വന്‍മരങ്ങളെ <br> പൂച്ചട്ടിയിലിട്ട് വളര്‍ത്തുന്ന നമ്മള്‍
എം. മുകുന്ദന്റെ 'അതിവിദഗ്ധനായ ഒരു ചെത്തു തൊഴിലാളി' എന്ന കഥയില്‍ ഒരു കേളപ്പേട്ടനെപ്പറ്റി പറയുന്നുണ്ട്. തെങ്ങ്‌ചെത്താണ് അദ്ദേഹത്തിന്റെ തൊഴില്‍. വളരെ വേഗത്തില്‍ തെങ്ങില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കേളപ്പേട്ടന്‍ കുട്ടികള്‍ക്കെല്ലാം അത്ഭുതമായിരുന്നു. അതുകൊണ്ടുതന്നെ 'യുവര്‍ ഹീറോ' എന്ന വിഷയത്തില്‍ പത്ത് വാചകങ്ങളില്‍ ഒരു ഇംഗ്ലീഷ് പ്രബന്ധം തയാറാക്കാന്‍ അന്തോണി മാസ്റ്റര്‍ പറഞ്ഞപ്പോള്‍ അവനധികം ആലോചിക്കേണ്ടിവന്നില്ല. അവനെഴുതി:
മൈ ഹീറോ ഈസ് മിസ്റ്റര്‍ കേളപ്പേട്ടന്ഹീ ഈസ് എ വണ്ടര്‍ഫുള്‍ കോക്കനട്ട് ട്രീ ക്ലൈംബിംഗ് മാന്‍.
ഹീ ഗോ അപ് ആന്റ് കം ഡൗണ്‍ ലൈക്കെ അസ്ത്രം.
ഹീ വെയര്‍ നോ ഷര്‍ട്ട്.
ഹീ ഓള്‍വെയ്‌സ് വെയര്‍ ഓണ്‍ലി എ തോര്‍ത്തുമുണ്ട്.
ഐ ലൈക് വെരിമച്ച് കേളപ്പേട്ടന്‍ ആന്റ് കോക്കനട്ട് ട്രീ.
മൈ ഫാദര്‍ ഡോണ്ട് ലൈക്ക് കേളപ്പേട്ടന്‍....
ഗാന്ധിജിയെപ്പറ്റി എഴുതിയ കൃഷ്ണകുമാറിന് നാലര മാര്‍ക്ക്. നെഹ്‌റുവിനെപ്പറ്റിയെഴുതിയ പുഷ്പലതക്ക് പത്തില്‍ പത്ത്. കേളപ്പേട്ടനെപ്പറ്റിയെഴുതിയ അവന് കിട്ടിയതോ, പൂജ്യം!
മുതിര്‍ന്നവര്‍ മുന്‍കൂട്ടി കണ്ടുവെച്ച ഉത്തരങ്ങളിലേക്ക് നടന്നെത്താന്‍ മടിപിടിക്കുന്ന കുട്ടികള്‍ക്കെല്ലാം വട്ട പൂജ്യം വരക്കുന്ന ലോകത്തോട് കഥ കൊണ്ട് കയര്‍ക്കുന്നു എം. മുകുന്ദന്‍.
കുട്ടികളുടെ ആശയങ്ങള്‍ക്കും ആലോചനകള്‍ക്കും വേലികള്‍ പണിയുന്ന മുതിര്‍ന്നവര്‍ ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വന്‍മരങ്ങളെ പൂച്ചട്ടിയിലിട്ട് വളര്‍ത്താനാണ് ഒരുമ്പെടുന്നത് (കാട്ടുതീ). വളര്‍ച്ച തല നീട്ടുമ്പോഴൊക്കെ താഴോട്ടമര്‍ത്തി അവര്‍ നിര്‍വൃതിയടയുന്നു.
സ്വന്തമായി ആകാശം കെട്ടുന്ന കുട്ടികള്‍ നമുക്ക് കഥയില്ലാത്തവരാണ്! റോഡിലൂടെ സഞ്ചരിച്ചാല്‍ കാണാം, ബസ് ജീവനക്കാരുടെയും യാത്രികരുടെയും ഒരു കൊട്ട പുഛം സഹിച്ചാണവര്‍ അറിവ് അഭ്യസിക്കുന്നത്. വരാന്‍ പോകുന്ന കാലത്തിന്റെ ഭൂപടം വരക്കേണ്ട മക്കളോട് അല്‍പം ബഹുമാനം കാണിച്ചാലെന്താണ്? ഞങ്ങള്‍ ഡിസൈന്‍ ചെയ്ത പ്ലാനനുസരിച്ച് ഇഷ്ടിക വിരിച്ചാല്‍ മാത്രം മതി നിങ്ങളെന്ന് അവരോട് ആജ്ഞാപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കുട്ടികള്‍ സ്വയം മാതൃകയായി മാറാതെ മുതിര്‍ന്നവരെ മാത്രം മാതൃകയാക്കിയിരുന്നെങ്കില്‍ ഈ ആധുനിക സമൂഹം തന്നെ ആവിര്‍ഭവിക്കുമായിരുന്നില്ല എന്ന് നിരീക്ഷിക്കുന്നുണ്ട് കെ.ഇ.എന്‍ (സമൂഹം, സാഹിത്യം, സംസ്‌കാരം).
''മുന്‍ഗാമികളെ മാത്രം മാതൃകയാക്കിയിരുന്നെങ്കില്‍ നഗ്‌നനായി, ഒരു തുണ്ട് വസ്ത്രത്തെക്കുറിച്ചുള്ള സ്വപ്നം പോലുമില്ലാതെ നാം ആ പഴയ ലോകങ്ങളില്‍ തന്നെ കഴിഞ്ഞുകൂടുമായിരുന്നു.ആവര്‍ത്തനങ്ങളുടെ ചുഴലിയില്‍ മനുഷ്യജീവിതം വട്ടം ചുറ്റുമായിരുന്നു.''
മുതിര്‍ന്നവരുടെ വിചാരലോകത്ത് നിന്ന് അല്‍പം വഴിമാറി നടക്കുന്ന കുട്ടികള്‍ തന്നെയല്ലേ എന്നും വരുംലോകത്തിന്റെ കാലാവസ്ഥ രചിക്കാറുള്ളത്.
കല്‍പറ്റ നാരായണന്റെ 'ടച്ച് സ്‌ക്രീന്‍' എന്ന കവിതയില്‍ അഛന് മകന്‍ മൊബൈല്‍ ഉപയോഗം പഠിപ്പിക്കുകയാണ്. തഴമ്പുള്ള വിരലാണല്ലോ, എത്ര ഞെക്കിയിട്ടും ശരിയാകുന്നില്ലല്ലോ എന്നാകുലപ്പെടുന്ന അഛനോട് മകന്‍ പറയുന്നു: ടച്ച് സ്‌ക്രീനാണഛാ, മെല്ലെ അമര്‍ത്തിയാല്‍ മതി, അമര്‍ത്തുകയും വേണ്ട, ഒന്ന് തൊട്ടാല്‍ മതി, ഇതാ ഇങ്ങനെ....
'അവന്റെ വിരല്‍ ജലത്തിന്‍ മീതെക്രിസ്തുവിനെ പോലെ ചരിച്ചു.
ഇഛക്കൊപ്പം
ലോകം പരിവര്‍ത്തിക്കുന്നു!'
കവിതയുടെ അവസാനം അഛന്‍ ചിന്തിക്കുന്നു. തനിക്ക് ലോകം വഴങ്ങാതിരുന്നതിന്റെ കാരണം ആവശ്യത്തിലധികം ബലം താന്‍ പ്രയോഗിച്ചതിനാലായിരുന്നോ?
Comments