Prabodhanm Weekly

Pages

Search

2015 ജനുവരി 02

നന്മകളുടെ ലോകത്തെ <br>നമുക്കെന്തുകൊണ്ട് പരിപോഷിപ്പിച്ചുകൂടാ?

സദ്‌റുദ്ദീന്‍ വാഴക്കാട് /ലേഖനം

         സാമുദായിക ധ്രുവീകരണത്തിന്റെയും വര്‍ഗീയത ശക്തിപ്പെട്ടതിന്റെയും ഉത്തരവാദികള്‍ മുസ്‌ലിംകളാണോ, രാജ്യത്തെ മതനിരപേക്ഷത കാത്തുസൂക്ഷിക്കേണ്ടത് മുസ്‌ലിംകളുടെ മാത്രം ബാധ്യതയാണോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയാണ്; അതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നതും ശരിയാണ്. വര്‍ഗീയതയുടെ വളര്‍ച്ചക്ക് മുഖ്യകാരണക്കാര്‍ ആരാണെന്നതും വ്യക്തമാണ്. പക്ഷേ, വിഷയത്തിന്റെ മറ്റൊരു വശത്തേക്കാണ് ഇവിടെ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിന്റെ മുഖ്യ ഇരകള്‍ മുസ്‌ലിംകളാണ്. മതനിരപേക്ഷതയുടെ തകര്‍ച്ച ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നതും ന്യൂനപക്ഷത്തെയാണ്. സ്വാഭാവികമായും വര്‍ഗീയതയെ ചെറുത്തു തോല്‍പിക്കേണ്ടതും മതനിരപേക്ഷത കരുത്തോടെ നിലനില്‍ക്കേണ്ടതും മുസ്‌ലിം സമൂഹത്തിന്റെ അതിപ്രധാനമായ ആവശ്യവും, ആദര്‍ശപരമായ ബാധ്യതയുമാണ്. അതുകൊണ്ട്, തങ്ങളുടെ 'ഉത്തരവാദിത്ത'മാണോ എന്ന് ചോദിക്കുന്നതിനുപകരം തങ്ങളുടെ 'ആവശ്യമാണെ'ന്നുകൂടി തിരിച്ചറിയുകയാണ് വേണ്ടത്.  സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍, വര്‍ഗീയതയെ ചെറുക്കലും മതനിരപേക്ഷത സംരക്ഷിക്കലും മുസ്‌ലിം സമൂഹത്തിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയാകണം.

സാമുദായികതയുടെ വൈകാരികതയും ശൈഥില്യവും

ബഹുസ്വര ഇന്ത്യയില്‍ സാമൂഹിക മണ്ഡലത്തിന്റെ വിശാലതയിലേക്ക് വികസിക്കുന്നതിനു പകരം, സാമുദായികതയുടെ പ്രതലങ്ങളിലേക്ക് ചുരുങ്ങും വിധത്തിലായിരുന്നു ബാബരി പതനാനന്തര കാലത്ത് പൊതുവെ മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണങ്ങള്‍. സവര്‍ണ വംശീയതയിലധിഷ്ഠിതമായ അധികാര കേന്ദ്രീകൃത വര്‍ഗീയ ഫാഷിസത്തെ സാമൂഹിക മുന്നണി തീര്‍ത്ത്  ചെറുത്തുതോല്‍പിക്കുന്നതിനു പകരം സാമുദായിക വൈകാരികതകൊണ്ട് പ്രതിരോധിക്കാനാകുമെന്നാണ് ചില മുസ്‌ലിം സംഘങ്ങളെങ്കിലും തെറ്റിദ്ധരിച്ചത്. ബാബരിയനന്തര കാലത്ത് രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തില്‍ മുസ്‌ലിം സാമുദായിക സംരംഭങ്ങള്‍ പെരുകി വന്നതിന്റെ ഒരു കാരണമിതാണ്.

ഒരു പ്രദേശത്തിന്റെയോ കൂട്ടുകുടുംബത്തിന്റെയോ പൊതുവായ പ്രശ്‌നത്തിന് ഓരോരുത്തരും വ്യക്തിപരമായി മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുന്നതിലെ പരിമിതികളും പ്രയാസങ്ങളും ഊഹിക്കാവുന്നതാണ്. അതിലേറെ പരിമിതികളുണ്ടാകും സാമൂഹികമായൊരു പ്രശ്‌നത്തിന് സാമുദായിക മാത്രമായ പരിഹാരങ്ങള്‍ കാണുന്നതിന്. അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. സാമുദായിക മാത്രമായ പരിഹാരങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് പാകിസ്ഥാന്‍ എന്ന മുസ്‌ലിം രാഷ്ട്രം. ഹിന്ദുമഹാസഭയും മറ്റും മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദത്തെ ഏറ്റെടുത്തുകൊണ്ട്, മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പാകിസ്താന്‍ രാഷ്ട്രവാദവുമായി രംഗത്തുവന്നു. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തില്‍ പ്രയാസപ്പെടേണ്ടിവരുന്ന ന്യുനപക്ഷത്തിന് സ്വന്തം രാഷ്ട്രത്തിലൂടെ മോചനം എന്നാണ് മുസ്‌ലിംലീഗ് അന്നു പറഞ്ഞത്. എന്നിട്ട് എന്തു സംഭവിച്ചു? പിറവിയുടെ 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാകിസ്താന്‍ എന്താണ് മുസ്‌ലിംകള്‍ക്ക് നേടിക്കൊടുത്തത്? അശാന്തിയുടെയും ആഭ്യന്തര കലഹത്തിന്റെയും നിത്യദുരിതത്തില്‍ ആ രാജ്യം ജീവിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്? ഇന്നു വര്‍ഗീയ ഫാഷിസ്റ്റു ഭീഷണിയെ ചെറുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍, പാകിസ്താന്‍ എന്ന അനുഭവം കൂടി മുന്നില്‍വെച്ചുകൊണ്ടായിരിക്കണം.

സ്വന്തം കാലില്‍ നിന്നുകൊണ്ടു മാത്രം വര്‍ഗീയ ഫാഷിസ്റ്റു ഭീഷണിയെ ചെറുക്കാമെന്ന ചിന്ത ഗുണത്തെക്കാള്‍ ദോഷമല്ലേ ഉണ്ടാക്കുക? മുഹമ്മദ് നബി, വഹ്‌യ് ഇറങ്ങിയിരുന്ന കാലത്ത്, അല്ലാഹുവിന്റെ സഹായവും മലക്കുകളുടെ സാന്നിധ്യവുമെല്ലാം ഉറപ്പുണ്ടായിട്ടും, സ്വന്തം കാലില്‍നിന്ന് സാമുദായിക മാത്രമായി പീഡനപര്‍വങ്ങളെ നേരിട്ട് വിജയം വരിക്കാം എന്നല്ല തീരുമാനിച്ചത്. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും, ഗോത്ര ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയും, അമുസ്‌ലിംകളോട് അഭയവും സഹായവും അര്‍ത്ഥിച്ചും, ജൂതന്മാരുള്‍പ്പെടെയുള്ള ഗോത്രങ്ങളോട് കരാറിലേര്‍പ്പെട്ടുമൊക്കെയാണ് നബി മുന്നോട്ടുപോയത്.

സമുദായം സ്വയം ശാക്തീകരണത്തിന്റെ വഴിതേടേണ്ടത് അനിവാര്യമാണ്. അതുപക്ഷേ, ആത്മവിശ്വാസം പകര്‍ന്നുനല്‍കുക, ആദര്‍ശനിഷ്ഠയുള്ള ജീവിതം സ്വായത്തമാക്കുക, തെറ്റുകള്‍ തിരുത്തി ദൈവിക സഹായത്തിന് അര്‍ഹരാവുക, വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക ഔന്നത്യം നേടി യശസ്സുയര്‍ത്തുക തുടങ്ങിയ തലങ്ങളിലായിരിക്കണം. സമീപകാല പ്രതികൂലാവസ്ഥകളില്‍, മുസ്‌ലിം പ്രതികരണങ്ങള്‍ക്കും പ്രതിരോധ ശ്രമങ്ങള്‍ക്കും രണ്ടു പരിമിതികളുണ്ട്. ഒന്ന് വൈകാരികതയുടെ വേലിയേറ്റം. രണ്ട്, ആഭ്യന്തര ശൈഥില്യം.

