Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

പുസ്തക വേട്ടകളും വായനയുടെ മാറുന്ന രാഷ്ട്രീയവും

കെ. അഷ്‌റഫ് /കവര്‍സ്‌റ്റോറി

         സെപ്റ്റംബര്‍ 2007: ലണ്ടനിലെ ടവര്‍ ഹാംലെറ്റില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ചാപല്‍ ഐഡിയ സ്‌റ്റോറിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ മാര്‍ച്ച് നടത്തുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നത് നിര്‍ത്തണം എന്നാവശ്യപ്പെടുകയും ചെയ്തു. അവിടത്തെ പ്രാദേശിക കൗണ്‍സിലറായ  ഫില്‍ ബ്രോന്‍സ്‌കോ പറഞ്ഞത് ഹിറ്റ്‌ലറുടെ മെയിന്‍കാംഫ് വിദ്യാഭ്യാസ ആവശ്യത്തിനു ലൈബ്രറിയില്‍ ഉപയോഗിക്കുന്നത് പോലെയല്ല കുറ്റവാളികളും ഭീകരരുമായ ഇസ്‌ലാമിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉപയോഗിക്കുന്നത് എന്നാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ സംഭവം നടന്നത് ഇസ്‌ലാമിക ചിന്തകരായ അബുല്‍ അഅ്‌ലാ  മൗദൂദി, സയ്യിദ് ഖുത്വ്ബ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഈ ലൈബ്രറിയില്‍ കിട്ടുമെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ കൊഹിഷന്‍ എന്ന തിങ്ക്ടാങ്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.

ജൂലൈ 2010: ബംഗ്ലാദേശിലെ ശൈഖ് ഹസീനയുടെ അവാമി ലീഗ് തങ്ങളുടെ സെക്യുലര്‍ ലിബറല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പള്ളികള്‍ മുതല്‍ പൊതു ലൈബ്രറികളില്‍ വരെ അബുല്‍ അഅ്‌ലാ മൗദൂദിയുടെ പുസ്തകങ്ങള്‍ വില്‍പന നടത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയുണ്ടായി. മൗദൂദിയുടെ പുസ്തകം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അവിടെ ആരോപണം ഉണ്ടായത്. 

ജനുവരി 2014:  കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ  സത്യവാങ്മൂലത്തില്‍ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയ രണ്ടു പുസ്തകങ്ങളടക്കം ഏതെങ്കിലും വിധത്തില്‍ മുസ്‌ലിം, ഇസ്‌ലാം ഇവയുമായി ബന്ധപ്പെടുന്ന പതിനാല് പുസ്തകങ്ങള്‍ നിരോധിക്കണം എന്ന് ശിപാര്‍ശ നല്‍കി. കോഴിക്കോട്ടെ  പ്രസിദ്ധീകരണ സ്ഥാപനമായ ഐ. പി.എച്ച് പുറത്തിറക്കിയതായിരുന്നു ഈ പുസ്തകങ്ങള്‍. 

* * * * *

ഇസ്‌ലാമിക പശ്ചാത്തലമുള്ള പുസ്തകങ്ങളെ ബ്രിട്ടനിലും ബംഗ്ലാദേശിലും വേട്ടയാടുന്ന പശ്ചാത്തലത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയ പ്രവണതകളെ കുറിച്ച് പഠിക്കുന്ന ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുന്നത്, പുസ്തകങ്ങള്‍ നിരോധിക്കുന്നതിന് തീര്‍ച്ചയായും അതിനെ ചുറ്റിപറ്റിയുള്ള പ്രാദേശിക രാഷ്ട്രീയ സാഹചര്യവും, ഇങ്ങനെ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഒരേ തരത്തിലുള്ള പുസ്തക നിരോധന നടപടികളെ ബന്ധിപ്പിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവുമുണ്ടെന്നാണ്. ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തിന്റെ മേല്‍ക്കോയ്മ വായനകള്‍ പറയുന്നത് ചുവപ്പ് ഭീകരതയുടെ കാലം  എന്ന് വിശേഷിപ്പിക്കപ്പെട്ട ശീത യുദ്ധത്തിനു ശേഷം പച്ച ഭീഷണി (Green Menace) ശക്തിപ്പെടുകയും   2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം  ഇസ്‌ലാമിക രാഷ്ട്രീയ ഭീഷണിയായി അത് രൂപാന്തരപ്പെടുകയും  ഇസ്‌ലാം, മുസ്‌ലിം ജീവിതം, ഇസ്‌ലാമിക രാഷ്ട്രീയം ഒക്കെ ലിബറല്‍ വിരുദ്ധത, തീവ്രവാദം, ഭീകരത ഇവയുടെ സംഭരണശാലകള്‍ ആയിത്തീരുകയും ചെയ്തുവെന്നാണ്. എഡ്വേര്‍ഡ് സൈദിന്റെ അഭിപ്രായത്തില്‍,  ഇസ്‌ലാമിക സമൂഹങ്ങളെ മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന വായനയുടെ ചട്ടക്കൂടുകള്‍ നിര്‍മിക്കപ്പെടുന്നത്  മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍  കൂടിയാണെന്നും അതിനെ വിശകലനം ചെയ്യാതെ മുസ്‌ലിംകള്‍ നേരിടുന്ന പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നുമാണ്. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍  ഇര്‍ഫാന്‍ അഹ്മദ്, ലൈല അബുലുഗുദ്, സബ മഹ്മൂദ് ഒക്കെ വാദിക്കുന്ന പോലെ ഇസ്‌ലാം വായനയുടെ 9/11-ന് മുമ്പുള്ള ചട്ടക്കൂടും 9/11-ന് ശേഷമുള്ള ചട്ടക്കൂടും എന്ന രീതിയില്‍ മുസ്‌ലിം വായനയുടെ ചട്ടക്കൂടുകള്‍ വേര്‍തിരിയുന്നുവെന്ന് കാണാം. 9/11-ന് ശേഷമുള്ള വായന സംസ്‌കാരത്തിന്റെ പ്രത്യേകത എന്താണ്? ഇത് 9/11 മുമ്പുള്ള വായന സംസ്‌കാരത്തില്‍ നിന്ന് എങ്ങനെ വേര്‍തിരിയുന്നു? 

2003  മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പോള്‍ ബ്രിമാന്‍ എഴുതിയ ലേഖനം സയ്യിദ് ഖുത്വ്ബിനെയും അദ്ദേഹത്തിന്റെ തന്നെ സമകാലികനായ മൗദൂദിയെയും 'ഇസ്‌ലാമിക ഭീകരവാദത്തിന്റെ തത്ത്വചിന്തകര്‍' ആയി വിശേഷിപ്പിക്കുന്നു. ധാരാളം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അങ്ങനെ  'ഭീകര' സംഘങ്ങള്‍ തന്നെ ആയി വ്യാഖ്യാനിക്കപ്പെടുന്നു . അതായത് ഭീകരവാദം (Terrorism) എന്ന വാക്ക് ഇസ്‌ലാമിക ചിന്തയെയും സാമൂഹിക പ്രസ്ഥാനങ്ങളെയുമൊക്കെ വിശേഷിപ്പിക്കുന്നത്  9/11 അനന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ ശക്തിപ്പെട്ട പ്രവണതയായാണ്. കൂടുതല്‍ വ്യക്തതക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ 9/11-ന് മുമ്പ് ഇസ്‌ലാമിക ചിന്ത, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഒക്കെ  വിമര്‍ശനാത്മകമായി വായിക്കുന്ന ഗവേഷകര്‍ വിവരണത്തിന്  ഉപയോഗിച്ച വാക്കുകള്‍  ഇര്‍ഫാന്‍ അഹ്മദ് പരിശോധിക്കുന്നത് കാണുക.  

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ രചിച്ച മുഹമ്മദ് ഷഫീക് അഗ്വാനിയുടെ ഇസ്‌ലാമിക് ഫണ്ടമെന്റലിസം ഇന്‍ ഇന്ത്യ എന്ന പുസ്തകം ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും വിവരിക്കുന്നത് മൗലികവാദം  (Fundamentalism) എന്ന ചട്ടക്കൂടിലൂടെയാണ്. മുശീറുല്‍ ഹസന്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ എഴുതിയ ദ ലെഗസി ഓഫ് എ ഡിവൈഡഡ് നാഷന്‍: ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്റന്‍സ് എന്ന പുസ്തകം പുരോഗമന വിരുദ്ധം (Anti Progressive), മതേതര വിരുദ്ധം (Anti Secular) തുടങ്ങിയ ചട്ടക്കൂടുകള്‍ ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും വിവരിക്കുന്നു. ഈ വിവരണങ്ങള്‍ പഠിച്ചാല്‍ പൊതുവെ ഇസ്‌ലാമിക രാഷ്ട്രീയം എന്ന പ്രതിഭാസത്തെ കുറിച്ചുള്ള ലിബറല്‍  ദേശീയവാദപരമായ വായനാ രീതികള്‍ കാണാന്‍ കഴിയുന്നു.

എന്നാല്‍ 9/11-നു ശേഷമുള്ള കാലത്ത് ഇസ്‌ലാമിക ചിന്തകളും പ്രസ്ഥാനങ്ങളും  വിവരിക്കപ്പെടുന്നത് മേല്‍സൂചിപ്പിച്ച വാക്കുകളില്‍ നിന്ന് മാറി ഭീകരവാദം (Terrorism) എന്ന  വാക്കു ഉപയോഗിച്ചാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ പഠിക്കുന്ന മാര്‍ക്ക് ജുര്‍ഗന്‍സ്‌മേയരുടെ ടെറര്‍ ഇന്‍ ദ മൈന്‍ഡ് ഓഫ് ഗോഡ് : ഗ്ലോബല്‍ റൈസ് ഓഫ് റിലീജ്യസ് വയലന്‍സ്  പുറത്തിറങ്ങിയത് രണ്ടായിരത്തി മൂന്നിന് ശേഷമാണ്. ഇന്ത്യയിലെ നിരവധി പ്രാദേശിക /ദേശീയ സ്വഭാവമുള്ള  സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച് പഠിച്ച ജുര്‍ഗന്‍സ്‌മെയര്‍ വളരെ പെട്ടെന്ന് നേരത്തെ സൂചിപ്പിച്ച പുരോഗമന വിരുദ്ധം, മതേതര വിരുദ്ധം, മൗലികവാദം തുടങ്ങിയ വായനകള്‍ക്ക് ഒപ്പം തന്നെ  ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവയുമായി ബന്ധപെട്ട വായനകളെയും ഭീകരത എന്ന് വിശേഷിപ്പിക്കുന്നതും  ആഗോള രാഷ്ട്രീയ സാഹചര്യത്തിലേക്കും ആഗോള രാഷ്ട്രീയ താല്‍പര്യങ്ങളിലേക്കും അതിനെ വിവര്‍ത്തനം ചെയ്യുന്നതും  കാണാം. തീര്‍ച്ചയായും അത് ഇസ്‌ലാം, മുസ്‌ലിം ജീവിതം, ഇസ്‌ലാമിക രാഷ്ട്രീയം ഇവയുമായി ബന്ധപ്പെട്ട വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ  9/11 അനന്തര  സാഹചര്യം ആയി വരുന്നു. നേരത്തെ നില നിര്‍ത്തിയ ദേശീയ രാഷ്ട്രീയത്തിന്റെ പരിധിക്കുള്ളില്‍ നിലനിന്ന വായനാ സംസ്‌കാരം മാറുന്നതിന്റെ പുതിയ അടിയന്തര സാഹചര്യം എന്താണ്? അമേരിക്കന്‍  സാമ്രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ താല്‍പര്യങ്ങളും അതിനെ നിലനിര്‍ത്തുന്ന വൈജ്ഞാനിക രാഷ്ട്രീയവും സമകാലിക ഇസ്‌ലാം വായനയെ പരുവപ്പെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍. ഇസ്‌ലാമുമായി ബന്ധപ്പെട്ട വായനകള്‍ ഇങ്ങനെ ദേശീയ രാഷ്ട്രീയം/ ആഗോള രാഷ്ട്രീയം, ശീതയുദ്ധം, 9/11 തുടങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന  വ്യത്യസ്തമായ നിര്‍ണയങ്ങളില്‍ മാറിമറിയുന്നത് ഇവിടെ കാണാന്‍ കഴിയുന്നു. ഇവിടെ വായനയുടെ സാഹചര്യം (context) മുസ്‌ലിം വായനയെ തന്നെ  നിര്‍ണയിക്കുന്നുവെന്ന് കാണാം. 

 

വായനയുടെ മുസ്‌ലിം പാഠങ്ങള്‍ 

തലാല്‍ അസദ് ഉന്നയിക്കുന്ന പോലെ  മുസ്‌ലിം സാമൂഹിക  സ്ഥാനം (Social position) അനുഭവിക്കുന്ന, ഇസ്‌ലാമിക പാഠങ്ങളുടെ വായനയില്‍ നിലനില്‍ക്കുന്ന മേല്‍കോയ്മാ പ്രവണതകള്‍ വിശദമായി തന്നെ  പരിശോധിക്കേണ്ടതുണ്ട്. അസദ് പറയുന്നു: ''(a) magical quality isattributed to Islamic religious texts, for they are said to be both essentially univocal (their meaning cannot be subject to dispute, just as 'fundamentalists' insist) and infectious (except in relation to the orientalist, who is, fortunately for him, immune to their dangerous power)'' (ഇസ്‌ലാമിക പാഠങ്ങള്‍ക്കു അസാധാരണമായ ഗുണം ആരോപിക്കുകയും അതിന്റെ അര്‍ഥം ഇപ്പോഴും ഏക സ്വരം മാത്രമായിരിക്കും എന്ന് തീരുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം ഇന്നുണ്ട്. അങ്ങനെ ഇസ്‌ലാമിക പാഠങ്ങള്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങള്‍ക്കും  ഇടം നല്‍കാതെ, 'മൗലികവാദികള്‍' പറയുന്ന പോലെ, സാഹചര്യങ്ങള്‍ക്കനുസരിച്ച് അര്‍ഥം ഒരിക്കലും മാറാതെ നിലനില്‍ക്കുന്നതായി മനസ്സിലാക്കപ്പെടുന്നു. മാത്രമല്ല ഇസ്‌ലാമിക പാഠങ്ങള്‍  വായനക്കാരനെ ഒരു പകര്‍ച്ചവ്യാധി പോലെ പിന്തുടരുമെന്ന ഭീതിയുണ്ടാവുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് നല്‍കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കു യാതൊരു കുഴപ്പവും ഈ പാഠങ്ങള്‍ വായിച്ചതു കൊണ്ട് സംഭവിക്കുന്നില്ല എന്നത് ഏറെ അത്ഭുതം തന്നെ!). 

ഇസ്‌ലാമിക പാഠങ്ങളുടെ വായനകളെ നിയന്ത്രിക്കുന്ന മേല്‍ക്കോയ്മ സമീപനം  വിശദീകരിക്കാന്‍ ഇര്‍ഫാന്‍ അഹ്മദ് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള തന്റെ പുതിയ പഠനത്തില്‍ വിശദീകരിക്കുന്ന അബുല്‍ അഅ്‌ലാ  മൗദൂദിയുടെ വ്യക്തി ചരിത്രത്തിന്റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ ഉദാഹരണമായെടുക്കാം.

1)1930-1940:  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ കൗമാരകാലം പിന്നിട്ട മൗദൂദി  ഹെഗലും മാര്‍ക്‌സും നീത്‌ചെയും  കൊമ്‌തെയും വായിച്ച, പാശ്ചാത്യരെ പോലെ തന്റെ താടി വെട്ടിയൊതുക്കി ജീവിച്ച, പാശ്ചാത്യ ചിന്തയുടെ ഗതിവേഗത്തില്‍ ആകൃഷ്ടനായ യുവാവായിരുന്നു. അതോടൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം  ഗാന്ധിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജീവചരിത്രമെഴുതി.

2)1940-1950: പക്ഷേ 1939-കളില്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ കോണ്‍ഗ്രസ് ഹിന്ദു രാഷ്ട്രീയ താല്‍പര്യം മാത്രം നോക്കിയപ്പോള്‍ അത് മുസ്‌ലിംകളെ ബഹിഷ്‌കരിക്കുന്ന ഹിന്ദു രാജ് ആണെന്ന് മൗദൂദി വിധിയെഴുതി. അങ്ങനെയാണ് മൗദൂദി മുസ്‌ലിം രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ തന്റെ ലിബറല്‍ നിലപാടില്‍ നിന്ന് വിഭിന്നമായി നാല്‍പതുകളില്‍  കൊളോണിയല്‍ നിര്‍മിത സെക്യുലര്‍  ജനാധിപത്യ വ്യവസ്ഥ തന്നെ പ്രശ്‌നമാണ് എന്ന് കരുതി. അങ്ങനെ ഇലക്ഷന്‍ രാഷ്ട്രീയം ഒഴിവാക്കി  സംവാദവും ആശയ പ്രചാരണവും അവലംബമാക്കി. എന്നാല്‍, ആധുനിക പ്രിന്റിംഗ് പ്രസ് ഉപയോഗിച്ച് പുസ്തകങ്ങള്‍ അച്ചടിച്ച്  എല്ലാ വിഭാഗം ആളുകളുമായും മൗദൂദി സംവദിച്ചു. 

3)1950-1960:  നാല്‍പതുകളിലെ തന്റെ  നിലപാടിനെ മാറിയ സാഹചര്യത്തില്‍ പുനഃപരിശോധന നടത്തിയ അദ്ദേഹം 1952-ല്‍ തന്നെ പാകിസ്താനിലെ ഇലക്ഷന്‍ രാഷ്ട്രീയത്തിന്റെ  ഭാഗമാവുകയും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായി മാറുകയും ചെയതു . 

ഇവിടെ മൗദൂദി ലിബറല്‍ ദേശീയവാദി (1930-1940),  യുട്ടോപ്യന്‍ ഇസ്‌ലാമിക വാദി (1940 1950) , പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാമിക ജനാധിപത്യവാദി (1950-1960) തുടങ്ങിയ പല ഘട്ടങ്ങളിലൂടെ കടന്നുപോവുന്നതായി ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുന്നു. 

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം, മൗദൂദി തന്നെ ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പതുകളിലും അമ്പതുകളിലും,  മാറുന്ന രാഷ്ട്രീയ സാഹചര്യത്തോട് മാറിയ സമീപനങ്ങള്‍ വികസിപ്പിക്കുന്നു എന്നതാണ്. രണ്ടാമാത്തെ കാര്യം, മൗദൂദിയുടെ അതേ രാഷ്ട്രീയ ഇടപാടുകളല്ല അക്ഷരാര്‍ഥത്തില്‍ പോസ്റ്റ്‌കൊളോണിയല്‍ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ഗണനകളെ നിര്‍ണയിക്കുന്നത്.

ബൗദ്ധിക സമീപനങ്ങള്‍, സാമൂഹിക പ്രസ്ഥാനം, മാറുന്ന ചരിത്ര രാഷ്ട്രീയ സാഹചര്യം  ഒക്കെ മുന്‍ നിര്‍ത്തിയുള്ള വിമര്‍ശനാത്മക വായനയുടെ വ്യത്യസ്ത സമീപനങ്ങള്‍ മറ്റു സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് വളരെ എളുപ്പം ലഭിക്കുകയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. മുസ്‌ലിം സാമൂഹിക സ്ഥാനങ്ങള്‍  എപ്പോഴും നിശ്ചലമായ  സാമൂഹിക പ്രതിഭാസം മാത്രമാണ് എന്ന രീതിയില്‍ ചുരുക്കി വായിക്കുന്ന   പ്രവണത ഇവിടെ വളരെ വ്യക്തമാണ്. അങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉള്‍കൊള്ളുന്ന മുസ്‌ലിം സാമൂഹിക സ്ഥാനം യാതൊരു ഭാവനയും സ്വന്തമായില്ലാത്ത, എപ്പോഴും ഒരു പോലെ തന്നെ നില്‍ക്കുന്ന, നിശ്ചലമായ സാമൂഹിക പ്രതിഭാസമായി,  തീവ്രവാദികളും ഭീകരരുമായി, നിരന്തരം മേല്‍ക്കോയ്മ വായനകളില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു . 

തലാല്‍ അസദ് സൂചിപ്പിച്ച പോലെ ഇസ്‌ലാമിക പാഠങ്ങളുടെ വായന ഏകസ്വര(univocal)മായി നിലനില്‍ക്കുമ്പോള്‍ തന്നെ, ഇസ്‌ലാമിക പാഠങ്ങള്‍  പകര്‍ച്ചവ്യാധി (infectious)  പോലെ അപകടം പിടിച്ചതാണെന്ന ഭയം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഏകശിലാത്മകവും ഒരിക്കലും മാറാതെ നില്‍ക്കുന്നതുമായ മുസ്‌ലിം വിഷയിയെ (Subject) നിര്‍മിച്ചെടുക്കുന്ന വായന സംസ്‌കാരം ഭരണകൂടത്തിനും മേല്‍കോയ്മ രാഷ്ട്രീയത്തിനും അവരെ എളുപ്പത്തില്‍ നിയന്ത്രിക്കാനും വരുതിയില്‍ നിര്‍ത്താനും ഏറെ സൗകര്യം നല്‍കുന്നു. അതോടോപ്പം ഭരണകൂടം വേട്ടയാടുന്ന ഈ പുസ്തകങ്ങളെകുറിച്ച് ലിബറല്‍ വ്യവഹാരങ്ങള്‍ പുലര്‍ത്തുന്ന മൗനം ലിബറല്‍ വായനാ സംസ്‌കാരത്തിന്റെ തന്നെ രാഷ്ട്രീയത്തെ കുറിച്ച് ഏറെ പറയുന്നുണ്ട്. 

 

അവലംബം
Talal Asad. 2003. Formation of the Secular : Islam, Christianity, Modernity. Stanford University Press.
Irfan Ahmad. 2013. Islam and Politics in South Asia. (IN). Oxford Handbook of Islam and Politics. Edited by John L Esposito and Ehmed El-Din Shahin. Oxford University Press.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം