മൗലാനാ മുഹമ്മദ് യൂസുഫ് സദ്ഗുണ സമ്പന്നമായ നേതൃത്വം
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ സെക്രട്ടറി ജനറല്‍(ഖയ്യിം), 1972 മുതല്‍ 1981 വരെ 10 വര്‍ഷം സംഘടനയുടെ ദേശീയ അധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ച ക്രാന്തദര്‍ശിയായ നേതാവാണ് മൗലാനാ മുഹമ്മദ് യൂസുഫ്. അദ്ദേഹം നേതൃത്വത്തിലിരിക്കെ സംഘടനയുടെ വളര്‍ച്ചയില്‍ വഴിത്തിരിവായ രണ്ട് അഖിലേന്ത്യാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 1974-ല്‍ ദല്‍ഹിയിലും 1981-ല്‍ ഹൈദരാബാദിലും.
1908 ജനുവരി 19ന് ഉത്തര്‍പ്രദേശിലെ ബന്‍സ് ബറേലിയിലാണ് മൗലാനാ മുഹമ്മദ് യൂസുഫിന്റെ ജനനം. പിതാവ് മൗലാനാ തഫസ്സല്‍ ഹുസൈന്‍. പഠനാനന്തരം അലഹബാദില്‍ ഒരു ജില്ലാ ജഡ്ജിയുടെ റീഡറായി ജോലിനോക്കവെയാണ് മൗലാനാ മൗദൂദിയുടെ ക്ഷണം സ്വീകരിക്കുന്നതും ജമാഅത്തില്‍ ആകൃഷ്ടനാകുന്നതും. പിന്നീട് ജോലി ഉപേക്ഷിച്ച് ജമാഅത്ത് പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ചു. 1946-ല്‍ സംഘടനയില്‍ അംഗം. 1948-ല്‍ അലഹബാദില്‍ നടന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുനഃസംഘാടനത്തില്‍ സജീവമായി പങ്കുകൊണ്ടു. അന്ന് തന്നെ ജമാഅത്ത് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആ ഉത്തരവാദിത്തം 24 വര്‍ഷം തുടര്‍ന്നു. വിഭജനാനന്തര ഭാരതത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതിലും തളരാതെ അതിനെ പിടിച്ചു നിര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട് മൗലാനാ മുഹമ്മദ് യൂസുഫ്. ഇന്ത്യയിലെ 12 പ്രാദേശിക ഭാഷകളില്‍ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷകള്‍ തയാറാക്കപ്പെട്ടത് അദ്ദേഹം സംഘടനയെ നയിച്ച കാലഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ മികച്ച കാല്‍വെപ്പായി ഈ സംരംഭം വിലയിരുത്തപ്പെട്ടു. അതേ കാലയളവിലാണ് പ്രാദേശിക ഭാഷകളില്‍ ജമാഅത്ത്, ആനുകാലികങ്ങള്‍ക്ക് നാന്ദി കുറിച്ചതും. ഇംഗ്ലീഷ് ആനുകാലികമായ റേഡിയന്‍സ് ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്ന ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് പബ്ലിക്കേഷന്‍ തുടങ്ങിയതും മൗലാനാ മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തിലാണ്. അദ്ദേഹമായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. കേന്ദ്രത്തില്‍ ദഅ്‌വ(പ്രബോധനം) വകുപ്പ് ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്തുതന്നെ.
വിദേശ രാജ്യങ്ങളില്‍ ജമാഅത്തിനെ പരിചയപ്പെടുത്തുന്നതിലും ആ രാജ്യങ്ങളിലെ ഇസ്‌ലാമിക സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. റാബിത്വയിലെ അദ്ദേഹത്തിന്റെ അംഗത്വം അതിനേറെ പ്രയോജനപ്പെട്ടു. 1974-ല്‍ ദല്‍ഹിയില്‍ നടന്ന ജമാഅത്ത് അഖിലേന്ത്യാ സമ്മേളനത്തില്‍ 35 വിദേശ മുസ്‌ലിം പ്രതിനിധികള്‍ പങ്കെടുത്തത് അതിന്റെ നിദര്‍ശനമായിരുന്നു. അവരില്‍ ശൈഖ് ഇബ്‌റാഹിം അശ്ശാവി, ശൈഖ് യൂസുഫുല്‍ ഹാശിമി, ഡോ. അഹ്മദ് തൂത്വഞ്ചി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. മൗലാനാ മൗദൂദി, മര്‍യം ജമീല, തുങ്കു അബ്ദുര്‍റഹ്മാന്‍, യാസിര്‍ അറഫാത്ത്, യൂസുഫുല്‍ ഖറദാവി തുടങ്ങിയ പ്രഗത്ഭരുടെയും റാബിത്വയുടെയും സന്ദേശങ്ങള്‍ സമ്മേളനത്തില്‍ വായിച്ചു. സമ്മേളനത്തില്‍ സംബന്ധിച്ച വിവിധ രാജ്യങ്ങളിലെ മുസ്‌ലിം നേതാക്കള്‍ ദല്‍ഹിയില്‍ ഒരന്താരാഷ്ട്ര മുസ്‌ലിം സമ്മേളനം ചേര്‍ന്ന് ലോക മുസ്‌ലിംകളുടെ പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി അമീര്‍ മുഹമ്മദ് യൂസുഫ് വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നടത്തിയ പര്യടനത്തിന്റെ അനന്തരഫലമായിരുന്നു ഈ സമ്മേളനം. പിന്നീടാണ് വിദേശ പ്രതിനിധികളുടെ സാന്നിധ്യം സംഘടനയുടെ മറ്റു സമ്മേളനങ്ങളിലും കാണാനായത്. ഈ സമ്മേളനം ചില മുസ്‌ലിം സംഘടനകള്‍ക്കെങ്കിലും ജമാഅത്തിനോടുണ്ടായിരുന്ന അകല്‍ച്ച കുറയാന്‍ ഇടയാക്കി. ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ദോഹയില്‍ ശൈഖ് അബ്ദുല്ല അന്‍സ്വാരി സംഘടിപ്പിച്ച ഇന്റര്‍നാഷ്‌നല്‍ സീറാ-സുന്ന കോണ്‍ഫറന്‍സിലും കറാച്ചിയില്‍ റാബിത്വ സംഘടിപ്പിച്ച ഏഷ്യന്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സിലും മുഹമ്മദ് യൂസുഫ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കറാച്ചിയിലെ സന്ദര്‍ശനത്തിനിടെ സയ്യിദ് മൗദൂദിയും അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയും തമ്മിലെ അകല്‍ച്ച കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചക്കും അദ്ദേഹം മുന്‍കൈയെടുത്തു. മൗദൂദി ചികിത്സാവശ്യാര്‍ഥം അമേരിക്കയിലേക്കു പോയതിനാല്‍ പ്രസ്തുത ചര്‍ച്ച തുടരാനാകാതെ വന്നെങ്കിലും അത് ഭാഗികമായി ഫലം കണ്ടിരുന്നു. അകന്നവരെ അടുപ്പിക്കുകയെന്ന തന്റെ നയത്തിന്റെ ഭാഗമായാണ് മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ അത് പരിഹരിക്കാന്‍ അദ്ദേഹം കേരളത്തിലും പറന്നെത്തിയത്.
അറബിക്, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ മികച്ച പ്രഭാഷകനും കൂടിയായിരുന്നു അദ്ദേഹം. 1971-ല്‍ പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ജമാഅത്തിനെതിരെ കരാള നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അനുഭവിച്ച പ്രയാസങ്ങളാണ് 'യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍' എന്ന രചനയിലൂടെ അദ്ദേഹം കോറിയിട്ടത്.
നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് മൗലാനാ മുഹമ്മദ് യൂസുഫ്. 1952-ല്‍ ചേന്ദമംഗല്ലൂരില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെ സംസ്ഥാപനത്തിനും പിന്നീട് 1966-ല്‍ ആ സ്ഥാപനം കോളേജ് ആക്കി ഉയര്‍ത്തിയ സമ്മേളനത്തിലും അദ്ദേഹം ഉദ്ഘാടകനായെത്തി. 1960 ഡിസംബര്‍ 31-നും 1961 ജനുവരി 1-നുമായി മൂഴിക്കലിലും 1969-ല്‍ മലപ്പുറത്തും ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനങ്ങളിലും അദ്ദേഹം മുഖ്യാതിഥിയായിരുന്നു. മലപ്പുറം സമ്മേളന കാലത്ത് മദ്യനിരോധം എടുത്തുകളയുകയും ലോട്ടറി ഏര്‍പ്പെടുത്തുകയും ചെയ്ത ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയായിരുന്നു കേരളം ഭരിച്ചിരുന്നത്. ആ വരവിനിടെ തിരുവനന്തപുരത്തെത്തി പല മന്ത്രിമാരെയും നേരില്‍ കണ്ട അദ്ദേഹം അഴിമതിക്കെതിരെ ജീവിത മൂല്യങ്ങളും ധാര്‍മികതയും മുറുകെ പിടിക്കാന്‍ അവരെ ഉണര്‍ത്തുകയുമുണ്ടായി.
1982-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലെത്തിയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. അചഞ്ചലമായ വിശ്വാസവും തഖ്‌വയും ഐഹിക പരിത്യാഗവും ഒത്തുചേര്‍ന്നതായിരുന്നു ആ ജീവിതം. 1991 ജൂലൈ നാലിനായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.
Comments