പ്രസംഗകരുടെ നേതൃത്വം

വിവേകത്തെ വികാരം അതിജയിക്കുന്നുവെന്നതാണ് ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം സമീപനത്തിന്റെ സ്വഭാവം; പ്രതികൂലസാഹചര്യങ്ങളില്‍ പ്രത്യേകിച്ച്. വിവേകത്തിന്റെ ശബ്ദങ്ങള്‍ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നു. ചെറിയ ചില പ്രശ്‌നങ്ങളാല്‍തന്നെ മുസ്‌ലിംകള്‍ എളുപ്പത്തില്‍ പ്രകോപിതരാകുന്നു എന്ന നിരീക്ഷണം അവഗണിക്കേണ്ടതല്ല. മുസ്‌ലിം തെരുവുകള്‍ ഈ വൈകാരിക വേലിയേറ്റത്തിന്  കുറച്ചെങ്കിലും സാക്ഷിപറയാതിരിക്കില്ല. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പ്രസംഗകരുടെ നേതൃത്വം. പ്രസംഗകരാണ് മിക്കപ്പോഴും മുസ്‌ലിം നേതൃത്വത്തിലേക്ക് ഉയരുന്നത്. പ്രസംഗകര്‍ക്കു ചുറ്റും തടിച്ചുകൂടുന്ന ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം മുസ്‌ലിം സമൂഹം പ്രകടിപ്പിക്കാറുണ്ട്. ഈ പ്രഭാഷകര്‍ വിജയിക്കുന്നതാകട്ടെ വൈകാരികതയെ ഉപകരണമാക്കുമ്പോഴാണ്. പ്രതിസന്ധികളെ കുറിച്ചുള്ള പ്രസംഗങ്ങള്‍ മാത്രമല്ല, ആത്മീയമോ, ആരാധനാമണ്ഡലത്തിലെ ശിര്‍ക്ക്-ബിദ്അത്തുകളെ സംബന്ധിച്ചുള്ളതോ ആയ പ്രഭാഷണങ്ങള്‍ പോലും വൈകാരികത കൊണ്ടാണ് ആളെ കൂട്ടുന്നത്. പ്രസംഗകരെ കേന്ദ്രീകരിച്ച് സംഘടനകള്‍ പിളരുന്നതിന്റെ ഒരു കാരണമിതാണ്. പഠിപ്പിക്കുക, ചിന്തിപ്പിക്കുക, വിവേക ശാലികളാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കുറഞ്ഞ അളവിലേ ഇത്തരം പ്രസംഗങ്ങളില്‍ കാണാറുള്ളൂ. വൈകാരിക പ്രസംഗകരായ നേതാക്കളാല്‍ നയിക്കപ്പെടുന്ന സമുദായത്തിന്റെ ദൗര്‍ബല്യങ്ങള്‍ മറനീക്കി പുറത്ത് വരികയും ചെയ്യുന്നു. മതസംഘടനകള്‍ തമ്മിലെ വൈരവും അകല്‍ച്ചയും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലേക്കും സംക്രമിക്കുന്നില്ലേ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. 

രണ്ടാമത്തേത്, ഏതൊരു ജനവിഭാഗത്തെയും പോലെ യുവാക്കള്‍ മുസ്‌ലിം സമുദായത്തിന്റെയും ശക്തിയാണ്. അവരുടെ കരുത്തും കര്‍മ്മാവേശവുമാണ് സമുദായത്തെ സജീവമാക്കുന്ന ഘടകങ്ങളിലൊന്ന്. എന്നാല്‍ മറുഭാഗത്ത് ഇതേ യുവത്വം സമുദായത്തിന്റെ ദൗര്‍ബല്യം കൂടിയായിത്തീരുന്നു. യുവാക്കളുടെ വൈകാരിക വിക്ഷുബ്ധതയെ-പ്രതിസന്ധിഘട്ടങ്ങളില്‍ പ്രത്യേകിച്ചും-വലിയ അളവില്‍ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് മുസ്‌ലിം നേതൃത്വം പലപ്പോഴും മുന്നോട്ടു പോകാറുള്ളത്. ഇതിന്റെ സ്വാഭാവിക പ്രത്യാഘാതങ്ങള്‍ മതസംഘടനകള്‍ തമ്മിലുള്ള കലഹങ്ങളില്‍ മാത്രമല്ല, വിവിധ മതസമുദായക്കാര്‍ തമ്മിലുള്ള സംവാദങ്ങളിലും പ്രതിഫലിക്കാറുണ്ട്. ഇന്ന്, സോഷ്യല്‍ നെറ്റവര്‍ക്കുകള്‍ ഇതിന്റെ എത്രയെങ്കിലും തെളിവുകള്‍ തരുന്നുണ്ടല്ലോ!

അജണ്ടകളുടെ പരിമിതി

ആനുകാലിക പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളിലാണ് മുസ്‌ലിം അജണ്ടകള്‍ പൊതുവെ ഉടക്കി നില്‍ക്കുന്നത്. അതില്‍ വൈകാരികതക്കും തെരുവു ബഹളങ്ങള്‍ക്കും വലിയ ഇടമുണ്ട്. ചിഹ്നങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും പലപ്പോഴും ഇത്തരം പ്രതികരണങ്ങള്‍. ആദര്‍ശം, സാമൂഹിക മാറ്റം, അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനം തുടങ്ങിയ മൗലിക വിഷയങ്ങള്‍ക്ക് ഇവിടെ ഇടമുണ്ടാകില്ലെന്നു മാത്രമല്ല, അതിന് വൈകാരികതയുടെ ഭാഷ ഒട്ടും ചേരുകയുമില്ല. അതേസമയം, പ്രതികൂലാവസ്ഥകളുടെ ആവര്‍ത്തനം സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുസ്‌ലിം സമൂഹത്തെ അലട്ടിക്കൊണ്ടിരുന്നുവെന്നതും വസ്തുതയാണ്. വിഭജനാനന്തരം കേട്ടുകൊണ്ടേയിരിക്കുന്ന പാകിസ്താന്‍ പഴി, തുടര്‍ച്ചയായി നടന്ന വര്‍ഗീയ കലാപങ്ങള്‍, ബാബരി മസ്ജിദ് ധ്വംസനം, തുടര്‍ന്നുണ്ടായ ബോംബെ കലാപം, സാംസ്‌കാരിക മേഖലയില്‍ വംശവെറിയിലധിഷ്ഠിതമായി നടക്കുന്ന അധിക്ഷേപങ്ങള്‍, മുസ്‌ലിം ചിഹ്നങ്ങള്‍ക്കെതിരായ കൈയേറ്റശ്രമങ്ങള്‍, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ, ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്യാതെ കലാപബാധിതര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്, ഭരണകൂടങ്ങളുടെ അവഗണന തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച നിരാശയും അപകര്‍ഷതാബോധവുമൊക്കെ ഇന്നത്തെ മുസ്‌ലിം അവസ്ഥകളുടെ രൂപീകരണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങളും മതനിരപേക്ഷ മണ്ഡലവും തങ്ങളുടെ തെറ്റുകള്‍ തിരുത്തുകയും സമുദായത്തിന് നീതി ലഭ്യമായിത്തുടങ്ങുകയും ചെയ്‌തെങ്കില്‍ മാത്രമേ അരക്ഷിതാവസ്ഥക്ക് ശമനമുണ്ടാകൂ. 

മറുവശത്ത്, മുസ്‌ലിം സമുദായം സ്വയം ചില തിരിച്ചറിവുകള്‍ക്കും തിരുത്തലുകള്‍ക്കും സന്നദ്ധരാകേണ്ടതുണ്ട്. പ്രതികൂല സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങളാണ് സമുദായത്തെ ഇത്തരമൊരു ദുരവസ്ഥയിലേക്ക് എടുത്തെറിഞ്ഞതെന്ന ന്യായം പറയാമെങ്കിലും, ഉരുണ്ടുകൂടുന്ന പ്രതിസന്ധികളെ വിവേകം കൊണ്ട് മറികടക്കാന്‍ കഴിയുമ്പോഴാണ് ആരോഗ്യകരമായ നിലനില്‍പ്പ് സാധ്യമാകുന്നത്. ദീര്‍ഘദൃഷ്ടിയുള്ള, പരിപക്വമായ നേതൃത്വത്തില്‍ നിന്നേ അത്തരം നിലപാടുകള്‍ പ്രതീക്ഷിക്കാനാവൂ.

വൈകാരികത കത്തിനില്‍ക്കുന്ന സംഘര്‍ഷ ഘട്ടങ്ങളിലും സംയമനത്തോടു കൂടിയ ഇടപെടലുകള്‍ക്ക് വലിയ ഫലപ്രാപ്തിയുണ്ടാകും എന്നതിന്റെ ഉത്തമോദാഹരണമാണ് മാറാട് രണ്ടാം കലാപ വേളയില്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഇടപെടല്‍. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം അസാധ്യമായ സ്ഥലത്തേക്ക്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷനു കടന്നു ചെല്ലാനും സംഘര്‍ഷത്തിനു അല്‍പമെങ്കിലും അയവുവരുത്താനാകുംവിധം ഇടപെടാനും കഴിഞ്ഞത് സമീപനത്തിലെ സവിശേഷത കൊണ്ടായിരുന്നു.

