Prabodhanm Weekly

Pages

Search

2015 ജനുവരി 02

നമുക്ക് വേണ്ടി തേങ്ങിയും തേടിയും ഒരു പ്രവാചകന്‍

പി.ടി കുഞ്ഞാലി /കവര്‍‌സ്റ്റോറി

         സമാധാനം കാംക്ഷിച്ച പ്രവാചകന്‍ പലപ്പോഴും സംഘര്‍ഷത്തിലായിരുന്നു. ഇതിനു കാരണം പട കൂട്ടിയെത്തുന്ന എതിരാളികളുടെ തേര്‍വാഴ്ചകള്‍  തന്നെ. ജനത്തോടുള്ള ഐശ്വര്യകാംക്ഷ മാത്രമാണല്ലോ നബി(സ) പ്രകടിതമാക്കിയത്. കാരുണ്യവും ജീവിത മസൃണതയും  പ്രയോഗ ജീവിതത്തിലേക്ക് ആവിഷ്‌കരിച്ച പ്രവാചകന്‍ ഏറ്റുമുട്ടലിന്റെ പാത ആഗ്രഹിച്ചതേയില്ല.  എന്നിട്ടും അദ്ദേഹം നിഷ്‌കരുണം ആക്രമിക്കപ്പെട്ടു. പരിഹസിച്ചും കല്ലെറിഞ്ഞും ബഹിഷ്‌കരിച്ചും സമ്മര്‍ദപ്പെടുത്തി, ശാരീരിക ഉന്മൂലനം തന്നെ പ്രതിയോഗികള്‍ ലക്ഷ്യമിട്ടപ്പോള്‍ തലമുറകള്‍ക്കപ്പുറത്തുനിന്ന് എന്നോ കുടിപാര്‍ത്തു പോന്ന സ്വന്തം പിതൃഗ്രാമം തന്നെ ഉപേക്ഷിക്കേണ്ടിവന്നു.  അന്നത്തെ ആ പാതിരാത്രിയില്‍, തന്നെ വളഞ്ഞ എതിരാളികളുടെ കണ്ണു  തെറ്റിച്ചു പലായനം പോകുന്ന പ്രവാചകന്‍ ഉമ്മുല്‍ഖുറാവിന്റെ അതിര്‍ത്തിയില്‍ ഒരു നിമിഷം  നിര്‍ന്നിമേഷനായി.  ആ പാതിരാത്രിയില്‍  മരുഭൂമിയുടെ തുറസ്സില്‍ മിന്നാമിനുങ്ങുകളുടെ വെളിച്ചനുറുങ്ങില്‍ തന്റെ സ്വന്തം ഗ്രാമഭൂമിയെ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.  ആ സല്‍പ്പുത്രന്റെ  ഹൃത്തടം സത്യമായും തേങ്ങിനിന്നു. 

അങ്ങനെ ഇരുട്ടൊരുക്കിയ നിഗൂഢ നിശ്ശബ്ദതയില്‍ മക്കയിലെ ആ കല്ലുഭൂമിയും പിന്നിട്ട് പ്രവാചകന്‍ യസ്‌രിബിന്റെ വിശാലതയില്‍ സുരക്ഷിതനാവുന്നു.  അപ്പോഴും സ്വന്തം ജനതക്കു വേണ്ടി കാരുണ്യാതിരേകത്താല്‍  നിര്‍ന്നിമേഷനാകുന്ന പ്രവാചകന്‍. എതിരാളികള്‍ ഉന്മൂലനത്തിന്റെ ഭാഷയും വ്യാകരണവും മാത്രം കൈമാറി. ആക്രമണത്തിന്റെ കൊമ്പും തേറ്റയും ഇളകിയാടി.  അപ്പോഴും പ്രവാചകന്‍ അക്ഷോഭ്യനായി. കൊടും ശത്രുത പ്രഖ്യാപിച്ചവരോടുപോലും അകമേ അദ്ദേഹത്തില്‍ സ്‌നേഹവും വാത്സല്യവും  വഴിഞ്ഞുനിന്നു. എന്തിനാണു താന്‍  തിരസ്‌കരിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിനറിയാം. ശത്രുദംഷ്ട്രങ്ങള്‍ക്കുമറിയാം  എന്തിനാണ് മുഹമ്മദ് സമ്മര്‍ദ്ദപ്പെടുന്നതെന്ന്. പ്രശ്‌നം കേവലം ലാത്തയും മനാത്തയുമല്ല, ഹുബുലിനുള്ള പ്രണാമ കൗതുകവുമല്ല. അതൊരു ഒഴികഴിവ് മാത്രമാണ്.  പ്രശ്‌നം അധികാരമാണ്; ഗോത്രമുഖ്യരും നാട്ടു മാടമ്പികളും സ്വന്തം അധികാര രാഷ്ട്രീയം വെച്ചൊഴിയുകയും  തങ്ങളൊക്കെയും അല്ലാഹുവിന്റെ മുന്നില്‍ വിനീതരാകേണ്ടി വരികയും ചെയ്യുന്നതിലെ അസഹ്യതയും ഖിന്നതയും രോഷവും.  ഈ രോഷവും വൈരവും തന്നെയാണ് നിയോഗ ജീവിതം സംബോധന ചെയ്ത പീഡാനുഭവങ്ങള്‍. അപ്പോഴും ആ ജീവിതം അവര്‍ക്കു വേണ്ടി തേങ്ങിയും തേടിയും പരവശപ്പെട്ടു. 

സ്വാസ്ഥ്യം തേടി യസ്‌രിബില്‍ എത്തിയ പ്രവാചകന്‍  അവിടെയും സംഘര്‍ഷപ്പെട്ടു. സ്വസ്ഥത റാഞ്ചി പീഡനം പുതുക്കാന്‍ ഉമ്മുല്‍ഖുറാവില്‍ പടയൊരുങ്ങി. ഈ ഗൂഢാലോചനകളും ഗൂഢരോഷങ്ങളുമാണ്  ബദ്‌റിന്റെ അങ്കണത്തില്‍ പോരാട്ടമായി തുറന്നെത്തിയത്. സൈന്യദളങ്ങള്‍ മുഖാമുഖം നിന്നു.  മദീനക്കെന്തു സൈന്യം! വിശ്വാസത്തിന്റെ അദൃശ്യ ആയുധങ്ങളല്ലാതെ ഒന്നുമേ കൈവശം കാണാത്ത നിസ്സഹായരായ ഒരു പറ്റം മനുഷ്യര്‍.  അവരുടെ മുന്നില്‍ അബുല്‍ ഹകമും ഉത്ബയും ഹര്‍ഷം കൊണ്ടു. നിരായുധനായ ഒരാള്‍ക്ക്  സര്‍വ്വായുധരായ മൂന്നു പേര്‍. ഈ അനുപാത ഗണിതമാണവരെ പുളകിതരാക്കിയത്. അതുകൊണ്ടാണ് കുടിജലം തടയപ്പെട്ടുവെന്നറിഞ്ഞിട്ടും മക്കയിലെ സര്‍വ്വായുധ സന്നാഹത്തിനു വെപ്രാളങ്ങള്‍ കാണാഞ്ഞത്.  എളുപ്പത്തില്‍ മുഹമ്മദിനെയും പതിത സംഘത്തേയും അരിഞ്ഞെറിഞ്ഞ് തങ്ങള്‍ക്ക് പൂര്‍വ ബന്ധമുള്ള  യസ്‌രിബു കൊള്ള ചെയ്യാമെന്നു അവര്‍ കണക്കുകൂട്ടി. അപ്പോഴും പ്രവാചകന്‍ കരുണയോടെ  പ്രാര്‍ത്ഥിച്ചിരുന്നു, 'കുരുതിയില്ലാതെ ഈ മുഖാമുഖം സമാപ്തമായെങ്കില്‍!' പക്ഷേ മക്കയിലെ കല്ലുമലകളോളം തപിച്ചു നിന്ന ഹകമിന്റെ അഹങ്കാരം ഖഡ്ഗത്തലപ്പുകളുടെ  ആറാട്ടു പൂര്‍ത്തിയാക്കി.  അറ്റുവീണ ശിരോഭാരങ്ങളും, പരിക്കേറ്റു കരയുന്ന പടയാളികളും  ആ നിയോഗ ജീവിതത്തെ തീര്‍ത്തും സ്തബ്ധനാക്കി.  അബുല്‍ ഹകമിന്റെ ശിരസ്സു നോക്കി പ്രവാചകന്‍ ഖിന്നനും നിശ്ശബ്ദനുമായി. അപ്പോള്‍ ആ മനസ്സിന്റെ ചിത്രശാലകള്‍ തുറന്നു. ഹാഷിമി കുടുംബത്തില്‍ ജനിച്ചതും, അനാഥനായെങ്കിലും അഭിജാതനായി വളര്‍ന്നതും, ഈ പോരിടത്തില്‍ മുഖാമുഖം കൊണ്ടേറ്റ ആളുകളുമായി  ബാല്യ കൗമാരം ആഹ്ലാദകരമായി പിന്നിട്ടതും, അവരോടൊത്തു യാത്ര ചെയ്തതതും, അവരുടെ കൂടെ മംഗല്യത്തിലും മരണത്തിലും ഉക്കാളിലെ ചന്തകളിലും ഇടപഴകിയതും, കഅ്ബാലയത്തിലെ ഉത്സവങ്ങളില്‍ ഭക്തിയോടെ പങ്കെടുത്തതും... ഒരു മിന്നായം പോലെ ആ മനസ്സിന്റെ ദര്‍പ്പണത്തില്‍ ദൃശ്യപ്പെട്ടു. 

മണിക്കൂറുകള്‍ നീണ്ട ഘോരയുദ്ധം. അശ്വാരൂഢരായ സായുധ സൈന്യത്തോട് നിരായുധരായ സാധുമനുഷ്യര്‍ അത്യസാധാരണമായി ഏറ്റുമുട്ടുന്നു.  ജയപരാജയങ്ങളുടെ സമ്പൂര്‍ണ്ണ നിര്‍ണ്ണയം  ഇനിയും പ്രവചനീയമല്ല. അത്രയ്ക്കു ഘോരമാണത്. യുദ്ധവിജയം അനായാസമല്ലെന്ന്  ഹകമിന്റെ സംഘം ഏറക്കുറെ തീരുമാനിച്ചു തുടങ്ങി.  ബദറിലെ ആകാശത്ത് സൂര്യന്‍ തപിച്ചു തുടങ്ങി. അപ്പോള്‍ മക്കയുടെ സൈന്യം ചിതറിത്തെറിച്ചു.  ഹകമും കൂട്ടു സംഘങ്ങളും  രണഭൂമിയില്‍ തലയറ്റുവീണു; നിരവധി പടയാളികളും. തമ്പേറും പടപ്പാട്ടും അവസാനിപ്പിച്ചു മക്കക്കാര്‍ ചിതറിയോടി. പരിക്കേറ്റു വീണവരെ നാടും നഗരവും പരിഗണിക്കാതെ പ്രവാചകന്‍ ശുശ്രൂഷിച്ചു. അപ്പോഴും ആ ഭാവത്തിലും മിഴിക്കോണുകളിലും ആര്‍ദ്ര കാരുണ്യം കണ്ണീര്‍കണങ്ങളായി.  അദ്ദേഹം കൂടുതല്‍ മൗനിയും വിനമ്രനുമായി. ഈ കഷ്ടദുഃഖങ്ങള്‍ തന്റെ ബന്ധുജനങ്ങളുടെ കര്‍മദോഷങ്ങള്‍ കൊണ്ടാണല്ലോ എന്നു സങ്കടപ്പെട്ടു. 

പടയൊടുങ്ങി. ഭയന്നോടിയ ശത്രുപക്ഷത്തുനിന്ന് വിശ്വാസികളുടെ സംഘം നിരവധി പേരെ തടവുകാരാക്കി. അവരൊക്കെയും യൗവ്വനം ഊഞ്ഞാലാടുന്ന മൂഢകര്‍മ്മികള്‍. ഇന്നവര്‍ തടവുകാര്‍; പക്ഷേ അവരൊക്കെയും ഉത്സാഹപ്പെട്ടു വന്നത് ഈ വിശ്വാസി സംഘത്തെ ഉന്മൂലനം ചെയ്തു യസ്‌രിബു കൊള്ള ചെയ്യാന്‍.

നീണ്ട അധ്വാന പാരവശ്യത്തില്‍  പ്രവാചക സൈന്യം അന്നത്തെ യാത്ര നിര്‍ത്തി വിശ്രമിക്കാന്‍  തീരുമാനിച്ചു. ആയുധങ്ങള്‍ ഒതുക്കിവെച്ചും മൃഗങ്ങളെ ലായത്തില്‍ തളച്ചും അവര്‍ മരച്ചോട്ടില്‍ ഈത്തപ്പനപ്പായ വിരിച്ചു.  അപ്പോള്‍ ഒരു വിഘ്‌നം. പിടികൂടിയ തടവുകാര്‍. ഇവരെ എന്തു ചെയ്യും? തങ്ങളെ കൊന്നു മണലില്‍ മൂടാന്‍ മണ്‍വെട്ടിയുമായി വന്നവരാണിവര്‍. ഇവരെ എങ്ങനെ വിശ്വസിക്കും. ആകാശച്ചോട്ടിലെ ഏതു ഹിംസ്ര ജീവിയെ വിശ്വസിച്ചാലും  ഉമുല്‍ഖുറാവിലെ പേ പിടിച്ച കുറുനരികളെ  വിശ്വസിക്കാന്‍ കൊള്ളില്ല; അതു സത്യം. അതിനാല്‍ തടവിലാക്കപ്പെട്ട പടയാളികളെ അവര്‍ മരുപ്പച്ചയിലെ തുറസ്സില്‍  വിശ്രമത്തിനു അനുവദിച്ചു.  പക്ഷേ അവരുടെ കാലുകള്‍ ചങ്ങലകൊണ്ടു പൂട്ടിയിട്ടു. എന്നിട്ട് പ്രവാചകന്റെ പടയാളികള്‍ അവര്‍ക്കു കാവല്‍ നിന്നു.  മറ്റുള്ളവര്‍ പൊടുന്നനവേ ഉറക്കിലേക്കു വഴുതി. അത്രയ്ക്കായിരുന്നു അവരുടെ ശാരീരിക അധ്വാനം. മൂന്നു പേരെ തോല്‍പ്പിച്ചതു ഒരാളാണ്.

പിടിക്കപ്പെട്ട ശത്രുപടയാളികളെ പൂട്ടിയിട്ട മരച്ചോട്ടിലേക്ക്  പ്രവാചകന്‍ ഇടക്കിടെ ശ്രദ്ധിച്ചു നിന്നു.  അദ്ദേഹത്തിനറിയാം അവരെയൊക്കെ; പേരും കുലവും തൊഴിലും. അമ്പതാണ്ടു തന്റെ  പ്രിയപ്പെട്ട ഗ്രാമത്തില്‍ ജീവിച്ചത് അവരൊന്നിച്ചാണ്. ഇത്രയധികം സാന്ദ്രതയില്‍ പകയും വൈരവും  അവരില്‍ നുരപ്പിച്ചു വിട്ട  അവരുടെ നേതാക്കളൊക്കെയും ഇന്ന് ബദ്‌റിന്റെ കുഴിമാടത്തിലാണ്. അപ്പോഴും തടവുകാരുടെ ഇടയില്‍ നിന്നു ഞരക്കത്തിന്റെ നേര്‍ത്ത വീചികള്‍. ഉറക്കിന്റെ ഗാഢതയിലേക്ക് ഓരാതെ പ്രവാചകന്‍ എഴുന്നേറ്റിരുന്നു. പിന്നെ തടവു പുള്ളികളെ പൂട്ടിയ ലായത്തിലേക്ക് സാകൂതം ശ്രദ്ധിച്ചു. ഇത്തിരി പാര്‍ത്തു വീണ്ടും കിടക്കാന്‍ ശ്രമിച്ചു.  തടവുകാര്‍ക്ക് കാവല്‍ നില്‍ക്കുന്ന പ്രവാചക സൈന്യം  ഇത് ശ്രദ്ധിച്ചു. അവര്‍ക്ക് പ്രവാചകന്‍ അസ്വസ്ഥപ്പെടുന്ന കാര്യവും കാരണവും ഊഹമായി. ഈ ബന്ധനസ്ഥരായ തടവുപുള്ളികളില്‍ ഒരാള്‍ പ്രവാചകന്റെ പിതൃ സഹോദരനായ അബ്ബാസാണ് . കാല്‍ച്ചങ്ങലയുടെ മുറുക്കവും യുദ്ധയാത്രയുടെ പാരവശ്യവും കുറ്റബോധത്തിന്റെ സമ്മര്‍ദവും എല്ലാംകൂടി അദ്ദേഹത്തിന്റെ മനസ്സിലപ്പോള്‍ കൊടുങ്കാറ്റു വീശുന്നു. ഉറക്കം കനക്കാത്ത ആ മിഴിക്കോണുകളിലും  ചുണ്ടിലും ഏങ്ങലും മോങ്ങലും കനംവെച്ചു. ഇത് പ്രവാചകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അബ്ബാസ് പ്രവാചകന്റെ  പിതാവ് അബ്ദുല്ലയുടെ സഹോദരന്‍. പ്രവാചകന്‍ സ്വപിതാവിനെ നേര്‍കണ്ണാല്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ  തന്റെ  ഖദീജാപരിണയം വരെയുള്ള ജീവിതം ഈ പിതൃസഹോദരന്‍മാരുമായി ഏറെ ബന്ധപ്പെട്ടതാണ്. അതില്‍ ഒരു ജീവിതമാണിന്നു തന്റെ അനുയായികളാല്‍  തടവുകാരനാക്കപ്പെട്ടത്. അബ്ബാസ് അത്രയ്ക്ക് അപകടകാരിയല്ല.  അഖബയിലും മറ്റനേകം  സന്ദിഗ്ധ സന്ദര്‍ഭത്തിലും ഈ ജീവിതത്തിന്റെ വാല്‍സല്യവും കരുണയും താന്‍ അനുഭവിച്ചിട്ടുണ്ട്. തന്നോടു എന്നും അദ്ദേഹത്തിനു സ്‌നേഹവും പരിഗണനയും തന്നെയായിരുന്നു. ഏതോ ക്ഷുദ്രസുഹൃത്തുക്കളുടെ പ്രേരണയിലാകാം  അബ്ബാസ് തനിക്കെതിരെ ആയുധവുമായി  ശൈബയുടേയും അസ്‌വദിന്റെയും കൂടെ പടയ്ക്കിറങ്ങിയത്. പ്രവാചകന്‍ എഴുന്നേറ്റിരുന്നു തടവുകാരെ സാകൂതം ശ്രദ്ധിച്ചു. പ്രവാചകന്റെ അസ്വസ്ഥത മനസ്സിലാക്കിയ കാവല്‍ക്കാര്‍ അബ്ബാസിന്റെ  ചങ്ങലക്കുടുസ്സ് അയച്ചുകൊടുത്തു. സ്വസ്ഥതയിലേക്ക് ഉണര്‍ന്ന അബ്ബാസ് ഞരക്കങ്ങള്‍ക്ക് അറുതിയായി ഉറക്കത്തിലേക്ക് വഴുതി. അബ്ബാസിന്റെ ഞരക്കങ്ങള്‍  കേള്‍ക്കാതായ പ്രവാചകന്‍ കൂടുതല്‍ അസ്വസ്ഥപ്പെട്ടു. ആ ശബ്ദം എത്ര കാലമായി തനിക്കു സ്വന്തമാണ്! അബ്ബാസിന് എന്തുപറ്റി? അദ്ദേഹം കരുതി അബ്ബാസ് ശ്വാസം അവസാനിപ്പിച്ചെന്ന്. ഈ അവസ്ഥയിലാണ് അദ്ദേഹം റബ്ബിനെ കണ്ടുമുട്ടുന്നതെങ്കില്‍! പ്രവാചകന് അതോര്‍ക്കാന്‍ വയ്യ. അദ്ദേഹം എഴുന്നേറ്റു അനുയായികളോടു ചോദിച്ചു:  'അബ്ബാസിന് എന്തുപറ്റി?' അവര്‍ വിശദീകരിച്ചു: 'ചങ്ങല മുറുക്കത്തിന്റെ നൊമ്പരം കൊണ്ടാണ് അബ്ബാസ് കരഞ്ഞിരുന്നത്.  അതു താങ്കളെ അസ്വസ്ഥനാക്കുന്നതായി  ഞങ്ങള്‍ക്കു തോന്നി.  അതുകൊണ്ട് ഞങ്ങളത്  അയച്ചുകൊടുത്തു. ഇപ്പോള്‍ അദ്ദേഹം ഉറക്കത്തിലാണ്.' പ്രവാചകനു വേണ്ടി ഒരു സഹായം ചെയ്ത സന്തോഷത്തിലായിരുന്നു അവര്‍. പ്രവാചകന്‍ ക്ഷുഭിതനായി.  ആ കണ്ണുകള്‍ ജ്വലിച്ചു നിന്നു. എന്തിത്, ഒരു പന്തിയില്‍ രണ്ടു നീതിയോ? ഇത് മുഹമ്മദിന്റെ കര്‍മത്തിലുണ്ടാവുകയില്ല. കാരണം അത് അല്ലാഹുവിന്റെ പ്രമാണ സരണിയില്‍ അസാധ്യമാണ്. സമ്പൂര്‍ണമായ നീതിയും വ്യവഹാര ശുദ്ധിയും പുലരുന്നതിനാണു ഞാന്‍  ഭൂമിയില്‍ നിയോഗിതനായതും ഇന്ന് ഈ കല്ലുഭൂമിയില്‍ ആകാശച്ചോട്ടില്‍  വന്നു കിടക്കുകയും ചെയ്യുന്നത്.  അവിടെ രണ്ടു നീതി പാടില്ല. ആരു പറഞ്ഞു നിങ്ങളോടു അബ്ബാസിന്റെ കല്‍ച്ചങ്ങലക്കെട്ടുകള്‍ അയച്ചുകൊടുക്കാന്‍. ഉടന്‍ ചെന്നതു  പൂര്‍വസ്ഥിതിയിലാക്കുക. സ്വസ്ഥത അന്യമായ ആ പാതിരാത്രിയിലും നീതിയുടെ  ചെറിയൊരു ലംഘനം തടയാന്‍ പ്രവാചകന്‍ തിടുക്കപ്പെട്ടു. അപ്പോഴും അബ്ബാസിന്റെ വേദന പ്രവാചകന്‍ സ്വന്തം വേദനയായി കണ്ടു.  കാരണം അബ്ബാസ്  പ്രവാചക പിതാവ് തന്നെയാണ്. ഭൂമിയില്‍ അല്ലാഹുവിന്റെ  നീതി സമ്പൂര്‍ണവും  സുതാര്യവുമാണ്.  അതില്‍ പക്ഷപാതത്തിന്റെ ചതിയിടങ്ങളില്ല. അതനുവദിക്കുകയുമില്ല, പിതാവാണെങ്കില്‍ പോലും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