വയനാട് എന്റെ നാട്

അര്‍ധവിരാമം (2012 ഏപ്രില്‍ 28) കുറിച്ചിരുന്ന ടി.കെ അബ്ദുല്ലയുടെ 'നടന്നുതീരാത്ത വഴികളില്‍' എന്ന ലേഖന പരമ്പരയുടെ ശിഷ്ടഭാഗങ്ങള്‍ ഈ ലക്കം മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു.
ചെറുപ്പകാലം തൊട്ടേ വയനാട് എന്റെ സ്വപ്ന ഭൂമിയാണ്. ഐതിഹ്യങ്ങളിലും പഴഞ്ചൊല്ലുകളിലും നാട്ടുവര്‍ത്തമാനങ്ങളിലുമൊക്കെയാണ് വയനാടന്‍ പെരുമ കുട്ടിക്കാലത്ത് കേട്ടറിയുന്നത്. വിരുതന്മാരായ 'നാട്ടുകാര്‍' ചുരം കയറി പാവത്താന്മാരായ വയനാട്ടുകാരെ പറ്റിച്ചുമുങ്ങുന്ന പതിവു കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. 'വയല്‍ നാട്' ലോപിച്ചാണത്രെ വയനാടാകുന്നത്. 'വയലിനോട് ചേര്‍ന്ന് ഒട്ടേറെ സ്ഥലനാമങ്ങള്‍ വയനാട്ടിലുണ്ട്. അമ്പലവയല്‍, കാക്കവയല്‍....പോലെ.
സമുദ്രനിരപ്പില്‍ നിന്ന് 3000 ത്തിനുമേല്‍ 7500 വരെ അടി ഉയരങ്ങളില്‍, കണ്ണൂര്‍-കോഴിക്കോട്-മലപ്പുറം ജില്ലകളില്‍ കാലൂന്നി, കര്‍ണാടകവും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാടന്‍ മലനിരകള്‍ ദൈവം തമ്പുരാന്‍ അറിഞ്ഞു പടച്ച മരതക, മാദക ഭൂപ്രദേശം തന്നെ! മഞ്ഞണിഞ്ഞ, മലരണിഞ്ഞ വയനാടിന്റെ കാനന കാമനയില്‍ ഏത് അരസിക മനസ്സും ആഞ്ഞുലഞ്ഞു പോകും. കാടും കാട്ടാനകളും. കടുവയും കരടിയും കാട്ടുപോത്തും. മാനുകളും മൈലുകളും.... നാനാ നിറക്കൂട്ടുകളിലും രാഗതാളങ്ങളിലും നിറഞ്ഞാടുന്ന കിളിക്കൂട്ടങ്ങള്‍. കാട്ടരുവികളും മലഞ്ചോലകളും. ചെങ്കുത്തായ പാറക്കെട്ടുകള്‍. വെട്ടിത്തിളങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍. പിന്നെ, വഴിനീളെ വാനരപ്പട... എല്ലാം കൊണ്ടും വയനാടിനു ഒരു അലൗകിക സൗന്ദര്യത്തിന്റെ സ്വര്‍ഗീയ മാസ്മരികത.
വളക്കൂറുള്ള മണ്ണും സുഖശീതള കാലാവസ്ഥയും പച്ച പുതച്ച ഭൂപ്രകൃതിയും വയനാട്ടിലേക്ക് കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും മാടി വിളിച്ചു. ആദിവാസികളല്ലാത്തവരെല്ലാം ഇങ്ങനെ പല കാലങ്ങളിലായി പല പ്രദേശങ്ങളില്‍നിന്ന് ചുരം കയറി വന്നവരാണ്. ദക്ഷിണ കേരളത്തിലെ അധ്വാനശീലരായ അച്ചായന്മാര്‍(ക്രിസ്ത്യാനികള്‍)ക്ക് വയനാട് എന്നും സ്വപ്നഭൂമിയായിരുന്നു. മുസ്‌ലിം കുടിയേറ്റക്കാര്‍ പൊതുവെ രണ്ടു തരക്കാരാണ്. മലപ്പുറം-നിലമ്പൂര്‍ ഭാഗങ്ങളില്‍നിന്ന് തോട്ടങ്ങളില്‍ കൂലിവേലക്കാരായി വന്നവരാണ് ഒരു വിഭാഗം. വടക്കെ മലബാറിലെ തലശ്ശേരി-നാദാപുരം പ്രദേശങ്ങളില്‍നിന്ന് കച്ചവടക്കാരായും കൃഷിക്കാരായും വന്നവര്‍ ഇടത്തരം-സമ്പന്ന കുടുംബങ്ങളാണ്. ഒരേ മതസമുദായത്തില്‍പെട്ടവരെങ്കിലും, സാമ്പത്തികമായും സാംസ്‌കാരികമായും രണ്ടു തട്ടിലുള്ളവര്‍ക്കിടയിലെ അകല്‍ച്ചയും അന്യത്വവും ഇപ്പോഴും നിലനില്‍ക്കുന്നതായാണ് അനുഭവം. നോമ്പ്-പെരുന്നാള്‍ ദാനധര്‍മങ്ങളും മറ്റു അത്യാവശ്യ റിലീഫുകളും നടക്കുന്നുവെങ്കിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ വെളിച്ചം കടന്നു ചെന്നിട്ടില്ലാത്ത പിന്നാക്ക മേഖലകളില്‍ കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്നു. കല്യാണപ്രായം കഴിഞ്ഞ് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ഇവിടെ ഒരു 'വാര്‍ത്ത'യേ അല്ല. 'മൈസൂര്‍ കല്യാണങ്ങളും' വിവാഹേതര ബന്ധങ്ങളും പതിവു കാഴ്ച. ജീവിക്കാന്‍ മതമാണ് തടസ്സമെങ്കില്‍ ഇവിടെ അതും മാറാനുള്ളതു തന്നെ! മുസ്‌ലിം മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് 'പട്ടണപ്പകിട്ടി'ന്റെ മുകളിലാണെന്ന നിരീക്ഷണത്തില്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മാറ്റത്തിനു വേണ്ടി ദാഹിക്കുന്നവരിലാണ് വയനാടിന്റെ ഭാവി.
വയനാട്ടിലെ മുസ്‌ലിം കുടിയേറ്റത്തിനു 400 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും ചരിത്രഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള സൂഫികളും മതപ്രബോധകരും ആയിരുന്നുവത്രെ ആദ്യ കുടിയേറ്റക്കാര്‍. ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും മുമ്പേ കുടിയേറിവന്ന ഹൈന്ദവരും വയനാടിന്റെ പൗരാണിക സാന്നിധ്യമാണ്. ജൈന മതസ്ഥര്‍ വയനാട്ടിലെത്തുന്നത് കര്‍ണാടക വഴി ആയിരിക്കണം. കേന്ദ്ര ഗവണ്‍മെന്റിന്റെ പുരാവസ്തു വകുപ്പിന് കീഴിലുള്ള, ബത്തേരിയിലെ ജൈനക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്.
ടിപ്പുസുല്‍ത്താന്റെയും പഴശ്ശിരാജയുടെയും പാദമുദ്രകള്‍ പതിഞ്ഞ വയനാടന്‍ ചുരങ്ങള്‍ക്ക് പറയാനുള്ളത് സ്വാതന്ത്ര്യ സമരത്തിന്റെ വീരേതിഹാസ കഥകളാണ്. 'പഴശ്ശി പാര്‍ക്കും' 'സുല്‍ത്താന്‍ ബത്തേരി'യും ആ ധീരസ്മരണകള്‍ എന്നേക്കുമായി അടയാളപ്പെടുത്തുന്നു.
വിനോദ സഞ്ചാരികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും വയനാട് പറുദീസ തന്നെ. എങ്കിലും ടൂറിസ്റ്റ് വ്യവസായത്തിന്റെ കോണ്‍ക്രീറ്റ് കടന്നുകയറ്റത്തില്‍ വയനാടിന്റെ പശിമയും തനിമയും ഇനി എത്രനാള്‍ എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു. നാട്ടില്‍നിന്ന് ചുരം കയറിയെത്തുന്നവര്‍ 'ഇനിയെന്തിനു നാട്' (Why Nadu) എന്ന് വിസ്മയിച്ചുപോയ കാലം അചിരേണ അന്യംനിന്നു കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും വയനാടിന്റെ കരള്‍ കവര്‍ന്നു തുടങ്ങി. കേര നാടിന്റെ കല്‍പവൃക്ഷത്തിനൊപ്പം, വയനാടിന്റെ മഴക്കാടുകളും ഇനി 'മലയാലി'ക്ക് ചരിത്രപുസ്തകത്തിലും ചിത്രപാഠാവലിയിലും വായിക്കാം!
ഞാനാദ്യമായി വയനാട് കാണുന്നത് തൊള്ളായിരത്തി അമ്പതുകളിലാണെന്നോര്‍ക്കുന്നു; എന്റെ യുവത്വ കാലത്ത്. അതൊരു കൗതുക യാത്ര ആയിരുന്നില്ല. പ്രാസ്ഥാനിക യാത്ര ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ വി.പി മുഹമ്മദലി സാഹിബിന്റെ കൂടെ ഒരു പരിപാടിക്ക് പോയതാണ്. 'കമ്യൂണിസ്റ്റ് പച്ച'ക്ക് ആ പേരു വരാന്‍ കാരണമായ കാലഘട്ടം. മുസ്‌ലിം സമ്പന്ന കുടുംബങ്ങളിലെ പരിഷ്‌കാരി ചെറുപ്പക്കാരില്‍ ചിലര്‍ക്ക് അന്ന് സ്വല്‍പം കമ്യൂണിസവും യുക്തിവാദവും കൂടെക്കൊണ്ടു നടക്കുന്ന ശീലമുണ്ടായിരുന്നു. അവരെ സംബന്ധിച്ച് അത് ഒരു കൗതുകത്തിന്റെയും അംഗീകാരത്തിന്റെയും ഭാഗമായിരുന്നു. ചുകന്ന ലേബലില്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള പുതിയൊരു ചരക്ക് എന്ന ലാഘവത്വമേ ഇതിലവര്‍ക്കുണ്ടായിരുന്നുള്ളൂ. ജമാഅത്ത് നേതാക്കള്‍ വയനാട്ടില്‍ വന്നതായി കേട്ട് ഈ തരത്തില്‍പെട്ട ചില ചെറുപ്പക്കാര്‍ ഞങ്ങളെ വന്നു കണ്ടു. സമപ്രായക്കാരനായ എന്നെയാണവര്‍ 'ഇന്റര്‍വ്യൂ' ചെയ്തത്. അല്‍പ്പം ഹാസ്യശൈലിയില്‍ അവരുടെ ഒരു ഉടക്ക് ചോദ്യം: 'ഈ മുഹമ്മദ് നബിയുണ്ടല്ലോ, അങ്ങോര് ദൈവം തമ്പുരാന്റെ പ്രൈവറ്റ് സെക്രട്ടറിയോ, പേഴ്‌സണല്‍ അസിസ്റ്റന്റോ?' അതിന്, ദൈവം തമ്പുരാന്‍ നബിയെ അയച്ചത് ഇംഗ്ലീഷിലല്ലല്ലോ, അറബിയിലാണല്ലോ എന്നായിരുന്നു പെട്ടെന്നുള്ള എന്റെ മറുപടി. കുട്ടികള്‍ തര്‍ക്കുത്തരത്തിന് നില്‍ക്കാതെ ചിരിച്ച് ഷൈക്ക് ഹാന്റ് ചെയ്ത് തിരിച്ചുപോയി. അത്രയേ അവര്‍ക്ക് വേണ്ടിയിരുന്നുള്ളൂ.
ഈ ആദ്യ സന്ദര്‍ശനത്തിനുശേഷം വയനാട്ടില്‍ ഞാന്‍ പങ്കെടുത്ത പരിപാടികളും സമ്മേളനങ്ങളും ഓര്‍ത്തെടുക്കാവുന്നതിലും എത്രയോ കൂടുതലാണ്. സഖാവ് ചാത്തുണ്ണി മാസ്റ്റര്‍, പി.പി ഉമര്‍കോയ, വീരേന്ദ്രകുമാര്‍ മുതല്‍ പ്രഗത്ഭര്‍ പങ്കെടുത്ത ചര്‍ച്ചകളും സെമിനാറുകളും സവിശേഷം ഓര്‍ക്കുന്നു. കല്‍പ്പറ്റയില്‍ പി.പി ഉമര്‍കോയയും സി.എച്ച് മുഹമ്മദ് കോയയും സംബന്ധിച്ച വമ്പിച്ച ഒരു നബിദിന റാലിയിലെ എന്റെ പ്രസംഗത്തെപ്പറ്റി പിന്നീട് പലരും പലേടത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതുകളില്‍ തുടങ്ങി ആറു പതിറ്റാണ്ടിനിപ്പുറം 'അറബ് വസന്തത്തിനു ഐക്യദാര്‍ഢ്യ'മാണ് വയനാട്ടില്‍ ഞാന്‍ പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടിയെന്നോര്‍ക്കുന്നു. വിധിവൈപരീത്യമെന്ന് പറയട്ടെ, 2013 ആഗസ്റ്റ് 8-ന് സുല്‍ത്താന്‍ ബത്തേരിയിലെ പെരുന്നാള്‍ പ്രഭാഷണത്തില്‍ ഈജിപ്തിലെ പട്ടാള അട്ടിമറിയും പരാമര്‍ശിക്കേണ്ടിവന്നു. 2007 ഏപ്രിലില്‍ പിണങ്ങോട് ഇസ്‌ലാമിയ കോളേജ് ഹാളില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ചതുര്‍ദിന പഠന സഹവാസം വേറിട്ട അനുഭവമായി. അഭ്യസ്ത വിദ്യരായ അമ്പതില്‍ താഴെ യുവാക്കളുടെ ഈ പഠനക്കൂട്ടായ്മ ഉള്ളടക്കത്തിന്റെ ഗരിമയിലും അച്ചടക്കത്തിലും സവിശേഷം ശ്രദ്ധേയമായി തോന്നി. വരും തലമുറയില്‍ മതിപ്പും പ്രതീക്ഷയും വളര്‍ത്താന്‍ പരിപാടി സഹായകമായി.
കല്‍പ്പറ്റ മീലാദ് റാലിക്ക് പിന്നാലെ, വയനാട്ടില്‍ അത്തരം ശ്രദ്ധേയമായ പരിപാടികളിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടുകൊണ്ടിരുന്നു. ഏറ്റെടുത്ത ഒരു പരിപാടിക്ക് ചെങ്കണ്ണ് ബാധ കാരണമായി എത്താന്‍ കഴിഞ്ഞില്ല. പ്രതിബന്ധം യഥാസമയം അറിയിച്ചിരുന്നു. എങ്കിലും ഭാരവാഹികളില്‍ ചിലരുടെ പ്രതികരണം 'പ്രസംഗിക്കുന്നത് കണ്ണു കൊണ്ടാണോ, നാക്കു കൊണ്ടല്ലേ' എന്നായിരുന്നു. പ്രസംഗകലയിലും ശരീര ശാസ്ത്രത്തിലുമുള്ള ഭാരവാഹിയുടെ 'അറിവി'നെ അഭിനന്ദിക്കാനേ എനിക്ക് പറ്റുമായിരുന്നുള്ളൂ.
ജുമുഅ ഖുത്വ്ബയിലും കല്യാണ പ്രസംഗത്തിലും സ്വതവേ തല്‍പ്പരനല്ലാത്ത ഞാന്‍ ബത്തേരി മദീനാ മസ്ജിദില്‍ നീണ്ട പന്തീരാണ്ട് കാലം ഖത്വീബായി തുടര്‍ന്നത് 'ചരിത്ര'മാണ്. കെ.എന്‍ അബ്ദുല്ല മൗലവി ചുമതല ഒഴിവാകേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടി നിര്‍ബന്ധപ്രകാരമാണ് ഖുത്വുബ ഏറ്റെടുക്കാനിടയായത്. എങ്കിലും പ്രോത്സാഹജനകമായ സാഹചര്യം 'സംഗതി'തുടര്‍ന്നു പോകാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. എനിക്ക് പ്രചോദകമായ മുഖ്യഘടകങ്ങള്‍.
1. പ്രസ്ഥാന ബന്ധുക്കളും സേവന സന്നദ്ധരുമായ ഒരു കൂട്ടം യുവാക്കളുടെ നിറസാന്നിധ്യം. ആദര്‍ശപരമായും ആത്മീയമായും മാത്രമല്ല കാര്യക്ഷമതയിലും അവര്‍ മുന്നിലായിരുന്നു. എന്റെ ഒരു ചെറിയ അനുഭവം: വയനാട്ടിലെ ഒരു തല്ലിപ്പൊളി മരക്കച്ചവടക്കാരന്റെ കൈയില്‍ എന്റെ മോശമല്ലാത്ത ഒരു സംഖ്യ കുടുങ്ങി. വീട്ടുപണിക്കുള്ള മരത്തടിക്ക് വേണ്ടി കൊടുത്തതായിരുന്നു. ശുദ്ധാത്മാവായ ഒരു പ്രസ്ഥാന ബന്ധുവിന്റെ 'ഉറപ്പി'ലാണ് കുരുക്കില്‍ ചെന്നുപെട്ടത്. മരത്തടി പോയിട്ട് തടിമുതലാളിയുടെ പൊടി പോലും പിന്നെ കാണാനില്ല. സംഗതി ബത്തേരി സുഹൃത്തുക്കളും അറിയാനിടയായി. പിന്നെ വൈകിയില്ല. യുവാക്കളുടെ ഒരു ചെറുസംഘം 'ബിസിനസ് ആവശ്യാര്‍ത്ഥം' കക്ഷിയെ തെരഞ്ഞു കണ്ടെത്തി. അടുത്ത തവണ യുവാക്കള്‍ എന്നെയും കൂട്ടി നിശ്ചിത സ്ഥലത്തെത്തി. ഭൂപതി അബൂബക്കര്‍ ഹാജിയുടെ കാര്‍മികത്വത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്നെ ദൂരെ മാറ്റി നിര്‍ത്തി അവര്‍ തടിമുതലാളിയോട് കാര്യം തുറന്നുപറഞ്ഞു. സംഘം തിരിച്ചുവന്നത് ഉറച്ച തീരുമാനവുമായാണ്. പോലീസ് സാന്നിധ്യവും ഉണ്ടായെന്ന് തോന്നുന്നു. പറഞ്ഞ സമയത്തിനകം പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു (സദാ ജാഗ്രത്തായ ഈ യുവജനക്കൂട്ടായ്മ പില്‍ക്കാലത്ത് പലവഴി പിരിഞ്ഞുപോയതിന്റെ നഷ്ടബോധം നിലനില്‍ക്കുന്നു).
2. മിമ്പറിന്റെ സ്വാതന്ത്ര്യം-ഖത്വീബിന്റെ സ്വാതന്ത്ര്യ ബോധം-ബത്തേരി മദീനാ മസ്ജിദില്‍ അത് എനിക്കുണ്ടായിരുന്നു. ഖത്വീബും ഭാരവാഹികളും സദസ്സും അവിടെ ഒരേ മനസ്സായിരുന്നു. സ്വതന്ത്ര ഖുത്വ്ബ ഓതുന്ന പല പള്ളികളിലും സ്ഥിതി ഭിന്നമാണ്. ഖത്വീബ് നേതാവാണ്-നേതാവായിരിക്കണം ഖത്വീബ്-എന്നത് ഉന്നതമായ ഒരു സങ്കല്‍പ്പം മാത്രം. ഇരു ഭാഗത്തും പരിമിതികളുണ്ട്. ഇവിടെ അത് ചര്‍ച്ചാ വിഷയമല്ല. പരിഷ്‌കരണം തേടുന്ന ഒരു മതഘടകമാണ് ജുമുഅ ഖുത്വുബ എന്നു മാത്രം സൂചിപ്പിക്കട്ടെ.
3. ബത്തേരിയിലെ പി.സി കുടുംബവുമായുള്ള എന്റെ വ്യക്തിബന്ധവും ഒരു ഘടകം തന്നെ. മദീനാ മസ്ജിദില്‍ ഖത്വീബിനെ കണ്ടെത്താന്‍ ചുമതലപ്പെട്ട പി.സി ഫൈസലിന്റെ നിരന്തരമായ ഇടപെടല്‍ ഖുത്വുബ തുടര്‍ന്നുപോകാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.
പ്രസ്ഥാന കാര്യത്തിലേക്ക് വരുമ്പോള്‍, വയനാട്ടില്‍ ഹാജി സാഹിബും കെ.സി അബ്ദുല്ല മൗലവിയും അടിത്തറയിട്ട പ്രസ്ഥാന സൗധം പണിതുയര്‍ത്തുന്നതില്‍ രണ്ടു വ്യക്തിത്വങ്ങളുടെ പേരാണ് മുന്‍നിരയില്‍ വരിക. ഭൂപതി അബൂബക്കര്‍ ഹാജിയും മര്‍ഹൂം വി.പി ഇസ്മാഈല്‍ ഹാജിയും. ദീര്‍ഘകാലം വയനാട് ജില്ലാ നാസിമായിരുന്ന അബൂബക്കര്‍ ഹാജി അര്‍പ്പിച്ച സേവന സംഭാവനകള്‍ വിലപ്പെട്ടതാണ്. നല്ല മതപ്രഭാഷകനും ഖത്വീബുമായ അബൂബക്കര്‍ ഹാജി സമൂഹത്തില്‍ ബിസ്‌നസ്‌കാരനായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഒഴിവില്‍ വയനാടിന്റെ പ്രസ്ഥാന ചുമതലയേറ്റ സഹപ്രവര്‍ത്തകന്‍ ഇസ്മാഈല്‍ ഹാജി ആ സ്ഥാനത്തിന് സര്‍വഥാ അര്‍ഹനും യോഗ്യനും തന്നെ. വലിയ പണ്ഡിതനോ പ്രസംഗകനോ അല്ലെങ്കിലും ഇസ്മാഈല്‍ ഹാജി എല്ലായിടത്തും എല്ലാവരിലും ഉണ്ടായിരുന്നു. വയനാടിന്റെ മുക്കുമൂലകള്‍ ഹാജിക്ക് കാണാപ്പാഠം. അദ്ദേഹത്തിന്റെ സുഹൃദ്ബന്ധം സുന്നി, മുജാഹിദ്, ലീഗ്, കോണ്‍ഗ്രസ്സ് ഭിന്നതകള്‍ക്കെല്ലാം അതീതമായിരുന്നു. ഇസ്മാഈല്‍ ഹാജി വിട്ടേച്ചുപോയത് നികത്താനാവാത്ത വിടവാണ്. പിന്നീട് വന്ന യുവനേതാക്കളില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ സുഹൃത്ത് കെ.വി കുഞ്ഞുമുഹമ്മദിനെ മാത്രമേ ഇവിടെ അനുസ്മരിക്കുന്നുള്ളൂ. അനാരോഗ്യം മൂലം ഖുത്വുബ തുടരാനായില്ലെങ്കിലും വയനാടുമായുള്ള എന്റെ ആത്മബന്ധം നിലനില്‍ക്കുന്നു. വീട് വിട്ടാല്‍ ഒരു വീട് എന്ന സങ്കല്‍പ്പം വയനാട്ടില്‍ എന്നെ സംബന്ധിച്ച് ശരിയാണ്.
വയനാടിന്റെ വികസനം എന്ന ആശയം എന്നും എന്നോടൊപ്പമുണ്ടായിരുന്നു. പ്രസ്ഥാന പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പ്രായോഗിക പദ്ധതി ആവിഷ്‌കരിച്ച് സഹകരണം പ്രതീക്ഷിക്കാവുന്ന വേദികളില്‍ സമര്‍പ്പിക്കുന്ന കാര്യം പ്രവര്‍ത്തകരുമായി പലവട്ടം ചര്‍ച്ച ചെയ്തതാണ്. പ്രാഥമിക സര്‍വേയും മറ്റും നടന്നിരുന്നു. എന്തുകൊണ്ടോ മുന്നോട്ട് നീങ്ങിയില്ല. വഴിയിലെവിടെയോ ഉടക്കിനിന്നു. ഇതിനിടെയാണ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ യോഗം 2010 മെയ് മാസം ബത്തേരിയില്‍ ചേരുന്നത്. ശൂറായോഗം പിരിഞ്ഞ ശേഷം ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രശ്‌നം അഖിലേന്ത്യാ നേതാക്കളുടെ മുമ്പില്‍ യഥോചിതം സമര്‍പ്പിക്കപ്പെട്ടു. അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുടെ മറുപടി പ്രസംഗത്തില്‍, വയനാട് ഉള്‍പ്പെടെ കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലകളുടെ പ്രശ്‌നം കഴിയുംവിധം 'വിഷന്‍ 2016'ല്‍ ഉള്‍പ്പെടുത്താനുള്ള സന്നദ്ധത ഊന്നി പ്രഖ്യാപിക്കുകയുണ്ടായി. വിഷന്റെ സാരഥി പ്രഫ. കെ.എ സിദ്ദീഖ് ഹസനും സന്നിഹിതനായിരുന്നു. പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ച് സമര്‍പ്പിക്കേണ്ടത് ബന്ധപ്പെട്ട മേഖലയിലെ പ്രസ്ഥാന പ്രവര്‍ത്തകരുടെ ബാധ്യതയാണ്.
ഒരു ഐതിഹ്യം:
അടിവാരത്ത് നിന്ന് വയനാട്ടിലേക്ക് ചുരം പാത
കണ്ടെത്താന്‍ ബ്രിട്ടീഷ്‌കാര്‍ക്ക് വഴികാട്ടി ആയത്
കരിന്തണ്ടന്‍ എന്ന കരുത്തനായ ആദിവാസി യുവാവ്.
ചുരം കയറിയെത്തിയ സായിപ്പ് ഉടന്‍ കരിന്തണ്ടനെ
വെടിവെച്ചിട്ടു. സംഭവ സ്ഥലത്ത് റോഡരികില്‍ മര
ക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന കനത്ത ഇരുമ്പ് ചങ്ങല
വധിക്കപ്പെട്ട ആദിവാസി യുവാവിന്റെ ആത്മാവ്!
കഥയില്‍ ചോദ്യമില്ല. നൂറ്റാണ്ടുകളായി കൊടും പീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന ആദിവാസി ജനതയുടെ അടിമത്വത്തിന്റെ പ്രതീകമായി ആ ചങ്ങലയെ നമുക്ക് വായിക്കാം.
(തുടരും)
Comments