നിര്‍മാണാത്മക ചിന്ത വളര്‍ത്തുക.

നിഷേധാത്മക (Negative) ചിന്തകളും തദനുസൃതമായ സമീപനങ്ങളും അതിജീവന വഴിയില്‍ ഗുണം ചെയ്യില്ല. പ്രതിസന്ധികളെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും പീഡനപര്‍വത്തെച്ചൊല്ലി നിരന്തരം കരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഒരു രീതിയാണ്. മുസ്‌ലിം പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും ഇത്തരം കരച്ചിലുകളാല്‍ നിറഞ്ഞിരിക്കും. അതേസമയം, നിര്‍മാണാത്മകവും (Positive) അനുകൂലവുമായ അവസരങ്ങള്‍ പ്രതിസന്ധികളെക്കാള്‍ കൂടുതലായിട്ടും അത് ഉപയോഗപ്പെടുത്താന്‍ അതേ അളവില്‍ ജാഗ്രതയോ, ആസൂത്രണമോ ഉണ്ടാകുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമവും തീരെ കുറവ്. ഖുര്‍ആനിക മൂല്യങ്ങളോ പ്രവാചക ജീവിതത്തിന്റെ ഗുണപാഠങ്ങളോ പഠിച്ചുപകര്‍ത്താന്‍ ഇനിയും സമുദായത്തിന് കഴിഞ്ഞില്ലെന്നാണോ ഇതിനര്‍ഥം! പീഡനങ്ങളെയും പ്രതിസന്ധികളെയുംചൊല്ലി നബി(സ) നിരന്തരം ആവലാതി പറഞ്ഞുകൊണ്ടിരുന്നിട്ടില്ല. സുമയ്യയുടെ രക്തസാക്ഷ്യം, യാസിര്‍ കുടുംബം സഹിച്ച പീഡനം, ശിഅബ് അബീത്വാലിബിലെ ഉപരോധം, ത്വാഇഫിലെ കല്ലേറ്, ബിലാലിബ്‌നു റബാഹ് ഉള്‍പ്പെടെയുള്ളവര്‍ക്കേറ്റ കൊടിയ മര്‍ദനങ്ങള്‍, പ്രബോധകരായി ക്ഷണിച്ചുകൊണ്ടുപോയ അനുചരന്മാര്‍ വധിക്കപ്പെട്ടത്, ഹംസ(റ)യുടെ ദാരുണവധവും കരള്‍ ചവച്ചുതുപ്പിയതും..... ഇതെല്ലാം എടുത്തുപറഞ്ഞ് നബി നിരന്തരം വേവലാതിപ്പെട്ടുകൊണ്ടിരുന്നതായി ചരിത്രത്തില്‍ കാണുന്നില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ 'ദുഃഖവര്‍ഷം' എന്ന് വിശേഷിപ്പിക്കപ്പെട്ടത് കൊടിയ പീഡനമോ രക്തസാക്ഷ്യമോ നടന്നവര്‍ഷത്തെയല്ല, നബിപത്‌നി ഖദീജയും പിതൃവ്യന്‍ അബൂത്വാലിബും മരണപ്പെട്ട കൊല്ലമാണത്. അബൂത്വാലിബ് അമുസ്‌ലിമായിരുന്നുവെന്ന് ഓര്‍ക്കണം! തങ്ങളനുഭവിക്കുന്ന പീഡനപര്‍വങ്ങളെ ചൊല്ലി നബിയുടെ മുന്നില്‍ ആവലാതി പറഞ്ഞുവന്നിരുന്നു ഖബ്ബാബും സംഘവും. ആ രംഗം വൈകാരികതയോടെ അവതരിപ്പിച്ച് അനുയായികളെ അഭിമുഖീകരിക്കുകയായിരുന്നില്ല നബി ചെയ്തത്. ഖബ്ബാബിനെ ആശ്വസിപ്പിച്ച പ്രവാചകന്‍, പിറക്കാനിരിക്കുന്ന പുതുലോകത്തെ കുറിച്ച ശുഭപ്രതീക്ഷ നല്‍കി, അതില്‍ കേന്ദ്രീകരിച്ച് മുമ്പോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഈ ലക്ഷ്യബോധവും ശുഭപ്രതീക്ഷയും ക്രിയാത്മക ചിന്തയുടെ പ്രതിഫലനമാണ്. കൊമ്പുകുലുക്കി വന്ന എതിരാളികളെക്കാള്‍ നബി(സ) ശ്രദ്ധിച്ചത്, സഹായഹസ്തം ലഭിക്കാവുന്ന പച്ച തുരുത്തുകളിലാണ്. തന്റെ വിശ്വാസ ദര്‍ശനത്തെ അംഗീകരിക്കാത്തവരാണെങ്കിലും ഒരു കൈ സഹായം ലഭിക്കുന്ന ആരിലേക്കും നബി(സ) നിസ്സങ്കോചം കടന്നു ചെന്നു. അവരുടെ നന്മകള്‍ കാണാന്‍ ശ്രമിച്ചു. കഠിനവിരോധികളെപോലും നന്മയുടെ പക്ഷം ചേര്‍ക്കാന്‍ പ്രാര്‍ഥിച്ചു, പ്രവര്‍ത്തിച്ചു.

ഇത്തരമൊരു പോസിറ്റീവ് ചിന്തക്ക് ഇന്ത്യയുടെ വര്‍ത്തമാനത്തില്‍ വലിയ പ്രസക്തിയുണ്ട്. പ്രതികൂലാവസ്ഥകളെക്കാള്‍ അനുകൂല സാഹചര്യങ്ങള്‍ ധാരാളമുണ്ട്. ഫാഷിസത്തിന്റെ രൗദ്രഭാവങ്ങളെക്കാള്‍, സ്‌നേഹ സൗഹാര്‍ദത്തിന്റെ വിശാലമനസ്സുകളും ഏറെ. ഈ നന്മകള്‍ കാണാനും അത് പരിപോഷിപ്പിക്കാനും കഴിഞ്ഞാല്‍ തിന്മ തളരും.  അതുകൊണ്ട് ഫാഷിസം ആഗ്രഹിക്കുംവിധം, അവിശ്വാസം വളര്‍ത്തുന്ന രീതിയില്‍ നെഗറ്റീവ് ചിന്തകള്‍ പടര്‍ത്താതിരിക്കുക. മതേതര പാര്‍ട്ടികള്‍ക്കകത്ത് അഭിനവ പട്ടേലുമാരുണ്ടാകും. പക്ഷേ, അതേപക്ഷത്ത് നെഹ്‌റുവും ആസാദുമുണ്ടാകും. അഭിനവ പട്ടേലുമാരെ  പഴിക്കലല്ല, നെഹ്‌റു-ആസാദ് പക്ഷത്തിന് ശക്തിപകരലാണ് വിവേകത്തിന്റെ വഴി. മതേതര പക്ഷത്തുള്ള വ്യക്തികളിലോ ഗ്രൂപ്പുകളിലോ ഉള്ള പാകപ്പിഴവുകളും ദോഷവശങ്ങളും പെരുപ്പിച്ചവതരിപ്പിച്ചും, സംശയകരമായ ചെറുതെന്തെങ്കിലും കാണുമ്പോഴേക്കും അവരെയെല്ലാം കാവിപുതപ്പിച്ചും സംഘപരിവാരത്തെ സഹായിക്കുന്ന നിലപാട് അത്യന്തം അപകടകരമാണ്. കാവിക്കുറി വരക്കാന്‍ നെറ്റികള്‍ തേടിനടക്കുന്ന സര്‍സംഘ് ചാലകുമാര്‍ക്കു മുമ്പിലേക്ക് ആളുകളെ നിര്‍ത്തിക്കൊടുക്കുന്നതിനു പകരം,അടുത്തിടപഴകിയും നല്ല അനുഭവങ്ങള്‍ സമ്മാനിച്ചും അവരിലെ മതനിരപേക്ഷതയുടെ ഗുണവശങ്ങള്‍ ഊതിക്കാച്ചിയെടുക്കുന്നതാണ് നിര്‍മാണാത്മക സമീപനം.

ശൈഥില്യം ശക്തിപ്പെടുന്നു

മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തര ശൈഥില്യം പൂര്‍വോപരി ശക്തിപ്പെട്ടുവെന്നതാണ് ബാബരിയനന്തര കാലത്തെ ദുഃഖകരമായ മറ്റൊരു അനുഭവം. വര്‍ഗീയ കലാപങ്ങള്‍ വേട്ടയാടിയ 1960-കളില്‍ രൂപീകരിക്കപ്പെട്ട 'ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ', ഐക്യത്തോടെയുള്ള ഒരു ചുവടുവെപ്പായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കാനും ഗുണകരമായ ചില നീക്കങ്ങള്‍ നടത്താനും മുശാവറക്ക് സാധിച്ചു. എന്നാല്‍ 2-3 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴേക്കും മുസ്‌ലിം സമുദായം  ആഭ്യന്തരഭിന്നതയില്‍ ഏറെ ദൂരം പോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാകണം ബാബരിധ്വംസനത്തിനു ശേഷം, മജ്‌ലിസെ മുശാവറ പോലെ യോജിച്ചൊരു നീക്കം ഫലപ്രദമായ രീതിയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉണ്ടായില്ല. 

പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് മുസ്‌ലിം വിഭാഗങ്ങള്‍ ഭിന്നവിരുദ്ധങ്ങളായ പരിഹാര മാര്‍ഗങ്ങളിലാണ് എത്തിപ്പെട്ടത്. ചിലര്‍ പകച്ചുനില്‍ക്കുകയും നിരാശക്ക് അടിപ്പെടുകയും ചെയ്തു. മതേതര കക്ഷികളില്‍ പ്രതീക്ഷ പൊലിഞ്ഞവര്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് ചിന്തിച്ചു. തീവ്ര നിലപാടുകാരും ഒറ്റപ്പെട്ട നിലയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പുതിയ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിറവിക്കു തന്നെ ഇത് കാരണമായി. വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ തത്തുല്യമായി പ്രതിരോധിക്കണമെന്നു വാദിച്ച് തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഒറ്റപ്പെട്ടതാണെങ്കിലും രംഗത്ത് വന്നു. സംഘപരിവാറിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും വിധത്തിലുള്ള മുസ്‌ലിം പ്രതിനിധാനങ്ങളായി അവ മാറി. അതി വൈകാരികതയെ വാഹനമാക്കുന്ന മുസ്‌ലിം നേതാക്കളും ഗ്രൂപ്പുകളും ഉണ്ടാകേണ്ടത് സംഘപരിവാറിന്റെ കൂടി ആവശ്യമാണെന്ന സത്യം അവര്‍ക്ക് തിരിച്ചറിയാനായില്ല. അത്തരക്കാര്‍ മുസ്‌ലിംപക്ഷത്തുണ്ടെങ്കില്‍, വര്‍ഗീയ ധ്രുവീകരണത്തിന്റെ വഴി തങ്ങള്‍ക്ക് എളുപ്പമാകുമെന്ന് സംഘപരിവാറിന് പ്രതീക്ഷയുണ്ട്. മാത്രമല്ല, കാവിപ്പട ഒരുക്കുന്ന കെണിയില്‍ മുസ്‌ലിം വികാര ജീവികള്‍ വീണുപോകുന്നുവെന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ഇത്തരം കെണികളില്‍ നിന്ന് രക്ഷപ്പെട്ട്, ഉയര്‍ന്ന നിലപാടെടുക്കാന്‍ കഴിയേണ്ടതുണ്ട്. മക്കയില്‍ അബൂജഹ്‌ലും സഘവും ഒരുക്കിയ കെണിയില്‍ നിന്ന്, അജണ്ടകള്‍ അട്ടിമറിക്കാന്‍ അനുവദിക്കാതെ എത്യോപ്യന്‍ പണ്ഡിതന്മാര്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന കഥ പറയുന്നുണ്ട് ഖുര്‍ആന്‍ (അല്‍ ഖസ്വസ്വ് 52-55).

തീവ്ര നിലപാടുകളുമായി രംഗത്തുവന്ന മുസ്‌ലിം ഗ്രൂപ്പുകള്‍, പതിയെയാണെങ്കിലും ജനാധിപത്യത്തിലേക്ക് വഴിമാറിനടക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും രാഷ്ട്രീയമായ പരിഹാര മാര്‍ഗങ്ങളിലേക്ക് ചുവടുവെക്കുകയും ചെയ്തുവെന്നത് ആശാവഹമാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ ഐ.എസ്.എസ്, പി.ഡി.പിയായി രൂപം മാറിയതും എന്‍.ഡി.എഫ്, എസ്.ഡി.പി.ഐ രൂപീകരിച്ചതും ഇതിന്റെ സൂചനയാണ്. ഇതൊരു തിരിച്ചറിവിന്റെ ഭാഗമാണെന്ന് ആശ്വസിക്കാമെങ്കിലും ദുഃഖകരമായ മറ്റൊരു വസ്തുതയുണ്ട്; ശോചനീയമായ ശൈഥില്യം. ബഹുമത സമൂഹത്തില്‍ സാമുദായിക രാഷ്ട്രീയത്തിന്റെ പരിമിതികള്‍ക്കും അപകടങ്ങള്‍ക്കും ഇത് ആക്കം കൂട്ടുന്നു. മുസ്‌ലിംലീഗിന്റെ പിളര്‍പ്പും ഐ.എന്‍.എല്ലിന്റെ രൂപീകരണവുമായിരുന്നു ഇതിന്റെ തുടക്കം. പിന്നീട്,  വിവിധഘട്ടങ്ങളില്‍ അഖിലേന്ത്യാ-സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിക്യം പ്രതീക്ഷകളാണോ നല്‍കുന്നത്? ബട്‌ലഹൗസ് കൊലപാതകത്തിലെന്ന പോലെ, ഓരോ പ്രതിസന്ധിഘട്ടത്തിലും ഒന്നിലേറെ രാഷ്ട്രീയ പാര്‍ട്ടികളാണ് മുസ്‌ലിം മണ്ഡലത്തില്‍ പിറവിയെടുക്കുന്നത്. കഴിഞ്ഞ ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിം പോക്കറ്റുകളില്‍ പരസ്പരം മത്സരിച്ച മുസ്‌ലിം പാര്‍ട്ടികള്‍ ആര്‍ക്ക്, എന്ത് നേട്ടമാണുണ്ടാക്കിയത്!

ഒന്നാമതായി, സാമുദായിക വൈകാരികതയാണ് ഈ രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന വാഹനം. അതുണ്ടാക്കുന്ന നേട്ടങ്ങള്‍ താല്‍ക്കാലികമായിരിക്കും; അതിന്റെ നിഷേധാത്മക ഫലങ്ങള്‍ ദൂരവ്യാപകവും. രണ്ടാമത്, മതനിരപേക്ഷ കക്ഷികളെ ശക്തിപ്പെടുത്തേണ്ട നിര്‍ണായക ഘട്ടങ്ങളില്‍ മുസ്‌ലിം വോട്ടുബാങ്കിന്റെ ശൈഥില്യം ഗുണം ചെയ്യുക ബി.ജെ.പിക്കായിരിക്കും. മുസ്‌ലിം വോട്ട് ഫലം തീരുമാനിക്കേണ്ട ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറുന്ന ദുരവസ്ഥ ഇതിന്റെ ബാക്കിപത്രമാണ്. മതനിരപേക്ഷ കക്ഷികള്‍ക്ക് ലഭിക്കേണ്ട മാനസിക പിന്തുണയും ഇതുവഴി നഷ്ടപ്പെടുന്നു. മൂന്നാമത്തെ കാര്യം, ചില മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായ താല്‍പര്യത്തെക്കാള്‍, വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. അതിനുവേണ്ടി സമുദായം ഉപകരണമാക്കപ്പെടുകയാണ്. ഇതുകൊണ്ടെല്ലാം തന്നെ, മുസ്‌ലിം രാഷ്ട്രീയവും തെരഞ്ഞെടുപ്പ് നിലപാടുകളും മൗലികമായ പുനരാലോചനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.

പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും പ്രസംഗങ്ങളും വികാരപ്രകടനങ്ങളും കഥാകഥനങ്ങളും കൊണ്ട് മറികടക്കാവുന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു മുമ്പില്‍ ഇപ്പോള്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധികള്‍. അതിവേഗം മാറുന്ന കാലത്തിനു മുമ്പില്‍ ചിന്തിക്കുന്ന തലച്ചോറുകള്‍, പുതിയ വഴികള്‍ വെട്ടിത്തുറക്കേണ്ടതുണ്ട്. പുതിയ കാലം, പുതിയ സ്ട്രാറ്റജികള്‍ അനിവാര്യമാക്കുന്നു.  

(അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /79-81
എ.വൈ.ആര്‍