Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

ഖാദി മുഹമ്മദും ഒരു ചരിത്രഘട്ടവും

ഡോ. കെ.കെ.എന്‍ കുറുപ്പ് /പുസ്തകം

         നാഷണല്‍ മാനുസ്‌ക്രിപ്റ്റ് മിഷന്‍ ന്യൂദല്‍ഹിയുടെ സാമ്പത്തിക സഹായത്തോടെ മലബാറിലെ അറബി കൈയെഴുത്തുപ്രതികളെപ്പറ്റിയുള്ള അന്വേഷണവും പഠനവും 2011-ല്‍ ഈ ലേഖകന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സര്‍വകലാശാലയിലെ അറബിക് വിഭാഗത്തില്‍ നടക്കുകയുണ്ടായി. അന്നത്തെ അന്വേഷണത്തില്‍ വളാഞ്ചേരിയിലെ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥശേഖരത്തില്‍നിന്ന് ലഭിച്ച ഒരു രേഖ കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രപരമായ നേട്ടങ്ങളില്‍ അത്യന്തം ശ്രദ്ധേയമായ ഒന്നാണെന്നു പറയാം.

ഈ കൈയെഴുത്തുരേഖ ക്രി. 1571-ല്‍ ചാലിയം കോട്ട കീഴടക്കാന്‍ സാമൂതിരിപ്പാടും അദ്ദേഹത്തിന്റെ സൈന്യവിഭാഗങ്ങളും നടത്തിയ പരിശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്. ചാലിയം കോട്ട 1531-ല്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥലത്തെ ജുമുഅത്ത് പള്ളി നശിപ്പിച്ച് കെട്ടിപ്പടുത്ത ഒരു കോട്ടയായിരുന്നു. അതാകട്ടെ സാമൂതിരിപ്പാടിന്റെ രാജ്യത്തിനു നേരെ ഉയര്‍ന്ന ഏറ്റവും വലിയ കൊളോണിയല്‍ ഭീഷണി കൂടിയായിരുന്നു. അതിനെ തകര്‍ക്കാന്‍ വേണ്ടി പിന്നീട് സാമൂതിരിപ്പാടിനുതന്നെ പ്രവര്‍ത്തിക്കേണ്ടിവന്നു. ആ പ്രവര്‍ത്തനത്തിന്റെ വിശദമായ രേഖകള്‍ നമുക്ക് ലഭ്യമല്ല. എങ്കിലും ഫത്ഹുല്‍ മുബീന്‍ എന്ന മഹത്തായ ഒരു അറബികാവ്യത്തെ 1600-കളില്‍ ഒരു പൂര്‍വസ്മൃതിയുടെ രൂപത്തില്‍ കോഴിക്കോട് ഖാദിയായ ഖാദി മുഹമ്മദ് അവതരിപ്പിക്കുകയുണ്ടായി. ഫത്ഹുല്‍ മുബീന്‍ എന്ന ഈ കാവ്യം ക്ലാസ്സിക് അറബി സാഹിത്യത്തിലേക്കുള്ള കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്. സാമൂതിരിപ്പാടിന്റെ പടയാളികള്‍ ഹിന്ദുക്കളും മാപ്പിളമാരും ഒന്നിച്ചു നടത്തിയ ഒരു യുദ്ധത്തിന്റെ ഫലമായി ഈ കോട്ട കീഴടക്കപ്പെടുകയും പൊളിച്ചുമാറ്റപ്പെടുകയും ചെയ്തു. ഇതിന്റെ സൈനിക പശ്ചാത്തലം വിശദമാക്കുന്ന ഒരു രേഖയാണ് ദല്‍ഹിയിലെ മാനുസ്‌ക്രിപ്റ്റ് മിഷന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫയില്‍ ചാലിയം കോട്ടയുടെ ആക്രമണം രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു പിന്നിലെ സൈനിക തന്ത്രത്തെപ്പറ്റി മഖ്ദൂം നിശ്ശബ്ദനാണ്.

എന്നാല്‍, ഖാദി മുഹമ്മദിന്റെ ഈ അറബി രേഖ വളരെ ശ്രദ്ധേയമായ ഒരു സമരാഹ്വാനം തന്റെ സമൂഹത്തിലെ മാപ്പിളമാര്‍ക്ക് കാഴ്ചവെച്ചിരിക്കുന്നു. അതിന്റെ ഏറ്റവും പ്രസക്തമായ ആശയം മലബാറിലെ എല്ലാ മാപ്പിളമാരും സാമൂതിരിപ്പാടിനുവേണ്ടി പടപൊരുതി ശഹീദാവണമെന്നാണ്. ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടത്തില്‍ മാത്രമേ ഒരു ഖാദി ശഹാദത്തിനുവേണ്ടി തന്റെ അനുയായികളെ പ്രേരിപ്പിക്കുകയുള്ളൂ. ചാലിയം കോട്ട പിടിച്ചെടുക്കല്‍ അത്തരം ഒരു നിര്‍ണായക ഘട്ടമായി അദ്ദേഹം വിലയിരുത്തി.

കോട്ട പിടിച്ചെടുക്കുന്ന കാര്യത്തില്‍ തന്റെ സൈനികര്‍ പരാജയപ്പെട്ട ഘട്ടത്തില്‍ സാമൂതിരിപ്പാട് തന്നെ നേരിട്ട് ആ സ്ഥലത്ത് എഴുന്നെള്ളുകയും കോട്ട പിടിച്ചെടുക്കാതെ താനിനി ഭക്ഷണം കഴിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഖാദി മുഹമ്മദ് തന്റെ ഫത്ഹുല്‍ മുബീനില്‍ അത് ഇപ്രകാരം പ്രതിപാദിച്ചു:

''ഈ സ്ഥിതി സാമൂതിരി രാജാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ മന്ത്രിമാരോട് തന്റെ മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം കല്‍പിച്ചു. ഈ ഭക്ഷ്യപദാര്‍ഥങ്ങള്‍ കോട്ടക്കുമുന്നില്‍ അവശേഷിക്കുന്നിടത്തോളം കാലം ഞാന്‍ ആഹാരം കഴിക്കുന്നതല്ലെന്ന് അദ്ദേഹം ശപഥം ചെയ്തു'' (പേ. 64).

ഒരുപക്ഷേ, രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി നിരാഹാര സമരം ആരംഭിച്ച ആദ്യ രാജാവ് സാമൂതിരിപ്പാടായിരിക്കും. ഈ അവസരത്തിലാണ് സാമൂതിരിപ്പാടിനെ ഭക്ഷണം കഴിപ്പിക്കാനും കോട്ട പിടിച്ചടക്കാനും നിര്‍ണായകമായ ആഹ്വാനം ഖുത്വുബയുടെ രൂപത്തില്‍ ഖാദി മുഹമ്മദ് അവതരിപ്പിച്ചത്.

ഈ ഖുത്വുബയുടെ പ്രാധാന്യം, അമുസ്‌ലിമായ രാജാവിനെ സിംഹാസനത്തിലിരുത്തുന്നതിന് മുസ്‌ലിംകള്‍ ഒന്നടങ്കം ആത്മത്യാഗം ചെയ്യണമെന്ന പുതിയ രാഷ്ട്ര തന്ത്രം അതില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ്. മലബാറില്‍ മുസ്‌ലിംകളെ സംബന്ധിച്ച് ഒരു അമീര്‍ നിലവിലില്ലെങ്കിലും സാമൂതിരിപ്പാടാണ് അവരുടെ അമീര്‍ എന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്നെ സിദ്ധാന്തിക്കുന്നു.

ഇന്ത്യാചരിത്രത്തില്‍ ഇസ്‌ലാമികസമൂഹം രണ്ടാം കിടക്കാരാണെന്ന് ചില തല്‍പരകക്ഷികള്‍ സിദ്ധാന്തിക്കുന്ന ഈ അവസരത്തില്‍ ഇത്തരമൊരു രേഖ അവരുടെ ചരിത്രപരമായ പ്രതിബദ്ധതയെ വിശദീകരിക്കുന്നു. ഈ രാഷ്ട്രത്തോട് എന്നും കൂറും ആദരവും കാണിച്ച സമൂഹമാണ് മലബാറിലെ മാപ്പിളമാര്‍ എന്ന കാര്യം ഈ പുരാലിഖിതം പ്രത്യേകം രേഖപ്പെടുത്തുന്നു.

കേരളത്തിലെ പോര്‍ച്ചുഗീസ് ആധിപത്യത്തെ തടഞ്ഞുനിര്‍ത്താനും കോളനിവത്കരണത്തെ പരാജയപ്പെടുത്താനും മാപ്പിളമാരായ നാവികന്മാര്‍ കുഞ്ഞാലി മരക്കാര്‍മാരുടെ നേതൃത്വത്തില്‍ അറബിക്കടലില്‍ നടത്തിയ ആത്മാഹുതികള്‍ കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഗോവയെപ്പോലെ കോഴിക്കോട് ഒരു പോര്‍ച്ചുഗീസ് കോളനിയാകാതിരുന്നതിന്റെ പ്രധാന കാരണംതന്നെ കോളനി വിരുദ്ധങ്ങളായ ഇത്തരം സമരങ്ങളാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ മലയാള ഭാഷയും സംസ്‌കാരവും സംരക്ഷിക്കപ്പെട്ടിരുന്നില്ലെങ്കില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ക്ക് തിരൂരില്‍ സ്വസ്ഥമായിരുന്ന് കാവ്യരചന നടത്താന്‍ കഴിയുമായിരുന്നില്ല. ഗോവയിലെ കൊങ്കിണിമാര്‍ തങ്ങളുടെ  ഭാഷയും സംസ്‌കാരവും നഷ്ടപ്പെട്ട് മറ്റ് പലയിടത്തേക്കും പലായനം ചെയ്ത കഥ ഇന്ത്യാചരിത്രത്തിലെ മറ്റൊരു അധ്യായമാണ്.

പുരാതന അറബി ഹസ്തലിഖിത ഗവേഷകനായ ശ്രീ. ഇ.എം സക്കീര്‍ ഹുസൈന്‍ പഠനക്കുറിപ്പുകള്‍ സഹിതം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഈ രേഖ മലയാള ഭാഷക്കും സംസ്‌കാരത്തിനും ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രത്യേകം പറയാം. ഇംഗ്ലീഷ്, അറബി ഗ്രന്ഥങ്ങളില്‍ ഈ രേഖ ഠവല ംമൃ ുെലലരവ എന്ന പേരില്‍ ഇംഗ്ലീഷിലും അല്‍ഖുത്വുബതുല്‍ ജിഹാദിയ്യ എന്ന പേരില്‍ അറബിയിലും എടുത്തു ചേര്‍ത്തിട്ടുണ്ട്.

ഒരുപക്ഷേ, ഫത്ഹുല്‍മുബീന്‍ എന്ന കാവ്യമെഴുതിയ ഖാദി മുഹമ്മദ് ചാലിയം കോട്ടയുടെ പതനത്തില്‍ നിര്‍ണായകമായ സ്ഥാനം വഹിച്ച കാര്യം ചരിത്രത്തില്‍ വിസ്മരിക്കപ്പെടുമായിരുന്നു. ആയതിനാല്‍, ഈ രേഖയുടെ  പ്രാധാന്യവും ചാലിയംകോട്ടയുടെ പതനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഖാദി മുഹമ്മദ് അന്നത്തെ കാലഘട്ടത്തില്‍ മാപ്പിള സമൂഹത്തിലെ ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നുവെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഖാദി മുഹമ്മദും മഖ്ദൂമടക്കമുള്ള ഗ്രന്ഥകാരന്മാരും കേരളത്തിലെ കൊളോണിയല്‍ ആധിപത്യത്തെ ചെറുക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനം ഇന്ത്യാചരിത്രത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണ്.

ഒരുപക്ഷേ, മലബാറിലെ അറബി കൈയെഴുത്തു ഗ്രന്ഥാലയങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള അനേകം രേഖകള്‍ ലഭ്യമായേക്കാം. എന്നാല്‍, എന്തുകൊണ്ടോ അറബി പണ്ഡിതന്മാര്‍ മതത്തിന്റെയും ഭാഷയുടെയും പഠനങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തരമൊരു സമീപനം ശക്തമാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1921-ലെ മലബാര്‍ കലാപത്തിലും, അറബിമലയാളം, അറബി എന്നീ ഭാഷകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ നിരന്തരം പടപൊരുതാനുള്ള ആഹ്വാനം അനേകം ഫത്‌വകളിലായി മൗലവിമാരും പണ്ഡിതന്മാരും പുറത്തിറക്കിയിരുന്നു. അവയില്‍ പലതും നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഖാദി മുഹമ്മദിന്റെ ഈ രേഖ അതിന്റെ ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതിലൂടെ കേരള ചരിത്രത്തില്‍ മറഞ്ഞുകിടന്ന സുപ്രധാനമായ ഒരേട് അക്കാദമിക സമൂഹത്തിന് മുമ്പാകെ സമര്‍പ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. വിശേഷിച്ചും ആത്മീയതയുടെ പ്രതീകമായ പ്രസംഗപീഠത്തെ അധിനിവേശവിരുദ്ധമായി ഉപയോഗപ്പെടുത്താന്‍ ആഹ്വാനംചെയ്യുന്ന ഈ രേഖ സമകാലികമായും ഒരുപാട് പ്രകാശം പ്രസരിപ്പിക്കുന്നുണ്ട്. കേരളചരിത്രത്തെ പ്രഭാപൂരിതമാക്കാന്‍ ശ്രീ. സക്കീര്‍ ഹുസൈന്റെ ഈ പഠനം ചെറുതല്ലാത്തൊരു പങ്കുവഹിക്കട്ടെ എന്നാശംസിക്കുന്നു.

(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം' എന്ന പുസ്തകത്തിന്റെ അവതാരികയില്‍നിന്ന്). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം