Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

മതേതരത്വത്തിന്റെ മതനികുതി

ഇഹ്‌സാന്‍ /മറ്റൊലി

         മുസഫര്‍ നഗര്‍ കലാപം നടന്ന പശ്ചിമ യു.പിയിലെ 10 മണ്ഡലങ്ങളിലും അതിനോടു ചേര്‍ന്ന് മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന രൊഹൈല്‍ഖണ്ടിലെ 11 മണ്ഡലങ്ങളിലും ഒന്നും രണ്ടും ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മതേതരത്വവും വര്‍ഗീയ ഫാഷിസവും നേര്‍ക്കുനേരെ ഏറ്റുമുട്ടിയ ഗോദകളായിരുന്നു ഇവ. ഈ മേഖലയിലെ വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്കു നീക്കിവെച്ചിരുന്നുവെങ്കില്‍ മെയ് 12 വരെ പ്രചാരണ വിഷയങ്ങള്‍ വര്‍ഗീയമായി പൊലിപ്പിച്ചു നിര്‍ത്തുന്ന സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെടുമായിരുന്നത്. പശ്ചിമ യു.പിയില്‍ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം സാധിച്ചെടുക്കാന്‍ ബി.ജെ.പി എല്ലാ നീക്കവും നടത്തിയെങ്കിലും ഉദ്ദേശിച്ച അളവില്‍ നഞ്ച് കലക്കാന്‍ അമിത്ഷാക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. അത് മതേതര സംഘടനകളുടെ 'സമയോചിതമായ ഇടപെടല്‍' മൂലമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ നിലനില്‍പ്പിനു വേണ്ടിയുളള സമരത്തില്‍ എല്ലാവരും കൈയും മെയ്യും മറന്നു പോരാടിയതിന്റെ അനന്തരഫലമായിരുന്നു. കലാപമുണ്ടാക്കിയ ധ്രുവീകരണത്തിലൂടെ മേഖലയിലെ 10ല്‍ 10 ഉം അടിച്ചു മാറ്റിക്കളയാമെന്ന് വ്യാമോഹിച്ച ബി.ജെ.പിയെ ബി.എസ്.പിയും എസ്.പിയും ആര്‍.എല്‍.ഡിയും അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്തി. പക്ഷേ, മുസ്‌ലിംകള്‍ ഇത്രകണ്ട് പരിഭ്രാന്തരായ മറ്റൊരു തെരഞ്ഞെടുപ്പ് ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കലാപത്തില്‍ ഒത്തുകളിച്ചുവെന്ന് സംശയിച്ച സമാജ്‌വാദിക്കു പോലും ബി.ജെ.പിയെ തോല്‍പ്പിക്കാനായി മുസ്‌ലിംകള്‍ പൊറുത്തു കൊടുക്കാന്‍ സന്നദ്ധരായി.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ നേരിട്ടത്. നരേന്ദ്ര മോഡിയുടെ യാഥാര്‍ഥ മുഖം എന്താണെന്ന് വ്യക്തമായിട്ടും അദ്ദേഹം സമാദരണീയനായ ദേശീയ നേതാവായി അംഗീകരിക്കപ്പെടുന്നതും രാഷ്ട്രീയ സമൂഹവും മാധ്യമങ്ങളും അതിനോട് മാപ്പുസാക്ഷി നിലപാട് പുലര്‍ത്തുന്നതും മുസ്‌ലിം സമൂഹം നിശ്ശബ്ദരായി നോക്കിക്കണ്ടു. മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെങ്കില്‍ മോഡി തന്നെ വരണം എന്ന മട്ടിലുള്ള നിലപാടായിരുന്നു പൊതുബോധമണ്ഡലത്തിന്റെ അന്തര്‍ധാരയായി മാറിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മതേതരത്വത്തിന്റെ ചാമ്പ്യന്‍മാരായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ബട്‌ലാ ഹൗസ് പോലുള്ള നാടകങ്ങളില്‍ ഈ സമുദായത്തെ വില്ലനാക്കുകയും മറുഭാഗത്ത് യഥാര്‍ഥ വില്ലന്‍മാരെ ഭൂരിപക്ഷ വോട്ടുബാങ്ക് എന്ന മൃദുഹിന്ദുത്വ വോട്ടുബാങ്കിനു വേണ്ടി സംരക്ഷിക്കുകയും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ഈ ദുരന്തം. 2002-ല്‍ മോഡി നേതൃത്വം നല്‍കിയ ഗുജറാത്ത് വംശഹത്യയെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ നിസ്സാരവത്കരിക്കുന്നതാണ് ഇപ്പോഴത്തെ ചിത്രം. മോഡിക്കെതിരെ നട്ടെല്ലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഇന്നോളം കോണ്‍ഗ്രസിനായില്ല. വനിതകളെ സംരക്ഷിക്കുമെന്ന് പരസ്യം പുറത്തിറക്കുന്ന ബി.ജെ.പിക്കെതിരെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ കോണ്‍ഗ്രസിന് ആളെ കിട്ടിയില്ല. സുപ്രീംകോടതി ഇടപെട്ട കേസുകളില്‍ പോലും ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ യു.പി.എ ആഭ്യന്തരമന്ത്രിമാര്‍ക്കു കഴിഞ്ഞില്ല. മോഡിയെ വിമര്‍ശിക്കുന്നവരുടെ ഭാഷ തിരുത്താന്‍ 'യുവരാജാവ്' മുന്നിട്ടിറങ്ങുക കൂടി ചെയ്തതോടെ കോണ്‍ഗ്രസിന്റെ മാനസിക അടിമത്തം വ്യക്തമായിരുന്നു.

