ഹിപ്പോക്രാറ്റിന്റെ പ്രതിജ്ഞയിലെ രൂപഭാവ മാറ്റങ്ങള്‍
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന സ്ഥാനപ്പേര് നല്‍കപ്പെട്ട ഹിപ്പോക്രാറ്റസ് ഏകദേശം 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബി.സി 460-നും 375-നും ഇടയില്‍ ജീവിച്ചു. അക്കാലത്തെ ചികിത്സാരംഗത്തെ നിയന്ത്രിച്ചിരുന്ന മന്ത്രവിദ്യകളെയും അന്ധവിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഹിതക്ക് ബിജാവാപം നല്‍കിയ അദ്ദേഹമോ ശിഷ്യന്മാരിലാരെങ്കിലുമോ ഗ്രീക്ക് ഭാഷയില്‍ സമാഹരിച്ച മാര്‍ഗനിര്‍ദേശ തത്ത്വങ്ങളടങ്ങിയ വൈദ്യ സദാചാര തത്ത്വങ്ങളുടെ രത്‌നച്ചുരുക്കമാണ് പില്‍ക്കാലത്ത് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എന്ന പേരില്‍ പ്രസിദ്ധമായത്. ഒട്ടുമുക്കാല്‍ രാജ്യങ്ങളിലും ഇതോ സമാനമോ സദൃശമോ അല്ലെങ്കില്‍ കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയതോ ആയ ചില വാക്യങ്ങള്‍ ഉരുവിട്ട് പ്രതിജ്ഞ ചെയ്ത് കൊണ്ടാണ് യോഗ്യത നേടിയ വൈദ്യവിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി തൊഴില്‍പ്രവേശം നേടുന്നത്.
ഗ്രീക്ക് ഭാഷയിലായിരുന്ന ഹിപ്പോക്രാറ്റസിന്റെ ആദിമ പ്രതിജ്ഞാ വാക്യങ്ങള്‍, പക്ഷേ, ഗ്രീക്ക് ദേവന്മാരായിരുന്ന അപ്പോളോയെയും ഈസ് കുലാപ്പിയസ്സി(Aesulapius അല്ലെങ്കില്‍ Asclepius), ഹൈജിയയുടെയും മറ്റും പേരുകളില്‍ ആണയിട്ടാണ് തുടങ്ങിയിരുന്നത് (വ്യാപകമായി പ്രചാരത്തിലുള്ള മെഡിക്കല്‍ ചിഹ്നമായ 'രണ്ടു പാമ്പുകള്‍ ചുറ്റുന്ന ദണ്ഡ്' ഈസ്‌കുലാപ്പിയസ്സിന്റെ ഊന്ന് വടിയില്‍ നിന്നാണത്രെ ഉത്ഭവിച്ചത്). സ്വാഭാവികമായും അരോചകമായിരുന്ന ഈ വാക്യങ്ങളെ 1948-ലെ 'ജനീവാ പ്രഖ്യാപനം' എന്നറിയപ്പെടുന്ന രൂപത്തിലേക്ക് ഭാവ മാറ്റം നടത്തി; 1968-ലും '84-ലും '94-ലും വീണ്ടും ഭേദഗതികളുണ്ടായ അവക്ക്, വിവിധ രാജ്യങ്ങളില്‍ വിവിധ രൂപങ്ങളുണ്ടായി. അടുത്ത കാലം വരെ ഉപയോഗിച്ചിരുന്ന പ്രതിജ്ഞാ രൂപം (വിവര്‍ത്തനം) ഇങ്ങനെയായിരുന്നു:
''ഞാന്‍ സഗൗരവം പ്രതിജ്ഞ ചെയ്യുന്നു: മനുഷ്യരാശിക്ക് സേവനം ചെയ്യാനായി ഞാനെന്റെ ജീവിതം ഉഴിഞ്ഞു വെക്കും; അര്‍ഹിക്കുന്ന ആദരവും കൃതജ്ഞതയും ഗുരുനാഥര്‍ക്ക് നല്‍കും; മനഃസാക്ഷിയോടും അന്തസ്സോടും തൊഴില്‍ നിര്‍വഹിക്കും; എന്റെ രോഗിയുടെ ആരോഗ്യമായിരിക്കും എന്റെ പ്രഥമ പരിഗണന; രോഗിയുടെ മരണശേഷം പോലും , എന്നെ വിശ്വാസത്തിലെടുത്ത് ഞാന്‍ കേള്‍ക്കേണ്ടിവന്ന സ്വകാര്യതകളെ ഞാന്‍ അനാദരിക്കുകയില്ല; സര്‍വ കഴിവുമുപയോഗിച്ച് വൈദ്യവൃത്തിയുടെ മഹദ് പാരമ്പര്യവും മാന്യതയും ഞാന്‍ സംരക്ഷിക്കും; എന്റെ സഹപ്രവര്‍ത്തകര്‍ എന്റെ സഹോദരരായിരിക്കും; പ്രായം, രോഗം, വൈകല്യം, വിശ്വാസം, വംശം, ലിംഗം, ദേശീയ രാഷ്ട്രീയ കൂറുകള്‍, സാമൂഹികനില തുടങ്ങിയ ഒരു ഘടകവും രോഗിയോടുള്ള എന്റെ ഉത്തരവാദിത്വത്തെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കില്ല; മനുഷ്യ ജീവന് ഞാന്‍ അത്യുന്നത പരിഗണനയും ആദരവും നല്‍കും; മനുഷ്യാവകാശങ്ങള്‍, പൗരസ്വാതന്ത്ര്യം എന്നിവയെ ഉല്ലംഘിക്കാന്‍, ഭീഷണിക്ക് വിധേയമായിപ്പോലും എന്റെ വൈദ്യവിജ്ഞാനം ഞാന്‍ ഉപയോഗിക്കില്ല; എന്റെ അന്തസ്സും ആത്മാഭിമാനവും ആണ, ഈ വാഗ്ദത്തങ്ങള്‍ ഞാന്‍ നല്‍കുന്നത് സഗൗരവവും സ്വതന്ത്രവുമായാകുന്നു.''വീണ്ടും ആറ്റിക്കുറുക്കിയ ഇതിന്റെ നവീന രൂപം വഴിയേ പ്രതിപാദിക്കാം.
തങ്ങളുടെ ദൈനംദിന തൊഴിലിനിടയില്‍, സഗൗരവം എടുത്ത ഈ പ്രതിജ്ഞയുടെ സാരാംശം എത്ര ഡോക്ടര്‍മാരുടെ മനസ്സുകളില്‍ മങ്ങാതെ മായാതെ പതിഞ്ഞ് കിടപ്പുണ്ട്? ഈയിടെ അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേ വെളിവാക്കിയ വസ്തുതകള്‍ കൗതുകകരമായിരുന്നു (ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പതോളജി ആന്റ് മൈക്രോ ബയോളജി, 2012, പേജുകള്‍ 279-282). തങ്ങള്‍ ചെയ്ത പ്രതിജ്ഞയുടെ ഉള്ളടക്കത്തെക്കുറിച്ച് കുറച്ചെങ്കിലും ഓര്‍മയും അവബോധവുമുണ്ടായിരുന്നത് തലമുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരുന്നു; ചെറുപ്പക്കാര്‍ക്കല്ല. പക്ഷേ, എല്ലാവര്‍ക്കും അത്തരമൊരു പ്രതിജ്ഞയെക്കുറിച്ച് അറിയുമായിരുന്നു; അതിന്റെ പൂര്‍ണമായ ഉള്ളടക്കം ഓര്‍ത്തെടുത്തവര്‍ വിരളമായിരുന്നെങ്കിലും. ഒരു ചടങ്ങായി നടത്തിയ സംഭവമെന്ന് പ്രതിജ്ഞയെ ഓര്‍മിച്ചെടുത്തവരായിരുന്നു ഇളം തലമുറക്കാരധികവും.
ഇന്ത്യയില്‍, വൈദ്യവിദ്യാഭ്യാസകാലത്ത്, ഫൊറന്‍സിക് മെഡിസിന്‍ എന്ന വിഷയത്തില്‍ ഒരു ക്ലാസ്സിലോ ചോദ്യക്കടലാസ്സിലെ ഒരു ചോദ്യത്തിലോ മാത്രം ഒതുങ്ങുന്നതാണ് വൈദ്യ സദാചാര സംഹിത. അതും പ്രധാനമായും നൈയാമിക എത്തിക്‌സ്, ഡോക്ടറും നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്നത്. ഗവേഷണ മേഖലയിലെയോ ദൈനംദിന ചികിത്സാ രംഗത്തെയോ എത്തിക്‌സിനെക്കുറിച്ച വശങ്ങള്‍ക്ക് അധികവും ഊന്നല്‍ നല്‍കാത്തവയും.
എങ്കിലും, ഈയിടെയായി മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ എത്തിക്‌സ് പഠനത്തിന് കുറച്ചുകൂടി പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് തോന്നിത്തുടങ്ങിയിട്ടുണ്ട്. 2011 മാര്‍ച്ച് 29-ന് വിഷന്‍ 2015 എന്ന് പേരിട്ട രൂപരേഖയില്‍ കൗണ്‍സിലിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസത്തെ അടിമുടി ഉടച്ചുവാര്‍ക്കണം എന്നഭിപ്രായപ്പെട്ടു. 'എത്തിക്‌സ്, പ്രഫഷണലിസം, നയനിലപാടുകള്‍ തുടങ്ങിയവ സമഞ്ജസമായി യോജിപ്പിച്ച' പദ്ധതികളാവിഷ്‌കരിച്ച്, 'വൈദ്യബിരുദധാരിയെ കൂടുതല്‍ പ്രഫഷണലായും എത്തിക്കലായും പ്രവര്‍ത്തിക്കാന്‍' സഹായിക്കണം എന്നാണ് ബോര്‍ഡ് അഭിപ്രായപ്പെട്ടത്. കുറച്ച് യൂനിവേഴ്‌സിറ്റികളെങ്കിലും സമാന ദിശയിലേക്കുള്ള മാറ്റങ്ങള്‍ വിഭാവനം ചെയ്തു തുടങ്ങിയിട്ടുണ്ട്. പക്ഷേ, വേഗം പോരാ.
വൈദ്യവൃത്തിയെക്കുറിച്ച സങ്കല്‍പങ്ങളില്‍ സാരമായ മാറ്റം വന്നു; 19-ാം നൂറ്റാണ്ട് തുടങ്ങി 21-ാം നൂറ്റാണ്ട് വരെ. 'പ്രഫഷന്‍' എന്നത് ഒരു സാമൂഹിക സങ്കല്‍പമാണ്. സമൂഹമില്ലാതെ 'പ്രഫഷന്‍' ഇല്ല. സമൂഹവും ആ പ്രത്യേക പ്രഫഷനിലെ അംഗങ്ങളും തമ്മിലുള്ള, അന്തര്‍ലീനവും അലിഖിതവുമെങ്കിലും വ്യാപക സ്വീകാര്യതയുള്ള പരസ്പര കരാറാണ് ഒരു പ്രഫഷന്റെ അടിത്തറ. സമൂഹത്തോടും അതിലെ വ്യക്തികളോടും തങ്ങള്‍ക്കു കുറെ കടപ്പാടും ചുമതലകളും ഉണ്ടെന്ന പ്രഫഷനിലെ അംഗങ്ങളുടെ നിലപാട് ഒരു വശത്ത്. അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാനാവശ്യമായ, അവരര്‍ഹിക്കുന്ന അംഗീകാരവും വിവേചന പ്രവര്‍ത്തന സ്വാതന്ത്ര്യവും സേവന വ്യവസ്ഥകളും പ്രദാനം ചെയ്യാമെന്ന സാമൂഹികനിലപാടുകളും സാഹചര്യങ്ങളും മറുവശത്തും. ഇതാണതിന്റെ ഉള്ളടക്കം. ഇരുവശത്തുമുള്ള ഈ അംഗീകൃത നിലപാടുകളില്‍ വരുന്ന അപഭ്രംശം സമൂഹത്തെ ദോഷകരമായി ബാധിക്കും.
1847-ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ലിഖിത രൂപത്തിലാക്കിയതായിരിക്കാം, ഒരു പക്ഷേ ആധുനിക കാലത്തെ ആദ്യത്തെ ഒരു ദേശീയ മെഡിക്കല്‍ എത്തിക്‌സ്, അഥവാ സദാചാര സംഹിത. മൂന്ന് വിഭിന്ന വശങ്ങളാണ് പ്രധാനമായും അതില്‍ പരാമര്‍ശിതമായത്. ഡോക്ടര്‍മാരും രോഗികളും തമ്മില്‍, ഡോക്ടര്‍മാര്‍ പരസ്പരം, ഡോക്ടര്‍മാരും പൊതുസമൂഹവും തമ്മില്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളാണ് വിശകലന വിധേയമായത്. ഉദാഹരണമായി, 'ഡോക്ടര്‍ തന്റെ ആരോഗ്യവും ജീവിതവും സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി ഉഴിഞ്ഞുവെക്കണം; തിരിച്ച് ഈ ചുമതലാ നിര്‍വഹണത്തിന് ആവശ്യമായ സഹായത്തിനു സമൂഹത്തില്‍ നിന്ന് അയാള്‍ക്കവകാശമുണ്ട്', രോഗിയുടെ വിളിക്കുത്തരം നല്‍കല്‍ ഡോക്ടറുടെ ചുമതല. ശരിയായ യോഗ്യതയുള്ളവരെ മാത്രം തന്റെ ചികിത്സക്ക് തേടുക; അയാളുടെ ഉപദേശ നിര്‍ദേശങ്ങള്‍ യഥാവിധി അനുസരിക്കുക എന്നത് രോഗിയുടെ ബാധ്യത. ഒപ്പം തന്റെ ഡോക്ടറോട് രോഗസംബന്ധിയായ കാര്യങ്ങള്‍ ഒന്നും ഒളിപ്പിച്ച് വെക്കാതെ തുറന്ന് പറയുക എന്നതും. ഇതൊക്കെയായിരുന്നു അവയിലുണ്ടായിരുന്ന ചിലത്. പക്ഷേ, ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസായവത്കൃത യന്ത്ര-നിയന്ത്രിത വൈദ്യവ്യവഹാരങ്ങള്‍ ഈ തത്ത്വങ്ങളെ പലതും തകിടം മറിച്ചുകളഞ്ഞു.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ തല്‍ഭവ ചുറ്റുപാടില്‍ നിലനിന്നിരുന്ന ഉദാരവും വല്‍സലവും തുറന്നതുമായ ഗുരുശിഷ്യ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. സ്വന്തം മാതാപിതാക്കന്മാരുടെ സ്ഥാനത്തിന് തുല്യം ഗുരുക്കന്മാരെയും ഗണിക്കാനാണ് പ്രാഗ്‌രൂപത്തിലെ പ്രതിജ്ഞ ആവശ്യപ്പെട്ടത്; അവരുടെ സന്താനങ്ങളെ സ്വന്തം സഹോദരങ്ങളായും. മാത്രമല്ല, പ്രതിഫലം കൂടാതെ ഈ കലയെ അനന്തര തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാനും.
മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തിലെ അതുല്യ നാമമായ സര്‍ വില്യം ഓസ്‌ലര്‍ (1849-1913) തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും പത്തൊമ്പതാം നൂറ്റാണ്ടിലെ മെഡിക്കല്‍ സമൂഹത്തിന്റെ ആദര്‍ശ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനായി മെഡിക്കല്‍ കൂട്ടായ്മകളെ പ്രോത്സാഹിപ്പിച്ചു. മെഡിക്കല്‍ സൊസൈറ്റികള്‍ രൂപീകരിച്ച് ആശയവിനിമയം നടത്താനും, വിജ്ഞാനം പങ്കുവെക്കാനും പരസ്പരം കാലുഷ്യം മാറ്റിവെച്ച് സൗഹൃദവും പരസ്പര ഗുണകാംക്ഷയും വളര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ 'ഡോക്ടര്‍മാര്‍ വിളയുന്ന ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളുണ്ടാവാന്‍' ആഗ്രഹിച്ച അദ്ദേഹം പറഞ്ഞു: ''സ്വന്തം പ്രഫഷനില്‍ സഹപ്രവര്‍ത്തകരില്‍നിന്ന് അകന്നു മാറി ഒറ്റക്ക് നില്‍ക്കാന്‍ ആവില്ല. കൂട്ടായ്മകളില്‍ ചേരൂ; മീറ്റിംഗുകളില്‍ പങ്കെടുക്കൂ- ഇവിടെ, അവിടെ, എവിടെയും. പഠിക്കാനും പഠിപ്പിക്കാനും തയാറായ വിദ്യാര്‍ഥികളെ പോലെ. പണത്തോടുള്ള ആര്‍ത്തിയെക്കാളേറെ ആ കാലത്തെ ഡോക്ടര്‍ നയിക്കപ്പെട്ടത് ശാസ്ത്രീയ വിജ്ഞാനം തന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കാനുള്ള ആഗ്രഹത്താലായിരുന്നു. അനന്തര തലമുറയോടുള്ള ഒരു കടമ എന്ന നിലക്കായിരുന്നു മെഡിക്കല്‍ അധ്യാപകര്‍ ഈ ദൗത്യം ഏറ്റെടുത്ത് നടത്തിയിരുന്നത്. 'ആരും സ്വയം തുരുത്തുകളല്ല, അങ്ങനെ വര്‍ത്തിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. മറിച്ച് എല്ലാവരും പ്രഫഷന്റെ ഭാഗമാണ്; പ്രഫഷന്‍ എല്ലാവരുടേതും' എന്ന് പറഞ്ഞ ഓസ്‌ലര്‍, തന്റെ പ്രദേശത്തെ മെഡിക്കല്‍ സൊസൈറ്റി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് സന്ദേഹിച്ച വിദ്യാര്‍ഥിയോട് പറഞ്ഞതിങ്ങനെ: ''നിങ്ങളെന്ത് വിചാരിച്ചു? ആ യോഗങ്ങളില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനെന്നതിലേറെ അവരില്‍നിന്ന് എനിക്ക് പഠിക്കാനുണ്ട്.''
മെഡിക്കല്‍ സൊസൈറ്റികള്‍ അങ്ങനെ ഐക്യദാര്‍ഢ്യമുള്ള സഹപ്രവര്‍ത്തകര്‍ നയിക്കുന്ന സമൂഹങ്ങളായി. അവയിലെ പങ്കാളിത്തം ഒരു എത്തിക്കല്‍ ബാധ്യതയുമായി. അതിലൂടെ അഹന്ത അലിഞ്ഞില്ലാതായി. വിനയം എന്ന ഗുണം വളര്‍ത്താനുമായി.
മനുഷ്യ ജീവന് മേല്‍ ദൈവത്തിനുള്ള കഴിവുകളെയും അധികാരത്തെയും കുറിച്ച ആദരവും ഭയവും, ദൈവത്തിന്റെ കൃതികളെ മാറ്റിമറിക്കുന്നതിലെ കുറ്റബോധവുമായിരുന്നു, ഹിപ്പോക്രാറ്റസിന്റെ അധ്യാപനങ്ങളില്‍ ഡോക്ടര്‍ വിനയാന്വിതനാകണമെന്ന് ഊന്നാന്‍ കാരണം. പക്ഷേ, പതുക്കെ വൈദ്യവൃത്തി എന്ന കലയെ സമ്പൂര്‍ണമായും ശാസ്ത്രം ഏറ്റെടുക്കുന്നതിനനുസരിച്ച് അനന്തര തലമുറകളിലെ വൈദ്യ വിദ്യാര്‍ഥികളും അധ്യാപകരും മനുഷ്യ ശരീരത്തെ കൂടുതല്‍ കൂടുതല്‍ യാന്ത്രികമായി സമീപിക്കാന്‍ തുടങ്ങി. കൂടുതല്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലേക്ക് ഈ മാറ്റം നയിച്ചു എന്നത് ശരി തന്നെ; പക്ഷേ, ഒരു ഡോക്ടറുടെ ഏറ്റവും വലിയ ഗുണമായിരുന്ന വിനയത്തെ കെടുത്തിക്കളയുന്നതിലും വലിയ പങ്ക് അവക്ക് തന്നെയായിരുന്നു. ഓരോ മെഡിക്കല്‍ കണ്ടുപിടിത്തവും കൂടുതല്‍ കൂടുതല്‍ രോഗങ്ങളെ കീഴടക്കിയതനുസരിച്ച് ഡോക്ടര്‍മാരുടെ വിനയ ഭാവം അഹന്തക്ക് വഴിവെച്ചു. മെഡിക്കല്‍ സമൂഹത്തിന്റെ ഉള്ളില്‍ തന്നെ വിജ്ഞാനം പങ്കുവെക്കുന്നതിലെ സുതാര്യതക്കും എളുപ്പത്തിനും ഭംഗം വരാന്‍ തുടങ്ങി. സംയുക്ത പുരോഗതിക്ക് പകരം വ്യക്തിഗത നേട്ടങ്ങളും സ്വാര്‍ഥ ലാഭങ്ങളും അവയോടുള്ള കൊതിയും രംഗം കീഴടക്കിത്തുടങ്ങി.
അങ്ങനെ, ആധുനിക വൈദ്യവ്യവഹാരങ്ങള്‍ക്ക്, ഡോക്ടര്‍മാര്‍- രോഗികള്‍-സമൂഹം എന്നീ ത്രിത്വങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്റെ അനിവാര്യത ആവശ്യമില്ലാതായി. രംഗം കീഴടക്കാന്‍ ബിസിനസ് താല്‍പര്യങ്ങളും കമ്പനികളും കുത്തകകളും ഇറങ്ങിക്കളിച്ചു. വൈദ്യവൃത്തി എന്ന 'കല' (ഹിപ്പോക്രാറ്റസും അനന്തര ഗുരുക്കന്മാരും എല്ലാം എന്തു സ്‌നേഹത്തോടും ഗൃഹാതുരത്വത്തോടും കൂടിയാണ് സ്വന്തം തൊഴിലിനെ 'കല' എന്ന് മഹത്വവത്കരിച്ചിരുന്നത്! ഹെല്‍ത്ത് ഇന്‍ഡസ്ട്രി, ഹെല്‍ത്ത് ടൂറിസം,, എക്‌സ് അല്ലെങ്കില്‍ വൈ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്ലയന്റ്‌സ്, കെയര്‍ പ്രൊവൈഡേഴ്‌സ്, കസ്റ്റമേഴ്‌സ് തുടങ്ങിയ ആധുനിക പ്രയോഗങ്ങളില്‍ ആരും അരോചകത ദര്‍ശിക്കാത്ത കാലം വന്നു!!) ഇന്ന് മുതലാളിത്ത മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന, ലാഭേഛകള്‍ കൈകാര്യം ചെയ്യുന്ന റവന്യൂ മേഖലയായി മാറി. തദനുസാരം ഉണ്ടായ ബിസിനസ് മത്സരങ്ങള്‍ അരോചകങ്ങളായ മാധ്യമ പരസ്യങ്ങളിലേക്കും 'പെയ്ഡ് ന്യൂസു'കളിലേക്കും നയിച്ചു. ഡോക്ടര്‍മാരുടെ വിശ്വാസ്യതയുടെ അളവുകോല്‍ അയാളുടെ വെയിറ്റിംഗ് റൂമിലെ തിരക്കായി; അക്കാദമിക മേഖലകളില്‍ അയാളുടെ പേരില്‍ പ്രസിദ്ധീകൃതമായ പ്രബന്ധങ്ങളും ഗവേഷണങ്ങളുമായി- അവയുടെ നിലവാരം അധഃപതിക്കുകയാണെങ്കിലും. അദൃശ്യവും അമൂര്‍ത്തവുമെങ്കിലും അനുഭവവേദ്യമായിരുന്ന സാമൂഹിക ഓഡിറ്റിംഗിന്റെ കാണാച്ചരടുകള്‍ പൊട്ടിപ്പോയി. അതായത് രോഗിയിലും സമൂഹത്തിലും കേന്ദ്രീകൃതമായിരുന്ന ആതുര ശുശ്രൂഷാ രംഗം റവന്യൂ കേന്ദ്രീകൃതമായി. വൈദ്യപ്രതിജ്ഞക്ക് അര്‍ഥലോപം സംഭവിക്കുകയായി. നിഷേധാത്മകമായ ഈ പ്രവണതകള്‍ കൂടി കണക്കിലെടുത്തുകൊണ്ടാകണം, ഈ പ്രതിജ്ഞ കാലാകാലങ്ങളില്‍ ഭേദഗതിക്ക് വിധേയമായിക്കൊണ്ടിരുന്നത്.
ഗവേഷണ രംഗത്തെ എത്തിക്കല്‍ തത്ത്വങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി. ഗവേഷണം അധികവും കോര്‍പറേറ്റ് പ്രൈവറ്റ് കമ്പനികളും ട്രസ്റ്റുകളും ഫണ്ട് ചെയ്യാന്‍ തുടങ്ങി. സര്‍വകലാശാലകള്‍ക്ക് സ്വയം അവക്കുള്ള ധനം കണ്ടെത്താന്‍ കഴിയാതായി. ആദ്യമൊക്കെ സഹായം ലഭ്യമാക്കിയിരുന്ന ട്രസ്റ്റുകളും കമ്പനികളും കുറെയേറെ നീതിയും നിഷ്പക്ഷതയും ഗവേഷണ രംഗത്ത് പുലര്‍ത്താന്‍ അനുവദിച്ചിരുന്നു. പക്ഷേ, പിന്നീട് ബിസിനസ് താല്‍പര്യങ്ങള്‍ ഗവേഷണ ദിശയെയും ഫലങ്ങളെയും സ്വാധീനിക്കുന്ന സംഭവങ്ങളുണ്ടായി. ഒരു പ്രമാദമായ സംഭവമായിരുന്നു ദക്ഷിണ കൊറിയയില്‍ ഉണ്ടായ ക്ലോണിംഗ് ഗവേഷണ അപവാദം. വൈദ്യപ്രതിജ്ഞയുടെ ലംഘനത്തിന് ഒരു ഉദാഹരണവും. ആദ്യമായി മനുഷ്യ മൂലകോശ പരമ്പര വികസിപ്പിച്ചെടുത്തു എന്നവകാശപ്പെട്ട പ്രഫസര്‍ ഹ്വാംഗ്-വൂ-സുകിന്റെ (Hwang Woo- Suk)യും സംഘത്തിന്റെയും ഉയര്‍ച്ചയും പതനവും മെഡിക്കല്‍ സമൂഹം കാണാനിടയായി. 2004-ലും 2005-ലും ഈ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ പൊള്ളയും വ്യാജവുമായിരുന്നെന്ന് 2006-ല്‍ സിയോള്‍ നാഷ്‌നല്‍ യൂനിവേഴ്‌സിറ്റിയുടെ അന്വേഷണ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ഇതേക്കുറിച്ച വാഗ്വാദങ്ങള്‍ ആഗോളം പടര്‍ന്നു. ഒരു മെഡിക്കല്‍ റിസര്‍ച്ച് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇത്രയും ഗൗരവമേറിയ അപവാദം ഉയരാനിടയായതെങ്ങനെയെന്ന് പല ബയോ എത്തിക്കല്‍ വിശകലനങ്ങളും ചര്‍ച്ച ചെയ്തു. പിറ്റ്‌സ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ ശാസ്ത്രീയ ഗവേഷണ രംഗത്തെ സമാനമായ തട്ടിപ്പുകള്‍ ഒറ്റപ്പെട്ടതല്ല എന്നും, ഫണ്ട് ചെയ്യുന്ന കമ്പനികളോ സ്ഥാപനങ്ങളോ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ചെലുത്തുന്ന അനാവശ്യ ധൃതിയും സമ്മര്‍ദവുമാണ് കാരണമാകാറുള്ളതെന്നും തെളിയിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കുന്ന ഒരു ഘടകം പ്രശസ്തി, അധികാരം, പണം തുടങ്ങിയവക്കുള്ള ത്വരയാണ്.
ഇന്ത്യന്‍ വൈദ്യ വിദ്യാഭ്യാസരംഗത്ത് വര്‍ധിച്ചുവരുന്ന വ്യാപാരവത്കരണവും സ്വകാര്യവത്കരണവും കുറെയേറെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വൈദ്യവിദ്യാഭ്യാസം മോഹിക്കുന്നവരുടെയും നേടുന്നവരുടെയും നല്‍കുന്നവരുടെയും മുഖ്യ ലക്ഷ്യം ധനസമ്പാദനമാണെന്നത് ഇന്നത്തെ സത്യം. സമൂഹത്തില്‍ ഡോക്ടര്‍മാരിലുള്ള വിശ്വാസ്യതക്ക് ഭംഗം തട്ടാനും പ്രധാന കാരണം ഇതുതന്നെ. മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് വേണ്ട യോഗ്യതയും ബൗദ്ധികമല്ല, പണമാണെന്നത് ഒരു ദുഃഖകരമായ മാറ്റമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരം താഴുകയുമാണ്. ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും. മതിയായ അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ ഉപകരണങ്ങളോ ഇല്ലാതെയാണ് കുറെയേറെ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. പണമെറിഞ്ഞ് പണം കൊയ്യുക എന്നതാണ് മെഡിക്കല്‍ കോളേജുകളുടെ നടത്തിപ്പുകാര്‍ക്കും അവയുടെ ഉല്‍പന്നങ്ങള്‍ക്കും ലക്ഷ്യം. ടെക്‌നോളജിയാണ് ചികിത്സാരംഗം അടക്കിവാഴുന്നത്.
വൈദ്യ സദാചാരം എല്ലാ കാലത്തും പ്രസക്തമാണ്; അതങ്ങനെയല്ലാതാവുകയില്ല. മനുഷ്യരുടെ പരാധീനതകള്‍ക്കും രോഗങ്ങള്‍ക്കും ശമനം വരുത്തുക എന്നതാണതിന്റെ ഉദ്ദേശ്യം. ഉപഭോക്തൃപരത, വ്യാപാരവത്കരണം, സാമ്പത്തിക ഉദാരവത്കരണം എന്നിവ പക്ഷേ ഈ ലക്ഷ്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഈ സദാചാര ഭ്രംശം ഡോക്ടര്‍-രോഗീ ബന്ധത്തിന് ഊനം വരുത്തിയിരിക്കുന്നു. മെഡിക്കല്‍ കരിക്കുലത്തില്‍ എത്തിക്‌സിന് വര്‍ധമാന പരിഗണനയും അടിസ്ഥാന പരിശീലനവും നല്‍കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധയൂന്നാന്‍ വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നിയന്ത്രണാധികാരമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കും സമയമായി.
അവസാനിപ്പിക്കുന്നതിന് മുമ്പ് ഇപ്പോള്‍ നമ്മുടെ കോളേജുകളില്‍ പഠനാവസാനം ഡോക്ടര്‍ വൃത്തിയിലേക്ക് പ്രവേശിക്കുന്ന യുവ ബിരുദധാരികള്‍ ഏറ്റു പറയുന്ന സംക്ഷിപ്ത പ്രതിജ്ഞ ഉദ്ധരിക്കട്ടെ: 1. മനുഷ്യരാശിയുടെ സേവനത്തിന് ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു. 2. മനഃസാക്ഷിയോടെയും അന്തസ്സോടെയും ഞാന്‍ എന്റെ ജോലി നിര്‍വഹിക്കും. 3. എന്റെ രോഗിയുടെ ആരോഗ്യമായിരിക്കും എന്റെ പ്രഥമ പരിഗണന. 4. വൈദ്യവൃത്തിയുടെ ശ്രേഷ്ഠതയും മഹദ് പാരമ്പര്യവും സംരക്ഷിക്കാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്യും. 5. ഭീഷണിക്കിരയായാല്‍ പോലും മാനുഷിക തത്ത്വങ്ങള്‍ക്കെതിരെ എന്റെ വൈദ്യവിജ്ഞാനം ഞാന്‍ ഉപയോഗിക്കില്ല.
Comments