എസ്.എ.പി അന്‍വര്‍; ജീവിച്ചിടുന്നു സ്മൃതിയില്‍
മനുഷ്യസേവന- ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് മാര്‍ച്ച് 24-ന് കുവൈത്തില്‍ അപകട മരണം സംഭവിച്ച് സ്രഷ്ടാവിന്റെ സവിധത്തിലേക്ക് യാത്രയായ എസ്.എ.പി അന്‍വര്‍. കടലില്‍ കുളിക്കാനിറങ്ങിയ അന്‍വര്‍ തിരയില്‍ പെടുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശിയായ അദ്ദേഹം കുവൈത്തില്‍ ഫഹാഹിലിലെ പ്രമുഖ വ്യാപാരിയും സജീവ കെ.ഐ.ജി പ്രവര്‍ത്തകനുമായിരുന്നു.
അന്‍വറിന്റെ പ്രകൃതിയില്‍ നിലീനമായ സേവന മനസ്സിന്റെ ഗുണഭോക്താക്കളായി നൂറുകണക്കിനാളുകളുണ്ട്. പ്രസന്നവദനനായി ഏവരെയും അഭിമുഖീകരിക്കുന്ന അദ്ദേഹം എളിമയുടെയും വിനയത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. ആര്‍ക്കും ഏത് സമയവും ചെന്നുമുട്ടാവുന്ന അന്‍വറിന്റെ വാതിലും ഹൃദയ കവാടവും അടഞ്ഞ് പോയല്ലോ എന്ന ആകുല ചിന്തയാണ് ഏവര്‍ക്കും. സാങ്കേതിക തടസ്സങ്ങളാല്‍ ആശുപത്രികളില്‍ പോവാന്‍ കഴിയാത്തവര്‍ക്കും ഉറ്റവരും ഉടയവരും ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ തനിയെ പോവാന്‍ സാധിക്കാത്തവര്‍ക്കും കൂട്ട് അന്‍വറാണ്. അന്‍വറിനെക്കുറിച്ച ഏതന്വേഷണവും ഒടുവില്‍ എത്തിനില്‍ക്കുക ഏതെങ്കിലും ഗവണ്‍മന്റ് ആശുപത്രിയുടേയോ പോലീസ് സ്റ്റേഷന്റെയോ വരാന്തയിലായിരിക്കും.
അറബി ഭാഷ അറിയാത്തവര്‍ക്ക് ദ്വിഭാഷിയായി പോലീസ് സ്റ്റേഷനില്‍ പോവാന്‍ അന്‍വറിനെ കിട്ടണം. അറബി വീടുകളില്‍ ജോലിചെയ്യുന്ന ഖാദിമുകള്‍ക്കും, സ്‌പോണ്‍സറുമായി ആശയ വിനിമയം നടത്താന്‍ പലകാരണങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കും ഒടുവിലത്തെ ആശ്രയം അന്‍വര്‍ തന്നെ. രോഗത്താല്‍ വലയുന്നവര്‍, മാരക വ്യാധികളാല്‍ കഷ്ടപ്പെടുന്നവര്‍, നാട്ടില്‍ പോവാന്‍ കൊതിച്ചിട്ടും ടിക്കറ്റിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തവര്‍, മാസങ്ങളോളം ജോലിയില്ലാത്തതിനാല്‍ വീട്ടിലെ ആശ്രിതര്‍ക്ക് ചെലവിന്നയക്കാന്‍ സാധിക്കാത്തവര്‍. അങ്ങനെ നാനാതരം ജീവിത പ്രയാസങ്ങളോടേറ്റുമുട്ടിക്കഴിയുന്നവര്‍ ഓടിയെത്തുക അന്‍വറിന്റെ അടുത്തായിരിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്ന അന്‍വറിന്റെ മുഖത്ത് മൊട്ടിടുന്ന പുഞ്ചിരി, 'നിങ്ങളുടെ കാര്യം ഞാനേറ്റെടുത്തു' എന്ന സന്ദേശമാണ്. 'ഒരു നോക്ക്, ഒരു വാക്ക്, ഒരു താങ്ങ്' എന്ന സ്‌നേഹ മന്ത്രത്തോടെ ജനമനസ്സില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും പൂത്തിരി കത്തിക്കുന്നതായിരുന്നു അന്‍വറിന്റെ ജീവിതം. അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനര്‍ജി നിരാശപ്പെട്ട പല മനസ്സുകള്‍ക്കും ആശയും പ്രതീക്ഷയും നല്‍കി. കടക്കെണിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകി. ദുരിതക്കയങ്ങളില്‍ ആണ്ടുപോയവര്‍ക്ക് ആ കൈകള്‍ രക്ഷയായി.
അന്‍വര്‍ പ്രസ്ഥാനത്തിന്ന് ഒരു മുതല്‍കൂട്ടായിരുന്നു. സംഘടനാ രംഗത്ത് വിശാല കാഴ്ചപ്പാടും വീക്ഷണവും പുലര്‍ത്തിയ അദ്ദേഹത്തിന്റെ സ്‌നേഹ സൗഹൃദങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ച് സര്‍വ്വ ജനങ്ങളിലേക്കും പരന്നൊഴുകി. കെ.ഐ.ജി.യുടെ സജീവ പ്രവര്‍ത്തകനായ അന്‍വര്‍ എന്നും സദസ്സിന്റെ ഭാഗമാവാനാണാഗ്രഹിച്ചത്. യോഗങ്ങളിലും പരിപാടികളിലുമെല്ലാം ഒരു വീട്ടുകാരണവരെപോലെ വര്‍ത്തിച്ച് ഉത്സാഹപൂര്‍വ്വം ഓടി നടന്നു; ഒന്നിന്നും ഒരു കുറവ് വരരുതെന്ന നിര്‍ബന്ധത്തോടെ. ഒരവസരത്തില്‍ അദ്ദേഹത്തെ കാണാം ആഗതരെ സ്വീകരിച്ചാനയിക്കാന്‍ പ്രവേശന കവാടത്തില്‍. പിന്നീട് നാം കാണുന്നത് അതിഥികളെ സ്‌നേഹപൂര്‍വ്വം സല്‍ക്കരിച്ച് ആഹാരം വിളമ്പിക്കൊടുക്കുന്ന അന്‍വറിനെയാകും.
കണ്ണൂരിലെ വാദിഹുദാ സ്ഥാപനങ്ങള്‍, പടന്ന ഇസ്‌ലാമിക് ട്രസ്റ്റ് തുടങ്ങിയവയുടെ കുവൈത്ത് പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ബൈത്തുസകാത്ത്, ഹൈഅല്‍ ഖൈരിയ്യ, ഔഖാഫ് മന്ത്രാലയം എന്നി ഔദ്യോഗിക കേന്ദ്രങ്ങളുമായി ഉറ്റ ബന്ധമുണ്ടായിരുന്നു. അന്‍വറിന്റെ വിനയവും സൗമ്യഭാവവും പുഞ്ചിരിയും ഉള്‍ചേര്‍ന്ന പെരുമാറ്റത്തില്‍ ആകൃഷ്ടരായിരുന്നു അവരെല്ലാം എന്ന് ഈ കേന്ദ്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പലവുരു പോയിട്ടുള്ള എനിക്ക് ബോധ്യമായ സത്യമാണ്. നിരന്തരമായ തുടരന്വേഷണത്തിലൂടെയും തുടര്‍നടപടികളിലൂടെയും പല പദ്ധതികളും നേടിയെടുത്ത് വിജയത്തിലെത്തിക്കാന്‍ അന്‍വറിന്ന് സാധിച്ചിരുന്നു. വാദിഹുദാ സ്ഥാപനങ്ങളുടെ വൈസ്‌ചെയര്‍മാന്‍ എസ്.എ.പി അബ്ദുസ്സലാം, എസ്.എ.പി ഹാശിം, അബ്ദുര്‍റഷീദ്, ആസാദ് (കുവൈത്ത്) സഹോദരങ്ങളാണ്. ഭാര്യ ഫാത്വിമ. മക്കള്‍: ഫര്‍ഹാന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍, ബാംഗ്ലൂര്‍), ഫഹ്മി (പ്രോസസ് എഞ്ചിനിയര്‍, ആര്‍.ഇ.സി കോഴിക്കോട്), ഫലാഹ് (പ്ലസ്ടു വിദ്യാര്‍ഥി)
നാഥാ, അദ്ദേഹത്തെ നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ, ആമീന്‍.
Comments