അക്ഷരവും അധികാരവും
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കുക. അതൊരായുധമാണ്.
- ബെര്‍തോള്‍ഡ് ബ്രെഹത്
താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നിലനില്‍ക്കുന്ന, The Name of the Rose എന്ന നോവലിന്റെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ് (ഈ നോവല്‍ അതേ പേരില്‍ Jean-Jaque Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot മഠാധിപതി)യുടെ അഭ്യര്‍ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.
ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹ ലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.
എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും.
ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്‌റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.
പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബല്യമാണ്; ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്‌റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്‌റ്റോട്ടില്‍ 'തന്റെ' ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. 'അവിശ്വാസിക'ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്‌ലാംഭീതിയും വിരോധവും. ഇസ്‌ലാമോഫോബിയ.
പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരിക രംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.
അധികാരത്തിന്റെ ആത്മീയത
ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്റ്റന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരുന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.
സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും അസാന്മാര്‍ഗികവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.
പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.
നമ്മുടെ അധികാരികള്‍ പുസ്തകങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ മറ്റോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയില്‍ ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും പെരുമാറുകയാണ് ചെയ്യുന്നത്. ഈയിടെ കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്‌ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്‌ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും തസ്‌ലീമയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്‌ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.
അസഹിഷ്ണുതയുടെ സംസ്‌കാരം
മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യ വംശീയ ദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരിവാര്‍ സംഘടനകളാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കടുത്ത ഭീഷണിയുയര്‍ത്തുന്നത്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.
വെന്‍ഡി ധോണിഗറുടെ The Hindus: An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തുനില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാ അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ ഇതേ വകുപ്പു ചുമത്തി പ്രോസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഗെയില്‍ ട്രേഡ്‌വെല്ലുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിന്റെ 'അമൃതാനന്ദമയീ മഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍' എന്ന പുസ്തകം മൂന്ന് മാസത്തേക്ക് നിരോധിച്ച കേരള ഹൈക്കോടതിവിധിയാണ് ഈ രംഗത്തെ അവസാന ഉദാഹരണം. മുമ്പ് ഗെയില്‍ ട്രേഡ്‌വെല്ലിന്റെ ഇംഗ്ലീഷ് പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തുനിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?
ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്ന എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പോലീസും ശ്രമിച്ചത്. യഥാര്‍ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ. നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.
ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്‌ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഗിനെ മുസ്‌ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004- ലാണ്. ഇസ്‌ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഗിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.
സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് തുനിഞ്ഞത്.
പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ശത്രുതയുടെ ചില സമീപകാല ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്ത്വങ്ങളുമുണ്ട്.
അക്ഷരവും അധികാരവും തമ്മില്‍
അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.
യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം ജ്ഞാനിയായ സേക്രട്ടീസിനെ വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.
ഭീതിയും ഭീതിയുടെ ഉല്‍പാദനവും
മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്‌ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്‌ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വ്ബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്‌ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്‌ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്‌ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയെന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെ സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചുകൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.
സംശയങ്ങളുടെ പ്രജനനം
ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാന പടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റി അഫിഡവിറ്റില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. ഇതില്‍ രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള വിശ്വാസപരമായ ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.
ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്‌ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറുബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്‌ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വം തന്നെ പ്രതികരിച്ചത് ചരിത്രം.
സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ കുരിശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്‌ലാം, ്രൈകസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍ പറഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉത്ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.
Comments