Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ ജാഗ്രത

അബ്ദുല്ലത്വീഫ് കൊടുവള്ളി /ലേഖനം

      ഇസ്‌ലാമിക ദര്‍ശനപ്രകാരം ഏറ്റവും വലിയ പാപമാണ് ബഹുദൈവവിശ്വാസം. ''തീര്‍ച്ചയായും ബഹുദൈവവിശ്വാസം മഹാ അക്രമം തന്നെയാണ്'' (ലുഖ്മാന്‍ 13). ''തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കപ്പെടുന്നതിനെ പൊറുക്കുകയില്ല, ബഹുദൈവവിശ്വാസമൊഴികെയുള്ള പാപങ്ങള്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും'' (അന്നിസാഅ് 48,116). അല്ലാഹുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതും അവന്റെ അവകാശങ്ങള്‍ ഹനിക്കുന്നതും വ്യാജ ദൈവങ്ങളെ ആരോപിക്കുന്നതുമാണ് ബഹുദൈവവിശ്വാസം മഹാ പാപമാകാന്‍ കാരണം. 'അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചതെന്നിരിക്കെ നീ അവനില്‍ പങ്കുകാരെ ആരോപിക്കലാണ് ശിര്‍ക്ക്' എന്ന നബിവചനം എന്തുകൊണ്ടാണ് ശിര്‍ക്ക് മഹാ പാപമായതെന്ന് പഠിപ്പിക്കുന്നു.

പല ദൈവങ്ങളിലേക്ക് ചിതറിപ്പോവുന്ന വിശ്വാസത്തെ ഏകനായ ദൈവത്തില്‍ ഏകീകരിക്കുക അഥവാ കേന്ദ്രീകരിക്കുക എന്നതാണ് ശിര്‍ക്കിന്റെ വിപരീതമായ തൗഹീദിന്റെ അര്‍ഥം. തൗഹീദ് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായകമായ മൂന്ന് സൂക്തങ്ങള്‍ അല്‍ അന്‍ആം അധ്യായത്തിലുണ്ട്. ''നബിയേ, താങ്കള്‍ പറയുക: ഞാന്‍ അല്ലാഹു അല്ലാത്തവരെ റബ്ബായി ആഗ്രഹിക്കുകയോ, അവനാണ് എല്ലാ വസ്തുക്കളുടെയും റബ്ബെന്നിരിക്കെ!'' (164), ''നബിയേ, താങ്കള്‍ പറയുക: ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹു അല്ലാത്തവരെ ഞാന്‍ വലിയ്യായി സ്വീകരിക്കുകയോ?'' (14), ''ഞാന്‍ അല്ലാഹു അല്ലാത്തവരെ വിധികര്‍ത്താവായി അന്വേഷിക്കുകയോ? നിങ്ങള്‍ക്ക് വിശദമായ നിലയില്‍ ഗ്രന്ഥം അവതരിപ്പിച്ചുതന്നത് അവനാകുന്നു'' (114). ആരാധന, രക്ഷാകര്‍തൃത്വം, വിധികര്‍തൃത്വാധികാരം മുതലായവയെല്ലാം അല്ലാഹുവിനു മാത്രമേ വകവെച്ചു കൊടുക്കാവൂ എന്നാണ് മേല്‍ സൂക്തങ്ങളുടെ താല്‍പര്യം, അഥവാ അതാണ് തൗഹീദ്.

എന്നാല്‍, മേല്‍ ആശയം ചരിത്രത്തില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ മാത്രമായ ആ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വ്യാജ ദൈവങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വഴികെട്ട മനുഷ്യര്‍ അതിന് ഒത്താശ ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''ബഹുദൈവവിശ്വാസികള്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവില്‍) പങ്കുചേര്‍ക്കുമായിരുന്നില്ല, ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നില്ല. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നിഷേധിച്ചുകളയുകയുണ്ടായി...'' (അല്‍അന്‍ആം 148). ''അല്ലാഹുവോട് പങ്കുചേര്‍ത്തവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവനു പുറമെ യാതൊന്നിനെയും ഇബാദത്തു ചെയ്യുമായിരുന്നില്ല. അവന്റെ കല്‍പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു. അതുപോലെ തന്നെ അവര്‍ക്ക് മുമ്പുള്ളവരും ചെയ്തിട്ടുണ്ട്..'' (അന്നഹ്ല്‍ 35). രണ്ട് സൂക്തങ്ങളുടെയും ആശയം ഒന്നുതന്നെ. ആരാധനയും നിയമനിര്‍മാണാവകാശവും അല്ലാഹുവിനു മാത്രം. രണ്ടു മേഖലയിലെയും ശിര്‍ക്കിനെ എക്കാലത്തും ജനങ്ങള്‍ ന്യായീകരിച്ചിട്ടുണ്ടെന്ന് വ്യക്തം.

മഹാപാപം എന്ന പോലെത്തന്നെ അതീവ ഗോപ്യമായി സംഭവിക്കുന്ന പാപം എന്ന പ്രത്യേകതയും ശിര്‍ക്കിനുണ്ട്. 'ഉറുമ്പ് ഇഴഞ്ഞുവരുന്നതിനേക്കാള്‍ ഗോപ്യമാണ് ശിര്‍ക്ക്' എന്ന് നബി(സ) പറഞ്ഞപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുകയോ, അല്ലാഹുവിന്റെ കൂടെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുകയോ ചെയ്യുന്നതു മാത്രമല്ലേ ശിര്‍ക്ക്?'' നബി(സ): ''ഉറുമ്പ് അരിച്ചു നടക്കുന്നതിനേക്കാള്‍ ഗോപ്യമായാണ് നിങ്ങളില്‍ ശിര്‍ക്ക് സംഭവിക്കുക'' (അബൂയഅ്‌ലാ, ഇബ്‌നുല്‍ മുന്‍ദിര്‍).

ഹൃദയംഗമമായി ഏകദൈവവിശ്വാസമംഗീകരിച്ച വ്യക്തി, ഏത് തെറ്റുകള്‍ ചെയ്താലും അവയുടെ ശിക്ഷകള്‍ അനുഭവിച്ചുകഴിഞ്ഞാല്‍, ഏകദൈവവിശ്വാസത്തിന്റെ ബലത്തില്‍ അയാളെ പിന്നീട് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ശിര്‍ക്കിന്റെ അപകടം ഇതില്‍ നിന്ന് മനസ്സിലാക്കാം. ആരാധനാ-നിയമനിര്‍മാണ മേഖലകളില്‍ പുതിയ പുതിയ ശിര്‍ക്കുകളിലേക്ക് പണ്ഡിത പുരോഹിതന്മാര്‍ തങ്ങളെ നയിക്കുമ്പോള്‍ തങ്ങളുടെ പരമ ലക്ഷ്യമായ സ്വര്‍ഗമാണ് നഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം.

ശിര്‍ക്കിനെ തിരിച്ചറിയുക

ശിര്‍ക്ക് വലുത്, ചെറുത്, പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ പലതുണ്ട്. അവ തിരിച്ചറിയുക എന്നതാണ് ഏക ദൈവവിശ്വാസത്തിന്റെ പ്രഥമ പടി(ഏറ്റവും വലിയ ശിര്‍ക്ക് ഏതെന്ന് മുകളില്‍ വിശദീകരിച്ചു).

ചെറിയ ശിര്‍ക്കിന്റെ ഇനങ്ങള്‍

1. അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍: നബി(സ) പറയുന്നു: ''അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്തവന്‍ നിഷേധിയായി, അഥവാ, ബഹുദൈവവിശ്വാസിയായി'' (തിര്‍മിദി). 

2. ലോകത്തെ എല്ലാ കാര്യങ്ങളും കാര്യകാരണ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. വിശപ്പു മാറാന്‍ ഭക്ഷണം, ദാഹം ശമിക്കാന്‍ വെള്ളം, രോഗശമനത്തിന് ഔഷധം, പ്രതിരോധത്തിന് ആയുധം മുതലായവ ഉദാഹരണം. ദുരിത നിവാരണത്തിന് അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ഗോപ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ശിര്‍ക്കായി മാറും. ഒരാളുടെ തോള്‍ കൈയില്‍ സ്വര്‍ണത്തിന്റെയോ പിച്ചളയുടെയോ വളയം കണ്ട നബി(സ) ചോദിച്ചു: ''ഇതെന്താണ്?'' അയാള്‍: ''വാതരോഗത്തിന് പ്രതിരോധമായി കെട്ടിയതാണ്''. നബി(സ): ''വളയം നിനക്ക് ബലക്ഷയം വര്‍ധിപ്പിക്കുകയേ ഉള്ളൂ. അത് വലിച്ചെറിയുക. അത് ശരീരത്തിലുള്ള അവസ്ഥയില്‍ നീ മരിച്ചാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല'' (അഹ്മദ്). ഒരു രോഗിയെ സന്ദര്‍ശിച്ച ഹുദൈഫത്തുബ്‌നുല്‍ യമാന്‍ അയാളുടെ തോള്‍ കൈയില്‍ പനിയെ പ്രതിരോധിക്കാനായി നൂല് കെട്ടിയത് കണ്ടപ്പോള്‍ അത് പിടിച്ചറുത്തു കളഞ്ഞിട്ട് ഈ സൂക്തം ഓതി: ''അവരിലധികപേരും ബഹുദൈവവിശ്വാസികളായിക്കൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല'' (യൂസുഫ് 106).

3. ഉറുക്ക്, ഏലസ്സ്: കുട്ടികള്‍ക്ക് ജിന്നുബാധ ഏല്‍ക്കാതിരിക്കാനായി അറബികള്‍ അവര്‍ക്ക് ഏലസ്സ് കെട്ടിയിരുന്നു. നബി(സ) പറയുന്നു: ''ആരെങ്കിലും ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ കാര്യം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ, ആരെങ്കിലും ഉറുക്ക് കെട്ടിയാല്‍ അല്ലാഹു അവനെ സംരക്ഷിക്കാതിരിക്കട്ടെ'' (അഹ്മദ്). സഈദുബ്‌നു ജുബൈര്‍ പറയുന്നു: 'ആരെങ്കിലും ഒരാളില്‍ നിന്ന് ഏലസ്സ് അറുത്തുമാറ്റിയാല്‍ അത് ഒരടിമയെ മോചിപ്പിച്ചതിനു തുല്യം പുണ്യകരമാണ്.'

4. മന്ത്രങ്ങള്‍: അല്ലാഹുവിന്റെ വചനങ്ങളോ നാമങ്ങളോ അല്ലാത്തവ കൊണ്ട് മന്ത്രിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഔഫുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ''ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു''. ഞങ്ങള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, അവയെ പറ്റി താങ്കളുടെ അഭിപ്രായമെന്ത്?'' നബി(സ): ''നിങ്ങളുടെ മന്ത്രങ്ങള്‍ എന്റെ മുമ്പില്‍ അവതരിപ്പിക്കൂ. ബഹുദൈവവിശ്വാസമില്ലാത്ത മന്ത്രങ്ങള്‍ കുഴപ്പമില്ല'' (മുസ്‌ലിം). ഇമാം സുയൂത്വി എഴുതുന്നു: ''മന്ത്രം സാധുവാകാന്‍ മൂന്നു നിബന്ധനകളുണ്ട്. ഒന്ന്, അല്ലാഹുവിന്റെ വചനങ്ങള്‍ കൊണ്ടോ അവന്റെ നാമങ്ങള്‍ അഥവാ ഗുണവിശേഷങ്ങള്‍ എന്നിവ കൊണ്ടോ ആയിരിക്കണം. രണ്ട്, അറബി ഭാഷയിലും അര്‍ഥം ഗ്രാഹ്യമാവുന്നതുമായിരിക്കണം. മൂന്ന്, മന്ത്രത്തിന് സ്വന്തം നിലയില്‍ രോഗശമനശേഷിയില്ലെന്നും അല്ലാഹുവിന്റെ വിധിവശാല്‍ മാത്രമാണ് ഫലിക്കുകയെന്നും വിശ്വസിച്ചിരിക്കണം.''

5. മാരണം: ഏഴു വന്‍ പാപങ്ങളിലൊന്നാണ് മാരണം. 'മാരണം ചെയ്തവന്‍ ബഹുദൈവവിശ്വാസിയായി' എന്നാണ് നബി വചനം. മാരണം ചെയ്യുന്ന പുരുഷനെയും സ്ത്രീയെയും വധിച്ചുകളയാന്‍ ഖലീഫ ഉമര്‍(റ) ഉത്തരവ് നല്‍കിയിരുന്നു. ഇതുപ്രകാരം മൂന്ന് പേരെ വധിച്ചതായി ബജാല റിപ്പോര്‍ട്ട് ചെയ്യുന്നു (ബുഖാരി).

6. ജ്യോതിഷം: ജ്യേതിഷ വിദ്യ സ്വായത്തമാക്കുന്നവന്‍ മാരണത്തിന്റെ ഒരു ശാഖയാണ് വശമാക്കുന്നത് (അബൂദാവൂദ്).

7. ജ്യോത്സ്യ വൃത്തി: അദൃശ്യകാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവരെ സമീപിക്കുന്നതും അവരെ വിശ്വസിക്കുന്നതും ഒരുവന്റെ നാല്‍പത് ദിവസത്തെ നമസ്‌കാരത്തെ ദുര്‍ബലപ്പെടുത്തും (മുസ്‌ലിം).

8. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരല്‍. ഒരാള്‍ ബുവാന എന്ന സ്ഥലത്ത് വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ നേര്‍ച്ചയാക്കി. അതേപ്പറ്റി നബി(സ)യോട് ചോദിച്ചു. നബി(സ): ''അവിടെ ജാഹിലിയ്യ കാലത്ത് ഏതെങ്കിലും വിഗ്രഹം ആരാധിക്കപ്പെട്ടിരുന്നുവോ?'' അയാള്‍: ''ഇല്ല''. നബി(സ): ''അവിടെ അവരുടെ വല്ല ഉത്സവവും നടന്നിരുന്നോ?'' അയാള്‍: ''ഇല്ല''. നബി(സ): ''നീ നിന്റെ നേര്‍ച്ച പൂര്‍ത്തിയാക്കുക. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഒരു നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതില്ല'' (അബൂദാവൂദ്).

9. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക. 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു' (മുസ്‌ലിം). ത്വാരിഖ് ബ്‌നു ശിഹാബ് നബി (സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ''ഒരു ഈച്ചയെച്ചൊല്ലി ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഈച്ചയെ ചൊല്ലിത്തന്നെ മറ്റൊരാള്‍ നരകത്തിലും പ്രവേശിച്ചു''. സ്വഹാബികള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, അതെങ്ങനെയാണ്?'' നബി(സ): ''രണ്ടു പേര്‍ വിഗ്രഹഭക്തരായ ഒരു സമൂഹത്തിന്റെ സമീപത്തുകൂടി കടന്നുപോവുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു വിഗ്രഹത്തിന് ബലിയര്‍പ്പിച്ചു മാത്രമേ അതുവഴി ആളുകള്‍ക്ക് കടന്നുപോവാന്‍ കഴിയുമായിരുന്നുള്ളൂ. അവര്‍ ഇവരിലൊരാളോട് പറഞ്ഞു: 'വിഗ്രഹത്തിന് വല്ലതും ബലിയര്‍പ്പിക്കണം.' ഒരാള്‍ പറഞ്ഞു: 'ബലിയര്‍പ്പിക്കാന്‍ എന്റെ വശം ഒന്നുമില്ല.' അവര്‍: 'ഒരു ഈച്ചയെയെങ്കിലും ബലിയര്‍പ്പിക്കുക.' അയാള്‍ ഒരു ഈച്ചയെ ബലി നല്‍കി. അവര്‍ അയാളെ പോകാന്‍ അനുവദിച്ചു. അയാള്‍ നരകത്തില്‍ പ്രവേശിച്ചു. അവര്‍ മറ്റേയാളോട് പറഞ്ഞു: 'വല്ലതും ബലിയറുക്കൂ.' അയാള്‍: 'ഞാന്‍ അല്ലാഹുവിനല്ലാതെ ബലിയര്‍പ്പിക്കില്ല.' അവര്‍ അയാളുടെ കഴുത്ത് വെട്ടി. അയാള്‍ സ്വര്‍ഗസ്ഥനായി'' (അഹ്മദ്).

10. അശുഭലക്ഷണം നോക്കല്‍: അശുഭകരമായ ചില ശബ്ദങ്ങളോ കാഴ്ചകളോ വസ്തുക്കളോ കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരില്‍, തീരുമാനിച്ച കാര്യത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് ബഹുദൈവവിശ്വാസമാണ്. നബി(സ) പറഞ്ഞു: ''അശുഭലക്ഷണം അനുഭവപ്പെട്ടതിന്റെ പേരില്‍ ആരെങ്കിലും തന്റെ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ അയാള്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തു. സ്വഹാബികള്‍: 'അതിന്റെ പ്രായശ്ചിത്തമെന്താണ്?' നബി(സ): 'അല്ലാഹുവേ, നിന്റെ നന്മയല്ലാതെ നന്മയില്ല. നിന്റെ ലക്ഷണമല്ലാതെ ലക്ഷണമില്ല. നീ അല്ലാതെ ദൈവമില്ല' എന്ന് അവന്‍ പറയലാണ് (അഹ്മദ്). മറ്റുള്ളവരെ കാണിക്കാനായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നത് ലോകമാന്യം (രിയാഅ്) എന്ന ചെറുശിര്‍ക്കാണെന്ന നബിവചനം പ്രസിദ്ധമാണല്ലോ.

ജാഗ്രത പാലിക്കുക

മുസ്‌ലിംകള്‍ ബഹുദൈവവിശ്വാസത്തില്‍ അകപ്പെടാതിരിക്കാനായി അതിലേക്ക് വഴി തുറക്കുന്ന എല്ലാ പഴുതുകളും നബി(സ) കൊട്ടിയടക്കുകയുണ്ടായി. അവയില്‍ ചിലത് താഴെ:

1. നബി(സ)യെ ദിവ്യപരിധിയോളം ഉയര്‍ത്തല്‍: നബി(സ) പറഞ്ഞു: 'ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകന്‍ ഈസായെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്താതിരിക്കുക. ഞാന്‍ ഒരു ദാസന്‍ മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ പറയുക: ''അല്ലാഹുവിന്റെ ദാസന്‍, അവന്റെ ദൂതന്‍'' (ബുഖാരി, മുസ്‌ലിം). 'അല്ലാഹു എനിക്ക് നല്‍കിയ സ്ഥാനത്തിലുപരിയായി നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല' (നസാഈ).

2. സച്ചരിതരെ അതിരുകവിഞ്ഞ് ആദരിക്കല്‍: നൂഹ് നബിയുടെ കാലത്തെ സ്വാലിഹുകളായ സുവാഅ്, യഊഖ്, യഗൂസ്, നസ്‌റ് എന്നിവരെ അന്നത്തെ ആളുകള്‍ അതിരുകവിഞ്ഞ് ആദരിച്ച്, ക്രമേണ ആരാധനയിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഇസ്‌ലാമിക ചരിത്രം പറയുന്നു.

3. ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കി മാറ്റല്‍: നബി(സ) പറയുന്നു: ''അറിയുക, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ തങ്ങളുടെ നബിമാരുടെ ഖബ്‌റുകള്‍ പള്ളികളാക്കി മാറ്റി. അറിയുക, അതുകൊണ്ട് നിങ്ങള്‍ ഖബ്‌റുകള്‍ ദേവാലയങ്ങളാക്കരുത്. ഞാന്‍ നിങ്ങളെ അതില്‍നിന്ന് വിലക്കുന്നു'' (മുസ്‌ലിം).

4. ഖബ്‌റുകളില്‍ വിളക്ക് കത്തിക്കല്‍: ''ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും അവയുടെ മേല്‍ പള്ളികള്‍ ഉണ്ടാക്കുന്നവരെയും വിളക്കുകള്‍ വെക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു'' (നബിവചനം).

5. കെട്ടിട നിര്‍മാണവും സിമന്റിടലും: ''ഖബ്‌റുകളില്‍ സിമന്റിടുന്നതും അവമേല്‍ ഇരിക്കുന്നതും അവമേല്‍ കെട്ടിടമുണ്ടാക്കുന്നതും നബി(സ) നിരോധിച്ചു'' (മുസ്‌ലിം). ''ഖബ്‌റുകള്‍ സിമന്റിടുന്നതും അവയുടെ മേല്‍ എഴുതുന്നതും നബി(സ) നിരോധിച്ചു'' (അബൂദാവൂദ്, തിര്‍മിദി). ''ഭൂമിയുടെ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഖബ്‌റുകള്‍ നിരപ്പാക്കാതെ വിടരുതെന്ന് നിര്‍ദേശിച്ച് നബി(സ) അലി(റ)യെ നിയോഗിച്ചു'' (മുസ്‌ലിം). ഖബ്ര്‍ സംവിധാനിക്കാന്‍ കൂടുതലായി മണ്ണും കല്ലും ഇഷ്ടികയും ഉപയോഗിക്കുന്നത് നബി(സ) വിലക്കിയതായി സുനനു അബീദാവൂദില്‍ കാണാം.

6. ഖബ്‌റുകള്‍ ഉത്സവസ്ഥലമാക്കല്‍: ''നിങ്ങള്‍ എന്റെ ഖബ്‌റിനെ ഉത്സവസ്ഥലമാക്കരുത്'' (അബൂദാവൂദ്). ''നബി(സ)യുടെ ഖബ്‌റിനടുത്തുള്ള ഒരു വിടവിനുള്ളില്‍ കയറി അദ്ദേഹത്തോട് ഒരാള്‍ പ്രാര്‍ഥിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഹുസൈന്റെ മകന്‍ അലി അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ എന്റെ ഖബ്‌റിനെ ഉത്സവസ്ഥലമാക്കരുത്, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്കെത്തും' എന്ന് നബി(സ) പ്രസ്താവിച്ചതായി എന്റെ പിതാമഹന്‍ അലി(റ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു'' (അബൂയഅ്‌ലാ). നബി (സ)യുടെ ഖബ്ര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാവുമോ എന്ന് അവിടുന്ന് ആശങ്കിച്ചിരുന്നു. 'അല്ലാഹുവേ, എന്റെ ഖബ്ര്‍ നീ, ആരാധിക്കപ്പെടുന്ന ഖബ്‌റാക്കരുതേ. തങ്ങളുടെ നബിമാരുടെ ഖബ്‌റുകളെ പള്ളികളാക്കി മാറ്റിയ ജനതയുടെ മേല്‍ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു' (മാലിക്).

7. മരം, കല്ല് പോലുള്ള വസ്തുക്കള്‍ കൊണ്ട് ബര്‍ക്കത്തെടുക്കല്‍: അബൂവാഖിദിനല്ലൈസി(റ) പറയുന്നു: ''ഹുനൈന്‍ യുദ്ധവേളയില്‍ ഞങ്ങള്‍ നബി(സ)യോടൊപ്പം ഹുനൈനിലേക്ക് പോവുകയായിരുന്നു. ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിട്ട് അപ്പോഴേക്ക് കൂടുതല്‍ കാലമായിരുന്നില്ല. ബഹുദൈവവിശ്വാസികള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു. അവര്‍ അതിന്റെയടുത്ത് ഭജനമിരിക്കുകയും തങ്ങളുടെ ആയുധങ്ങള്‍ അതിന്മേല്‍ തൂക്കിയിടുകയും ചെയ്തിരുന്നു... അവിടുന്ന് പറഞ്ഞു: നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യകളെ പിന്‍പറ്റുക തന്നെ ചെയ്യും'' (തിര്‍മിദി). നബി(സ) സ്വഹാബികളില്‍നിന്ന് അനുസരണ പ്രതിജ്ഞ വാങ്ങിയ മരത്തിന്റെ അടുത്തുപോയി ചിലര്‍ നമസ്‌കരിക്കുന്നതറിഞ്ഞ ഉമര്‍(റ) പ്രസ്തുത മരം ആളെ അയച്ച് മുറിച്ചുകളഞ്ഞു. മഅ്‌റൂഫ് ബ്‌നു സുവൈദ് പറയുന്നു: ''മക്കയിലേക്കുള്ള യാത്രയില്‍ ഞാന്‍ ഉമറിന്റെ കൂടെ സുബ്ഹ് നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ പലരും പല വഴി പോയി. അദ്ദേഹം ചോദിച്ചു: 'ഇവര്‍ എങ്ങോട്ടാണ് പോവുന്നത്?' അപ്പോള്‍ ആരോ പറഞ്ഞു: 'ഇവിടെയടുത്തുള്ള നബി(സ) നമസ്‌കരിച്ച പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയതാണ്.' ഉമര്‍(റ): 'നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഇത്തരം പ്രവൃത്തികളിലൂടെയാണ് നശിച്ചത്. അവര്‍ അവരുടെ പ്രവാചകന്മാരുടെ ശേഷിപ്പുകള്‍ക്ക് പിറകെ പോവുകയും അവയെ ആരാധനാലയങ്ങളാക്കി മാറ്റുകയും ചെയ്തു. ഇത്തരം പള്ളികളിലാരിക്കെ നമസ്‌കാര സമയമായാല്‍ അവിടെ വെച്ച് നമസ്‌കരിക്കുക. അല്ലാത്തവര്‍ ലക്ഷ്യം വെച്ച് അങ്ങോട്ട് പോവേണ്ടതില്ല.''

7. ബഹുദൈവവിശ്വാസം ധ്വനിപ്പിക്കുന്ന വാക്കുകള്‍: അല്ലാഹുവിന്റെ അധികാരങ്ങളിലും അവകാശങ്ങളിലും കൈകടത്തുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നബിസ) നിരോധിക്കുകയുണ്ടായി. ഹുദൈഫ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: 'അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് എന്ന് പറയാതിരിക്കുക. അതിനു പകരം, അല്ലാഹു ഉദ്ദേശിച്ചതും പിന്നെ ഇന്ന ആള്‍ ഉദ്ദേശിച്ചതും' എന്നു പറഞ്ഞുകൊള്ളുക (അബൂദാവൂദ്). അല്ലാഹുവിന്റെ ഉദ്ദേശ്യത്തെയും മനുഷ്യരുടെ ഉദ്ദേശ്യത്തെയും ഒരേപോലെ ചേര്‍ത്തുപറയരുതെന്ന് സാരം.

ചുരുക്കത്തില്‍ ബഹുദൈവത്വാശയം സ്ഫുരിക്കുന്ന ചിന്തകളോ വാക്കുകളോ പ്രയോഗങ്ങളോ മനോഭാവങ്ങളോ ഇല്ലാതെ ജാഗ്രതയോടെ കാത്തുസംരക്ഷിക്കേണ്ടതാണ് ഏകദൈവവിശ്വാസം.

ബിദ്അത്തുകള്‍

ശിര്‍ക്ക് കഴിഞ്ഞാല്‍ ഇസ്‌ലാമിക സമൂഹത്തെ വഴിതെറ്റിക്കുന്ന സുപ്രധാന റോള്‍ നിര്‍വഹിക്കുന്നത് ബിദ്അത്തുകളാണ്. നബി(സ)യുടെയോ ഖുലഫാഉര്‍റാശിദുകളുടെയോ മാതൃകയില്ലാത്തതും, പുണ്യകരമല്ലേ, നല്ലതല്ലേ എന്ന ന്യായേന പല കാലങ്ങളിലായി വികസിച്ചുവന്നതുമാണ് ബിദ്അത്തുകള്‍. കഴിഞ്ഞ ആയിരത്തിനാനൂറ് വര്‍ഷക്കാലത്തെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍, ഓരോ നൂറ്റാണ്ട് കഴിയുമ്പോഴും പുതിയ പുതിയ ബിദ്അത്തുകള്‍ വികസിച്ചുവന്നതായും മുന്‍കാല ബിദ്അത്തുകള്‍ പില്‍ക്കാലങ്ങളില്‍ തിടം വെച്ചു വന്നതായും കാണാം. ഇസ്‌ലാമിക സമൂഹത്തിന്റെ സകല സന്ധിബന്ധങ്ങളും ബിദ്അത്ത് മയമായിത്തീരുന്ന ഈ ദുരവസ്ഥയെക്കുറിച്ച് നബി(സ) ദീര്‍ഘ ദര്‍ശനം ചെയ്യുന്നു: ''എന്റെ സമൂഹത്തില്‍ ചിലയാളുകള്‍ രംഗത്തുവരും. പേപ്പട്ടി വിഷം അതേറ്റ ആളിലെന്ന പോലെ ദുഷിച്ച താല്‍പര്യങ്ങള്‍ അവരില്‍ പരന്നൊഴുകും. അത് ചെന്നെത്താത്ത ഒറ്റ നാഡിയും സന്ധിയും അയാളില്‍ ശേഷിക്കുകയില്ല'' (അബൂദാവൂദ്). ''എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിക്കുകയാണെങ്കില്‍ അയാള്‍ ധാരാളം ഭിന്നതകള്‍ കണ്ടെന്നുവരാം. അതിനാല്‍ നിങ്ങള്‍ എന്റെ ചര്യയും സച്ചരിതരും സന്മാര്‍ഗചാരികളുമായ ഖലീഫമാരുടെ ചര്യയും കൈക്കൊള്ളുവിന്‍. അത് മുറുകെ പിടിക്കുവിന്‍. അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുവിന്‍. പുത്തന്‍ കാര്യങ്ങള്‍ വെടിയുവിന്‍. ഏതൊരു ബിദ്അത്തും ദുരാചാരമാണ്. ഏതൊരു ദുരാചാരവും ദുര്‍മാര്‍ഗവുമാണ്'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ദാറമി). ''അവസാനകാലത്ത് ചില വ്യാജവാദികള്‍ വരും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേട്ടിട്ടില്ലാത്ത ചില വൃത്താന്തങ്ങളുമായി അവര്‍ നിങ്ങളെ സമീപിക്കും. അവര്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാനും നിങ്ങളെ കുഴപ്പത്തിലകപ്പെടുത്താതിരിക്കാനും ജാഗ്രത പുലര്‍ത്തുക'' (നബിവചനം). 'എനിക്ക് ശേഷം നിര്‍ജീവമാക്കിക്കളഞ്ഞ എന്റെ ഒരു സുന്നത്തിനെ ആരെങ്കിലും പുനഃസ്ഥാപിച്ചാല്‍ അവന് അത് പ്രാവര്‍ത്തികമാക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലമുണ്ട്; അവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരികയില്ല. അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടാത്ത ഒരു ദുരാചാരം (ബിദ്അത്ത് ദലാലഃ) ആരെങ്കിലും ആവിഷ്‌കരിച്ചാല്‍ അവന് അതനുസിരച്ച് പ്രവര്‍ത്തിച്ചവരുടേതിന് തുല്യമായ പാപവുമുണ്ട്; അവരുടെ പാപത്തില്‍ ഒരു കുറവും വരികയുമില്ല' (തിര്‍മിദി, ഇബ്‌നുമാജ)

ഇസ്‌ലാമില്‍ ഒരടിസ്ഥാനവുമില്ലാത്തതും പുണ്യമുദ്ദേശിച്ചു നടത്തുന്നതുമായ ഒട്ടേറെ അനുഷ്ഠാനങ്ങളും ചടങ്ങുകളും നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം അല്ലാഹുവിന്റെയും നബി(സ)യുടെയും ആവിഷ്‌കാര കുത്തക മറികടക്കുന്നവ. ഉദാഹരണം: ''നബിദിനം മുസ്‌ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം. സര്‍വലോകത്തിന്റെ വിമോചകനായ നബി പിറന്ന നാളില്‍ വിശ്വാസികള്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റേത് ആഘോഷമാണുള്ളത്'' (രിസാല മാസിക 1987 നവംബര്‍, പേജ് 9). ''കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബി(സ) ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമേറിയതാണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ച ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ മഹത്വം ഉള്ളത് നബി(സ) ജനിച്ച രാത്രിക്കാണ്''- ശര്‍വാനി 3/462'' (ദ്വീപ് നാദം ദൈ്വവാരിക, 2004 ജൂണ്‍ 1-15, പേജ് 2). ''ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ നബിദിനത്തിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഇമാമുകള്‍ അഭിപ്രായപ്പെടുന്നത്'' (നബിദിനം പ്രവാചക സവിശേഷത, പേജ് 13, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍).

പ്രവാചക പ്രോക്തമായ ഇബാദത്തുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സ്വന്തം നിലയില്‍ ആവിഷ്‌കാരങ്ങള്‍ നല്‍കുന്നതിനെ സ്വഹാബികള്‍ എത്രമേല്‍ ശക്തമായി ചെറുത്തിരുന്നുവെന്നതിന് താഴെ സംഭവം മികച്ച ഉദാഹരണമാണ്. അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദിനോട് പറഞ്ഞു: ''ഞാന്‍ പള്ളിയില്‍ അരോചകമായ ഒരു കാര്യം കണ്ടു. ആളുകള്‍ കൈകളില്‍ ചെറുകല്ലുകളുമായി പല വൃത്തങ്ങളായി ഇരിക്കുന്നു. ഒരാള്‍ 'നിങ്ങള്‍ തക്ബീര്‍ ചൊല്ലൂ' എന്നു പറയുന്നു. ആളുകള്‍ അത് കേട്ട് തക്ബീര്‍ ചൊല്ലുന്നു. അയാള്‍ വീണ്ടും പറയുന്നു: 'നിങ്ങള്‍ നൂറു തവണ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക.' അവര്‍ നൂറ് തവണ തഹ്‌ലീല്‍ ചൊല്ലി. അയാള്‍ തുടര്‍ന്നു പറഞ്ഞു: 'നിങ്ങള്‍ നൂറ് തവണ തസ്ബീഹ് ചൊല്ലുക.' അവര്‍ നൂറ് തവണ തസ്ബീഹ് ചൊല്ലി. ഇബ്‌നു മസ്ഊദ് അബൂമൂസല്‍ അശ്അരിയോട് ചോദിച്ചു: 'എന്നിട്ട് നിങ്ങള്‍ എന്തു പറഞ്ഞു?' അബൂമൂസ പറഞ്ഞു: 'ഞാന്‍ അവരോട് ഒന്നും പറഞ്ഞില്ല. നിങ്ങളെ കാത്തിരുന്നതാണ്.' ഇബ്‌നു മസ്ഊദ്: 'അവരോട് അവരുടെ പാപങ്ങള്‍ എണ്ണാന്‍ പറഞ്ഞുകൂടായിരുന്നുവോ? അവരുടെ നന്മകള്‍ നഷ്ടപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പുകൊടുത്തുകൂടായിരുന്നുവോ?' ഇതും പറഞ്ഞ് അദ്ദേഹം അവരെ ശാസിച്ചുകൊണ്ട് തുടര്‍ന്നു: 'മുഹമ്മദിന്റെ സമുദായമേ, നിങ്ങള്‍ എത്ര വേഗമാണ് നശിക്കുന്നത്! നിങ്ങളുടെ പ്രവാചകന്റെ സ്വഹാബികള്‍ ഇതാ ധാരാളം പേര്‍ ജീവിച്ചിരിക്കുന്നു. അല്ലാഹുവാണ, നിങ്ങള്‍ മാര്‍ഗഭ്രംശത്തിന്റെ വാതില്‍ തുറക്കുകയാണ്.' അവര്‍: 'അല്ലാഹുവാണ, ഞങ്ങള്‍ നല്ലതല്ലാതെ ഉദ്ദേശിച്ചിട്ടില്ല.' അദ്ദേഹം: 'നന്മ ഉദ്ദേശിച്ച എത്രയോ ആളുകള്‍ക്ക് അത് ലഭ്യമാവാതെ പോയിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ചിലരുടെ തൊണ്ടകളുടെ താഴോട്ട് അത് കടന്നുപോവില്ലെന്ന് നബി(സ) ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടുന്ന് ഉദ്ദേശിച്ചവരില്‍ അധികപേരും നിങ്ങളില്‍നിന്ന് തന്നെയായിരിക്കാം'' (ദാറമി).

ശിര്‍ക്ക്-ബിദ്അത്തുകളുടെ വകഭേദങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം, സംസ്‌കരണ പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാവേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം