Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

അസ്മാ, ഞാന്‍ വിട പറയുന്നില്ല!

മുഹമ്മദ് ബല്‍താജി / ഓര്‍മ

സ്‌നേഹനിധിയായ എന്റെ മകളേ, എന്റെ ആദരണീയ ഗുരുനാഥരേ, രക്തസാക്ഷി അസ്മാ അല്‍ ബല്‍താജി, വിട പറയുന്നില്ല ഞാന്‍, നാളെ കാണാം എന്നേ പറയുന്നുള്ളൂ.
കുനിയാത്ത ശിരസ്സുമായാണ് നീ ജീവിച്ചത്. അതിക്രമികളുടെ മുന്നില്‍ കലാപകാരിയായിരുന്നു നീ. സകല ചങ്ങലക്കെട്ടുകളും തിരസ്‌കരിച്ചവളാണു നീ. അതിരില്ലാത്ത സ്വാതന്ത്ര്യമാണ് നീ മനസ്സോട് ചേര്‍ത്തുവെച്ചത്. അന്വേഷണ കുതുകിയായിരുന്നു നീ. ഈ സമുദായത്തിന്റെ നവ നിര്‍മിതിക്കും പുനരാവിഷ്‌കാരത്തിനും അതിന്റെ നാഗരിക വൈശിഷ്ട്യത്തിനും ഇടമൊരുക്കാന്‍, പുതിയ ആകാശ സീമകളാണ് നിശ്ശബ്ദം നീ തേടിക്കൊണ്ടിരുന്നത്.
നിന്റെ സമപ്രായക്കാരില്‍ ആരെപ്പോലെയുമായിരുന്നില്ല നീ. അവരെ മഥിച്ചുകൊണ്ടിരുന്നതൊന്നും നിന്നെ ആകര്‍ഷിച്ചില്ല. പാരമ്പര്യ പഠനരീതികള്‍ നിന്റെ വിജ്ഞാന ദാഹത്തെ ഒരിക്കലും ശമിപ്പിക്കുകയോ മോഹിപ്പിക്കുകയോ ചെയ്തതുമില്ല. എന്നിട്ടും പഠനത്തില്‍ നീ എപ്പോഴും ക്ലാസ്സില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.
മകളേ, നിന്റെ ഹ്രസ്വകാല ജീവിതത്തില്‍ നിന്നോടൊപ്പം കൂടിയാടാന്‍ ഏറെയൊന്നും എനിക്കായിട്ടില്ല. മധുരോദാരവും സന്തോഷദായകവുമായ ആ സഹവാസത്തിന് ഏറെ നീക്കിവെക്കാന്‍ എനിക്ക് സമയം തികയാറുണ്ടായിരുന്നില്ല.
റാബിഅ മൈതാനിയില്‍ അവസാനമായി നമ്മളൊന്നായി സമ്മേളിച്ചപ്പോഴും നീ എന്നെ കുറ്റപ്പെടുത്തിയത്, മകളേ, ഞാന്‍ ഓര്‍ക്കുന്നു. നീ ചോദിച്ചു: ''ഉപ്പാ! ഞങ്ങളെയും നോക്കി നിങ്ങളും ഇവിടെ കൂടുകയാണോ?'' അപ്പോള്‍ ഞാന്‍ പറഞ്ഞു: ''ഇവിടെ നമുക്ക് ജീവിതം ആസ്വദിക്കാന്‍ മാത്രം സമയം ലഭിക്കാന്‍ ഇടയില്ലെങ്കിലും സ്വര്‍ഗത്തില്‍ ഒരുമിച്ച് ആനന്ദ സൗഭാഗ്യങ്ങള്‍ നുകരാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.''
നിന്റെ രക്തസാക്ഷിത്വത്തിനും രണ്ടുനാള്‍ മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. 'നവോഢയുടെ വേഷാലങ്കാരങ്ങളോടെ അപ്‌സരലാവണ്യത്തില്‍ പുളകിതയായി നീ.' ആ ദൃശ്യത്തിനു തുല്യം ഭൂമിയില്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല.
മൈതാനിയില്‍ നീ അരികില്‍ വന്നിരുന്നപ്പോള്‍ നിന്നെ നോക്കി ഞാന്‍ ചോദിച്ചു: ''മകളേ, മണവാട്ടി ചമയാന്‍ വരും രാത്രിയാണോ നീ തെരഞ്ഞെടുത്തിരിക്കുന്നത്?'' മധ്യാഹ്നത്തോടെ നിന്റെ മറുപടി വന്നു: ''ഉപ്പാ, രാത്രിയല്ല; ഇപ്പോഴാണ് മണവാട്ടിയാകാന്‍ ഞാന്‍ തെരഞ്ഞെടുത്ത സമയം!!''
ബുധനാഴ്ച ഉച്ചക്ക് നീ ശഹാദത്ത് വരിച്ചത് കേട്ടപ്പോള്‍ അല്ലാഹു നിന്നെ സാദരം സ്വീകരിച്ച സന്തോഷ വാര്‍ത്ത ഞാന്‍ അറിയുകയായിരുന്നു! നമ്മള്‍ സത്യത്തിലാണെന്നും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലാണെന്നുമുള്ള എന്റെ തീര്‍പ്പുകള്‍ക്ക് നീ ബലമേകിയിരിക്കുന്നു.
അന്ത്യയാത്രയില്‍ നിന്നെ അനുധാവനം ചെയ്യാനോ, വിടവാങ്ങല്‍ ദര്‍ശനത്തിലൂടെ കണ്ണുകള്‍ക്ക് കുളിരു നുണയാനോ, നിന്റെ കവിളുകളില്‍ അന്ത്യ ചുംബനം നല്‍കാനോ, ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കാനോ എനിക്ക് കഴിയാത്തതിലുള്ള വേദന, കടുത്ത വേദന മകളേ, ഞാന്‍ ചവച്ചിറക്കുന്നു.
പ്രിയപ്പെട്ട അസ്മാ, അല്ലാഹുവാണ, അത് മരണഭയം കൊണ്ടായിരുന്നില്ല. മര്‍ദകന്റെ തുറുങ്കുകള്‍ പേടിച്ചിട്ടുമല്ല. മകളേ, നീ ജീവന്‍ ബലി നല്‍കിയ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുള്ളതുകൊണ്ടായിരുന്നു. അഥവാ വിപ്ലവം ലക്ഷ്യം കാണും വരെ, വിജയം വരെ മുഴുശ്രദ്ധയും കൊടുക്കേണ്ടതിനാല്‍.
കുനിയാത്ത ശിരസ്സും ഇടറാത്ത പാദങ്ങളുമായി നിന്റെ ആത്മാവ് ഉന്നതി പ്രാപിച്ചിരിക്കുന്നു. കിരാതരായ അക്രമികളെ ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ട്, അളിഞ്ഞ കുടിലതയുടെ,തികഞ്ഞ ആസുരതയുടെ വെടിയുണ്ടകള്‍ നീ നെഞ്ചില്‍ ഏറ്റുവാങ്ങി. എന്തു മാത്രം ഘനഗംഭീരമാണ് ആ തന്റേടം! ആ മാനസം എന്തുമേല്‍ നിര്‍മല മോഹനം!!
ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു; അല്ലാഹുവുമായുള്ള ബന്ധത്തില്‍ നീ വിശ്വസ്തയായിരുന്നു. അവന്റെ മഹനീയ പദവിയായ വീരശഹാദത്തിനായി, ഞങ്ങളെ കൂടാതെ അവന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നിന്റെ സത്യസന്ധതക്ക് അംഗീകാരം ചാര്‍ത്തി അവന്‍ നിന്നെ സ്വീകരിച്ചിരിക്കുന്നു.
പ്രിയപ്പെട്ട മകളേ, എന്റെ ആദരണീയ ഗുരുനാഥരേ, ഞാന്‍ വിട പറയുന്നില്ല. കാണാം എന്നേ പറയുന്നുള്ളൂ. അധികം വൈകാതെ, തിരുനബിയോടും അവിടുത്തെ അനുചരന്മാരോടുമൊപ്പം ഹൗളിന്റെ ചാരത്ത് നമുക്ക് കണ്ടുമുട്ടാം. സത്യസൗധത്തില്‍ രാജാധിരാജന്റെ സവിധത്തില്‍ വൈകാതെ നമുക്ക് കണ്ടുമുട്ടാം. പ്രതീക്ഷകള്‍ പൂത്തുലയും പുനസ്സമാഗമം! സ്‌നേഹഭാജനങ്ങള്‍ ആനന്ദാതിരേകത്തോടെ ഒരുമിച്ചു ചേരുകയും  ദാഹശമനം വരുത്തുകയും ചെയ്യുന്ന മഹാ സമാഗമം!
(അറബിയില്‍ നിന്ന് മൊഴിമാറ്റം:
അബ്ദുര്‍റഹ്മാന്‍ ചെറുവാടി, ദോഹ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