Prabodhanm Weekly

Pages

Search

2015 ജനുവരി 02

ഈജിപ്ത് അറബ് വസന്തത്തിന്റെ രണ്ടാം ഘട്ടത്തിന് നേതൃത്വം വഹിക്കും

ഫഹ്മി ഹുവൈദി/റഹീം ഓമശ്ശേരി /സംഭാഷണം

         ഈജിപ്ത് മണ്ണ് അറബ് വസന്തത്തിന്റെ രണ്ടാം ഘട്ടത്തിന് നേതൃത്വപരമായ പങ്ക്‌വഹിക്കുമെന്ന് പ്രമുഖ കോളമിസ്റ്റും ചിന്തകനുമായ ഫഹ്മി ഹുവൈദി. നിലവിലെ സാഹചര്യത്തില്‍ വളരെ പെട്ടെന്ന് ഈജിപ്ത് ജനാധിപത്യ രീതിയിലേക്ക് മാറുമെന്ന് പറയാന്‍ തനിക്ക് കഴിയില്ല. വലിയൊരു സാമ്രാജ്യത്വ കൂട്ടുകെട്ടിലൂടെ ഉടലെടുത്ത അജണ്ടയാണ് അവിടെ രൂപംകൊണ്ടിരിക്കുന്നത്. അതിനെ തകര്‍ത്ത് മുമ്പോട്ട്‌പോവുക എളുപ്പമാകില്ലെന്നും ഫഹ്മി ഹുവൈദി വ്യക്തമാക്കി. ദോഹയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പ്രബോധനത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

ഈജിപ്ത് ഇസ്‌ലാമിക മുന്നേറ്റത്തിന് ബുദ്ധിപരമായും ഭൗതികമായും പിന്തുണനല്‍കിയ രാജ്യമാണ്. മറ്റ് രാജ്യങ്ങളിലുണ്ടായ അറബ് വസന്തത്തിന്റെ ഭാഗമായി മുന്നേറ്റങ്ങള്‍ക്ക് ഈജിപ്തിലെ ഇസ്‌ലാമിക പാര്‍ട്ടികള്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. എന്നാല്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന വിപ്ലവങ്ങളില്‍ വിജയം കണ്ടപ്പോഴും പിടിച്ച് നില്‍ക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ പലതാണ്. പ്രായോഗിക നടപടികളില്‍ ജാഗ്രത കുറവുണ്ടെന്ന ശക്തമായ ആക്ഷേപം ഒരു ഭാഗത്തുണ്ടെങ്കിലും പൂര്‍ണമായി അത് അംഗീകരിക്കാന്‍ ഞാന്‍ തയാറല്ല. സലഫി വിഭാഗത്തിന്റെ മറുകണ്ടം ചാടലിനെ മുര്‍സി ഭരണകൂടം ഏറെ ഭയന്നിരുന്നുവെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അവരുടെ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാന്‍ മുര്‍സി നിര്‍ബന്ധിതനായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഭരണഘടന  മാറ്റമടക്കമുള്ള പല കാര്യങ്ങളിലും ഈ വിഭാഗം ശക്തമായ സമ്മര്‍ദമാണ് ചെലുത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ മറിച്ചിടുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കിയെന്ന് മാത്രമല്ല, മുര്‍സി ഭരണകൂടത്തെ പിരിച്ച് വിട്ടതായി നടത്തിയ പ്രഖ്യാപന പരിപാടിയില്‍ പോലും നേരിട്ട് പങ്കാളികളാവുകയും ചെയ്തു അവര്‍. പ്രത്യക്ഷ പിന്തുണ നല്‍കിയ  സലഫികളുടെ പ്രധാന ഗ്രൂപ്പായ അന്നൂര്‍ ഇന്ന് സീസിയുടെ ഭരണത്തിന്‍കീഴില്‍ ദുരിതം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. മുര്‍സിയുടെ കാലത്ത് അനുഭവിച്ച സ്വാതന്ത്ര്യം ഇന്ന് അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ഗവണ്‍മെന്റ് മേഖലകളില്‍നിന്ന് അവരെ ഇതിനകം തന്നെ മാറ്റി നിര്‍ത്തിയിരിക്കുന്നു. ഭരണകൂടം, സൈന്യം, മീഡിയ എന്നീ മൂന്ന് സംവിധാനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഭരണകൂടത്തിന് എന്തും കല്‍പിക്കാം. സൈന്യത്തിന് ആരെയും പിടികൂടി തൂക്കിലേറ്റാം. മീഡിയ ഇതിനെയെല്ലാം വെള്ളപൂശി വിധേയത്വം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് നല്ലത്. ഈ മുക്കൂട്ട് മുന്നണിക്കെതിരായി പ്രതികരിക്കുന്ന ഒരാള്‍ക്ക് ഈജിപ്തിലെ ജീവിതം നരകതുല്യമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തന്റെ അനുഭവം വിശദീകരിച്ച് ഹഫ്മി ഹുവൈദി വ്യക്തമാക്കി.

