Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 18

ഇതില്‍ ഏതാണ് ശരി?

അബ്ദുല്‍ വാഹിദ് മഞ്ഞളാംകുഴി /കത്തുകള്‍

ഇതില്‍ ഏതാണ് ശരി? 

         ലക്കം 2844-ല്‍ ഡോ. കെ.എം മുഹമ്മദ് എഴുതിയ പ്രതികരണം വായിച്ചു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ് ഖാദി മുഹമ്മദ് അല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച വി.എം കുട്ടിയുടെ ലേഖനത്തെ പിന്തുണച്ചുകൊണ്ടാണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍, ഇന്നും വിപണിയിലുള്ള കെ.എം മുഹമ്മദിന്റെ തന്നെ പുസ്തകത്തില്‍ മുഹ്‌യിദ്ദീന്‍ മാല ഖാദി മുഹമ്മദിന്റേതാണെന്ന് സ്ഥാപിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനിനെക്കുറിച്ച് എഴുതുന്നതിനിടയില്‍ ലേഖകന്‍ പറയുന്നു: ''അറബി മലയാളത്തില്‍ പേരെടുത്ത പ്രഥമ രചനയുടെ കര്‍ത്താവ് ഇദ്ദേഹമാണ്. സൂഫി വര്യന്‍ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ജീവിതവും സിദ്ധികളും വിവരിക്കുന്ന മുഹ്‌യിദ്ദീന്‍ മാലയെന്ന കവിതയാണത്. മലബാര്‍ മേഖലയില്‍ ഇത് വളരെ പ്രസിദ്ധമാണ്. വ്യാകരണം, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, കര്‍മശാസ്ത്രം, തസ്വവ്വുഫ് തുടങ്ങിയ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ ശ്രദ്ധ ചെലുത്തിയ വ്യക്തിയാണ് ഖാദി മുഹമ്മദ്'' (അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന, ഡോ.കെ.എം മുഹമ്മദ് പേജ്: 154). ഒരേ ലേഖകന്‍ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എഴുതിയത് കണ്ടപ്പോള്‍ ആശങ്കയിലായ വായനക്കാരന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണിത്. ഈ രണ്ട് പരാമര്‍ശങ്ങളില്‍ ഏതാണ് ശരിയെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ലേഖകന്‍ പിന്നീട് ഉദ്ധരിക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ്. ഖാദി മുഹമ്മദിന് മലയാളത്തില്‍ മറ്റു കൃതികളില്ലായെന്നത് മാല അദ്ദേഹത്തിന്റേതല്ലാതാവാന്‍ എങ്ങനെ തെളിവാകും? ഒരാള്‍ക്ക് ഒരു ഭാഷയില്‍ ഒരു കൃതി മാത്രം എഴുതിക്കൂടാ എന്ന നിയമമുണ്ടോ? മാലയിലേക്ക് ആവശ്യമായ മാറ്ററുകള്‍ ബഹ്ജയില്‍ നിന്നും മറ്റും ഖാദി മുഹമ്മദ് ശേഖരിച്ചു നല്‍കിയെന്നും അത് മറ്റൊരു കവി അതിശയോക്തിയോടെ അവതരിപ്പിച്ചുവെന്നും ലേഖകന്‍ പറയുന്നു. എന്നാല്‍, മാലയിലുള്ള മുഴുവന്‍ കാര്യങ്ങളും ബഹ്ജയില്‍ നിന്നും തക്മിലയില്‍ നിന്നും അതേപടി ഉദ്ധരിച്ചതാണെന്ന് ഭാഷാജ്ഞാനമുള്ള ആര്‍ക്കും ബോധ്യപ്പെടും. അറബി ഭാഷയില്‍ അറിവും പരിചയവുമുള്ള അദ്ദേഹത്തെപോലുള്ള പണ്ഡിതന്മാര്‍ രചനാ പ്രവര്‍ത്തനങ്ങളെ ലാഘവത്തോടെ സമീപിക്കുന്നത് ഖേദകരമാണ്.

