Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

ഡേകെയറുകളെക്കുറിച്ച് പുനര്‍വിചിന്തനങ്ങള്‍

എന്‍.എം ഹുസൈന്‍ / ലേഖനം

കുടുംബബന്ധങ്ങള്‍ തകര്‍ന്ന പാശ്ചാത്യലോകം ഒട്ടേറെ സാമൂഹിക ദുരന്തങ്ങള്‍ അനുഭവിക്കുകയാണ്. അതിന്റെ തീക്ഷ്ണത വലിയൊരു വിഭാഗം ഗവേഷകരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ്. കുടുംബം പുനഃസ്ഥാപിക്കാന്‍ അവിടെ സംഘടനകള്‍ പോലുമുണ്ടായി. കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും മാതാപിതാക്കളില്‍ നിന്നകറ്റുന്ന ഡേകെയറുകള്‍ കുട്ടികളുടെ മാനസികാരോഗ്യം ക്ഷയിപ്പിക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മാതാപിതാക്കളും മക്കളും അടങ്ങുന്ന അണുകുടുംബങ്ങളാണ് ആധുനിക സമൂഹത്തിന്റെ മുഖമുദ്ര. ഭാര്യയും ഭര്‍ത്താവും ജോലിക്കാരായപ്പോള്‍ കുട്ടികളെ നോക്കാന്‍ പറ്റാതായി. ഇതിനു കണ്ടെത്തിയ പരിഹാരമാണ് ഡേകെയറുകള്‍. രാവിലെ ജോലിക്കു പോയി വൈകീട്ടും രാത്രിയിലുമായി തിരിച്ചെത്തുകയും ഭക്ഷണശേഷം ഉറങ്ങുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ താലോലിക്കാന്‍ പോലും സമയം കിട്ടാത്തത് സ്വാഭാവികം. ഇത്തരം തലമുറ വളര്‍ന്നതോടെ വൃദ്ധരായ മാതാപിതാക്കള്‍ ഭാരവും അധികപ്പറ്റുമാവുന്നത് മറ്റൊരു സ്വാഭാവികത. കുഞ്ഞുങ്ങളെ താലോലിക്കാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ അത്തരം കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നാല്‍ തയാറാകുമെന്ന് പ്രതീക്ഷിക്കാമോ?
പ്രായാധിക്യമുള്ള മാതാപിതാക്കളെ സംരക്ഷിക്കുക എന്ന 'പ്രശ്‌ന'ത്തിന് അവര്‍ കണ്ടെത്തിയ 'പരിഹാര'മാണ് വൃദ്ധസദനങ്ങള്‍. കുടുംബത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നത്തിന് പരിഹാരമായി മറ്റൊരു പ്രശ്‌നവും അതിന് പരിഹാരമായി അതിനേക്കാള്‍ വലിയ പ്രശ്‌നവും പരിഹാരമെന്ന പേരില്‍ കണ്ടെത്തുന്ന വിവേകശൂന്യമായ പാശ്ചാത്യ ബുദ്ധിയെ അത്ഭുതപൂര്‍വം ആദരിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍. അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച പാശ്ചാത്യര്‍ ഇന്ന് കുടുംബത്തിലേക്ക് മടങ്ങുകയാണെന്ന കാര്യം പോലും അറിയാതെ 'കുടുംബം തകര്‍ക്കുക' എന്ന മുദ്രാവാക്യം മുഴക്കുകയാണ് ഇവര്‍.
മക്കളെ പരിപാലിക്കേണ്ടത് മാതാപിതാക്കളാണ്. ഇതാണ് ഏറ്റവും ഉചിതവും പ്രകൃതിപരവും ശാസ്ത്രീയവുമായ നിലപാട്. എന്നാല്‍, അടിസ്ഥാനപരമായിത്തന്നെ പ്രകൃതിവിരുദ്ധമായ ആധുനികത അതിനുള്ള സാഹചര്യങ്ങള്‍ നല്‍കിയില്ലെന്നു മാത്രമല്ല, നിലനിന്നിരുന്ന എല്ലാ സാഹചര്യങ്ങളെയും ഒന്നൊന്നായി കീഴ്‌മേല്‍ മറിക്കുകയാണുണ്ടായത്. ഡേകെയറുകള്‍ ഒരുദാഹരണം മാത്രം.
മാതാവില്‍ നിന്നും ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളെ അകറ്റിയാല്‍ എന്തു സംഭവിക്കുമെന്ന് അരനൂറ്റാണ്ടുമുമ്പെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കാന്‍ തുടങ്ങി. ഈ വിഷയകമായി ആദ്യത്തെ ധാരണകള്‍ രൂപപ്പെടുത്തിയത് മനഃശാസ്ത്രജ്ഞനായ ജോണ്‍ ബൗള്‍ബി (John Bowlby) ആണ്. കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും മാതാവിന്റെ പരിപാലനത്തില്‍ നിന്നും അകറ്റിയാല്‍ മാനസികാരോഗ്യത്തിന് പില്‍ക്കാലത്ത് തകരാറുണ്ടാകുമെന്ന് ബൗള്‍ബി കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി നിരവധി കുടുംബങ്ങളില്‍ 1940-കളില്‍ നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചത്. ലണ്ടനിലെ ടാവിസ്റ്റോക്ക് ക്ലിനിക്കില്‍ കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചുള്ള ഡിപ്പാര്‍ട്ടുമെന്റിന്റെ അധ്യക്ഷനായിരിക്കെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗം (ഡബ്ല്യു.എച്ച്.ഒ) തന്നെയാണ് ഇതേപ്പറ്റിയുള്ള അന്വേഷണത്തിന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. 'മാതൃപരിചരണവും മാനസികാരോഗ്യവും' എന്ന റിപ്പോര്‍ട്ട് 1951-ല്‍ പുറത്തിറങ്ങി. കുഞ്ഞുങ്ങളും ചെറിയ കുട്ടികളും അവരുടെ മാതാവുമായി ഊഷ്മളവും ഉറ്റതും നിരന്തരവുമായ ബന്ധം (warm, intimate and continuous) ഉണ്ടാകണമെന്ന നിഗമനമാണ് ഈ പഠനം മുന്നോട്ടുവെച്ചത്. മാതാപിതാക്കള്‍ മക്കളെ പരിചരിക്കണമെന്നും അവരോട് കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നും അവരില്‍ നിന്ന് അകന്നുനില്‍ക്കരുതെന്നും കൃത്യമായി ഈ പഠനം വ്യക്തമാക്കുന്നു. ഇങ്ങനെയല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങളെപ്പറ്റി മുന്നറിയിപ്പും നല്‍കുന്നു.
മാതാപിതാക്കള്‍ മക്കളെ പരിചരിക്കാതായാല്‍ വളരുന്ന മക്കളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കില്‍ ഇതിന് മറുവശവും ഉണ്ടാവുമല്ലോ. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാതിരുന്നാല്‍ അതും അവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ മക്കളെയും മക്കള്‍ വൃദ്ധരായ മാതാപിതാക്കളെയും പരിചരിക്കുക എന്ന പരമ്പരാഗത കുടുംബസങ്കല്‍പം തന്നെയാണ് ഏറ്റവും പ്രകൃതിപരവും മാനുഷികവും ആത്മീയവും ശാസ്ത്രീയവും എന്നു തന്നെയാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇതിന് ഭംഗമുണ്ടാക്കുന്ന ഏതുതരം ചിന്തയും സിദ്ധാന്തങ്ങളും അടിസ്ഥാനപരമായി പ്രകൃതിവിരുദ്ധവും അശാസ്ത്രീയവുമാണ്.
കുട്ടികളുടെ പരിചരണവും മനഃശാസ്ത്രവും സംബന്ധിച്ച ഗവേഷണരംഗത്ത് ഏറ്റവും ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൊന്ന് ബൗള്‍ബിയുടെ അറ്റാച്ച്‌മെന്റ് തിയറിയാണ്. 'നാല്‍പത്തിനാല് കുഞ്ഞിക്കള്ളന്മാര്‍: അവരുടെ സ്വഭാവവും കുടുംബജീവിതവും' എന്ന ഗംഭീര പഠനത്തില്‍ ചെറുപ്രായത്തില്‍ മാതൃപരിചരണം ലഭിക്കാത്ത കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ സാമൂഹികവിരുദ്ധ സ്വഭാവമുള്ളവരും ഉപരിപ്ലവബന്ധം പുലര്‍ത്തുന്നവരുമായിത്തീരാനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തുകയുണ്ടായി. മാതാവുമായി നിരന്തരബന്ധത്തില്‍ ഭംഗമുണ്ടായാല്‍ കുട്ടികളുടെ സാമൂഹിക വൈകാരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ അത് കാരണമാവുമെന്ന് ബൗള്‍ബിയുടെ പഠനങ്ങള്‍ തെളിയിക്കുന്നു. പ്രസവിച്ച് ഒരാഴ്ചക്കകം കുഞ്ഞിനെ വീട്ടിലേല്‍പിച്ച് ദൂരസ്ഥലത്തേക്ക് ജോലിക്ക് പോവുന്നവര്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ ഉന്നത വിദ്യാ സമ്പന്ന വീടുകളിലെ കോളേജ് വിദ്യാര്‍ഥികള്‍ ബാങ്ക് കവര്‍ച്ചക്കാരും ബൈക്ക് മോഷ്ടാക്കളുമായി മാറുന്ന വാര്‍ത്തകളും പത്രങ്ങളില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ടല്ലോ.
മാര്‍ഗരറ്റ് എയ്ന്‍സ് വര്‍ത്, ബ്രോന്‍ഫെന്‍ ബ്രെണര്‍ തുടങ്ങി നിരവധി ഗവേഷകര്‍ ഡേകെയര്‍ റിസര്‍ച്ചിന് പില്‍ക്കാലത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സത്യസന്ധവും ശാസ്ത്രീയവുമായ ഇത്തരം പഠനങ്ങള്‍ കുടുംബത്തിന്റെ അനിവാര്യതയും വലുതായ സാമൂഹിക പ്രസക്തിയും സമര്‍ഥിക്കുന്നു.
അരനൂറ്റാണ്ട് പഴക്കമുള്ള ബൗള്‍ബിയുടെ പഠനങ്ങള്‍ക്ക് ശേഷം ഇതേ നിഗമനത്തിലെത്തിയ അടുത്തകാലത്തെ ഒരു പഠനം ജേ ബെല്‍സ്‌കിയുടേതാണ്. അമേരിക്കയിലെ 'നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് (NICHD) ഡാറ്റാ ശേഖരത്തെ ആധാരമാക്കി ബെല്‍സ്‌കിയുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം ഗവേഷകന്മാര്‍ സംഘടിപ്പിച്ചതാണിത്.
യാഥാര്‍ഥ്യം ഇതാണെങ്കിലും ഇവക്കൊന്നും പ്രചാരം നല്‍കാതെ കൃത്രിമമായി തട്ടിച്ചമച്ച കോര്‍പ്പറേറ്റ് കപട ശാസ്ത്രജ്ഞരുടെ ഒറ്റപ്പെട്ട എതിര്‍പഠനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് അമേരിക്കയിലെ മാധ്യമങ്ങള്‍ ശ്രമിക്കാറ്. അവിടത്തെ ഉപഭോഗസംസ്‌കാരം ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങളും ഇതേ പാതയാണ് പിന്തുടരുന്നത്. പാശ്ചാത്യവത്കരണത്തിന്റെ ആഗോള വേദിയായ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ നയങ്ങള്‍ വിഴുങ്ങുന്ന നമ്മുടെ നാടന്‍ സായ്പുമാര്‍ക്കും ഇത്തരം യഥാര്‍ഥ പഠനങ്ങളില്‍ താല്‍പര്യമില്ല. വിപണിയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചുട്ടെടുത്ത കപടശാസ്ത്രമാണ് ഇവരൊക്കെ സ്വാംശീകരിക്കുന്നത്. അതിനാല്‍ മാധ്യമങ്ങളിലൂടെയും ടെക്സ്റ്റ് ബുക്കുകളിലൂടെയും പുനരുല്‍പാദിപ്പിക്കപ്പെടുന്നത് ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള കാലഹരണപ്പെട്ട ധാരണകളാണ്. കുടുംബം തകര്‍ക്കാന്‍ ആധുനികതാവാദികള്‍ കെട്ടിച്ചമച്ച കപട ശാസ്ത്രങ്ങളെ തുറന്നുകാട്ടുകയും യഥാര്‍ഥ മനഃശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ആധുനികതയുടെ നശീകരണവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ മാതാക്കളില്‍ നിന്നകറ്റുന്ന ഏത് വ്യവസ്ഥയും പ്രകൃതിവിരുദ്ധമാണ്. ജോലിയുടെ പേരിലായാലും ശമ്പളത്തിന്റെ പേരിലായാലും വിദ്യാഭ്യാസത്തിന്റെ ലേബലിലായാലും ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളുമായി മാതാവിനുണ്ടാകേണ്ട ഊഷ്മളവും നിരന്തരവുമായ ബന്ധത്തിന് ഭംഗമുണ്ടാക്കുന്നവര്‍ സംസ്‌കാരമല്ല, സാമൂഹികവിരുദ്ധതയാണ് നട്ടുവളര്‍ത്തുന്നതെന്ന കാര്യം ഓര്‍മിക്കണം. ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പഠനങ്ങളും നിഗമനങ്ങളും ഗ്രഹിക്കാതെയും പരിഗണിക്കാതെയും അതിരാവിലെ വീടുകളില്‍നിന്ന് കുട്ടികളെ സ്‌കൂളിലേക്ക് വലിച്ചുകൊണ്ടുപോകുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവെ ഓടുന്നത് നയപരമായി നന്നെങ്കിലും നാശത്തിലേക്കുള്ള ഓട്ടത്തില്‍ നടുവെ ഓടുന്നത്  ഒട്ടും ബുദ്ധിപരമല്ലെന്ന് ഓര്‍ക്കുക. അമേരിക്കന്‍ വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ തന്നെ ദശകങ്ങള്‍ക്ക് മുമ്പേ പ്രത്യക്ഷപ്പെട്ട 'ഹോം സ്‌കൂളിംഗ്' ചിന്തകള്‍ ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