ആരാണ് ഗുണഭോക്താവ്?
രാജ്യത്ത് നടന്നുവരുന്ന മുസ്ലിം യുവാക്കളുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് വേളയിലും തുടരുകയാണ്. രാജസ്ഥാനില് അറസ്റ്റിലായ പാക് പൗരന് വഖാസ് ഭീകരനും തഹ്സന് അക്തര് ഇന്ത്യന് മുജാഹിദീന് നേതാവുമാണത്രെ. അവരുമായി ബന്ധമുണ്ടെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് വേറെയും ചിലര് പിടിക്കപ്പെട്ടിരിക്കുന്നു. ദല്ഹിയിലെ ഓഖ്ലയില് നിന്ന് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്ഥികളെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര് ഇടപെട്ടതിനെത്തുടര്ന്ന് ചോദ്യം ചെയ്ത് വിട്ടയക്കലില് കലാശിക്കുകയായിരുന്നു. ഉത്തരേന്ത്യയില് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 'തീവ്രവാദി'കളെ തെളിവെടുപ്പിന്റെ പേരില് ആപാദചൂഢം തുണിയില് പൊതിഞ്ഞ് കേരളത്തിലടക്കം കൊണ്ടുനടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് പുതിയ അറസ്റ്റ് പരമ്പര രാഷ്ട്രീയ ചര്ച്ചാ വേദികളില് ചില ചോദ്യങ്ങളുയര്ത്തിയിരിക്കുന്നു. ഈ അറസ്റ്റുകള് കോണ്ഗ്രസിന് ഗുണം ചെയ്യുമോ? കോണ്ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലും കോണ്ഗ്രസിതര ഭരണമുള്ള സംസ്ഥാനങ്ങളിലും അറസ്റ്റുകള് നടക്കുന്നുണ്ട്. കേന്ദ്ര ഏജന്സികള്ക്കാണ് കൂടുതല് ഉത്സാഹം. ദല്ഹി പോലീസ്, കേന്ദ്രത്തിന്റെ കീഴിലാണല്ലോ. പോലീസിന്റെ മുസ്ലിംവിരുദ്ധ നടപടികള് നേരിട്ട് ഗുണം ചെയ്യുന്നത്, അല്ലെങ്കില് കൈകടത്തി പ്രയോജനപ്പെടുത്തുന്നത് ബി.ജെ.പിയാണെന്നാണ് ഒരു നിരീക്ഷണം. ഇഷ്യൂകള് ഹൈജാക്ക് ചെയ്യുന്നതില് ബഹു മിടുക്കരാണല്ലോ അവര്. മുസ്ലിം അറസ്റ്റുകളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന് ആഗ്രഹിച്ചാലും കോണ്ഗ്രസിന് അതു സാധിക്കുകയില്ല. ബി.ജെ.പിയുടെ നേട്ടത്തിനു വേണ്ടി കോണ്ഗ്രസ് സര്ക്കാര് ഇത്തരം നടപടിയിലേര്പ്പെടുക എന്നത് അചിന്ത്യമാണ്- ഇന്നത്തെ സാഹചര്യത്തില് അതും ചിന്തനീയമാണെന്ന് കരുതുന്ന ചിലരുണ്ടെന്നത് നിഷേധിക്കാനാവില്ലെങ്കിലും. ഏതായാലും മുസ്ലിംകളെ സംശയത്തിന്റെ നിഴലിലകപ്പെടുത്തുന്നതിന്റെ രാഷ്ട്രീയ നേട്ടം ആര്ക്ക് എന്ന ചോദ്യം പ്രാധാന്യമര്ഹിക്കുന്നതാണ്.
ഉത്തരം അത്ര ദുരൂഹമൊന്നുമല്ല. രാഷ്ട്രീയബോധമുള്ള സാധാരണക്കാര്ക്കു പോലും അത് അനായാസം കണ്ടെത്താനാവുന്നതേയുള്ളൂ. ആരാണ് ഈ കാമ്പയിന് സംഘടിപ്പിക്കുന്നത് എന്ന ചോദ്യവും ഏറെ പ്രസക്തമാണ്. കോണ്ഗ്രസാണോ, കേന്ദ്ര ഗവണ്മെന്റാണോ, ആഭ്യന്തരമന്ത്രിയാണോ? അതല്ല സംസ്ഥാന മുഖ്യമന്ത്രിമാരാണോ? ഇപ്പറഞ്ഞ ആരുമല്ല എന്നതാണ് വാസ്തവം. പ്രയോഗതലത്തില് ഭരണ സംവിധാനം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഡീപ്പ് സ്റ്റേറ്റാണിത് നടത്തുന്നത്. വ്യത്യസ്ത രാഷ്ട്രീയ പാര്ട്ടികള് നേതൃത്വം നല്കുന്ന ഗവണ്മെന്റുകളുടെ നയനിലപാടുകളും പ്രവര്ത്തന പരിപാടികളും വ്യത്യസ്തമായിരിക്കും. എന്നാല്, പ്രയോഗതലത്തില് നടപ്പിലാകുന്നത് രാജ്യത്തിന്റെ അടിസ്ഥാനപരമായ സംവിധാനം-എസ്റ്റാബ്ലിഷ്മെന്റ് - ഉദ്ദേശിക്കുന്നതെന്തോ അതായിരിക്കും. സര്ക്കാര് നടപ്പിലാക്കാനാഗ്രഹിക്കുന്ന ഏതു പരിപാടിയുടെയും ലക്ഷ്യപ്രാപ്തിയും ജയപരാജയങ്ങളും ഡീപ്പ് സ്റ്റേറ്റിന്റെ ദാക്ഷിണ്യത്തെ ആശ്രയിച്ചിരിക്കുന്നു. അവര് വിചാരിച്ചില്ലെങ്കില് സര്ക്കാറിന്റെ ഒരു പരിപാടിയും ലക്ഷ്യത്തിലെത്താന് പോകുന്നില്ല. സച്ചാര് കമീഷന്റെ ചില ശിപാര്ശകള് സ്വീകരിച്ചുകൊണ്ട് ഗവണ്മെന്റ് ആവിഷ്കരിച്ച മുസ്ലിം ക്ഷേമപദ്ധതികളധികവും നേരെ ചൊവ്വെ നടക്കുന്നില്ല. വിപരീത ഫലമുളവാക്കുന്ന വിധത്തിലാണ് ചിലത് നടക്കുന്നത്. മുസ്ലിംകള്ക്ക് ഒന്നും കൊടുക്കാതെ തന്നെ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപം സര്ക്കാറും, അനര്ഹമായ പലതും പിടിച്ചു വാങ്ങുന്നു എന്ന ആക്ഷേപം മുസ്ലിംകളും ഏറ്റുവാങ്ങേണ്ടിവരികയാണ്. കേരളം എല്.ഡി.എഫും കര്ണാടക ബി.ജെ.പിയും ഭരിച്ച കാലത്തെന്ന പോലെ കേരളം യു.ഡി.എഫും കര്ണാടക കോണ്ഗ്രസ്സും ഭരിക്കുമ്പോഴും അബ്ദുന്നാസര് മഅ്ദനി ബംഗളുരു അഗ്രഹാര ജയിലില് ദുരിതമനുഭവിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് എന്ന പല്ലവി പാടാനല്ലാതെ ഒന്നും ചെയ്യാന് ഗവണ്മെന്റുകള്ക്ക് കഴിയുന്നില്ല. അതാണ് ഡീപ്പ് സ്റ്റേറ്റിന്റെ ശക്തി.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പല മന്ത്രിമാരും അവരുടെ വകുപ്പുകളില് യഥാര്ഥത്തില് നടക്കുന്നതെന്താണെന്നറിയുന്നില്ല. ഉദ്യോഗസ്ഥര് പറയുന്നത് കേള്ക്കുകയും പറയുന്നിടത്ത് ഒപ്പിടുകയുമാണവരുടെ ജോലി. കരിമ്പൂച്ചകളുടെ വലയത്തില് കഴിയുന്നവര് കരിമ്പൂച്ചകള് പറയുന്നതേ കേള്ക്കൂ. അതിനപ്പുറവും കേള്ക്കുകയും കാണുകയും ചെയ്യുന്നവരുണ്ടാവാം. അവര്ക്ക് പക്ഷേ, സ്വന്തം കാഴ്ചയും കേള്വിയുമനുസരിച്ച് പ്രവര്ത്തിക്കാനുള്ള ധാര്മിക വീര്യവും നട്ടെല്ലും ഉണ്ടാവണമെന്നില്ല. പരസ്പരം പിന്തുണച്ച് നീങ്ങുക എന്ന സുരക്ഷിത മാര്ഗം തന്നെ അവരും സ്വീകരിക്കുന്നു. ഒരു പ്രത്യേക മനോഘടനയിലും ചിന്താഗതിയിലും വളര്ത്തപ്പെട്ടവരാണ് ഡീപ്പ് സ്റ്റേറ്റിന്റെ കൈകാര്യക്കാരധികവും. തീവ്രവാദ ആരോപണത്തിന്റെ പേരില് പിടിയിലായി, ഉയര്ന്ന ഓഫീസര്മാരാല് ചോദ്യം ചെയ്യപ്പെട്ട മുസ്ലിം യുവാക്കളുടെ അനുഭവം പങ്കുവെച്ചു നോക്കുക. അവര് 'മുസ്ലിംകള്' ആയി എന്നതുതന്നെയാണ് ഏറ്റവും വലിയ കുറ്റം. അവര് മാത്രമല്ല, അവരുടെ കുടുംബവും സമുദായവുമെല്ലാം കൊടും കുറ്റവാളികളും നികൃഷ്ടരായ ദേശദ്രോഹികളുമാണ്. ഇത്തരമൊരു നിലപാട് ഫാഷിസ്റ്റ് ഗവണ്മെന്റുകള്ക്ക് ഭൂഷണമാകാം. ജനാധിപത്യ ഗവണ്മെന്റ് ഒരിക്കലും ആ രീതി സ്വീകരിക്കാനിടയില്ല. രഹസ്യാന്വേഷണ ഏജന്സികളുടെ അറസ്റ്റ് പരമ്പരകള് കൊണ്ട് കോണ്ഗ്രസിന് എന്തു നേട്ടമുണ്ടാകും എന്ന ചോദ്യം നിരര്ഥകമാണ്. നേട്ടമല്ല, കോട്ടമാണുണ്ടാവുകയെന്ന് കോണ്ഗ്രസ്സിനും അറിയാം. പക്ഷേ, ഡീപ്പ് സ്റ്റേറ്റിന്റെ ശക്തിക്ക് മുമ്പില് എഴുന്നേറ്റുനില്ക്കാനുള്ള ആത്മധൈര്യവും നട്ടെല്ലും അവര്ക്കില്ല.
ഈയൊരു പരിതോവസ്ഥയില് മുസ്ലിം നേതൃത്വം ചെയ്യേണ്ടതെന്താണ് എന്നതും പ്രസക്തമായ ചോദ്യമാകുന്നു. അന്യായമായ അറസ്റ്റുകളെയും വ്യാജ ഏറ്റുമുട്ടലുകളെയും ചൊല്ലി അവരില് നിന്നുയരുന്ന വിലാപങ്ങളൊന്നും ഒരു ഫലവുമുളവാക്കുന്നില്ല എന്ന സത്യം കഴിഞ്ഞ പത്ത് വര്ഷമായി അനുഭവിച്ചുവരുന്നതാണ്. എന്നല്ല, വര്ഗീയതക്കും വിവേചനത്തിനുമെതിരെ ഉയര്ത്തുന്ന മുറവിളികള് ചിലപ്പോള് വിപരീത ഫലമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയില് മുസ്ലിം നേതൃത്വം എന്നൊന്ന് യഥാര്ഥത്തില് ഉണ്ടെങ്കില് ഈ ദുരവസ്ഥ പരിഹരിക്കാന് കേവലം വനരോദനങ്ങള്ക്കപ്പുറം ആസൂത്രിതമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments