളില്‍ നിന്ന് രക്ഷിച്ചത് ഈ ഗോത്ര കവചമായിരുന്നു. അക്കാലത്ത് ഏതൊരാള്‍ക്കും ഏതൊരാളുടെ അടുത്തും അഭയം തേടിച്ചെല്ലാം. അഭയം നല്‍കിയിരിക്കണമെന്നാണ് ഗോത്ര ചട്ടം. മറ്റൊരാളും പിന്നെ ആക്രമിക്കാന്‍ വരില്ല. സംരക്ഷിക്കാന്‍ സ്വന്തമായി ഗോത്രമില്ലാത്തവരും നബിയുടെ അനുയായികളില്‍ ഉണ്ടായിരുന്നു. അവര്‍ മക്കയിലെ പ്രമാണിമാരുടെ അടുത്ത് അഭയം തേടിച്ചെന്നതായും അവര്‍ക്ക് അഭയം ലഭിച്ചതായും ചരിത്ര രേഖകളുണ്ട്. ഇതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല. സംരക്ഷിക്കപ്പെടണമെന്നത് വിശ്വാസിയുടെയും അവകാശമാണല്ലോ. ബഹുദൈവാരാധകര്‍ നല്‍കുന്നു എന്നതുകൊണ്ട് അത് തെറ്റായിത്തീരുന്നില്ല.
ത്വാഇഫില്‍ അഭയം തേടിച്ചെന്ന പ്രവാചകനെ അവിടത്തുകാര്‍ ആട്ടിയോടിക്കുകയായിരുന്നല്ലോ. തിരികെ മക്കയിലേക്ക് വരാന്‍ സമ്മതിക്കില്ലെന്ന് ഖുറൈശികള്‍ പ്രഖ്യാപിച്ചപ്പോള്‍ മുത്വ്ഇമുബ്‌നു അദിയ്യ് എന്നയാളാണ് (അദ്ദേഹം മുസ്‌ലിമായിരുന്നില്ല) പ്രവാചകന് അഭയം നല്‍കിയത്. ഉസ്മാനുബ്‌നു മള്ഊന്‍ ഒന്നാം അബ്‌സീനിയ പലായനത്തിന് ശേഷം തിരിച്ചുവന്നപ്പോള്‍ അവിശ്വാസിയായ വലീദ്ബ്‌നു മുഗീറ അഭയം നല്‍കുകയായിരുന്നു. മര്‍ദനങ്ങള്‍ സഹിക്ക വയ്യാതെ അബൂബക്ര്‍ സിദ്ദീഖ് എത്യോപ്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങവെ, താന്‍ അഭയം നല്‍കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത് അവിശ്വാസിയായ ഇബ്‌നുദ്ദഗ്‌ന. മര്‍ദിതരെ സഹായിക്കാന്‍ മക്കയില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു- ഹില്‍ ഫുല്‍ ഫുളൂല്‍ എന്നായിരുന്നു അതിന്റെ പേര്‍. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് മുഹമ്മദ് (സ) അതില്‍ പങ്കാളിത്തം വഹിച്ചിരുന്നു. അത്തരമൊരു കൂട്ടായ്മയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഇനിയും താന്‍ പോകുമെന്നാണ് പ്രവാചകനായതിന് ശേഷം അവിടുന്ന് പ്രഖ്യാപിച്ചത്. ഏത് സമൂഹത്തിലുമുള്ള ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് നബിചര്യ നല്‍കുന്ന സന്ദേശം.
(പ്രബോധകനും ഈജിപ്തിലെ അല്‍ബയാന്‍ വൈജ്ഞാനിക മാഗസിന്റെ മുഖ്യ എഴുത്തുകാരില്‍ ഒരാളുമാണ് ലേഖകന്‍)
Comments