സകാത്തിന്റെ ആധുനിക സങ്കല്‍പ്പം

ഇവിടെ ഒരു ചോദ്യമുയരുന്നു: സകാത്തിനെക്കുറിച്ച് മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ ഒരു ധാരണയുണ്ടല്ലോ, വര്‍ഷം കൂടുമ്പോള്‍ ഓരോ വ്യക്തിയും തന്റെ സമ്പത്തിന്റെ രണ്ടര ശതമാനം വ്യക്തിപരമായി നല്‍കിയാല്‍ തന്നെ ആ ബാധ്യത നിറവേറുമെന്ന്. എന്നാല്‍ പ്രവാചകന്റെയും ആദ്യരണ്ട് ഖലീഫമാരുടെയും ഭരണകാലത്ത് അത് സ്റ്റേറ്റിനാണല്ലോ നല്‍കിയിരുന്നത്. സകാത്ത് താന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന് നല്‍കില്ല എന്ന് ശഠിച്ചത് കൊണ്ടാണല്ലോ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന് സകാത്ത് നിഷേധികളോട് യുദ്ധം ചെയ്യേണ്ടി വന്നത്. അങ്ങനെ സകാത്ത് പൊതുഖജനാവില്‍ തന്നെ അടക്കാന്‍ അദ്ദേഹം തന്റെ പ്രതിയോഗികളെ നിര്‍ബന്ധിച്ചു. പ്രബലവും ആധികാരികവുമായ ഈ പാരമ്പര്യം പില്‍ക്കാലത്ത് മാറ്റപ്പെടാനുണ്ടായ കാരണമെന്താണ്?
ചരിത്രം പരിശോധിക്കുമ്പോള്‍ ഉസ്മാന്‍(റ) ഭരണാധികാരിയായിരിക്കുമ്പോഴാണ് ഇതില്‍ മാറ്റം വരുന്നത് എന്നാണ് മനസ്സിലാവുന്നത്. ഏകദേശം ഹിജ്‌റ 27-ആകുമ്പോഴേക്ക് മുസ്‌ലിം സൈന്യം ഒരു വശത്ത് യൂറോപ്പിലും(സ്‌പെയ്ന്‍, ഫ്രാന്‍സ്), മറുവശത്ത് ചൈനയുടെ പടിവാതില്‍ക്കലും എത്തിക്കഴിഞ്ഞിരുന്നു.പ്രവാചകന്റെ വിയോഗത്തിന് 15- വര്‍ഷം പിന്നിട്ടപ്പോഴേക്കും യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലേക്കും ഇസ്‌ലാമിക രാഷ്ട്രം വികസിച്ചു. ഈ രാഷ്ട്രത്തില്‍ മഹാഭൂരിപക്ഷവും അമുസ്‌ലിം പ്രജകളായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മുസ്‌ലിംകള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. ഈ മഹാ ജനസഞ്ചയം പെട്ടെന്ന് ഇസ്‌ലാമിലേക്ക് കടന്നുവരാനും സാധ്യതയില്ലായിരുന്നു. ഈ മൂന്ന് വന്‍കരകളില്‍ നിന്ന് സകാത്ത് പിരിക്കാന്‍ വളരെ ബൃഹത്തായ ഒരു ഭരണസംവിധാനം വേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. സകാത്ത് വസൂലാക്കേണ്ട മുസ്‌ലിംകളാവട്ടെ ഈ മൂന്ന് ഭൂഖണ്ഡങ്ങളിലായി അങ്ങിങ്ങ് ചിതറിക്കിടക്കുകയാണ്. ഈയൊരു പരിതസ്ഥിതിയില്‍ പിരിച്ചെടുക്കുന്ന സകാത്ത് തുകയേക്കാള്‍ എത്രയോ കൂടുതലായിരിക്കും അതിന് വേണ്ടിവരുന്ന ഭരണച്ചെലവുകള്‍. അപ്പോള്‍ സ്വാഭാവികമായും ഖലീഫ ഉസ്മാന്റെ ധനകാര്യമന്ത്രി അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചിരിക്കും: 'സകാത്ത് ഏതായാലും മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതവര്‍ കൊടുത്ത് വീട്ടിക്കൊള്ളും. അത് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ തന്നെയാവാന്‍ അവരോട് പ്രത്യേകം നിര്‍ദേശിച്ചാല്‍ മതി.' ഗവണ്‍മെന്റ് തന്നെ ഈ വിശാലമായ ഭൂപ്രദേശത്ത് സകാത്ത് പിരിക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കനത്ത സാമ്പത്തിക ബാധ്യതയായിരിക്കും അത് വരുത്തി വെക്കുക. കാര്യബോധമുള്ള ഒരു ധനകാര്യമന്ത്രിക്കും അത് സ്വീകാര്യമായിരിക്കുകയില്ല.
