ബംഗ്ലാദേശില്‍ ഇസ്‌ലാമിസ്റ്റുകളുടെ തിരിച്ചുവരവ്
പ്രതിപക്ഷം ബഹിഷ്‌കരിച്ച പത്താം പാര്‍ലമെന്റ് 'തെരഞ്ഞെടുപ്പ്' കഴിഞ്ഞ് രണ്ട് മാസമാവുന്നതിന് മുമ്പ് ബംഗ്ലാദേശില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടന്നു-ഉപജില്ല തെരഞ്ഞെടുപ്പ്. അത് പ്രതിപക്ഷം ബഹിഷ്‌കരിച്ചില്ല. ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി-ജമാഅത്തെ ഇസ്‌ലാമി പ്രതിപക്ഷ സഖ്യം ആ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകൂടം നിരന്തരം വേട്ടയാടുന്ന ജമാഅത്തെ ഇസ്‌ലാമി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന മീഡിയാ പ്രചാരണത്തിന് കനത്ത ആഘാതം കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 295 ഉപജില്ല ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ബി.എന്‍.പി 224 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. അവരില്‍ 123 പേര്‍ വിജയിച്ചു. അവാമി ലീഗ് നിര്‍ത്തിയ 295 സ്ഥാനാര്‍ഥികളില്‍ 117 പേര്‍ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ജമാഅത്ത് നിര്‍ത്തിയത് 78 പേരെ. അവരില്‍ 29 പേര്‍ വിജയിച്ചു. 582 ഉപജില്ല വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പ്രതിപക്ഷം വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ബി.എന്‍.പി 221, അവാമി ലീഗ് 118, ജമാഅത്തെ ഇസ്‌ലാമി 103 എന്നിങ്ങനെ. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അവാമിയോട് ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്താനും ജമാഅത്തിന് സാധിച്ചു. ചിലയിടങ്ങളില്‍ ജമാഅത്ത് സഖ്യമില്ലാതെ ഒറ്റക്കാണ് മത്സരിച്ചത് എന്ന കാര്യവും ഓര്‍ക്കുക.
സകല ഭരണകൂട -മീഡിയ കുപ്രചാരണങ്ങളെയും അതിജീവിച്ച് ജമാഅത്ത് ചരിത്ര വിജയം നേടിയത് അവാമി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയധികമാളുകള്‍ ജമാഅത്തിന് വോട്ട് ചെയ്തത് തന്നെ നിരാശപ്പെടുത്തുന്നുവെന്നാണ് ഇടതുപക്ഷക്കാരനും അവാമി കാബിനറ്റിലെ വാര്‍ത്താ വിതരണ മന്ത്രിയുമായ ഹസനുല്‍ ഹഖ്ഇനു പ്രതികരിച്ചത്. ജുഡീഷ്യറി വിലക്ക് ഏര്‍പ്പെടുത്തിയ ജമാഅത്തിന് വളരെക്കൂടുതലാളുകള്‍ വോട്ട് ചെയ്തത് തന്നെ ലജ്ജിപ്പിക്കുന്നുവെന്ന് കടുത്ത മതവിരുദ്ധനും പ്രധാനമന്ത്രി ഹസീന വാജിദിന്റെ മകനുമായ സജീബ് വാജിദ് ജോയ്.
അക്രമവും ബൂത്ത് പിടുത്തവും മറ്റു കൃത്രിമങ്ങളും വ്യാപകമായി നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് SUJON എന്ന മനുഷ്യാവകാശ സംഘടനയുടെ സെക്രട്ടറിയായ ഡോ. ബൈദുല്‍ ആലം മജുംദാര്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മാത്രമായിരുന്നു ഏറെക്കുറെ സംശുദ്ധമായിരുന്നത്. അതില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ ബഹുദൂരം പിന്നിലാക്കി. രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പിലാണ് കൃത്രിമങ്ങളും അതിക്രമങ്ങളും അരങ്ങേറിയത്. അവിടങ്ങളിലൊക്കെ അവാമിക്കാര്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. രണ്ട് ഘട്ടം കൂടി ഇനി നടക്കാനുണ്ട്.
അവാമി ലീഗിനെതിരെ ജമാഅത്ത് നേടിയ ജയം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെ വിശകലനം ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ താഴെ തട്ടില്‍ ജമാഅത്തിന്റെ സംഘടനാ സംവിധാനം എത്ര ഭദ്രമാണെന്ന് ഇത് തെളിയിക്കുന്നു; അതോടൊപ്പം അവാമി ലീഗ് തൃണമൂല തലത്തില്‍ എത്രമാത്രം ശിഥിലീകരിക്കപ്പെട്ടിട്ടുണ്ടെന്നും. ജമാഅത്ത് സ്ഥാനാര്‍ഥികള്‍ അവാമിക്കെതിരെ വിജയിച്ചത് വലിയ മാര്‍ജിനിലാണ്; തോറ്റത് പലേടത്തും വളരെക്കുറഞ്ഞ വോട്ടുകള്‍ക്കും. ജമാഅത്ത് സ്ത്രീവിരുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് മറുപടിയായി. ഉപജില്ല വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മാത്രം ജമാഅത്തിന്റെ പത്ത് വനിതാ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
ജമാഅത്തിനെ രാഷ്ട്രീയത്തില്‍ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യത്തോടെ ഭരണകൂടവും നിയമസംവിധാനങ്ങളും കരുക്കള്‍ നീക്കുന്നതിനിടയിലാണ് (2013 ആഗസ്റ്റില്‍ ജമാഅത്തിന്റെ രാഷ്ട്രീയ രജിസ്‌ട്രേഷന്‍ ബംഗ്ലാ ഹൈക്കോടതി റദ്ദാക്കിയിരുന്നു) തങ്ങളുടെ വര്‍ധിച്ച ജനപിന്തുണ കാണിച്ചുകൊടുക്കാന്‍ അവര്‍ക്ക് അവസരം വീണുകിട്ടുന്നത്. നീതിയും മൗലികാവകാശങ്ങളും കാറ്റില്‍ പറത്തി ജമാഅത്തിനെതിരെ ഭരണകൂടം നടത്തുന്ന നീക്കങ്ങളില്‍ ഒരു പുനര്‍ വിചിന്തനം നടത്താന്‍ തെരഞ്ഞെടുപ്പ് ഫലം പ്രേരകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
മുഹമ്മദ് ഖുത്വ്ബ് (1919-2014)
പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഗ്രന്ഥകര്‍ത്താവുമായിരുന്നു കഴിഞ്ഞ ഏപ്രില്‍ നാലിന് നമ്മോട് വിടവാങ്ങിയ മുഹമ്മദ് ഖുത്വ്ബ്. 95 വയസ്സായിരുന്നു. ജിദ്ദയിലെ ഒരാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവജാഗരണത്തിന് ധൈഷണിക അടിത്തറ ഒരുക്കിയവരില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ഖുത്വ്ബ്. ഇസ്‌ലാമിക ചിന്തയെ പാശ്ചാത്യ ജ്ഞാന നിര്‍മിതികളുടെ കെട്ടുപാടുകളില്‍ നിന്ന് മോചിപ്പിച്ച് അതിന് സ്വതന്ത്രമായ അസ്തിത്വം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. പ്രത്യക്ഷ കുരിശ് യുദ്ധം അവസാനിച്ചുവെങ്കിലും അത് പരോക്ഷമായി തുടരുകയാണെന്നും അതിനാല്‍ പാശ്ചാത്യ നീക്കങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
ഈജിപ്തിലെ അസ്‌യൂത്വ് പ്രവിശ്യയില്‍ മോഷ എന്ന ഗ്രാമത്തില്‍ 1919 ഏപ്രില്‍ 26-നാണ് അദ്ദേഹത്തിന്റെ ജനനം. ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസിര്‍ ഭരണകൂടം തൂക്കിലേറ്റിയ പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ സയ്യിദ് ഖുത്വ്ബ് അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു. അവര്‍ തമ്മില്‍ പതിനൊന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്. പിതാവ് ഖുത്വ്ബ് ഇബ്‌റാഹീം കര്‍ഷകനായിരുന്നു. മാതാവ് ഫാത്വിമ ഉസ്മാന്‍ വൈജ്ഞാനിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗവും. ചെറുപ്പത്തിലേ മുഹമ്മദ് ഖുത്വ്ബ് നന്നായി വായിക്കുമായിരുന്നു. പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മകളിലൊക്കെ സജീവ സാന്നിധ്യം. സാഹിത്യ രചനയില്‍ തല്‍പരനായിരുന്നു ജ്യേഷ്ഠന്‍ സയ്യിദ്. അതിനാല്‍ ഗ്രാമത്തിലെ പ്രാഥമിക പഠനം കൊണ്ട് മതിയാക്കാതെ സയ്യിദിനെയും മുഹമ്മദിനെയും കയ്‌റോ യൂനിവേഴ്‌സിറ്റിയിലേക്ക് പറഞ്ഞയക്കാന്‍ ആ ദമ്പതികള്‍ തീരുമാനിച്ചു. 1940-ല്‍ മുഹമ്മദ് ഖുത്വ്ബ് ആ കലാലയത്തില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം സമ്പാദിച്ചു. വിദ്യാഭ്യാസ-മനശ്ശാസ്ത്ര വിഷയങ്ങളില്‍ ഡിപ്ലോമയും കരസ്ഥമാക്കി. പിന്നെ നാല് വര്‍ഷം അധ്യാപകനായി ജോലി ചെയ്തു. അഞ്ച് വര്‍ഷം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരിഭാഷകനായും ജോലി നോക്കി.
തുടര്‍ന്ന് പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും കാലമായിരുന്നു. ജമാല്‍ അബ്ദുന്നാസിറിന്റെ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് 1954-ല്‍ ഖുത്വ്ബ് സഹോദരന്മാര്‍-സയ്യിദും മുഹമ്മദും- അറസ്റ്റ് ചെയ്യപ്പെട്ടു. പ്രമുഖരായ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. താമസിയാതെ ജയില്‍ മോചിതനായ അദ്ദേഹം 1965-ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആ ജയില്‍ വാസം 1971 വരെ തുടര്‍ന്നു. അതിനിടയില്‍ സഹോദരന്‍ സയ്യിദിനെ ഭരണകൂടം തൂക്കിലേറ്റിയിരുന്നു. ജയില്‍ മോചിതനായതിന് ശേഷം മുഹമ്മദ് ഖുത്വ്ബ് സുഊദി അറേബ്യയിലെത്തുകയും ഉമ്മുല്‍ ഖുറഃശരീഅ കോളേജില്‍ അധ്യാപകനായി ചേരുകയും ചെയ്തു. പിന്നെ ജിദ്ദയിലെ കിംങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലേക്ക് മാറി. തുടര്‍ന്നുള്ള കാലം വൈജ്ഞാനിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുഖ്യമായും ചെലവിട്ടത്.
മുപ്പത്തിയഞ്ചിലധികം കൃതികളുടെ കര്‍ത്താവാണ് മുഹമ്മദ് ഖുത്വ്ബ്. ഇവയില്‍ പലതും നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ ചിന്തകളുടെ സാരാംശമടങ്ങിയിട്ടുള്ളത് അല്‍ ഇന്‍സാനു ബൈനല്‍ മാദ്ദിയത്തി വല്‍ ഇസ്‌ലാം (മനുഷ്യന്‍ ഭൗതികതക്കും ഇസ്‌ലാമിനും മധ്യേ) എന്ന കൃതിയിലാണെന്ന് മുഹമ്മദ് ഖുത്വ്ബ് പറഞ്ഞിട്ടുണ്ട്. മന്‍ഹജുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക ശിക്ഷണ രീതി), ജാഹിലിയ്യതുല്‍ ഖര്‍നില്‍ ഇശ്‌രീന്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അന്ധകാരം), അത്തത്വവ്വുറു വസ്സുബാത് ഫി ഹയാതില്‍ ബശരിയ്യ (മനുഷ്യജീവിതത്തിലെ പരിവര്‍ത്തനവും സ്ഥിരതയും), അല്‍ മദാഹിബുല്‍ ഫിക്‌രിയ അല്‍ മുആസ്വറ (സമകാലിക ചിന്താപ്രസ്ഥാനങ്ങള്‍), ശുബുഹാതുന്‍ ഹൗലല്‍ ഇസ്‌ലാം (തെറ്റിദ്ധരിക്കപ്പെട്ട മതം), മന്‍ഹജുല്‍ ഫന്നില്‍ ഇസ്‌ലാമി (ഇസ്‌ലാമിക കലാരീതി), ദിറാസാതുന്‍ ഖുര്‍ആനിയ്യ (ഖുര്‍ആനിക പഠനങ്ങള്‍) മഅ്‌റകതുത്തഖാലീദ് (പാരമ്പര്യത്തോടുള്ള പോരാട്ടം), കൈഫ നക്തുബു അത്താരീഖല്‍ ഇസ്‌ലാമി (എങ്ങനെ ഇസ്‌ലാമിക ചരിത്രമെഴുതാം?), അല്‍ മുസ്‌ലിമൂന വല്‍ ഔലമ (മുസ്‌ലിംകളും ആഗോളവത്കരണവും), അല്‍ മുസ്തശ്‌രിഖൂന വല്‍ ഇസ്‌ലാം (ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമും), ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
അഡ്വ. മഹ്മൂദ് പറച്ചക്ക് വധഭീഷണി
സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ ഒരാളാണ് മഹ്മൂദ് പറച്ച. ഇപ്പോഴദ്ദേഹം കൈകാര്യം ചെയ്യുന്നത് ഭീകരതയുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളാണ്. പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ ഭീകരകഥകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അത്തരക്കാരെ വിചാരണ ചെയ്ത് ജയിലിലടക്കണമെന്നും അഡ്വ. പറച്ച ഈയിടെ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ടെലിഫോണിലും എസ്.എം.എസിലും വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. രവി പൂജാരി എന്നയാള്‍ നയിക്കുന്ന ഗുണ്ടാ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അഡ്വ. പറച്ചയുടെ ജീവന്‍ രക്ഷിക്കണമെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആവശ്യപ്പെടുകയുണ്ടായി. ''ഭീകരതയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഒട്ടേറെ സാങ്കേതിക പിഴവുകള്‍ ഡോ. പറച്ച കണ്ടെത്തിയിട്ടുണ്ട്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് അതിന്റെ അര്‍ഥം. ഇത് നടത്തിയവരെ പിടികൂടി വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് തുറന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ന്നത്. പക്ഷേ, ഇന്നേവരെ അഡ്വ. പറച്ചക്ക് യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയും ഉണ്ടായിട്ടില്ല.''
വധഭീഷണി സുരക്ഷാ ഏജന്‍സികളൊന്നും കാര്യമായെടുത്തില്ല. ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് മുസ്‌ലിം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ഇതുപോലെ ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റെടുത്ത അഡ്വ. ശാഹിദ് അസ്മി, അഡ്വ. അക്ബര്‍ പട്ടേല്‍ എന്നിവര്‍ വധിക്കപ്പെട്ടിരുന്നു. അത്തരം കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇതിലൊന്നും പ്രതികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാറില്ല. പോലീസും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ വെളിപ്പെടുന്നത്. കുറ്റാരോപിതര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുക എന്നതാണ് കള്ളക്കേസുകള്‍ കെട്ടിച്ചമക്കുന്നവരുടെ തന്ത്രം. എന്നാല്‍ മഹ്മൂദ് പറച്ച ഏറ്റെടുത്ത കേസുകളെ ആ തരത്തില്‍ ദുര്‍ബലപ്പെടുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ടു സര്‍ക്ക്ള്‍ നെറ്റിന് മഹ്മൂദ് പറച്ച നല്‍കിയ അഭിമുഖവും മഹാരാഷ്ട്ര പോലീസിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. നിലവിലെ മുംബൈ പോലീസ് കമീഷണര്‍ രാകേശ് മരിയയെ അറസ്റ്റ് ചെയ്യണമെന്നും ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തി വിചാരണ ചെയ്യണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഭിമുഖം സൈറ്റില്‍നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം പറച്ച നിരാകരിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയടക്കം പലവിധ സമ്മര്‍ദങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നത്.
Comments