Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

ഡമോക്രസിയില്‍ ജുഡീഷ്യറിയുടെ സ്ഥാനം

കോടതി കുറ്റവാളികളെന്ന് വിധിക്കുന്ന വ്യക്തികള്‍ എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ക്ക് അയോഗ്യരാണെന്ന് കഴിഞ്ഞ ജൂലൈ 10-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചരിത്രപ്രധാനമായിരുന്നു. കുറ്റവാളികള്‍ക്ക് പാര്‍ലമെന്റിലും അസംബ്ലികളിലും അംഗങ്ങളാകാനവസരം നല്‍കുന്ന ജനപ്രാതിനിധ്യ നിയമം 8(4) വകുപ്പ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഏതെങ്കിലും കോടതിയില്‍ നിന്ന് വിധിയുണ്ടാകുന്ന അന്നു മുതല്‍ എം.പി-എം.എല്‍.എമാരുടെ സ്ഥാനം നഷ്ടപ്പെടും. 2005-ലാണ് ഒരു കേരളീയ അഭിഭാഷകയായ ലില്ലി തോമസ് ക്രിമിനലുകള്‍ ജനപ്രതിനിധി സഭകളില്‍ അംഗങ്ങളാകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടൊപ്പം സന്നദ്ധ സംഘടനയായ 'പ്രഹതി'യുടെ ജനറല്‍ സെക്രട്ടറി എസ്.എന്‍ ശുക്ല സമര്‍പ്പിച്ച പൊതു താല്‍പര്യഹരജി കൂടി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ തീര്‍പ്പ്. തൊട്ടടുത്ത ദിവസം, ജൂലൈ 11-ന് പോലീസ് കസ്റ്റഡിയിലുള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനവകാശമില്ലെന്ന മറ്റൊരു വിധിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായി.
മൂല്യ പ്രതിബദ്ധതയും നീതിബോധവുമുള്ള ജനാധിപത്യ വിശ്വാസികളില്‍ ഏറെ ആശ്വാസവും പ്രതീക്ഷയുമുളവാക്കുന്നതാണ് ഈ രണ്ട് വിധിയും. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ക്രിമിനല്‍വത്കരണം അടിക്കടി ശക്തിപ്പെട്ടുവരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. 1996-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 1500 സ്ഥാനാര്‍ഥികള്‍ മത്സരിച്ചതായി ഇലക്ഷന്‍ കമീഷന്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. 1997-ല്‍ സ്വാതന്ത്ര്യ ലബ്ധിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഏകകണ്ഠമായി പാസാക്കിയ പ്രമേയം 'രാഷ്ട്രീയത്തിലെ ക്രിമിനല്‍ ഇടപെടലിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും പരമാവധി ജാഗ്രത പുലര്‍ത്തണം' എന്നായിരുന്നു. എന്നിട്ടിപ്പോള്‍ നാം എവിടെയാണ് എത്തിനില്‍ക്കുന്നത്? 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 162 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. പലരുടെയും പേരിലുള്ളത് ഗുരുതരമായ കുറ്റങ്ങളാണ്. വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മാതൃകാ യോഗ്യരായ പ്രമുഖര്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന 232 അംഗ രാജ്യ സഭയിലുമുണ്ട് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന 40 പേര്‍. രാജ്യത്തെ മൊത്തം 4032 നിയമസഭാംഗങ്ങളില്‍ 1258 പേര്‍ (31 ശതമാനം) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇക്കൂട്ടത്തിലും നൂറിലേറെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത് ഗുരുതരമായ കുറ്റങ്ങളാണ്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ കല്‍ക്കരി മന്ത്രിയായിരുന്ന ഷിബുസോറന്‍ കൊലക്കേസ് പ്രതിയായിരുന്നു. ഈ മന്ത്രിസഭയിലെ ചില അംഗങ്ങളും ജയിലില്‍ കിടക്കേണ്ടിവന്നു. ഇപ്പോള്‍ യു.പിയിലെ എം.എല്‍.എമാരില്‍ ചിലര്‍ക്കെതിരെയും കൊലക്കേസുണ്ട്. ഝാര്‍ഖണ്ഡ് അസംബ്ലിയില്‍ 74 ശതമാനവും ബിഹാറില്‍ 58 ശതമാനവും യു.പിയില്‍ 47 ശതമാനവും അംഗങ്ങള്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. ജനപ്രതിനിധി സഭകളുടെ ക്രിമിനല്‍വത്കരണത്തില്‍ വനിതകളും അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്. 16 ശതമാനം വനിതാ അംഗങ്ങള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് കണക്ക്.  കുറ്റവാസനയുടെ കാര്യത്തില്‍ ചില പാര്‍ട്ടികള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എം.എല്‍.എമാരില്‍ 82 ശതമാനവും ആര്‍.ജെ.ഡിയുടെ 64 ശതമാനവും സമാജ് വാദി പാര്‍ട്ടിയുടെ 48 ശതമാനവും ക്രിമിനലുകളാണ്. ബി.ജെ.പിയുടെ ക്രിമിനല്‍ പ്രാതിനിധ്യം 31 ശതമാനമാണെങ്കില്‍ 21 ശതമാനമാണ് കോണ്‍ഗ്രസ്സില്‍ അവരുടെ പ്രാതിനിധ്യം. ക്രിമിനലിസത്തില്‍ പ്രബുദ്ധ കേരളവും പിന്നിലല്ല. നമ്മുടെ എം.എല്‍.എമാരില്‍ 48 ശതമാനത്തിനെതിരെ ക്രിമിനല്‍ കേസുകളുണ്ടത്രെ. പേരുകേട്ട പെരും ക്രിമിനലില്‍നിന്ന് അഗമ്യഗമനത്തെച്ചൊല്ലി നമ്മുടെ ഒരു മന്ത്രിക്ക് പൊതിരെ തല്ലു കൊണ്ടതും അദ്ദേഹം രാജി വെക്കേണ്ടിവന്നതും അടുത്ത കാലത്താണ്.
രാഷ്ട്രീയ രംഗത്തിന്റെ ക്രിമിനല്‍വത്കരണം പൊതുസമൂഹത്തിലും ക്രിമിനലിസം വളര്‍ത്തുക സ്വാഭാവികമാണ്. യഥാരാജാ തഥാ പ്രജാ എന്നുണ്ടല്ലോ. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നതിലൂടെ, ക്രിമിനലുകള്‍ ആദരിക്കപ്പെടുന്നതിലൂടെ അതാണിന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് ജുഡീഷ്യറി. ജനാധിപത്യം നീതിക്കും ധര്‍മത്തിനും അന്യമാകുമ്പോള്‍ അത് കപട ജനാധിപത്യമായി മാറുന്നു. അത്തരം മാര്‍ഗച്യുതികളില്‍ നിന്ന് ജനാധിപത്യത്തെ നേര്‍വഴിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതും നേരെ നടത്തേണ്ടതും  ജുഡീഷ്യറിയാണ്. നിയമ ധ്വംസകര്‍ നിയമ നിര്‍മാതാക്കളാവാന്‍ പാടില്ല എന്ന വിധിയിലൂടെ മഹത്തായ  ആ ഉത്തരവാദിത്വം നിര്‍വഹിച്ചിരിക്കുകയാണ് സുപ്രീം കോടതി. ക്രിമിനലുകളും ക്രിമിനകളെ ഉപയോഗിച്ച് നേട്ടം കൊയ്യുന്നവരുമായ രാഷ്ട്രീയക്കാര്‍ ഈ വിധിയെ എതിര്‍ക്കുക സ്വാഭാവികമാണ്. ജൂലൈ 10-ലെ വിധി പുനഃപരിശോധിക്കണമെന്ന് ഏകകണ്ഠമായി സുപ്രീം കോടതിയോടാവശ്യപ്പെട്ടുകൊണ്ട് നമ്മുടെ പാര്‍ലമെന്റ് ഏത് വിഭാഗത്തിലാണെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. ജൂലൈ 11-ലെ വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു ബില്ല് രാജ്യസഭ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തിരിക്കുന്നു. സുപ്രീംകോടതി ജനങ്ങളിലുയര്‍ത്തിയ പ്രതീക്ഷക്ക് കനത്ത വെല്ലുവിളിയാണിത്. പക്ഷേ, പുനഃപരിശോധനാ നിര്‍ദേശം സെപ്റ്റംബര്‍ 4-ന് സുപ്രീം കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമ നിര്‍മാണ സഭകളില്‍ നിയമധ്വംസകര്‍ വേണ്ട എന്ന് ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ് കോടതി. ഇതു പക്ഷേ നേരിയൊരാശ്വാസമേ നല്‍കുന്നുള്ളൂ. കോടതി വിധികളെ മറികടക്കുന്ന നിയമങ്ങളുണ്ടാക്കാന്‍ പാര്‍ലമെന്റിനധികാരമുണ്ട്. കോടതി അതംഗീകരിച്ചിട്ടുമുണ്ട്. ശിക്ഷ വിധിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിലും തടവിലുമുള്ള വ്യക്തികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയ വിധി പുനഃപരിശോധിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയത്തെ ഗ്രസിച്ച ക്രിമിനലിസം തന്നെയാണ് കോടതിയെ അതിനു പ്രേരിപ്പിച്ചതെന്നതാണ് വാസ്തവം. സത്യസന്ധതയും ധാര്‍മിക പ്രതിബദ്ധതയുമില്ലാത്തവര്‍ എതിര്‍ സ്ഥാനാര്‍ഥികളെ കള്ളക്കേസുകളില്‍ കുടുക്കി മത്സരരംഗത്തുനിന്ന് അകറ്റാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തില്‍ നിഷേധിക്കാനാവില്ലല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ ഇന്ത്യയിലെ ബഹുജനങ്ങള്‍ തന്നെ ഉണര്‍ന്ന് വരണമെന്നേടത്തേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജനങ്ങള്‍ വെറുതെ ഉണര്‍ന്നുവരികയില്ല. അവരെ ഉണര്‍ത്താനും സമരം നയിക്കാനും ജനനായകര്‍ മുന്നിട്ടിറങ്ങണം. രാഷ്ട്രീയത്തിലെ ക്രിമിനലിസത്തിനെതിരെ നീണ്ട എട്ടു വര്‍ഷക്കാലം കേസ് നടത്തി അനുകൂല വിധി നേടിയ അഡ്വ. ലില്ലി തോമസിനെ പിന്തുണക്കാന്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളോ സാംസ്‌കാരിക നായകന്മാരോ കാര്യമായി മുന്നോട്ടുവന്നില്ല എന്ന വസ്തുത ഇത്തരുണത്തില്‍ അനുസ്മരണീയമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