അത്‌കൊണ്ടായിരിക്കാം ഉസ്മാന്‍(റ) ഖലീഫയായിരിക്കെ കൃഷി, ഖനിജങ്ങള്‍ പോലുള്ളവയുടെ സകാത്ത് ഗവണ്‍മെന്റ് തന്നെ മുമ്പെന്നപോലെ പിരിച്ചെടുക്കുകയും പണം, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയുടെ സകാത്ത് വ്യക്തികള്‍ ഖുര്‍ആനിക നിര്‍ദേശപ്രകാരം നല്‍കിയാല്‍ മതി എന്ന് തീരുമാനിക്കുകയും ചെയ്തത്. ഇതിന്റെ പ്രത്യാഘാതമെന്തായിരുന്നു എന്ന് ചോദിച്ചാല്‍, പ്രവാചകനും ശേഷമുള്ള രണ്ട് ഖലീഫമാരും തുടര്‍ന്ന് പോന്നിരുന്ന സകാത്ത് സംഭരണ-വിതരണ രീതി നാം ക്രമേണ മറന്നു. അതിന്റെ ആശയവൈപുല്യവും നമുക്ക് അന്യമായി. നാമതിനെ വെറുമൊരു ചാരിറ്റിയായി, ഔദാര്യമായി കാണാന്‍ തുടങ്ങി. വര്‍ഷമൊന്ന് പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു വിഹിതമെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കും. സകാത്തിനര്‍ഹരായി പാവങ്ങളല്ലാത്ത വേറെയും വിഭാഗങ്ങളുണ്ടെന്ന കാര്യം പോലും നാം വിസ്മരിച്ചു.
കലണ്ടറിന്റെ പ്രശ്‌നങ്ങള്‍
കലണ്ടറിനെക്കുറിച്ചും കൂട്ടത്തില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഇതിന്റെ പ്രാധാന്യം ഇന്നത്തെ എഴുത്തുകാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. പ്രവാചകന്റെ ആഗമനത്തിന് മുമ്പ്(ഇന്നും അങ്ങനെത്തന്നെ) അറബികള്‍ക്ക് സൂര്യന്റെ ചലനത്തെ ആസ്പദിച്ചുള്ള സൗരപഞ്ചാംഗമാണ് ഉണ്ടായിരുന്നത്. പാശ്ചാത്യ രീതി പ്രകാരം എല്ലാ ഋതുക്കള്‍ക്കും നിശ്ചിത മാസങ്ങളാണ് ഉള്ളത്. പക്ഷെ അറബികള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു രീതിയാണ് ഉണ്ടായിരുന്നത്. ചന്ദ്രന്‍ വെളിപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും നോക്കിയാണ് മാസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം. സാധാരണ ഗതിയില്‍ ഒരു ചാന്ദ്രവര്‍ഷം എന്ന് പറയുന്നത്, 29 ദിവസമുള്ള ആറ് മാസങ്ങളും 30 ദിവസമുള്ള ആറ് മാസങ്ങളും ചേര്‍ന്നതാണ്. അപ്പോള്‍ ഒരു ചാന്ദ്ര വര്‍ഷത്തില്‍ മൊത്തം ഉണ്ടാകുന്ന ദിനങ്ങളുടെ എണ്ണം 354.ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത് കൊണ്ടാണ് ഋതുവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്. അത് പൂര്‍ത്തിയാകുന്നത് 365 അല്ലെങ്കില്‍ 366 ദിവസങ്ങള്‍കൊണ്ടായിരിക്കും.
ചാന്ദ്ര വര്‍ഷത്തിന് സൗരവര്‍ഷത്തേക്കാള്‍ പതിനൊന്നോ പന്ത്രണ്ടോ ദിവസങ്ങള്‍ കുറവാണെന്ന് കണ്ട ബാബിലോണിയക്കാര്‍ സൗരവര്‍ഷത്തിലേക്ക് മാറാന്‍ തീരുമാനിച്ചു. ചാന്ദ്രവര്‍ഷ പ്രകാരം കാര്യങ്ങള്‍ നീക്കുമ്പോള്‍, കര്‍ഷകരുടെ വിതയും കൊയ്ത്തും നിശ്ചിതമാസമായി നിര്‍ണ്ണയിക്കാന്‍ കഴിയാതെ വരുന്നത് കര്‍ഷകര്‍ക്ക് നികുതി കൊടുക്കുമ്പോള്‍ നഷ്ടം വരുത്തിവെക്കുന്നുണ്ട് എന്ന് പറഞ്ഞാണ് അവര്‍ സൗരവര്‍ഷത്തെ വരിച്ചത്. പക്ഷെ അത്‌കൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. പുതിയ കാലഗണന പ്രകാരം ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പതിമൂന്നാമത് ഒരു മാസം ചേര്‍ത്ത് കൊടുക്കേണ്ടതായി വന്നു. ചാന്ദ്രവര്‍ഷം സൗരവര്‍ഷത്തേക്കാള്‍ ദൈര്‍ഘ്യം കുറവായതിനാല്‍ അവ തമ്മിലുള്ള വ്യത്യാസം മൂന്ന് വര്‍ഷം കൂടുമ്പോള്‍ 33 ദിവസമായിരിക്കും. ഒരോ വര്‍ഷവും 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട് എന്ന് കണക്ക്കൂട്ടിയാലാണിത്. അപ്പോള്‍ അഡീഷനലായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ ഉള്‍ച്ചേര്‍ക്കേണ്ടിവരുന്നു.
അനുഭവ പരിജ്ഞാനത്തില്‍ നിന്ന് അവര്‍ മറ്റൊന്ന് കൂടി മനസ്സിലാക്കി. തങ്ങളുടെ പഞ്ചാംഗം ഇനിയും കൃത്യമായിട്ടില്ല. ഒരു ചാന്ദ്ര വര്‍ഷം സൗരവര്‍ഷത്തേക്കാള്‍ പന്ത്രണ്ട് ദിവസം കുറവ് കാണിക്കുന്നുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ 36 ദിവസം ബാക്കിയുണ്ടാവും. എന്നാല്‍ മൂന്നാമത്തെ വര്‍ഷം അധികമായി ചേര്‍ക്കുന്ന മാസത്തിന് 29-ഓ 30-ഓ ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളു. അങ്ങനെ ഗവേഷണപഠനങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക സമയപരിധിക്ക് ശേഷം പതിമൂന്നാമത്തെ മാസം ചേര്‍ക്കാം എന്ന ധാരണയില്‍ അവര്‍ എത്തി. ഓരോ വര്‍ഷവും ഉണ്ടാകുന്ന സമയ വ്യത്യാസങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
ചാന്ദ്രവര്‍ഷ കാലഗണനയില്‍ തന്നെ സൗരവര്‍ഷത്തിന്റെ ചില ആനുകൂല്യങ്ങള്‍-പ്രത്യേകിച്ച് കാര്‍ഷികാവശ്യങ്ങളും മറ്റും പരിഗണിക്കുമ്പോള്‍-ലഭ്യമാക്കുന്നതില്‍ അവര്‍ വിജയിച്ചു എന്ന് പറയാം. മക്കാ നഗരത്തിലും ഇതേ കാലഗണനാ രീതിയാണ് നിലനിന്നിരുന്നത്. കലണ്ടറിലേക്ക് പുതിയൊരു മാസത്തെ ചേര്‍ക്കുന്ന സമ്പ്രദായത്തിന് 'നസീഅ്' എന്നാണ് പറഞ്ഞിരുന്നത്. ഹജ്ജ് ഉള്ളത് കാരണം അറേബ്യന്‍ ഉപദ്വീപില്‍ മുഴുക്കെ ഇങ്ങനെയൊരു കാലഗണനയാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. പ്രവാചക ജീവിതത്തിന്റെ അവസാന മൂന്ന് മാസങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ള കാലമത്രയും ഈ സിസ്റ്റത്തിന് കീഴിലാണ് കഴിച്ച് കൂട്ടിയത്. ഹജ്ജത്തുല്‍ വിദാഇന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളാണ് 'നസീഇ'നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ''മാസങ്ങളുടെ മാറ്റിവെപ്പ്-നസീഅ്- സത്യനിഷേധത്തെ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സത്യനിഷേധികള്‍ അത് മൂലം വഴിപിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കാനും വേണ്ടി ഒരു മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹറാമും മറ്റൊരു കൊല്ലം ഹലാലുമാക്കുന്നു'' (9:37).
നസീഅ് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത് ദുല്‍ഹിജ്ജഃ മാസത്തിലാണ്, പ്രവാചക വിയോഗത്തിന്റെ മൂന്ന് മാസം മുമ്പ്. ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഇതൊരു 'പക്വതയില്ലാത്ത ഭേദഗതി'യായിപ്പോയി എന്ന് ആക്ഷേപിക്കാറുണ്ട്. അവര്‍ അപക്വം എന്ന് ആക്ഷേപിക്കുന്നത്, ചാന്ദ്രവര്‍ഷം പുനഃസ്ഥാപിക്കുന്നതിലൂടെ നികുതി ചുമത്തുന്നതിലും മറ്റും ഭരണകൂടത്തിന് പ്രയാസങ്ങള്‍ നേരിടും എന്നതിനാലാണ്. ഉദാഹരണത്തിന്, ഭൂനികുതി അടക്കേണ്ടത് എല്ലാ വര്‍ഷവും റമദാനിലാണെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. ആദ്യത്തെ രണ്ട് വര്‍ഷം പ്രശ്‌നമൊന്നും ഉണ്ടാകില്ല. പക്ഷെ, പിന്നീടുള്ള വര്‍ഷങ്ങളില്‍ സൗര-ചാന്ദ്ര വര്‍ഷങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം കാരണം റമദാന്‍ ആകുമ്പോഴേക്കും വിളവെടുപ്പിന് സമയമാകാത്ത സ്ഥിതിവിശേഷം സംജാതമാകും. അത് ഭൂനികുതി ഈടാക്കുന്നതിന് തടസ്സമായിത്തീരും. ഇത്തരം സാങ്കേതിക കുരുക്കുകള്‍ മറികടക്കാന്‍ പ്രവാചകന്റെ കാലത്ത് തന്നെ ബദല്‍ രീതികള്‍ ഉയര്‍ന്ന് വന്നിരുന്നു. പ്രവാചകന്‍ പലര്‍ക്കായി അയച്ച കത്തുകളില്‍ ഇതിന്റെ സൂചനകള്‍ കാണാം. വിവിധ ഗോത്ര നേതാക്കള്‍ക്ക് അവിടുന്ന് നല്‍കിയ ലിഖിത രേഖകളില്‍, കൃഷിയുടെ സകാത്ത് അത് കൊയ്‌തെടുക്കുന്ന സമയത്ത് നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലോ ശവ്വാലിലോ അത് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല.
കച്ചവടം, ഖനിജങ്ങള്‍ എന്നിവയുടെ നികുതികള്‍ ചാന്ദ്രകലണ്ടറനുസരിച്ചാവുമ്പോള്‍ ഗവണ്‍മെന്റിന് വലിയ നേട്ടങ്ങളുണ്ടാവുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. ഇരു കാലഗണനകളും തമ്മില്‍ പതിനൊന്ന് ദിവസത്തെ വ്യത്യാസമുണ്ടെന്ന് കണക്കാക്കിയാല്‍ സൗരകലണ്ടറനുസരിച്ച് നികുതി പിരിക്കുന്ന ഗവണ്‍മെന്റിന് മുപ്പത് വര്‍ഷം കൊണ്ട് മുപ്പത് തവണയാണ് നികുതി പിരിക്കാനാവുക. ചാന്ദ്രകലണ്ടറനുസരിച്ചാവുമ്പോള്‍ അതേ കാലയളവില്‍ മുപ്പത്തിഒന്ന് തവണ നികുതി പിരിക്കാനാവും. ഓരോ മുപ്പത് വര്‍ഷം കൂടുമ്പോഴും ഗവണ്‍മെന്റിന് ഒരു വര്‍ഷം അധികമായി ലഭിക്കുന്നു എന്നര്‍ഥം. അധിക വരുമാനം ഏത് ധനകാര്യമന്ത്രിയാണ് വേണ്ടെന്ന് വെക്കുക?
ചാന്ദ്ര കലണ്ടറാണ് സ്വീകരിക്കുന്നതെങ്കില്‍ വേറെയും മെച്ചങ്ങളുണ്ട്. ഒരു തരത്തിലുള്ള ധനവികേന്ദ്രീകരണം അത് കൊണ്ട് വരും.വ്യത്യസ്ത ഇനങ്ങള്‍ക്ക് നികുതികള്‍ ലഭിച്ചുകൊണ്ടിരിക്കുക വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ആയത് കൊണ്ട് ഗവണ്‍മെന്റിന് അത് വലിയ ആശ്വാസമാണ്. നമ്മുടെ കാലത്തെ ഗവണ്‍മെന്റ് ട്രഷറികള്‍ പുതിയ ബജറ്റ് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പെതന്നെ കാലിയാവുന്നതാണ് നാം കാണുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു. ഇത്തരം അത്യാവശ്യ ഘട്ടങ്ങള്‍ നേരിടാന്‍ കടപത്രങ്ങളും മറ്റുമിറക്കി പണം സ്വരൂപിക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യാറുള്ളത്. ഈ പ്രതിഭാസത്തിന് കാരണം നികുതികള്‍ പിരിച്ചെടുക്കുന്നത് ഒരൊറ്റ സമയത്തായതിനാലാണ്. ചാന്ദ്രവര്‍ഷപ്രകാരമാണ് നികുതി പിരിവെങ്കില്‍ വര്‍ഷം മുഴുവന്‍ നികുതികള്‍ ഖജനാവിലേക്ക് വന്നുകൊണ്ടേയിരിക്കും.
Comments