ഈജിപ്തില്‍നിന്ന് പുറത്ത്‌പോകേണ്ടിവരുന്ന സാഹചര്യത്തെ എപ്പോഴും ഏറെ ഭീതിയോടെയാണ് താന്‍ കാണാറ്. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സാമാന്യം വിശദമായ വിസ്താരത്തിന് ശേഷമാണ് അനുമതി നല്‍കാറുള്ളത്. സീസി ഭരണത്തില്‍ കയറിയതിന് ശേഷമുള്ള ആദ്യ വിദേശയാത്രക്ക് വേണ്ടി കയ്‌റോ വിമാനത്താവളത്തിലെത്തിയപ്പോള്‍ രാജ്യം വിട്ട്‌പോകുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞ് തന്നെ മടക്കിയത് അദ്ദേഹം അനുസ്മരിച്ചു. മാത്രമല്ല വീട്ടുതടങ്കല്‍ പോലെയായിരുന്നു കുറെ ദിവസങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സമ്മര്‍ദങ്ങള്‍ കാരണമായി വിലക്ക് നീക്കിയെങ്കിലും ഓരോ തവണയും പാസ്‌പോര്‍ട്ട് തിരിച്ചും മറിച്ചുമുള്ള പരിശോധന അസഹനീയമാണ്. ഖത്തറിലേക്ക് വന്നപ്പോള്‍ തന്നെ കൂടുതല്‍ സംശയിക്കുക സ്വാഭാവികം. നിരവധി ചോദ്യങ്ങള്‍ക്കാണ് മറുപടി പറയേണ്ടി വന്നത്. 

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെയും ഭാവിയെ സംബന്ധിച്ചുള്ള ചോദ്യത്തിന് പരീക്ഷണങ്ങളുടെ പരമ്പരയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കേണ്ടതെന്ന മറുപടിയാണ് ഫഹ്മീ ഹുവൈദി  നല്‍കിയത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ സംബന്ധിച്ച് ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ പുത്തരിയല്ല. അതുകൊണ്ട് തന്നെ അവര്‍ ഇതില്‍ ഏറെ ആശങ്കാകുലരാണെന്ന അഭിപ്രായവും തനിക്കില്ല. എന്നാല്‍ ഭരണകൂടത്തെ സംബന്ധിച്ച് അങ്ങനെയല്ല. റോഡിലെ സ്പന്ദനങ്ങള്‍ അവരെ സംബന്ധിച്ച് ആശങ്ക ജനിപ്പിക്കുന്നത് തന്നെയാണ്. പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നവരാണവര്‍. വളരെ കുറഞ്ഞൊരുകാലം അധികാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ അവരനുഭവിച്ച അസ്വസ്ഥത ഏറെ വലുതാണ്. ഇനിയൊരു തിരിച്ച്‌പോക്കിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്കാവില്ല. അത്‌കൊണ്ട് ആരെ കൂട്ടുപിടിച്ചും അധികാരം വാഴാനുള്ള സകല അടവുകളും അവര്‍ പുറത്തെടുക്കും. മുബാറക്കിനെ കുറ്റവിമുക്തനാക്കി വെറുതെവിട്ട നടപടിയെ ഈജിപ്ഷ്യന്‍ ജനതക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. സീസിയുടെ ഭരണം എങ്ങോട്ടാണ് നീങ്ങുന്നതെന്ന വ്യക്തമായ സൂചന കൂടിയാണിത്.

തുനീഷ്യയില്‍ അന്നഹ്ദക്കുണ്ടായത് തിരിച്ചടിയായി ഞാന്‍ കാണുന്നില്ല. നിലവിലെ സാഹചര്യത്തില്‍ അന്നഹ്ദക്ക് നല്ലത് പ്രതിപക്ഷത്തിരിക്കുക തന്നെയാണെന്ന വിശ്വാസമാണ് എനിക്കുള്ളത്. റാശിദുല്‍ ഗന്നൂശിയുടെ ശക്തമായ നേതൃത്വം അതീവ ജാഗ്രതയോട് കൂടിയും പ്രായോഗികമായും തന്നെയാണ് അവിടെ മുമ്പോട്ട് നീങ്ങുന്നത് എന്നത് ലോക ഇസ്‌ലാമിക സംഘടനകള്‍ക്ക് മാതൃകയാകേണ്ടതാണ്. അവരുടെ പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ വിജയം കണ്ടിരിക്കുന്നു.

ഇന്ത്യയെ പോലെയുള്ള രാഷ്ട്രങ്ങളില്‍ പ്രായോഗിക രാഷ്ട്രീയ നിലപാടെടുക്കാന്‍ ഇസ്‌ലാമിക സംഘടനകള്‍ സന്നദ്ധരാകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഫഹ്മി ഹുവൈദി അഭിപ്രായപ്പെട്ടു. മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ സംവിധാനവും ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