അബ്ദുല്‍ വാഹിദ് മഞ്ഞളാംകുഴി

 

ചരിത്രത്താളുകളില്‍ ചേരമാന്‍ മഹല്ല്

         ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടതാണ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മഹല്ലിന്റെ ചരിത്രം. ജാതി മത വര്‍ഗ വ്യത്യാസങ്ങളില്ലാതെ മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും യാതൊരു പ്രതിസന്ധിയും കൂടാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍ സമന്വയിപ്പിച്ച്, സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനവും പുരോഗതിയും ലക്ഷ്യം വെച്ചുള്ള ഒരു പ്രവര്‍ത്തന ശൈലി ചേരമാന്‍ മഹല്ലിന്റെ മുഖമുദ്രയാണ്. ഏതൊരു ഭരണഘടനക്കും സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ്. മുസ്‌ലിം സമുദായത്തിന്റെ ചട്ടക്കൂടിനെ മറികടന്നുള്ള ജനകീയ മുന്നേറ്റം നടത്താന്‍ ഇന്ന് ചേരമാന്‍ മഹല്ല് പ്രസ്ഥാനത്തിന് കഴിയുന്നുണ്ട്.

പൊതുജനങ്ങള്‍ക്കാശ്വാസം പകരുന്ന പല സമാശ്വാസ പദ്ധതികള്‍ക്കും നിര്‍വിഘ്‌നവും നിഷ്പക്ഷമായ സഹായ സഹകരണങ്ങള്‍ മഹല്ല് നല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും ചേരമാന്‍ മഹല്ല് മുന്‍പന്തിയിലാണ്. എഴുത്തിനിരുത്തല്‍ ഇവിടെ വളരെ പ്രസിദ്ധമാണ്. 

ചേരമാന്‍ മഹല്ല് മുന്നോട്ടുവെക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും മറ്റു മഹല്ല് പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.

ആചാരി തിരുവത്ര,
ചാവക്കാട് 

സനിയ്യത്തുല്‍ വദാഅ്;
ചില ചരിത്ര വസ്തുതകള്‍

         പ്രബോധനം ലക്കം 2843-ല്‍ ഇല്‍യാസ് മൗലവിയുടെ ലേഖനത്തില്‍ 'സനിയ്യത്തുല്‍ വദാഅ്' എന്ന ചരിത്ര പ്രധാനമായ സ്ഥലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വായിക്കാനിടയായി. ആ ലേഖനത്തില്‍, തബൂക്കില്‍ നിന്ന് മദീനയിലേക്ക് മടങ്ങിവരുന്ന വഴിക്കുള്ള ഒരു സ്ഥലമായിട്ടാണ് സനിയ്യത്തുല്‍ വദാഇനെ പരിചയപ്പെടുത്തുന്നത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള വഴികളില്‍ ഒരിടത്തും 'സനിയ്യത്തുല്‍ വദാഅ്' എന്ന പേരില്‍ ഒരു പ്രദേശം മുറിച്ചു കടക്കേണ്ടിവരുന്നില്ല എന്നും എഴുതിക്കണ്ടു. ഇവ്വിഷയകമായി ചില വസ്തുതകള്‍ ശ്രദ്ധയില്‍ പെടുത്തട്ടെ.

'സനിയ്യത്തുല്‍ വദാഅ്' എന്നാല്‍  'യാത്ര പറയുന്ന സ്ഥലം' എന്നാണര്‍ഥം. ആരെങ്കിലും ദീര്‍ഘനാളത്തേക്ക് പട്ടണത്തിന് വെളിയിലേക്ക് പോവുകയാണെങ്കില്‍ അവരെ നഗരാതിര്‍ത്തിവരെ പിന്തുടര്‍ന്ന് യാത്രയയക്കുന്ന ഒരു ശീലം പണ്ട് മദീനക്കാര്‍ക്കുണ്ടായിരുന്നു. ഉയര്‍ന്ന പാറക്കെട്ടുകളുടെയോ പര്‍വ്വതങ്ങളുടെയോ മുകളില്‍ കയറി നിന്നാണ് ഇപ്രകാരം യാത്രയയക്കുക. ഇത്തരം സ്ഥലങ്ങള്‍ക്കാണ് 'സനിയ്യ' എന്നു പറയുക. യാത്രപോവുമ്പോള്‍ മാത്രമല്ല യാത്ര കഴിഞ്ഞ് പട്ടണത്തിലേക്ക് തിരിച്ചുവരുമ്പോഴും ഇതേ കുന്നുകള്‍ക്ക് മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചറിയിച്ചതിന് ശേഷമാണ് ആളുകള്‍ നഗരത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നത്.

ജാഹിലിയ്യാ കാലത്ത് ഇതുമായി ബന്ധപ്പെട്ട് ചില ദുരാചാരങ്ങളും നിലനിന്നിരുന്നു. പുറത്തുപോയി വരുന്നവര്‍ ഇത്തരം സനിയ്യകളില്‍ കയറി കഴുത കരയുന്നതുപോലെ ഉച്ചത്തില്‍ പത്തുപ്രാവശ്യം നിലവിളിക്കണമെന്നും ഇല്ലെങ്കില്‍ പിന്നീട് പട്ടണത്തിനകത്തെത്തിയാല്‍ മാറാവ്യാധികള്‍ പിടിപെട്ട് ജീവഹാനിവരെ സംഭവിക്കുമെന്നുമായിരുന്നു അവയില്‍ ഒന്ന്. ഉര്‍വത്തുബ്‌നു വര്‍ദ് എന്ന ജാഹിലിയ്യാ കവിയാണ് ഈ സമ്പ്രദായം നിര്‍ത്തലാക്കിയത്. ഒരിക്കല്‍ അദ്ദേഹം യാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ സനിയ്യകളില്‍ കയറി നില വിളിക്കാതെ മദീനയില്‍ കടന്നു. എന്നാല്‍ അദ്ദേഹത്തിന് രോഗം പിടിപെടുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്തില്ല. കാലക്രമത്തില്‍ ഈ സമ്പ്രദായം ആളുകളില്‍ നിന്ന് ഇല്ലാതാവുകയും ചെയ്തു. എങ്കിലും പുറത്തുപോവുന്നവരെ സനിയ്യകളില്‍ ചെന്ന് യാത്രയയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നല്ല ശീലം പിന്നെയും മദീനക്കാര്‍ക്കിടയില്‍ നിലനിന്നു.

മദീനയില്‍ ഇപ്രകാരം പ്രസിദ്ധമായ ധാരാളം സനിയ്യകളുണ്ടായിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ രണ്ടെണ്ണമായിരുന്നു. വടക്കുഭാഗത്ത് ശാം, തബൂക്ക്, ഖൈബര്‍ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നവര്‍ക്കുള്ള ഒരു സനിയ്യയും തെക്ക് ഭാഗത്ത് മക്കയിലേക്ക് പുറപ്പെടുന്നവര്‍ക്കുള്ള മറ്റൊരു സനിയ്യയും.

റസൂല്‍ (സ) മദീനയിലേക്ക് കടന്നുവരുന്നത് തെക്കുഭാഗത്തുള്ള സനിയ്യയിലൂടെയാണ്. ഖുബാഇലെ താമസം കഴിഞ്ഞ് റബീഉല്‍ അവ്വല്‍ 12-ന് മദീനയിലേക്ക് യാത്ര തിരിച്ച പ്രവാചകനെയും അബൂബക്‌റി (റ)നെയും അവിടെയുള്ള സനിയ്യയില്‍ വെച്ചാണ് അന്‍സ്വാറുകള്‍ ആഹ്ലാദാരവങ്ങളോടെ വരവേല്‍ക്കുന്നത്. ചരിത്രം ഏറെ കേട്ടു പരിചയിച്ച മനോഹരമായ ആ ഈരടികള്‍ അങ്ങനെയാണ് ജന്മം കൊള്ളുന്നത്. അന്‍സ്വാരിപെണ്‍കുട്ടികള്‍ ദഫ്മുട്ടി പാട്ടുപാടിക്കൊണ്ടിരുന്നു: ''സനിയ്യത്തുല്‍ വദാഇല്‍ നിന്ന് ഇതാ ഞങ്ങള്‍ക്കുമീതെ ഒരു പൗര്‍ണമി ഉദയം ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങള്‍ ഇതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ...''

മസ്ജിദു ഖുബായുടെ വടക്ക് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയായി മസ്ജിദുല്‍ ജുമുഅ (പ്രവാചകന്‍ മദീനയിലേക്ക് വരുന്നവഴിയില്‍ ആദ്യമായി ജുമുഅ നിര്‍വ്വഹിച്ച സ്ഥലം) യുടെ സമീപം ഇന്നും ഈ കുന്ന് കാണാവുന്നതാണ്. ഇതിനു മുകളില്‍ തുര്‍ക്കികള്‍ പണിത പൗരാണികമായ ഒരു കോട്ടയുണ്ട്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് മസ്ജിദുന്നബവിയിലേക്ക്.

പ്രവാചകന്‍ (സ) തബൂക്ക് യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങിവന്നപ്പോഴും അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടിയതായി ചരിത്ര രേഖയുണ്ട്. അതുപക്ഷേ, തെക്കുഭാഗത്തെ 'സനിയ്യ'യില്‍ നിന്നായിരുന്നില്ല; വടക്കു ഭാഗത്തെ 'സനിയ്യ'യില്‍ വെച്ചായിരുന്നു. അടുത്ത കാലം വരെ 'ദുബാബ്' പര്‍വ്വതത്തിനടുത്തായി ഈ കുന്ന് നിലനിന്നിരുന്നു. തുര്‍ക്കികള്‍ അതിനു മുകളില്‍ ഒരു പള്ളിയും നിര്‍മിച്ചിരുന്നു. എന്നാല്‍ പിന്നീട് വികസനത്തിന്റെ ഭാഗമായി അത് നീക്കം ചെയ്യപ്പെടുകയാണുണ്ടായത്. മദീനയെ കുറിച്ച് എഴുതപ്പെട്ട ആധുനികവും പൗരാണികവുമായ ചരിത്ര ഗ്രന്ഥങ്ങളില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്.

ജഅ്ഫര്‍ എളമ്പിലാക്കോട്, മദീന മുനവ്വറ

 

         ഇബ്‌റാഹീം ശംനാടിന്റെ 'ജീവിത പരീക്ഷണങ്ങളെ എങ്ങനെ നേരിടാം' (ലക്കം 2843) ലേഖനമാണ് ഈ കത്തിനാധാരം. ഓരോ മനുഷ്യനെയും അല്ലാഹു പരീക്ഷിക്കുക വ്യത്യസ്ത രൂപത്തിലായിരിക്കും. സാമ്പത്തിക സൗകര്യമുള്ളവന്‍ ഒരുപക്ഷേ സന്താനങ്ങളെ കൊണ്ടാവും പരീക്ഷിക്കപ്പെടുന്നത്. അല്ലെങ്കില്‍ സന്താന സൗഭാഗ്യം നല്‍കാതെയും, നല്‍കിയ സന്താനങ്ങളുടെ ദുര്‍നടപ്പ് കൊണ്ടുമാകാം. പാവപ്പെട്ടവരെ കാണുമ്പോള്‍ അവര്‍ മാത്രമാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. മണിമാളികകളില്‍ ജീവിക്കുന്ന പലരും പല പ്രതിസന്ധികളാലും പരീക്ഷിക്കപ്പെടുന്നവര്‍ തന്നെയാണ്.

ഉമ്മു ഹബീബ് വരോട് 

 

         ലക്കം 2843-ലെ ഉഷ ഷിനോജിന്റെ 'ഗ്രന്ഥശാല' എന്ന കവിത പ്രബോധനത്തിനു തിലകക്കുറിയായി. മരിക്കുന്ന വായനയും ചിതലരിക്കുന്ന പുസ്തകങ്ങളും വല്ലാത്തൊരു സങ്കടമായി മനസില്‍ അവശേഷിപ്പിക്കാന്‍ കവിതക്കായി. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിക്കുമ്പോഴും പുസ്തകങ്ങള്‍ പെറ്റുപെരുകുമ്പോഴും നാം വീമ്പിളക്കുന്ന വായനാവളര്‍ച്ച കേവലം മരീചിക മാത്രമല്ലേ? മൗലികമായ ചിന്തകളും കാഴ്ചപ്പാടുകളും പകര്‍ന്നു നല്‍കാന്‍ ശേഷിയുള്ള തലമുറയാണോ വളര്‍ന്നു വരുന്നത്? ആര്‍ട്‌സ് വിഷയങ്ങള്‍ അവഗണിച്ച് എല്ലാവരും സാങ്കേതിക വിദ്യാഭ്യാസത്തിനു പിന്നാലെ പരക്കം പായുമ്പോള്‍ ധൈഷണിക ശക്തിയുള്ള ഒരു സമൂഹം എങ്ങനെ രൂപപ്പെടാനാണ്? 'സംസ്‌കൃതികളെയും കൃതികളെയും പുറ്റു പടര്‍ന്ന ഇരട്ടവാലന്‍ പെറ്റ  ചില്ലലമാരയില്‍ നിന്ന്' മോചിപ്പിക്കാന്‍ പുതുതലമുറക്കാവട്ടെ. ഉഷ ഷിനോജിന് ഭാവുകങ്ങള്‍..

മാലിക് വീട്ടിക്കുന്ന്

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 66-70
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം