സാമ്പത്തിക ഇടപാടുകളിലെ ഇസ്‌ലാമികത
സഹകരണ സ്ഥാപനങ്ങള്‍ പൊതുവെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കരുത്തുറ്റ ജനകീയ സാമ്പത്തിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിത ദുരിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ വലിയൊരളവില്‍ സാമ്പത്തിക സഹായം നല്‍കുന്നവയാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍. എന്നാല്‍, പലിശയുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥാപനങ്ങളിലെ ഇടപാടുകള്‍. അതുകൊണ്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെടുന്നതും അവയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധമാകുമോ?
സര്‍വീസ് സഹകരണ ബാങ്കുകളും ഇതര സര്‍ക്കാര്‍ ഇടപാടുകളുമെല്ലാം പലിശയധിഷ്ഠിതമാണ്. ഇന്ത്യയുടെ പരമോന്നത സാമ്പത്തിക നിയന്ത്രണ സ്ഥാപനമായ ആര്‍.ബി.ഐ പലിശ വ്യവസ്ഥ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായി അംഗീകരിക്കുകയും പലിശയധിഷ്ഠിതമല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം ഇസ്‌ലാം കഠിനമായി നിരോധിച്ച, സമ്പദ്ഘടനയില്‍ അനേകം അപചയങ്ങള്‍ക്ക് കാരണമാവുന്ന പലിശ സമ്പ്രദായം ഇസ്‌ലാമികമായി അനുവദനീയമാണെന്ന് വിധിക്കാനുള്ള ന്യായമല്ല. സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ അനുവദനീയമല്ല. അത് ദാനം ചെയ്ത് സമ്പത്ത് ശുദ്ധീകരിക്കണം. ബാങ്കിന്റെ ഭരണ സമിതിയില്‍ പ്രവര്‍ത്തിക്കുന്നതു വഴി സമൂഹത്തിന് അനിവാര്യമായ വല്ല സേവനവും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ആ ഉദ്ദേശ്യത്തോടെ അത് ചെയ്യാം. എന്നാല്‍, അതിന് അനുവദിക്കുന്ന പ്രതിഫലം സ്വയം അനുഭവിക്കാന്‍ പാടില്ല. മറ്റൊരു അനുയോജ്യമായ ജോലി കിട്ടാത്തവര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിര്‍ബന്ധിതാവസ്ഥയില്‍ ജോലി ചെയ്യാമെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.
ഷെയര്‍ ബിസിനസിലെ
പങ്കാളിത്തം
ഞാന്‍ ഒരു ബിസിനസ്സ് സ്ഥാപനത്തില്‍ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ചിട്ടുണ്ട്. അവിടെ നിന്നും എല്ലാ മാസവും ലാഭവിഹിതമെന്ന പേരില്‍ ഒരു തുക ലഭിക്കുന്നുമുണ്ട്. ഞാന്‍ സകാത്ത് കൊടുക്കുമ്പോള്‍ നിക്ഷേപിച്ച തുകക്ക് മൊത്തമായി നല്‍കണമോ, അതല്ല ലഭിക്കുന്ന ലാഭവിഹിതത്തിന്റെ തോത് അനുസരിച്ച് നല്‍കിയാല്‍ മതിയോ? സ്ഥാപനത്തിന്റെ മാസാന്ത ലാഭം കണക്കാക്കി അതില്‍ നിന്ന് ഒരു വിഹിതം മാത്രമാണ് എനിക്ക് കിട്ടുന്നത് (ബിസിനസ്സ് ഷെയറല്ല).
ബിസിനസ്സില്‍ നിശ്ചിത തുക നിക്ഷേപിച്ച് ലാഭവിഹിതം സ്വീകരിക്കുന്നതിന് ഇസ്‌ലാമിക ദൃഷ്ട്യാ പല നിബന്ധനകളുമുണ്ട്. ഒന്നാമതായി, നഷ്ടത്തിന് സാധ്യതയില്ലാത്ത ബിസിനസ്സുകളില്‍ ഒന്നായിരിക്കണം മുതല്‍ മുടക്കുന്നത്. ഉദാഹരണമായി ഏജന്‍സി, വിതരണാവകാശം തുടങ്ങി നഷ്ടത്തിന് പഴുതില്ലാത്ത സംരംഭങ്ങള്‍. രണ്ടാമതായി, ഇതില്‍ പണം മുടക്കുന്നത് പങ്കാളിത്താടിസ്ഥാനത്തിലായിരിക്കണം. ഉദാഹരണമായി പത്ത് ലക്ഷം മുടക്കിയ ബിസിനസ്സില്‍ അഞ്ചു ലക്ഷം നിക്ഷേപിക്കുന്നു. ആകെ കിട്ടുന്ന ലാഭത്തിന്റെ- നടേ പറഞ്ഞ ഇനങ്ങളില്‍ ലാഭം നിര്‍ണിതമായിരിക്കും- എത്ര ശതമാനം എന്ന് നിര്‍ണയിക്കണം. അപ്പോള്‍ ആ വിഹിതം പലിശയില്‍നിന്ന് വിഭിന്നമാകുന്നു.
മൂന്നാമതായി, നിക്ഷേപിക്കുന്ന ബിസിനസ് സുതാര്യമായിരിക്കണം. അതില്‍ നിഷിദ്ധ മാര്‍ഗത്തിലുള്ള വരുമാനമില്ലെന്ന് ഉറപ്പായിരിക്കണം. ലാഭവിഹിതം നിര്‍ണയിച്ചതില്‍ തെറ്റു പറ്റിയിട്ടില്ല എന്നുറപ്പ് വരുത്തണം. അല്ലെങ്കില്‍ കരാര്‍ പാലിക്കാന്‍ മൂലധനത്തില്‍ നിന്നെടുത്ത് തരികയും അവസാനം ബിസിനസ് തകര്‍ന്ന് രണ്ടാളും നഷ്ടം സഹിക്കേണ്ടിവരികയും ചെയ്യും. ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ ഇടപാടിലെ രണ്ടു കക്ഷികള്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്. അല്ലാത്തവ നിഷിദ്ധവുമാണ്.
ചിട്ടിയില്‍(കുറി) പലിശയുണ്ടോ?
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി, വ്യക്തികളും ചില കൂട്ടായ്മകളും വിശിഷ്യ പള്ളി-മഹല്ല് കമ്മിറ്റികള്‍ പസ്പര സഹായം എന്ന നിലയില്‍ ഒരുതരം ചിട്ടി നടത്തിപോരുന്നുണ്ട്. നിശ്ചിത കാലയളവ് വെച്ചു നിശ്ചിത ഗഡുക്കളായി നിശ്ചിത അംഗങ്ങളെ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് രീതിയിലൂടെ ചിട്ടി തുക ലഭിക്കേണ്ട ആളെ മുന്‍ഗണനാ ക്രമത്തില്‍ തീരുമാനിക്കുന്നു. അതില്‍ ഒരു ഗഡു കഴിച്ച് ബാക്കി തുക മാത്രമേ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കിട്ടുന്നുള്ളൂ. ഉദാഹരണത്തിന്, 5000 രൂപ വെച്ച് 20 പേരെ ചേര്‍ത്ത് 21 മാസമുള്ള ഒരു ലക്ഷം സലയുള്ള ചിട്ടിയില്‍ ചേര്‍ന്നവന് 5000 രൂപ കുറവും കാലാവധി കഴിഞ്ഞാല്‍ ചിട്ടാളന് ഒരു ലക്ഷം രൂപയും ലഭിക്കുന്നു. ഈ ചിട്ടി സമ്പ്രദായം പലിശ ഇനത്തില്‍ പെടുമോ?
പരസ്പര സഹായാടിസ്ഥാനത്തില്‍ നടത്തുന്ന ചിട്ടി പൊതു സ്ഥാപനത്തിനു വേണ്ടി ഒരു നറുക്ക് നിശ്ചയിക്കുമ്പോള്‍ അത് കഴിച്ച് ബാക്കി സംഖ്യ ചിട്ടി(കുറി)യില്‍ ചേര്‍ന്നവര്‍ക്ക് ലഭിക്കുന്ന രീതി അനുവദനീയമാണ്. എന്നാല്‍, വ്യക്തികള്‍ സ്വന്തം ആവശ്യത്തിനു വേണ്ടി നടത്തുന്ന കുറിയില്‍ ആദ്യ നറുക്കെടുത്ത് ഉപയോഗിക്കാനുള്ള ആനുകൂല്യമാണ് പലേടത്തും ഉള്ളത്. ഈ രീതിയും അനുവദനീയമാണ്. എന്നാല്‍ വ്യക്തികള്‍ക്ക് (ചിട്ടാളന്) ഒരു സല (നറുക്ക്) മുഴുവനായി ലഭിക്കുന്ന രീതി നിഷിദ്ധമാണ്.
പി.എഫിലെ പലിശ എന്തു ചെയ്യും
ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് പിരിഞ്ഞു. പി.എഫ് ഇനത്തില്‍ എന്റെ ശമ്പളത്തില്‍നിന്ന് പിടിച്ചതിനേക്കാള്‍ കൂടുതലായി മോശമല്ലാത്ത ഒരു തുക ലഭിച്ചു. കൂടുതലായി കിട്ടിയ തുക എനിക്ക് ഹലാലാകുമോ? നിരോധിത പലിശയുടെ ഗണത്തില്‍ പെടുമോ? ഹലാലല്ലെങ്കില്‍ ഞാനീ തുക എന്തു ചെയ്യണം?
പി.എഫ് സംഖ്യയില്‍ സാധാരണ ഉദ്യോഗസ്ഥന്‍ നിക്ഷേപിക്കുന്ന അത്ര സംഖ്യ ക്ഷേമനിധിയില്‍ നിന്ന് സര്‍ക്കാറും നിക്ഷേപിക്കുന്നു. ഈ സംഖ്യക്ക് ദീര്‍ഘകാലമായുള്ള പലിശയും കൂട്ടുന്നു. ഇതില്‍ പലിശ നിഷിദ്ധവും അല്ലാത്തത് അനുവദനീയവുമാണ്.
ചോദ്യകര്‍ത്താവ് അടച്ച സംഖ്യ കണക്കാക്കി അതിന്റെ ഇരട്ടി കാണാം. അതിനേക്കാള്‍ കൂടുതല്‍ ലഭിച്ച തുക പലിശയാണെന്ന് മനസ്സിലാക്കാം. സര്‍ക്കാര്‍ നിക്ഷേപത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് പരിഗണിക്കാം.
ഈ തുക സ്വന്തം ആവശ്യത്തിനല്ലാത്ത ഏതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കാം. പലിശ ആഗ്രഹിക്കാതെ ബാങ്കുകളില്‍ നിന്ന് അത് ലഭിക്കുമ്പോള്‍ പണ്ഡിതന്മാര്‍ സ്വീകരിക്കാന്‍ പറഞ്ഞ രീതിയാണിത്. സൂറത്തുല്‍ ബഖറയിലെ 278, 279 സൂക്തങ്ങളില്‍ പലിശയില്‍നിന്ന് എങ്ങനെ മോചിതരാവാം എന്നു വിശദീകരിച്ചത് കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂലധനം സ്വീകരിച്ച് ബാക്കി മാറ്റിവെക്കണമെന്ന് മനസ്സിലാക്കുന്നത്.
മൂത്രവാര്‍ച്ചയുള്ളവന്റെ ഹജ്ജ്
ഞാന്‍ 40 വയസ്സ് കഴിഞ്ഞ യുവാവാണ്. എന്റെ പ്രശ്‌നം, വസ്ത്രം ധരിച്ച് കുറച്ച് സമയം കഴിയുമ്പോഴേക്കും അടിവസ്ത്രത്തില്‍ മൂത്രത്തിന്റെ നനവ് തട്ടുന്നതാണ്. ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചെങ്കിലും വലിയ മാറ്റം ഉണ്ടായില്ല. ഇതുകാരണം നമസ്‌കാരം, കഴിയുന്നതും വീട്ടില്‍ വന്ന് നിര്‍വഹിക്കലാണ് പതിവ്. ഇന്‍ശാ അല്ലാഹ്, ഹജ്ജ് നിര്‍വഹിക്കണമെന്നുണ്ട്. ഇതുകാരണം ഹജ്ജ് ചെയ്യാന്‍ സാധിക്കുകയില്ലേ? എന്താണ് പ്രതിവിധി?
മൂത്രവാര്‍ച്ച ഒരു അനാരോഗ്യാവസ്ഥയാണ്. ഇത് ചികിത്സയില്ലാത്ത അസുഖമല്ല. ഇംഗ്ലീഷ് മരുന്നുകള്‍ക്ക് പകരം ഹോമിയോ, യൂനാനി, ആയുര്‍വേദ ചികിത്സ കൊണ്ട് സുഖപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചോദ്യകര്‍ത്താവ് നിരാശപ്പെടേണ്ടതില്ല. ഈ രോഗം മാറുന്നതുവരെ സ്വീകരിക്കേണ്ട ചില രീതികള്‍ ഇനി പറയുന്നു.
ഓരോ നമസ്‌കാരത്തിന്റെയും സമയമായാല്‍ മൂത്രം ഒഴിവാക്കി വൃത്തിയുള്ള ശീല ഉപയോഗിച്ച് താറുടുക്കുക. അടിവസ്ത്രത്തില്‍ ഒതുക്കുന്നതല്ല നല്ലത്. അതിനു മുകളില്‍ അടിവസ്ത്രം ധരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പിന്നെ വുദൂ എടുത്ത് നേരെ നമസ്‌കാരത്തില്‍ പ്രവേശിക്കുക. പള്ളി അകലെയല്ലെങ്കില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാം.
ഈ രോഗം സുഖപ്പെട്ടില്ലെങ്കിലും ഹജ്ജ് ചെയ്യാം. നമസ്‌കാരത്തില്‍ ശ്രദ്ധിച്ചപോലെ ത്വവാഫ് ചെയ്യുമ്പോഴും ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. ത്വവാഫിന് തയാറായി പുറപ്പെടും മുമ്പ് മൂത്രം ഒഴിവാക്കി വൃത്തിയായി താറുടുക്കുക (ഇപ്പോള്‍ വലിയവര്‍ക്കുള്ള സാനിറ്ററി നാപ്കിന്‍ ലഭ്യമാണ്. അത് ഉപയോഗിച്ചാല്‍ പലപ്പോഴായി കിനിയുന്ന മൂത്രം പുറത്ത് വന്ന് വസ്ത്രം മലിനമാവുകയില്ല). പിന്നീട് വുദൂ എടുത്ത് നേരെ തവാഫ് ചെയ്യുക. മസ്ജിദുല്‍ ഹറാമിലെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഈ വുദൂ സ്വാഭാവികമായി ദുര്‍ബലമാകുന്നത് വരെ- മുറിയുന്നത് വരെ- നിര്‍ബന്ധ നമസ്‌കാരവും നിര്‍വഹിക്കാം.
ഇതെല്ലാം രോഗികള്‍ക്ക് ഇസ്‌ലാം അനുവദിച്ച ആനുകൂല്യമാണ്. രക്തവാര്‍ച്ചയുള്ള ഫാത്വിമ ബിന്‍ത് അബീജൈശിനോട് നബി(സ) ശുദ്ധി വരുത്തി ഓരോ നമസ്‌കാരത്തിനും വുദൂ എടുക്കാന്‍ കല്‍പിച്ചത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. ഈ തത്ത്വം മൂത്രവാര്‍ച്ചയുള്ളവര്‍ക്കും ബാധകമാക്കാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
വുദൂ ചെയ്ത ശേഷം മൂത്രം കിനിഞ്ഞിട്ടില്ലെന്നുറപ്പാണെങ്കില്‍ ഒന്നിലധികം നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് വിരോധമില്ല. ഈ നിബന്ധനകള്‍ പാലിക്കാന്‍ അനിവാര്യമായ തടസ്സമുണ്ടായാല്‍ വുദൂ ചെയ്ത് നമസ്‌കരിക്കാനും അനുവാദമുണ്ടെന്നാണ് പണ്ഡിതമതം.
[email protected]
Comments