Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

പ്യൂണ്‍ജീവിതം

അജ്മല്‍ കായക്കൊടി /കഥ

         പിരീഡ് ബെല്ലടിക്കുമ്പോഴും ഇന്റര്‍ബെല്ലടിക്കുമ്പോഴുമൊക്കെയുള്ള പ്യൂണിന്റെ ഗമയോടെയുള്ള നില്‍പ്പ് മൂന്നാം ക്ലാസ് ബി യില്‍നിന്ന് പലപ്പോഴും ഞാന്‍ ഒളിഞ്ഞുനോക്കിയിട്ടുണ്ട്. സത്യമായിട്ടും ഞാനന്ന് കരുതിയിരുന്നത് സ്‌കൂളിലെ ഏറ്റവും ഉയര്‍ന്നയാള്‍ പ്യൂണാണെന്നായിരുന്നു. മലയാളത്തിന്റെയും കണക്കിന്റെയും സയന്‍സിന്റെയുമൊക്കെ അധ്യാപകന്മാര്‍ മാറിമാറി വരുന്നത് പ്യൂണ്‍ ബെല്ലടിക്കുമ്പോഴാണല്ലോ! സ്‌കൂള്‍ തുടങ്ങുന്നതും വിടുന്നതും പ്യൂണ് തന്നെ.

ആദ്യ പിരീഡിലെ പ്രാര്‍ഥനാ ബെല്ലടിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നത് എന്നെയും ഒരു പ്യൂണാക്കണേ എന്നായിരുന്നു. പ്യൂണിന്റെ കൈയിലെ ബെല്ലടിക്കാനുള്ള കോല്‍ അധികാരത്തിന്റെ ചെങ്കോലാണെന്നൊന്നും പറയാനുള്ള അതിബുദ്ധി അന്നെനിക്കില്ലായിരുന്നു. എങ്കിലും അതിനെ ഞാന്‍ ഏറെ ബഹുമാനിച്ചു. എന്റെ കൈയിലും അത് വരുന്നത് സ്വപ്നം കണ്ടു.

സ്‌കൂള്‍ വിടുന്നതിന് മുമ്പ് ജനഗണമനക്ക് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ പ്യൂണായാലുള്ള സൗഭാഗ്യങ്ങളിലൂടെയാണ് മനസ് സഞ്ചരിക്കാറുണ്ടായിരുന്നത്. ഒരു ദിവസം സന്തോഷം ഒതുക്കിവെക്കാന്‍ കഴിയാതെ എന്നോട് ഉറക്കെച്ചിരിച്ചു പോയി. സയന്‍സിന്റെ നാണു മാഷ് ദേശീയ ഗാനത്തിനിടെ ചിരിക്കുന്നോടാ എന്ന് ചോദിച്ച് കൈ വെള്ളയില്‍ ചൂരല്‍ കൊണ്ട് ഉറക്കെയടിച്ചു. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിലേക്ക് ആദ്യം കടന്ന് വരിക കൈവെള്ളയില്‍ അന്നനുഭവിച്ച വേദനയാണ്.

മദ്‌റസയില്‍ പ്യൂണില്ലായിരുന്നു. രാവിലെ ആദ്യമെത്തുന്നയാള്‍ക്ക് ആദ്യത്തെ ബെല്ലും ഉയര്‍ന്ന ക്ലാസിലെ കുട്ടികളില്‍ ഉസ്താദിന്റെ ഇഷ്ടം നേടുന്നയാള്‍ക്ക് അവസാനത്തെ ബെല്ലുമടിക്കാമായിരുന്നു. ബെല്ലടിക്കാനുള്ള അതിയായ ആഗ്രഹത്തോടെ ഞാന്‍ രാവിലെ മദ്‌റസയിലെത്താറുണ്ടായിരുന്നു. പക്ഷേ മുതിര്‍ന്ന കുട്ടികള്‍ എന്നെ ഭയപ്പെടുത്തി ബെല്ലടിക്കാനുള്ള കോല്‍ കൈക്കലാക്കും. ഞാനടിക്കേണ്ടിയിരുന്ന ബെല്ല് അവരടിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസില്‍ സങ്കടത്തിന്റെ കൂട്ടമണി മുഴങ്ങുമായിരുന്നു.

മഴ പെയ്തു തോര്‍ന്ന ഏതോ ഒരു ദിവസം. ബെല്ലടിക്കണം, ബെല്ലടിക്കണം എന്ന് മനസ് ആഗ്രഹിച്ചുകൊണ്ടേയിരുന്നു. സ്‌കൂള്‍ വിട്ടു. കുട്ടികളെല്ലാം പോയെങ്കിലും ഞാന്‍ മൂന്നാം ക്ലാസ് ബി യിലെ ബോര്‍ഡിന് പിന്നില്‍ പതുങ്ങിനിന്നു. പിന്നെ പതുക്കെ ബെല്ലിനടുത്തേക്ക് നീങ്ങി. ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വലിയ ഉരുളന്‍ കല്ലെടുത്ത് ഞാനുറക്കെ ബെല്ലിനടിച്ചു. ബെല്ലിന്റെ മഹാശബ്ദം. എന്റെ മനസില്‍ സന്തോഷത്തിന്റെ തിരകളടിച്ചുയര്‍ന്നെങ്കിലും അതിനധികം ആയുസുണ്ടായിരുന്നില്ല. എവിടെ നിന്നോ പ്യൂണ്‍ ഓടി വന്നു. എന്താടാ കാണിച്ചേ എന്നും പറഞ്ഞ് രൂക്ഷമായെന്നെ നോക്കി.

യുപി സ്‌കൂളിലെത്തിയപ്പോള്‍ പ്യൂണിനോടെനിക്ക് വല്ലാത്ത ഇഷ്ടവും ചിലപ്പോള്‍ വല്ലാത്ത ദേഷ്യവും തോന്നിയിട്ടുണ്ട്. ഹിന്ദിയുടെ സാറ് ചോദ്യം ചോദിച്ച് എന്റെയടുത്തെത്തുമ്പോഴേക്കും പ്യൂണ് ബെല്ലടിച്ചപ്പോള്‍ പ്യൂണിന് ദീര്‍ഘായുസുണ്ടാവണേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. കഥ പറഞ്ഞു തരാറുണ്ടായിരുന്ന മോഹന്‍ദാസ് മാഷുടെ കഥ മുഴുമിപ്പിക്കാന്‍ അവസരം കൊടുക്കാതെ പ്യൂണ്‍ ബെല്ലടിച്ചപ്പോള്‍ ബെല്ലടിക്കുന്ന കോല് കൊണ്ട് പ്യൂണിന്റെ തലക്കടിക്കാനാണ് എനിക്ക് തോന്നിയത്.

ഇന്ന് രണ്ടാമത്തെ പിരീഡ് ബെല്ലടിക്കാന്‍ അല്‍പമൊന്ന് വൈകിയതിന് പ്രിന്‍സിപ്പാളെന്നെ രൂക്ഷമായി നോക്കി. അപ്പോള്‍ ഓര്‍മയിലേക്ക് വന്നത് അന്ന് ഉരുളന്‍ കല്ല് കൊണ്ട് ബെല്ലടിച്ചപ്പോഴുള്ള എന്റെ നേരെയുള്ള പ്യൂണിന്റെ രൂക്ഷമായ നോട്ടമാണ്. പ്യൂണിന്റെ യഥാര്‍ഥ ജീവിതം ഞാനിന്ന് ജീവിക്കുകയാണ്. പ്യൂണിന് അഭിപ്രായം പറയാന്‍ പാടില്ലല്ലോ. ജീവിതത്തിന്റെ ലാസ്റ്റ് ബെല്ലടിക്കുന്നത് വരെ ഒരുപക്ഷേ നീളുമായിരിക്കും അത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം