രണ്ട് അനുഭവങ്ങള്‍
ലത്വീഫ് കാറില്‍ യാത്ര ചെയ്യുകയാണ്. കൂട്ടിനുള്ളത് സുദൈസിന്റെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം മാത്രം. അതാസ്വദിച്ച് യാത്ര ചെയ്തുകൊണ്ടിരിക്കെ, സുഹൃത്ത് രാജന്‍ കാറിന് കൈ കാണിച്ചു. രാജനെ കയറ്റി പിന്നെയും മുമ്പോട്ട് പോയിക്കൊണ്ടിരി ക്കുകയാണ്. അതിനിടയില്‍ രാജന് ഒരസ്വസ്ഥത. എന്തു പറ്റിയെന്ന് ചോദിച്ചിട്ട് ഒന്നുമില്ല എന്നല്ലാതെ മറ്റൊന്നും പറയുന്നുമില്ല. എന്നാലും എന്തോ ഉണ്ടെന്ന് ലത്വീഫിനറിയാം. രാജന്‍ പറഞ്ഞെങ്കിലല്ലേ മനസ്സിലാവൂ. അവസാനം ലത്വീഫ് കാര്‍ നിറുത്തി. ഖുര്‍ആന്‍ പാരായണം ഓഫാക്കി. എന്നിട്ട് ചോദിച്ചു: രാജാ നിനക്കെന്താ പറ്റിയത്?
രാജന്‍: ഇപ്പോള്‍ ഒന്നുമില്ല. ആശ്വാസമായി.
അവന്റെ മുഖത്ത് ആശ്വാസം പ്രകടമാണു താനും.
ലത്വീഫ്: എന്നാല്‍ നമുക്ക് പോകാം; അല്ലേ?
രാജന്‍: പോകാം. പക്ഷേ...
ലത്വീഫ്: എന്താ ഒരു 'പക്ഷേ'?
രാജന്‍: മരണം, മരണവീട്, ചുടലക്കാട്, മരിച്ച വീട്ടിലെ പാട്ട് ഇവയൊക്കെ എനിക്ക് പേടിയാണ്.
ലത്വീഫ്: നമ്മളിപ്പോഴുള്ളത് മരണവുമായി ബന്ധപ്പെട്ട ഒരിടത്തുമല്ലല്ലോ. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത്?
രാജന്‍: മരണവീട്ടിലെ പാട്ട് കേട്ടതാണ് എനിക്ക് വല്ലായ്മ തോന്നാന്‍ കാരണം.
ലത്വീഫ്: അതെവിടെ നിന്ന് കേട്ടു?
രാജന്‍: ഞാന്‍ പറയുന്നതു കേട്ട് തെറ്റിദ്ധരിക്കരുത്. നീ ഇപ്പോള്‍ ഓഫാക്കിയില്ലേ ഒരു പാട്ട്; അതു തന്നെ. മരിച്ച വീട്ടിലാണ് ആ പാട്ട് കേള്‍ക്കാറുള്ളത്.
വിശുദ്ധ ഖുര്‍ആനിനെ 'മരണവീട്ടിലെ പാട്ടാക്കി' മാറ്റിയത് ആരാണ്?
* * * * *
സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്. രണ്ട് അധ്യാപകര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ് അത് ചുരുളഴിയുന്നത്.
അധ്യാപിക: അല്ല മാഷേ, എന്തെല്ലാം വിശ്വാസങ്ങളും ആചാരങ്ങളുമാണ് നമുക്കിടയില്‍ നിലനില്‍ക്കുന്നത്. നമ്മളൊക്കെ ഒരുമിച്ചാണ് കഴിയുന്നതെങ്കിലും അവരവരുടെ വിശ്വാസം ആചാരം എന്നിവ കുറച്ചൊക്കെ അറിയാമെന്നല്ലാതെ മറ്റുള്ളവരെക്കുറിച്ച് നമുക്കൊന്നും അറിയില്ലല്ലോ.
അധ്യാപകന്‍: അത് ശരിയാണ്. നാമത് അറിയാന്‍ ശ്രമിക്കുന്നില്ല.
അധ്യാപിക: മാഷിന്റെ മതത്തെക്കുറിച്ച് എനിക്കല്‍പം പറഞ്ഞു തരുന്നതുകൊണ്ട് വിരോധമില്ലല്ലോ. മതംമാറാനൊന്നും അല്ല കെട്ടോ. വെറുതെ, ഒന്ന് അറിഞ്ഞിരിക്കാമല്ലോ എന്ന കരുതി ചോദിച്ചതാണ്.
അധ്യാപകന്‍: വെറുതെ അറിയാനായാലും മതംമാറാനായാലും എനിക്ക് വിരോധമില്ല. അതൊക്കെ ടീച്ചറുടെ കാര്യം. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം.
അധ്യാപിക: ശരി. ആചാരത്തെക്കുറിച്ച് പിന്നീട് പറഞ്ഞാല്‍ മതി. ആദ്യം വിശ്വാസം എന്താണെന്ന് പറയൂ. അതാണല്ലോ മുഖ്യം.
അധ്യാപകന്‍: ഞങ്ങളുടെ അടിസ്ഥാന വിശ്വാസം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതാണ്.
അധ്യാപിക: മാഷ് എന്താ പറഞ്ഞത്? ആ വാക്ക് ഒരിക്കല്‍കൂടി പറ.
അധ്യാപകന്‍: ലാ ഇലാഹ ഇല്ലല്ലാഹ്.
അധ്യാപിക: മാഷേ, അത് മാത്രം പറയല്ലേ. അത് കേള്‍ക്കുന്നത് എനിക്ക് പേടിയാണ്. ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുന്നതാണ് ഇത് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ വരുക.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിനെ ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൊല്ലാനുള്ളതാക്കി മാറ്റിയത് ആരാണ്?
Comments