Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

മക്കളെ തമ്മില്‍ത്തല്ലിക്കുന്ന മാതാപിതാക്കള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

         കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒരു സഹോദരി ടെലിഫോണില്‍ വിളിച്ചു. കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. അവര്‍ക്ക് രണ്ട് സഹോദരന്മാരുണ്ട്. ഒരു സഹോദരിയും. കുറേകാലമായി സഹോദരന്മാര്‍ തമ്മില്‍ കൊടിയ ശത്രുതയിലാണ്. കലഹം നടക്കാത്ത നാളുകള്‍ കുറവാണ്. ഇന്നലെ തമ്മില്‍ത്തല്ലിന്റെ വക്കോളമെത്തി. കാരണം സ്വത്ത് തര്‍ക്കം തന്നെ. പിതാവ് മരിക്കുന്നതിന് മുമ്പ് വില പിടിച്ച ഒരു കട മൂത്ത സഹോദരന് നല്‍കിയിരുന്നു. അതുകൂടി അനന്തര സ്വത്തിലുള്‍പ്പെടുത്തി ഭാഗിക്കണമെന്ന് അനുജനും സഹോദരിമാരും ആവശ്യപ്പെടുന്നു. ജ്യേഷ്ഠന്‍ അതിന് വഴങ്ങുന്നുമില്ല. ഇതാണ് പ്രശ്‌നത്തിന്റെ മര്‍മം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോള്‍തന്നെ എന്റെ മുമ്പിലുള്ള കുടുംബ പ്രശ്‌നം ഇതുപോലുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈകാര്യം ചെയ്യേണ്ടിവന്ന അടുത്ത കുടുംബത്തിലെ പ്രശ്‌നവും ഇതിനു സമാനമാണ്. എന്റെ വളരെ അടുത്ത ബന്ധു തന്റെ സ്വത്തിലെ നല്ലൊരു പങ്ക് മക്കള്‍ക്ക് ജീവിതകാലത്ത് തന്നെ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. പലര്‍ക്കും പല സ്വഭാവത്തിലാണ് സ്വത്ത് നല്‍കിയത്. ആ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി ദിവസങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. എന്നിട്ടും പൂര്‍ണമായി പരിഹരിച്ചുവെന്ന് പറഞ്ഞുകൂടാ. മക്കള്‍ക്കിടയില്‍ ഇതിന്റെ പേരിലുണ്ടായ ശത്രുതയും കലഹവും പതിറ്റാണ്ടുകള്‍ക്ക് ശേഷവും തുടരുകയാണ്.

ജീവിതകാലത്ത് മക്കള്‍ക്ക് സ്വത്ത് ദാനം നല്‍കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കുമിടയില്‍ നീതിപൂര്‍വകമായിരിക്കണം. അത് അങ്ങനെത്തന്നെയാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. മറിച്ച് മക്കള്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് കടുത്ത അക്രമമാണ്. പ്രവാചകന്‍ അതിനെ അങ്ങനെയാണ് വിശേഷിപ്പിച്ചത്. സല്‍മാനുല്‍ ബശീറില്‍ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെയും കൊണ്ട് നബിതിരുമേനിയുടെ അടുത്ത് വന്ന് പറഞ്ഞു: ''ഞാന്‍ എന്റെ ഈ മകന് ഒരു ഭൃത്യനെ ഇഷ്ടദാനമായി നല്‍കിയിരിക്കുന്നു.'' അപ്പോള്‍ അവിടുന്ന് ചോദിച്ചു: ''താങ്കളുടെ എല്ലാ മക്കള്‍ക്കും ഇതുപോലെ കൊടുത്തിട്ടുണ്ടോ?'' ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ കല്‍പിച്ചു: ''എങ്കില്‍ താങ്കളത് തിരിച്ചുവാങ്ങുക.'' മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് ഇപ്രകാരമാണ് നബിതിരുമേനി ചോദിച്ചത്: ''താങ്കളുടെ മുഴുവന്‍ മക്കളുടെയും കാര്യത്തില്‍ ഇപ്രകാരം ചെയ്തിട്ടുണ്ടോ?'' ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടെ നിന്ന് കല്‍പിച്ചു: ''എങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. മക്കളുടെ കാര്യത്തില്‍ നീതി പാലിക്കുക.'' അങ്ങനെ പിതാവ് അവിടെ നിന്ന് മടങ്ങുകയും ആ ദാനം റദ്ദാക്കുകയും ചെയ്തു.

വേറൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്. പ്രവാചകന്‍ ചോദിച്ചു: ''ബശീര്‍, ഇവനെ കൂടാതെ താങ്കള്‍ക്ക് മക്കളുണ്ടോ''? പിതാവ് പറഞ്ഞു: ''അതെ.'' ''ഇതുപോലെ താങ്കള്‍ അവര്‍ക്കെല്ലാം ദാനം നല്‍കിയിട്ടുണ്ടോ?'' ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''വേണ്ട, എങ്കില്‍ എന്നെ ഇതിനു സാക്ഷിയാക്കേണ്ട. അനീതിക്കും അക്രമത്തിനും ഞാന്‍ സാക്ഷി നില്‍ക്കുകയില്ല.'' ''താങ്കളുടെ മക്കളെല്ലാം താങ്കള്‍ക്ക് ഒരേപോലെ ഉപകാരം ചെയ്യുന്നവരായിരിക്കുന്നതല്ലേ താങ്കളെ സന്തോഷിപ്പിക്കുക'' എന്ന് നബി തിരുമേനി ചോദിച്ചതായും മറ്റൊരു നിവേദനത്തിലുണ്ട് (ബുഖാരി, മുസ്‌ലിം). 

ദുര്‍ബലന്‍ അവഗണിക്കപ്പെടാതിരിക്കാന്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു സ്വത്ത് ഓഹരി പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. പിതാവ് മരണപ്പെട്ടിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇതേവരെ സ്വത്ത് ഭാഗിച്ചിട്ടില്ല. അഞ്ച് മക്കളുണ്ട്. മൂന്ന് ആണും രണ്ട് പെണ്ണും. ഇളയമകന്‍ രോഗിയാണ്; വികലാംഗനും. മറ്റു മക്കള്‍ക്കെല്ലാം മാന്യമായ ജോലിയും നല്ല വരുമാനവുമുണ്ട്. മരിക്കുന്നതിന് മുമ്പ് പിതാവ് വീട് അവന് നല്‍കണമെന്നും അത് ഓഹരിയിലുള്‍പ്പെടുത്തരുതെന്നും എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ ഇപ്പോള്‍ മറ്റു മക്കള്‍ തയാറാവുന്നില്ല. പ്രത്യേകിച്ചും ആണ്‍ കുട്ടികള്‍. അതോടൊപ്പം ഇതേവരെ സ്വത്ത് കൈകാര്യം ചെയ്തതിന് കണക്കോ രേഖയോ ഇല്ല. നിയമപരമായി രോഗിയായ ഇളയ മകന് പിതാവ് വസ്വിയ്യത്ത് ചെയ്ത വീട് കിട്ടുകയില്ല. അനന്തരാവകാശികള്‍ക്ക് ഇസ്‌ലാമിക നിയമമനുസരിച്ചും മുസ്‌ലിം വ്യക്തിനിയമമനുസരിച്ചും വസ്വിയ്യത്തില്ല. പിതാവിന്റെ ആഗ്രഹം നടപ്പാക്കുകയും രോഗിയായ സഹോദരന് പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുകയെന്ന ധാര്‍മികത പാലിക്കാന്‍ മറ്റുള്ളവര്‍ സന്നദ്ധരുമല്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണത്തിന് മുമ്പേ മറ്റു മക്കളെ വിവരമറിയിച്ചും ബോധ്യപ്പെടുത്തിയും രേഖാമൂലം ദാനം നല്‍കുകയാണ് വേണ്ടത്. അഥവാ അങ്ങനെ ചെയ്തില്ലെങ്കില്‍ പോലും ധര്‍മബോധമുള്ള മക്കള്‍ കൂടുതല്‍ പ്രയാസപ്പെട്ടവരെ സ്വത്ത് ഓഹരി വേളയില്‍ പ്രത്യേകം പരിഗണിക്കണം. കേവലമായ നിയമങ്ങള്‍ക്ക് നീതി നടത്താന്‍ കഴിയില്ലല്ലോ. അതിന് ധര്‍മത്തിന്റെ അകമ്പടി കൂടെ വേണം. മരണപ്പെട്ടയാള്‍ക്ക് വരുമാനമുള്ള മൂന്ന് മക്കളും ചെറുപ്രായത്തിലുള്ള നാലാമത്തെ മകനുമുണ്ടെങ്കില്‍ അനന്തരസ്വത്ത് നാലു പേര്‍ക്കും നിയമപരമായി തുല്യമായിരിക്കും. എന്നാല്‍, തങ്ങളെ പോറ്റിവളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വഹിച്ച പങ്കും തങ്ങള്‍ മുതിര്‍ന്നവരും വരുമാനമുള്ളവരുമാണെന്നതും പരിഗണിച്ച് കൊച്ചനുജനോട് കാരുണ്യം കാണിക്കുകയും അവന് പ്രത്യേക പരിഗണന നല്‍കുകയും വേണം. ഈ ധാര്‍മികത പാലിക്കുമ്പോഴേ നീതി പുലരുകയുള്ളൂ.

പിതാവോ മാതാവോ മരണപ്പെട്ടാല്‍ പെട്ടെന്ന് തന്നെ സ്വത്ത് ഓഹരിവെക്കുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് മോശം പ്രവൃത്തിയായാണിന്ന് കരുതപ്പെടുന്നത്. ഈ ധാരണ തിരുത്തപ്പെടുക തന്നെ വേണം. ഒരാള്‍ മരണപ്പെടുന്നതോടെ അയാള്‍ വിട്ടേച്ച് പോകുന്ന സ്വത്ത്, മുഴുവന്‍ അനന്തരാവകാശികളുടേതുമായിത്തീരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ആരെങ്കിലുമെടുക്കുന്നത് അധാര്‍മികമാണ്. അത് ഇസ്‌ലാമിക വിരുദ്ധവുമാണ്. ഇതൊഴിവാക്കാന്‍ പെട്ടെന്ന് സ്വത്ത് വിഭജനം നടത്തുക തന്നെ വേണം. മരണപ്പെട്ട വ്യക്തിയോടുള്ള വൈകാരിക ബന്ധവും വേര്‍പാടിന്റെ വേദനയും ശക്തമായി നിലനില്‍ക്കുന്ന ആദ്യ നാളുകളില്‍ തന്നെ അത് നിര്‍വഹിക്കുന്നത് സ്വത്ത് ഓഹരി സുഖകരവും പ്രശ്‌നരഹിതവുമാകാന്‍ ഏറെ സഹായകരമായിരിക്കും.

അനന്തരാവകാശത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നിര്‍ബന്ധ ആരാധനാ കര്‍മമായ സകാത്തിന്റെ തോതും പരിധിയും വിവരിച്ചിട്ടില്ലാത്ത ഖുര്‍ആനില്‍ അനന്തരാവകാശത്തിന്റെ വിശദാംശങ്ങളുണ്ട്. അത് കൃത്യമായി പാലിക്കുന്നവര്‍ക്ക് ശാശ്വത സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ലംഘിക്കുന്നവര്‍ക്ക് നിത്യവും സുസ്ഥിരവുമായ നരകശിക്ഷയെക്കുറിച്ച താക്കീതും. 

പേരക്കുട്ടികള്‍ കഷ്ടപ്പെടാതിരിക്കാന്‍

എന്റെ കുടുംബത്തിന്റെ പേരും ഞങ്ങളുടെ നാടിന്റെ പേരും ഒന്നുതന്നെ. പുലത്ത്. രണ്ട് മൂന്ന് തലമുറ മുമ്പ് നാട്ടിലെ ഭൂമിയൊക്കെയും ഞങ്ങളുടെ കുടുംബത്തിന്റേതായിരുന്നുവെന്നതാണ് കാരണം. എന്നിട്ടും ഞങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലായിരുന്നു. ഞങ്ങളുടെ മാതാവിനും പിതാവിനും അനന്തര സ്വത്തൊന്നും കിട്ടിയില്ല. പിതാവിന്റെ പിതൃവ്യ പുത്രിയാണ് മാതാവ്. രണ്ടു പേരുടെയും പിതാക്കന്മാര്‍ അവരുടെ പിതാവ് ജീവിച്ചിരിക്കെ പരലോകം പ്രാപിച്ചു.

മക്കളുണ്ടായിരിക്കെ പേരക്കുട്ടികള്‍ക്ക് സ്വത്തവകാശമുണ്ടാവുകയില്ല. ഇതാണ് ഇസ്‌ലാമിക നിയമം. യുക്തിയും ന്യായവും ഇതുതന്നെ. മരണപ്പെട്ട വ്യക്തികളുടെ ഏറ്റവും അടുത്ത അവകാശിയാണ് അനന്തര സ്വത്തിന് അര്‍ഹനാവുക. അടുത്തയാളുള്ളപ്പോള്‍ അകന്നയാള്‍ക്ക് അവകാശമുണ്ടാകില്ലെന്നര്‍ഥം. അതിനാല്‍ മകനുണ്ടായിരിക്കെ പേരക്കുട്ടിക്ക് സ്വത്തുണ്ടാവുകയില്ലെന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല. അപ്പോള്‍ മരിച്ച മകന്‍ മരിച്ചില്ലെന്ന് സങ്കല്‍പ്പിച്ച് മക്കളെ മരിച്ച മകന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭാഗിച്ചാലേ പേരക്കുട്ടികള്‍ക്ക് സ്വത്തവകാശമുണ്ടാവുകയുള്ളൂ. ഇത്തരമൊരു പ്രാതിനിധ്യ വ്യവസ്ഥ അംഗീകരിച്ചാല്‍ അത് എല്ലായിടത്തും ബാധകമാക്കേണ്ടിവരും. അത് അനന്തരാവകാശ വ്യവസ്ഥയെ തന്നെ തകിടം മറിക്കും. മാത്രമല്ല, മരിച്ചയാളുടെ നാലോ അഞ്ചോ അനാഥ മക്കള്‍ക്ക് ജീവിച്ചിരിക്കുന്ന ഒരു മകന് ലഭിക്കുന്ന സ്വത്തേ ഉണ്ടാവുകയുള്ളൂ. അതും നീതിയല്ലല്ലോ.

അനാഥ പൗത്രന്റെ ഈ അനന്തരാവകാശ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്‌ലാം മുന്നോട്ടുവെച്ച പരിഹാരമാണ് വസ്വിയ്യത്ത്. പിതാമഹന് തന്റെ മരിച്ച മകന്റെ മക്കള്‍ക്ക് ആകെ സ്വത്തിന്റെ മൂന്നിലൊന്ന് വരെ ആവശ്യാനുസൃതം വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. എന്നല്ല, ചെയ്യേണ്ടതാണ്. അനന്തര സ്വത്ത് ലഭിക്കാത്ത അടുത്ത ബന്ധുവിന് വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പ്രമുഖരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. താവൂസ്, ഖതാദ, ഹസന്‍ ബസ്വരി, ജാബിര്‍, അബൂ മിജ്‌ലസ്, മസ്‌റൂഖ് ഇയാസ്, ഇബ്‌നു ജരീര്‍, സുഹ്‌രി പോലുള്ളവര്‍ അക്കൂട്ടത്തില്‍ പെടുന്നു. പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറുല്‍ അസ്ഖലാനിയും ഇതേ പക്ഷക്കാരനാണ്. ഈ വീക്ഷണമുള്ള ധാരാളം ആധുനികരായ പണ്ഡിതന്മാരുമുണ്ട്.

നിയമം മൂലം വസ്വിയ്യത്ത് നിര്‍ബന്ധമാക്കാത്ത നമ്മുടെ നാട്ടില്‍ പുത്രനോ പുത്രിയോ പരലോകം പ്രാപിച്ചാല്‍ ഉടനെ തന്നെ അവരിലെ അനാഥ പേരക്കുട്ടികള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പിതാമഹന്മാര്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടതാണ്. ഇങ്ങനെ അനാഥ പൗത്ര പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ അനന്തരാവകാശ വ്യവസ്ഥക്കെതിരിലുള്ള വിമര്‍ശനം ഒഴിവാക്കാന്‍ സാധിക്കും. അതോടൊപ്പം ഇസ്‌ലാം ഏറെ പ്രാധാന്യം കല്‍പിച്ച അനാഥ സംരക്ഷണത്തിന് അത് ഏറെ സഹായകമാവുകയും ചെയ്യും.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ വസ്വിയ്യത്ത് നിര്‍ബന്ധ നിയമമല്ലാത്തതിനാല്‍ വസ്വിയ്യത്ത് ചെയ്യാതെ മരണപ്പെട്ടാല്‍ അയാള്‍ക്ക് മക്കളുണ്ടെങ്കില്‍ അനാഥ പൗത്രന്മാര്‍ക്ക് സ്വത്തവകാശമുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. പല മുസ്‌ലിം നാടുകളിലും വസ്വിയ്യത്ത് നിര്‍ബന്ധമാണ്. അവിടങ്ങളില്‍ വസ്വിയ്യത്ത് ചെയ്തില്ലെങ്കിലും വസ്വിയ്യത്ത് ചെയ്തതായി പരിഗണിച്ച് നിശ്ചിത വിഹിതം നല്‍കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം