സോഷ്യല്‍ മീഡിയ സമത്വത്തിന്റെ പ്രതീതിയെങ്കിലും നല്‍കുന്നുണ്ട്
''മാധ്യമമാണ് സന്ദേശം''-പ്രസിദ്ധമായ ഈ നിരീക്ഷണം മാര്‍ഷല്‍ മക്‌ലൂഹന്റേതാണ്. സന്ദേശ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം ആ സന്ദേശത്തെ, അതിന്റെ ഉള്ളടക്കത്തെ, നിര്‍ണയിക്കും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വിനിമയത്തിനുള്ള സാങ്കേതികവിദ്യയായി ആദ്യം ചിത്രലിപിയും പിന്നീട് ലിപിയും കമ്പിയില്ലാക്കമ്പിയും എയര്‍മെയിലും ടൈപ് റൈറ്ററും ടെലിവിഷനുമെല്ലാം സാമൂഹിക ബന്ധങ്ങളെ തീരുമാനിച്ചുപോന്നിട്ടുണ്ട്, മനോഭാവങ്ങളെ നിര്‍ണയിച്ചിട്ടുണ്ട്-Understanding the Media എന്ന ഗ്രന്ഥത്തില്‍ മക്‌ലൂഹന്‍ പറഞ്ഞു.
മക്‌ലൂഹന്‍ 1964-ല്‍ അത് പറയുമ്പോള്‍ ടെലിവിഷനാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഡിജിറ്റല്‍ യുഗം വന്നതോടെ മാധ്യമ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് അപ്പറഞ്ഞതെല്ലാം ഇന്റര്‍നെറ്റിനാണ് കൂടുതല്‍ ചേരുക എന്നത്രെ. ലോകം ഒരൊറ്റ ഗ്രാമമാണെന്ന മക്‌ലൂഹന്റെ പ്രവചനം ആഗോള ഇലക്‌ട്രോണിക് വാര്‍ത്താവിനിമയ ശൃംഖലയായ ഇന്റര്‍നെറ്റിലൂടെയാണല്ലോ ശരിക്കും പുലര്‍ന്നത്. അയ്യായിരം വര്‍ഷം നിലനിന്ന യാന്ത്രിക സാങ്കേതികതയുമായി വിട്ടുപിരിഞ്ഞതോടെ മാധ്യമരംഗം പുതിയ സംവേദന രീതികള്‍ക്ക് അരങ്ങാവുകയാണ്. വളരെ പെട്ടെന്ന് നാമോരോരുത്തരും മറ്റേതൊക്കെയോ നാടുകളിലെ വ്യത്യസ്ത പ്രായക്കാരും അഭിരുചിക്കാരുമായ ഏതൊക്കെയോ ആളുകളോട് നേരിട്ട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. മുഖമില്ലാതെ സംസാരിക്കുന്നതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുന്നു. വന്‍ പ്രമാണിമാരോടും തീരെ നിസ്സാരക്കാരോടും സമഭാവത്തില്‍ സംവദിക്കാമെന്നായിരിക്കുന്നു. ഇത് സംസാരത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും നിയമങ്ങളെ പുനര്‍നിര്‍വചിക്കുന്നു. നമ്മുടെ വ്യക്തിത്വം മുതല്‍ ആദര്‍ശങ്ങള്‍ വരെ മറ്റുള്ളവര്‍ പരിചയപ്പെടുന്ന ശൈലിയെ ഇത് വല്ലാതെ മാറ്റിമറിക്കുന്നു. കൂട്ടായ്മ മാധ്യമങ്ങള്‍ (സോഷ്യല്‍ മീഡിയ) സന്ദേശത്തിന്റെ ഉള്ളടക്കവും ശൈലിയും തീരുമാനിക്കുന്നുവെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പറയാനുള്ളതെല്ലാം 140 അക്ഷരത്തിലൊതുങ്ങണമെന്ന 'ട്വിറ്റര്‍' നിഷ്‌കര്‍ഷ മാത്രമല്ല. 'ട്വിറ്ററി'ലടക്കം ടെക്സ്റ്റ്-ഓഡിയോ-വീഡിയോ ലിങ്കുകളോടെ പുതിയ അനുഭൂതി തലങ്ങള്‍ തുറക്കാമെന്നതു മാത്രമല്ല. മറിച്ച്, തുറന്ന മനസ്സുള്ളവരും മുന്‍വിധിക്കാരും, മുഖമുള്ളവരും ഇല്ലാത്തവരും, അനുകൂലികളും പ്രതികൂലികളും അടങ്ങുന്ന മഹാലോകത്തിലേക്ക് ഇട്ടുകൊടുക്കുന്ന ആശയങ്ങള്‍ ഉള്ളടക്കം കൊണ്ടുമാത്രമല്ല ശൈലി കൊണ്ടും നമ്മുടെ വ്യക്തിത്വത്തെ ശരിയായി പ്രസരിപ്പിക്കണം എന്നു കൂടിയാണ്. നേരിട്ട് മുഖഭാവം കാണാതെ തന്നെ നമ്മുടെ സൗമനസ്യവും ഗുണകാംക്ഷയും മര്യാദയും പരബഹുമാനവും അന്യരുടെ ക്ഷേമത്തിലുള്ള താല്‍പര്യവും അനുഭവിപ്പിക്കാന്‍ പുതുമാധ്യമത്തിന്റെ അതിരുകളും സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നാണ്.
സ്വന്തം ബ്ലോഗുകളും വെബ്‌സൈറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും മാത്രമല്ല, ഓരോരുത്തരും ആരുമായൊക്കെ എങ്ങനെയൊക്കെ ബന്ധപ്പെടുന്നുവെന്നതും വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്. ഇന്ന് പല സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികളെ വിലയിരുത്തുന്നത് അവരുടെ ലിങ്ക്‌സ്-ഇന്‍, ഫേസ്ബുക് പ്രൊഫൈലുകളും ഇടപെടലുകളും കൂടി ശ്രദ്ധിച്ചിട്ടാണ്. ചുരുക്കത്തില്‍ ഒരു കീബോര്‍ഡ് മാത്രം കണ്‍മുന്നിലിരിക്കെയാണ് കൂട്ടായ്മ മാധ്യമങ്ങളില്‍ പങ്കെടുക്കുന്നതെങ്കില്‍ പോലും, ഫലത്തില്‍ അത്, തിരക്കേറിയ നാല്‍ക്കവലയില്‍ നിന്നുകൊണ്ട് വിളിച്ചുപറയുന്ന പോലെത്തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പെരുമാറുമ്പോള്‍ മറഞ്ഞിരിക്കുന്നവന്റെ അപക്വമായ ചങ്കൂറ്റമല്ല, ഓരോ ലൈക്കും ഷെയറും എല്ലാവരും കാണുന്നതിന്റെ കരുതലാണ് വേണ്ടത് എന്നര്‍ഥം.
നവമാധ്യമങ്ങളുടെ പ്രസക്തി, മറ്റു മാധ്യമങ്ങളില്‍ ഇടമില്ലാതിരുന്ന വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും മുമ്പാകെ അത് തുറന്നുകിടക്കുന്നു എന്നതാണ്. സമത്വത്തിന്റെ പ്രതീതിയെങ്കിലും അത് നല്‍കുന്നു. ആശയ പ്രകാശനത്തിന് ഇടം നല്‍കുന്നു. അതേസമയം കടുത്ത പക്ഷപാതിത്വങ്ങളും വിഭാഗീയതയും അവിടെയും ഉണ്ട്. നേരിട്ടു സംവദിക്കുന്നതിലെ ആചാരമര്യാദകള്‍ വലിച്ചെറിഞ്ഞ്, ഒളിച്ചുനില്‍ക്കുന്നവരുടെ മര്യാദയില്ലായ്മ കരുത്തായി തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. ഈ ''ആള്‍ക്കൂട്ട ജനാധിപത്യ''ത്തില്‍ ചട്ടവും വ്യവസ്ഥയും ഏര്‍പ്പെടുത്താനെന്ന പേരില്‍ കടുത്ത ജനാധിപത്യവിരുദ്ധ നടപടികള്‍ സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നുമുണ്ട്. മുംബൈയില്‍ ബാല്‍താക്കറെയുടെ ശവസംസ്‌കാര ദിവസം നഗരത്തില്‍ ബന്ദ് അടിച്ചേല്‍പ്പിച്ചതിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതിയെയും അത് 'ലൈക്' ചെയ്ത സ്‌നേഹിതയെയും അറസ്റ്റ് ചെയ്തതോര്‍ക്കുക. ഉത്തര്‍പ്രദേശില്‍, സര്‍ക്കാറിനെ വിമര്‍ശിച്ച ദലിത് എഴുത്തുകാരനെയും അറസ്റ്റ് ചെയ്തു. ഒരു ഭാഗത്ത് ഭരണകൂടങ്ങള്‍ നവമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വഴിതേടുമ്പോള്‍ മറുഭാഗത്ത് ജനാധിപത്യമെന്ന വിലാസത്തില്‍ അരാജകത്വവും അഴിഞ്ഞാട്ടവുമാണ് നടക്കുന്നതെങ്കില്‍ ഒന്ന് മറ്റൊന്നിന് വളമാവുകയും നവമാധ്യമങ്ങളിലെ സാധ്യതകളെ ഇല്ലാതാക്കുകയുമാണ് ചെയ്യുക. മറ്റെല്ലാ മേഖലകളിലുമെന്നപോലെ ഇവിടെയും സഹിഷ്ണുതയുടെയും പക്വതയുടെയും മാതൃകകളാകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. രൂക്ഷമായ വര്‍ഗീയ പോസ്റ്റുകളോടും മാന്യമായി പ്രതികരിക്കാനേ നമുക്ക് അനുവാദമുള്ളൂ-അതിനാവില്ലെങ്കില്‍ മൗനം പാലിക്കാനും.
ഇതിനകം തന്നെ നവമാധ്യമങ്ങള്‍ ഭരണകൂടങ്ങളെ വിറപ്പിച്ച സന്ദര്‍ഭങ്ങള്‍ ഒന്നിലേറെ ഉണ്ട്. നവമാധ്യമങ്ങളുടെ കരുത്തറിഞ്ഞു തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാന്‍ജ് 'വിക്കിലീക്‌സ്' തുടങ്ങിയത്. ദശലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്‌സ് ഇതുവരെ ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതില്‍ കുറെയെണ്ണം ഭരണകൂടങ്ങളുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നവയാണ്. അസാന്‍ജിനെന്നപോലെ ബ്രാഡ്‌ലി മാനിംഗിനും എഡ്‌വേഡ് സ്‌നോഡനും അമേരിക്കയുടെയും മറ്റും അനിഷ്ടം സമ്പാദിക്കേണ്ടിവന്നത് അവര്‍ നേര് പുറത്തുവിട്ടതിന്റെ പേരിലാണ്. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ അറച്ചത് നവമാധ്യമങ്ങള്‍ ചെയ്യുന്നു. വിവരമാണ് ഏറ്റവും വലിയ ആയുധമെന്ന തിരിച്ചറിവുകൂടിയാണ് നവമാധ്യമങ്ങളെയും സാമ്രാജ്യത്വ ശക്തികളെയും എതിര്‍ ചേരികളില്‍ അണിനിരത്തിച്ചത്. ഏറ്റവും വലിയ ജനാധിപത്യമെന്നു മേനി നടിക്കുന്ന അമേരിക്കയിലെ വംശീയതയും മനുഷ്യത്വവിരുദ്ധമായ പീഡനമുറകളും പുറത്തുവന്നതോടെ അവരുടെയും കൂട്ടാളികളുടെയും ധാര്‍മികാധികാരം വല്ലാതെ ചോര്‍ന്നു. ഇറാഖിനെ കടന്നാക്രമിക്കാന്‍ അമേരിക്കക്കൊപ്പം നിലകൊണ്ട ബ്രിട്ടന്‍, ഇപ്പോള്‍ സിറിയക്കെതിരായ പടയൊരുക്കത്തില്‍നിന്ന് പിന്തിരിഞ്ഞതില്‍ നവമാധ്യമങ്ങള്‍ തുറന്നുവിട്ട വിവരങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. അസമില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന കലാപം പുറത്തുകൊണ്ടുവന്നത് നവമാധ്യമങ്ങളാണ്. എന്നാല്‍ ഇതേ സംഭവം തന്നെ ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ ദൗര്‍ബല്യവും കാട്ടിത്തന്നു. കലാപത്തിന്റെ ഇരകളെന്നു പരിചയപ്പെടുത്തിക്കൊണ്ട് കുറെ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചു. ഫലമോ, തല്‍ക്കാലത്തേക്കെങ്കിലും സര്‍ക്കാര്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വെച്ചു. ആ നിയന്ത്രണത്തെ എതിര്‍ക്കാനാവാത്ത സ്ഥിതിയില്‍ ജനാധിപത്യവാദികള്‍വരെ എത്തിപ്പെട്ടു.
പ്രോപഗണ്ടക്ക് ഏറെ വഴങ്ങുന്നതാണ് നവമാധ്യമങ്ങള്‍. സ്വന്തം പേരില്‍ (നമോ) മൊബൈല്‍ ഫോണ്‍ ഇറക്കുന്നതുമുതല്‍ നവമാധ്യമങ്ങളിലൂടെ ഇമേജ് നിലനിര്‍ത്താന്‍ സൈബര്‍ പടയാളികളെ നിയമിക്കുന്നതുവരെ നരേന്ദ്ര മോഡി പരീക്ഷിക്കുന്നുണ്ട്. 'ട്വിറ്ററി'ല്‍ അദ്ദേഹത്തിനുള്ള ലക്ഷക്കണക്കിന് അനുഗാമികളില്‍ (ഫോളോവേഴ്‌സ്) വലിയൊരു വിഭാഗം വ്യാജന്മാരായിരുന്നെന്ന് ഈയിടെ വെളിപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രീതി നേടാന്‍ നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മോഡിയുടെ ശൈലിയും ഈയിടെ ചില തിരിച്ചടികള്‍ നേരിട്ടു. സ്വന്തം സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം ഏറ്റുവാങ്ങിയ തോല്‍വിയെപ്പറ്റി നിരീക്ഷകര്‍ പറയുന്നത്, മോഡിയുടെ നവമാധ്യമ സാന്നിധ്യം ഫലവത്താകുന്നില്ല എന്നാണ്. വഡോദരയിലെ മഹാരാജ സായാജിറാവു യൂനിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി പാടേ തൂത്തെറിയപ്പെട്ടു. കാമ്പസിനുചുറ്റും കെട്ടിയ 'മോഡി' പരസ്യങ്ങള്‍ മുഴുവന്‍ തിരക്കിട്ട് അഴിച്ചുമാറ്റുന്നതാണ് പിന്നെ കണ്ടത്. (സുഭാഷ് ഗട്ടാസെ എഴുതിയ ലേഖനത്തില്‍നിന്ന്). എന്തുകൊണ്ടാവാം ഇത്? മറുഭാഗം ചൂണ്ടിക്കാട്ടാനും ഇന്‍ര്‍നെറ്റില്‍ പഴുതുണ്ട് എന്നതാണൊന്ന്. പൗരാവകാശ സംഘടനയായ പി.യു.സി.എല്‍ നടത്തുന്ന pheku.in എന്ന സൈറ്റ് മോഡിയുടെ ഫാഷിസ്റ്റ് വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നവയില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം മറുപക്ഷ സൈറ്റുകളെക്കാള്‍ മോഡിയെ തോല്‍പ്പിക്കുന്നത് മറ്റൊന്നാവാം-അദ്ദേഹത്തിന്റെ വിശ്വാസ്യതക്ക് ഏല്‍ക്കുന്ന ക്ഷതമാണ് ആ കാരണം.
ട്വിറ്ററും ഫേസ്ബുക്കും പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇസ്രയേലിനും ഇതേ വിശ്വാസ്യതച്ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്. 2011-ല്‍ ഗസ്സയിലേക്കു ചെന്ന ഫ്‌ളോട്ടിലക്കു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു മുന്നോടിയായി ധാരാളം പ്രചാരണ പോസ്റ്റുകള്‍ അവര്‍ ഇറക്കിയിരുന്നു. ഇസ്രയേലിനുവേണ്ടി അന്താരാഷ്ട്ര പ്രോപഗണ്ട നടത്താന്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ ''യുദ്ധമുറ?''ക്ക് നേതൃത്വം നല്‍കിയത് നിവ് കാല്‍ഡറോണ്‍ എന്നയാളായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈബര്‍ യുദ്ധ യൂനിറ്റുകള്‍ സൃഷ്ടിച്ചതായി ഇസ്രായേലി പത്രമായ 'ഹാരറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ പ്രചാരണങ്ങള്‍ക്കു മാത്രമായി ബജറ്റില്‍ തുക വകയിരുത്തുന്ന രാജ്യമാണ് ഇസ്രയേല്‍. ഇതെല്ലാമായിട്ടും, യു.എസ് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിട്ടും, ഇസ്രയേലി പ്രചാരണങ്ങള്‍ വിശ്വസിക്കുന്നവരുടെ എണ്ണം കുറയുകയാണ്. പാഠം വ്യക്തമാണ്: അന്തിമമായി നമ്മുടെ അവകാശവാദങ്ങളോ പ്രചാരണങ്ങളോ അല്ല വിജയിക്കുക-നമ്മെ മറ്റുള്ളവര്‍ എങ്ങനെ അനുഭവിക്കുന്നു എന്നതാണ്; പുറം ലോകത്തു മാത്രമല്ല സൈബര്‍ ലോകത്തും. നവമാധ്യമങ്ങള്‍ പൊതുബോധത്തെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്തുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ ഉപയോഗപ്പെടുത്തുന്നിടത്ത് വ്യക്തമായ രീതിയും ശൈലിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ ആക്ടിവിസം കാലഘട്ടത്തിന്റെ ആവശ്യമാണ്. അറിവുല്‍പാദനത്തിനും വിനിമയത്തിനുമെന്നപോലെ അതിന്റെ പ്രയോഗവത്കരണത്തിനും ചിട്ട വേണം. സോഷ്യല്‍ മീഡിയയിലെ പങ്കാളികള്‍ പാലിക്കേണ്ട മര്യാദകള്‍ അവയുടെ ഉള്ളടക്കത്തിന്റെ ഫലപ്രാപ്തിക്കും സ്വീകാര്യതക്കും ഒഴിച്ചുകൂടാനാവാത്തതാണ്. അന്യരോടുള്ള ബഹുമാനമാണ് മര്യാദകളില്‍ ഒന്നാമത്തേത്. വിമര്‍ശം രൂക്ഷമാകാം-പക്ഷേ അത് വിഷയത്തിലൊതുങ്ങിയാവണം; വ്യക്തിപരമായിക്കൂടാ ഒരിക്കലും. വസ്തുനിഷ്ഠതയും വിശ്വാസ്യതയും ചോരാതെ ശ്രദ്ധിക്കുക എന്നതാണ് മറ്റൊന്ന്. വസ്തുതകളില്‍നിന്ന് സ്വാഭാവിക യുക്തിയോടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ക്കേ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയൂ. മറഞ്ഞിരിക്കുന്ന മുഖമില്ലാ വ്യക്തിത്വങ്ങളെക്കാള്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാവുക ശരിയായ പേരില്‍ തന്നെ ഇടപെടുന്നവര്‍ക്കാണ്. ഇന്റര്‍നെറ്റിലൂടെയായാലും മുഖത്തോടുമുഖം നോക്കിയുള്ള സംസാരത്തിന്റെ സ്വാഭാവികത ഏറെ ഗുണം ചെയ്യും. മറ്റുള്ളവര്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളോ ചിത്രങ്ങളോ വീഡിയോ-ഓഡിയോ ക്ലിപ്പുകളോ ഷെയര്‍ ചെയ്യുമ്പോഴും റീട്വീറ്റ് ചെയ്യുമ്പോഴും ഫോര്‍വേഡ് ചെയ്യുമ്പോഴുമെല്ലാം കണിശമായി അവ പരിശോധിച്ചിരിക്കണം. കാരണം നമ്മിലൂടെ പുറത്തേക്കു പോകുന്ന എന്തിലും നമ്മുടെ കൈയൊപ്പുണ്ട്. അന്യരുടെ പക്വതയില്ലായ്മയുടെ പേരില്‍ നാം നിയമനടപടികള്‍ക്ക് ഇരയാകാതെ നോക്കേണ്ടതുണ്ടല്ലോ.
ഇന്റര്‍നെറ്റില്‍ സ്വകാര്യത എന്നതൊരു സങ്കല്‍പം മാത്രമാണ്. പൊതുസംവാദങ്ങള്‍ക്ക് യോജിച്ച വേദി എന്ന നിലക്കാണ് അതിന്റെ പ്രാധാന്യം. സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നവര്‍ സാമൂഹിക മര്യാദകള്‍ അവിടെയും പാലിക്കാന്‍ ബാധ്യസ്ഥരാണ്.
Comments