ഗുജറാത്ത് കലാപകാലത്ത് എന്‍.ഡി.എ ഉപേക്ഷിച്ച പാസ്വാന്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം അതേ മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ തിരിച്ചെത്താന്‍ സന്നദ്ധനായി. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുമെന്ന് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്ദാനവുമായി എത്തി പിന്നീട് സുഖിപ്പിച്ചെങ്കിലും ശരദ് യാദവ് പക്ഷേ, മോഡിയെ നിരപരാധിയും നിസ്വനുമായി എണ്ണാന്‍ തയാറായി. എം.ജെ അക്ബറിനെ പോലുള്ളവര്‍ പോലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറി. മതേതരത്വത്തിന് മുസ്‌ലിംകള്‍ നല്‍കുന്ന ജിസ്‌യയാണ് കോണ്‍ഗ്രസിനുള്ള വോട്ടെന്ന് നയീ ദുനിയ പത്രാധിപര്‍ ശാഹിദ് സിദ്ദീഖി തുറന്നെഴുതി. വായ തുറന്നപ്പോഴൊക്കെ മോഡിയെ ചീത്തവിളിച്ച ചരിത്രമുള്ള ജെ.ഡി.യു വക്താവ് സാബിര്‍ അലിക്കു പോലും ബി.ജെ.പിയില്‍ ചേരാമെന്നായി. മോഡി വിമര്‍ശകര്‍ വെറും അവസരവാദികള്‍ മാത്രമാണെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. മോഡി എന്ന ഊതിവീര്‍പ്പിച്ച കോര്‍പറേറ്റ് ആര്‍.എസ്.എസ് ബലൂണിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് ഒരു ചര്‍ച്ചക്കു പോലും രാഹുല്‍ ഗാന്ധിയോ സോണിയയോ നേതൃത്വം കൊടുത്തില്ല. അത്തരം ചര്‍ച്ചകള്‍ ഭൂരിപക്ഷ സമൂഹത്തെ പ്രകോപിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ 'സുചിന്തിത' നിലപാട്. അതുകൊണ്ടുതന്നെ ഒരു തരം അനിശ്ചിതത്വമായിരുന്നു വോട്ടിംഗ് രംഗത്ത് കാണാനുണ്ടായിരുന്നത്. ആരിലും മുസ്‌ലിംകള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. അവര്‍ ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചു. ഈ നിലപാടുകള്‍ അന്തിമമായി ബി.ജെ.പിയെ സഹായിക്കുമെന്നു തന്നെയാണ് ഇതെഴുതുമ്പോഴുള്ള സാധ്യതയും.

ഗുജറാത്തില്‍ പലതരം ബിസിനസ് സംരംഭങ്ങളുള്ള ഒരു വ്യവസായ പ്രമുഖന്‍ ബുദ്ധിയുപദേശിക്കുന്ന ഈ പാര്‍ട്ടി മോഡിക്കെതിരെ ചെറുവിരലനക്കുമെന്ന് അല്ലെങ്കിലും ചിന്തിക്കാനാവുമായിരുന്നില്ല. മന്‍മോഹന്‍ സിംഗ് അഴിമതി ആരോപണങ്ങളേറ്റു പുകഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതിയാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എത്രയെങ്കിലും രാഷ്ട്രപതിമാരെ കോണ്‍ഗ്രസിന് കിട്ടാനുണ്ടായിരുന്നപ്പോഴാണ് ഇത്രക്കു ബുദ്ധിശൂന്യമായ രീതിയില്‍ വിത്തെടുത്ത് കോണ്‍ഗ്രസ് കഞ്ഞിവെച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനം രാഹുലിന് നല്‍കണമെങ്കില്‍ ആ സമയത്ത് മന്‍മോഹനെ മാറ്റി പ്രണബിനെ വെക്കാന്‍ പാടുണ്ടായിരുന്നില്ലല്ലോ! പ്രണബ് ഭരിച്ചു തിളങ്ങിയാല്‍ പിന്നെ രാഹുലിന് കാത്തിരിക്കേണ്ടി വരില്ലേ? രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന് മുന്‍കൂട്ടി തീരുമാനിച്ച മട്ടിലാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ പോക്ക്. മോഡി വരുന്നതു തടയണമെന്നുള്ളവര്‍ വേണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യട്ടെയെന്നും. ചുരുക്കി പറഞ്ഞാല്‍, നിവൃത്തികേടു കൊണ്ടുമാത്രമാണ് സ്വന്തം കാലിന് ഭാരമായി മാറുന്ന ഈ പ്രസ്ഥാനത്തിന് ശാഹിദ് സിദ്ദീഖി പറഞ്ഞ ആ 'ജിസ്‌യ' മുസ്‌ലിംകള്‍ കൊടുക്കേണ്ടി വരുന്നത്... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം