Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

കുടുംബശൈഥില്യവും ആധിപത്യ പ്രവണതകളും

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ /കുടുംബം

         അല്ലാഹുവുമായുള്ള ബന്ധം കഴിച്ചാല്‍ ഏറ്റവും പ്രധാനം ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമാണ്. അതിന്റെ പ്രാധാന്യവും ഗൗരവവും ഖുര്‍ആനും സുന്നത്തും തറപ്പിച്ചു പറയുകയും അത് നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാരണം, ആ ബന്ധത്തിന്റെ ഉലച്ചില്‍ കുടുംബത്തെ ശിഥിലമാക്കും, കുട്ടികളെ അനാഥരാക്കും, സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും. ഈ വിഷയകമായുള്ള ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചക നിര്‍ദേശങ്ങളും മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വളരെയേറെയാണ്. കുടുംബം ഖുര്‍ആന്റെ ഒരു കേന്ദ്ര വിഷയമാണ്. കാരണം, കുടുംബം മാനുഷ്യകത്തിന്റെ നിലനില്‍പിന്റെ ആധാരമാണ്, സമൂഹത്തിന്റെ സുരക്ഷയുടെ താക്കോലും.

ഈ വിഷയത്തില്‍ കൂടുതല്‍ വീഴ്ചവരുത്തുന്നത് ഭര്‍ത്താക്കന്മാരാണെന്ന് പറയാം. പ്രസ്ഥാന പ്രവര്‍ത്തകരും ഇതില്‍ നിന്നൊഴിവല്ല. പ്രസ്ഥാന പ്രവര്‍ത്തകരായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുന്നത് കാണുമ്പോള്‍ നമ്മുടെ തര്‍ബിയത്തിന്റെ സ്വാധീനം എത്ര എന്ന സംശയമുയരുക സ്വാഭാവികം. ഇത് മാറേണ്ടതുണ്ട്, മാറ്റേണ്ടതുണ്ട്. അതാണ് ഈ ലേഖനത്തിന്റെ ഒരു പ്രചോദനം.

വിവാഹത്തിനൊരുങ്ങുന്ന യുവാക്കളെ ഞാന്‍ ഉപദേശിക്കാറുണ്ട്: നിങ്ങള്‍ ഇരുവരും സ്വന്തം ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് നല്ലൊരു പഠനം നടത്തണം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കരാറുണ്ടാക്കണം.  വൈവാഹിക ജീവിതത്തില്‍ ഉയിരെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാണ്- ഭാഗികമായെങ്കിലും. ഇവ്വിഷയകമായി മൗലാനാ മൗദൂദിയുടെ 'ഭാര്യാ ഭര്‍ത്താക്കന്മാരുടെ അവകാശ ബാധ്യതകള്‍' എന്ന ഗ്രന്ഥം വളരെ സഹായകമാകും.

അവകാശങ്ങള്‍ക്കുള്ള മുറവിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാവുകയും ബാധ്യതകള്‍ പാടെ അവഗണിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ, മക്കള്‍ പിതാക്കള്‍ക്കെതിരെ, യുവാക്കള്‍ മുതിര്‍ന്നവര്‍ക്കെതിരെ, തൊഴിലാളികള്‍  ഉടമകള്‍ക്കെതിരെ, ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരെ; മറിച്ചും. ഇങ്ങനെ സമൂഹത്തിന്റെ മുഴുതലങ്ങളിലും അവകാശവാദങ്ങളും അവ മുന്‍നിര്‍ത്തിയുള്ള സമരങ്ങളും കൊടുമ്പിരിക്കൊള്ളുന്നു. ഈ സമരഘോഷങ്ങള്‍ക്കിടയില്‍ പാടെ വിസ്മരിക്കപ്പെടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്-പ്രശ്‌നത്തിന്റെ സാക്ഷാല്‍ പരിഹാരം. എല്ലാവരും എല്ലാ വിഭാഗവും തങ്ങളുടെ ബാധ്യതകള്‍ സ്വമേധയാ നിര്‍വഹിക്കുക. എങ്കില്‍ മറുപക്ഷത്തിന് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടിവരില്ല. കുടുംബത്തില്‍ ശാന്തി, സമൂഹത്തില്‍ സമാധാനം, രാഷ്ട്രത്തില്‍ സുരക്ഷ...

പക്ഷേ, മനുഷ്യന്‍ ദുര്‍ബലനായാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത് ഖുര്‍ആന്‍ അടിവരയിട്ട് പറഞ്ഞ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് അവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യതകള്‍ നിറവേറ്റാനുമുള്ള അധ്യാപനങ്ങളും നിര്‍ദേശങ്ങളും ഖുര്‍ആനും പ്രവാചകനും നല്‍കുന്നത്- പ്രാധാന്യപൂര്‍വം, ഗൗരവപൂര്‍വം.

സ്ത്രീകളോട് സൗമ്യമായി, യുക്തിയോടെ പെരുമാറാന്‍ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. മരണാസന്നവേളയില്‍ പോലും ആ ഉപദേശം പ്രവാചകന്‍(സ) ആവര്‍ത്തിച്ചുവെന്നത് ഒരു വശത്ത് വിഷയത്തിന്റെ പ്രാധാന്യം തറപ്പിച്ചു പറയുകയും മറുവശത്ത് അവിടുന്ന് സ്ത്രീവിമോചകനായിരുന്നുവെന്ന് വിളംബരപ്പെടുത്തുകയും ചെയ്യുന്നു.

പുരുഷന്മാരെ കര്‍ശനമായി പഠിപ്പിക്കുകയും സ്ത്രീ അനുഭാവികളായി അവരെ മാറ്റുകയും ചെയ്ത പ്രവാചകന്‍(സ) സ്ത്രീകള്‍ക്കും ധാരാളം ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്- കുടുംബഭദ്രത നിലനിര്‍ത്താന്‍. അത്തരം നിര്‍ദേശങ്ങളില്‍ വളരെ ആഴമുള്ള ഒന്നിതാ: ''അല്ലാഹുവല്ലാതെ ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ ഭാര്യയോട് ഞാന്‍ കല്‍പിക്കുമായിരുന്നു'' (ഇബ്‌നുമാജ). എത്ര സ്ത്രീകള്‍, എത്ര ഭാര്യമാര്‍ ഈ പ്രവാചകവചനത്തിന്റെ അര്‍ഥവും ആഴവും മനസ്സിലാക്കിയിട്ടുണ്ട്! ഭര്‍ത്താവ് അങ്ങോട്ട്  കയര്‍ക്കുന്നതിനേക്കാള്‍ ഭര്‍ത്താവിനോടിങ്ങോട്ട് കയര്‍ക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്ന, ഭര്‍ത്താവിനെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എത്ര ഭാര്യമാരുണ്ട്!

ഭര്‍ത്താക്കന്മാരുടെ ഏറ്റവും വലിയ വീഴ്ച, സ്ത്രീകളുടെ/ ഭാര്യമാരുടെ മനോഘടന മനസ്സിലാക്കുന്നതിലാണ്. സ്ത്രീകള്‍ പ്രകൃത്യാ പെട്ടെന്ന് വികാരത്തിന് അധീനപ്പെടുന്നവരാണ്, തരളിതരാണ്. പരുഷമായ പെരുമാറ്റം അവരെ വേദനിപ്പിക്കും, അകറ്റും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മാതൃക ഉദ്‌ഘോഷിക്കുന്ന പാശ്ചാത്യ നാടുകളില്‍ പോലും പുരുഷാധിപത്യം(Male Chauvinism) ഒരു വലിയ വിഷയമാണ്, സങ്കീര്‍ണ പ്രശ്‌നമാണ്. സന്തുലിതമായ, മധ്യവര്‍ത്തിയായ ഇസ്‌ലാമികാധ്യാപനങ്ങള്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ അനുധാവനം ചെയ്യേണ്ട മുസ്‌ലിംകള്‍ തന്നെ, പ്രത്യേകിച്ച് പ്രസ്ഥാന പ്രവര്‍ത്തകര്‍ തന്നെ വിപരീത മാതൃകകളാണ് കാഴ്ചവെക്കുന്നത്. ഇത് മാറണം. പ്രസ്ഥാനത്തിന് സര്‍വതോമുഖമായ പുരോഗതി കൈവരുത്താനും പ്രസ്ഥാനത്തിന്റെ ഇമേജ് പ്രശോഭിപ്പിക്കാനും അത് സഹായകമാവും. നമുക്ക് മാതൃകാ ഗ്രാമങ്ങളുണ്ടല്ലോ. ഇനി മാതൃകാ കുടുംബമാവട്ടെ. സംതൃപ്ത കുടുംബം, ചുറ്റും പ്രകാശം പരത്തുന്ന കുടുംബം, അയല്‍വാസികള്‍ക്ക് അനുഗ്രഹമാവുന്ന കുടുംബം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം