ജീവിതപാഠങ്ങള്‍-2
സത്യസന്ധനാകുന്നു ബുദ്ധിമാന്‍. അസത്യവാദികളില്‍നിന്നും അവര്‍ വേറിട്ടു നില്‍ക്കുന്നത് സത്യസന്ധതകൊണ്ടാകുന്നു. കളവിനു പകരം സത്യവും, നിഷേധത്തിനു പകരം വിശ്വാസദാര്‍ഢ്യവും, അക്ഷമക്കു പകരം ക്ഷമയും മുറുകെ പിടിക്കുക. വഴിപിഴക്കാതെ സത്യപാതയില്‍ മുന്നേറുക. നന്ദികേടു വെടിഞ്ഞ് കൃതജ്ഞരാവുക. സന്ദേഹവും നിരാശയുമുപേക്ഷിച്ച് വിശ്വാസദാര്‍ഢ്യവും പ്രത്യാശയും കൈമുതലാക്കുക. വാഗ്വാദത്തിലേര്‍പ്പെടാതെ അനുസരണത്തിന്റെ പാത സ്വീകരിക്കുക. ''തന്റെ അടിമക്ക് അല്ലാഹു പോരേ?''-(സുമര്‍-36)
ദാരിദ്ര്യ ബാധിതരേ, നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. എങ്കില്‍ ഇഹലോകത്തും പരലോകത്തും സമൃദ്ധി നിങ്ങളെ തേടിയെത്തും. നബിതിരുമേനി(സ) അരുളിയിരിക്കുന്നു: ''ദാരിദ്ര്യം ക്ഷമാപൂര്‍വ്വം സഹിക്കുന്ന പാവങ്ങള്‍ പുനരുത്ഥാനനാളില്‍ അല്ലാഹുവിന്റെ ഇഷ്ടക്കാരായിരിക്കും.'' ദാരിദ്ര്യത്തില്‍ ക്ഷമ കൈക്കൊള്ളുന്നവര്‍ 'അര്‍റഹ്മാന്റെ' അടുപ്പക്കാരാകുന്നു, ഇഹലോകത്ത് ഹൃദയംകൊണ്ടും പരലോകത്ത് ദേഹംകൊണ്ടുതന്നെയും. അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കുകയും, മറ്റെല്ലാറ്റിനോടും വിമുഖരായി ക്ഷമാപൂര്‍വ്വം അല്ലാഹുവോടടുക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങള്‍ മറ്റെല്ലാം ത്യജിച്ച് അവനില്‍ ശാന്തിയടയുന്നു.
മരണവേളയില്‍ തന്റെ സ്വര്‍ഗീയാവസ്ഥ ദൃശ്യമാകുംവിധം മറ നീക്കപ്പെടാത്ത ഒരൊറ്റ സത്യവിശ്വാസി പോലുമുണ്ടാവില്ല. അന്നേരം, സ്വര്‍ഗീയ ഹൂറിമാര്‍ കൈവീശി വിളിക്കുന്നതയാള്‍ കാണുന്നു. സ്വര്‍ഗീയ സുഗന്ധം അയാളനുഭവിക്കുന്നു. അതിനാല്‍, മരണത്തെയും അതിന്റെ ഉന്മാദത്തേയും അയാള്‍ സ്വാഗതം ചെയ്യുന്നു. ഫറോവയുടെ ഭാര്യ ആസിയ(റ)ക്കു കനിഞ്ഞു നല്‍കിയതുതന്നെ അല്ലാഹു അയാള്‍ക്കും നല്‍കുന്നു. ആ മഹതിയുടെ കൈകാലുകളില്‍ ഇരുമ്പാണികള്‍ അടിച്ചുകയറ്റും മുമ്പുതന്നെ ഫറോവ അവരെ സര്‍വ്വ വിധ പീഡനങ്ങള്‍ക്കുമിരയാക്കിയിരുന്നു. പക്ഷെ, അപ്പോഴേക്കും അവരുടെ കണ്‍മുമ്പില്‍ മറകള്‍ അനാവൃതമാവുകയും, സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ, പ്രവിശാലമായ പറുദീസ കണ്‍നിറയെ അവര്‍ നോക്കിക്കണ്ടു. അവിടെ മാലാഖമാര്‍ ഒരു രമ്യഹര്‍മ്മം പണിയുന്നതു കണ്ട മാത്രയില്‍ അവര്‍ അല്ലാഹുവോടു കേണു: ''എന്റെ രക്ഷിതാവേ, എനിക്കു നീ നിന്റടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനമുണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും എന്നെ രക്ഷിക്കുകയും ചെയ്യേണമേ''.
അന്നേരം അവരോടു പറയപ്പെട്ടു: ''ഇതു നിനക്കുള്ളതു തന്നെയാകുന്നു''. അപ്പോഴവര്‍ ചിരിതൂകി. അതുകണ്ട ഫറോവ ഇവ്വിധം പരിഹസിച്ചു-''ഞാനപ്പഴേ പറഞ്ഞില്ലേ അവള്‍ക്കു ഭ്രാന്തായി എന്ന്! പീഡനങ്ങളേല്‍ക്കുമ്പോഴും അവള്‍ ചിരിക്കുന്നതു കണ്ടില്ലേ നിങ്ങള്‍?''. മരണവേളയില്‍ അല്ലാഹു തങ്ങള്‍ക്ക് ഒരുക്കിവെച്ചതു കാണുമ്പോള്‍ സത്യവിശ്വാസികള്‍ക്കും ഇതേ അനുഭവമുണ്ടാകുന്നു. അപൂര്‍വ്വം ചിലര്‍ക്കാവട്ടെ, മരണവേളക്കു മുമ്പുതന്നെ ഇതു തിരിച്ചറിയാനാകുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരാകുന്നു അവര്‍.
കഷ്ടം! സ്വയം അക്ഷമനായിരിക്കെ നിനക്കെങ്ങനെ മറ്റുള്ളവരോടു ക്ഷമയുപദേശിക്കാനാവുന്നു? അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ സ്വയം നന്ദികെട്ടവനായിരിക്കെ നിനക്കെങ്ങനെ അന്യരെ നന്ദികൊണ്ടുപദേശിക്കാനാവും? സ്വയം അസംതൃപ്തനായിരിക്കെ ദൈവവിധിയില്‍ സംതൃപ്തരാവണമെന്ന് നിനക്കെങ്ങനെ അപരരെ ഉണര്‍ത്താനാവും? സ്വന്തം ഹൃദയത്തിനുള്ളില്‍ ഇഹലോകാഭിനിവേശം നിറഞ്ഞിരിക്കെ നിനക്കെങ്ങനെ മറ്റുള്ളവരോടു വിരക്തിയുപദേശിക്കാനാവും? സ്വയം പരലോക നിഷേധിയായിരിക്കെ നിനക്കെങ്ങനെ പരലോകം കൊതിക്കണമെന്ന് അന്യരെ ഉണര്‍ത്താനാവും? അല്ലാഹു അല്ലാത്തവരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കെ നിനക്കെങ്ങനെ അന്യരെ തവക്കുല്‍ ഉപദേശിക്കാനാവും? അല്ലാഹുവും അവന്റെ മാലാഖമാരും സദ്‌വൃത്തരായ ദൈവദാസന്‍മാരും നിന്നെ വെറുക്കുന്നു. കാപട്യവും സൃഷ്ടിലോകത്തെക്കുറിച്ച അസ്വസ്ഥതകളും നിറഞ്ഞിരിക്കുന്നു നിന്റെ ഹൃദയത്തില്‍. അതിനാല്‍, സംശയം വേണ്ട, അല്ലാഹുവിന്റെ മുമ്പില്‍ ഒരു പാറ്റച്ചിറകിന്റെ വിലപോലുമില്ല നിനക്ക്. നരകത്തിന്റെ അടിത്തട്ടില്‍ കപടവിശ്വാസികളോടൊപ്പമാകുന്നു നിന്റെ ഇടം.
വിവ: വി.ബഷീര്‍
Comments